എന്തുകൊണ്ട് ജാതി സെന്‍സസ്?

വര്‍ദ്ധിച്ചുവരുന്ന ഈ അസമത്വങ്ങള്‍ പരിഹരിക്കപ്പെടണമെങ്കില്‍, ജാതി അടിസ്ഥാനമാക്കിയുള്ള കണക്കുകള്‍ അനിവാര്യമാണ്. അതനുസരിച്ചുള്ള നയങ്ങള്‍ ആവശ്യമാണ്. വിവിധ ജാതി വിഭാഗകളുടെ ജനസംഖ്യയെക്കുറിച്ചും അവരുടെ സാമൂഹിക-സാമ്പത്തിക നിലയെക്കുറിച്ചും കൃത്യമായ ഡാറ്റ ഉണ്ടായിരിക്കണം. അതാണ് ജാതി സെന്‍സസിന്റെ പ്രസക്തി.

അഞ്ചു നിയമസഭകളിലേക്കും തുടര്‍ന്ന് ലോകസഭയിലേക്കുമുള്ള തെരഞ്ഞെടുപ്പ് ആസന്നമായ വേളയില്‍ ഇന്ത്യന്‍ രാഷ്ട്രീയത്തെ നിയന്ത്രിക്കുന്ന കേന്ദ്രപ്രശ്‌നമായി ജാതി സെന്‍സസ്് മാറുകയാണ്. ബീഹാര്‍ സര്‍ക്കാര്‍ ജാതി സെന്‍സസ് വിവരങ്ങള്‍ പ്രസിദ്ധീകരിച്ചതിനു പുറകെ കോണ്‍ഗ്രസ്സ് ഭരിക്കുന്ന രാജസ്ഥാന്‍, ഛത്തിസ്ഗഡ്, കര്‍ണാടക പോലുള്ള സംസ്ഥാനങ്ങള്‍ ജാതി സെന്‍സസ് നടത്താനുള്ള നീക്കത്തിലാണ്. ജാതി സെന്‍സസ് പ്രസിദ്ധീകരിക്കുന്നതിനെതിരായ ഹര്‍ജികള്‍ സുപ്രീം കോടതി തള്ളുകയും ചെയ്തു. ഇന്ത്യാ മുന്നണിതന്നെ ജാതി സെന്‍സസ് ്നടത്തണമെന്ന ആവശ്യം ഉന്നയിച്ചിരിക്കുന്ന സ്ഥിതിക്ക് പ്രതിപക്ഷ കക്ഷികള്‍ ഭരിക്കുന്ന മറ്റു സംസ്ഥാനങ്ങളും ആ വഴിക്ക് നീങ്ങുമെന്നു കരുതാം. ബിജെപിക്ക് ജാതി സെന്‍സസിനോട് താല്‍പ്പര്യമില്ല. രാജ്യത്തെ ജാതീയമായി വിഭജിക്കാനുള്ള നീക്കമാണ് ജാതി സെന്‍സസ് എന്നാണവര്‍ പറയുന്നത്. എന്നാല്‍ എന്‍ഡിഎയിലെ പല സംഘടനകളും ജാതി സെന്‍സസിന് അനുകൂലമാണ്. ഏകീകൃതസിവില്‍ കോഡെന്ന ബിജെപി അജണ്ടയെ എതിര്‍ത്തപോലെ പല പാര്‍ട്ടികളും ജാതി സെന്‍സസിലെ ബിജെപി നിലപാടിനേയും എതിര്‍ക്കുന്ന കാഴ്ചയാണ് കാണുന്നത്.

തീര്‍ച്ചയായും ജാതി സെന്‍സസ് ഒരു കക്ഷി രാഷ്ട്രീയ പ്രശ്‌നമല്ല. എന്നാല്‍ ഇപ്പോഴത് ഉയര്‍ന്നുവരുന്നതിന്റേയും എതിര്‍പ്പുയരുന്നതിന്റേയും പുറകിലതുണ്ട് എന്നതില്‍ സംശയമില്ല. അതെളുപ്പം മനസ്സിലാകാന്‍ മൂന്നുപതിറ്റാണ്ടു പുറകിലേക്കുപോയാല്‍ മതി. ഹൈന്ദവ വോട്ടുകള്‍ ഏകീകരിക്കുക എന്ന ലക്ഷ്യത്തോടെ ബാബറി മസ്ജിദ് തകര്‍ത്ത സമയത്തു തന്നെയായിരുന്നല്ലോ ഹിന്ദു എന്നത് ഏകീകൃത മതമല്ലെന്നും ശ്രേണീബദ്ധമായി നിലനില്‍ക്കുന്ന ജാതികളുടെ സമുച്ചയമാണെന്നും ഒരിക്കല്‍ കൂടി തെളിയിച്ച് മണ്ഡല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കാന്‍ തീരുമാനിച്ചത്. മസ്ജിദ് തകര്‍ത്തതിനു ശേഷം നടന്ന ലോകസഭാതെരഞ്ഞെടുപ്പില്‍ ബിജെപിക്ക് ഭൂരിപക്ഷം ലഭിച്ചില്ല. അതിനുള്ള പ്രധാന കാരണം മണ്ഡല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് തന്നെയായിരുന്നു എന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍. സമാനമായൊരു സാഹചര്യമാണ് ഇപ്പോഴും രൂപം കൊള്ളുന്നത് എന്നു കാണാം. തെരഞ്ഞെടുപ്പിനു മുമ്പുതന്നെ, ജനുവരിയില്‍ വലിയ ആഘോഷത്തോടെ അയോദ്ധ്യയില്‍ രാമക്ഷേത്രനിര്‍മ്മാണം തുടങ്ങാനാണ് സംഘപരിവാര്‍ തീരുമാനം എന്നാണ് വാര്‍ത്തകള്‍. അതിന്റെ ലക്ഷ്യം ഹൈന്ദവവോട്ടുകളുടെ ഏകീകരണമല്ലാതെ മറ്റൊന്നല്ല. മണ്ഡല്‍ കമ്മീഷന്‍ ചെയ്തപോലെ തന്നെ ഈ നീക്കത്തെ തടയാനാണ് പ്രതിപക്ഷം ഇപ്പോള്‍ ജാതി സെന്‍സസ് ഉയര്‍ത്തികൊണ്ടുവന്നിരിക്കുന്നതെന്ന വിമര്‍ശനമുണ്ട്. അങ്ങനെയാണെങ്കില്‍ തന്നെ അതില്‍ തെറ്റൊന്നുമില്ല. സംഘപരിവാര്‍ രഥത്തെ തടഞ്ഞുകെട്ടേണ്ടത് രാജ്യത്തിന്റെ ആവശ്യമാണ്.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

അതേസമയം ജാതി സെന്‍സസ് എന്നതൊരു കേവല കക്ഷിരാഷ്ട്രീയ പ്രശ്‌നമല്ല. മറിച്ച് വളരെ ഗൗരവമായ സാമൂഹ്യ രാഷ്ട്രീയ പ്രശ്‌നമാണ്.രാജ്യം പുരോഗതിയില്‍ ലോകത്തിന്റെ നിറുകയിലേക്കാണ് പോകുന്നതെന്നാണല്ലോ പ്രധാനമന്ത്രിയടക്കമുള്ളവരുടെ അവകാശവാദം. അതിലെ യാഥാര്‍ത്ഥ്യം എന്താണെന്നത് അവിടെ നില്‍ക്കട്ടെ. അപ്പോഴും രാജ്യത്തെ സമ്പത്തും അധികാരവും തൊഴിലുമെല്ലാം ആരുടെ കൈവശമാണ്, നിയന്ത്രണത്തിലാണ് എന്ന ചോദ്യത്തെ അദ്ദേഹമടക്കമുള്ളവര്‍ അഭിമുഖീകരിക്കുന്നില്ല. അതാരുടെ നിയന്ത്രണത്തിലാണെന്നു സാമാന്യ രാഷ്ട്രീയ ബോധമുള്ളവര്‍ക്കെല്ലാം അറിയാമെങ്കിലും അതിന്റെ കൃത്യമായ കണക്കുകള്‍ അനിവാര്യമാണ്. അതു പുറത്തുവന്നാല്‍ പല അവകാശവാദങ്ങളും തകര്‍ന്നുവീഴും. പല സാമൂഹ്യ – സാമ്പത്തിക നയങ്ങളും പൊളിച്ചെഴുതേണ്ടി വരും. രാഷ്ട്രീയമായ വന്‍ചലനങ്ങളുണ്ടാകും. നൂറ്റാണ്ടുകളായി തുടരുന്ന പല അനീതികളും തിരുത്തേണ്ടിവരും. പല കസേരകളും ഇളകിയാടും. അതുകൊണ്ടൊക്കെയാണ് ജാതി സെന്‍സസ് നടപ്പാക്കണമെന്ന നിലപാടിനെ നേരത്തെ അനുകൂലിച്ചിരുന്ന ബിജെപിയിലെ പല നേതാക്കള്‍ പോലും ഇക്കാര്യം മിണ്ടാത്തത്. നേരത്തെ ജാതി സെന്‍സസ് നടപ്പാക്കണമെന്നാവശ്യപ്പെട്ട് ബീഹാറിലേയും മധ്യപ്രദേശിലേയും എന്‍ഡിഎ പ്രതിനിധി സംഘം തന്നെ പ്രധാനമന്ത്രിക്ക് നിവേദനം നല്‍കിയിരുന്നു. എന്‍ഡിഎയിലെ ഘടകകക്ഷികളായ യുപിയിലെ നിഷാദ് പാര്‍ട്ടി, സുഹല്‍ദേവ് ഭാരതീയ സമാജ് പാര്‍ട്ടി, അപ്നാദള്‍ (എസ്), ബിഹാറിലെ ഹിന്ദുസ്ഥാനി അവാം മോ അവാം മോര്‍ച്ച എന്നിവ ജാതി സെന്‍സസിനെ ഇപ്പോഴും പിന്തുണയ്ക്കുന്നു. യാദവ ഇതര ഒബിസി വിഭാഗങ്ങള്‍ക്കിടയില്‍ നിര്‍ണായക സ്വാധീനമുള്ള പാര്‍ട്ടികളാണിവ.

2020-ല്‍ പ്രസിദ്ധീകരിച്ച ഇന്ത്യയിലെ സമ്പത്ത് വിതരണം സംബന്ധിച്ച ഓക്സ്ഫാമിന്റെ റിപ്പോര്‍ട്ട് പരിശോധിച്ചാല്‍ മാത്രം ജാതി സെന്‍സസിന്റെ ആവശ്യകത ബോധ്യമാകും. അതനുസരിച്ച് ജനസംഖ്യയുടെ 10% പേര്‍ മൊത്തം സമ്പത്തിന്റെ 74.3% കൈവശം വയ്ക്കുന്നു. അതേസമയം മധ്യനിരയിലുള്ള 40% ഉം താഴെയുള്ള 50% ഉം യഥാക്രമം 22.9% ഉം വെറും 2.8% ഉം സമ്പത്താണ് കൈവശം വെക്കുന്നത്. ഇന്ത്യന്‍ സമൂഹത്തില്‍ വര്‍ദ്ധിച്ചുവരുന്ന സാമ്പത്തിക അസമത്വത്തിന്റെ വ്യക്തമായ ചിത്രമാണിത്. അതേസമയം ഈ കണക്കിലെ ജാതി അടിസ്ഥാനമാക്കിയുള്ള ഘടനയും പരിശോധിക്കേണ്ടതുണ്ട്. ഇതുമായി ബന്ധപ്പെട്ട് വേള്‍ഡ് ഇന്‍ ഇക്വാലിറ്റി ഡാറ്റാബേസ് 2018-ല്‍ പ്രസിദ്ധീകരിച്ച , ഇന്ത്യയിലെ സമ്പത്തിലെ അസമത്വം, വര്‍ഗ്ഗവും ജാതിയും എന്ന പഠനത്തിലെ വിവരങ്ങള്‍ വളരെ പ്രസക്തമാണ്. അതനുസരിച്ച് ഇന്ത്യയിലെ ശരാശരി കുടുംബവരുമാനം 113 – 222 രൂപയാണ്. ഉയര്‍ന്ന ജാതി വിഭാഗങ്ങളില്‍ ബ്രാഹ്മണര്‍ ദേശീയ ശരാശരിയേക്കാള്‍ 48% കൂടുതല്‍ നേടുമ്പോള്‍ ബ്രാഹ്മണേതര ഉയര്‍ന്ന ജാതിക്കാര്‍ 45% നേടുന്നു. മറുവശത്ത്, പട്ടികവര്‍ഗക്കാര്‍ക്കും പട്ടികജാതിക്കാര്‍ക്കും ദേശീയ ശരാശരിയേക്കാള്‍ യഥാക്രമം 34%, 21% കുറവ് വരുമാനമാണ് ലഭിക്കുന്നത്. ഒബിസി ഗ്രൂപ്പുകള്‍ക്ക് ദേശീയ ശരാശരിയേക്കാള്‍ 8% കുറവാണ് വരുമാനം.

സമ്പത്തിന്റെ ഉടമസ്ഥാവകാശത്തിന്റെ കാര്യത്തിലാകട്ടെ: ബ്രാഹ്മണരില്‍ 50%, രജപുത്രരില്‍ 31%, ബനിയയില്‍ 44%, കായസ്ഥരില്‍ 57% എന്നിവര്‍ സമ്പന്ന വിഭാഗത്തില്‍ പെടുന്നു. മറ്റ് ജാതി വിഭാഗങ്ങളില്‍ 5% എസ്ടി, 10% എസ്സി, 16% ഒബിസി എന്നിവ മാത്രമേ സമ്പന്ന വിഭാഗത്തില്‍ പെടുന്നുള്ളൂ. പട്ടികജാതി വിഭാഗങ്ങള്‍ക്ക് മൊത്തം സമ്പത്തിന്റെ 7-8% (ജനസംഖ്യാ വിഹിതത്തേക്കാള്‍ 11 ശതമാനം കുറവ്). എസ് ടി വിഭാഗങ്ങള്‍ക്ക് മൊത്തം സമ്പത്തിന്റെ 5-7% (ജനസംഖ്യാ വിഹിതത്തേക്കാള്‍ 1-2 ശതമാനം കുറവ്) എന്നിങ്ങനെയാണ് ഉടമസ്ഥാവകാശമുള്ളത്. ഒബിസി വിഭാഗങ്ങള്‍ 2002ല്‍ മൊത്തം സമ്പത്തിന്റെ 32% സ്വന്തമാക്കിയിരുന്നു. അത് 2012-ല്‍ നേരിയ തോതില്‍ വര്‍ധിച്ചു. എന്നാല്‍ അവരുടെ ജനസംഖ്യാ വിഹിതത്തിലെ ഗണ്യമായ വര്‍ദ്ധനവ് കാരണം ജനസംഖ്യാ വിഹിതവുമായുള്ള വ്യത്യാസം വര്‍ദ്ധിച്ചു. അങ്ങനെ, സമ്പത്തിന്റെ വിതരണത്തിന്റെ കാര്യത്തില്‍, ഉയര്‍ന്ന ജാതി വിഭാഗങ്ങള്‍ ജനസംഖ്യാ വിഹിതവുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഉയര്‍ന്ന വിഭാഗത്തില്‍ കൂടുതലായി പ്രതിനിധീകരിക്കുന്നതായി വ്യക്തമായി കാണാന്‍ കഴിയും, അതേസമയം ഒബിസി, എസ്ടി, എസ്സി വിഭാഗങ്ങള്‍ മധ്യത്തിലും താഴെയുമായി പ്രതിനിധീകരിക്കുന്നു. സാവിത്രിഭായ് ഫുലെ പൂനെ യൂണിവേഴ്‌സിറ്റി (SPPU), ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റി (ജെഎന്‍യു), ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ദളിത് സ്റ്റഡീസ് എന്നിവ സംയുക്തമായി 2018-ല്‍ പ്രസിദ്ധീകരിച്ച ‘ഇന്ത്യയിലെ സമ്പത്തിന്റെ ഉടമസ്ഥതയും അസമത്വവും: ഒരു സാമൂഹിക-മത വിശകലനം’ എന്ന ലേഖനത്തില്‍ ‘… മൊത്തം ദേശീയ ആസ്തികളില്‍, ഏറ്റവും ഉയര്‍ന്ന 41% ഉയര്‍ന്ന ജാതി ഹിന്ദുക്കളുടെ ഉടമസ്ഥതയിലുള്ളതാണ്. 31% ഒബിസി ഗ്രൂപ്പുകളുടെ ഉടമസ്ഥതയിലാണ്. അതേസമയം എസ്ടികളിലും എസ്സികളിലും യഥാക്രമം 3.7%, 7.6% എന്നിങ്ങനെയാണ്. അങ്ങനെ ഇന്ത്യയിലെ സമ്പത്ത് വിതരണത്തിന്റെ ഘടന ജാതി ഘടനയുടെ ശ്രേണിയെ പ്രതിഫലിപ്പിക്കുന്നതായും ചൂണ്ടികാട്ടുന്നുണ്ട്.

വര്‍ദ്ധിച്ചുവരുന്ന ഈ അസമത്വങ്ങള്‍ പരിഹരിക്കപ്പെടണമെങ്കില്‍, ജാതി അടിസ്ഥാനമാക്കിയുള്ള കണക്കുകള്‍ അനിവാര്യമാണ്. അതനുസരിച്ചുള്ള നയങ്ങള്‍ ആവശ്യമാണ്. വിവിധ ജാതി വിഭാഗകളുടെ ജനസംഖ്യയെക്കുറിച്ചും അവരുടെ സാമൂഹിക-സാമ്പത്തിക നിലയെക്കുറിച്ചും കൃത്യമായ ഡാറ്റ ഉണ്ടായിരിക്കണം. അതാണ് ജാതി സെന്‍സസിന്റെ പ്രസക്തി. സ്വാതന്ത്ര്യത്തിനുശേഷം നടപ്പാക്കിയ സാമൂഹ്യ സാമ്പത്തിക പദ്ധതികളിലൂടെ പിന്നോക്ക വിഭാഗങ്ങള്‍ക്ക് എന്തു നേട്ടമാണ് ഉണ്ടായതെന്നും വ്യക്തമാകാനും ജാതി സെന്‍സസ് ആവശ്യമാണ്. എന്നാല്‍ സര്‍ക്കാരിന്റെ വിദ്യാഭ്യാസ, സാമ്പത്തിക, വികസന നയങ്ങളുടെ പ്രാഥമിക ഗുണഭോക്താക്കള്‍ ഉയര്‍ന്ന ജാതി വിഭാഗങ്ങളാണെന്ന വസ്തുത കൃത്യമായി പുറത്തുവരുമെന്നതിനാലാണ് സവര്‍ണ്ണ വിഭാഗങ്ങളും അവരാല്‍ നിയന്ത്രിക്കപ്പെടുന്നവരും ജാതി സെന്‍സസിനെ എതിര്‍ക്കുന്നത്. സംഘപരിവാറിനാകട്ടെ തങ്ങളുടെ ഹിന്ദുരാഷ്ട്ര പദ്ധതിക്കുതന്നെ ഈ കണക്കുകള്‍ പുറത്തുവരുന്നത് ഭീഷണിയാകും. കൂടാതെ മുതലാളിത്തവും നവലിബറലിസവും ശക്തമാകുമ്പോള്‍ ജാതീയ വിവേചനങ്ങള്‍ കുറയുമെന്ന മിത്തും അതോടെ തകരും. മാത്രമല്ല EWS എന്ന പേരില്‍ സവര്‍ണ്ണ സംവരണം നടപ്പാക്കാനായി പറഞ്ഞ കാരണങ്ങളും വാസ്തവവിരുദ്ധമാണെന്നു വ്യക്തമാകും.

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ബീഹാറില്‍ നടന്ന ജാതി സെന്‍സസ് തന്നെ പരിശോധിക്കുക. 13 കോടി ജനങ്ങളാണ് ബിഹാറില്‍ ഉള്ളത്. അവരില്‍ 63% ഒബിസി എന്നറിയപ്പെടുന്ന പിന്നാക്ക വിഭാഗത്തില്‍ പെട്ടവരാണ്. ഇവര്‍ക്കിടയില്‍ Extremely Backward Community(EBC) 36 ശതമാനവും Other Backward Community(OBC) 27 ശതമാനവുമാണ്. രണ്ടും ചേരുമ്പോള്‍ 63%. എസ്.സി. വിഭാഗത്തില്‍പെട്ടവര്‍ 20 ശതമാനത്തോളമുണ്ട്. ബിഹാറിലെ പട്ടിക വര്‍ഗ ജനസംഖ്യ ഒന്നര ശതമാനം മാത്രമാണ്. എല്ലാ ഒ.ബി.സിയും എസ്.സി.-എസ്.ടിയും കൂടി ചേര്‍ന്നാല്‍ 84.6 ശതമാനമായി. അതിനര്‍ഥം മുന്നോക്ക വിഭാഗങ്ങള്‍ എന്നറിയപ്പെടുന്ന സാങ്കേതികമായി ജനറല്‍ കാറ്റഗറിയില്‍ പെടുന്നവര്‍ വെറും 15.4% മാത്രമാണ്. അവര്‍ക്കാണ് 10 ശതമാനം സംവരണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ജാതി സെന്‍സസ് നടന്നാല്‍ ഇത്തരത്തിലുള്ള കണക്കുകളായിരിക്കും പല സംസ്ഥാനങ്ങളില്‍ നിന്നും പുറത്തുവരുക.

കേരളത്തിലും ജാതി സെന്‍സസ് അനിവാര്യമാണ്. ഇന്ത്യാ മുന്നണിയില്‍ ഉണ്ടെങ്കിലും അടിസ്ഥാനപരമായി സാമ്പത്തിക സംവരണത്തെ പിന്തുണക്കുന്നവരാണ് സിപിഎം എന്ന് എല്ലാവര്‍ക്കുമറിയാം. അതാദ്യം ആവശ്യപ്പെട്ടത് ഇ എം എസ് ആയിരുന്നല്ലോ. EWS ആദ്യം നടപ്പാക്കിയതും കേരളം തന്നെ. ഈ സാഹചര്യത്തില്‍ സര്‍ക്കാര്‍ അതിനു തയ്യാറാകുമോ എന്നു കണ്ടറിയണം. പ്രത്യേകിച്ച് മന്ത്രിസഭയില്‍ തന്നെ ജനസംഖ്യാനുപാതികത്തേക്കാള്‍ എത്രയോ കൂടുതലാണ് നായര്‍ സമുദായത്തിന്റെ പ്രാതിനിധ്യമെന്നിരിക്കെ. കേരളത്തിന്റെ സാമ്പത്തിക, സാമൂഹിക, സാംസ്‌കാരിക, തൊഴില്‍ മേഖലയിലെല്ലാം അതുതന്നെയാണ് അവസ്ഥ. നമ്മുടെ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലായ പ്രവാസി പണത്തില്‍ ദളിത്, ആദിവാസി വിഭാഗങ്ങളുടെ പ്രാതിനിധ്യം തുലോ തുച്ഛമാണ്. ഭൂമിയുടെ കാര്യത്തിലും അങ്ങനെ തന്നെ. ഇതുമായി ബന്ധപ്പെട്ട കൃത്യമായ കണക്കുകള്‍ പുറത്തുവരേണ്ടതുണ്ട്. അതിനാല്‍ തന്നെ എത്രയും വേഗം ജാതി സെന്‍സസ് നടപ്പാക്കാനാണ് കേരളവും തീരുമാനിക്കേണ്ടത്.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: analysis | Tags: , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply