‘തിയ്യരും ഹിന്ദുവല്‍ക്കരണവും’ ലേഖനം ചന്ദ്രിക എന്തുകൊണ്ട് പിന്‍വലിച്ചു?

പിന്നാക്ക സമൂഹത്തില്‍ നിന്നുയര്‍ന്നുവന്ന് കേരളത്തിന്റെ രാഷ്ട്രീയ, സാഹിത്യ സാംസ്‌കാരിക പൊതുമണ്ഡലത്തില്‍ ഉന്നത ശ്രേണിയിലെത്തിയ മുന്‍ മുഖ്യമന്ത്രിയും എസ്.എന്‍.ഡി.പി മുന്‍ ജനറല്‍ സെക്രട്ടരിയുമായിരുന്ന സി. കേശവന്‍, ചരിത്രകാരനും പത്രാധിപരുമായ പി.കെ ബാലകൃഷ്ണന്‍, പത്തൊമ്പതാം നൂറ്റാണ്ടിലെ ലോകപ്രസിദ്ധ വിദേശ സഞ്ചാരിയായ ഡോ.ഫ്രാന്‍സിസ് ബുക്കാനന്‍ തുടങ്ങിയവരുടെ ഗ്രന്ഥങ്ങളിലെ ഉദ്ധരണികള്‍ അതേപടി എടുത്തുചേര്‍ത്തതാണ് വിവാദകാരണമായ പരാമര്‍ശങ്ങളെന്ന് ലേഖകന്‍ വ്യക്തമാക്കിയിട്ടുണ്ട്- സംഘപരിവാര്‍ എതിര്‍പ്പിനെ തുടര്‍ന്ന് പി ആര്‍ ഷിത്തോറിന്റെ ‘തിയ്യരും ഹിന്ദുവല്‍ക്കരണവും’ എന്ന ചരിത്രലേഖനം പി ആര്‍ ഷിത്തോര്‍ പിന്‍വലിച്ചതിനെ കുറിച്ച് ചന്ദ്രിക ആഴ്ചപതിപ്പ് പത്രാധിപര്‍ സി പി സെയ്തലവി എഴുതുന്നു

കേരളത്തിലെ വിവിധ പിന്നാക്ക ജനവിഭാഗങ്ങളുടെ സാമൂഹികാവസ്ഥയെക്കുറിച്ച് പഠനങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുള്ള ചരിത്രഗവേഷകനും ഗവണ്‍മെന്റ്കോളജ് അധ്യാപകനുമായ ഷിത്തോര്‍ പി.ആര്‍, കഴിഞ്ഞ ലക്കം വാരികയില്‍ എഴുതിയ അക്കാദമിക്പ്രബന്ധം (തിയ്യരും ഹിന്ദുവല്‍ക്കരണവും) ലേഖകന്‍ രേഖാമൂലം ആവശ്യപ്പെട്ടത് പ്രകാരം പിന്‍വലിച്ചിരിക്കുന്നു. പ്രബന്ധത്തില്‍ നല്‍കിയ ഉദ്ധരണികള്‍ സംബന്ധിച്ച് ചിലര്‍ ശക്തമായ എതിര്‍പ്പുകളുന്നയിച്ച സാഹചര്യത്തില്‍ വാരികയില്‍ പ്രസിദ്ധീകരിച്ച ഈ ലേഖനത്തിന്‍മേലുള്ള മുഴുവന്‍ ഉത്തരവാദിത്തവും തനിക്കാണെന്നും ആയതിനാല്‍ അത് പിന്‍വലിക്കണമെന്നും ഷിത്തോര്‍ ആവശ്യപ്പെടുകയായിരുന്നു.

പിന്നാക്ക സമൂഹത്തില്‍ നിന്നുയര്‍ന്നുവന്ന് കേരളത്തിന്റെ രാഷ്ട്രീയ, സാഹിത്യ സാംസ്‌കാരിക പൊതുമണ്ഡലത്തില്‍ ഉന്നത ശ്രേണിയിലെത്തിയ മുന്‍ മുഖ്യമന്ത്രിയും എസ്.എന്‍.ഡി.പി മുന്‍ ജനറല്‍ സെക്രട്ടരിയുമായിരുന്ന സി. കേശവന്‍, ചരിത്രകാരനും പത്രാധിപരുമായ പി.കെ ബാലകൃഷ്ണന്‍, പത്തൊമ്പതാം നൂറ്റാണ്ടിലെ ലോകപ്രസിദ്ധ വിദേശ സഞ്ചാരിയായ ഡോ.ഫ്രാന്‍സിസ് ബുക്കാനന്‍ തുടങ്ങിയവരുടെ ഗ്രന്ഥങ്ങളിലെ ഉദ്ധരണികള്‍ അതേപടി എടുത്തുചേര്‍ത്തതാണ് വിവാദകാരണമായ പരാമര്‍ശങ്ങളെന്ന് ലേഖകന്‍ വ്യക്തമാക്കിയിട്ടുണ്ട്.

പ്രബന്ധത്തില്‍ ലേഖകന്‍ ഉള്‍പെടുത്തിയ ഉദ്ധരണികള്‍ പ്രത്യേകമെടുത്തു വാരികയുടെ അഭിപ്രായമെന്ന നിലയില്‍ ചില കേന്ദ്രങ്ങള്‍ സാമൂഹിക മാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കുന്നത്, ഒരുമയില്‍ കഴിയുന്ന കേരളീയ സമൂഹത്തില്‍ ഏതെങ്കിലും നിലയ്ക്കുള്ള വിഭാഗീയതയ്ക്കിടയാക്കരുതെന്ന ഉത്തമ ഉദ്ദേശ്യത്തോടെ ലേഖകന്റെ ആവശ്യം അംഗീകരിക്കുകയാണ്. ഒരു ചരിത്രഗവേഷകന്റെ പഠനപ്രബന്ധമെന്ന നിലയിലാണ് ലേഖനം ചന്ദ്രിക പ്രസിദ്ധീകരിച്ചത്. മുസ്ലിംസാമൂഹിക ജീവിതമുള്‍പ്പെടെ നിശിതമായി വിശകലനവിധേയമാക്കിയ സാമൂഹികവിമര്‍ശനമുള്ള അസംഖ്യം ലേഖനങ്ങളും പഠനങ്ങളും വിഖ്യാതരായ എഴുത്തുകാരുടെതായി ചന്ദ്രിക ഇത:പര്യന്തം പ്രസിദ്ധീകരിച്ചിട്ടുണ്ട്. പിന്നാക്ക ജനതയില്‍ ഓരോസമൂഹവും കടന്നുപോന്ന യാതനാപൂര്‍ണമായ വഴികളെ മുന്‍നിറുത്തി പുതിയ ആകാശങ്ങള്‍ പണിയാന്‍ നിശ്ചയദാര്‍ഢ്യത്തോടെ മുന്നേറുന്നതിനു അവരില്‍ ആത്മബലം പകരുകയെന്ന താല്‍പര്യമാണ് വാരികക്കുള്ളത്. പിന്നാക്കജനതയുടെ ദുരിതമയമായ സമൂഹികാവസ്ഥകള്‍ തൊട്ടറിഞ്ഞവരാണ് എഴുത്തുകാരനും പത്രാധിപസമിതിയും പ്രസാധകരുമെല്ലാമെന്നിരിയ്ക്കെ ഈ ശ്രമങ്ങള്‍ തീര്‍ത്തും സദുദ്ദേശ്യപരമാണെന്ന് ആര്‍ക്കും ബോധ്യമാകും. പ്രബന്ധത്തില്‍വന്നത് പ്രമുഖരുടെ കൃതികളില്‍നിന്നുള്ള ഉദ്ധരണികളാണെങ്കില്‍ പോലും വിഭാഗീയതയ്ക്കിടയുള്ള ഒരു വിവാദത്തിന് നിമിത്തമാകുകയെന്നത് ചന്ദ്രികയെ സംബന്ധിച്ച് ഉള്‍ക്കൊള്ളാനാവാത്തതാണ്. എഴുത്തുകാരന്റെ മൗലികാവകാശം, ആവിഷ്‌കാര സ്വാതന്ത്ര്യം തുടങ്ങിയ ന്യായവാദങ്ങള്‍ക്കൊന്നും നില്‍ക്കാതെ ലേഖകന്‍ ആവശ്യപ്പെട്ട പ്രകാരം പ്രബന്ധംപിന്‍വലിക്കുന്നത് തന്നെ വിഭാഗീയതയുടെ നിഴല്‍ വരുന്ന ഒരു വിവാദവും ചന്ദ്രിക നിമിത്തം സംഭവിച്ചുകൂടാ എന്ന നിര്‍ബന്ധമുള്ളതിനാലാണ്.

കേരളത്തിലെ പിന്നാക്ക സമുദായത്തില്‍ നിന്നും മുഖ്യമന്ത്രി പദമേറിയ പ്രഥമവ്യക്തിയായ സി. കേശവന്റെ ആത്മകഥയായ ‘ജീവിതസമരം’ പി.കെ ബാലകൃഷ്ണന്‍, സ്വാതന്ത്ര്യസമര നായകന്‍ മൊയാരത്ത് ശങ്കരന്‍, പോത്തേരി കുഞ്ഞമ്പു, എം. ഗംഗാധരന്‍ തുടങ്ങിയവരുടെ രചനകളും 1936 ലെ കോഴിക്കോട് തിയ്യ യൂത്ത് ലീഗിന്റെ പ്രസിദ്ധീകരണവുമെല്ലാം ഉദ്ധരിച്ചാണ് ഷിത്തോര്‍ ഈ പ്രബന്ധം തയ്യാറാക്കിയത്. കേരള ഗവണ്‍മെന്റ് പ്രസിദ്ധീകരണ സ്ഥാപനമായ ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് 1981ലും 1996ലും മലയാളത്തില്‍ പ്രസിദ്ധീകരിച്ച ഫ്രാന്‍സിസ് ബുക്കാനന്റെ കേരളം ,2012ലും പുന.പ്രസിദ്ധീകരിച്ച സി. കേശവന്റെ ‘ജീവിതസമരം’ തുടങ്ങിയ മൂലകൃതികള്‍ക്കു നേരെയൊന്നും ഇത്തരം വിമര്‍ശനങ്ങളുണ്ടായില്ല എന്നതും ശ്രദ്ധേയമാണ്.

കേവലം സാമൂഹിക പഠനം എന്ന നിലയില്‍ മാത്രമാണ് ഈ പ്രബന്ധം പ്രസിദ്ധീകരിച്ചത്. ബ്രിട്ടീഷ് വിരുദ്ധ ലേഖനങ്ങളുടെ പേരില്‍ ഭണകൂടനടപടികള്‍ക്കു വിധേയമായപ്പോഴും സമൂഹത്തിലെ ജീര്‍ണതകള്‍ക്കും ദുരാചാരങ്ങള്‍ക്കുമെതിരെ നിലകൊണ്ടപ്പോഴും രൂക്ഷമായ വിമര്‍ശനങ്ങള്‍ ചന്ദ്രിക അഭിമുഖീകരിക്കേണ്ടി വന്നിട്ടുണ്ട്. അപ്പോഴും സാമുദായിക സൗഹൃദം കാത്തുസൂക്ഷിക്കാനും നാടിന്റെ സമാധാനാന്തരീക്ഷത്തിനു ഭംഗം വരാതിരിക്കാനും ജാഗ്രത പുലര്‍ത്തുകയായിരുന്നു. അധ.സ്ഥിത പിന്നാക്ക സമൂഹങ്ങളുടെ അഭിമാനപൂര്‍ണമായ അസ്തിത്വത്തിനായി നിരന്തരം പൊരുതുകയും പിന്നാക്കസംവരണമുള്‍പ്പെടെയുള്ള അവകാശങ്ങള്‍ നേടിയെടുക്കുന്നതിന്റെ ജിഹ്വയായി വര്‍ത്തിക്കുയും ചെയ്യുന്ന ചന്ദ്രികയുടെ കഴിഞ്ഞ 86 വര്‍ഷത്തെ ചരിത്രവും ദൃഢനിശ്ചയവും ഒരു വരികൊണ്ടുപോലും ഏതെങ്കിലുമൊരു സമൂഹത്തിന്റെ മനസ്സില്‍ അലോസരമുണ്ടാക്കരുതെന്നാണ്. മതമൈത്രിക്കും സമാധാനത്തിനും സാമൂഹിക നവോത്ഥാനത്തിനും മലയാളനാടിന്റെ സാഹിത്യസാംസ്‌കാരിക വളര്‍ച്ചയ്ക്കും നല്‍കിയ മഹത്തായ സംഭാവനകളാല്‍ പരക്കെ പ്രകീര്‍ത്തിക്കപ്പെട്ടതാണ് ചന്ദ്രിക ദിനപത്രത്തിന്റെയും 70 തികഞ്ഞ ചന്ദ്രിക ആഴ്ചപ്പതിപ്പിന്റെയും പ്രവര്‍ത്തന രേഖ എന്ന് ഓര്‍മപ്പെടുത്തിക്കൊണ്ട് ഇതിവിടെ നിര്‍ത്തട്ടെ

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Be the first to write a comment.

Leave a Reply