വ്യാജചരിത്രകാരന്മാര്‍ താജ്മഹലിനെ ലക്ഷ്യമിടുമ്പോള്‍

2007ല്‍ ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന്റെ 60 വര്‍ഷങ്ങള്‍ തികഞ്ഞ അവസരത്തില്‍ ബി.ബി.സി. ഒരു സര്‍വേ നടത്തുകയുണ്ടായി. ഇന്ത്യ എന്ന് കേള്‍ക്കുമ്പോള്‍ ബ്രിട്ടനിലെ ജനങ്ങളുടെ മനസ്സില്‍ ആദ്യം തെളിയുന്ന രണ്ട് ചിത്രങ്ങള്‍ ഏത് എന്നതായിരുന്നു സര്‍വ്വേയിലെ ചോദ്യം. പലവിധ അഭിപ്രായങ്ങള്‍ ഉരുത്തിരിഞ്ഞുവെങ്കിലും ഏറ്റവുമധികം വോട്ട് നേടിയത് മഹാത്മാഗാന്ധിയും താജ്മഹലുമായിരുന്നു. എന്നാല്‍ ഒന്നര പതിറ്റാണ്ടുകള്‍ക്കിപ്പുറം ഏത് ഇന്ത്യക്കാരന്റെയും സ്വകാര്യ അഹങ്കാരങ്ങളായ ഈ രണ്ട് പ്രതീകങ്ങളെയും ഹിന്ദുത്വം കള്ളക്കഥകളാല്‍ കവര്‍ന്നെടുത്തിരിയ്ക്കുന്നു. താജ് മഹല്‍ ഒരിയ്ക്കല്‍ തേജോമഹാലയ എന്ന ശിവക്ഷേത്രമായിരുന്നു എന്ന ഹിന്ദുത്വയുടെ മര്‍മറിങ് ക്യാമ്പയിന്‍ ഇന്ന് ഒരു വലിയ അട്ടിമറിശ്രമമായി ശക്തിപ്രാപിച്ചിരിയ്ക്കുന്ന അവസരത്തില്‍ ഈ ലോകാത്ഭുതത്തിന്റെ യഥാര്‍ത്ഥ ചരിത്രം നമുക്കൊന്ന് പരിശോധിയ്ക്കാം.

പതിനേഴാം നൂറ്റാണ്ടില്‍ മുഗള്‍ ചക്രവര്‍ത്തിയായിരുന്ന ഷാഹ് ജഹാന്‍ തന്റെ ഭാര്യയായ മുംതാസ് മഹലിന്റെ അന്ത്യവിശ്രമത്തിനായി പണികഴിപ്പിച്ച സ്വപ്നതുല്യമായ ശവകുടീരം എന്ന നിലയില്‍ ലോകം താജ് മഹലിനെ അന്ന് മുതല്‍ക്കേ അറിയുന്നതാണ്. ഇന്ത്യയിലെ മുഗള്‍ ചരിത്രകാലത്തിന്റെ ഏറ്റവും ഉജ്ജ്വലമായ സംഭാവനയായി ആഗ്രയില്‍ യമുനാനദിയുടെ കരയില്‍ തലയുയര്‍ത്തി നില്‍ക്കുന്ന ഈ ചരിത്രസ്മാരകം പക്ഷേ ഹിന്ദുത്വവാദികളുടെ കണ്ണിലെ കരടായി മാറുകയായിരുന്നു.

800 വര്‍ഷത്തെ ഇസ്ലാമിക ഭരണത്തില്‍ ഭാരതീയ സംസ്‌കാരത്തിന് വന്‍ നഷ്ടങ്ങളല്ലാതെ ലാഭമൊന്നും ഉണ്ടായിട്ടില്ല എന്ന സംഘ് പരിവാറിന്റെ മുസ്ലിം വിരുദ്ധ ആഖ്യാനങ്ങളോട് ചേര്‍ന്ന് പോകാത്ത ഒന്നായിരുന്നു താജ് മഹലിന്റെ പ്രൗഢഗംഭീരമായ പാരമ്പര്യഗരിമ. ഇതിനാല്‍ത്തന്നെ എങ്ങനെയും താജിന്റെ മഹിതചരിത്രത്തിന് മേല്‍ ചെളിവാരിയെറിയുക എന്ന ഒരൊറ്റ ലക്ഷ്യം മാത്രം മുന്‍നിര്‍ത്തി അവരുടെ വ്യാജചരിത്രകാരന്മാരുടെ തലയില്‍ ഉദിച്ച ആശയമായിരുന്നു താജിന്റെ ഹിന്ദു ചരിത്രം എന്ന് മനസ്സിലാക്കാന്‍ തീരെ പ്രയാസമില്ല.

2014ല്‍ നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സംഘ്പരിവാര്‍ സര്‍ക്കാര്‍ അധികാരത്തിലെത്തിയതോടെ കഴിഞ്ഞ ഒരു നൂറ്റാണ്ടിലേറെയായി ഹിന്ദുത്വവാദികളുടെ മനസ്സില്‍ ഒരു കനലായി നീറികൊണ്ടിരുന്ന താജ്മഹലിനോടുള്ള അസഹിഷ്ണുതയ്ക്ക് ആളിക്കത്താന്‍ വേണ്ട ശുദ്ധവായു ലഭിയ്ക്കുകയായിരുന്നു. ഇതോടെ മുസ്ലീമുകളെ മുഗള്‍ അധിനിവേശകരുടെ സന്തതിപാരമ്പരകളായും രാജ്യസുരക്ഷയ്ക്കുള്ള ഏറ്റവും വലിയ ഭീഷണിയായും വക്രീകരിച്ചു കാണിയ്ക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ച ആര്‍.എസ്.എസ്സും പരിവാരങ്ങളും ഇന്ത്യയുടെ ഗംഭീരമായ ഇസ്ലാമിക സാംസ്‌കാരിക പാരമ്പര്യത്തെ പൂര്‍ണ്ണമായും മായ്ച്ചു കളയാനുള്ള വഴികളും കണ്ടെത്തുകയായിരുന്നു.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

ഇതിന്റെ ഭാഗമായി ആറ് അഭിഭാഷകര്‍ ചേര്‍ന്ന് താജ് മഹലിനെ ഹിന്ദു ക്ഷേത്രമായി പ്രഖ്യാപിയ്ക്കണം എന്നാവശ്യപ്പെട്ട് ആഗ്ര കോടതിയില്‍ പോയത് 2015ലാണ്. പന്ത്രണ്ടാം നൂറ്റാണ്ട് മുതല്‍ ശിവ ക്ഷേത്രം നിലനിന്ന ഭൂമി പതിനേഴാം നൂറ്റാണ്ടില്‍ രാജാ ജയ്‌സിംഗിന്റെ കൈയ്യില്‍ നിന്ന് ഷാഹ് ജഹാന്‍ ബലപ്രയോഗത്തിലൂടെ കൈയ്യടക്കുകയും ക്ഷേത്രം തകര്‍ത്ത് അവിടെ തന്റെ ഭാര്യയുടെ ശവകുടീരം നിര്‍മ്മിയ്ക്കുകയുമായിരുന്നു എന്നതായിരുന്നു ഇക്കൂട്ടരുടെ ഹര്‍ജ്ജിയില്‍ എഴുതിച്ചേര്‍ത്തിരുന്ന ‘കഥ’. ശിവലിംഗം ഉള്‍പ്പെടെ ഹിന്ദു ക്ഷേത്രത്തിലെ പല അവശിഷ്ടങ്ങളും ഒളിപ്പിച്ചിട്ടുള്ളത് താജ് മഹലിന്റെ പൂട്ടിക്കിടക്കുന്ന 22 അറകളിലാണെന്നും അതിനാല്‍ അവ തുറന്ന് പരിശോധിയ്ക്കാന്‍ കോടതി ഉത്തരവിടണമെന്നും ഹര്ജിക്കാര് ആവശ്യപ്പെട്ടു.

ഹര്‍ജി ഫയലില്‍ സ്വീകരിച്ച ശേഷം കോടതി ആര്‍ക്കിയോളോജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യയോട് (എ.എസ്.ഐ) റിപ്പോര്‍ട്ട് തേടി. എന്നാല്‍ ഹര്ജിക്കാരുടെ അവകാശവാദങ്ങളെ വെറും സാങ്കല്‍പ്പികമെന്ന് വിശേഷിപ്പിച്ച എ.എസ.ഐ. താജ് മഹലിനടിയില്‍ ഒരു കാലത്തും ഒരു ഹിന്ദു ക്ഷേത്രം നിലനിന്നതിന് ഒരു തെളിവും തങ്ങള്‍ക്ക് കിട്ടിയിട്ടില്ലെന്ന് കോടതിയില്‍ ഫയല്‍ ചെയ്ത സത്യവാങ്മൂലത്തില്‍ ഉറപ്പിച്ചു പറഞ്ഞു. സുപ്രീം കോടതിയുടെ നിര്‍ദേശപ്രകാരം അടച്ചിട്ടിട്ടുള്ള അറകള്‍ ഒഴിവാക്കി ടൂറിസ്റ്റുകള്‍ക്ക് പ്രവേശനം അനുവദിയ്ക്കുന്ന തല്‍സ്ഥിതി തുടരണമെന്നും എ.എസ.ഐ.യുടെ അഭിഭാഷകയായ അഞ്ജനി ശര്‍മ്മ കോടതിയോട് ആവശ്യപ്പെട്ടു. ഇതിന്റെ വെളിച്ചത്തില്‍ കോടതി ഹര്‍ജ്ജി തള്ളുകയും തല്ക്കാലം വിഷയത്തില്‍ ഒരു പുനരവലോകനം ആവശ്യമില്ലെന്ന് ഉത്തരവിടുകയും ചെയ്തു.

ആഗ്ര കോടതിയുടെ വിധിയെ ഹര്ജിക്കാര്‍ അലഹബാദ് ഹൈക്കോടതിയില്‍ ചോദ്യം ചെയ്തു. ഹൈക്കോടതിയില്‍ കേസ് ഒന്നുകൂടി ബലപ്പെടുത്താനായി ഹര്ജിക്കാര് തങ്ങളുടെ തിരക്കഥയ്ക്ക് ചില മിനുക്കുപണികള്‍ കൂടി നടത്തിയിരുന്നു. രാജാ ജയ്‌സിംഗിന്റെ കൈയ്യില്‍ നിന്ന് ഷാഹ് ജഹാന്‍ ബലപ്രയോഗത്തിലൂടെ സ്ഥലം കൈയടക്കുകയായിരുന്നു എന്ന വാദത്തെ മുഗള്‍ കോടതിയുടെ ഫര്‍മാന്‍ (ഉത്തരവ്) ഉള്‍പ്പെടെയുള്ള രേഖകള്‍ ഹാജരാക്കി എ.എസ്.ഐ. ആഗ്ര കോടതിയില്‍ തന്നെ പൊളിച്ചിരുന്നു. നിയമസാധുതയുള്ള ഒരു സ്ഥലമിടപാടായിരുന്നു അത് എന്ന് കോടതിയ്ക്ക് ബോധ്യപ്പെടുകയും ചെയ്തിരുന്നു. എന്നാല്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്ജിയില്‍ ഹര്ജിക്കാര് ഇടപാട് നിയമപരമെങ്കിലും ഷാഹ്ജഹാന്‍ സ്ഥലത്തിന്റെ വില നല്‍കിയിരുന്നില്ല എന്ന ഒരു ഉപകഥ തിരുകിക്കയറ്റി. മാത്രമല്ല, ഒരു ശവകുടീരം നിര്‍മ്മിയ്ക്കാന്‍ 22 വര്ഷം വേണ്ടിവന്നത് എങ്ങനെ എന്നും മുംതാസ് മഹല്‍ എന്ന പേര് വ്യാജമാണെന്നുമൊക്കെയുള്ള പരാമര്‍ശങ്ങളും അവര്‍ നടത്തി.

കേസ് പരിശോധിച്ച ഹൈക്കോടതി ഹര്ജിക്കാരെ കണക്കിന് ശകാരിയ്ക്കുകയും ചരിത്രം ചികയേണ്ടത് കോടതിയല്ല ചരിത്രകാരന്മാരും പുരാവസ്തുഗവേഷകരുമാണ് എന്ന് ഓര്‍മ്മിപ്പിയ്ക്കുകയും ചെയ്തു. പൊതുതാത്പര്യ ഹര്ജികള് ജനനന്മയ്ക്ക് വേണ്ടിയുള്ളത് ആവണമെന്നും സമൂഹത്തില്‍ അനാവശ്യ പ്രശ്‌നങ്ങള്‍ സൃഷ്ടിയ്ക്കാന്‍ അവ ഉപയോഗിയ്ക്കാന്‍ പാടില്ലെന്നും കോടതി പ്രസ്താവിച്ചു. ഹര്ജി തള്ളിയ ഹൈക്കോടതി മേലില്‍ സമാനഹര്ജികള് ഫയല്‍ ചെയ്ത് കോടതിയുടെ വിലപ്പെട്ട സമയം കളയരുതെന്നുള്ള മുന്നറിയിപ്പും നല്‍കി. ഹര്‍ജി സമര്‍പ്പിച്ച ആറ് അഭിഭാഷകരില്‍ പ്രധാന ഹര്ജിക്കാരന്‍ ബി.ജെ.പി.യുടെ നേതാവായിരുന്ന ഡോ.രജനീഷ് സിംഗ് ആയിരുന്നു എന്ന് മനസ്സിലാക്കുമ്പോഴേ ഹര്ജിയ്ക്ക് പിന്നിലെ സംഘപരിവാര്‍ വക്രത നാം തിരിച്ചറിയൂ.

ഇത്രയുമായ സ്ഥിതിയ്ക്ക് താജ് മഹല്‍ നിര്‍മ്മിയ്ക്കാന്‍ എന്ത് കൊണ്ട് 22 വര്‍ഷമെടുത്തു എന്ന ചോദ്യത്തിനുള്ള ഉത്തരവും കുറിയ്ക്കാം. യമുനാതീരത്തെ മണ്ണിന്റെ ജലാംശം നിര്‍മ്മിതിയുടെ അടിസ്ഥാനത്തെ ബലഹീനമാക്കും എന്നുള്ളതിനാല്‍ ചില പ്രത്യേക സജ്ജീകരണങ്ങള്‍ താജ് മഹലിന്റെ നിര്‍മ്മാണത്തിന് വേണ്ടി വന്നു എന്ന കാര്യം നാം മനസ്സിലാക്കേണ്ടതുണ്ട്. പാറക്കല്ലുകള്‍ നിരത്തി ചുണ്ണാമ്പു ചേര്‍ത്ത വെള്ളം കയറാത്ത ഒരു പ്രത്യേക മിശ്രിതം കൂട്ടിയാണ് കെട്ടിടത്തിന്റെ അടിത്തറ നിര്‍മ്മിച്ചിട്ടുള്ളത്. ഹര്ജിക്കാര്‍ തുറന്ന് പരിശോധിയ്ക്കണമെന്ന് ആവശ്യപ്പെട്ട അറകളുടെ മേലെയാണ് ആ സ്മാരകം നിലനില്‍ക്കുന്നത് എന്നിടത്താണ് ആ ആവശ്യത്തിന് പിന്നിലെ കുടിലബുദ്ധി മനസ്സിലാവുന്നത്. ഏറെക്കാലം നീണ്ടുനിന്ന നിര്‍മ്മാണശ്രമങ്ങളുടെയും ആസൂത്രണമികവിന്റെയും ഫലമാണ് യമനാതീരത്തെ പൂഴിമണ്ണില്‍ ഇപ്പോഴും താജ് മഹല്‍ കേടുപാടുകള്‍ ഇല്ലാതെ ഉറപ്പോടെ നിലനില്‍ക്കുന്നത് എന്ന് ജബല്‍പൂര്‍ ഐ.ഐ.റ്റി.യിലെ ഗവേഷകനായ ഡോ.രവി പന്‍വാര്‍ ഉള്‍പ്പെടെ നിരവധി വിദഗ്ധര്‍ ഐകകണ്‌ഠേന അഭിപ്രായപ്പെടുന്നു.

ഇനി താജ് മഹലിന്റെ നിര്‍മ്മാണത്തിലും അലങ്കാരങ്ങളിലും നിരവധി ഹിന്ദു ചിഹ്നങ്ങള്‍ ഉപയോഗിച്ചിട്ടുള്ളത് അതിന്റെ ഹിന്ദു ഭൂതകാലത്തെ സൂചിപ്പിയ്ക്കുന്നു എന്ന ആക്ഷേപത്തിനുള്ള മറുപടി. പ്രാചീന വൈദീക സംസ്‌കാരത്തെയും ഇസ്ലാമിക വാസ്തുശില്പവിദ്യയെയും ചേതോഹരമായി സമന്വയിപ്പിയ്ക്കുന്ന ഇന്‍ഡോ-ഇസ്ലാമിക് ആര്‍ക്കിടെക്ചറിന്റെ ഏറ്റവും സുന്ദരമായ മാതൃകയാണ് താജ്മഹല്‍. മുഗള്‍ ചക്രവര്‍ത്തിയാണ് അത് പണി കഴിപ്പിച്ചത് എന്നതിനര്‍ത്ഥം സ്വന്തം കരവിരുത് കൊണ്ട് അതിനെ ഭൂമിയിലെ മഹാത്ഭുതങ്ങളില്‍ ഒന്നാക്കി മാറ്റിയ നിര്‍മ്മാണത്തൊഴിലാളികളും മുഗള്‍ പാരമ്പര്യം പേറിയിരുന്നവര്‍ ആയിരുന്നു എന്നല്ലല്ലോ.

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ക്ഷേത്രങ്ങള്‍ ഉള്‍പ്പെടെയുള്ള ഹിന്ദു നിര്‍മ്മിതികള്‍ സ്ഥിരമായി ചെയ്തിരുന്ന അവര്‍ തങ്ങളുടെ കരവഴക്കങ്ങള്‍ക്കൊപ്പിച്ച് പല ഹിന്ദു ചിഹ്നങ്ങള്‍ അന്നത്തെ പള്ളികളുടെയും മുസ്ലിം രാജാക്കന്മാരുടെ കൊട്ടാരങ്ങളുടെയും നിര്‍മ്മാണത്തില്‍ ഉള്‍ക്കൊള്ളിയ്ക്കുക പതിവായിരുന്നു. ഇസ്ലാമിന് നിഷിദ്ധമായ ദേവതാസങ്കല്‍പ്പങ്ങള്‍ ഒഴികെയുള്ള ആന, ചക്രം, താമര, ശംഖ് തുടങ്ങിയ നിരവധിയായ ഹിന്ദു ചിഹ്നങ്ങള്‍ ഈ വിധം പല ഇസ്ലാമിക നിര്‍മ്മിതികളിലും കടന്നു കൂടിയിട്ടുണ്ട്. പൊതുവെ കലാസ്വാദകരും സാംസ്‌കാരികസമന്വയത്തിന്റെ ശക്തരായ വക്താക്കളും ആയിരുന്ന മുഗള്‍ രാജാക്കന്മാരാവട്ടെ ഈ വിധത്തില്‍ ഗംഗാ-ജമുന തെഹ്സീബിന്റെ ഗരിമ വിളിച്ചോതുന്ന നിര്‍മ്മാണപദ്ധതികളെ കലവറയില്ലാതെ പ്രോത്സാഹിപ്പിയ്ക്കുകയും ചെയ്തിരുന്നു.

ഇനി ഈ വിവാദങ്ങളുടെ തുടക്കം എവിടെയാണെന്ന് പരിശോധിയ്ക്കാം. ഇന്ന് സംഘ് പരിവാര്‍ യഥേഷ്ടം ഉപയോഗിയ്ക്കുന്ന ശിവക്ഷേത്ര വാദം ആദ്യം ചര്‍ച്ചയാക്കുന്നത് വിവാദ എഴുത്തുകാരനായ പ്രൊഫസര്‍ പി.എന്‍.ഓക് ആണ്. സ്വയം പ്രൊഫസര്‍ എന്ന് വിശേഷിപ്പിച്ച അദ്ദേഹം ഒരു അംഗന്‍വാടിയില്‍ പോലും പഠിപ്പിച്ചിട്ടില്ല എന്നതും ചരിത്രത്തിലോ പുരാവസ്തു ഗവേഷണത്തിലോ യാതൊരു വിധ പരിശീലനവും നേടിയിരുന്നില്ല എന്നതുമാണ് സത്യം. എന്നാലും സംഘ് പരിവാര്‍ സ്‌കൂളിലെ ചരിത്രകാരന്മാര്‍ പിന്നീടിങ്ങോട്ട് ഇദ്ദേഹത്തിന്റെ ജല്പനങ്ങളെ ആധികാരിക രേഖകള്‍ എന്ന വിശേഷണങ്ങളോടെ ആഘോഷിയ്ക്കുന്നത് നാം കാണുന്നു. 1965ല്‍ പുറത്തിറക്കിയ Taj Mahal: The True Story എന്ന തന്റെ പുസ്തകത്തില്‍ ഓക് പറയുന്നത് ശിവക്ഷേത്രം സ്ഥിതി ചെയ്ത ഭൂമി ബലപ്രയോഗത്തിലൂടെ തട്ടിയെടുത്തു ശവക്കല്ലറ പണിയിച്ച ഷാഹ്ജഹാന്‍ തന്റെ പത്‌നിയെ അവിടെ കബറടക്കിയില്ല എന്നാണ്. ചരിത്രത്തിലെ ഏറ്റവും വിസ്മയകരമായ ശില്‍പം തന്റെ പേരില്‍ എഴുതിച്ചേര്‍ക്കാനും ഹിന്ദു ക്ഷേത്രം തകര്‍ക്കുന്നതിലൂടെ പുണ്യം നേടാനും മാത്രമാണ് ചക്രവര്‍ത്തി ഇത് ചെയ്തതെന്നും അദ്ദേഹം പറയുന്നു.

താജ് മഹലിന്റെ കീഴില്‍ ഒളിഞ്ഞിരിയ്ക്കുന്ന ക്ഷേത്രത്തിന്റെ അവശിഷ്ടങ്ങള്‍ പുറത്തെടുക്കാനായി ആ സ്മാരകം പൂര്‍ണ്ണമായും തകര്‍ത്ത് അതിന്റെ അടിത്തട്ടിലുള്ള അറകള്‍ തുറന്ന് പരിശോധിയ്ക്കണം എന്ന ആവശ്യം ആദ്യമായി രേഖാമൂലം ഉന്നയിയ്ക്കുന്നതും പ്രൊ.ഓക് ആണ്. ഇതിനായി അദ്ദേഹം സുപ്രീം കോടതിയില്‍ ഹര്‍ജി സമര്‍പ്പിയ്ക്കുകയും തല്കാലാശ്വാസം എന്ന നിലയില്‍ താജ് മഹല്‍ എന്ന പേര് മാറ്റി തേജോമഹാലയ എന്ന പേര് നല്‍കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.

പ്രൊ.ഓക്കിന്റെ പല നിരീക്ഷണങ്ങളും ശാസ്ത്രീയ തെളിവുകളുടെ പിന്‍ബലമൊന്നും അവകാശപ്പെടാനില്ലാത്ത വെറും വെളിപാടുകള്‍ മാത്രമാണ് എന്നത് ചരിത്ര-പുരാവസ്തു ഗവേഷണ മേഖലയിലെ വിദഗ്ധരെല്ലാം ഒരേപോലെ തലകുലുക്കി സമ്മതിയ്ക്കുന്ന ഒന്നാണ്. യാതൊരു അടിസ്ഥാനവുമില്ലാത്ത ഹര്‍ജി തള്ളിക്കൊണ്ട് സുപ്രീം കോടതി ഓക്കിന്റെ നിരീക്ഷണങ്ങളെ വിശേഷിപ്പിച്ചത് ‘അസംബന്ധം’ എന്നായിരുന്നു. പിന്നീടിങ്ങോട്ട് സംഘ് പരിവാര്‍ ചരിത്രകാരന്മാര്‍ പലപ്പോഴായി പ്രചരിപ്പിച്ചിട്ടുള്ള റിവിഷനിസ്റ്റ് ഹിസ്റ്ററിയെയും നമുക്ക് ഈ പേര് കൊണ്ട് വിശേഷിപ്പിയ്ക്കാവുന്നതാണ്.

താജ് മഹലിന്റെ അടച്ചിട്ട അറകളില്‍ ഒതുങ്ങുന്നതാണ് പ്രൊ.ഓകിന്റെ ‘സത്യാന്വേഷണങ്ങള്‍’ എന്ന് ധരിച്ചെങ്കില്‍ നിങ്ങള്‍ക്ക് തെറ്റി. അന്യമതങ്ങളുടെ നിരവധി പുണ്യസ്ഥലങ്ങളുടെയും ചരിത്രസ്മാരകങ്ങളുടെയും അടിയില്‍ ക്ഷേത്രങ്ങളും ശിവലിംഗങ്ങളും മോചനം കാത്തുകഴിയുന്നതിന്റെ ദിവ്യദര്ശനം പലപ്പോഴായി ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. ആ ത്രികാലജ്ഞാനത്തിന്റെ മാത്രം ബലത്തില്‍ അദ്ദേഹം നിരവധി ലഘുലേഖകള്‍ അടിച്ചിറക്കുകയും പ്രചരിപ്പിയ്ക്കുകയും ചെയ്തു. വത്തിക്കാനിലെ ബസലിക്ക, മെക്കയിലെ കഅബ, ഇംഗ്ലണ്ടിലെ രാജകുടുംബത്തിന്റെ സ്വന്തം വെസ്റ്റ് മിനിസ്റ്റര്‍ ആബി പള്ളി തുടങ്ങി ഇത്തരമതസ്ഥര്‍ തങ്ങളുടെ ഏറ്റവും പരിപാവനമായി കരുതിപ്പോരുന്ന എല്ലാ ആരാധനാലയങ്ങള്‍ക്കടിയിലും തകര്‍ക്കപ്പെട്ട ഒരു ശിവക്ഷേത്രമുണ്ടെന്ന് അദ്ദേഹം പ്രചരിപ്പിച്ചു.

ഇതിന് പുറമെ, ഇസ്ലാം, ക്രിസ്ത്യാനിറ്റി തുടങ്ങിയ മതങ്ങളെല്ലാം ആത്യന്തികമായി ഹിന്ദുമതത്തിന്റെ ശാഖകള്‍ ആണെന്നും എല്ലാത്തിന്റെയും അടിസ്ഥാനം ഹൈന്ദവതയാണെന്നും പ്രൊ.ഓക് ‘സധൈര്യം’ എഴുതിപ്പിടിപ്പിച്ചു. അംഗുലിസ്താനില്‍ നിന്ന് ഇംഗ്ലണ്ടും റാം എന്ന പേരില്‍ നിന്ന് റോം നഗരവും വേദവാടികയില്‍ നിന്ന് വത്തിക്കാനും കൃഷ്ണ നീതിയില്‍ നിന്ന് ക്രിസ്ത്യാനിറ്റിയും അര്‍വസ്ഥാനില്‍ നിന്ന് അറേബ്യയുമെല്ലാം ജനിച്ചു എന്ന നിഗമനങ്ങള്‍ കേവലം പേരിന്റെ സാദൃശ്യം എന്ന ഒരേയൊരു അടിസ്ഥാനത്തില്‍ ആയിരുന്നു എന്നതില്‍ നിന്ന് തന്നെ അദ്ദേഹത്തിന്റെ ഗവേഷണപാടവം മനസ്സിലാക്കാവുന്നേതെയുള്ളൂ. എണ്‍പതുകളില്‍ പ്രൊ.ഓക് ആരംഭിച്ച Institute for Rewriting Indian History എന്ന ത്രൈമാസ പത്രികയിലെ നിരവധി ലേഖനങ്ങള്‍ക്കെതിരെ കോടതികളില്‍ കേസുകള്‍ അക്കാലത്തു പതിവായിരുന്നു.

ലണ്ടനിലെ റോയല്‍ ഏഷ്യാറ്റിക് സൊസൈറ്റിയുടെ മുന്‍ ഡയറക്റ്ററും ലണ്ടന്‍ സര്‍വ്വകലാശാലയിലെ സ്‌കൂള്‍ ഓഫ് ഓറിയന്റല്‍ ആന്‍ഡ് ആഫ്രിക്കന്‍ സ്റ്റഡീസിലെ ആര്‍ക്കിയോളജി വിഭാഗത്തിലെ മുന്‍ ചെയറുമായ പ്രൊ.ഗൈല്‍സ് റ്റില്ലട്‌സണ്‍ ഓകിന്റെ ഗവേഷണപാടവത്തെ വിശേഷിപ്പിച്ചത് pseudo-scholarship എന്നാണ്. താജ് മഹല്‍ പണിയുന്നതിനു അഞ്ച് നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് ആ സ്ഥലം രാജ ജയ്സിംഗിന്റെതായിരുന്നു എന്ന ഒരൊറ്റ കാരണത്താല്‍ താജിനെ ഹിന്ദുസംസ്‌കാരവുമായി ബന്ധിപ്പിയ്ക്കുന്നതിനെ അദ്ദേഹം ചരിത്രപരമായ മണ്ടത്തരം എന്നാണ് വിശേഷിപ്പിച്ചത്.

ഇതേ ഓകിന്റെ ജല്പനങ്ങളെ വേദവാക്യമായെടുത്തായിരുന്നു താജ് മഹല്‍ പൊളിച്ചു ശിവക്ഷേത്രം പണിയണമെന്ന് 2017ല്‍ വിനയ് കത്യാര്‍ ആവശ്യപ്പെട്ടതും തുടര്‍ന്ന് യോഗി ആദിത്യനാഥ് താജിനെ ഉത്തര്‍ പ്രദേശിന്റെ ടൂറിസം ലഘുലേഘകളില്‍ നിന്ന് ഒഴിവാക്കിയതും എന്നോര്‍ക്കുക. ഇന്ന് മതേതരവാദികളായി രൂപാന്തരം പ്രാപിച്ചിട്ടുള്ള ശിവസേനയും അക്കാലത്താണ് താജിനോട് ചേര്‍ന്നുള്ള ദസേറഘട്ടില്‍ ശിവ പൂജയും ആര്‍ത്തിയും സ്ഥിരമാക്കിയതും.

രാജ്യമെമ്പാടുമുള്ള മസ്ജിദുകളുടെയും ഇസ്ലാമിക ചരിത്ര സ്മാരകങ്ങളുടെയും കീഴില്‍ ഹിന്ദു ആരാധനാബിംബങ്ങളും ക്ഷേത്രാവശിഷ്ടങ്ങളും ‘സ്വപ്നം’ കാണുന്ന സംഘ പരിവാറുകാര്‍ ആദ്യം വ്യാകുലപ്പെടേണ്ടത് രാജ്യത്തെ ആയിരക്കണക്കിന് ഹിന്ദുക്ഷേത്രങ്ങളുടെ കീഴില്‍ അന്ത്യവിശ്രമം കൊള്ളുന്ന ബുദ്ധവിഹാരങ്ങളെയും ബുദ്ധസ്മാരകങ്ങളെയും കുറിച്ചാണ്. ചരിത്രത്തിലെ അപശ്രുതികള്‍ തിരുത്താനായി കച്ചകെട്ടിയിറങ്ങിയിട്ടുള്ളവര്‍ എല്ലാ തെറ്റുകളും മുന്‍വിധിയോ സ്വജനപക്ഷപാതമോ കൂടാതെ തിരുത്തേണ്ടിയിരിയ്ക്കുന്നു.

ഒരിയ്ക്കല്‍ സൗത്ത് ആഫ്രിക്കയിലെ ലെജിസ്ലേറ്റീവ് അസ്സെംബ്ലിയ്ക്ക് അയച്ച കത്തില്‍ മഹാത്മാഗാന്ധി ഭാരതീയ സംസ്‌കാരത്തെ വിശേഷിപ്പിച്ചത് ലോകത്തിന് ഒരുമയുടെയും പരസ്പരസഹിഷ്ണുതയുടെയും പാഠങ്ങള്‍ പകര്‍ന്നു നല്കാന്‍ പ്രാപ്തിയുള്ള ‘വിശ്വഗുരു’ എന്നാണ്. ഇന്നിപ്പോള്‍ ഗാന്ധി ഭാരതത്തിന് നല്‍കിയ ആ പേര് സ്വന്തം കഴുത്തിലണിഞ്ഞു ലോകം ചുറ്റുന്ന ഒരു പ്രധാനമന്ത്രിയും ഗാന്ധിയെ തന്നെ അടിച്ചുമാറ്റി നേതാവിന്റെ പ്രതിച്ഛായ നിര്‍മ്മിയ്ക്കാനൊരുങ്ങുന്ന അന്ധഭക്തന്മാരും മുന്നോട്ട് നയിയ്ക്കുന്ന ഇന്ത്യയില്‍ നിന്ന് ഇപ്പോള്‍ നടക്കുന്ന ചരിത്രധ്വംസനത്തെക്കാള്‍ കൂടുതലായി നാം എന്ത് പ്രതീക്ഷിയ്ക്കാനാണ്?

സ്വന്തം പാരമ്പര്യത്തിന്റെയും സാംസ്‌കാരികഗരിമയുടെയും ഏറ്റവും ഉയര്‍ന്നു നില്‍ക്കുന്ന ലോകാത്ഭുതങ്ങളില്‍ ഒന്നായ പ്രൗഢബിംബത്തിന്റെ തകര്‍ച്ചയില്‍ നിന്ന് സ്വാഭിമാനവും ആത്മനിര്‍ഭരതയും കണ്ടെത്താന്‍ തുനിയുന്ന ഒരു ഭരണകൂടവും അതിനെ നിര്‍വികാരതയോടെ പിന്തുടരുന്ന ഒരു ജനതയും – ഇത് ഇന്ത്യയിലല്ലാതെ മറ്റെവിടെയും നമുക്ക് കാണാനാവില്ല.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Culture | Tags: , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply