ബ്രാഹ്മണ്യം കേരളത്തോട് ചെയ്തത്.

മിത്തുകളെ ചരിത്രത്തോട് കൂട്ടിക്കെട്ടാനുള്ള ശ്രമങ്ങള്‍ക്ക് സഹസ്രാബ്ദങ്ങളുടെ പഴക്കമുണ്ട്.വൈദിക ബ്രാഹ്മണ്യം അവരുടെ ഇരിപ്പിടത്തിന്റെ അടിത്തറയുറപ്പിച്ചത് ഐതിഹ്യങ്ങളില്‍ നിറംപിടിപ്പിച്ചു കൊണ്ടായിരുന്നു. പരശുരാമന്‍, വാമനന്‍, അയ്യപ്പന്‍, പറയിപെറ്റ പന്തിരുകുലം തുടങ്ങിയ ഐതിഹ്യങ്ങള്‍ തന്നെ ഉദാഹരണം. കേരളത്തിലെ ആദിമ നിവാസികളെ ഈ മിത്തുകള്‍ ഉയര്‍ത്തിക്കാട്ടി പേടിപ്പിച്ചും പ്രീണിപ്പിച്ചുമാണ് അവര്‍ അധീശത്വം സ്ഥാപിച്ചെടുത്തതും സംഘപരിവാര്‍ ഇന്നുള്ള പ്രത്യയശാസ്ത്ര അടിത്തറ സജ്ജമാക്കിയതും.

മുസ്ലിംകളും മറ്റ് പിന്നോക്ക വിഭാഗങ്ങളും അപരവല്‍ക്കരിക്കപ്പെടുന്ന ഈ ഫാസിസ്റ്റ്കാലത്ത് ഇവിടത്തെ ആദിമ സംസ്‌കൃതികളെ വൈദിക ബ്രാഹ്മണ്യം എവ്വിധമാണ് അപരവല്‍ക്കരിച്ചത് എന്ന ഒരു അന്വേഷണമാണിത്. സുമാര്‍ ഒരു സഹസ്രാബ്ദം മുന്‍പ് നടന്ന അത്തരം ഒരു അപരവല്‍ക്കരണം തന്നേയാണ് ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും ഇന്ത്യയില്‍ വൈദിക ബ്രാഹ്മണ്യം ലക്ഷ്യമിടുന്നത് എന്നതാണ് ഈ അന്വേഷണത്തിന്റെ പ്രസക്തി. Attempts to link myth to history date back millennia. Legends like Parasuraman, vamanan, Ayyappan and Parajipeta Pantirukulam are examples.

എഡി ആറാം നൂറ്റാണ്ട് മുതല്‍ക്ക് തന്നെ നമ്പൂതിരിമാര്‍ കേരളത്തില്‍ വന്നു ചേരുന്നുണ്ട്. എങ്കിലും ഇവിടെ ശാഖോപശാഖകളായി പടര്‍ന്നു പന്തലിച്ച് നിന്നിരുന്ന ശക്തവും ബഹുസ്വരവുമായ വിവിധ ദ്രാവിഡ സംസ്‌കൃതികളുടെ സാന്നിദ്ധ്യത്തില്‍ അവര്‍ക്ക് ഈ മണ്ണില്‍ വേര് പിടിപ്പിക്കാനായില്ല. അതിന് കാരണം ശൈവ ബൗദ്ധ ജൈന വിഭാഗങ്ങളുടെ ഇവിടത്തെ ശക്തമായ സാന്നിദ്ധ്യമായിരുന്നു. സാമൂഹിക രാഷ്ട്രീയ സാംസ്‌കാരിക രംഗങ്ങളില്‍ മാത്രമല്ല, കാര്‍ഷിക മേഖലയിലും അവര്‍ക്ക് അപ്രമാദിത്വമുണ്ടായിരുന്നു. ഇതിനെ വെല്ലുവിളിക്കുക എളുപ്പമായിരുന്നില്ല. കാവുകളും പ്രതിഷ്ഠകളും അവരുടെ പ്രതിനിധാനങ്ങളെ പുഷ്‌കലമാക്കിയിരുന്നു. പള്ളിയും പള്ളിക്കൂടങ്ങളും സ്ഥാപിച്ച് സാംസ്‌കാരിക ഔന്നത്യം പ്രാപിച്ചിരുന്നു മറ്റു ചിലര്‍.

ഈ വിധം സാംസ്‌കാരികമായി ഔന്നത്യം പ്രാപിച്ച ജനസഞ്ജയങ്ങളായിരുന്നു ഇവിടെ നിലനിന്നിരുന്നവരെല്ലാം. അവരാണ് മലയോര പ്രദേശങ്ങളില്‍ കാട് വെട്ടിത്തെളിച്ച് പുനംകൃഷിയും പാര്‍പ്പിട പരിസരങ്ങള്‍ വളച്ചു കെട്ടി ചേരിക്കല്‍ കൃഷിയും ആദ്യമായി ആവിഷ്‌കരിച്ചത്. കൃഷിക്ക് അനുയോജ്യമായ കൈക്കോട്ട് കലപ്പ തുടങ്ങിയ പണിയായുധങ്ങളും ഇദം പ്രഥമമായി നാട്ടില്‍ പരീക്ഷിച്ചതും അവരായിരുന്നു. ഇമ്മട്ടില്‍ സമൂഹത്തില്‍ വേരാഴ്ത്തി നിന്ന ഈ സംസ്‌കൃതിളെ അത്ര എളുപ്പത്തില്‍ തൂത്തെറിയുക പ്രയാസകരമായിരുന്നു.

എങ്കില്‍ വൈദിക അപ്രമാദിത്വം എങ്ങിനെയാണ് അവരിവിടെ സ്ഥാപിച്ചെടുത്തത് എന്ന ചോദ്യം വരുന്നു. അതിന്റെ ഉത്തരത്തിനാകട്ടെ അന്ന് ഈ നാട്ടില്‍ അജയ്യമായി നില നിന്നിരുന്ന ശൈവ ബൗദ്ധ ജൈന സംസ്‌കൃതികളെ അവര്‍ അപരവല്‍ക്കരിച്ച ചരിത്രത്തിലൂടെ സഞ്ചരിക്കണം. ചരിത്രമെന്ന മട്ടില്‍ ഇവിടെ അടിച്ചേല്‍പ്പിച്ച സവര്‍ണ്ണ മിത്തുകളും ഐതിഹ്യങ്ങളും പരിശോധിക്കണം. പരശുരാമന്‍ മഴുവെറിഞ്ഞു കേരളം സൃഷ്ടിച്ചു എന്ന ഐത്യഹ്യമുണ്ടല്ലോ. കേവലം ഐതിഹ്യം എന്നതില്‍ കവിഞ്ഞ് സവര്‍ണ്ണ കുരുട്ടുതന്ത്രങ്ങളുടെ ആന്തരാര്‍ത്ഥങ്ങള്‍ ഈ മിത്തുകള്‍ സൂഷ്മമായി ചികഞ്ഞാല്‍ തെളിഞ്ഞു വരും. അതില്‍ ഒളിഞ്ഞിരിപ്പുള്ള ചതിയുടേയും വഞ്ചനയുടേയും യഥാതഥമായ വസ്തുതകള്‍ വിവേചിച്ചറിയുക എന്നത് നമ്മുടെ കാലഘട്ടത്തില്‍ പ്രസക്തിയുള്ള കാര്യമാണ്.

പരശുരാമകഥ.

വൈദിക ദര്‍ശനങ്ങളിലെ ആറാമത്തെ അവതാരമാണല്ലോ പരശുരാമന്‍ എന്ന ബ്രാഹ്മണ പരാക്രമി. പരമശിവന്‍ നല്‍കിയ മഴുവുമായാണ് അദ്ദേഹം കേരളത്തിലേക്ക് കാലെടുത്തു വെക്കുന്നത്. ആ മഴുവുമായി അയാള്‍ ആദ്യം ക്ഷത്രിയരെ കൂട്ടക്കുരുതി നടത്തി എന്നാണ് ഐതിഹ്യം. ഈ കെട്ടുകഥക്ക് പിറകിലുള്ള വിരോധാഭാസം ശ്രദ്ധിക്കണം. കാരണം ഇവിടെയുള്ളവരെ കൊന്നൊടുക്കിയെങ്കില്‍ ആ ഇടം പരശുരാമന്‍ മഴു എറിഞ്ഞു കേരളം സൃഷ്ടിക്കുന്നതിന് മുമ്പേ ഇവിടെ നില നിന്നിരുന്നു എന്ന് അര്‍ത്ഥമുണ്ടല്ലോ. മഴു എറിഞ്ഞതിനെ തുടര്‍ന്ന് രൂപം കൊണ്ടുവെന്ന കെട്ടുകഥയുടെ പരിഹാസ്യതയാണ് ഇത് വെളിവാക്കുന്നത്.ഏതായാലും ഈ നരമേധത്തില്‍ അദ്ദേഹത്തിന് മനസ്ഥാപം വരികയും അങ്ങിനെ തന്റെ പാപത്തിന് പ്രതിക്രിയ ചെയ്യുകയും ചെയ്തു എന്നാണ് ഐതിഹ്യത്തിലുള്ളത്. അതിന് ശേഷം വടക്ക് നിന്ന് കൊണ്ടുവന്ന അറുപത്തിനാല് ബ്രാഹ്മണ കുടുംബങ്ങളെ ഇവിടെ കുടിയിരുത്തി എന്നും കേരളമാഹാത്മ്യം ഐതിഹ്യമാല തുടങ്ങിയ ആദിമ ചരിത്ര?കൃതികളില്‍ വായിക്കാം.

ഈ കുടിയിരുത്തലിന് പിന്നില്‍ പക്ഷെ, യഥാര്‍ത്ഥ്യത്തിന്റെ ചില അംശങ്ങളുണ്ട് എന്നത് ശരിയാണ്. എന്നാല്‍ ഗോകര്‍ണ്ണത്ത് നിന്ന് കന്യാകുമാരിയിലേക്ക് പരശു ചുഴറ്റി എന്ന മിത്തിന്റെ പിറകിലുള്ള ചരിത്രം വിഡ്ഢിത്തമാണെങ്കിലും അത് വിശകലനം ചെയ്തു നോക്കുന്നത് രസാവഹമാണ്. പരശുരാമന്‍ നിഗ്രഹിച്ചത് ക്ഷത്രിയരെയായിരുന്നു എന്ന് വിശ്വസിക്കുന്നതിലും വലിയ വിരോധാഭാസമുണ്ട്. കാരണം മുന്‍പ് കാലത്തോ അക്കാലത്തോ ക്ഷത്രിയര്‍ ഇവിടെ അധിവസിച്ചിരുന്നു എന്നതിന് ചരിത്രത്തില്‍ ഒരു തെളിവും കാണുന്നില്ല. ശൂദ്ര വിഭാഗമായ നായര്‍ സമൂഹത്തിന് ക്ഷത്രിയ പദവിയിലേക്കുയര്‍ത്തി ബ്രാഹ്മണര്‍ പില്‍ക്കാലത്ത് കൂടെ കൂട്ടുകയായിരുന്നു എന്നാണ് ഭൂരിഭാഗം ചരിത്രകാരന്മാരും അഭിപ്രായപ്പെടുന്നത്.

വടക്ക് കിഴക്കന്‍ ഇന്ത്യയില്‍ നിന്ന് ശ്രീലങ്ക വഴിയോ മറ്റോ കേരളത്തിലേക്ക് കുടിയേറിയ ഒരു വിഭാഗമായിരുന്നു നായ(നാഗ?)ന്മാര്‍ എന്നത് ചരിത്രത്തില്‍ ചിതറിക്കിടപ്പുള്ള വസ്തുതയാണ്. ബ്രാഹ്മണരുടെ വെട്ടിപ്പിടുത്തങ്ങള്‍ക്ക് പിന്തുണ നല്‍കി നായന്മാര്‍ അനുയായികളായി കൂടെ നിന്നപ്പോള്‍ അത് ഇരുകൂട്ടര്‍ക്കും (ബ്രാഹ്മണര്‍ക്കും നായന്മാര്‍ക്കും) ലാഭക്കച്ചവടമായി. അതെന്തായാലും പരശുരാമന്‍ കൊന്നൊടുക്കിയത് ക്ഷത്രിയരെയല്ല മറിച്ച്, ഇന്നാട്ടിലെ ബൗദ്ധരും ജൈനരും അടങ്ങുന്ന ആദിമനിവാസികളായ ദ്രാവിഢ വര്‍ഗ്ഗത്തെ തന്നെയായിരുന്നു എന്നര്‍ത്ഥം.

കടന്നു വന്ന ബ്രാഹ്മണര്‍ ഈ നായന്മാരുടെ പിന്‍ബലത്തോടെ ഇവിടത്തെ സ്വത്തില്‍ ആധിപത്യം സ്ഥാപിക്കുകയാണ് ആദ്യം ചെയ്തത്. നായര്‍ വിഭാഗങ്ങള്‍ അതിനെ പിന്തുണച്ച് ഏറാന്‍മൂളികളായി കൂടെ നിന്നത് കൊണ്ട് അവര്‍ക്കും കാര്യമുണ്ടായി. നായന്മാര്‍ ബ്രാഹ്മണരുടെ ആജ്ഞകള്‍ നടപ്പിലാക്കുന്ന ചട്ടുകങ്ങളായാണ് പ്രവര്‍ത്തിച്ചത്.വൈദികമായ യാഗങ്ങളും യജ്ഞങ്ങളും നടത്തി അവര്‍ സവര്‍ണ്ണ ദൈവങ്ങളെ കുടിയിരുത്തി. ദൈവത്തിന്റെ പ്രാതിനിധ്യം സ്വയം ഏറ്റെടുത്ത് നാട്ടുവാസികളെ പേടിപ്പിച്ചും പലപ്പോഴും പീഢിപ്പിച്ചും വരുതിയിലേക്ക് കൊണ്ടുവന്നു. സവര്‍ണ്ണ വിശ്വാസങ്ങളും ആചാര അനുഷ്ഠാനങ്ങളും ഇവിടത്തെ ജനങ്ങളില്‍ അടിച്ചേല്‍പ്പിച്ചു. അങ്ങിനെയാണ് വൈദിക ആചാരാനുഷ്ഠാനങ്ങള്‍ ഈ മിത്തുകളുടെ ബലത്തില്‍ കാലാന്തരങ്ങളിലൂടെ പൊതുസമ്മതിയുള്ള വിശ്വാസത്തിന്റെ ഭാഗമായത്. വര്‍ണ്ണാശ്രമധര്‍മ്മങ്ങള്‍ ഉപയോഗപ്പെടുത്തി മനുഷ്യനെ കള്ളിതിരിക്കുന്ന പ്രവണതയും അന്ന് മുതലാവണം കേരളത്തില്‍
വേരോടിയത്.

ഇതിനെ തുടര്‍ന്ന് ദ്രാവിഡരുടെ ആരാധനാലയങ്ങള്‍ കയ്യേറി അവരുടെ കാവുകളിലും തറകളിലും സവര്‍ണ്ണ പ്രതിഷ്ഠകളും ഈ ബ്രാഹ്മണ മേധാവികള്‍ മാറ്റി സ്ഥാപിച്ചിരിക്കാം. ഇന്ന് കേരളത്തില്‍ കാണുന്ന പല ക്ഷേത്രങ്ങളും ഇവര്‍ ഇമ്മട്ടില്‍ പിടിച്ചെടുത്തതാണ്. ഇരിഞ്ഞാലക്കുട കൂടല്‍ മാണിക്യക്ഷേത്രം ശബരിമല അയ്യപ്പക്ഷേത്രം തൃശൂര്‍ വടക്കുന്നാഥ ക്ഷേത്രം തുടങ്ങിയവ ഇതില്‍ ചിലത് മാത്രം.

ശബരിമലക്ക് പിന്നില്‍

ശൈവ വിഭാഗങ്ങളെ വൈദിക ബ്രാഹ്മണ്യത്തോട് കണ്ണി ചേര്‍ക്കാനും ശബരിമലയുടെ യഥാര്‍ത്ഥ ചരിത്രം തമസ്‌ക്കരിക്കാനും ഇവര്‍ പുതിയ കഥകള്‍ മെനഞ്ഞുണ്ടാക്കിയത് മിത്തുകളില്‍ ഒളിപ്പിച്ചുവെച്ച ഇത്തരം ചരിത്രങ്ങള്‍ ചികഞ്ഞ് വേറെയും നമുക്ക് ഉരുത്തിരിച്ചെടുക്കാനാവും അവയിലൊന്നാണ് പാകമാകാത്ത കുപ്പായം പോലെ ശബരിമല അയ്യപ്പ പ്രതിഷ്ഠയുടെ പിന്നില്‍ തുന്നിച്ചേര്‍ത്ത ഐതിഹ്യം. ദക്ഷിണേന്ത്യയിലെ ശൈവ വിഭാഗങ്ങളെ അത്ര എളുപ്പം മെരുക്കിയെടുക്കാനാവില്ല എന്ന് മനസിലാക്കിയാവണം ഒരു വിധത്തിലും കണ്ണി ചേരാത്ത ശിവനേയും മഹാവിഷ്ണുവിനേയും കൂട്ടിക്കെട്ടി പുതിയ ഐതിഹ്യം അവര്‍ മെനഞ്ഞുണ്ടാക്കിയത്.ഇവിടെ സൗഹൃദപൂര്‍വ്വം വസിക്കുന്ന ശൈവ ബൗദ്ധ ജൈന വിഭാഗങ്ങളെ നേരിട്ടെതിര്‍ക്കാന്‍ ബ്രാഹ്മണര്‍ക്ക് സാധിക്കുമായിരുന്നില്ല. അപ്പോള്‍ പിന്നെ ഇവരില്‍ ഒരു കൂട്ടരെ കൂടെ കൂട്ടി മറ്റുള്ളവരെ എതിര്‍ക്കുക എന്ന പുതിയ തന്ത്രം അവര്‍ ആവിഷകരിച്ചതാവാം. ഏതായാലും ഈ മിത്തിന്റെ ബലത്തില്‍ നൂറ്റാണ്ടുകളായി പോരടിച്ച ശൈവവിഭാഗത്തെ വൈദിക ശ്രേണിയി ലേക്ക് മാര്‍ഗ്ഗം കൂട്ടുന്നതില്‍ അവര്‍ വിജയിച്ചു എന്നതിന് നിദര്‍ശനമാണ് ശബരിമലയെ ചുറ്റിപ്പറ്റി ഇവര്‍ ഉയര്‍ത്തിക്കൊണ്ടു വന്ന ഐതിഹ്യം.

ഒരിക്കല്‍ ഒരസുരന്‍ പരമശിവനെ പ്രാപിക്കാന്‍ തപസ്സ് ചെയ്തു.കാലങ്ങള്‍ നീണ്ട തപസിനൊടുവില്‍ ശിവന്‍ പ്രത്യക്ഷപ്പെട്ട് എന്ത് വരമാണ് വേണ്ടത് എന്ന് അസുരനോട് ചോദിച്ചു. ഞാന്‍ ആരുടെ നേരെ വിരല്‍ ചൂണ്ടുന്നുവോ ആ ആള്‍ ഭസ്മമാകണം എന്നതായിരുന്നു അസുരന്‍ ആവശ്യപ്പെട്ട വരം. വിചിത്രമായിരുന്നു വരമെങ്കിലും തന്നെ തപസ്സ് ചെയ്ത അസുരന്ന് വരം കൊടുക്കുകയല്ലാതെ ശിവന് നിര്‍വ്വാഹമില്ലായിരുന്നു.എന്നാല്‍ ശിവന്‍ കൊടുത്ത വരം പരീക്ഷിക്കാന്‍ അസുരന്‍ ശിവനെ തന്നെ തിരഞ്ഞെടുക്കുകയാണുണ്ടായത്. ഗത്യന്തരമില്ലാതെ ശിവന്‍ പിന്തിരിഞ്ഞോടി. ശിവന്റെ ഈ നിസ്സഹയാവസ്ഥ കണ്ട് മഹാവിഷ്ണുവിന് മനസലിഞ്ഞു. എങ്ങിനെയെങ്കിലും ശിവനെ ഈ ആപല്‍സന്ധിയില്‍ നിന്ന് രക്ഷിക്കണമെന്നുറച്ച് വിഷ്ണു മോഹിനിയുടെ രൂപം പ്രാപിച്ച് ഭസ്മാസുരന് വഴിയില്‍ തടസ്സം സൃഷ്ടിച്ചു. മോഹിനിയുടെ സൗന്ദര്യത്തില്‍ ആകൃഷ്ടനായ ഭസ്മാസുരന്‍ അവളില്‍ അനുരക്തയായി വിവാഹാഭ്യര്‍ത്ഥന നടത്തി. എന്നാല്‍ മോഹിനി ഒരു ഉപാധി വെച്ചു. എനിക്ക് താങ്കളുടെ ഭാര്യാ പദവി അലങ്കരിക്കുന്നതില്‍ എതിരഭിപ്രായമൊന്നുമില്ല. പക്ഷെ എന്നേക്കാള്‍ സൗന്ദര്യമുള്ള ഒരു സ്ത്രീയെ കണ്ടെത്തിയാല്‍ താങ്കള്‍ എന്നെ ഉപേക്ഷിക്കില്ല എന്ന് എനിക്ക് ഉറപ്പ് കിട്ടണം.അതിനാല്‍ സ്വന്തം നെഞ്ചത്ത് വിരല്‍ചൂണ്ടി മറ്റൊരുത്തിയെ വരിക്കില്ല എന്ന് അങ്ങ് സത്യം ചെയ്യണം. ഇതായിരുന്നു ആ ഉപാദി.മോഹിനിയുടെ സൗന്ദര്യത്തില്‍ ഭ്രമിച്ച ഭസ്മാസുരന്‍ തന്റെ വിരലിലിരിക്കുന്ന അപകടകരമായ വരത്തിന്റെ ശക്തി മറന്ന് സ്വന്തം നെഞ്ചിലേക്ക് വിരല്‍ ചൂണ്ടി. അങ്ങനെ അസുരന്‍ താന്‍ നേടിയ തപശക്തി കൊണ്ടു തന്നെ ഭസ്മമായി.

ശിവന്‍, താന്‍ എങ്ങിനെയാണ് ഭസ്മാസുരനില്‍ നിന്ന് രക്ഷപ്പെട്ടത് എന്നറിയാനുള്ള ആകാംക്ഷയില്‍ വിഷ്ണുവിനെ സമീപിച്ചു. താന്‍ ദേവന്മാരെ നിലക്ക് നിര്‍ത്താന്‍ ഉപയോഗിച്ച മോഹിനിയുടെ രൂപം പൂണ്ട് ഭസ്മാസുരന്റെ ശ്രദ്ധ തിരിക്കുകയായിരുന്നു എന്ന് വിഷ്ണു മറുപടി കൊടുത്തു. എങ്കില്‍ പിന്നെ ആ മോഹിനിയുടെ രൂപം തനിക്കും ഒന്ന് കാണണമെന്നായി ശിവന്‍. വിഷ്ണു മോഹിനിയുടെ രൂപം പൂണ്ട് പരമശിവന്റ മുന്നില്‍ പ്രത്യക്ഷപ്പെട്ടതോടെ ശിവന്‍ അവളില്‍ അനുരക്തയായി. ആ ബന്ധത്തില്‍ പിറന്ന കുഞ്ഞിനെയാണ് അയ്യപ്പനായി ശബരിമലയില്‍ കുടിയിരുത്തിയത് എന്നാണ് അവര്‍ മെനെഞ്ഞെടുത്ത കഥ. ഈ ഒരു മിത്തിലൂടെയാണ് വൈദിക ബ്രാഹ്മണ്യം ശൈവരുമായി കൈകോര്‍ത്തത്.

ഈ ഐതിഹ്യത്തെ ഇന്നത്തെ പല ചരിത്രകാരന്മാരും കെട്ടുകഥയായി മാത്രമാണ് കാണുന്നത്. യഥാര്‍ത്ഥ ശബരിമല ചരിത്രം തേടിപ്പോയാല്‍ അവിടെ ശ്രീബുദ്ധന്റെ പ്രതിഷ്ഠയാണ് കാണുക. ഈ വസ്തുത ഇതു സംബന്ധമായി പഠനം നടത്തിയ ചരിത്രകാരന്മാര്‍ അംഗീകരിച്ചതാണ്. ശബരിമലയിലെ ശരണ മന്ത്രങ്ങള്‍ പോലും ബൗദ്ധമാണ് എന്നവര്‍ പറയുന്നു. (ബുദ്ധം ശരണംഗച്ഛാമി / സ്വാമീ ശരണം). വൈദിക ദര്‍ശങ്ങളില്‍ എവിടേയും ഇത്തരം ഒരു ശരണംവിളി കടന്നു വരുന്നില്ല എന്നതും കാണണം. പതിനെട്ടാം പടി എന്ന സങ്കല്‍പ്പം പോലും ബുദ്ധന്റെ നാലുവിശുദ്ധസത്യങ്ങളും എട്ട് ഗുണങ്ങളും മറ്റും അന്തര്‍ലീനമായ അതിന്റെ അടിസ്ഥാന പ്രമാണങ്ങളെയാണ് പ്രതിനിധീകരിക്കുന്നത്.അയ്യപ്പന്‍ എന്നതിലെ അയ്യന്‍ തമിഴില്‍ ബുദ്ധനെ സൂചിപ്പിക്കുന്നു.സംഘ സാഹിത്യങ്ങളിലെ സൂചനകളെല്ലാം ഇത് വ്യക്തമാക്കുന്നു. സംഘ കാലഘട്ടം തന്നെ ബൗദ്ധകാലഘട്ടമായിരുന്നു. ചേരമാന്‍ പെരുമാള്‍ പോലും ബുദ്ധമതത്തില്‍ നിന്നാണ് ഇസ്ലാമിലേക്ക് വരുന്നത്. അതു കൊണ്ടു തന്നേയാണ് മുസ്ലിംകളെ ബൗദ്ധര്‍ എന്ന് ചിലര്‍ വിശേഷിപ്പിക്കുന്നത്.

ഇതിനൊക്കെ പുറമെ ശബരിമലയില്‍ കുടിയിരുത്തിയിരിക്കുന്ന അയ്യപ്പ വിഗ്രഹം ശ്രദ്ധിക്കുക. അത് ബുദ്ധനോട് എത്രമാത്രം സാമ്യപ്പെട്ടിരിക്കുന്നു എന്ന് നോക്കുക. പമ്പയുടെ തീരത്ത് അനാഥനായി കിടന്ന മണികണ്ഠന്‍ എന്ന അയ്യപ്പനെ മക്കളില്ലാത്ത പന്തളം രാജാവ് എടുത്തു വളര്‍ത്തി ശബരിഗിരിയില്‍ കുടിയിരുത്തി എന്നാണ് പറയപ്പെടുന്നത്.എത്ര കൂട്ടിക്കിഴിച്ചാലും പന്തളം രാജ വംശത്തിന് പത്ത് നൂറ്റാണ്ടിന്റെ ചരിത്രമില്ല എന്നത് തന്നെ ഇക്കഥ സവര്‍ണ്ണ ബ്രാഹ്മണ്യം പിന്നീട് തുന്നിച്ചേ ര്‍ത്തതാണ് എന്നതിന് ഏറ്റവും വലിയ തെളിവാണ്. ശൈവ വിഭാഗങ്ങളെ കൂടെ കൂട്ടുക എന്നതിനുപരി ബൗദ്ധമായ ശബരിമല പോലുള്ള ആരാധനാലയങ്ങള്‍ പിടിച്ചെടുക്കാനുള്ള തന്ത്രത്തിന്റെ ഭാഗമായിരുന്നു മുന്‍പറഞ്ഞ ശിവനും മോഹിനിയും ഉള്‍പെട്ട ഐതിഹ്യം കെട്ടിച്ചമച്ചതിന് പിന്നില്‍ എന്നും പറയാം.

മഹാബലി എന്ന മിത്ത്

സവര്‍ണ്ണ ബ്രാഹ്മണ്യം ബോധപൂര്‍വ്വം മെനഞ്ഞെടുത്ത മറ്റൊരു കഥയാണ്, കേരളീയര്‍ ദേശീയ ഉല്‍സവം എന്ന പേരില്‍ ആഘോഷിക്കുന്ന ഓണത്തിന് പിറകിലുള്ളത്. ചരിത്രത്തില്‍ തുല്യതയില്ലാത്ത ഒരു കടുത്ത വഞ്ചനയുടെ ചരിത്രമാണത്. വൈദിക ബ്രാഹ്മണ്യത്തിന്റെ മനുഷ്യത്വ വിരുദ്ധ വാഴ്ചയുടെ കാലത്ത്, സമത്വത്തിലും നീതിയിലും അധിഷ്ഠിതമായി നില നിന്ന ഒരു മാതൃകാ ഭരണാധികാരിയെ അവര്‍ക്ക് പൊറുപ്പിക്കാന്‍ ആകുമായിരുന്നില്ല. അതുകൊണ്ടു തന്നെ എവ്വിധമാണ് ആ സല്‍ഭരണം തൂത്തെറിഞ്ഞത് എന്ന് ഇക്കഥയില്‍ അനാവരണം ചെയ്യപ്പെടുന്നു. കള്ളവും ചതിവുമില്ലാതെ നീതി നിഷ്ഠമായ ഒരു ഭരണത്തെയാണ് ബ്രാഹ്മണ്യം പാതാളത്തിലേക്ക് ചവിട്ടി ത്താഴ്ത്തിയത്. മഹാബലി ഒരു അസുര (ദ്രാവിഡ)ചക്രവര്‍ത്തിയായിപ്പോയി എന്നതായിരുന്നു അയാളുടെ തെറ്റ്.

വൈദികമായ ഒരു ഗ്രന്ഥങ്ങളിലും മറ്റൊരു പോരായ്മ മഹാബലിയില്‍ ഉള്ളതായി ആരോപിക്കുന്നില്ല എന്നതും കാണണം. പ്രഹ്ലാദ പൗത്രനായ മഹാബലി അഹംഭാവി ആയിരുന്നു എന്നതായിരുന്നു പ്രശ്‌നം. വൈദിക വാറോലകള്‍ പരിശോധിച്ചാല്‍ അഹംഭാവത്തിന്റെ മൂര്‍ത്തീഭാവമായിരുന്നു അവരുടെ ഓരോ ഭരണാധികാരികളും. ദേവേന്ദ്രന്‍ മുതല്‍ക്കുള്ള ആര്യദൈവങ്ങളുടേയെല്ലാം അടിസ്ഥാന ഭാവം അഹന്തയായിരുന്നു. കുരുക്ഷേത്ര യുദ്ധത്തിന്റയും രാവണ നിഗ്രഹത്തിന്റേയും അടിസ്ഥാന കാരണം ഇവരില്‍ അന്തര്‍ലീനമായ അഹന്തയും ആഢ്യമനസ്ഥിതിയും ആയിരുന്നു എന്ന് ആര്‍ക്കും നിഷേധിക്കാനാവില്ല. ആ ഭരണം ദേവന്മാര്‍ക്ക് ഇഷ്ടപ്പെട്ടില്ല എന്നത് മാത്രമായിരുന്നു മഹാവിഷ്ണു വാമനന്റെ വേഷത്തില്‍ ബലി സമക്ഷം ഭിക്ഷ തേടാന്‍ കാരണം. ദേവന്മാരേക്കാള്‍ നീതി നിഷ്ഠമായി ഒരു ഭരണം നടത്താന്‍ ഒരു അസുരന് അവകാശമില്ല എന്നത് അഹന്തയല്ലെങ്കില്‍ മറ്റെന്താണ്? ചുരുക്കി പറഞ്ഞാല്‍ ദേവന്മാരേക്കാള്‍ നന്നായി ഒരു ക്ഷേമരാഷ്ട്രം സൃഷ്ടിക്കാനും സമഭാവനയോടെയും പ്രജാക്ഷേമതല്‍പ്പരതയോടെ ഭരിക്കാനും ഒരു അസുര ചക്രവര്‍ത്തിക്ക് അവകാശമില്ല എന്ന് തന്നേയാണ് ഇവിടെ അര്‍ത്ഥം വരുന്നത്.

മൂന്നാം അടി അളന്നെടുക്കാന്‍ വാമനന് മുന്നില്‍ അന്ന് തല കുനിച്ച മഹാബലി സത്യത്തില്‍ വൈദിക ബ്രാഹ്മണ്യത്തിന് മുന്നില്‍ കീഴടങ്ങുകയായിരുന്നു. ഈ വഞ്ചന മഹാബലി മുന്‍കൂട്ടിഅറിയുന്നുണ്ട്. എങ്കിലും തന്റെ സത്യസന്ധതയും നീതിബോധവും ദൈവഭക്തിയും വാക്ക് മാറുന്നതില്‍ നിന്ന് അദ്ദേഹത്തെ വിലക്കുന്നു. ഏതായാലും ബലിയുടെ കീഴടക്കം. ആര്യ മേല്‍ക്കോയ്മക്ക് മുന്നില്‍ പഞ്ചപുച്ചമട ക്കിയ ദ്രാവിഡന്റെ നെഞ്ചത്തടിച്ച അവ സാന ആണിയായിരുന്നു എന്നതില്‍ തര്‍ക്കമില്ല. ചരിത്രത്തില്‍ തുല്യതയില്ലാത്ത ഈ നീതി നിഷേധത്തിന്റെ നേര്‍സാക്ഷ്യമായ ഈ മിത്ത് ഇനിയും മാറ്റിയെഴുതാനാണ് സവര്‍ണ്ണ അധികാരി വര്‍ഗ്ഗം ഇന്ന് ശ്രമിക്കുന്നത്. അതിന്റെ ഉദാഹരണമാണ് ഓണം വാമന ജയന്തിയായി ആഘോഷിക്കണം എന്ന സംഘ്പരിവാര്‍ മുറവിളി.

പറയിപെറ്റ പന്തിരുകുലം.

വൈദിക ബ്രാഹ്മണ്യം പടച്ചുവിട്ട മറ്റൊരു മിത്തായിരുന്നു പറയിപെറ്റ പന്തിരുകുലം. വിക്രമാദിത്യ സദസ്സിലെ നവരത്‌നങ്ങളില്‍ ഏറ്റവും പ്രാമാണികനായിരുന്നു വരരുചി എന്ന ബ്രാഹ്മണന്‍. രാജകൊട്ടാരത്തിലെ പണ്ഡിതസദസ്സില്‍ വെച്ച് രാമായണത്തിലെ ഏറ്റവും പ്രമാദമായ ശ്ലോകം ഏത് എന്ന ചോദ്യം വിക്രമാദിത്യന്‍ സദസിന് മുന്നില്‍ വെക്കുന്നു. ഉത്തരം പറയാനാവാതെ പണ്ഡിത ശ്രേഷ്ഠന്‍മാര്‍ തല കുനിച്ചപ്പോള്‍ ആ ദൗത്യം വരരുചിയെ രാജാവ് എല്‍പ്പിക്കുന്നു.വരരുചി ഉത്തരം തേടി അലഞ്ഞ് തളര്‍ന്ന് ഒരു വടവൃക്ഷച്ചുവട്ടില്‍ വിശ്രമിക്കുകയായിരുന്നു.

ഈ സമയം മരക്കൊമ്പിലിരുന്ന രണ്ട് പക്ഷികള്‍ പരസ്പരം സംസാരിക്കുന്നത് പക്ഷികളുടെ ഭാഷ വശമായിരുന്ന വരരുചി ശ്രദ്ധിക്കുന്നു.”വിദ്ധി, മാം വിദ്ധി ജനകാത്മജാം” എന്ന രാമായണത്തിലെ ശ്രേഷ്ഠശ്ലോകം പോലും അറിയാത്ത ഒരു വിഡ്ഢിയായ ബ്രാഹ്മണനെ കണ്ടില്ലേ, ആ പാവം എത്ര ജാതി ശ്രേഷ്ഠനായിരുന്നിട്ടെന്ത് ഫലം.അയാള്‍ ഒരു ശൂദ്ര സത്രീയുടെ ഭര്‍ത്താവാകാന്‍ വിധിക്കപ്പെട്ടവനാണ്. ‘ പക്ഷികളുടെ ഈ സല്ലാപം കേട്ട് വരരുചിയെ സന്തോഷവും സന്താപവും ഒരു പോലെ അലട്ടി. താന്‍ തേടി നടന്ന ശ്ലോകം കണ്ടെത്തിയതില്‍ ആഹ്ലാദം തോന്നിയപ്പോഴും തനിക്കൊരു ശൂദ്രസ്ത്രീയെ പരിണയം ചെയ്യേണ്ടി വരുമെന്ന് ഓര്‍ത്തപ്പോള്‍ അയാള്‍ വല്ലാതെ അസ്വസ്ഥനായി. ഇതിനെ മറികടക്കുക എന്നത് മാത്രമായി പിന്നീട് വരരുചിയുടെ ലക്ഷ്യം.

വിക്രമാദിത്യ സദസില്‍ താന്‍ കണ്ടെത്തിയ രാമായണത്തിലെ ശ്രേഷ്ഠശ്ലോകം അവതരിപ്പിച്ചപ്പോള്‍ സദസ് അദ്ദേഹത്തിന്റെ അറിവിനെ പ്രശംസിച്ചെങ്കിലും വരരുചിയുടെ മനസ് ചകിതമായിരുന്നു. തന്റെ വൈവാഹിക ജീവിതത്തെക്കുറിച്ച അസ്വസ്ഥത വരരുചിയുടെ ഉറക്കം നഷ്ടപ്പെടുത്തി. ഒടുവില്‍ താന്‍ ഒരു തീര്‍ത്ഥയാത്ര പുറപ്പെടുകയാണ് എന്ന് രാജാവിനെ അയാള്‍ അറിയിച്ചു. ഗത്യന്തരമില്ലാതെ രാജാവ് വരരുചിയുടെ ആഗ്രഹം അംഗീകരിച്ചു.

വരരുചി തന്റെ പ്രയാണം ആരംഭിച്ചു. ആ യാത്രയില്‍ കറങ്ങിത്തിരിഞ്ഞ് ഒരു ദിവസം അദ്ദേഹം കാട്ടില്‍ ഒരു ബ്രാഹ്മണന്റെ പര്‍ണ്ണശാലക്കടുത്തെത്തി. താന്‍ വരരുചിയാണെന്നും ഒരു സുദീഘമായ യാത്രക്കിറങ്ങിയതാണെന്നും തനിക്കിവിടെ രണ്ടു ദിവസം താമസിക്കാന്‍ സൗകര്യം തരണമെന്നും ബ്രാഹ്മണനോട് അയാള്‍ പറഞ്ഞു. അങ്ങിനെയാവാം എന്ന് ബ്രാഹ്മണന്‍ അംഗീകരിച്ചപ്പോള്‍ വരരുചി നാലു ഉപാധികള്‍ കൂടി മുന്നോട്ടു വെച്ചു.താന്‍ ഭക്ഷണം കഴിക്കുന്നതിന് മുന്‍പ് നൂറു പേര്‍ക്ക് ഭക്ഷണം വിളമ്പണമെന്നും ഊണിന് നൂറു കൂട്ടം കറികള്‍ വേണമെന്നും ഭക്ഷണശേഷം മൂന്ന് പേരെ തിന്നണമെന്നും ഒടുവില്‍ താന്‍ ഉറങ്ങുമ്പോള്‍ നാല് പേര്‍ തന്നെ ചുമക്കണമെന്നുമായിരുന്നു വ്യവസ്ഥ. ഈ ഉപാധികള്‍ കേട്ട് ബ്രാഹ്മണന്‍ വിഷണ്ണനായി. ഇത് മനസിലാക്കി പര്‍ണ്ണശാലക്കകത്ത് നിന്ന് അയാളുടെ സുന്ദരിയായ പുത്രി പഞ്ചമി പുറത്തിറങ്ങി വന്നു. ഈ വ്യവസ്ഥകളെല്ലാം അംഗീകരിക്കാമെന്ന് അവള്‍ വരരുചിയോട് പറഞ്ഞു. അടുത്തുള്ള അരുവിയില്‍ നിന്ന് കുളിച്ചു വരാന്‍ അവള്‍ വരരുചിയോട് പറഞ്ഞു.

വരരുചി കുളിച്ചു വന്നപ്പോഴേക്കും പഞ്ചമി നൂറു പേര്‍ക്ക് ആഹാരം കൊടുക്കുന്നതിന് തുല്യമായ ഒരു പൂജക്ക് വേണ്ട സൗകര്യങ്ങള്‍ ആശ്രമ മുറ്റത്ത് ഒക്കിയിരുന്നു. വരരുചി പൂജ കഴിഞ്ഞ് ഭക്ഷണത്തിനിരുന്നു. ഒരു കറി മാത്രമായിരുന്നു ഊണിലേക്കുണ്ടായിരുന്നത്. അത് ഇഞ്ചിക്കറിയായിരുന്നു. ഇഞ്ചിക്കറി നൂറ് കറികള്‍ക്ക് തുല്യം എന്നായിരുന്നു തത്വം. ഭക്ഷണശേഷം അച്ഛനോട് വരരുചിക്ക് മുറുക്കാന്‍ വെച്ചു കൊടുക്കാന്‍ പഞ്ചമി അച്ഛനോട് പറഞ്ഞു. മൂന്ന് പേരെതിന്നണം എന്ന് പറഞ്ഞത് വെത്തിലയും അടക്കയും പുകയിലയും കൂട്ടിമുറുക്കണമെന്നാണ് വരരുചി ഉദ്ദേശിച്ചത് എന്ന് പഞ്ചമി തിരിച്ചറിഞ്ഞിരുന്നു. ശേഷം വരരുചിക്ക് വേണ്ടി തയ്യാറാക്കിയ മുറിയിലെ നാലുകാലുള്ള കട്ടിലില്‍ വന്ന് കിടക്കാന്‍ പഞ്ചമി അയാളെ ക്ഷണിച്ചു.

പഞ്ചമിയുടെ ബുദ്ധിശക്തിയിലും സൗന്ദര്യത്തിലും ഭ്രമിച്ചു പോയ വരരുചി ബ്രാഹ്മണനോട് മകളെ തനിക്ക് വിവാഹം ചെയ്തു തരണമെന്ന് അപേക്ഷിച്ചു. ബ്രാഹമണന് സന്തോഷമേ ഉണ്ടായിരുന്നുള്ളു. പഞ്ചമിയെ വിവാഹം ചെയ്ത് അയാള്‍ അവളേയും കൂട്ടി ദേശാടനം തുടര്‍ന്നു. യാത്രയില്‍ ഒരു മരച്ചുവട്ടില്‍ വരരുചിയുടെ മടിയില്‍ തല വെച്ച് വിശ്രമിക്കെയാണ് വരരുചി പഞ്ചമിയുടെ നെറ്റിയിലുള്ള മുറിവിന്റെ പാട് ശ്രദ്ധിക്കുന്നത്. തന്റെ ചെറുപ്പകാലത്ത് നടന്ന ഒരു തീപൊള്ളലില്‍ സംഭവിച്ചതാണ് ഈ മുറിവ് എന്നവള്‍ ഭര്‍ത്താവിനോട് പറയുന്നു. സ്വന്തം മാതാപിതാക്കള്‍ മരിച്ചതിനെ തുടര്‍ന്ന് അനാഥയായി മാറിയതും ഒടുവില്‍ ബ്രാഹ്മണന്റെ വളര്‍ത്തുപുത്രിയായി മാറിയതിനെക്കുറിച്ചുമൊക്കെ അവള്‍ വിസ്തരിച്ചു വരരുചിയെ അറിയിച്ചു.

ഈ വിവരം വരരുചിയെ ഞെട്ടിച്ചു. എങ്കിലും വിധി തീരുമാനിച്ചത് മനുഷ്യനാല്‍ വേര്‍പെടുത്താനാവില്ല എന്നോര്‍ത്ത് ശിഷ്ടകാലം ആരും തിരിച്ചറിയാത്ത ഒരു നാട്ടില്‍ പോയി ജീവിക്കാം എന്ന് കരുതി അയാള്‍ പഞ്ചമിയോടൊത്ത് കാടും മലകളും താണ്ടി കേരളത്തില്‍ വരുന്നു. ഇവിടെ പഞ്ചമി പന്ത്രണ്ട് സ്ഥലത്തായി പന്ത്രണ്ട് മക്കള്‍ക്ക് ജന്മം നല്‍കുന്നു. മേഴത്തൂര്‍ അഗ്‌നിഹോത്രി മുതല്‍ കാരക്കലമ്മ വരേയുള്ള ഈ പന്ത്രണ്ട് പ്രസവങ്ങള്‍ക്കും പക്ഷെ ഒരു പ്രത്യേകതയുണ്ട്. പ്രസവ സമയമടുക്കുമ്പോള്‍ ഏതെങ്കിലും കാട്ടുപൊന്തകള്‍ക്ക് മറവിലോ മലയടിവാരത്തോ പോയി പ്രസവിച്ചു വരാന്‍ വരരുചി എന്ന ആഢ്യബ്രാഹ്മണനായ ഭര്‍ത്താവ് പഞ്ചമിയോട് പറയും. ഓരോ പ്രസവം കഴിയുമ്പോഴും ഒരു ചോദ്യമുണ്ട്. ‘കുഞ്ഞിന് വായ കീറിയിട്ടുണ്ടോ?’ ‘ഉണ്ട്’ എന്ന് പഞ്ചമി മറുപടി പറയുമ്പോള്‍ വരരുചി ‘ വായ നല്‍കിയ ദൈവം അവന് ഭക്ഷണവും നല്‍കും.താന്‍ വാ” എന്നാണ് പറയുക. ഇത് കേട്ട് പ്രതികരിക്കാവാതെ നെഞ്ച് തകര്‍ന്ന് പഞ്ചമിയെന്ന മാതാവ് തിരിച്ചു പോരും. പന്ത്രണ്ടാമത്തെ കുഞ്ഞ് ജനി ക്കുമ്പോള്‍ ആവര്‍ത്തിക്കുന്ന ഈ ചോദ്യ ത്തിന് പുത്രശോകത്താല്‍ വീര്‍പ്പുമുട്ടുന്ന പഞ്ചമി വായില്ല എന്ന് കളവ് പറയുന്നു. വിശ്വസിക്കാനാവാതെ വരരുചി നോക്കുമ്പോള്‍ അത് സത്യമാണ്. കുഞ്ഞിന് വായ ഉണ്ടായിരുന്നില്ല.

ഈ വായില്ലാ കുന്നിലപ്പന്റെ ചരിത്രത്തിലൂടെ സവര്‍ണ്ണന്‍ എത്ര നീചനായിരുന്നാലും അവന് ദൈവികമായ ഒരു ശക്തിയുണ്ട് എന്ന് സമര്‍ത്ഥിക്കുകയാണ് ഈ മിത്ത്. എന്നാല്‍ ഈ കഥയില്‍ ശ്രദ്ധിക്കേണ്ട മറ്റൊരു സത്യം ഒളിഞ്ഞിരിപ്പുണ്ട്. ജാതിബോധം ത്യജിച്ച ഈ പന്ത്രണ്ട് മക്കളേയും കയ്യേറ്റുവാങ്ങുന്നത് ബഹുസ്വരമായ ഈ നാടിന്റെ ദ്രാവിഡ സംസ്‌കാരമാണ്. അങ്ങിനെയാണവര്‍ ചാത്തനും പാണനും പാക്കനാരുമൊക്കെയായി ഇവിടെ വളരുന്നത്. സവര്‍ണ്ണ മേലായ്മ വലിച്ചെറിഞ്ഞ ഈ മക്കള്‍ ഈ മണ്ണിന്റെ പ്രതിനിധാനമായാണ് ചരിത്രത്തില്‍ ഇടം പിടിച്ചത്. ഒരുപക്ഷെ കീഴാള വിഭാഗങ്ങളോട് രാജിയാവാനുള്ള ഒരു തന്ത്രമായി തന്നെ ഈ ഐതിഹ്യത്തെ വായിക്കണം. കീഴാളരുടെ വിപ്ലവബോധവും ചെറുത്തുനില്‍പ്പും സവര്‍ണ്ണ വൈദികതയുടെ നിലനില്‍പ്പിന് ഭീഷണി ഉയര്‍ത്തിയ ഒരു സമയത്തായിരിക്കാം ഇത്തരം ഒരു മിത്ത് പടച്ചുണ്ടാക്കിയത്. അത്തരം ഒരവസ്ഥയില്‍ ഒരു ഒത്തുതീര്‍പ്പെന്ന നിലക്ക് പ്രചരിപ്പിച്ചതാവാം ഈ ഐതിഹ്യം. എന്നാല്‍ ഇതില്‍ പോലും അവരുടെ മേല്‍ക്കോയ്മാ നിലപാട് കാണാം.

മൂത്ത പുത്രന്‍ മേഴത്തൂര്‍ അഗ്‌നിഹോത്രി ഒരു സവര്‍ണ്ണ ഇല്ലത്തിലാണ് ചെന്ന് ചേരുന്നത്. സവര്‍ണ്ണനായി തന്നെയാണ് അഗ്‌നിഹോത്രി വളരുന്നത്. തങ്ങള്‍ സഹോദരങ്ങളാണ് എന്ന് തിരിച്ചറിയുന്ന നിമിഷം പന്തിരുകുലത്തിന്റെ എല്ലാ പ്രശ്‌നങ്ങളിലും ഇടപെടുന്നതും തീരുമാനങ്ങള്‍ കൈക്കൊള്ളുന്നതും ഒത്തു തീര്‍പ്പുകള്‍ ഉരുത്തിരിയുന്നതും അഗ്‌നിഹോത്രിയിലൂടെയാണ്. മേഴത്തൂര്‍ മന ഈ പന്ത്രണ്ട് സഹോദരന്മാരുടേയും അവസാന അഭയമായി മാറുന്നതാണ് ഈ ഐതിഹ്യം അനാവരണം ചെയ്യുന്നത്.

ഇത്തരം ഐതിഹ്യങ്ങള്‍ നിന്ന് ഉരുവം കൊണ്ടത് നൂറ്റാണ്ടുകള്‍ക്ക് മുന്‍പായിരുന്നുവെങ്കിലും അതിന്റെ ശ്രേഷ്ഠതയും മേന്മയും ഇന്നും സംഘ് പരിവാര്‍ മറ്റൊരു വിധത്തില്‍ പാടി നടക്കുന്നുണ്ട്. പതിനെട്ട് പത്തൊന്‍പത് നൂറ്റാണ്ടുകളില്‍ ഇത്തരം കെട്ടുകഥകള്‍ കൂട്ടിക്കെട്ടിയാണ് സവര്‍ണ്ണ മേല്‍ക്കോയ്മ അതിന്റെ മൂര്‍ത്ത രൗദ്രതയില്‍ ഇവിടെ തിടം വെച്ചത്. അതില്‍ നിന്ന് ഉരുവം കൊണ്ട ചില ആചാരങ്ങളെങ്കിലും ഇന്നും ഇവിടെ പുലര്‍ന്നുവരുന്നു. മുലക്കരവും തൊഴില്‍ കരവും മീശ കരവും ഏണി കരവും നാടുനീങ്ങിയിട്ട് ഒരു നൂറ്റാണ്ട് പിന്നിട്ടിട്ടില്ല. കീഴാളന്റെ കാതില്‍ ഈയം ഉരുക്കി ഒഴിക്കലും അവനില്‍ കുറ്റം ചാര്‍ത്തി വിഷം കുടിപ്പിക്കലും പാമ്പിനെ കൊണ്ട് കൊത്തിക്കലും നാടുനീങ്ങിയിട്ട് അധികം കാലമൊന്നും ആയിട്ടില്ല. ഇത്തരം ആചാരങ്ങള്‍ തിരിച്ചു കൊണ്ടു വരാനും അവക്ക് ശാസ്ത്രീയമായ സാധുത കണ്ടെത്താനും ഇന്നും വൈദിക ബ്രാഹ്മണ്യം ശ്രമിച്ചു കൊണ്ടേയിരിക്കുന്നു. എങ്കിലും സമൂഹത്തില്‍ ചിലരെങ്കിലും ഇത് തിരിച്ചറിയുന്നു എന്നതാണ് പ്രതീക്ഷക്ക് വകനല്‍കുന്നത്

വൈദിക താല്‍പ്പര്യം സംരക്ഷിക്കാനും കീഴാള ജനങ്ങളെ സ്വന്തം വരുതിയില്‍ പിടിച്ചു നിര്‍ത്താനും സവര്‍ണ്ണ ബ്രാഹ്മണ്യം ഇന്നും പുതിയ വ്യാഖ്യാനങ്ങള്‍ ചമക്കുന്നു. അതിന് അനുസൃതമായി അവര്‍ ചരിത്രത്തില്‍ പുതിയ കഥകള്‍ സൃഷ്ടിക്കുന്നു. ഈ കഥകള്‍ വരും തലമുറ ചരിത്രമായി വായിക്കുന്നു.

അവലംബം:

ഐതിഹ്യമാല :കൊട്ടാരത്തില്‍ ശങ്കുണ്ണി
കേരളോല്‍പ്പത്തി: ഹെര്‍മന്‍ ഗുണ്ടര്‍ട്ട
നായര്‍ ചരിത്ര ദൃഷ്ടിയിലൂടെ: കെ ശിവശങ്കരന്‍ നായര്‍
ബൗദ്ധസ്വാധീനം കേരളത്തില്‍: എം ആര്‍ രാഘവവാര്യര്‍
ജൈനമതം കേരളത്തില്‍: പവനന്‍

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Feedback

One thought on “ബ്രാഹ്മണ്യം കേരളത്തോട് ചെയ്തത്.

 1. Avatar for ഗഫൂര്‍ കൊടിഞ്ഞി .

  എൻ സി ഹരിദാസൻ

  ചില ഊഹങ്ങൾ പറയുന്നു എന്നതിനപ്പുറം ലേഖകൻ ചരിത്രപരമായ വിശകലനം നടത്തി എന്ന് പറഞ്ഞുകൂട. പലതും ചരിത്രവിരുദ്ധം എന്നതോടൊപ്പം പുരാണവിരുദ്ധം പോലുമാണ്! പരശുരാമകഥയിൽ എവിടെയാണ് പരശുരാമൻ കേരളത്തിലെ ക്ഷത്രിയരെ നിഗ്രഹിച്ചതായി പറയുന്നത്?
  കേരളോൽപ്പത്തി കഥയെ
  ഐതിഹ്യമാല എന്ന കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ പുസ്തകവുമായി
  ചേർത്ത് പരാമർശിച്ചത് എത്ര അലസമായാണ് വിഷയത്തെ സമീപിച്ചത് എന്നതിന് തെളിവാണ്.

  കേരളത്തിലേക്ക് കുടിയേറിയ നമ്പൂതിരി ബ്രാഹ്മണർ ജന്മിമാരായിത്തീർന്ന ചരിത്രയാഥാർഥ്യത്തിന് സാധൂകരണമായി സൃഷ്ടിച്ച കഥയാണ് കേരളോൽപ്പത്തി.കേരളത്തിന് വടക്കുള്ള തീരപ്രദേശത്ത് ഇതേ കഥയുണ്ട്. പിൽക്കാലത്ത് കൃഷി/വാസയോഗ്യമായ ഭൂമിയുടെ ഉടമസ്ഥാവകാശം നമ്പൂതിരിമാർക്ക് സ്വയം കരസ്ഥമാക്കാൻ കഴിയും വിധം അന്ന് ഇവിടെ ജീവിച്ചിരുന്ന മനുഷ്യർ ഭൂമിയെ ഒരു പ്രദേശം (territory) എന്നതിനപ്പുറം ഉടമാവകാശം (property) സാധ്യമായ വസ്തുവായി
  കാണാൻ സാധിക്കുന്ന സാമൂഹിക, രാഷ്ട്രീയ ബോധം ആർജിക്കാത്തവരായിരുന്നു എന്ന നിരീക്ഷണമാണ് ഡി.ഡി.കൊസാംബിയെ ഉദ്ധരിച്ച് പി.കെ.ബാലകൃഷ്ണൻ ( ജാതിവ്യവസ്ഥയും കേരള ചരിത്രവും 1983,1987) മുന്നോട്ടു വെച്ചത്. ഒരു ഭരണകൂടത്തിന്റെ അഭാവത്തിൽ ഈ പ്രക്രിയ എളുപ്പമായി എന്ന ബാലകൃഷ്ണന്റെ അതേ നിരീക്ഷണം തന്നെയാണ് ബാലകൃഷ്ണന്റെ ഈ കൃതിയിലെ നിരീക്ഷണങ്ങളെ പൊതുവെ തള്ളിക്കളഞ്ഞ് ഡോ: രാഘവവാര്യർക്കൊപ്പം ചേർന്ന് പുസ്തകം രചിച്ച
  ഡോ: രാജൻ ഗുരുക്കൾ (കേരള ചരിത്രം:1993)ഇപ്പോൾ
  നടത്തിയത് (06-12 ഓഗസ്റ്റ് 2023, മാതൃഭൂമി ആഴ്ചപ്പതിപ്പ്) തുളുനാട്ടിൽ പുലയർ നടത്തിയ ചെറുത്തു നിൽപ്പ് (ഹൊലയ ലഹള) പോലെ ഒന്ന് കേരള ഭൂപ്രദേശത്ത് നടന്നില്ല എന്ന് അദ്ദേഹം പറയാതെ പറയുന്നുതാനും.

Leave a Reply