രഞ്ജിത് എന്ന സംവിധായകന്‍ ചലചിത്ര അക്കാദമി ചെയര്‍മാനാകുമ്പോള്‍

ബീന പോളിനെപ്പോലുള്ള സ്ത്രീകള്‍ പതിറ്റാണ്ടുകളില്‍ പണിയെടുത്തുണ്ടാക്കിയ iffk പോലുള്ള ഇടങ്ങളില്‍, അവയുണ്ടാക്കിയ പുത്തന്‍ മലയാള സിനിമാ ഇടങ്ങളില്‍ ഒന്നും കയറിയിരിക്കാന്‍ പോലും യോഗ്യതയില്ലാത്തവരെത്തന്നെ അത് നിയന്ത്രിക്കാന്‍ ഏല്‍പ്പിക്കുന്നത് വിവരമില്ലായ്മയാണ്, വിലയില്ലായ്മ ആണ്. ഗജേന്ദ്ര ചൗഹാന്‍ എന്ന നടനെ പൂനെ ഫിലിം ഇന്സ്റ്റിറ്റിയൂട് ചെയര്‍മാനാക്കിയപ്പോള്‍ ഹൃദയം തകര്‍ന്ന ഇടതുപക്ഷര്‍ക്ക് ഈ സന്ദര്‍ഭത്തില്‍ ഒന്നും തോന്നാത്തത് ഫാസിസ്റ്റ് വിരുദ്ധതയാണെന്ന് വിശ്വസിക്കാന്‍ ബുദ്ധിമുട്ടുണ്ട്.

ഇന്ന്, ഒരു സിനിമയെക്കുറിച്ച് സംസാരിക്കുമ്പോള്‍ അതിന്റെ രാഷ്ട്രീയത്തെക്കുറിച്ച് പറയുന്നത് ഒരല്‍ഭുത പ്രവര്‍ത്തിയായി ആരും മനസിലാക്കുമെന്ന് തോന്നുന്നില്ല. രഞ്ജിത്ത് എന്ന സംവിധായകനെക്കുറിച്ച്, അയാളുടെ സിനിമകളിലെ നാറുന്ന ആണത്ത മൂല്യങ്ങളെക്കുറിച്ച് ഒരുപാട് സംസാരിക്കപ്പെട്ടിട്ടുള്ളതാണ്. പ്രാഞ്ചിയേട്ടന്റെ ഒരു തമാശപ്പടമിറക്കിയാണ് അയാള്‍ ആണ്‍ വയലന്‍സ് ന്റെ ആ ചിത്രത്തില്‍ നിന്ന തെന്നിമാറി രക്ഷപെട്ടത്.

എന്നാല്‍ അതെല്ലാം കഴിഞ്ഞ് രഞ്ജിത് ഉണ്ടാക്കിയ, ഉണ്ണി ആര്‍ എഴുതിയ ലീല പടത്തെക്കുറിച്ച്, അതിലെ ആണധികാര, ജാതിയധികാര മൂല്യങ്ങളെക്കുറിച്ചാണ് എനിക്ക് പറയാനുള്ളത്. ഇവരൊക്കെ സ്ത്രീവിരുദ്ധതയില്‍ നിന്ന് പുരോഗമിച്ചു എന്ന പൊതു തീരുമാനം വന്നതിനു ശേഷമാണ് ലീല പുറത്തുവന്നത്. ഉണ്ണി ആറിന്റെ ആണ്‍ സാഹിത്യത്തെക്കുറിച്ച് വിശദമായി എഴുതാന്‍ വേറെ സ്‌കോപ്പ് ഉണ്ട്. ഒരു ഭയങ്കര കാമുകന്‍ എന്ന കഥയെഴുതിയിട്ട് അതിന്റെ അവസാനം ഈ കാമുകന്‍ ശരിക്കും ‘ആണ’ല്ല ആണ്‍ ലിംഗം ഇല്ലാത്ത ഒരാളാണെന്ന് queerphobic, homophobic, transphobic കഥ എഴുതി അത് പടമാക്കാന്‍ പോകുന്നവരാണ്. അതെന്തെങ്കിലുമാകട്ടെ, രഞ്ജിത്തിലേക്ക് വരാം.

ലീല എന്ന പടം തുടങ്ങുന്നതു തന്നെ കുട്ടിയപ്പന്റെ മഹാമനസ്‌കതയിലാണ്. സെക്സ് വര്‍ക്ക് ചെയ്യുന്ന ഒരു സ്ത്രീയെ വിളിച്ചുകൊണ്ടുവരുന്നു, അച്ഛന്റെ മരണമോര്‍ത്തു കരയാന്‍ പ്രേരിപ്പിക്കുന്നു. കരയുമ്പോള്‍ അവര്‍ പറയുന്നു, അച്ഛന്‍ മരിച്ചതുകൊണ്ടു മാത്രമാണ് ഈ ‘വെറുക്കപ്പെട്ട’ പണിക്ക് വന്നതെന്ന്. ദയ തോന്നുന്ന കുട്ടിയപ്പന്‍ ഇവളെ കൂട്ടുകാരന്റെ തുണിക്കടയില്‍ തൊഴിലിനു വിടാന്‍ ഏര്‍പ്പാടുണ്ടാക്കുന്നു. സിനിമ മുന്നോട്ടുപോകുന്ന സന്ദര്‍ഭത്തിലാണ് ഈ തുണിക്കടയില്‍ നില്‍ക്കുന്ന സ്ത്രീകളെ ആണുങ്ങള്‍ക്ക് വേണ്ടപ്പോളൊക്കെ വിളിച്ചാല്‍ വരാന്‍ നിര്‍ത്തിയിരിക്കുന്നതാണെന്ന് മനസിലാവുന്നത്. അത് കണ്ടപ്പോള്‍ പണ്ട് നളിനി ജമീല പറഞ്ഞതോര്‍ത്തു – പല തൊഴിലുകളിലും free ആയി ലൈംഗിക സേവനങ്ങള്‍ നല്‍കേണ്ടി വരുന്ന സാഹചര്യത്തിലാണ് ഞാന്‍ ലൈംഗികത്തൊഴില്‍ സ്വീകരിച്ചതെന്ന്.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

എന്തിന്റെ ഇടയിലും വിളിച്ചാല്‍ ഓടി വരുന്ന ‘കാര്യസ്ഥന്‍’, കുട്ടിയപ്പന്റെ വാശി കാരണം മാത്രം നട്ടെല്ലൊടിഞ്ഞിട്ടും ‘ഞാന്‍ തന്നെ വെച്ചുവിളമ്പി തന്നേക്കാ’മെന്നു പറയുന്ന വീട്ടുവേലക്കാരി, തുടങ്ങി ജാതീയതയുടെ പല മുഖങ്ങള്‍ വളരെ ലളിതമായും തമാശരൂപത്തിലും കാണിച്ചിരിക്കുന്നു. രഞ്ജിത്തിന്റെ ആണ്‍ വയലന്‍സ് നിറഞ്ഞ സിനിമകളിലെപ്പോലെ എപ്പോഴും കൈകൂപ്പി നില്‍ക്കുന്ന രൂപങ്ങളല്ല എന്നതുമാത്രമാണ് പുതുമ.

അസ്തിത്വദുഖം പേറുന്ന ‘വേദനിക്കുന്ന കോടീശ്വരന്‍’ തന്നെയാണിതിലും. ആകെയുള്ള വ്യത്യാസം ഇയാള്‍ ‘ഞാന്‍ വയലന്റല്ല’ എന്ന് പറയും. പക്ഷേ കാമറ കാഴ്ചയിലെ വയലന്‍സ്, സ്ത്രീകളെയും നായകനപ്പുറമുള്ള കഥാപാത്രങ്ങളെയും നോക്കുന്നതിലുള്ള വയലന്‍സ..്. ഇതില്‍ പ്രായമായ ലൈംഗികത്തൊഴിലാളികളെ ആദരിക്കുന്ന ഒരു രംഗമുണ്ട്. അതിലാണ് കണ്ടിരിക്കുന്ന എനിക്ക് തൊലിയുരിഞ്ഞ പോലെ തോന്നിയത്. ആദ്യം പഞ്ചായത്ത് ഹാളില്‍ വച്ച് സംഘടിപ്പിച്ച പരിപാടി ഒരു രാഷ്ട്രീയക്കാരന്‍ തടയുന്നു. അയാള്‍ കുട്ടിയപ്പനോട് പറയുന്നു, പോലീസിനെ കൊണ്ടുവരുമെന്ന്. എന്തുവകുപ്പിലാണ് കുട്ടിയപ്പനെയോ ഈ വയസ്സായ ലൈംഗികത്തൊഴിലാളികളെയോ പോലീസ് പിടിക്കുക എന്നത് മനസിലായില്ല. കുട്ടിയപ്പന്‍ ഒരു 15 ദിവസം റിമാന്റിലിരിക്കാന്‍ വകുപ്പുണ്ട് എന്ന് പറയുന്നത് ഏത് രാജ്യത്തിലെ നിയമപ്രകാരമാണ് എന്ന് സംവിധായകന്‍ പറഞ്ഞുതരുമായിരിക്കും. പിന്നെ, ഇവരെയൊക്കെ ജീപ്പില്‍ കയറ്റി കാഴ്ചവസ്തുക്കളെപ്പോലെ പ്രദര്‍ശിപ്പിച്ച് ആളുകൂടിയ കവലയില്‍ വച്ച് പൊന്നാടയണിയിച്ച് ആദരിക്കുന്നു. കൂട്ടത്തിലെ അവസാനത്തെ ലൈംഗികത്തൊഴിലാളി പറയുന്നു – ‘നിന്നെപ്പോലുള്ള ആണുങ്ങളെക്കൊണ്ടൊന്നും ഒന്നും നടക്കൂല’… കുട്ടിയപ്പന് വേദനിക്കുന്നു.

കുട്ടിയപ്പനെപ്പോലുള്ള മൂരാച്ചികളെ വാക്കുകൊണ്ടു പോലും വേദനിപ്പിക്കാന്‍ പാടില്ല. മാലാഖമാരിറങ്ങിവരും, എന്ത്! മാലാഖക്കുഞ്ഞമ്മ പറയുന്നു, ആ ലൈംഗികത്തൊഴിലാളിയുടെ അനുഭവം മോശമായതുകൊണ്ടല്ലേ, കുട്ടിയപ്പന്‍ ക്ഷമിച്ചേക്ക് എന്ന്.

ഒരു ആനയെ ചാരി നിര്‍ത്തി പെണ്ണിനെ അനുഭവിക്കണമെന്ന് കുട്ടിയപ്പന്റെ ആഗ്രഹം നിറവേറ്റാനാണ് ഒരു വലിയ ആള്‍ക്കൂട്ടം ശ്രമിച്ചുകൊണ്ടിരിക്കുന്നത്. അതിനുവേണ്ടി ശരിയായ ശരീരമുള്ള ഒരുത്തിയെ കണ്ടുപിടിക്കുന്നു. അവളെ റേപ്പ് ചെയ്തത് അവളുടെ അച്ഛന്‍ തന്നെയാണ്. ആ റേപ്പ് കാണിക്കുന്ന രംഗത്തെ കാമറ തന്നെ ആ കൊച്ചിന്റെ റേപ്പിസ്റ്റായി മാറുന്നു. ഈ പെണ്ണാണ്രേത ലീല. (ഇവള്‍ക്ക് പേരിനു പോലും ഒരു പേരില്ല… ഈ പേരിടുന്നതും കുട്ടിയപ്പന്‍ തന്നെ.) അടി കിട്ടിയാല്‍ വഴങ്ങുന്ന, നന്നായി വെച്ചുവിളമ്പുന്ന ചത്ത കണ്ണുകളുള്ള ഒരു പെണ്‍ശരീരമെന്ന കഥാപാത്രത്തെ പിന്നീട് നമ്മള്‍ കണ്ടു തുടങ്ങുന്നു. പെണ്ണെന്ന ആണ്‍ ഫാന്റസിയുടെ ഏറ്റവും മാതൃകാപരമായ കഥാപാത്രം. ഇവള്‍ക്ക് choice ഇല്ല. കുട്ടിയപ്പന്‍ ആവശ്യപ്പെടുമ്പോള്‍ അവള്‍ ആനയോട് ചാരി നില്‍ക്കുന്നു. കുട്ടിയപ്പന് ചെയ്യേണ്ടത് റേപ്പ് ആണ് എന്ന് നമ്മള്‍ കരുതിത്തുടങ്ങുമ്പോഴാണ് അയാളുടെ ഉദാരത പുറത്തുവരുന്നത് – അയാള്‍ക്ക് വേണ്ടത് വിവാഹമാണത്രേ.

എന്തുചെയ്യാന്‍, കുട്ടിയപ്പന്‍ എന്ന ആ നല്ല ഹൃദയമുള്ള റേപ്പിസ്റ്റിനെ വിവാഹം ചെയ്തു ജീവിക്കാനുള്ള ‘ഭാഗ്യം’ ലീലക്കുണ്ടായില്ല. ആന ചവിട്ടി കൊന്നുകളഞ്ഞു. അപ്പോള്‍ കടന്നുവന്ന മാലാഖ മേരിയും ലീല യേശുവുമായി മാറി. യേശു choice ഇല്ലാത്ത മനുഷ്യനായിരുന്നു എന്നാണോ ഈ സിനിമയുടെ സന്ദേശം?

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ചുരുക്കിപ്പറഞ്ഞാല്‍, ഈ സിനിമയെ ഒരു ഉദാഹരണമായി കാണുക. ഇതുപോലുള്ള സിനിമകള്‍, ഈ വിരുദ്ധതകള്‍, വിവേചനാത്മകമായ മൂല്യങ്ങള്‍ കൊണ്ടുനടക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്ന ആളുകളെ ഏല്‍പ്പിക്കേണ്ട സ്ഥാനങ്ങള്‍ ഏതൊക്കെ ആണ്?

സ്ത്രീകളുടെ ആത്മാഭിമാനത്തിനു മുകളില്‍ നീട്ടിത്തുപ്പിയ, കാലാകാലങ്ങളായി അതു തന്നെ ചെയ്തുകൊണ്ടിരിക്കുന്ന ഒരാളെ, ജാതിയെയും അടിമത്തത്തെയും ഇന്നും മൃദുപ്പെടുത്തിക്കാണിച്ചുകൊണ്ടിരിക്കുന്ന ഒരാളെ ‘സ്ത്രീ സൗഹൃദ സംസ്ഥാന’മായി പ്രഖ്യാപിച്ച കേരളത്തില്‍ ചലച്ചിത്ര അക്കാദമി ചെയര്‍മാനായിരിക്കാന്‍ യോഗ്യനായി മനസിലാക്കുന്നുണ്ടെങ്കില്‍ ഇവിടത്തെ രാഷ്ട്രീയ ബോദ്ധ്യങ്ങള്‍ ഇയാളുടെ സിനിമകള്‍ പോലെ വെറും ഉപരിപ്ളവ ഷോ ആണെന്ന് പറയേണ്ടി വരും, പറഞ്ഞുകൊണ്ടേ ഇരിക്കും. ബീന പോളിനെപ്പോലുള്ള സ്ത്രീകള്‍ പതിറ്റാണ്ടുകളില്‍ പണിയെടുത്തുണ്ടാക്കിയ iffk പോലുള്ള ഇടങ്ങളില്‍, അവയുണ്ടാക്കിയ പുത്തന്‍ മലയാള സിനിമാ ഇടങ്ങളില്‍ ഒന്നും കയറിയിരിക്കാന്‍ പോലും യോഗ്യതയില്ലാത്തവരെത്തന്നെ അത് നിയന്ത്രിക്കാന്‍ ഏല്‍പ്പിക്കുന്നത് വിവരമില്ലായ്മയാണ്, വിലയില്ലായ്മ ആണ്. ഗജേന്ദ്ര ചൗഹാന്‍ എന്ന നടനെ പൂനെ ഫിലിം ഇന്സ്റ്റിറ്റിയൂട് ചെയര്‍മാനാക്കിയപ്പോള്‍ ഹൃദയം തകര്‍ന്ന ഇടതുപക്ഷര്‍ക്ക് ഈ സന്ദര്‍ഭത്തില്‍ ഒന്നും തോന്നാത്തത് ഫാസിസ്റ്റ് വിരുദ്ധതയാണെന്ന് വിശ്വസിക്കാന്‍ ബുദ്ധിമുട്ടുണ്ട്.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Cinema, Gender | Tags: , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply