മെയ് ദിനം സംഘടിത ന്യൂനപക്ഷത്തിന്റേത്, അസംഘടിത ഭൂരിപക്ഷത്തിന്റേതല്ല…

പതിവുപോലെ 1886ല്‍ ചിക്കാഗോ തെരുവുകളില്‍ ഒഴുകിയ ചോരയുടെ പോരാട്ടവീര്യം ഉരുവിട്ട് ഒരു മെയ്ദിനം കൂടി. എല്ലാവര്‍ഷവും നടക്കുന്ന കാര്യങ്ങള്‍ അതേപടി ഒരു ചടങ്ങുപോലെ ആവര്‍ത്തിക്കുന്നു. സംഘടിത തൊഴിലാളി സംഘടനകള്‍ പ്രകടനങ്ങളും സമ്മേളനങ്ങളും നടത്തുന്നു. എന്നാല്‍ ഇനിയും സംഘടിതരല്ലാത്ത, എട്ടു മണിക്കൂര്‍ ജോലി എട്ടു മണിക്കൂര്‍ വിശ്രമം എട്ടു മണിക്കൂര്‍ ഉറക്കം എന്നീ മുദ്രാവാക്യങ്ങളൊക്കെ കേവലം സ്വപ്‌നം മാത്രമായ ലക്ഷകണക്കിനു തൊഴിലാളികള്‍ക്ക് ഈ ദിനം സാധാരണ ഏതൊരു ദിനവും പോലെതന്നെ. മിക്കവര്‍ക്കും ഇതൊരു അവധിദിനം പോലുമല്ല. ന്യൂനപക്ഷം മാത്രമായ സംഘടിത വിഭാഗങ്ങളുടെ അജണ്ടയിലാകട്ടെ ഈ അസംഘടിത വിഭാഗങ്ങള്‍ക്ക് ഒരു സ്ഥാനവുമില്ല.

മുതലാളിത്തവിപ്ലവത്തിന്റെ ഭാഗമായി രൂപം കൊണ്ട വ്യവസായിക തൊഴിലാളികളുമായി ബന്ധപ്പെട്ടാണ് മെയ്ദിനമെന്ന സങ്കല്‍പ്പം ഉണ്ടായതെങ്കിലും കാര്യമയാ വ്യവസായങ്ങളോ വ്യവസായ തൊഴിലാളികളോ ഇല്ലാത്ത കേരളത്തില്‍ ആരാണ് മെയ് ദിനം ആഘോഷിക്കുന്നത്? ഉത്തരം വ്യക്തം. സംഘടിതരായ ചുമട്ടു തൊഴിലാളികള്‍, ചെറിയ തോതിലുള്ള വ്യവസായിക തൊഴിലാളികള്‍, സര്‍ക്കാര്‍ ജീവനക്കാര്‍, അധ്യാപകര്‍, പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാര്‍, ബാങ്ക് ജീവനക്കാര്‍ തുടങ്ങി ഡോക്ടര്‍മാര്‍ വരെയുള്ളവരാണ് ഇവിടെത്തെ സംഘടിത തൊഴിലാളി വിഭാഗങ്ങള്‍. ഇവരുടെ മൊത്തം എണ്ണമെടുത്താല്‍ എത്രവരും എന്നു പരിശോധിക്കുന്നത് നല്ലതാണ്. ചിക്കാഗോയില്‍ ചൊരിഞ്ഞ ചോരയോട് എന്തെങ്കിലും പ്രതിബദ്ധത ഈ തൊഴിലാളികള്‍ക്കോ ഇവരുടെ ശക്തമായ യൂണിയനുകള്‍ക്കോ ഉണ്ടോ എന്നു ചോദിച്ചാല്‍ എന്തായിരിക്കും ഉത്തരമെന്നതിനു അധികം ആലോചിക്കണോ? ഇതിന്റെ മറുവശമോ? എത്രയോ ലക്ഷങ്ങള്‍ കേരളത്തിലെ അസംഘടിത മേഖലയില്‍ തൊഴില്‍ ചെയ്യുന്നുണ്ട്. . ചെയ്യുന്ന തൊഴിലിന് മാന്യമായ വേതനം അവര്‍ക്കു കിട്ടുന്നുമില്ല. പീടികത്തൊഴിലാളികള്‍, മത്സ്യത്തൊഴിലാളികള്‍, തോട്ടം തൊഴിലാളികള്‍, ന്ഴ്സുമാര്‍, അണ്‍ എയ്ഡഡ് അധ്യാപകര്‍, നാടെങ്ങമുള്ള പ്രൈവറ്റ് സ്ഥാപനങ്ങളിലേയും ചെറുകിട വ്യവസായ സംരംഭങ്ങളിലേയും തൊഴിലാളികള്‍, ഡ്രൈവര്‍മാര്‍, പരമ്പരാഗത തൊഴിലാളികള്‍, വീട്ടുജോലിക്കാര്‍, ഹോട്ടല്‍ തൊഴിലാളികള്‍, ഇതരസംസ്ഥാനതൊഴിലാളികള്‍, കര്‍ഷകതൊഴിലാളികള്‍, കര്‍ഷകതൊഴിലാളികളുടെ അവസ്ഥയില്‍ തന്നെയുളള ചെറുകിട കര്‍ഷകര്‍ എന്നിങ്ങനെ പട്ടിക എത്രവേണമെങ്കിലും നീട്ടാം. കൊവിഡ് കാലത്തോടെ ചെറുകിട സംരംഭകര്‍, ചെറുകിട വ്യാപാരികള്‍, ബസ് – ഓട്ടോ – ടാക്‌സി തൊഴിലാളികള്‍, വാദ്യ – കലാ മേഖലകളില്‍ ജോലി ചെയ്യുന്നവര്‍ എന്നിങ്ങനെ ഈ പട്ടികയുടെ നീളം കൂടുകയാണ്. ഇവര്‍ക്കൊക്കെ എന്തു മൈയ്ദിനം? ഇവരൊന്നും സംഘടിത തൊഴിലാളി വര്‍ഗ്ഗത്തിന്റെ പരിധിയില്‍ വരുന്നതേയില്ല. ഇവരുടെ പ്രശ്നങ്ങളില്‍ ഒരു യൂണിയനും താല്‍പ്പര്യമില്ല. കാരണം ഒരുപക്ഷെ മാര്‍ക്സും മറ്റും വിഭാവനം ചെയ്ത ആധുനിക വ്യവസായിക വര്‍ഗ്ഗത്തില്‍ പെട്ടവരല്ലായിരിക്കാം ഇവരെന്നതാണ്.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

ഈ അസംഘടിത തൊഴിലാളി വിഭാഗങ്ങളുടെ പ്രശ്നങ്ങളില്‍ ഇടപെടുന്നില്ല എന്നു മാത്രമല്ല പലപ്പോഴും അവര്‍ക്കെതിരെയാണ് യൂണിയനുകള്‍ നില കൊള്ളുന്നത് എന്നതാണ് വൈരുദ്ധ്യം. മിക്കപ്പോഴും തൊഴിലുടമകള്‍ക്കും മാനേജ്മെന്റുകള്‍ക്കുമൊപ്പമാണ് ഇവരെ കാണുക. കേരളത്തില്‍ നടന്ന നഴ്സുമാരുടെ സമരങ്ങളിലൊന്നും ഇവരുടെയാരുടേയും സാന്നിധ്യം ഉണ്ടായിട്ടുണ്ടോ? ഈ യൂണിയനുകളുടെയെല്ലാം പിതൃസംഘടനകളും സ്വകാര്യ ആശുപത്രി മാനേജ്മെന്റുകളും തമ്മിലുള്ള ബന്ധം ആര്‍ക്കാണറിയാത്തത്? മൂന്നാറിലെ പൊമ്പിളൈ ഒരുമൈയുടെ സമരത്തോടെടുത്തിരുന്ന നിലപാടും മറക്കാറായിട്ടില്ലല്ലോ. ഏറ്റവും വലിയ സംഘടിതശക്തിയായ അധ്യാപക സംഘടനകളുടെ അജണ്ടയില്‍ അണ്‍ എയ്ഡഡ് അധ്യാപകരില്ല. ഒരു കാലത്ത് സ്വന്തം കുട്ടികളെ ഇവര്‍ ചേര്‍ത്തിരുന്നത് അണ്‍ എയ്ഡഡ് സ്ഥാപനങ്ങളിലായിരുന്നല്ലോ. തൊഴില്‍ നഷ്ടപ്പെടുമെന്ന അവസ്ഥ വന്നപ്പോഴാണ് ഇവരെല്ലാം സ്വന്തം ജോലി ചെയ്യാന്‍ തയ്യാറായത്. തുണിക്കട മുതല്‍ വലുതും ചെറുതുമായ കടകളില്‍ തൊഴില്‍ ചെയ്യുന്ന, ഇരിക്കാന്‍ പോലും അവകാശമില്ലാത്ത ലക്ഷങ്ങളുടെ പ്രശ്നങ്ങളും ഈ യൂണിയനുകള്‍ പരിഗണിക്കാത്തതുപോലെ. അവര്‍ നടത്തിയ ഇരിപ്പു സമരത്തിലും മറ്റും തൊഴിലാളിവര്‍ഗ്ഗ സാഹോദര്യത്തെ കുറിച്ച് ഘോരഘോരം പ്രസംഗിക്കുന്ന ആരെയെങ്കിലും കണ്ടോ? വന്‍കിട സ്ഥാപനങ്ങളുടെ ഉടമകളാണ് നമ്മുടെ പ്രസ്ഥാനങ്ങളുടെ പ്രധാന സാമ്പത്തിക സ്രോതസ്സ് എന്നതും അറിയാത്തവര്‍ ആരുണ്ട്? ചെറുകിട മാധ്യമങ്ങളില്‍ തൊഴില്‍ ചെയ്യുന്നവരുടേയും ഒരു വിഷയത്തിലും ഇടപടാത്ത പത്രപ്രവര്‍ത്തക യൂണിയനും മെയ്ദിനമാഘോഷിക്കുന്നുണ്ട്. മുമ്പൊക്കെ ഏറെ പോരാട്ടങ്ങള്‍ നടത്തിയിട്ടുണ്ടെങ്കിലും കര്‍ഷകതൊഴിലാളികളുടേയും ചെറുകിട കര്‍ഷകരുടേയും ഇപ്പോഴത്തെ അവസ്ഥ ഇതു തന്നെ. ജീവിതമാകെ വന്‍തിരമാലകള്‍ തകര്‍ത്തു കൊണ്ടിരിക്കുന്ന മത്സ്യത്തൊഴിലാളികള്‍ക്കിടയില്‍ ഒരു ശക്തമായ യൂണിയന്‍ പോലും ഇവരുണ്ടാക്കിയിട്ടില്ല. കേരളത്തില്‍ മത്സ്യത്തൊഴിലാളികള്‍ നടത്തിയ ഐതിഹാസികമായ പല സമരങ്ങളിലും അവരൊന്നും ഉണ്ടായിരുന്നുമില്ല.

മറ്റൊന്ന് സംഘടിതതൊഴിലാളി വിഭാഗങ്ങള്‍ക്ക് സാധാരണക്കാരായ ജനങ്ങളോടുള്ള സമീപനമാണ്. നോക്കുകൂലി ഒരുദാഹരണം മാത്രം. സമീപദിവസങ്ങളില്‍ എത്രയോ ചെറുകിട സംരംഭകരുടെ സ്ഥാപനങ്ങള്‍ ഇക്കൂട്ടര്‍ പൂട്ടിച്ചു. നോക്കൂകൂലി നിരോധിച്ചു എന്ന് സര്‍ക്കാര്‍ എന്നേ പ്രഖ്യാപിച്ചതിനുശേഷമാണ് ഈ നടപടി. ചെറുകിട സംരംഭകര്‍ക്കെതിരെയാണ് ഇവര്‍ സംഘടിത ശക്തി കാണിക്കാറുള്ളത് എന്നത് ശ്രദ്ധേയമാണ്.  പെട്ടിക്കടക്കാര്‍ പോലും ഇവര്‍ക്ക് ബൂര്‍ഷ്വാസികളാണ്. ബസ് ജീവനക്കാര്‍ മുതല്‍ ഡോക്ടര്‍മാര്‍ വരെയുള്ളവര്‍ നടത്തുന്ന മിന്നല്‍ പണിമുടക്കുകള്‍ അവിടെ നില്‍ക്കട്ടെ. സമൂഹത്തിന്റെ ഏറ്റവും അടിത്തട്ടിലുളളവരാണ് തൊഴിലാളികളെന്നതിനാല്‍ അവരുടെ മോചനം സമൂഹത്തിന്റെ മുഴുവന്‍ മോചനമാണെന്നാണല്ലോ സങ്കല്‍പ്പം. എന്നാല്‍ പലപ്പോഴും സംഭവിക്കുന്നതെന്താണ്? കേരളത്തിലെ പല വന്‍കിട കമ്പനികളും സൃഷ്ടിക്കുന്ന മലിനീകരണത്തിനെതിരെ ജനങ്ങള്‍ നടത്തുന്ന പോരാട്ടങ്ങളോട് ആ കമ്പനികളിലെ തൊഴിലാളികള്‍ സ്വീകരിക്കുന്ന സമീപനം നോക്കൂ.. മാവൂര്‍, പ്ലാച്ചിമട, കാതിക്കുടം, പെരിയാര്‍ തീരത്തെ കമ്പനികള്‍ എന്നിവയെല്ലാം ഉദാഹരണം. പാരിസ്ഥിതികനാശം സൃഷ്ടിക്കാതെ കമ്പനി നടത്താന്‍ മാനേജമെന്റുകളോടാവശ്യപ്പെടുന്നതിനുപകരം ഗുണ്ടകളെപോലെ സമരം നടത്തുന്നവര്‍ക്കെതിരെയാണ് ഇവരെല്ലാം രംഗത്തുവരാറുള്ളത്. ചങ്ങറപോലെ പാവപ്പെട്ട ദളിതരും ആദിവാസികളും നടത്തുന്ന സമരങ്ങളേയും തകര്‍ക്കാനാണ് ഇവരുടെ ശ്രമം. ചങ്ങറ സമരക്കാര്‍ക്കെതിരെ ഉപരോധം ഏര്‍പ്പെടുത്തിയതില്‍ പ്രധാനികള്‍ എസ്റ്റേറ്റ് തൊഴിലാളികളായിരുന്നു. ക്വാറി സമരങ്ങളുടെ കാര്യം പറയാനുമില്ല.

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

നഷ്ടപ്പെടാന്‍ ഒന്നുമില്ലാത്തവരാണ് തൊഴിലാളി വര്‍ഗ്ഗം എന്നാണ് പറയാറ്. എന്നാല്‍ നഷ്ടപ്പെടാനില്ലാത്തവര്‍ക്കെതിരെ തങ്ങളുടെ ശത്രുവര്‍ഗ്ഗമെന്നു പറയപ്പെടുന്ന മുതലാളിവര്‍ഗ്ഗത്തിനൊപ്പമാണ് ഇവരെ സ്ഥിരം കാണുക. പലപ്പോഴും തൊഴിലിനോടുളള സമീപനവും പരിശോധിക്കുക. പൊതുജനങ്ങളുമായി ഇടപെടുന്ന തൊഴില്‍ ചെയ്യുന്നവരില്‍ സംഘടിതരായവരുടെ സമീപനം എല്ലാവര്‍ക്കും അറിയാവുന്നതല്ലേ? ഇന്ന് ശബളവും പെന്‍ഷനും കിട്ടാതെ ബുദ്ധിമുട്ടുന്ന കെ എസ് ആര്‍ ടി സി ജീവനക്കാര്‍ അവരുടെ നല്ല കാലത്ത് എങ്ങനെയാണ് യാത്രക്കാരോട് ഇടപെട്ടിരുന്നത്? ഇന്ന് ഇന്ത്യയിലെ 26 ല്‍ അവസാനസ്ഥാനത്താണ് കെ എസ് ആര്‍ ടി സി. അതില്‍ തൊഴിലാളികള്‍ക്കും വലിയ പങ്കില്ലേ? ഇപ്പോള്‍ എല്ലാ മാസവും സര്‍ക്കാര്‍ ശബളം തരണമെന്നു പറയുന്ന ഇവര്‍ കൊവിഡ് മൂലം തകര്‍ന്ന സ്വാകാര്യ ബസ് ജീവനക്കാരെ കുറിച്ച് മിണ്ടുന്നുണ്ടോ? സെക്രട്ടറിയേറ്റില്‍ ഇപ്പോള്‍ കെട്ടികിടക്കുന്നത് ലക്ഷകണക്കിനു ഫയലുകളാണെന്നും ഓര്‍ക്കുന്നത് നന്ന്. മെയ് ദിനത്തെ കുറിച്ച് ഘോരഘോരം പ്രസംഗിക്കുന്ന സര്‍ക്കാര്‍ ജീവനക്കാരോ? പൊതുജനങ്ങളോട് മാന്യമായി പെരുമാറണെന്നും ഓരോ ഫയലിനു പുറകിലും ഓരോ ജീവിതമുണ്ടെന്നും മുഖ്യമന്ത്രിതന്നെ എത്രയോ തവണ അവരോട് പറഞ്ഞിട്ടും കാര്യമായ മാറ്റമില്ല. യൂണിയനുകള്‍ കര്‍ശനമായ നിര്‍ദ്ദേശം നല്‍കിയാല്‍ തീരാവുന്ന അഴിമതിയാകട്ടെ അനുദിനം വര്‍ദ്ധിക്കുന്നു. മറുവശത്ത് കൊവിഡ് തകര്‍ത്ത ജീവിതങ്ങള്‍ പലരും ആത്മഹത്യ പോലും ചെയ്യുമ്പോള്‍ സംഘടിത ശക്തികൊണ്ട് അക്കാലത്തുപോലും വേതനവര്‍ദ്ധനവ് നേടിയെടുത്തവരാണ് ഇവിടത്തെ സര്‍ക്കാര്‍ ജീവനക്കാര്‍. ബാങ്ക് ജീവനക്കാരാകട്ടെ രാജാവിനെക്കാള്‍ വലിയ രാജഭക്തിയോടെ തകര്‍ന്നു തരിപ്പണമായവരുടെ കടങ്ങള്‍ തിരിച്ചുപിടിക്കാന്‍ ജപ്തി നടപടികളുമായി പ്രത്യക്ഷപ്പെടുന്നു. ഒരിക്കല്‍ ലോണ്‍തിരിച്ചടക്കാന്‍ വൈകിയവരുടെ വീടുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും മുന്നില്‍ സമരവുമായും അവരെത്തി. വന്‍കിടക്കാരുടെ ലോണുകള്‍ എഴുതിതള്ളുന്നതിനെതിരെ ഇവരൊന്നും മിണ്ടാറില്ല. സമൂഹത്തോട് ഒരു തരത്തിലുമുള്ള പ്രതിബദ്ധതയും ഇന്ന് സംഘടിത തൊഴിലാളികള്‍ക്കില്ല. അവര്‍ നടത്തുന്ന അഖിലേന്ത്യാ സമരങ്ങളിലെ പ്രധാന ആവശ്യങ്ങള്‍പോലും സ്വന്തം വേതനവര്‍ദ്ധനവും ആനുകൂല്യങ്ങളുമായി ബന്ധപ്പെട്ടവ മാത്രം. മറുവശത്ത് ഐ ടി പോലുള്ള പുതിയ തൊഴില്‍ മേഖലകളിലാകട്ടെ യൂണിയനുകള്‍ പോലുമില്ല. കാരണം അവര്‍ക്ക് മറ്റുള്ളവരെ പോലെ വേതനവര്‍ദ്ധനവോ ആനുകൂല്യങ്ങളോ ആവശ്യമില്ല, അവര്‍ ഒരു സ്ഥാപനത്തില്‍ അധികകാല ം തുടരുന്നവരുമല്ല എന്നതുതന്നെ.

സംഘടിതതൊഴിലാളി വര്‍ഗ്ഗത്തെ കുറിച്ചുള്ള ഇല്ലാത്ത അവകാശവാദങ്ങളാണ് പല പാര്‍ട്ടികളും യൂണിയനുകളും നേതാക്കളും ഇപ്പോഴും ഉന്നയിക്കുന്നത്. നമുക്കു ചുറ്റുമുള്ളതെല്ലാം സൃഷ്ടിച്ചത് തൊഴിലാളികളാണെന്ന പഴയ വാചകങ്ങളൊക്കെ ഇപ്പോഴും ആവര്‍ത്തിക്കുന്നതുകേട്ടു. ശാസ്ത്രവും സാങ്കേതിക വിദ്യയുമൊന്നും കൊണ്ടുവന്ന മാറ്റങ്ങളൊന്നും ഇവര്‍ക്കറിയില്ലേ? തോഴിലാളി വര്‍ഗ്ഗത്തിന്റെ സാര്‍വ്വദേശീയതയെ കുറിച്ചും പറയുന്നതു കേള്‍ക്കാം. വികസിത രാജ്യങ്ങളിലെ തൊഴിലാളി വര്‍ഗ്ഗത്തിന് അവികസിത രാജ്യങ്ങളിലെ തൊഴിലാളികളോട് എന്തു പ്രതിബദ്ധതയാണുള്ളത്? മറിച്ച് ആ രാജ്യങ്ങളെ ചൂഷണം ചെയ്തുകിട്ടുന്നതിനെ ഇവരും പങ്കുവെച്ചെടുക്കുന്നില്ലേ? യുക്രൈയിനിലെ അധിനിവേശത്തിനെതിരെ കമ്യൂണിസ്‌റ്റെന്നവകാശപ്പെടുന്ന റഷ്യയിലെ തൊഴിലാളിവര്‍ഗത്തില്‍ നിന്ന് എന്തെങ്കിലും പ്രതിഷേധമുയര്‍ന്നോ? ലോകം ഒന്നടങ്കം നേരിടുന്ന പാരിസ്ഥിതിക വെല്ലുവിളികളിലും തൊഴിലാളി പ്രസ്ഥാനങ്ങള്‍ കാര്യമായി പ്രതികരിക്കുന്നുണ്ടോ? കേരളത്തിലെ തന്നെ ലക്ഷകണക്കിനു വരുന്ന ഇതരസംസ്ഥാന തൊഴിലാളികളുടെ പ്രശ്‌നങ്ങളില്‍ ഇവരാരെങ്കിലും ഇടപെടുന്നുണ്ടോ? തൊഴിലാളി വിഭാഗങ്ങളെയടക്കം സമൂഹത്തെ ഭിന്നിപ്പിക്കുന്ന വര്‍ണ്ണവ്യവസ്ഥയേയും ഇന്ത്യയിലെ ജാതിവ്യവസ്ഥയെയും മറ്റും വ്യക്തിജീവിതത്തില്‍ മറികടക്കാന്‍ ഏതെങ്കിലും യൂണിയന്‍ തൊഴിലാളികളെ സജ്ജരാക്കുന്നുണ്ടോ ? പിന്നെന്തു ആഗോള തൊഴിലാളി സാഹോദര്യത്തെ കുറിച്ചാണ് ഇവര്‍ സംസാരിക്കുന്നത്. സ്വകാര്യമേഖലയില്‍ സംവരണം എന്ന ആവശ്യം അവരുന്നയിക്കുന്നില്ല. കേരളത്തില്‍ സര്‍ക്കാര്‍ വേതനം നല്‍കുന്ന എയ്ഡഡ് മേഖലയില്‍ സംവരണം വേണമെന്ന് അധ്യാപക സംഘടനകളും ആവശ്യപ്പെടുന്നില്ല. ഭൂമിക്കായുള്ള ദളിതരുടെയും ആദിവാസികളുടേയും പോരാട്ടങ്ങളേയും ഇവര്‍ പിന്തുണക്കുന്നില്ല. സംഘടിത തൊഴിലാളി വര്‍ഗ്ഗത്തിന്റെ നിര്‍വ്വചനത്തില്‍ അവരില്ലല്ലോ. ഇതിനെല്ലാം പകരം എല്ലാ വര്‍ഷവും പതിവുള്ള പോലെ സംഘടിത തൊഴിലാളി വര്‍ഗ്ഗത്തെപറ്റിയുള്ള നൊസ്റ്റാള്‍ജിയകള്‍, എട്ടു മണിക്കൂര്‍ പോലും ജോലി ചെയ്യാത്ത ഇവര്‍ ആവര്‍ത്തിക്കുന്നു. പത്തും പന്ത്രണ്ടും മണിക്കൂറുകള്‍ ജോലി ചെയ്യുന്നവരാണ് ഭൂരിപക്ഷവും എന്നതു വിസ്മരിക്കുന്നു. എന്നിട്ടും ആഘോഷങ്ങള്‍ തുടര്‍ന്നു കൊണ്ടേയിരിക്കുന്നു.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: The Critic | Tags: , , , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply