വനിതാദിനവും സ്ഥാപനവല്‍ക്കരിക്കപ്പെടുമ്പോള്‍

മുഖ്യധാരാരാഷ്ട്രീയപ്രസ്ഥാനങ്ങളുടെ നിലപാടും പരിശോധനാവിഷയമാക്കേണ്ടതാണ്. മേല്‍ സൂചിപ്പിച്ച ഈ പോരാട്ടങ്ങളില്‍ മിക്കവയോടും നമ്മുടെ കക്ഷിരാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ സ്വീകരിച്ചത് നിഷേധാത്മക നിലപാടാണ്. അതിപ്പോഴും തുടരുന്നു. അതിനേക്കാള്‍ ഗൗരവ പരമായ പ്രശ്നം ഈ പ്രസ്ഥാനങ്ങളിലെ സ്ത്രീകളുടെ അവസ്ഥയാണ്. അതേറെക്കുറെ സഭയിലേയും സിനിമാമേഖലയിലേയും മറ്റും അവസ്ഥക്ക് സമാനമാണ്. എന്നാല്‍ നടികളും കന്യാസ്ത്രീകളും കാണിച്ച ആര്‍ജ്ജവം പോലും പാര്‍ട്ടി വനിതകള്‍ കാണിക്കാത്തത് അത്ഭുതകരമാണ്. നമ്മുടെ പ്രസ്ഥാനങ്ങളിലെ പുരുഷാധിപത്യത്തിന്റെ രൂക്ഷതയാണ് വെളിവാക്കുന്നത്. മമതയേയോ ജയലളിതയേയോ മായാവതിയേയോ സുഷമാ സ്വരാജിനേയോ വൃന്ദാ കാരാട്ടിനേയോ പോലെയുള്ളവര്‍ പോകട്ടെ, രണ്ടാംനിര നേതൃത്വമായി പോലും സ്ത്രീകള്‍ ഉയര്‍ന്നു വരുന്നതിനെ ഇവരാരെങ്കിലും അംഗീകരിക്കുമോ? വനിതാസംവരണത്തെ കുറിച്ച് ഘോരഘോരം പ്രസംഗിക്കുമ്പോഴും പാര്‍ട്ടിക്കുള്ളില്‍ അതു നടപ്പാക്കാന്‍ ഇവരാരും തയ്യാറല്ല. ഒരു വനിതാ മുഖ്യമന്ത്രി എന്നാണുണ്ടാകുക?

ഏറെ ആഘോഷമായി ഒരു വനിതാ ദിനം കൂടി കടന്നു പോയി. ജീവിതത്തി ന്റെ വിവിധ മേഖലകളില്‍ പോരാടി വിജയിച്ച സ്ത്രീകളെ പരിചയപ്പെടുത്തുകയും അതിലൂടെ മുന്നോട്ടുള്ള പ്രയാണത്തിന് സ്ത്രീകള്‍ക്ക് പ്രചോദനം നല്‍കുകയുമാണ് വനിതാ ദിനവുമായി ബന്ധപ്പെട്ട് മാധ്യമങ്ങള്‍ പ്രധാനമായും ചെയ്തത്. ഒപ്പം ഇന്നും വിവിധ മേഖലകളില്‍ സ്ത്രീകള്‍ നേരിടുന്ന വിവേചനത്തിന്റെയും ചൂഷണത്തിന്റെയും വാര്‍ത്തകളും പുറത്തു കൊണ്ടുവന്നു. സര്‍ക്കാരും പല ഭരണകൂട സ്ഥാപനങ്ങളും നിരവധി സ്ത്രീ സൗഹൃദ പരിപാടികള്‍ പ്രഖ്യാപിച്ചും നടപ്പാക്കിയും വനിതാ ദിനം ആഘോഷിച്ചു. കുടുംബശ്രീകളുടേയും മറ്റു വനിതാ സംഘടനകളുടേയും നേതൃത്വത്തിലും വൈവിധ്യമാര്‍ന്ന പരിപാടികള്‍ നടന്നു.

തീര്‍ച്ചയായും ഇതെല്ലാം സ്വാഗതാര്‍ഹം തന്നെ. ഒരു കാലത്ത് ഫെമിനിസ്റ്റ് ഗ്രൂപ്പുകളും സമാന്തര സംഘടനകളും മാത്രം ഉയര്‍ത്തി പിടിച്ചിരുന്ന വനിതാ ദിനം ഔദ്യോഗികവും ജനകീയവുമാകുന്നതില്‍ തെറ്റൊന്നുമില്ല. എന്നാല്‍ അതിലൂടെ വനിതാ ദിനത്തിന്റെ യഥാര്‍ത്ഥ സ്പിരിട്ടും പോരാട്ട വീര്യവും രാഷ്ട്രീയം നഷ്ടപ്പെടുകയാണെന്നു പറയാതെ വയ്യ. അല്ലെങ്കില്‍ ഈ വനിതാ ദിനത്തെ ഷാഹിന്‍ ബാഗിലെ പൊരുതുന്ന സ്ത്രീകള്‍ക്ക് സമര്‍പ്പിക്കാന്‍ ആരെങ്കിലുമൊക്കെ തയ്യാറാകുമായിരുന്നു. എന്നാല്‍ അതുണ്ടായില്ലല്ലോ. എന്തും സ്ഥാപനവല്‍ക്കരിക്കുമ്പോള്‍ സംഭവിക്കുന്നത് തന്നെ. പരിസ്ഥിതി ദിനത്തിനും അതാണല്ലോ സംഭവിച്ചത്. സാമൂഹ്യ നീതി വകുപ്പ് ജീവനക്കാരോട് കസവുസാരി ഉടുത്തു വരാന്‍ ആവശ്യപ്പെട്ടതും വനിതാ ദിനാഘോഷത്തിന്റെ ഭാഗമായി പലയിടത്തും കൈക്കൊട്ടി കളിയും മറ്റും സംഘടിപ്പിച്ചതും ഈ സ്ഥാപനവല്‍ക്കരണത്തിന്റെ ഭാഗമാണല്ലോ. മുകളില്‍ പറഞ്ഞ പോലെ ജീവിത വിജയം കൈവരിച്ച പലരേയും പരിചയപ്പെടുത്തിയെങ്കിലും വനിതാ ദിനത്തിന്റെ രാഷ്ട്രീയം ഉള്‍ക്കൊണ്ട് കേരളത്തില്‍ രൂപം കൊണ്ട ഫെമിനിസ്റ്റ് രാഷ്ട്രീയത്തിന്റെ വളര്‍ച്ചയെ പുതുതലമുറക്ക് പരിചയപ്പെടുത്താന്‍ കാര്യമായി ആരും ശ്രമിച്ചില്ല. അതിനുള്ള ശ്രമമാണ് ഈ കുറിപ്പ്.

നവോത്ഥാനകാലഘട്ടം എന്നു പൊതുവില്‍ വിശേഷിപ്പിക്കപ്പെടുന്ന കാലത്ത് കേരളത്തില്‍ നിരവധി സ്ത്രീമുന്നേറ്റങ്ങള്‍ ഉണ്ടായിട്ടുണ്ട്. ശബരിമല വിവാദവുമായി ബന്ധപ്പെട്ട് അക്കാലത്തെ സ്ത്രീമുന്നേറ്റങ്ങളെ കുറിച്ച് ഏറെ ചര്‍ച്ചകളും നടന്നു. അതേസമയം സ്ത്രീവിമോചനം എന്ന ആശയം അസന്നിഗ്ധമായി പ്രഖ്യാപിച്ച് കേരളത്തില്‍ ഫെമിനിസ്റ്റ് പ്രസ്ഥാനങ്ങള്‍ രൂപപ്പെടുന്നത് 1980കളിലാണ്. പല രാഷ്ട്രീയപ്രസ്ഥാനങ്ങള്‍ക്കും സ്ത്രീവിഭാഗങ്ങള്‍ ഉണ്ടായിരുന്നെങ്കിലും അവയെല്ലാം മറ്റു പല സംഘടനകളേയും പോലെ പാര്‍ട്ടികളുടെ പോഷകസംഘടനകളായിരുന്നു. സ്ത്രീകളുടെ തനതായ പ്രസ്ഥാനം വര്‍ഗ്ഗസമരത്തെ തുരങ്കം വെക്കുമെന്നായിരുന്നു ഇടതുപക്ഷ നിലപാട്. ഇതില്‍ നിന്ന് വ്യത്യസ്ഥമായി ആദ്യമായി രൂപം കൊണ്ട സ്ത്രീസംഘടന മാനുഷിയായിരുന്നു. പട്ടാമ്പി ഗവ കോളേജിലെ അധ്യാപികയായിരുന്ന സാറാ ജോസഫിന്റെ നേതൃത്വത്തില്‍ ഏതാനും അധ്യാപികമാരും വിദ്യാര്‍ത്ഥിനികളുമാണ് സംഘടനക്ക് രൂപം കൊടുത്തത്. കെ വേണുവിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിച്ചിരുന്ന സി ആര്‍ സി സി പി ഐ എം എല്ലും യുജനവിഭാഗമായിരുന്ന കേരളീയയുവജനവേദിയും മാനുഷി രൂപീകരണത്തിലും ആദ്യകാലപ്രവര്‍ത്തനങ്ങളിലും പങ്കാളികളായിരുന്നു. വര്‍ഗ്ഗസമരത്തിലൂടെ പരിഹരിക്കാവുന്ന ഒന്നല്ല ജാതിവിവേചനവും ലിംഗവിവേചനവും എന്ന തിരിച്ചറിവാണ് പരമ്പരാഗത കമ്യൂണിസ്റ്റ് പാര്‍ട്ടികളില്‍ നിന്ന് വ്യത്യസ്ഥമായി സ്വതന്ത്ര സ്ത്രീ – ദളിത് സംഘടനകളുടെ അസ്തിത്വം അംഗീകരിക്കാന്‍ പാര്‍ട്ടിക്കു പ്രേരകമായത്.

തൃശൂര്‍ ജില്ലയിലെ മായന്നൂരില്‍ സ്വത്തുതര്‍ക്കത്തിന്റെ പേരില്‍ ഊരുവിലക്ക് കല്‍പ്പിക്കപ്പെട്ട ബാലാമണിയുടെ വിഷയത്തിലിടപെട്ട് നടത്തിയ പോരാട്ടങ്ങളായിരുന്നു മാനുഷി ആദ്യമിടപെട്ട സംഭവമെന്നു പറയാം. തുടര്‍ന്ന് തൃശൂര്‍ – പാലക്കാട് – മലപ്പുറം ജില്ലകളിലെ നിരവധി സ്ത്രീപീഡന സംഭവങ്ങളിലും സ്ത്രീകള്‍ നേരിടുന്ന പൊതുവിഷയങ്ങളിലും മാനുഷി സജീവമായി ഇടപെട്ടു. തങ്കമണിയില്‍ പോലീസ് നടത്തിയ കൂട്ടബലാല്‍സംഗവിഷയം ഒരു ഉദാഹരണം. മറുവശത്ത് തെരുവുനാടകം പോലുള്ള ആവിഷ്‌കാരങ്ങളും ആശയപ്രചരണത്തിനായി ഉപയോഗിച്ചു. തൃശൂരിലെ ലാലൂര്‍ മലിനീകരണ വിരുദ്ധ സമരത്തിലും മറ്റും സംഘടന സജീവമായിയിരുന്നു. പിന്നീട് സംഘടനക്കുള്ളിലെ ഭിന്നതകളെ തുടര്‍ന്ന് സാറാ ജോസഫിന്റെ നേതൃത്വത്തില്‍ തന്നെ മാനവി എന്ന സംഘടന രൂപീകരിച്ചു. ഇരു സംഘടനകളും കുറെകാലം കൂടി സജീവമായി രംഗത്തുണ്ടായിരുന്നു.

ഏകദേശം ഇക്കാലഘട്ടത്തില്‍തന്നെ കോഴിക്കോട് ബോധന, തൃശൂരില്‍ ചേതന, തിരുവനന്തപുരത്ത് പ്രചോദന തുടങ്ങിയ സ്ത്രീസംഘടനകളും രൂപം കൊണ്ടിരുന്നു. കോഴിക്കോട് വനിതാ പോലീസ് സ്‌റ്റേഷനില്‍ വെച്ച് കൊലചെയ്യപ്പെട്ട ലൈംഗികത്തൊഴിലാളിയായിരുന്ന കുഞ്ഞിബിയുടെ മരണം അന്വേഷിച്ച് കുറ്റവാളികളെ ശിക്ഷിക്കണമെന്നാവശ്യപ്പെട്ട് മനുഷ്യാവകാശ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ നടന്ന ജനകീയ സമരത്തില്‍ ബോധന സജീവമായിരുന്നു. മലപ്പുറത്ത് വേശ്യാവൃത്തി ആരോപിച്ച് 2 പെണ്‍കുട്ടികളുടെ തല മൊട്ടയടിച്ച സംഭവത്തില്‍ ഫെമിനിസ്റ്റ് ഗ്രൂപ്പുകള്‍ സജീവമായി ഇടപെട്ടു. പക്ഷെ കേരളത്തില്‍ ഫെമിനിസ്റ്റ് പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിട്ട ഈ സംഘടനകള്‍ അധികകാലം പ്രവര്‍ത്തിച്ചില്ല എങ്കിലും അതു നല്‍കിയ സന്ദേശമേറ്റെടുത്ത് പല മേഖലകൡും സ്ത്രീസംഘടനകള്‍ രൂപംകൊണ്ടു. 1990ല്‍ കോഴിക്കോട് വെച്ചു നടന്ന ഫെമിനിസ്റ്റ് സംഘടനകളുടെ അഖിലേന്ത്യാസമ്മേളനവും അതിനു പ്രചോദനമായി. ഒപ്പം സ്ത്രീകളും പുരുഷനും ഒരുമിച്ച് പ്രവര്‍ത്തിക്കുന്ന പല മേഖലകൡും സ്ത്രീവിഭാഗങ്ങളും ശക്തമായി. കോട്ടയം കുറിച്ചിയിലെ ദളിത് വിമന്‍ സൊസൈറ്റി, കുടമാളൂര്‍ സ്ത്രീപഠനകേന്ദ്രം, തിരുവനന്തപുരം കേന്ദ്രീകരിച്ച് രൂപം കൊണ്ട സേവ, സഖി, തീരദേശ മഹിളാ വേദി എന്നിവ ഉദാഹരണങ്ങള്‍. മത്സ്യത്തൊഴിലാളി മേഖല പോലുള്ളയിടങ്ങളില്‍ സ്ത്രീ ശാക്തീകരണം ശക്തമായി. മുംബൈയില്‍ നിന്ന് പ്രസിദ്ധീകരിച്ചിരുന്ന ”സംഘഗാന”വും കേരളത്തിലെ തന്നെ ”പാഠഭേദ”വും സ്ത്രീപതിപ്പുകള്‍ പ്രസിദ്ധീകരിച്ച് ഈ പ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജ്ജം പകര്‍ന്നു.

1993ല്‍ കോഴിക്കോട് അജിതയുടെ നേതൃത്വത്തില്‍ രൂപം കൊണ്ട അന്വേഷിയാണ് 25 വര്‍ഷത്തിനുശേഷവും സജീവമായി നിലനില്‍ക്കുന്ന സ്ത്രീസംഘടന. ഒരേസമയം സമരസംഘടനയായും കൗണ്‍സിലിംഗ് സെന്ററായും അന്വേഷി പ്രവര്‍ത്തിക്കുന്നു. മുസ്ലിം സ്ത്രീകള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന നിസ, കേരള സ്ത്രീവേദി, സമത, സഹജ തുടങ്ങിയ പല സംഘടനകളും ഇക്കാലഘട്ടങ്ങളില്‍ സജീവമായി. സൂര്യനെല്ലി, വിതുര പോലുള്ള പെണ്‍വാണിഭ സംഭവങ്ങളില്‍ ശക്തമായി ഇടപെടാന്‍ ഈ സംഘടനകള്‍ക്കായി. കൂടാതെ കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് പോലുള്ള സംഘടനകളും നിരവധി സ്ത്രീവിഷയങ്ങളില്‍ ഇടപെട്ടു. പിന്നീട് ലൈംഗികത്തൊഴിലാളികളും ലൈംഗിക ന്യനപക്ഷങ്ങളുമെല്ലാം സംഘടിക്കുന്നതും കേരളം കണ്ടു. അതേസമയം മുഖ്യധാരയില്‍ ഉണ്ടായ ഒരു പ്രധാന മുന്നേറ്റം ഒരുപാട് പരിമിതികളോടെയാണെങ്കിലും കുടുംബശ്രീ മാത്രമാണ്.

സാമൂഹ്യജീവിതത്തിന്റെ സമസ്ത മേഖലകൡും വിവേചനത്തിനെതിരായ സ്ത്രീപോരാട്ടങ്ങള്‍ തുടരുകയാണ്. മൂന്നാര്‍ പോരാട്ടം, ഇരിപ്പുസമരം, നഴ്‌സ് സമരം, കന്യാസ്ത്രീ സമരം, ചുംബനസമരം, വിമന്‍ ഇന്‍ സിനിമ കളക്ടീവ്, ശബരിമല സ്ത്രീ പ്രവേശനം തുടങ്ങിയവ സമീപകാല പോരാട്ടങ്ങള്‍. കൂടാതെ സംസ്ഥാനത്തുടനീളം നടക്കുന്ന ജനകീയ പോരാട്ടങ്ങളിലെ സ്ത്രീ നേതൃത്വങ്ങളും സാന്നിധ്യങ്ങളും ചെറുതല്ല താനും. കേരളത്തിലിന്നു സജീവമായ പരിസ്ഥിതി സംരക്ഷണസമരങ്ങളിലും ക്വാറികള്‍ക്കെതിരായ പോരാട്ടങ്ങളിലും വികസനത്തിന്റെ പേരില്‍ നടപ്പാക്കുന്ന അന്യായമായ കുടി യൊഴിപ്പിക്കലുകള്‍ക്കെതിരായ സമരങ്ങളിലും മുഖ്യം സ്ത്രീശക്തി തന്നെ. മത്സ്യമേഖലയിലെ അവസ്ഥയും വ്യത്യസ്ഥമല്ല. രാത്രി പിടിച്ചെടുക്കല്‍, ആര്‍ത്തവസമരം, ഹോസ്റ്റല്‍ സമരം, മി ടൂ, ഏകീകൃത സിവില്‍ കോഡ്,  ജിഷ – സൗമ്യ കൊലകളുമായി ബന്ധപ്പെട്ട പോരാ ട്ടങ്ങള്‍, പെണ്‍കൂട്ട് സമരങ്ങള്‍ … എന്നിങ്ങനെ നീളുന്നു ഈ പട്ടിക. ഇവയെല്ലാം നല്‍കുന്ന സൂചന മറ്റൊന്നല്ല, വരുംകാല കേരള ചരിത്രം രചിക്കുന്നത് സ്ത്രീകളാണ് എന്നു തന്നെയാണ്. അതാകട്ടെ ഹിസ്റ്ററിയാകില്ല, ഹേര്‍ സ്റ്റോറിയായിരിക്കും.

മുഖ്യധാരാരാഷ്ട്രീയപ്രസ്ഥാനങ്ങളുടെ ഇക്കാര്യത്തിലെ നിലപാടും പരിശോധനാവിഷയമാക്കേണ്ടതാണ്. മേല്‍ സൂചിപ്പിച്ച ഈ പോരാട്ടങ്ങളില്‍ മിക്കവയോടും നമ്മുടെ കക്ഷിരാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ സ്വീകരിച്ചത് നിഷേധാത്മക നിലപാടാണ്. അതിപ്പോഴും തുടരുന്നു. അതിനേക്കാള്‍ ഗൗരവ പരമായ പ്രശ്നം ഈ പ്രസ്ഥാനങ്ങളിലെ സ്ത്രീകളുടെ അവസ്ഥയാണ്. അതേറെക്കുറെ സഭയിലേയും സിനിമാമേഖലയിലേയും മറ്റും അവസ്ഥക്ക് സമാനമാണ്. എന്നാല്‍ നടികളും കന്യാസ്ത്രീകളും കാണിച്ച ആര്‍ജ്ജവം പോലും പാര്‍ട്ടി വനിതകള്‍ കാണിക്കാത്തത് അത്ഭുതകരമാണ്. നമ്മുടെ പ്രസ്ഥാനങ്ങളിലെ പുരുഷാധിപത്യത്തിന്റെ രൂക്ഷതയാണ് വെളിവാക്കുന്നത്. മമതയേയോ ജയലളിതയേയോ മായാവതിയേയോ സുഷമാ സ്വരാജിനേയോ വൃന്ദാ കാരാട്ടിനേയോ പോലെയുള്ളവര്‍ പോകട്ടെ, രണ്ടാംനിര നേതൃത്വമായി പോലും സ്ത്രീകള്‍ ഉയര്‍ന്നു വരുന്നതിനെ ഇവരാരെങ്കിലും അംഗീകരിക്കുമോ? വനിതാസംവരണത്തെ കുറിച്ച് ഘോരഘോരം പ്രസംഗിക്കുമ്പോഴും പാര്‍ട്ടിക്കുള്ളില്‍ അതു നടപ്പാക്കാന്‍ ഇവരാരും തയ്യാറല്ല. ഒരു വനിതാ മുഖ്യമന്ത്രി എന്നാണുണ്ടാകുക?

ഇത്തരമൊരു സാഹചര്യത്തിലാണ് ഈ വര്‍ഷവും വനിതാദിനം കടന്നുപോയത്. തീര്‍ച്ചയായും ആധുനിക സാങ്കേതിക വിദ്യയുടെയും മാധ്യമപ്രളയത്തിന്റേയും കാലഘട്ടത്തില്‍ പഴയ പോലത്തെ തെരുവുകളിലിറങ്ങിയുള്ള പ്രവര്‍ത്തനം ആവശ്യമാണോ എന്നു ചോദിക്കാം. പൊതുസമൂഹം തന്നെ വനിതാദിന സന്ദേശം ഏറ്റൈടുത്തിട്ടുണ്ടല്ലോ എന്നും പറയാം. അപ്പോഴും തുടക്കത്തില്‍ സൂചിപ്പിച്ചപോലെ വനിതാദിനത്തിന്റെ യഥാര്‍ത്ഥ അന്തസത്തയും രാഷ്ട്രീയവും സ്ഥാപനവല്‍ക്കരിക്കപ്പെടുന്നത് അംഗീകരിക്കാനാവില്ല.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Gender | Tags: , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply