എം ടിയും മുകുന്ദനും കൂട്ടരും പറയാതിരിക്കുന്നത്

വരാന്‍ പോകുന്ന സാഹിത്യ അക്കാദമിയുടെ ആഗോള സാഹിത്യോത്സവത്തില്‍ കമ്യൂണിസത്തേയോ പാര്‍ട്ടിയേയോ വിമര്‍ശിക്കുന്ന ആരേയും പങ്കെടുപ്പിക്കാതിരിക്കാന്‍ ഭാരവാഹികള്‍ പ്രത്യേകം ശ്രദ്ധിച്ചിട്ടുണ്ട് എ്‌നനതും കൂട്ടിവായിക്കാവുന്നതാണ്. അത്തരമൊരവസ്ഥ മാറാന്‍ എംടിയടക്കമുള്ളവരുടെ ഇപ്പോഴത്തെ വാക്കുകള്‍ സഹായകരമാകുമെങ്കില്‍ അത്രയും നന്ന്.

കോഴിക്കോട് നടന്ന കേ എല്‍ എഫിന്റെ ഉദ്ഘാടനവേദിയില്‍ മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ അധികാര കേന്ദ്രങ്ങള്‍ക്കെതിരെ എം ടി വാസുദേവന്‍ നായര്‍ നടത്തിയ രൂക്ഷമായ വിമര്‍ശനം സൃഷ്ടിച്ച അലയൊലികള്‍ തുടരുകയാണല്ലോ. സാറാജോസഫ്, സക്കറിയ, എന്‍ എസ് മാധവന്‍, സാനുമാഷ്, ലീലാവതി ടീച്ചര്‍തുടങ്ങി എം മുകുന്ദന്‍ വരെ നിരവധി എഴുത്തുകാര്‍ തങ്ങളുടേതായ രീതിയില്‍ എം ടിക്കു പിന്തുണയുമായി രംഗത്തുവന്നു. സച്ചിദാനന്ദനെപോലുള്ള പലരും എം ടി പറഞ്ഞത് പൊതുവായ വിഷയമാണെന്നു പറഞ്ഞപ്പോള്‍ അശോകന്‍ ചെരുവിലിനെപോലുള്ളവര്‍ പതിവുപോലെ പിണറായി പാവമാണ്, എം ടി ഉദ്ദേശിച്ചത് മോദിയേയും കേന്ദ്രഭരണത്തേയുമാണ് എന്നായിരുന്നു കണ്ടെത്തിയത്. പലരും തങ്ങളുടെ വാദമുഖങ്ങള്‍ സമര്‍ത്ഥിക്കാന്‍ എം ടി ഈ അഭിപ്രായം രേഖപ്പെടുത്തിയ വര്‍ഷമൊക്കെ കണ്ടെത്തി. ഒരു കൂട്ടര്‍ അതു 2003ലാണെു കണ്ടെത്തുകയും അന്നു ഭരിച്ചത് എ കെ ആന്റണിയായിരുന്നതിനാല്‍ അദ്ദേഹത്തിനെതിരാണെന്നും വാദിച്ചു. എന്നാല്‍ 2003ലാണ് അത് പ്രസിദ്ധീകരിച്ചതെങ്കിലും എഴുതിയത് 1998ലാണെനന്ും അന്നു ഭരിച്ചിരുന്നത് നായനാരാണെന്നും മറ്റു ചിലര്‍ കണ്ടെത്തി. സത്യത്തില്‍ ഇത്തരത്തിലുള്ള ഒരു അന്വേഷണവും ആവശ്യമില്ല. മുമ്പെഴുതിയതായാലും അല്ലെങ്കിലും കൃത്യമായ ബോധ്യത്തോടെയായിരുന്നു എം ടി സംസാരിച്ചത്. എം ടിയുടെ വിമര്‍ശനം തീര്‍ച്ചയായും എല്ലാ ഭരണാധികാരികള്‍ക്കും എതിരാണ്. അപ്പോഴും ഇ എം എസുമായുള്ള താരതമ്യവും റഷ്യയെ കുറിച്ചുള്ള പരാമര്‍ശവും അദ്ദേഹത്തിന്റെ ഊന്നലുകളും വിവാദത്തിനുശേഷം ആരെങ്കിലും അതു കേട്ട് കണ്ണുതുറക്കുന്നു എങ്കില്‍ നല്ലത് എന്ന രീതിയിലുള്ള പരാമര്‍ശവും തുടര്‍ന്നുല്‌ള മൗനവുമൊക്കെ അത് ഇപ്പോഴത്തെ മുഖ്യമന്ത്രിക്കും എതിരാണെന്നു സംശയമില്ലാതെ വ്യക്തമാക്കുന്നു.

ആരെങ്കിലും പൊതുവില്‍ എഴുത്തുകാരെയാണോ രാഷ്ട്രീയക്കാരെയാണോ കൂടുതല്‍ ബഹുമാനിക്കുന്നത് എന്നു ചോദിച്ചാല്‍ രാഷ്ട്രീയക്കാരെ എന്നുത്തരം പറയുന്ന ഒരാളാണ് ഇതെഴുതുന്നത്. അതിനുള്ള പ്രധാനകാരണം മറ്റൊന്നുമല്ല. ഏതു സമയത്തും പബ്ലിക്കിന്റേയും മീഡിയയുടേയും ഓഡിറ്റിങ്ങിന് വിധേയരാണ് അവര്‍. മാത്രമല്ല രണ്ടോ മൂന്നോ വര്‍ഷം കൂടുമ്പോള്‍ ഏതെങ്കിലും തെരഞ്ഞെടുപ്പിന്റെ പേരില്‍ ജനങ്ങളെ നേരിട്ട് സമീപിക്കാനും അവര്‍ ബാധ്യസ്ഥരാണ്. തീര്‍ച്ചയായും രാഷ്ട്രീയരംഗം ഇന്ന് ഏറെ ജീര്‍ണ്ണിച്ചിട്ടുണ്ട്. എന്നാല്‍ ഏതു രംഗമാണ് അതുപോലെയല്ലാത്തത്? മിക്ക മേഖലകളിലും പൊതുജനത്തിനു ഒരു നിയന്ത്രണവുമില്ല എന്നതുകൂടി പ്രധാനമാണ്. സര്‍്ക്കാര്‍ ജീവനക്കാാരായാലും അധ്യാപകരായാലും ഡോക്ടര്‍മാരായാലും നീതിന്യായ വ്യവസ്ഥയുടെ ഭാഗമായവരായാലും പോലീസായാലും മീഡിയയായാലും ജീര്‍ണ്ണതയുടെ പാതകയില്‍ തന്നെയാണല്ലോ. എഴുത്തുകാരുടെ അവസ്ഥയും വ്യത്യസ്ഥമല്ല. അധികാരവ്യവസ്ഥയോട് ഒട്ടിനിന്ന് സാംസ്‌കാരിക അധികാര സ്ഥാനങ്ങളും പുരസ്‌കാരങ്ങളും നേടിയെടുക്കുന്നവരാണ് അവരില്‍ വലിയൊരു വിഭാഗവും. എന്തിനേറെ, ഇപ്പോള്‍ പ്രസ്താവനകളുമായി മുന്നോട്ടുവന്നവരില്‍ തന്നെ ഭൂരിഭാഗവും അങ്ങനെതന്നെയാണല്ലോ. മിക്കവാറും പേര്‍ വാര്‍ദ്ധക്യത്തിലെത്തിയവര്‍. ഇനിയും പ്രത്യേകിച്ചൊന്നും നേടാനില്ലാത്തവര്‍. നല്ല കാലത്ത് ഇവരില്‍ വളരെ കുറച്ചുപേരെ ജനകീയ പ്രതിപക്ഷം എന്നു വിളിക്കാവുന്നവരുണ്ടായിരുന്നുള്ളു. ഈ ലിസ്റ്റില്‍ ചെറുപ്പക്കാര്‍ കാര്യമായില്ല എന്നതും കൂട്ടിവായിക്കാവുന്നതാണ്.

അപ്പോഴും എം ടി തുടക്കമിട്ട്, പിന്നാലെ മറ്റുള്ളവര്‍ ഏറ്റെടുത്ത വിമര്‍ശനങ്ങള്‍ പ്രസക്തമല്ലാതാകുന്നില്ല. ഇവരെല്ലാം മിക്കവാറും ഇടതുപക്ഷത്തോടൊപ്പം നിന്നവര്‍ തന്നെയാണ്. അതിന്റെ ഗുണഫലങ്ങള്‍ അനുഭവിച്ചവരുമാണ്. ഉദാഹരണം എം മുകുന്ദന്‍ തന്നെ. പിണറായി വിജയനിലാണ് ഇനി കേരളത്തിന്റെ പ്രതീക്ഷ എന്ന അദ്ദേഹത്തിന്റെ പ്രശസ്തമായ പ്രസ്താവന മറക്കാറായിട്ടില്ലല്ലോ. തുടര്‍ന്ന് അദ്ദേഹം സാഹിത്യ അ്ക്കാദമി പ്രസിഡന്റാകുകയും ചെയ്തു. ഇപ്പോഴും മുകുന്ദന്‍ പറയുന്നത് സംസ്ഥാന സര്‍ക്കാര്‍ നല്ല കാര്യങ്ങളും ചെയ്യുന്നുണ്ടെങ്കിലും ചില ഇടര്‍ച്ചകള്‍ ഉണ്ടാകുന്നുണ്ട്, അതിനെ എഴുത്തുകാര്‍ വിമര്‍ശിക്കും, വിമര്‍ശനത്തോട് സഹിഷ്ണുത കാട്ടണം, എല്ലാ അധികാരികള്‍ക്കും ഇത് ബാധകമാണ്, കിരീടത്തേക്കാള്‍ ചോരയ്ക്കാണ് പ്രാധാന്യമെന്ന് തിരിച്ചറിഞ്ഞ് തെരഞ്ഞെടുപ്പിനെ ഉപയോഗിക്കുക, അധികാരത്തില്‍ ഇരിക്കുന്നവര്‍ സിംഹാസനത്തിന്റെ രുചി അറിഞ്ഞവരാണ്, അവര്‍ അവിടെനിന്ന് എഴുന്നേല്‍ക്കില്ല. സിംഹാസനത്തില്‍ ഇരിക്കുന്നവരോട് പറയാനുള്ളത് സിംഹാസനം ഒഴിയൂവെന്നാണ്. ജനങ്ങള്‍ വരുന്നുണ്ട് മുന്നറിയിപ്പുപോലെ, വ്യക്തിപൂജ പാടില്ലെന്നും ഇ.എം.എസ് നേതൃപൂജകളില്‍ ഒന്നും ഉണ്ടായിരുന്നില്ല എന്നിങ്ങനെയാണ്. ഒപ്പം മറ്റൊന്നു കൂടി അദ്ദേഹം കൂട്ടി ചേര്‍ത്തു. കമ്യൂണിസം ആകാശത്തിലെ ഒരു അമ്പിളി മാമനെ പോലെ നില്‍ക്കട്ടെ. ഇടയ്‌ക്കെങ്കിലും അതിനെ നോക്കി ആശ്വസിക്കാമല്ലോ എന്ന്. ഈ തരത്തിലുള്ള മൃദുവായ വിമര്‍ശനം പോലും സഹിക്കാനാവാത്തവരാണ് സിപിഎം നേതാക്കളും അണികളും അവരോടൊട്ടി നില്‍ക്കുന്ന എഴുത്തുകാരും എന്നതാണ് തമാശ. അതിനാലാണവര്‍ വിമര്‍ശനങ്ങളെല്ലാം മോദിക്കെതിരെ എന്നു സമര്‍പ്പിക്കാന്‍ ശ്രമിച്ചത്.

വാസ്തവത്തില്‍ ഇവരെപോലെ മൃദുവായല്ലാതെ, രൂക്ഷമായി കമ്യൂണിസ്റ്റ് ആശയങ്ങളേയും പ്രത്യയശാസ്ത്രത്തേയും അതുമായി ബന്ധപ്പെട്ട അധികാര കേന്ദ്രങ്ങലേയും രൂക്ഷമായി വിമര്‍ശിച്ച എത്രയോ പേര്‍ ആഗോളതലം മുതല്‍ കേരളം വരെ ഉണ്ടായിട്ടുണ്ട്. എങ്ങനെയാണ് കമ്യൂണിസ്റ്റ് പാര്‍ട്ടിയും നേതാക്കളും പുത്തന്‍ വര്‍ഗ്ഗമായി മാറുന്നതെന്ന് എത്രയോ മുമ്പ് മിലോവന്‍ ജിലാസിനെ പോലുള്ളവര്‍ എഴുതിയിട്ടുണ്ട്. സ്റ്റാലിനിസ്റ്റ് കാലഘട്ടത്തോടെ ലോകമെമ്പാടുമുള്ള വലിയൊരു വിഭാഗം എഴുത്തുകാരും കലാകാരന്മാരും കമ്യൂണിസ്റ്റ് ഫാസിസത്തിനെതിരെ രംഗത്തുവന്നു. അവരില്‍ എത്രയോ പേര്‍ കൊല്ലപ്പെട്ടു. എത്രയോ പേര്‍ പലായനം ചെയ്തു. എന്തിനേറെ, കേരളത്തില്‍ തന്നെ എം വി ഗോവിന്ദന്‍, കമ്യൂണിസ്റ്റായി തന്നെ ജീവിച്ച കെ ദാമോദരന്‍, കമ്യൂണിസറ്റ് പാര്‍ട്ടികള്‍ക്ക് തീവ്രത പോര എന്നു കണ്ടെത്തി നക്‌സലിസത്തിലേക്കുപോകുകയും പിന്നീട് ഒരിക്കലും ജനാധിപത്യത്തെ അംഗീകരിക്കുന്ന ഒന്നായി കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്ക് കഴിയില്ലെന്നു കണ്ടെത്തി പുറത്തുവരുകയും ചെയ്ത കെ വേണു തുടങ്ങി പലരും. കല്‍പ്പറ്റ നാരായണന്‍, സി ആര് പരമേശ്വരന്‍ തുടങ്ങിയ എഴുത്തുകാര്‍ വേറെ. ഇവരാരും ഉന്നയിക്കുന്നപോലെ ആഴത്തിലുളള വിമര്‍ശനമൊന്നുമല്ല, ഒരുപാടുകാലം പാര്‍ട്ടിയുടേയും അധികാര കേന്ദ്രങ്ങളുടേയും ലാളനകളെല്ലാം അനുഭവിച്ച എം ടിയും കൂട്ടരും ഇന്നു നടത്തുന്നത്. ഇ എം എസിന്‍എറ കാലത്ത് വ്യക്തിപൂജയില്ല എന്ന ഇവരുടെ നിലപാടുതന്നെ തെറ്റാണ്.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

സത്യത്തില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ആശയപരവും പ്രായോഗികവുമായ തലം എന്നും സമഗ്രാധിപത്യം തന്നെയായിരുന്നു. കുറെ കാലം അതു മറച്ചുവെക്കാന്‍ അവര്‍ക്കായി, ഇപ്പോഴതിനു കഴിയുന്നില്ല എന്നു മാത്രമേയുള്ളു. വ്യത്യസ്ഥ അഭിപ്രായങ്ങള്‍ ഉന്നയിക്കുന്നവരോടും ദളിത് – ഫെമിനിസ്റ്റ് – പരിസ്ഥിതി – ആദിവാസി പ്രസ്ഥാനങ്ങളോടും ജനകീയ പോരാട്ടങ്ങേളാടുമെല്ലാം എന്നും പാര്‍ട്ടിയും പാര്‍ട്ടി നേതൃത്വത്തിലുള്ള സര്‍ക്കാരുകളും സ്വീകരിച്ചത് വ്യത്യസ്ഥമായ നയമായിരുന്നില്ല. ആത്യന്തികമായി ജനാധിപത്യത്തില്‍ കമ്യൂണിസ്റ്റ്ുകാര്‍ വിശ്വസിക്കുന്നുമില്ല. പകരം ലക്ഷ്യംം ഏകപാര്‍ട്ടി ഭരണം തന്നെ. അത്തരമൊരാശയവുമായി എങ്ങനെയാണ് എഴുത്തുകാര്‍ക്ക സഹകരിക്കാനാവുക എന്നത് അത്ഭുതകരമാണ്. എന്നാലതു നടക്കുന്ന പ്രദേശമാണ് കേരളം. ബുദ്ധിജീവികള്‍ 90 ശതമാനവും തങ്ങള്‍ക്കൊപ്പമാണെന്ന് പി രാജീവിനു പറയാനാകുന്നത് അതിനാലാണല്ലോ. വരാന്‍ പോകുന്ന സാഹിത്യ അക്കാദമിയുടെ ആഗോള സാഹിത്യോത്സവത്തില്‍ കമ്യൂണിസത്തേയോ പാര്‍ട്ടിയേയോ വിമര്‍ശിക്കുന്ന ആരേയും പങ്കെടുപ്പിക്കാതിരിക്കാന്‍ ഭാരവാഹികള്‍ പ്രത്യേകം ശ്രദ്ധിച്ചിട്ടുണ്ട് എ്‌നനതും കൂട്ടിവായിക്കാവുന്നതാണ്. അത്തരമൊരവസ്ഥ മാറാന്‍ എംടിയടക്കമുള്ളവരുടെ ഇപ്പോഴത്തെ വാക്കുകള്‍ സഹായകരമാകുമെങ്കില്‍ അത്രയും നന്ന്.

എംടിയെ കുറിച്ചു പറയുമ്പോള്‍ പലരും ചൂണ്ടികാണിച്ചിട്ടുള്ളതാണെങ്കിലും ഒരു വിഷയം ആവര്‍ത്തിക്കാതിരിക്കാനാവില്ല. കേരളത്തെ നായര്‍ കേരളമാക്കി മാറ്റിയതില്‍ അദ്ദേഹത്തിന്റെ പങ്ക് തള്ളിക്കളയാനാവില്ല. ഏറെ ചര്‍ച്ച ചെയ്ത വിഷയമായതിനാല്‍ അതിലേക്ക് ഇവിടെ കടക്കുന്നില്ല. അതിന്റെ പേരില്‍ ഇപ്പോഴത്തെ വിമര്‍ശനത്തെ തള്ളണമെന്നല്ല പറയുന്നത്. ഇന്ന് കേരള മന്ത്രിസഭയില്‍ പകുതി നായര്‍ വിഭാഗമാണെങ്കില്‍ അത്തരമൊരു സാഹചര്യം സൃഷ്ടിച്ച ചരിത്ര പ്രയാണത്തില്‍ എം ടിക്ക് പ്രധാന സ്ഥാനമുണ്ട്. അക്കാര്യത്തില്‍ ഒരു ആത്മപരിശോധന്കകുപോലും ഇതുവരേയും അദ്ദേഹം തയ്യാരായിട്ടുള്ളതായി അറിയില്ല. അരികുകളില്‍ നിന്നുള്ള കുറെ വിമര്‍ശനങ്ങളല്ലാതെ മുഖ്യധാരയില്‍ അദ്ദേഹത്തോട് ഈ വിമര്‍ശനം ഉന്നയിക്കാന്‍ ആര്‍ജ്ജവമുള്ളവര്‍ കേരളത്തിലുണ്ടോ എന്നു സംശയമാണ്. അത്രമാത്രം ശക്തമായ സാംസ്‌കാരിക അദികാര കേന്ദ്രമാണ് എം ടി.

വാല്‍ക്കഷ്ണം – സാഹിത്യ അക്കാദമി പ്രസിഡന്റിന്റെ കാലാവധി കഴിഞ്ഞ് പുത്തിറങ്ങുമ്പോള്‍ എം മുകുന്ദന്‍ എഴുതിയ ഒരു കാര്യം ഓര്‍മ്മ വരുന്നു. ‘ഞാന്‍ ലോകത്തെമ്പാടും നിരവധി സാംസ്ാകരിക സ്ഥാപനങ്ങളില്‍ പോയിട്ടുണ്ട്. അവിടങ്ങളിലെ ചര്‍ച്ചകളില്‍ പങ്കെടുത്തിട്ടുണ്ട്. എന്നാല്‍ ഏറ്റവും ഉയര്‍ന്ന നിലപാടുകളും ചര്‍ച്ചകളും കേട്ടത് കേരള സാഹിത്യ അക്കദമിയുടെ മുറ്റത്തുവന്നിരിക്കുന്നവരില്‍ നിന്നാണ്. അകത്തുള്ളവരില്‍ നിന്നല്ല’ എന്നായിരുന്നു അത്. ഒരു പണിയുമില്ലാത്തവര്‍ എന്നാരോപിച്ച് മുറ്റത്തു വന്നിരിക്കുന്നവരെ അതിനനുവദിക്കാതിരിക്കാന്‍ അക്കാദമി ഉദ്യോഗസ്ഥരും ഭാരവാഹികളും ശ്രമിക്കുമ്പോഴായിരുന്നു അഞ്ചുവര്‍ഷത്തെ അനുഭവത്തിനുശേഷം മുകുന്ദന്‍ ഇത്തരത്തില്‍ എഴുതിയത്. അല്ലെങ്കിലും നിലപാടുകളുള്ളവര്‍ എന്നും അക്കാദമികള്‍ക്കും അധികാരകേന്ദ്രങ്ങള്‍ക്കും പുറത്തായിരിക്കുമല്ലോ.

 

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Be the first to write a comment.

Leave a Reply