കുട്ടികളുടെ ആന്തരിക ലോകത്തെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സമൃദ്ധമായ ബാഹ്യലോക പരിസരം ആവശ്യമുണ്ട്.

ലോക്ക് ഡൗണിനെ തുടര്‍ന്ന് കുട്ടികളുടേതായ ലോകം നഷ്ടപ്പെട്ട് കഴിഞ്ഞിരിക്കുകയാണ്. കൂടുതല്‍ സമയം വീട്ടിനുള്ളില്‍ കഴിയേണ്ടിവരുന്നതിനാല്‍ കുട്ടികള്‍ മുഷിപ്പരും ജീവനില്ലാത്തവരുമായി മാറി. കുട്ടികളുടെ നൈസര്‍ഗ്ഗിക വാസനകളെ പ്രോത്സാഹിപ്പിക്കാനാവാത്ത ഗൃഹാന്തരീക്ഷത്തില്‍ മുതിര്‍ന്നവര്‍ കുട്ടികളെ കൂടുതല്‍ മോണിറ്ററിങ് ചെയ്യുന്നു. കുട്ടികള്‍ക്ക് സ്വതന്ത്രമായി ചിന്തിക്കാനും പ്രവര്‍ത്തിക്കാനും ഉള്ള ഇടം നഷ്ടപ്പെട്ടു. സമപ്രായക്കാരുമായുള്ള പരസ്പരശ്രയത്വം അന്യമായ പരിതഃസ്ഥിയില്‍ കുട്ടികളുടേതായ ലോകത്തിന്റെ അഭാവം അവരുടെ സ്വതഃസിദ്ധമായ മാനസിക ഭാവങ്ങളുടെ വളര്‍ച്ച അസാധ്യമാക്കുന്നു .അത് അവരെ അരക്ഷിതരും ഉത്കണ്ഠകുലരുമാക്കുന്നു.

കഴിഞ്ഞ മാര്‍ച്ചില്‍ ലോക്ക് ഡൌണ്‍ സമയത്ത് അശ്വതി ആത്മഹത്യ ചെയ്തു. ‘കഠിനമായ ദുഃഖങ്ങളൊന്നും അവളുടെ ജീവിതത്തില്‍ ഇല്ലായിരുന്നു’. അവളുടെ ‘അമ്മ പറഞ്ഞു:

ഞങ്ങള്‍ അവളുടെ ആവശ്യങ്ങളെല്ലാം നിവര്‍ത്തിച്ചിരുന്നു. അതിരറ്റ സ്‌നേഹത്തിന് പാത്രമായിട്ടാണ് അവള്‍ ജീവിച്ചത്.വളരെ കരുതലോടെയാണ് ഞങ്ങള്‍ അവളെ വളര്‍ത്തിയത്.ശരീരത്തില്‍ വരുന്ന മാറ്റങ്ങളെ കൗതുകത്തോടെയും ലജ്ജയോടെയും അവള്‍ നോക്കികണ്ടിരുന്നപ്പോള്‍ ഞങ്ങള്‍ അവളുടെ നല്ല കൂട്ടുകാരാവുകയാണുണ്ടായത്.ബാഹ്യമായും ആന്തരികമായും വളരെയേറെ മാറ്റങ്ങള്‍ ഉണ്ടാവുന്നത് കൗമാരത്തിലാണെന്ന് ഞങ്ങള്‍ക്കറിയാം.തീര്‍ച്ചയായും അവള്‍ക്കു മാനസിക പിരിമുറുക്കവും ലൈംഗിക പ്രലോഭനങ്ങളും ഒഴിവാക്കാനാവാത്ത ഒരു പ്രതിസന്ധിയായിരിക്കാം. പക്ഷെ വായന, മറ്റ് വിനോദപ്രവര്‍ത്തനങ്ങള്‍ സര്‍ഗാത്മക പ്രവര്‍ത്തനങ്ങള്‍ എന്നിവയില്‍ ശ്രദ്ധ കേന്ദ്രികരിച്ചാല്‍ ഇവയൊക്കെ ഏറെക്കുറെ ഒഴിവാക്കാന്‍ കഴിയും എന്ന തിരിച്ചറിവില്‍ ഞങ്ങള്‍ അവളെ അക്കാര്യങ്ങള്‍ ഉപദേശിച്ചു കൊണ്ടിരുന്നു. ചില സമയത്ത് മനശാസ്ത്രവിദഗ്ധരുടെ കൗണ്‍സിലിങ് സെഷനും നല്‍കി.

അവള്‍ ആണ്‍കുട്ടികളുമായി സംസാരിക്കുന്നതു തെറ്റാണെന്ന് ഞങ്ങള്‍ ഒരിക്കലും പറഞ്ഞില്ല.പക്ഷെ ആണ്‍ സൗഹൃദങ്ങള്‍ ലൈംഗികതയിലേയ്ക്കും അതുവഴി അപക്വമായ ചാപല്യങ്ങളിലേയ്ക്കും വഴിമാറുമോ എന്ന പേടിയിലാണ് അവളുടെ മൊബൈല്‍ ഫോണ്‍ വഴിയുള്ള സംസാരങ്ങള്‍ അധികം പാടില്ലെന്ന് ഞങ്ങള്‍ നിഷ്‌കര്ഷിച്ചത് .

മൊബൈല്‍ ഫോണ്‍ പോലെയുള്ള സാങ്കേതിക വിദ്യകള്‍ ഏറ്റവും ഉപകാരപ്രദമാണ്. അതേസമയം ദുരുപയോഗത്തിന് ഏറെ സാധ്യതയുള്ളതുമാണ്.മൊബൈല്‍ ഫോണിനോടുള്ള ഭ്രമം ഇല്ലാതായാല്‍ അവള്‍ രക്ഷപെടും. എപ്പോഴും മൊബൈലും പിടിച്ചരിക്കുന്ന അവളില്‍ നിന്ന് അത് ബലമായി പിടിച്ചുവാങ്ങി.അവള്‍ ഒന്നും പറഞ്ഞില്ല. പിറ്റേ ദിവസംതന്നെ അവള്‍ കിണറ്റില്‍ ചാടി ജീവിതം വെടിഞ്ഞു.

അവള്‍ ഞങ്ങളുടെ ഒരേയൊരു മകള്‍.അവളുടെ എന്താഗ്രഹവും സാധിക്കാന്‍ എപ്പോഴും ഞങ്ങള്‍ ശ്രമിച്ചു.സ്‌നേഹവും സ്വാതന്ത്രവുമുള്ള ഒരു ജീവിതത്തില്‍ വരുവരായ്കകളെക്കുറിച്ചു അവളെ ബോധ്യപ്പെടുത്താന്‍ ശ്രമിച്ചു. മൊബൈല്‍ ഫോണ്‍ വാങ്ങി വെച്ചു എന്ന നിസാരപ്രശ്നത്തിന്റെ പേരിലാണ് അവള്‍ ജീവിതം അവസാനിപ്പിച്ചത്.

കുട്ടികള്‍ കൂടുതല്‍ മോഹിക്കുന്നു.

ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ കുട്ടികളുടെ ലോകം അതിന് മുന്‍പ് ഉള്ളതില്‍ നിന്ന് വളരെ വ്യത്യസ്തമാണ്. ഇന്നത്തെ കുട്ടികള്‍ ഒരു ഐസ് ക്രീമോ, ചോക്കലേറ്റോ കിട്ടാത്തതിന്റെപേരില്‍ വീട് വിട്ടിറങ്ങാം.അവര്‍ നിസാരകാര്യങ്ങള്‍ക്ക് അക്രമാസക്തരാകാം. അസഹിഷ്ണതയും നിസ്സഹരണവും പ്രകടിപ്പിക്കാം. അവര്‍ തങ്ങളുടെ അച്ഛനമ്മമാരെ ബഹുമാനിക്കുന്നത് നിരസിക്കാം.അവര്‍ക്ക് അമിതാസക്തി കണ്ടെന്ന് വരാം.അവര്‍ക്ക് മാറി മാറി വരുന്ന സ്മാര്‍ട്ട് ഫോണുകളും ടാബ്ലെറ്റുകളും എപ്പോഴും ആവശ്യമായി വരുന്നു.കുട്ടികളുടെ ജീവിതത്തെ രൂപപ്പെടുത്തിയിരിക്കുന്നത് ആധുനികതയാണ്.എല്ലാവരും ഒരു ആഗോളസമൂഹത്തിന്റെ ഭാഗമായിക്കഴിഞ്ഞു. വിവര സാങ്കേതിക വിനിമയ രൂപങ്ങള്‍ക്കനുസരിച്ചുള്ള ജീവിതപ്രകാരങ്ങളാണ് അവരുടേത്. ഇന്നത്തെ കുട്ടികള്‍ കീഴടങ്ങിയവരല്ല. രക്ഷിതാക്കള്‍ക്ക് കുട്ടികളെ തൃപ്തരാക്കാന്‍ കൂടുതല്‍ പ്രയത്‌നിക്കേണ്ടതായിവരുന്നു.സാമൂഹ്യ ശ്രേണിയിലൂടെ മുന്നേറികൊണ്ടിരിക്കുന്ന പുതിയ മധ്യവര്‍ഗ്ഗത്തിന്റെ അഭിരുചികളും സമീപനങ്ങളും അവരുടെ അഭിലാഷങ്ങളിലും ബലതന്ത്രങ്ങളിലും മാറ്റമുണ്ടാക്കിയിരിക്കുന്നു. സദാ പരിണമിച്ചുകൊണ്ടിരിക്കുന്ന സാങ്കേതിക വിദ്യകള്‍, സാമൂഹ്യ പശ്ചാത്തലങ്ങള്‍ കുട്ടികളുടെ ഇഷ്ടാനിഷ്ടങ്ങള്‍ വിനോദങ്ങള്‍- ലക്ഷ്യങ്ങളെയുമെല്ലാം സ്വാധീനിക്കുന്നു.

ഊഷ്മളതയും സ്പര്‍ശനവും ശരീരലാളനയുമൊക്കെ നല്‍കി സഹനശേഷി കുറഞ്ഞ ആന്തരിക നില കുട്ടികളെ വഷളാക്കുമെന്ന പ്രാകൃത അനുശാസനം പാലിക്കുന്നവരായിരുന്നു പഴയ തലമുറ.തെറ്റ് ചെയ്യുന്ന കുട്ടികളെ നന്നായി ശിക്ഷിക്കണം.അച്ചടക്കവും കര്‍ശനമായ ദിനചര്യയിലൂടെയും കുട്ടികളെ ശാസിച്ചു നിയന്ത്രിക്കണം തുടങ്ങിയ ആശയഗതികളിലൂടെ കുട്ടികളെ വളര്‍ത്തിയ ആ തലമുറയില്‍ നിന്ന് വ്യത്യസ്തമാണ് ആധുനിക പാരന്റിങ്. ക്ഷാമവും പട്ടിണിയും രോഗങ്ങളും ദുരിതങ്ങളും നടമാടിയ ഒരു കാലഘട്ടത്തില്‍ നിന്ന് വിപരീതമായ ഇന്നത്തെ ജീവിത സാഹചര്യത്തില്‍ രക്ഷിതാക്കള്‍ കുട്ടികളില്‍ കൂടുതല്‍ നിക്ഷേപിക്കുന്നവരാണ്.കുട്ടികളുടെ വിദ്യാഭ്യാസത്തിനും ആരോഗ്യത്തിനും സുരക്ഷയ്ക്കും വേണ്ടി വളരെയധികം പണം വ്യയം ചെയ്യുന്നു.അവരുടെ സ്വപ്നങ്ങളും ചിന്തകളും കുട്ടികളുടെ പുരോഗതിയെ ബന്ധപ്പെടുത്തിയാണ് നിലനില്‍ക്കുന്നത്.

എന്നാല്‍ കുട്ടിയുടെ കൗതുകവും സാമൂഹ്യ ജീവിതം നയിക്കുവാനുള്ള കഴിവുകളും അടിച്ചമര്‍ത്തപ്പെടുന്ന ആധുനിക പാരന്റിങ് രീതികള്‍ കുട്ടികളുടെ ഓരോ ചലനങ്ങളെയും നിയന്ത്രിക്കുന്നു.അവരുടെ നൈസര്‍ഗ്ഗിക വാസനയെ, പഠന രൂപങ്ങളെ തടയുന്ന ഏര്‍പ്പാടാണത് .അത് കുട്ടികള്‍ ജൈവമായി നേടിയെടുക്കേണ്ട അറിവുകളും ആശയങ്ങളും നിര്‍ബന്ധിത പരിശീലനത്തിലൂടെ നേടാന്‍ പ്രേരിപ്പിക്കുന്ന മാതൃകള്‍ അവതരിപ്പിക്കുന്നതുമാണ്. വിവര ശ്രവ്യ ദൃശ്യ മാധ്യമങ്ങളുടെ തടങ്കിലകപ്പെട്ടവരാണ് ആധുനിക കുട്ടികള്‍. കുട്ടിയ്ക്ക് ഉള്‍കൊള്ളാവുന്നതിനേക്കാള്‍ കൂടുതല്‍ വിവരങ്ങള്‍ അവരില്‍ നിര്‍ബന്ധിച്ചു കുത്തികയറ്റുന്ന രീതി ആധുനികം എന്ന പേരില്‍ തുടരുകയാണ്.

സഹനശേഷി കുറഞ്ഞ ആന്തരിക നില.

കുട്ടികള്‍ക്ക് ജീവിക്കാന്‍ സമൃദ്ധിയും സമാധാനവും വിഭവങ്ങളും മാത്രമല്ല, അവര്‍ക്ക് വൈകാരിക ബന്ധങ്ങളും ആവശ്യമുണ്ട്.പോഷകാഹാരവും സുരക്ഷിത്വത്വവും നല്കുന്നതുകൊണ്ടുമാത്രം ഒരു കുട്ടിയും ആരോഗ്യത്തോടെ വളരുകയില്ല.അവരുടെ വൈകാരികാവശ്യങ്ങള്‍ നിറവേറ്റേണ്ടതുണ്ട്.ഈ കാലഘട്ടത്തിലെ കുട്ടികളുടെ ചോദനകളും പ്രേരണകളും വികാരങ്ങളും സമൂഹത്തിലെ സവിശേഷാനുഭവങ്ങള്‍ക്ക് വിധേയമായാണ് പ്രവര്‍ത്തിക്കുന്നത്.കുട്ടികളുടെ വൈകാരിക ഘടനകള്‍ കൂടുതല്‍ സംവേദനക്ഷമമാണ്.കുട്ടികാലം സ്വപ്നങ്ങളുടെയും പ്രതീക്ഷകളുടെയും സ്വതന്ത്രമായ ഇഷ്ടങ്ങളുടെയും കാലമാണ്.സ്വാതന്ത്ര്യത്തിന് അവര്‍ ഏറ്റവും പ്രാധാന്യം കൊടുക്കുന്നു.അച്ഛനമ്മമാരേക്കാള്‍ കൂടുതല്‍ സമപ്രായക്കാരനുമായി ഇടപെഴകാനാണ് കുട്ടികള്‍ ആഗ്രഹിക്കുന്നത്.കുട്ടികള്‍ക്ക് പരിസരങ്ങളുമായി പരിചയപ്പെടുകയും സമപ്രായക്കാരുമായി ഇടപെഴകുകയും ബന്ധം സ്ഥാപിക്കുകയും ചെയ്യാനുള്ള വാങ്ഛ ശക്തമായി തുടരുമ്പോള്‍ അവ സഫലീകരിക്കപ്പെടാതെ വരുമ്പോള്‍ അത് വല്ലാത്ത ആന്തരിക സമ്മര്‍ദ്ദം സൃഷ്ടിക്കും.ഇപ്പോള്‍ ഭൂരിഭാഗം കുട്ടികളും ജീവിതത്തിലധികവും ഓണ്‍ലൈനായി കഴിയുകയും ബാഹ്യമായ ഇടപെടലുകള്‍ ഇല്ലാതെ ദൈനംദിന കൃത്യങ്ങളുമായി ജീവിക്കുകയാണ്. കുട്ടികളുടെ സ്വകാര്യതയും സ്വാതന്ത്ര്യവും വ്യക്തിത്വവും ത്യജിക്കപ്പെടുന്നു.

കുട്ടികളുടെ ഭാവി നന്മയ്ക്കെന്നു കരുതി രക്ഷിതാക്കളും അധ്യാപകരും ചെയ്യുന്ന പല പാരന്റിങ് രീതികളും അസംബന്ധങ്ങളാണ്. ദുര്‍ഗ്രഹമായ വിവരങ്ങളുടെ കൂമ്പാരം കുട്ടികളുടെ തലയില്‍ അടിച്ചുകയറ്റുകയാണ്. കുട്ടികള്‍ക്ക് അവരുടെ ചുറ്റുപാടുകളെയും സമൂഹത്തെയും കൃത്യമായി മനസ്സിലാക്കാനുള്ള അവസരങ്ങള്‍ നിഷേധിക്കപ്പെട്ടിരിക്കുകയാണ് .ആധുനിക ജീവിതത്തില്‍ കുട്ടികള്‍ കൂടുതല്‍ സുരക്ഷിതരാണെന്ന് തോന്നാമെങ്കിലും അവരുടെ ആന്തരിക നില ഭദ്രമല്ല. അവര്‍ തങ്ങളുടെ ജൈവപ്രകൃതത്തിന് പ്രതികൂലമായ അനുഭവങ്ങളിലൂടെ കടന്നുപോവുകയാണ്. കുട്ടികള്‍ അങ്ങേയറ്റത്തെ മാനസിക പിരിമുറുക്കങ്ങളും അഗാധമായ വിഷാദവും അനുഭവിക്കുന്നു.

സൈക്കോളജിസത്തിന്റെ ദുഷിതാവസ്ഥ

സൈക്കോളജിസം കൊണ്ട് ദുഷിതമായ ഒരു മണ്ഡലമാണ് ആധുനിക പാരന്റിങ്. കാര്യങ്ങളെ മനശാസ്ത്രവല്‍ക്കരിക്കുന്നതിന്റെ അതിപ്രസരം ആധുനിക പാരന്റിംങില്‍ കാണാവുന്നതാണ്.ബ്രെയിന്‍ പ്ലാസ്റ്റിസിറ്റി ട്രെയിനിങ്, ഗ്രെ മാറ്റര്‍ ഗ്രോത്തു , മിഡ് ബ്രെയിന്‍ ആക്ടിവേഷന്‍ , മള്‍ട്ടിപ്ലൈ ഇന്റലിജന്‍സ് ടെസ്റ്റ് ,ബ്രെയിന്‍ ജിം തുടങ്ങിയ പേരുകളിലൂടെ കുട്ടികളുടെ പ്രകൃതത്തിനും വ്യക്തിത്വത്തിനും നിരക്കാത്ത സംഗതികളുമായി രംഗത്തിറങ്ങിയിരിക്കുകയാണ് രക്ഷിതാക്കള്‍. കുട്ടികളുടെ ചെറിയ അസ്വസ്ഥതകള്‍ പോലും മനഃശാസ്ത്രപരമായ നിഗമനങ്ങളെ ഉപോദ്ബലമാക്കി ഊതിപ്പൊരിപ്പിച്ചു വികൃതമാക്കപ്പെടുന്നു.കുട്ടികളുടെ ലോകം നഷ്ടപ്പെട്ടിരിക്കുകയാണ്. ഇന്നത്തെ സവിശേഷമായ സാഹചര്യത്തില്‍ വലിയവരോടൊപ്പം കൂടുതല്‍ സമയം ചെലവഴികേണ്ടിവരുന്നതിനാല്‍ കുട്ടികള്‍ ഖിന്നരാണ്.സ്വന്തം താത്പര്യത്തിനനുസരിച്ചു സ്വാതന്ത്ര്യം അനുഭവിച്ചു മുന്നോട്ടു പോയികൊണ്ടിരുന്ന കുട്ടികളെ സൂക്ഷമായി നിരീക്ഷിച്ചു അവരെ കൈകാര്യം ചെയ്യുന്ന രക്ഷിതാക്കളുടെ ശ്രമങ്ങള്‍ കുട്ടികളെ ആന്തരികവ്യഥരരാക്കികൊണ്ടിരിക്കുന്നു.

ലോക്ക് ഡൗണിനെ തുടര്‍ന്ന് കുട്ടികളുടേതായ ലോകം നഷ്ടപ്പെട്ട് കഴിഞ്ഞിരിക്കുകയാണ്. കൂടുതല്‍ സമയം വീട്ടിനുള്ളില്‍ കഴിയേണ്ടിവരുന്നതിനാല്‍ കുട്ടികള്‍ മുഷിപ്പരും ജീവനില്ലാത്തവരുമായി മാറി. കുട്ടികളുടെ നൈസര്‍ഗ്ഗിക വാസനകളെ പ്രോത്സാഹിപ്പിക്കാനാവാത്ത ഗൃഹാന്തരീക്ഷത്തില്‍ മുതിര്‍ന്നവര്‍ കുട്ടികളെ കൂടുതല്‍ മോണിറ്ററിങ് ചെയ്യുന്നു. കുട്ടികള്‍ക്ക് സ്വതന്ത്രമായി ചിന്തിക്കാനും പ്രവര്‍ത്തിക്കാനും ഉള്ള ഇടം നഷ്ടപ്പെട്ടു. സമപ്രായക്കാരുമായുള്ള പരസ്പരശ്രയത്വം അന്യമായ പരിതഃസ്ഥിയില്‍ കുട്ടികളുടേതായ ലോകത്തിന്റെ അഭാവം അവരുടെ സ്വതഃസിദ്ധമായ മാനസിക ഭാവങ്ങളുടെ വളര്‍ച്ച അസാധ്യമാക്കുന്നു .അത് അവരെ അരക്ഷിതരും ഉത്കണ്ഠകുലരുമാക്കുന്നു. മുതിര്‍ന്നവരുടെ അധീശശക്തിക്ക് മുന്‍പില്‍ സ്വന്തം വികാരങ്ങള്‍ പങ്കുവെയ്ക്കാനാവാതെ അസംതൃപ്തരായ സഹനശേഷിയില്ലാത്ത കുട്ടികള്‍ ജീവിതം അവസാനിപ്പിക്കുന്ന അവസ്ഥയില്‍ എത്തിപ്പെടുകയാണ്. വിവിധ അധികാരരൂപങ്ങളായി നിലനില്‍ക്കുന്ന ഇന്നത്തെ വീടുകള്‍ കുട്ടികളുടെ സ്വാഭാവികതയെ ഇല്ലായ്മചെയ്യുന്ന ഇടങ്ങളാണ്.

പുറം ലോകത്തോട് വളരെ തല്പരരാണ് കുട്ടികള്‍. എല്ലാകാര്യങ്ങളിലും ജിജ്ഞാസയും കൗതുകവും ഭാവനയും അവര്‍ക്കുണ്ട് . അവരുടെ സെന്‍സറി കോര്‍ട്ടെക്‌സിന് വളരെ ഉത്തേജനം ഉണ്ട്. ബാഹ്യലോകത്തെപ്പറ്റി മനസ്സിലാക്കാനുള്ള പ്രേരണ അത് ഉത്പാദിപ്പിക്കുന്നു. പരിസരവുമായുള്ള സവിശേഷ താല്പര്യം അവരുടെ ജന്മസിദ്ധ സവിശേഷതയാണ്. അവരുടെ ഇന്ദ്രിയങ്ങള്‍ സ്വാംശീകരണത്തിനായി തുറന്നിട്ടിരിക്കുകയാണ്. അതിനാല്‍ കുട്ടികളുടെ ആന്തരിക ലോകത്തെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സമൃദ്ധമായ ബാഹ്യലോക പരിസരം ആവശ്യമുണ്ട്.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Culture | Tags: , | Comments: 1 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Feedback

One thought on “കുട്ടികളുടെ ആന്തരിക ലോകത്തെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സമൃദ്ധമായ ബാഹ്യലോക പരിസരം ആവശ്യമുണ്ട്.

  1. Avatar for പ്രസാദ് അമോര്‍

    സി.വി.തങ്കപ്പൻ

    കാലികപ്രസക്തിയുള്ള വിഷയം വളരെ മനോഹരമായി അവതരിപ്പിച്ചു.
    ആശംസകൾ

Leave a Reply