തീവ്രവാദം, ഭീകരവാദം യഥാര്‍ഥ ഗുണഭോക്താക്കളാര്?

ജനാധിപത്യബോധവും പൗരാവകാശങ്ങളും രൂപമെടുത്ത് ശൂന്യതയില്‍ നിന്നായിരുന്നില്ല. മറിച്ച് തീക്ഷ്ണമായ അവകാശ സമരങ്ങളുടെ ഫലമായിരുന്നു. ഭരണകൂടത്തെ വിമര്‍ശിക്കാന്‍ സാധിക്കുന്ന സാമൂഹിക സാഹചര്യത്തെയാണ് നാം ജനാധിപത്യമെന്ന് വിളിക്കുന്നത്. അതല്ലാത്തൊരു സാഹചര്യം ഫാഷിസത്തിന്റേതാണ്. അതുകൊണ്ട് ഭരണകൂടത്തെ ചോദ്യം ചെയ്യാനും വിമര്‍ശിക്കാനുമുള്ള ഒരു പൊതുയിടത്തെ വികസിപ്പിച്ചു കൊണ്ടു മാത്രമേ മനുഷ്യാവകാശങ്ങളെക്കുറിച്ചുള്ള നിറമുള്ള സ്വപ്നങ്ങള്‍ നമുക്ക് നെയ്‌തെടുക്കാനാവൂ.

ജനാധിപത്യത്തെക്കുറിച്ചും മനുഷ്യാവകാശങ്ങളെക്കുറിച്ചുമുള്ള മുഴുവന്‍ സ്വപ്നങ്ങളെയും ഹനിച്ചു കളയുന്ന ഭരണകൂട ഇടപെടലുകള്‍ വ്യാപകമാവുന്ന ഒരു കാലത്താണ് ഇന്ത്യ എത്തിപ്പെട്ടിരിക്കുന്നത്. ഭരണകൂടത്തിന്റെ പരമാധികാരത്തില്‍ നിന്ന് പൗരന്‍മാര്‍ എന്ന നിലയില്‍ ആരും മുക്തരല്ലെന്ന തിരിച്ചറിവാണ് മനുഷ്യാവകാശങ്ങളെക്കുറിച്ച പുതിയ സംവാദങ്ങളെ സാധ്യമാക്കുന്നത്. രൂപത്തിലും ഭാവത്തിലും ജനാധിപത്യമെന്ന് കരുതിപ്പിക്കുന്ന ആധുനിക ഭരണകൂട സംവിധാനങ്ങളെല്ലാം ഇന്ന് നിവര്‍ന്നു നില്‍ക്കുന്നത് ജനജീവിതങ്ങളെ ഞെരിച്ചുടക്കുന്ന അധികാരമുഷ്ടിയുടെ ബലത്തിലാണ്. ജനാധിപത്യം വാഴുന്നു എന്ന് കരുതപ്പെടുന്ന രാജ്യങ്ങളിലെല്ലാം ഇത്തരമൊരു സ്ഥിതിവിശേഷം നിലനില്‍ക്കുന്നുണ്ട്. പൗരസമൂഹത്തിന്റെ നിയമപരവും ഭരണഘടനാപരവുമായ അവകാശങ്ങള്‍ ഔപചാരികമായി നിലനില്‍ക്കുമ്പോള്‍ തന്നെ സൂക്ഷ്മതലത്തില്‍ അവ ഇല്ലാതാകുന്ന വൈരുധ്യം ആധുനിക ജനാധിപത്യ രാഷ്ട്രങ്ങളില്‍ ഇന്ന് പ്രകടമാണ്. ഇന്ത്യയടക്കമുള്ള ജനാധിപത്യ രാഷ്ട്രങ്ങളും ഇതില്‍ നിന്ന് മുക്തമല്ല. ഇന്ത്യയിലെ മനുഷ്യാവകാശങ്ങളുടെ ഭാവിയെന്ത് എന്ന അത്യന്തം പ്രസക്തമായ ചോദ്യം തന്നെയാണ് പൗരന്‍മാര്‍ എന്ന നിലയില്‍ നമ്മെ ഉത്തരം മുട്ടിക്കുന്നത്. ജനങ്ങള്‍ ഭരണകൂടത്തെ സ്‌നേഹിക്കാന്‍ മാത്രം വിധിക്കപ്പെട്ടവരാണെന്നും സര്‍ക്കാറിനുനേരെ അവര്‍ വിമര്‍ശനമോ എതിര്‍പ്പോ പ്രകടിപ്പിക്കാന്‍ പാടില്ലെന്നുമുള്ള കൊളോണിയല്‍ യുക്തിയാണ് ഇന്ത്യയെപ്പോലൊരു ജനാധിപത്യ രാഷ്ട്രത്തിലും നിലനില്‍ക്കുന്നത്. സര്‍ക്കാറുകളെ സര്‍ഗാത്മകമായി വിമര്‍ശിക്കാനും വിസമ്മതം രേഖപ്പെടുത്താനുമുള്ള പൗരന്‍മാരുടെ സ്വാതന്ത്ര്യത്തെ ഇത്തരം പൊതുബോധങ്ങളും ഉഗ്രശാസനകളും പരിമിതപ്പെടുത്തുകയാണ് ചെയ്യുന്നത്. രാജ്യമെന്നാല്‍ ഭരണകൂടവും ഭരണകൂടമെന്നാല്‍ രാജ്യവും എന്നതാണ് ഇതിലൂടെ നിരന്തരം പ്രക്ഷേപണം ചെയ്യപ്പെടുന്നത്. ഇന്ത്യയെന്നാല്‍ ഇന്ദിരയെന്നും ഇന്ദിരയെന്നാല്‍ ഇന്ത്യയെന്നും ഒരു കാലത്ത് മുഴങ്ങിയ വിളംബരം ഇതിന്റെ തന്നെ ഭാഗമായിരുന്നു. ഇന്ത്യയെന്ന ഉടലായി നരേന്ദ്ര മോദി മാറുകയും മോദി വിമര്‍ശകര്‍ ആ ശരീരത്തില്‍ നിന്നും വെട്ടിമാറ്റപ്പെട്ട അവയവങ്ങളായി തീരുകയും ചെയ്യുന്ന പുതിയ സ്ഥിതിവിശേഷം അതിന്റെ ഏറ്റവും ഭീകരമായ തുടര്‍ച്ചയാണ്. മോദി ജയിക്കുമ്പോള്‍ ഇന്ത്യ ജയിച്ചു എന്ന് പറയുമ്പോഴും മോദിയെ വിമര്‍ശിക്കുന്നവര്‍ പാക്കിസ്ഥാനിലേക്ക് പോകട്ടെ എന്ന് പറയുമ്പോഴും ഇവിടെ രാജ്യം മോദിയാവുകയാണ്. രാജ്യവും ഭരണകൂടവും ഒന്നാണെന്ന അന്ധവിശ്വാസം തൊണ്ട തൊടാതെ വിഴുങ്ങുമ്പോഴാണ് ഭരണകൂടം ആസൂത്രണം ചെയ്യുന്ന ഭീകരാക്രമണങ്ങളും തീവ്രവാദവേട്ടയും രാജ്യത്തിന്റെ പൊതുതാല്‍പര്യമാകുന്നത്. യു.എ.പി.എ എന്ന ഭീകരനിയമം അടിച്ചേല്‍പിക്കപ്പെട്ട് തുറന്ന ജയിലില്‍ കഴിയാന്‍ വിധിക്കപ്പെട്ട അബ്ദുന്നാസിര്‍ മഅദനിയും ജയിലറകളില്‍ ഇപ്പോഴും ജീവിതം ഹോമിച്ചു തീര്‍ക്കുന്ന എണ്ണമറ്റ തടവുകാരും ഈ യുക്തിയില്ലായ്മയുടെ ജീവിച്ചിരിക്കുന്ന രക്തസാക്ഷികളാണ്.
ഭരണകൂടത്തിന്റെ വികസന കാഴ്ചപ്പാടുകളും വികസന താല്‍പര്യങ്ങളും എപ്പോഴും രാജ്യത്തിന്റെ വികസനമായാണ് കൊട്ടിഘോഷിക്കപ്പെടാറുള്ളത്. അതിലൂടെ ജനവിരുദ്ധ വികസനത്തിന് എതിരു നില്‍ക്കുന്നവര്‍ വികസന വിരോധികള്‍ മാത്രമല്ല രാജ്യദ്രോഹികളുമായിത്തീരുന്നു. ഭരണകൂടത്തിനെതിരായുള്ള ജനങ്ങളുടെ ചോദ്യം ചെയ്യലുകളും അതിന്റെ ഭാഗമായി രൂപപ്പെടുന്ന ജനകീയ സമരങ്ങളും രാജ്യവിരുദ്ധമെന്ന പേരില്‍ എപ്പോഴും അടിച്ചമര്‍ത്തപ്പെട്ടുകൊണ്ടിരിക്കുന്നു. വംശം, ജാതി, വര്‍ണം, വര്‍ഗം, ഭാഷ തുടങ്ങി പല അടരുകളിലൂടെ രൂപപ്പെട്ടുവരുന്ന മുന്‍വിധികളിലൂടെയാണ് ഭരണകൂടം രാജ്യത്തിനകത്തുള്ള അതിന്റെ ശത്രുക്കളെ പടച്ചുണ്ടാക്കുന്നത്. മുസ്ലിം, ദലിത്, ആദിവാസി, സ്ത്രീകള്‍, ജനകീയ സമര നേതാക്കളടക്കം ഇന്ത്യന്‍ ദേശീയതയുടെ ഭൂപടത്തില്‍ നിന്ന് ചരിത്രപരമായി തെറിച്ചു നില്‍ക്കുന്നവര്‍ ഈ ഭരണകൂട വേട്ടയുടെ പ്രഹരശേഷി കൂടുതല്‍ അനുഭവിക്കാന്‍ വിധിക്കപ്പെട്ടവരാണ്. അഥവാ, ജനങ്ങളുടെ ജീവിച്ചിരിക്കാനുള്ള അവകാശം ഭരണകൂടത്തിന്റെ ഔദാര്യമാകുന്ന സ്ഥിതിവിശേഷമാണ് ഇന്ത്യയിലുള്ളത്; സ്റ്റേറ്റിന്റെ കൃപാവായ്പില്‍ മാത്രം ന്യൂനപക്ഷമടക്കമുള്ള പൗരന്‍മാര്‍ കഴിഞ്ഞുകൂടേണ്ടി വരുന്ന ഒരവസ്ഥ. പൗരാവകാശങ്ങളെ തെല്ലും പരിഗണിക്കാത്ത, ന്യൂനപക്ഷ അവകാശങ്ങളുടെ ധ്വംസനം ഹോബിയായി കൊണ്ടു നടക്കുന്ന ഫാഷിസ്റ്റ് ഭരണകൂടത്തിന്റെ അധികാരവാഴ്ച രാജ്യത്തെ കൂടുതല്‍ ഭീതിതമായ അവസ്ഥയിലേക്ക് കൊണ്ടെത്തിച്ചിരിക്കുന്നു. രാജ്യസുരക്ഷയും പൊതു നന്‍മയും ലക്ഷ്യംവെച്ചുള്ള നിയമനിര്‍മാണം അഭികാമ്യമാണെന്ന കാര്യത്തില്‍ ആര്‍ക്കും രണ്ടഭിപ്രായമില്ല. എന്നാല്‍, രാജ്യസുരക്ഷക്കെന്ന് പ്രചരണം നടത്തി പാര്‍ലമെന്റും നിയമസഭകളും പാസാക്കിയെടുക്കുന്ന പല നിയമങ്ങളും ന്യൂനപക്ഷ വിരുദ്ധവും പൗരാവകാശങ്ങള്‍ ലംഘിക്കുന്നവയുമാണ്. രാജ്യത്തിനു മേലുള്ള ഭരണകൂടത്തിന്റെ അമിതാധികാരത്തെ നിയന്ത്രിക്കാനാണ് ഭരണഘടനയും ജുഡീഷ്യറി സംവിധാനവുമെല്ലാം നിലവിലുള്ളത്. മാറിമാറി വരുന്ന തെരഞ്ഞെടുപ്പ് പ്രക്രിയയും ഭരണകൂടത്തെ നിയന്ത്രിക്കുകയാണ് ചെയ്യുന്നത്. എന്നാല്‍, ഭരണഘടനയെയും ജുഡീഷ്യറിയെയും അപ്രസക്തമാക്കിക്കൊണ്ടുള്ള ഭരണകൂട വേട്ടയാണ് രാജ്യത്ത് നടമാടുന്നത്. ഹിന്ദുത്വ ഫാഷിസത്തിന്റെ അധികാര നൈരന്തര്യത്തിനും അവരുടെ വികസനതാല്‍പര്യങ്ങള്‍ നടപ്പാക്കുന്നതിനും പുതിയ പുതിയ ഭീകര നിയമങ്ങള്‍ സൃഷ്ടിക്കപ്പെടുന്നു. യു.എ.പി.എ, എന്‍.ഐ.എ നിയമ ഭേദഗതി ബില്ലുകളിലൂടെ സംഘ്പരിവാര്‍ ഭരണകൂടം ഇന്ത്യയില്‍ കൊണ്ടുവരുന്നത് അത്തരമൊരു കിരാത വാഴ്ചയാണ്. ജനാധിപത്യത്തിന്റെ ഏറ്റവും എല്ലുറപ്പുള്ള ശബ്ദം എന്ന് വിശേഷിപ്പിക്കപ്പെടുന്ന വിവരാവകാശ നിയമം (ആര്‍.ടി.ഐ) ഭേദഗതി വരുത്താനുള്ള സംഘ്പരിവാര്‍ ഭരണകൂടത്തിന്റെ ശ്രമവും അതിന്റെ തന്നെ തുടര്‍ച്ചയാണ്.

ഡ്രാകോണിയന്‍ നിയമങ്ങളുടെ നാള്‍വഴികള്‍

1857 ല്‍ ഇന്ത്യയില്‍ നടന്ന ഒന്നാം സ്വാതന്ത്ര്യസമരത്തെ അടിച്ചമര്‍ത്തുന്നതിന്റെ ഭാഗമായിക്കൊണ്ടാണ് ഇന്ത്യയില്‍ ഭീകരനിയമങ്ങള്‍ നിലവില്‍ വരുന്നത്. ഇന്ത്യന്‍ പൗരന്‍മാരെ അടിച്ചൊതുക്കി ഇവിടത്തെ പ്രകൃതി വിഭവങ്ങളും പൊതുസമ്പത്തും കൊള്ളയടിക്കുന്നതിന് വേണ്ടി ബ്രിട്ടീഷുകാര്‍ പടച്ചെടുത്തതായിരുന്നു ഈ നിയമങ്ങള്‍. 1857 മുതല്‍ 1947 വരെയുള്ള 90 വര്‍ഷക്കാലം നീണ്ടുനിന്ന ഈ കൊളോണിയല്‍ നിയമങ്ങള്‍ സ്വാതന്ത്ര്യാനന്തരം റദ്ദ് ചെയ്യപ്പെടേണ്ടതായിരുന്നു. പക്ഷേ, സംഭവിച്ചത് മറിച്ചാണ്. ഇന്ത്യയെ പോലുള്ള ജനാധിപത്യ രാജ്യത്തിനനുയോജ്യവും കാലോചിതവുമായ നിയമങ്ങള്‍ രൂപപ്പെടുത്തിയെടുക്കുന്നതിന് പകരം ഭരണകൂടങ്ങള്‍ ചെയ്തത് അതിനേക്കാള്‍ ഭീകര നിയമങ്ങള്‍ ചുട്ടെടുത്തു എന്നതാണ്. പ്രിവന്റീവ് ഡിറ്റക്ഷന്‍ ആക്ട്, ഡിഫന്‍സ് ഓഫ് ഇന്ത്യന്‍ റൂള്‍സ്, എസ്മ, ടാഡ, പോട്ട, അഫ്‌സ്പ, യു.എ.പി.എ തുടങ്ങിയവ അതില്‍ ചിലത് മാത്രം.
ഇന്ത്യയില്‍ ഡ്രാകോണിയന്‍ നിയമങ്ങള്‍ക്കെതിരായ പോരാട്ടങ്ങള്‍ക്ക് തുടക്കം കുറിച്ചത് മഹാത്മാഗാന്ധിയാണ്. സാമ്രാജ്യത്വ വിരുദ്ധ പോരാട്ടത്തിന്റെ ഭാഗമായി തന്നെയാണ് ഈ നിയമങ്ങള്‍ക്കെതിരെയും അദ്ദേഹം നിലകൊണ്ടത്. ബ്രിട്ടീഷ് കൊളോണിയല്‍ വാഴ്ചയുടെ കാലത്തു തന്നെ ‘124 എ വകുപ്പ് ‘ രാജ്യദ്രോഹ കുറ്റത്തിന്റെ പേരില്‍ സ്വാതന്ത്ര്യ സമര നേതാക്കള്‍ക്കു നേരെ ചാര്‍ത്തപ്പെട്ടിരുന്നു. ഗാന്ധിജി ഈ കിരാത നിയമത്തെ ‘പൗരസ്വാതന്ത്ര്യം അടിച്ചമര്‍ത്താനായി ആവിഷ്‌കരിച്ച ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ രാജകുമാരന്‍ ‘ എന്നാണ് വിശേഷിപ്പിച്ചത്.
1922ല്‍ ‘യങ് ഇന്ത്യ’ യില്‍ വന്ന ഗാന്ധിജിയുടെ മൂന്ന് ലേഖനങ്ങളുടെ പേരില്‍ അദ്ദേഹത്തെയും പത്രത്തിന്റെ പബ്ലിഷര്‍ ശങ്കര്‍ ലാല്‍ ബാങ്കറിനെയും രാജ്യദ്രോഹക്കുറ്റം ചുമത്തി ബ്രിട്ടീഷ് ഭരണകൂടം തടവിലിടുകയുണ്ടായി. ഇതുമായി ബന്ധപ്പെട്ട് ഗാന്ധിജി പിന്നീട് പ്രസ്താവിച്ചു:
”നിയമംകൊണ്ട് സൃഷ്ടിക്കാവുന്നതോ നിയന്ത്രിക്കാവുന്നതോ അല്ല ദേശസ്‌നേഹം. ഒരാള്‍ക്ക് മറ്റൊരാളോട് സ്‌നേഹമില്ലെങ്കില്‍ തന്റെ നീരസം പ്രകടിപ്പിക്കാന്‍ അയാള്‍ക്ക് പൂര്‍ണ സ്വാതന്ത്ര്യം നല്‍കണം. ദേശദ്രോഹ നിയമത്തിനു കീഴില്‍ ചാര്‍ജ് ചെയ്യപ്പെട്ട ചില കേസുകള്‍ ഞാന്‍ പരിശോധിച്ചു. ഇന്ത്യ കണ്ട വലിയ രാജ്യസ്‌നേഹികള്‍ ദേശദ്രോഹികളായി തുറുങ്കിലിലടക്കപ്പെട്ടിരിക്കുന്നു. അവരിലൊരാളായി, ഇതേ നിയമത്തിനു കീഴില്‍ ജയിലിലടക്കപ്പെട്ടത് എന്റെ ഭാഗ്യമായി കരുതുന്നു.’
ഗാന്ധിജി സാമ്രാജ്യത്വ അധിനിവേശത്തിന്റെ ഭാഗമായി കണ്ട ഈ ഭീകര നിയമം ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന് ശേഷവും രാജ്യത്തു നിന്ന് എടുത്തു നീക്കപ്പെട്ടില്ല. 1951 ല്‍ പാര്‍ലമെന്റില്‍ നടന്ന ചര്‍ച്ചയില്‍ പങ്കെടുത്ത് 124 എ വകുപ്പിനെക്കുറിച്ച് അന്നത്തെ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു പറഞ്ഞു:
‘ എന്റെ അഭിപ്രായത്തില്‍ ഈ വകുപ്പ് അങ്ങേയറ്റം എതിര്‍ക്കപ്പെടേണ്ടതും നിന്ദ്യവുമാണ്. നാം പാസാക്കുന്ന ഒരു നിയമത്തിലും ഇതിന് സ്ഥാനം ലഭിക്കരുത്.’
ബ്രിട്ടീഷ് കൊളോണിയലിസത്തിന്റെ ബീഭല്‍സതയെ ഓര്‍മപ്പെടുത്തുന്ന ഈ ഡ്രാകോണിയന്‍ ആക്ട് രാജ്യത്തിന്റെ നിയമ വ്യവസ്ഥയില്‍ ഉണ്ടാവരുതെന്ന് ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ശഠിച്ചിട്ടും പക്ഷേ അതിന്നും ഇന്ത്യന്‍ ശിക്ഷാ നിയമത്തിന്റെ ഭാഗമായി തുടരുന്നു. ഏറ്റവുമവസാനം അതിപ്പോള്‍ യു.എ.പി.എ ഭേദഗതിയുടെ പ്രച്ഛന്ന വേഷവുമണിഞ്ഞ് ജനജീവിതത്തെ വെല്ലുവിളിച്ചു കൊണ്ടിരിക്കുന്നു

യു.എ.പി.എ: വിവേചന ഭീകരതയുടെ തലവാചകം

മുസ്ലിം, ദലിത്, ആദിവാസി സമൂഹത്തിനെതിരെ ഇന്ത്യയില്‍ ശക്തിയാര്‍ജിക്കുന്ന വിവേചന ഭീകരതയുടെ വ്യാപ്തി നമ്മെ ബോധ്യപ്പെടുത്തുകയാണ് യു.എ.പി.എ. ന്യൂനപക്ഷ വിഭാഗത്തെ സവിശേഷമായി ഉന്നം വെച്ചുകൊണ്ടാണ് യു.എ.പി.എ പടച്ചെടുക്കപ്പെട്ടതെന്നതിന് യാതൊരു സംശയവുമില്ല. ജാമിഅ മില്ലിയ ടീച്ചേഴ്‌സ് സോളിഡാരിറ്റി ആസോസിയേഷന്‍ രാജ്യത്തുടനീളം രജിസ്റ്റര്‍ ചെയ്യപ്പെട്ട യു.എ.പി.എ കേസുകളെക്കുറിച്ച പoനം നടത്തിയപ്പോള്‍ ഭീകരവാദ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടാത്ത മധ്യപ്രദേശിലെ ഓരോ ജില്ലയില്‍ പോലും എണ്ണമറ്റ മുസ്ലിം യുവാക്കള്‍ യു.എ.പി.എ കേസില്‍ അറസ്റ്റ് ചെയ്യപ്പെട്ടത് കണ്ടെത്തുകയുണ്ടായി. നിയമത്തിന്റെ എല്ലാ നൈതികതക്കും എതിരാണ് യു.എ.പി.എ. ഏതൊരാളെയും ഭീകരവാദിയാക്കാനും അനന്തകാലം അവരെ ജയിലില്‍ തളച്ചിടാനും യു.എ.പി.എ കാരണമാകുന്നു. അന്വേഷണ ഉദ്യോഗസ്ഥരുടെ സ്വാര്‍ഥതാല്‍പര്യങ്ങള്‍ക്കു വേണ്ടി നിയമങ്ങള്‍ വളച്ചൊടിക്കുമ്പോഴായിരുന്നു മുമ്പ് നീതി നിഷേധങ്ങള്‍ സംഭവിച്ചിരുന്നത്. എന്നാല്‍, യു.എ.പി.എ, അഫ്‌സ്പ പോലുള്ള ഭീകര നിയമങ്ങള്‍ അതിന്റെ നിര്‍മാണ ഘടനയില്‍ തന്നെ ജനവിരുദ്ധവും ന്യൂനപക്ഷവിരുദ്ധവുമാണ്. അതാകട്ടെ എന്‍.ഐ.എക്കും പോലീസിനും പരിധിവിട്ട അധികാരം നല്‍കുകയും നിരപരാധികള്‍ക്കുമേല്‍ കുറ്റം ചുമത്താന്‍ അവസരം നല്‍കുകയും ചെയ്യുന്നു. ഭരണകൂടം നോട്ടമിടുന്ന ഏതൊരു വ്യക്തിയെയും സംഘടനയെയും തടവിലിടാവുന്ന അവസ്ഥയാണ് യു.എ.പി.എയിലൂടെ വന്നു ചേരുന്നത്. ചാര്‍ജ്ഷീറ്റ് എന്ന പേരില്‍ ഒരു കടലാസ് കോടതിയില്‍ സമര്‍പ്പിച്ചാല്‍ പ്രതിക്ക് ജാമ്യം പോലും നിഷേധിക്കപ്പെടുന്ന ഗുരുതരമായ അവസ്ഥ. തീവ്രവാദ വേട്ടയുടെ പേരില്‍ ഭരണകൂട ഏജന്‍സികള്‍ ദൈനംദിനം മുസ്ലിം ന്യൂനപക്ഷത്തെ വേട്ടയാടിക്കൊണ്ടിരിക്കുകയാണ്. ആയിരക്കണക്കിന് മുസ്ലിം ചെറുപ്പക്കാരാണ് തീവ്രവാദികള്‍ എന്ന പേരില്‍ വിചാരണത്തടവുകാരായി ഇന്ത്യന്‍ ജയിലറകള്‍ക്കുള്ളിലുളളത്. നാഷനല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ കണക്കു പ്രകാരം രാജ്യത്തെ മൊത്തം തടവുകാര്‍ 3,85,135 ആണ്. ഇതില്‍ വിചാരണത്തടവുകാരുടെ എണ്ണം ഏകദേശം 2,54, 857 വരും. രാജ്യത്തെ മൊത്തം ജയിലുകളിലെ 62 ശതമാനം വരുന്ന ഈ വിചാരണത്തടവുകാരില്‍ 21 ശതമാനം മുസ്ലിംകളാണ്. ഇന്ത്യയിലെ ആകെ ജനസംഖ്യയില്‍ 13 ശതമാനം മാത്രമാണ് മുസ്ലിംകള്‍. എന്നാല്‍, ജനസംഖ്യാനുപാതികമായി ജയിലിലുള്ള മുസ്ലിംകളുടെ എണ്ണം ഭൂരിപക്ഷ സമുദായത്തില്‍ പെട്ടവരുടെ ഇരട്ടിയോളമാണ്.
വിചാരണ നടപടികള്‍ അനിശ്ചിതമായി നീണ്ടുപോകുന്നു, പോലീസ് സമയബന്ധിതമായി കേസന്വേഷണം പൂര്‍ത്തിയാക്കുന്നില്ല, മതിയായ അഭിഭാഷകരില്ല, തടവുകാര്‍ക്ക് കേസ് നടത്താനുള്ള സാമ്പത്തിക ശേഷിയില്ല എന്നിവയെല്ലാമാണ് ഇതിന്റെ കാരണമായി പറയപ്പെടുന്നത്. എന്നാല്‍, ഇതിനെയെല്ലാം കവച്ചു വെക്കുംവിധമുള്ള ഉദ്യോഗസ്ഥ തലങ്ങളിലെ സവര്‍ണ ഫാഷിസ്റ്റ് മനോഭാവമാണ് യഥാര്‍ഥ പ്രശ്‌നം. പോലീസും അന്വേഷണ സംവിധാനങ്ങളും തങ്ങളോട് വിവേചന മനസ്സോടെ പെരുമാറുന്നുവെന്ന ന്യൂനപക്ഷ സംഘടനകളുടെ പ്രസ്താവനകളെ ശരിവെക്കുന്നതുമാണ് നാഷണല്‍ ക്രൈം റെക്കോര്‍ഡ് ബ്യൂറോയുടെ കണക്ക്. രാജ്യത്ത് ഇവ്വിഷയകമായി ബന്ധപ്പെട്ട് അന്വേഷണം വേണമെന്ന ന്യൂനപക്ഷങ്ങളുടെ ആവശ്യം ഇന്നെവരെ ഒരു സര്‍ക്കാറും പരിഗണിച്ചിട്ടില്ല. രാജ്യത്തു യരുന്ന എതിര്‍ശബ്ദങ്ങളെ ഞെരിച്ചമര്‍ത്താനുള്ള മാര്‍ഗമായി വിചാരണത്തടവിനെ ഭരണകൂടങ്ങള്‍ ഉപയോഗപ്പെടുത്തുന്ന സാഹചര്യത്തിലാണ് ശിക്ഷാ കാലയളവിന്റെ പകുതിയെങ്കിലും അനുഭവിച്ചവരെ വിട്ടയക്കണമെന്നുള്ള സുപ്രീംകോടതി വിധി നിര്‍ണായകമാകുന്നത്. ‘ജയിലല്ല, ജാമ്യമാണ് നിയമം’ എന്ന സുപ്രീംകോടതിയുടെ പ്രസക്തമായ വിധി നിലനില്‍ക്കുമ്പോള്‍ തന്നെയാണ് മുസ്ലിം ന്യൂനപക്ഷത്തിനു നേര്‍ക്കുള്ള പക്ഷപാതപരമായ ഭരണകൂട ഇടപെടലുകള്‍ നടന്നുകൊണ്ടിരിക്കുന്നത്.പുരോഗമന കേരളമെന്നും സാക്ഷര കേരളമെന്നുമുള്ള സ്തുതിഗീതങ്ങള്‍ നിലനില്‍ക്കുന്ന കേരത്തിലും സ്ഥിതി ഇതില്‍ നിന്ന് വിഭിന്നമല്ല എന്ന് കാണാന്‍ കഴിയും. യു.എ.പി.എ ഏറ്റവുമധികം വിധ്വംസകമായി പ്രയോഗിക്കപ്പെട്ട സംസ്ഥാനമാണ് കേരളം. ഇടത്-വലത് മുന്നണികളാരും ഇതിന്റെ നടത്തിപ്പില്‍ പുറകിലല്ല. ടാഡയും പോട്ടയും ഉപയോഗിക്കുന്നതില്‍ കേരളത്തിലെ ഇരുമുന്നണികളും ഒരു കാലത്ത് സൂക്ഷ്മത പാലിച്ചിരുന്നു. എന്നാല്‍, യു.എ.പി.എ കേരളത്തില്‍ ശക്തമായി നടപ്പിലാക്കിയതും പാനായിക്കുളം കേസില്‍ എന്‍.ഐ.എ യെ കേരളത്തിലേക്ക് ആദ്യമായി ഇറക്കുമതി ചെയ്തതും കേസ് ഏല്‍പിച്ച് കൊടുത്തതും അച്യുതാനന്ദന്‍ സര്‍ക്കാറിന്റെ കാലത്ത് ആഭ്യന്തര മന്ത്രിയായിരുന്ന കോടിയരി ബാലകൃഷ്ണനായിരുന്നു. പിന്നീട് വന്ന ഉമ്മന്‍ ചാണ്ടി സര്‍ക്കാരും ഇതേ താവഴി തന്നെ സ്വീകരിച്ചു. പാനായിക്കുളം കേസില്‍ പ്രതി ചേര്‍ക്കപ്പെട്ടവര്‍ പിന്നീട് നിരപരാധികളാണെന്ന് തെളിയുകയും കേസ് കെട്ടിച്ചമച്ചതാണെന്ന് വിധി പ്രഖ്യാപിക്കപ്പെടുകയും ചെയ്തു. പിണറായി സര്‍ക്കാറിന്റെ ഭരണത്തിലുണ്ടായ നിരന്തരമായ യു.എ.പി.എ യുടെ ഉപയോഗത്തില്‍ വ്യാപകമായ എതിര്‍പ്പുയര്‍ന്നപ്പോള്‍ 162 കേസുകള്‍ പുനപരിശോധിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഇതില്‍ പിണറായി സര്‍ക്കാറിന്റെ കാലത്തെ 26 കേസുകളില്‍ 25 ഉം നില നില്‍ക്കുന്നതല്ല എന്നും വേറേ 17 കേസും നിലനില്‍ക്കുന്നതല്ലയെന്നും ലോക്നാഥ് ബെഹ്റയുടെ നേതൃത്വത്തിലുള്ള കമ്മിറ്റി കണ്ടെത്തിയിരുന്നു.
1967ല്‍ പ്രാബല്യത്തില്‍ വന്ന യു.എ.പി.എ നിരവധി തവണ ഭേദഗതി ചെയ്യപ്പെട്ടാണ് കൂടുതല്‍ വന്യപ്രകൃതത്തോടു കൂടി ഇപ്പോള്‍ നിലയുറപ്പിച്ചിട്ടുള്ളത്. ടാഡയെയും പോട്ടയെയുമെല്ലാം വെല്ലുന്ന അതിഭീകര നിയമമായി അത് മാറിയിരിക്കുന്നു. ബ്രിട്ടീഷ് കൊളോണിയലിസം ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തെയും അതിന്റെ നേതാക്കളെയും അടിച്ചമര്‍ത്താനായി 1908 ല്‍ നടപ്പില്‍ വരുത്തിയ ക്രിമിനല്‍ ലോ അമെന്റ്‌മെന്റ് ആക്ടിന്റെ (സി.എല്‍.എ ) ഏറ്റവും പുതിയ ഹിംസാത്മകമായ രൂപമാണിത്. 1908 ലെ പ്രാഗ് രൂപമായ സി.എല്‍.എ ഉപയോഗിച്ച് ബ്രിട്ടീഷ് ഭരണകൂടം ഇന്ത്യയിലെ വിവിധ സംഘടനകളെ നിരോധിച്ചിട്ടുണ്ട്. ഭരണഘടനയുടെ അടിസ്ഥാന തത്ത്വങ്ങള്‍ക്ക് നിരക്കാത്ത നിയമങ്ങള്‍ പാര്‍ലമെന്റും നിയമസഭകളും നിര്‍മിക്കാന്‍ പാടില്ലയെന്നും അത്തരം നിയമങ്ങളുണ്ടായാല്‍ അവ അസാധുവാണെന്നുമുള്ള ഭരണഘടന ഖണ്ഡിക 13 അനുശാസനം നിലനില്‍ക്കുമ്പോള്‍ തന്നെയായിരുന്നു സി.എല്‍.എ എന്ന ഈ പഴയ വീഞ്ഞ് ഭരണഘടന ഭേദഗതിയിലൂടെ 1967ല്‍ യു.എ.പി.എ എന്ന പേരില്‍ പുതിയ കുപ്പിയില്‍ അവതരിപ്പിക്കപ്പെട്ടത്. സംഘടനകളെ നിരോധിക്കാന്‍ സി.എല്‍.എ ആക്ടിലുണ്ടായിരുന്ന വകുപ്പുകള്‍ കൂടി ഉള്‍കൊള്ളിച്ചുകൊണ്ടാണ് യു.എ.പി.എ പ്രാബല്യത്തില്‍ വരുന്നത്. യു.എ.പി.എയിലെ പ്രസ്തുത വകുപ്പ് ഉപയോഗിച്ചു കൊണ്ടാണ് സര്‍ക്കാര്‍ പില്‍ക്കാലത്ത് ആര്‍.എസ്.എസ്, ജമാഅത്തെ ഇസ്ലാമി, ഐ.എസ്.എസ് മുതലായ സംഘടനകളെയെല്ലാം നിരോധിക്കുന്നത്. 2004ലും 2008ലും 2012ലുമുണ്ടായ ഭേദഗതികള്‍ക്ക് ശേഷം സമീപ ദിവസങ്ങളിലുണ്ടായ ഭേദഗതിയിലൂടെ സംഘടനയെക്കാളുപരി വ്യക്തികളെ ടാര്‍ജറ്റ് ചെയ്യുന്ന ഭരണകൂട ഭീകരതയുടെ മൂര്‍ച്ചയേറിയ ആയുധമായി അത് മാറിയിരിക്കുന്നു.
1984 ല്‍ നിലവില്‍വന്ന ടാഡ മനുഷ്യാവകാശ – പൗരാവകാശ പോരാട്ടങ്ങളുടെ ഭാഗമായി 1995 ല്‍ എടുത്തു നീക്കപ്പെടുകയുണ്ടായി. 2001 ലെ അമേരിക്കയിലെ പെന്റഗണ്‍ തകര്‍ച്ചക്ക് ശേഷം 2002 ല്‍ പോട്ട എന്ന പേരില്‍ ടാഡക്ക് രൂപംമാറ്റം സംഭവിച്ചു. ഭരണകൂടങ്ങളുടെ നെറികെട്ട പോട്ട പ്രയോഗം പൗരജീവിതം ദുസ്സഹമാക്കിയപ്പോള്‍ ജനവികാരം കണക്കിലെടുത്ത് അധികാരികള്‍ക്ക് പോട്ടയും എടുത്തു നീക്കേണ്ടി വന്നു. എന്നാല്‍, അതിനേക്കാള്‍ ഭീകരമായ നീരാളിക്കരങ്ങളുള്ള ഒന്നായി യു.എ.പി.എ ഇപ്പോള്‍ തല്‍സ്ഥാനത്ത് കയറിപറ്റിയിരിക്കുന്നു.

 

 

 

 

 

 

 

 

യു.എ.പി.എ: ആരും വിശുദ്ധപശു ചമയേണ്ടതില്ല

യു.എ.പി.എ 2004ലും 2008ലും 2012ലുമെല്ലാം ഭേദഗതി ചെയ്യപ്പെടുമ്പോള്‍ രാജ്യത്തിന്റെ അധികാരസ്ഥാനം കൈയാളിയിരുന്നത് കോണ്‍ഗ്രസ് പാര്‍ട്ടിയായിരുന്നു. 1967ല്‍ യു.എ.പി.എ നിലവില്‍ വരുമ്പോള്‍ ശക്തമായ പ്രതിപക്ഷ സ്വരങ്ങള്‍ ഇന്ത്യന്‍ പാര്‍ലമെന്റില്‍ മുഴങ്ങിയിരുന്നു. 2004 ലെ ഭേദഗതി സന്ദര്‍ഭത്തില്‍ നാമമാത്രശബ്ദമായി അത് ഒതുങ്ങി. 2004 ല്‍ രൂപപ്പെട്ട ഒരന്താരാഷ്ട്ര കരുനീക്കത്തിന്റെ ഭാഗമായിക്കൊണ്ടായിരുന്നു ഈ നിയമം ഭേദഗതി ചെയ്യപ്പെട്ടത്. 2001 ല്‍ അമേരിക്കയില്‍ ഇരട്ട ഗോപുരം ആക്രമിക്കപ്പെട്ടപ്പോള്‍ യു.എന്‍ സെക്യൂരിറ്റി കൗണ്‍സില്‍ പുറപ്പെടുവിച്ച നിര്‍ദേശമനുസരിച്ചാണ് ഇന്ത്യയില്‍ ഇത് പൊടി തട്ടിയെടുക്കുന്നത്. അഥവാ, ഭീകരവാദത്തെ അമര്‍ച്ച ചെയ്യാന്‍ എല്ലാ രാഷ്ട്രങ്ങളും നിയമങ്ങളുണ്ടാക്കണമെന്ന അമേരിക്കന്‍ ശാസന ക്കനുസരിച്ചാണ് ഇന്ത്യയില്‍ യു.എ.പി.എ തട്ടിക്കൂട്ടപ്പെടുന്നത്. അമേരിക്ക നേതൃത്വം നല്‍കുന്ന ഇസ്ലാമോഫോബിയയെ ശക്തിപ്പെടുത്താന്‍ കൂടിയായിരുന്നു ഇന്ത്യയില്‍ ഈ നിയമം ഭേദഗതിയിലൂടെ പ്രാബല്യത്തില്‍ വരുന്നത്. 2008 ലെ മുംബൈ ഭീകരാക്രമണ പശ്ചാത്തലത്തിലാണ് യു.പി.എ സര്‍ക്കാര്‍ യു.എ.പി.എ ഭേദഗതിയുമായി വീണ്ടും ഭീകരവേട്ടക്കിറങ്ങുന്നത്. ‘ഭീകരതക്കെതിരെ ആരുണ്ട് ‘ എന്ന ചോദ്യം കോണ്‍ഗ്രസ് ഉയര്‍ത്തുകയും യാതൊരു വിമതസ്വരവുമില്ലാതെ ഇടതുപക്ഷവും മുസ്ലിം ലീഗും മറ്റു മതേതര പാര്‍ട്ടികളുമെല്ലാം ഏകോപിച്ച് കൈയടിച്ച് പാസാക്കുകയുമായിരുന്നു അന്നാ ഭേദഗതി. 2012 ല്‍ തീവ്രവാദത്തിനും ഭീകരവാദത്തിനുമെതിരെ എന്ന രൂപേണ യു.എ.പി.എ നിയമങ്ങളെ കൂടുതല്‍ കര്‍ക്കശമാക്കിയും എന്‍.സി.ടി.സി, എന്‍.ഐ.എ മുതലായ അന്വേഷണ ഏജന്‍സികള്‍ക്ക് അമിതാധികാരം നല്‍കിക്കൊണ്ടുമുള്ള ഭേദഗതി യു.പി.എ ഗവണ്‍മെന്റ് വീണ്ടും നടപ്പില്‍ വരുത്തി. പ്രസ്തുത ഭേദഗതിയിലൂടെ സംഘടന കളുടെ നിരോധന കാലയളവ് രണ്ട് വര്‍ഷമുണ്ടായിരുന്നത് അഞ്ച് വര്‍ഷമാക്കി വികസിപ്പിച്ചു. സംഘടനകള്‍ പണം സ്വരൂപിക്കുന്നതും ആയുധം ശേഖരിക്കുന്നതുമെല്ലാം ഭീകരപ്രവര്‍ത്തനത്തിന് വേണ്ടിയാണോ എന്ന് വ്യാഖ്യാനിക്കാനും തീരുമാനിക്കുവാനുമുള്ള അമിതാധികാരം ഭരണകൂടത്തിന് പതിച്ച് നല്‍കുകയും ചെയ്തു. ഈ നിയമഭേദഗതി പ്രകാരം ഇന്ത്യയില്‍ നാല്‍പതോളം സംഘടനകള്‍ നിരോധിക്കപ്പെട്ടിട്ടുണ്ട്. ഒരൊറ്റ ഹിന്ദുത്വ സംഘടന പോലും സമാനതരത്തില്‍ നിരോധിക്കപ്പെട്ടിട്ടില്ല എന്നത് വിചിത്രകരമായ യാഥാര്‍ഥ്യമായും നിലനില്‍ക്കുന്നു.
ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് നേതൃത്വം നല്‍കിയ യു.പി.എ ഗവണ്‍മെന്റ് നടപ്പാക്കിയതും ഇടതു-വലതു മതേതര പാര്‍ട്ടികള്‍ പിന്താങ്ങിയതുമായ യു.എ.പി എ ആക്ടിന് ഹിന്ദുത്വ ഫാഷിസത്തിന്റെ അധികാരത്തുടര്‍ച്ചയുടെ അനുകൂല അന്തരീക്ഷത്തില്‍ ഒന്നുകൂടി ഊക്ക് കൂടിയിരിക്കുന്നു എന്ന് മാത്രം. ‘ഭീകരതക്കെതിരെ ആരുണ്ട് ‘ എന്ന് കോണ്‍ഗ്രസ് ഉയര്‍ത്തിയ ചോദ്യം കൂടുതല്‍ മൂര്‍ച്ചയോടെ ‘ഭീകരവാദികളോടൊപ്പം ആരുണ്ട് ‘ എന്ന് അമിത്ഷാ തിരിച്ചിട്ടപ്പോള്‍ കോണ്‍ഗ്രസിനും മുസ്ലിംലീഗിനുമെല്ലാം അസ്ഥാനത്തിടം പിടിച്ച ആ ചോദ്യചിഹ്നത്തിന് നേര്‍ക്ക് ഉത്തരം മുട്ടിപ്പോയി എന്നതാണ് യാഥാര്‍ഥ്യം.
പോലീസിന് തന്നിഷ്ട പ്രകാരം പ്രവര്‍ത്തിക്കാനാവുന്ന വിധം കുറുക്കുവഴികള്‍ യു.എ.പി.എയില്‍ നേരത്തെ നിലവിലുണ്ട്. പോലീസ് തയ്യാറാക്കുന്ന തിരക്കഥയനുസരിച്ചുള്ള കേസ്ഡയറി പരിശോധിച്ച് ആദ്യനോട്ടത്തില്‍ തന്നെ പ്രതി കുറ്റം ചെയ്തിട്ടുണ്ടെന്ന് കോടതിക്ക് തോന്നിയാല്‍ അറസ്റ്റ് ചെയ്യപ്പെട്ടവര്‍ക്ക് ജാമ്യം നല്‍കേണ്ടതില്ല. ക്രിമിനല്‍ നടപടിക്രമമനുസരിച്ച് 15 ദിവസത്തേക്ക് എന്ന നിലയിലുള്ള തടങ്കല്‍ യു.എ.പി.എ പ്രകാരം 30 ദിവസമായി നീളും. ക്രിമിനല്‍ നടപടി പ്രകാരമുള്ള അധിക തടവാകട്ടെ 30 ദിവസമാണെങ്കില്‍ യു.എ.പി.എ പ്രകാരം 90 ദിവസമാണ്. ഇത്തരത്തില്‍ ആറ് മാസം വരെ ജാമ്യമില്ലാതെയും വിചാരണയില്ലാതെയും കസ്റ്റഡി ഇല്ലാതെയും നീട്ടി കൊണ്ട് പോകാം. അഥവാ, ജാമ്യമാണ് അവകാശം എന്ന മനുഷ്യ പക്ഷത്തുനിന്നുള്ള വിധിയെ ഈ നിയമം അംഗീകരിക്കുന്നില്ല. അതുകാരണം കുറ്റാരോപിതര്‍ വര്‍ഷങ്ങളോളം ജയിലില്‍ നരകജീവിതം നയിക്കേണ്ടി വരുന്നു. യു. എ.പി.എ പ്രകാരം അറസ്റ്റ് ചെയ്യപ്പെടുന്ന വ്യക്തിയുടെ വിചാരണ എത്രനാള്‍ വേണമെങ്കിലും നീട്ടികൊണ്ടു പോകാം. കോടതിയില്‍ അവരെ നേരിട്ട് ഹാജറാക്കണമെന്നു പോലുമില്ല.വീഡിയോ കോണ്‍ഫറന്‍സിലൂടെ ജുഡീഷ്യല്‍ കസ്റ്റഡി രേഖപ്പെടുത്തിയാല്‍ മതി. തീവ്രവാദപ്പേരു പറഞ്ഞ് ഏത് വ്യക്തിയെയും സംഘടനയെയും ഭീകരവാദ പട്ടികയില്‍ പെടുത്താനും അവരുടെ സമ്പത്തും സ്ഥാപനങ്ങളും കണ്ടുകെട്ടാനും യു.എ.പി.എ പ്രകാരം സാധിക്കും.
യു.എ.പി.എ വിവേചനരഹിതമായി നടപ്പാക്കപ്പെടുന്നു എന്നാണ് കേരളത്തിലെ കോണ്‍ഗ്രസ് എം.പിമാര്‍ വലിയ വിമര്‍ശനമായി പാര്‍ലമെന്റില്‍ ഉന്നയിച്ചിട്ടുണ്ടായിരുന്നത്. എന്നാല്‍, യു.എ.പി.എ ദുരുപയോഗം ചെയ്യപ്പെടുന്നു എന്നതല്ല ആ നിയമം തന്നെ നിയമനിര്‍മ്മാണത്തിന്റെ ദുരുപയോഗമാണ് എന്നതാണ് മൗലിക പ്രശ്‌നം. അഥവാ, നിരപരാധിയായ ഒരാളെ പ്രതിയാക്കി നിയമനടപടി സ്വീകരിക്കാന്‍ ഭരണകൂടത്തിന് സാധിക്കുന്ന വിധത്തിലാണ് ഈ നിയമം നിര്‍മിക്കപ്പെട്ടിരിക്കുന്നത്. ഭീകരവാദിയായി ആരോപിക്കപ്പെടുന്ന വ്യക്തി പ്രതിയാക്കപ്പെടുന്നതോടെ കുറ്റാരോപണം തെറ്റാണെന്നു തെളിയിക്കാനുള്ള ബാധ്യത അയാളുടേത് മാത്രമായിത്തീരുന്നു. ടാഡ, പോട്ട നിയമങ്ങളില്‍ പ്രസ്തുത നിയമത്തിന്റെ ഉപയോഗത്തെക്കുറിച്ച് പരിശോധിക്കാനുള്ള വ്യവസ്ഥയുണ്ടായിരുന്നു. എന്നാല്‍, യു.എ.പി.എയില്‍ അത്തരം വ്യവസ്ഥയോ അതിനുള്ള സാധ്യതകളോ ഇല്ല. യു. എ.പി.എ പ്രകാരമുള്ള കേസുകള്‍ അന്വേഷിക്കുന്നത് കേന്ദ്ര സര്‍ക്കാറിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന പൗരാവകാശ ധ്വംസനത്തിന് കുപ്രസിദ്ധിയാര്‍ജിച്ച എന്‍.ഐ.എ ഏജന്‍സിയാണ്. എന്‍. ഐ.എക്ക് കൂടുതല്‍ അധികാരം നല്‍കുന്നു എന്നതാണ് യു.എ.പി.എയുടെ ഏറ്റവും പുതിയ ഭേദഗതിയിലൂടെ സംജാതമായിരിക്കുന്നത്.
എന്‍.ഐ.എ യുടെ പരിധിയില്‍ വരുന്ന കുറ്റകൃത്യങ്ങളുടെ പട്ടികയില്‍ പുതിയ ഭേദഗതി പ്രകാരം മാറ്റം വന്നിരിക്കുന്നു. പുതിയതായി ഉള്‍പ്പെടുത്തിയ ഈ കുറ്റകൃത്യങ്ങളടക്കം അന്വേഷിക്കുന്ന എന്‍.ഐ.എ ഉദ്യോഗസ്ഥര്‍ക്ക് പോലീസ് ഉദ്യോഗസ്ഥരുടെ അധികാരവും അധികാര പരിധിയും നല്‍കുക, പുറമെ കേസുകളുടെ വിചാരണക്കായി നിലവിലുള്ള കോടതികള്‍ക്കപ്പുറമുള്ള കോടതികള്‍ രൂപീകരിക്കാനുള്ള അവകാശവും നല്‍കുക എന്നിവയാണ് പുതിയ ഭേദഗതി വഴി ഉണ്ടാകുന്ന മാറ്റങ്ങള്‍. മനുഷ്യക്കടത്ത്, കള്ളനോട്ട് നിര്‍മാണം, നിരോധിത ആയുധങ്ങളുടെ നിര്‍മാണവും വില്‍പനയും, സൈബര്‍ ഭീകരവാദം, 1908 ലെ സ്ഫോടന വസ്തുക്കളുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങള്‍ എന്നിവയാണ് പുതിയതായി പട്ടികയില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്ന കുറ്റകൃത്യങ്ങള്‍. എന്‍.ഐ.എ ക്ക് നല്‍കപ്പെടുന്ന ഈ അമിതാധികാരങ്ങള്‍ ന്യൂനപക്ഷങ്ങളടക്കമുള്ള പൗരസമൂഹത്തിന്റെ സ്വസ്ഥജീവിതത്തിലാണ് അസ്വസ്ഥ സൃഷ്ടിക്കാന്‍ പോകുന്നത്.

തീവ്രവാദം, ഭീകരവാദം ഗുണഭോക്താക്കള്‍ ആര്?

ഇതിനിടയിലും വെളിച്ചത്ത് വരേണ്ട മറ്റൊരു യാഥാര്‍ഥ്യം തീവ്രവാദത്തെയും ഭീകരതയെയും കുറിച്ചുള്ള നേരറിവുകളാണ്. എന്താണ് ഭീകരവാദം എന്ന ചോദ്യത്തിന് സാധാരണ ലഭ്യമാകാറുള്ള മറുപടി ഭരണഘടനാനുസൃതമായി നിലനില്‍ക്കുന്ന ഒരു ഭരണകൂടത്തെ അതിന്റെ നിയമങ്ങള്‍ക്ക് വിരുദ്ധമായി അട്ടിമറിക്കാനുള്ള ശ്രമം എന്നതാണ്. ഹിംസയും കൊള്ളയുമെല്ലാം അതിലന്തര്‍ലീനമായിരിക്കും. എന്നാല്‍, സമീപകാലത്ത് ഇന്ത്യയില്‍ അരങ്ങേറുന്ന തീവ്രവാദ ങ്ങളുടെ ഉള്ളടക്കം പരിശോധിച്ചാല്‍ ചില ദുരൂഹതകളും പ്രഹേളികളും നിലനില്‍ക്കുന്നതായി കാണാം. രാജ്യത്തിനകത്ത് തീവ്രവാദമില്ലായെന്നോ ഭീകരവാദമില്ലായെന്നോ ഒറ്റവാക്കില്‍ ആരും തീര്‍പ്പുകല്‍പിക്കുകയില്ല. എന്നാല്‍, ഒന്നാമതായി തീവ്രവാദം, ഭീകരവാദം തുടങ്ങിയ പദാവലികളെ മുന്‍നിര്‍ത്തിയുള്ള ഏതൊരു വായനയും ഭരണകൂടത്തെയും പ്രതിസ്ഥാനത്ത് നിര്‍ത്തി കൊണ്ടു മാത്രമേ നമുക്ക് സാധ്യമാവുകയുള്ളൂ.
ഭരണകൂടം നോട്ടമിട്ട വിചാരണത്തടവുകാരില്‍ പലരും ഏറ്റുമുട്ടല്‍ കൊലപാതകങ്ങളിലൂടെ ഉന്മൂലനം ചെയ്യപ്പെടുന്നതിന്റെ ദൃശ്യങ്ങള്‍ ഇന്ത്യയില്‍ ഇന്ന് വ്യാപകമാണ്. രാജ്യസുരക്ഷ, രാജ്യസ്നേഹം, വിദേശ ഇടപെടല്‍ തുടങ്ങിയ അതിവൈകാരിക പദങ്ങളിലൂടെയാണ് ഇത്തരം മനുഷ്യക്കുരുതികളെ ഭരണകൂടം ന്യായീകരിക്കുന്നത്. ഏറ്റവും വലിയ ബഹുസ്വര ജനാധിപത്യ രാഷ്ട്രമായ ഇന്ത്യയിലെ കശ്മീരിലും മഹാരാഷ്ട്രയിലും ആന്ധയിലും ഗുജറാത്തിലും മധ്യപ്രദേശിലുമെല്ലാം ഏറ്റുമുട്ടല്‍ കൊലപാതകങ്ങള്‍ ഇന്ന് സാമൂഹിക ജീവിതത്തിന്റെ ഭാഗമായി കഴിഞ്ഞിരിക്കുന്നു. ഭരണകൂടത്തിന് അനഭിമതരാകുന്നവര്‍ ഏറ്റുമുട്ടല്‍ കൊലപാതകങ്ങളിലൂടെ തുടച്ചുനീക്കപ്പെടുന്നതിന്റെ വിവരണമാണ് വിജയലക്ഷ്മിയുടെ ‘ഊഴം’ എന്ന കവിത. ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്രമോദിയെ വധിക്കാന്‍ വന്നവര്‍ എന്ന് മുദ്രചാര്‍ത്തി കോളേജ് വിദ്യാര്‍ഥിനി ഇശ്റത്ത് ജഹാന്‍, മലയാളിയായ പ്രാണേഷ് കുമാര്‍ എന്ന ജാവേദ് ശൈഖ് എന്നിവരടങ്ങുന്ന നാലുപേരെ ഗുജറാത്ത് പോലീസ് കൊലപ്പെടുത്തിയ പശ്ചാത്തലത്തിലായിരുന്നു മലയാളത്തിന്റെ ക്രാന്തദര്‍ശിയായ എഴുത്തുകാരി ‘ഊഴം’ എഴുതിയത്. ഭരണകൂടം മുന്‍കൂട്ടി തയ്യാറാക്കിയ ഏറ്റുമുട്ടല്‍ തിരക്കഥയുടെ ഭാഗമായിരുന്നു ആ കൊലപാതങ്ങള്‍. അത്തരം ഹതഭാഗ്യരുടെ നിലവിളികള്‍ ഇന്ത്യയില്‍ ഇന്നും തുടരുന്നുണ്ടെന്നാണ് ഏറ്റവും പുതിയ ഭോപ്പാല്‍, ഹരിയാന വെടിമുഴക്കങ്ങള്‍ തെളിയിക്കുന്നത്.
തീവ്രവാദത്തെയും ഭീകരവാദത്തെയും കുറിച്ചുള്ള ഭരണകൂട ഭാഷ്യങ്ങളോട് മറുവാദങ്ങളുന്നയിക്കാന്‍ പാടില്ലാത്ത അവസ്ഥയും ഇന്ത്യയില്‍ നിലനില്‍ക്കുന്നുണ്ട്. അത്തരത്തിലുള്ള ഏതൊരു ശ്രമവും ദേശവിരുദ്ധമായി ചിത്രീകരിക്കാന്‍ ഭരണകൂടത്തിന് സാധിക്കുന്നു. അതുകൊണ്ടുതന്നെ തീവ്രവാദത്തിലെ രക്തച്ചൊരിച്ചിലുകളെ വിമര്‍ശിക്കുന്ന പൊതുസമൂഹം രാഷ്ട്രസുരക്ഷയുടെ പേരുപറഞ്ഞ് നടത്തുന്ന കൂട്ടക്കൊലകളെ ന്യായീകരിക്കുകയും ചെയ്യുന്നു. ഭരണകൂടം സ്പോണ്‍സര്‍ചെയ്യുന്ന രാജ്യസ്നേഹത്തില്‍ പെട്ടുപോകുമ്പോഴാണ് ഇത്തരം വൈരുധ്യങ്ങള്‍ സംഭവിക്കുന്നത്. മുഖ്യമായും ഭരണകൂടവും ഭരണകൂടത്തിന്റെ ഭൗതിക സാമഗ്രികളും (പോലീസ്, പട്ടാളം, അന്വേഷണ ഏജന്‍സികള്‍) ദേശസ്നേഹത്തിന്റെ മകുടോദാഹരണങ്ങളാവുകയും തീവ്രവാദികളും ഭീകരവാദികളും ദേശവിരുദ്ധതയുടെ പ്രതീകങ്ങളാവുകയും ചെയ്യുന്ന അതീവലളിതമായ വര്‍ഗീകരണ യുക്തിയാണ് നമ്മുടെ പൊതുബോധത്തിനുള്ളത്. എന്നാല്‍, ഭരണകൂടം തന്നെ ഹിംസാത്മക പരിവേഷമണിയുകയും ഭരണകൂട സാമഗ്രികള്‍ കൂട്ടക്കൊലകളുടെ ഫാക്ടറിയാവുകയും ചെയ്യുന്ന സമകാലീന ‘ജനാധിപത്യ’ അന്തരീക്ഷത്തില്‍ മുന്‍വിധികളില്ലാതെ തീവ്രവാദമെന്ന പരികല്‍പ്പനയെ സമീപിക്കുക സാധ്യമല്ല. അത്തരം മുന്‍വിധികളോടെയുള്ള ഏതൊരു വിശകലന ശ്രമവും തീവ്രവാദമെന്ന വാക്കിനോടും പ്രയോഗത്തോടും വിയോജിക്കുന്നതുപോലെ തന്നെ അതിനെ കറവപ്പശുവാക്കുന്ന രാഷ്ട്രീയ – സാമൂഹിക സാമഗ്രികളോടും ഇടയുന്നതായിരിക്കും.
ഭരണകൂടത്തിന്റെ അക്രമണോല്‍സുകമായ പരമാധികാരത്തെ എങ്ങനെ അതിജീവിക്കാം എന്ന ആലോചനയാണ് വര്‍ത്തമാനകാലത്ത് ഓരോ ജനാധിപത്യവാദിയും നടത്തേണ്ടത്. മനുഷ്യാവകാശങ്ങളെക്കുറിച്ചുള്ള മൗലികമായ യാഥാര്‍ഥ്യം, നമ്മള്‍ അലസരാകുന്ന നിമിഷത്തില്‍ തന്നെ നമ്മുടെ സ്വാതന്ത്ര്യവും അവകാശങ്ങളും കവര്‍ന്നെടുക്കപ്പെടും എന്നതാണ്. സമൂഹത്തില്‍ ഇന്ന് ഏതെങ്കിലും തരത്തില്‍ നീതിയും മനുഷ്യാവകാശങ്ങളും നിലനില്‍ക്കുന്നുണ്ടെങ്കില്‍ അത് ആ സമൂഹത്തിന്റെ ജാഗ്രത ഒന്നുകൊണ്ട് മാത്രമാണ്. ജനാധിപത്യബോധവും പൗരാവകാശങ്ങളും രൂപമെടുത്ത് ശൂന്യതയില്‍ നിന്നായിരുന്നില്ല. മറിച്ച് തീക്ഷ്ണമായ അവകാശ സമരങ്ങളുടെ ഫലമായിരുന്നു. ഭരണകൂടത്തെ വിമര്‍ശിക്കാന്‍ സാധിക്കുന്ന സാമൂഹിക സാഹചര്യത്തെയാണ് നാം ജനാധിപത്യമെന്ന് വിളിക്കുന്നത്. അതല്ലാത്തൊരു സാഹചര്യം ഫാഷിസത്തിന്റേതാണ്. അതുകൊണ്ട് ഭരണകൂടത്തെ ചോദ്യം ചെയ്യാനും വിമര്‍ശിക്കാനുമുള്ള ഒരു പൊതുയിടത്തെ വികസിപ്പിച്ചു കൊണ്ടു മാത്രമേ മനുഷ്യാവകാശങ്ങളെക്കുറിച്ചുള്ള നിറമുള്ള സ്വപ്നങ്ങള്‍ നമുക്ക് നെയ്‌തെടുക്കാനാവൂ.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പത്തു വര്‍ഷം പൂര്‍ത്തിയാക്കിയിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2023 - 24 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: National | Tags: | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply