പ്രതിപക്ഷത്തിന് നാം കരുത്തേകണം

ജീവിതനിലവാരവും ആരോഗ്യ സുരക്ഷ ബോധവും ശുചിത്വവും കൂടുതലുള്ള മലയാളി മുഖ്യധാര ഇത്തരം സാഹചര്യങ്ങളില്‍ അതിനനുകൂലമായി പ്രവര്‍ത്തിക്കുന്നു എന്നത് അത്ഭുതമുള്ള കാര്യമല്ല. ഭരണകൂടത്തിന് ഇത്തരം പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുന്നത് ഈ സാഹചര്യത്തില്‍ വളരെ എളുപ്പമാണ്. ഭരണകൂടത്തിന്റെ പലതട്ടുകളില്‍ തന്നെ ഇതിനനുകൂലമായ ഒരു സാമൂഹിക മുന്നേറ്റ സ്വഭാവം രൂപീകൃതമാകുന്നതാണ് ഇതിനു കാരണം. പ്രശ്നപരിഹാരത്തിന് അനുകൂലമായി മുഴുവന്‍ സാമൂഹിക ഘടനയിലും ഒരു പൊതുബോധം രൂപപ്പെടുന്നതു കൊണ്ടാണിത്. ഇതിന്റെ ഏറ്റവും പ്രധാനവസ്തുത ഇവിടെ സര്‍ക്കാരിന് നയപരമായി സമൂഹിക ഘടനയില്‍ അന്തര്‍ലീനമായി കിടക്കുന്ന ഉച്ചനീചത്വങ്ങളെ അഭിമുഖീകരിക്കേണ്ടി വരികയില്ല എന്നതാണ്.

പ്രകൃതി ദുരന്തത്തെ നേരിടല്‍ ആരോഗ്യ അടിയന്തരാവസ്ഥ നേരിടല്‍ എന്നിവയൊക്കെ ഒരു പൊതിച്ചോര്‍ വിതരണം പോലത്തെ സംഗതിയാണ്. തീര്‍ത്തും ദുര്‍ബലരായ വിഭാഗങ്ങളുടെ ആശുപത്രി വാസകാലത്തില്‍ അവര്‍ക്ക് സൗജന്യമായി ആഹാരം നല്‍കുക എന്നത് അത്യന്താപേക്ഷിതമാണ്. അത് നടപ്പാക്കേണ്ടത് തന്നെയാണ്. കക്ഷിരാഷ്ട്രീയ ഭേദമന്യേ ജാതി മത ഭേദമന്യേ ജനങ്ങള്‍ അതിന് വേണ്ടി ഐക്യപ്പെടുന്നുണ്ട്. നമ്മുടെ വീടിനടുത്തൊക്കെ സവര്‍ണ്ണ വീടുകളില്‍ നിന്നു പോലും വിതരണത്തിനായി ആഹാരസാധനങ്ങള്‍ പൊതി കെട്ടി കൊടുത്തയ്ക്കുന്നവരെ നമ്മള്‍ കണ്ടിട്ടുണ്ടാകും. ഡി.വൈ.എഫ്.ഐ യുടെ പരിപാടിക്ക് ആര്‍.എസ്.എസ് വീടുകളില്‍ നിന്നും, തിരിച്ചും ഒക്കെ ഈ സഹായങ്ങള്‍ ചെയ്യുന്നവര്‍ ഉണ്ടാകാം. അത് നടപ്പാക്കിയെടുക്കേണ്ടതുണ്ട് എന്ന് ഒരു പൊതുബോധം സമൂഹത്തില്‍ നിലനില്ക്കുന്നതുകൊണ്ടാണ് ഇത് സംഭവിക്കുന്നത്. അതൊരു പൊതു പ്രശ്‌നമാണ്. അതുപോലെയാണ് പ്രകൃതിദുരന്തങ്ങളും ആരോഗ്യ അടിയന്തരാവസ്ഥയും മറ്റും. ഇത്തരം പൊതുപ്രശ്‌നങ്ങളില്‍ ജീവിത നിലവാരസൂചിക ഉയര്‍ന്ന പ്രദേശങ്ങളില്‍ ഇതിനനുകൂലമായ പ്രവര്‍ത്തനങ്ങള്‍ പൗരസമൂഹത്തില്‍ നിന്നും കുത്തകകളും ഭരണകൂടവും അടക്കമുള്ള സ്ഥൂലഘടനകള്‍ക്കുള്ളില്‍ നിന്നും ഉണ്ടാകുന്നത് ഒരു സ്വാഭാവികമായ വസ്തുതയാണ്. ഒരു പൊതുപ്രശനം തങ്ങളെ സാമൂഹികമായി ബാധിച്ചിരിക്കുന്നു എന്ന് ബോധ്യം വരുന്ന സമൂഹം അതിനെതിരായി കൂട്ടായ പരിശ്രമം നടത്തും. സാമൂഹിക മുന്നേറ്റ സിദ്ധാന്തങ്ങളെക്കുറിച്ച് പഠിച്ചിട്ടുള്ള റോബര്‍ട്ട് കെ മെര്‍ട്ടന്‍ എന്ന സാമൂഹ്യ ശാസ്തജ്ഞന്റെ റിലേറ്റിവ് ഡിപ്രിവേഷന്‍ തിയറി അത് വ്യക്തമാക്കുന്നുണ്ട്. കേരളത്തിന്റെ ചരിത്രപരമായ പൊതുസ്വഭാവം തന്നെ തുടര്‍ച്ചയായി രൂപപ്പെടുന്ന സാമൂഹിക മുന്നേറ്റങ്ങളാണ്. ഇത്തരം അടിയന്തിര ഘട്ടങ്ങളില്‍ രൂപപ്പെടുന്ന മുന്നേറ്റങ്ങളുടെ നേത്യത്യത്തിലേക്ക് ഭരണകൂടങ്ങളെ കേന്ദ്രീകരിക്കുന്നത് ഒരു സാമൂഹിക സ്വഭാവമാണ്. ജീവിതനിലവാരവും ആരോഗ്യ സുരക്ഷ ബോധവും ശുചിത്വവും കൂടുതലുള്ള മലയാളി മുഖ്യധാര ഇത്തരം സാഹചര്യങ്ങളില്‍ അതിനനുകൂലമായി പ്രവര്‍ത്തിക്കുന്നു എന്നത് അത്ഭുതമുള്ള കാര്യമല്ല. ഭരണകൂടത്തിന് ഇത്തരം പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുന്നത് ഈ സാഹചര്യത്തില്‍ വളരെ എളുപ്പമാണ്. ഭരണകൂടത്തിന്റെ പലതട്ടുകളില്‍ തന്നെ ഇതിനനുകൂലമായ ഒരു സാമൂഹിക മുന്നേറ്റ സ്വഭാവം രൂപീകൃതമാകുന്നതാണ് ഇതിനു കാരണം. പ്രശ്നപരിഹാരത്തിന് അനുകൂലമായി മുഴുവന്‍ സാമൂഹിക ഘടനയിലും ഒരു പൊതുബോധം രൂപപ്പെടുന്നതു കൊണ്ടാണിത്. ഇതിന്റെ ഏറ്റവും പ്രധാനവസ്തുത ഇവിടെ സര്‍ക്കാരിന് നയപരമായി സമൂഹിക ഘടനയില്‍ അന്തര്‍ലീനമായി കിടക്കുന്ന ഉച്ചനീചത്വങ്ങളെ അഭിമുഖീകരിക്കേണ്ടി വരികയില്ല എന്നതാണ്.

ഒരു ഉദാഹരണം എടുക്കുകയാണെങ്കില്‍ കേരളത്തിലെ ആരോഗ്യമേഖലയിലെ തന്നെ ഏറ്റവും വലിയ തൊഴിലാളി വിഭാഗമായ നഴ്‌സുമാര്‍ ഈ സര്‍ക്കാറിന്റെ കാലത്ത് തന്നെ യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്റെ നേതൃത്വത്തില്‍ നടത്തിയ സമരാവശ്യങ്ങളിലേക്ക് കണ്ണോടിക്കേണ്ടതുണ്ട്. ഏറ്റവുമധികം സത്രീകള്‍ തൊഴിലെടുക്കുന്ന മേഖല എന്ന നിലക്ക് ചരിത്രപരമായി നഴ്‌സിംഗ് എന്ന തൊഴില്‍ ചെയ്തിരുന്നവര്‍ അടിച്ചമര്‍ത്തലും ചൂഷണവും അതിനെ മുഖ്യധാരയിലേക്ക് എത്തിച്ചത് യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍ ആണ്.

നഴ്‌സിംഗ് മേഖലയിലെ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ നിയോഗിച്ച ബലരാമന്‍ കമ്മീഷന്‍ നിര്‍ദേശങ്ങള്‍ നടപ്പിലാക്കുക എന്നവശ്യപ്പെട്ടാണ് അവസാനഘട്ടം നഴ്‌സിംഗ് മേഖല സമരം നടക്കുന്നത്.നിര്‍ദേശങ്ങള്‍ നടപ്പിലാക്കാതെ യുഡിഫ് സര്‍ക്കാര്‍ തൊഴിലാളികളെ വഞ്ചിച്ചതിനു ശേഷം പുതുക്കിയ വേതനം ലഭിക്കാതെ വന്നപ്പോഴാണ് 2017 ജൂലൈ മുതല്‍ നഴ്‌സുമാര്‍ സെക്രട്ടറിയേറ്റിനു മുന്നില്‍ സമരം ആരംഭിക്കുന്നത്. പതിനായിരക്കണക്കിന് നഴ്സുമാരാണ് സമരത്തില്‍ പങ്കെടുത്തത്. നഴ്‌സുമാരുടെ വേതനം 20000 രൂപയാക്കണം എന്ന സുപ്രീം കോടതി വിധിയുമുണ്ടായിരുന്നു.ആരോഗ്യമേഖലയിലെ സമൂഹിക ഉച്ചനീചത്വങ്ങളില്‍ സര്‍ക്കാര്‍ ഇടപെടലിനെക്കുറിച്ചു വ്യക്തമാക്കാന്‍ ഈ സാഹചര്യം വളരെ കൃത്യമാണ്.സമരം ശക്തമായതിനെത്തുടര്‍ന്ന് സര്‍ക്കാര്‍ വിഷയത്തില്‍ ഇടപെട്ടു. തൊഴിലാളി യൂണിയനുകളുമായും ആശുപത്രി മാനേജ്‌മെന്റുകളുമായുള്ള ചര്‍ച്ചകള്‍ക്കും ശേഷം അവസാനം 800 നേക്കാള്‍ അധികം ബെഡുകള്‍ ഉള്ള ആശുപത്രികളില്‍ ജോലി ചെയുന്ന നഴ്‌സുമാര്‍ക്ക് 23670 രൂപ മാസവേതനമാക്കി നിശ്ചയിച്ചു. അത്തരത്തിലുള്ള ആശുപത്രികളില്‍ തൊഴിലെടുക്കുന്നത് കേവലം 100 ല്‍ താഴെ നഴ്‌സുമാര്‍ ആണെന്നാണ് പിന്നീട് യൂ.എന്‍.എ സംഘടനയിലുള്ളവര്‍ തന്നെ പലപ്പോഴും വ്യക്തമാക്കിയത്. 50 താഴെ ബെഡുകള്‍ ഉള്ള ആശുപത്രിയിലെ നഴ്‌സുമാര്‍ക്ക് 18232 രൂപയും വേതനമായി നിശ്ചയിച്ചു. 800 നേക്കാള്‍ അധികം ബെഡുകള്‍ ഉള്ള ആശുപത്രിയിലെ നഴ്‌സുമാര്‍ ഒഴികെ ഭൂരിപക്ഷം ആളുകള്‍ക്കും 2685 രൂപയുടെ ഡി എ ബേസിക് ശമ്പളത്തില്‍ ലയിപ്പിക്കും. അതായത് 18232 രൂപ അകെ കിട്ടുന്നതില്‍ കവിഞ്ഞ് പി.എഫ്, ഇ.എസ്.ഐ തുടങ്ങിയവയുടെ വിഹിതവും മെസ്, ക്ലീനിങ് തുടങ്ങിയവയുടെ കട്ടിങ്ങും കഴിഞ്ഞാല്‍ പിന്നെ മാറ്റമുണ്ടാക്കിയതില്‍ വലിയ ഗുണമില്ല എന്നതാണ് വസ്തുത. എന്തിനേറെ പറയുന്നു നഴ്‌സിങ് തൊഴിലാളികളുടെ ട്രെയിനിങ് പിരിയഡ് എന്ന ചൂഷണം പോലും നിയമപരമായി തടയാന്‍ സര്‍ക്കാര്‍ തയ്യാറായില്ല. മറ്റൊരു പ്രൊഫഷനല്‍ കോഴ്‌സ് പഠിക്കുന്നവര്‍ക്കും ഇത്രയേറെ നീണ്ട ട്രെയിനിങ് ഉണ്ടാകില്ല.

ഇതെല്ലാം പോരാതെ ഈ എടുത്ത തീരുമാനങ്ങളില്‍ നിയമ സെക്രട്ടറിയെകൊണ്ട് വിജ്ഞാപനം ഒപ്പിടുവാന്‍ അനുവദിക്കാതെ ആരോഗ്യമന്ത്രിയും ഇടതുപക്ഷവും ഫയലുകള്‍ക്കിടയില്‍ തട്ടിക്കളിപ്പിച്ചു 2018 ഏപ്രില്‍ വരെ എത്തിച്ചു. ആശുപത്രി മാനേജ്‌മെന്റുകളുടെ മസിലിനു സര്‍ക്കാരും ആരോഗ്യമന്ത്രിയും വിധേയപ്പെട്ടു എന്നതാണ് കുറച്ചുകൂടി സത്യം. തുടര്‍ന്ന് ഏപ്രിലില്‍ തന്നെ യൂ.എന്‍.എ രണ്ടാം ഘട്ട ഉപരോധ സമരം പ്രഖ്യാപിച്ചപ്പോഴാണ് വിജ്ഞാപനത്തില്‍ നിയമ സെക്രട്ടറി ഒപ്പിട്ടത്.

ഇത്രയും വ്യക്തമാക്കിയത് പ്രകൃതി ദുരന്തത്തെ നേരിടലിലും ആരോഗ്യ അടിയന്തരാവസ്ഥ നേരിടലിലും സമൂഹത്തിലെ ഉച്ചനീചത്വങ്ങളെ നേരിടലും രണ്ടാണ് എന്നതാണ്. പ്രകൃതി ദുരന്തത്തെ നേരിടലിലും ആരോഗ്യ അടിയന്തരാവസ്ഥ നേരിടലിലും അത്തരം ചോദ്യങ്ങള്‍ നേരിടേണ്ടി വരികയില്ല എന്നതും വളരെ പ്രസക്തമായ കാര്യമാണ്. ഇത്തരം അടിയന്തര സാഹചര്യങ്ങളില്‍ ദുര്‍ബല സാമൂഹിക വിഭാഗങ്ങളുടെ പ്രശ്‌നങ്ങള്‍ക്ക് ശ്രദ്ധയും കിട്ടുകയില്ല. ഒരു പക്ഷേ ഇത്രയും വേതന വര്‍ദ്ധന വടക്കമുള്ള നാമമാത്രമായ കാര്യങ്ങള്‍ വാഗ്ദാനം ചെയ്യാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമായത് പോലും പല സാമൂഹിക സാമുദായിക വിഭാഗങ്ങളില്‍ നിന്നുള്ള വലിയ മധ്യ വര്‍ഗ്ഗ യുവത്വം ആ മുന്നേറ്റത്തില്‍ ശക്തമായതുകൊണ്ട് കൂടിയാണ്.

പ്രളയ കാലത്ത് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ ആദിവാസികളും ദളിതുകളും മത്സ്യത്തൊഴിലാളികളും വിവേചനം ചെയ്യപ്പെട്ടത് ഭരണകൂടത്തിന്റെ പ്രശ്‌നമാകാഞ്ഞത് അതിന്റെ മറുവശമാണ്. അതായത് ഭരണകൂടത്തിന്റെ പല ഘടകങ്ങളില്‍ ദളിതുകളുടെയും ആദിവാസികളുടെയും മത്സ്യത്തൊഴിലാളികളുടെയും പ്രശ്‌നത്തില്‍ ഇടപെടേണ്ട അത്യാവശ്യമുണ്ടെന്ന പൊതുബോധം രൂപപ്പെടുകയില്ല. ഹിന്ദുത്വ സാമൂഹിക ഘടനയിലുള്ളൊരു ഭരണകൂടത്തിന് ഈ വിഭാഗങ്ങള്‍ക്ക് സാമൂഹിക അധികാരമില്ലാത്തവരാണെന്ന് കൃത്യമായി അറിയാം.

നേരത്തെ വ്യക്തമാക്കിയ നേഴ്‌സ് മേഖലയിലെ ചൂഷണങ്ങള്‍ പോലെ സാമൂഹിക ഘടനയിലെ ഉച്ചനീചത്വങ്ങള്‍ എന്നിവയില്‍ ഇപ്പറയുന്ന സവര്‍ണ വലതുപക്ഷത്തേക്കാള്‍ ഒരു മാറ്റവും ഇടതുപക്ഷത്തിനോ അതിന്റെ നയങ്ങള്‍ക്കോ ഇല്ല എന്നതാണ് സത്യം. വിഭവങ്ങളുടെ ജനാധിപത്യ വിതരണത്തിനായി നടത്തേണ്ട ഭൂവിതരണം ഇടതുപക്ഷത്തിന്റെ നയങ്ങളില്‍ നിന്നും അപ്രത്യക്ഷമായത് അതുകൊണ്ടാണ്, പൊതു വിദ്യാഭ്യാസ എയ്ഡഡ് സ്ഥാപനങ്ങളിലെ നിയമനം പി.എസ്.സി ക്ക് വിടേണ്ട എന്നതാണ് ഇടത് നയം. അതും പോരാതെ സര്‍ക്കാര്‍ സംവിധാനങ്ങളിലാകെ സവര്‍ണ സംവരണം നടപ്പാക്കുക എന്നതും അവരുടെ നയമാണ്. സൂചിപ്പിച്ചത് സാമൂഹിക ഘടനയില്‍ അന്തര്‌ലീനമായി കിടക്കുന്ന ഘടനാപരമായ പ്രശ്‌നങ്ങളെ അഭിമുഖീകരിക്കാന്‍ വലതുപക്ഷത്തെപ്പോലെ ഇടതുപക്ഷത്തിനും കഴിയുകയില്ല എന്നതാണ്. നഴ്‌സിംഗ് മേഖലയിലെ പ്രശ്‌നം കേവലം തൊഴിലാളികളുടെ പ്രശ്നമല്ലെന്നും ആ മേഖലയില്‍ സ്ത്രീകള്‍ മുഖ്യവിഭാഗമായതുകൊണ്ടാണ് ചൂഷണം സംഭവിക്കുന്നതുമെന്ന സ്വത്വപരമായ പ്രശ്‌നം അഭിമുഖീകരിക്കാനും അതിനായി നയപരമായി ഇടപെടാനും ഇടതുപക്ഷത്തിന് കഴിയുകയില്ല. സൂചിപ്പിച്ചു വന്നത് ദുര്‍ബല വിഭാഗങ്ങളോട് ഐക്യപ്പെട്ടു നില്‍ക്കുന്നവര്‍ അടിയന്തര സാഹചര്യങ്ങളിലെ സാമൂഹിക മുന്നേറ്റസ്വഭാവത്തിനു ഇടതുപക്ഷത്തിന് കയ്യടിച്ചാല്‍ അത് ദുര്‍ബല വിഭാഗങ്ങളോട് ചെയുന്ന വഞ്ചനയായിരിക്കും എന്നതാണ്. നിലവിലെ സാഹചര്യത്തില്‍ തന്നെ ഇടതുപക്ഷത്തേക്ക് ഒഴുകുന്ന കരിയറിസ്‌റ് സവര്‍ണ രാഷ്ട്രീയ ആള്‍ക്കൂട്ടം അതിനെ അവരുടെ താല്പര്യം നടത്തിയെടുക്കാന്‍ പാകത്തിന് ആക്കിയെടുത്തതാണ് ഭൂവിതരണ, സവര്‍ണ സംവരണ നയങ്ങളില്‍ പ്രതിഫലിക്കുന്നത്. ദേശീയ സാഹചര്യത്തില്‍ കോണ്‍ഗ്രസില്‍ നിന്നും സംഘപരിവാറിലേക്ക് ഒഴുകുന്നതുപോലെ ഇടതുപക്ഷത്തേക് വലിയ ഒഴുക്കുണ്ടാകാന്‍ എല്ലാസാധ്യതയും അനുകൂലമാണ്. ഇടതുപക്ഷത്തെ അധിക സവര്‍ണ പ്രാതിനിധ്യം പോലും അതിന്റ ലക്ഷണമാണ്. ഒരു കണക്കിന് പുതിയ സെബാള്‍ട്ടണ്‍ രാഷ്ട്രീയ മുന്നണിക്ക് വളരെ പതുക്കെയെങ്കിലും കോണ്‍ഗ്രസ്സിനോ വലതുപക്ഷത്തിനോ പകരം വെക്കാന്‍ കഴിയുന്ന രാഷ്ട്രീയ പ്രതിപക്ഷമാകാന്‍ കഴിഞ്ഞില്ലെങ്കില്‍ ഇടതുപക്ഷം ഭീമാകാരമായ ഒരു സ്ഥൂല ഘടനയായി പരിണമിക്കും. അവര്‍ക്കുവേണ്ടിയുള്ള കയ്യടികള്‍ അതാണ് സൂചിപ്പിക്കുന്നത്. സത്യത്തില്‍ പ്രതിപക്ഷം ഇല്ലാത്ത ഇടതുപക്ഷം മാത്രമായ ഒരു രാഷ്ട്രീയ സാഹചര്യത്തെ ഉണ്ടാക്കിയെടുക്കുന്നത് ദുര്‍ബല വിഭാഗങ്ങള്‍ക്ക് മാത്രം അപകടമുണ്ടാകുന്ന ഒന്നാണ്. അതുകൊണ്ട് ദുര്‍ബലരോടൊപ്പം നിലനില്‍ക്കുന്നു എന്ന് കരുതി ഇടത് പക്ഷത്തിനു കയ്യടിക്കുന്നവര്‍ അല്പമൊന്നു ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. കയ്യടിക്കാതിരുന്നാല്‍ ചോദ്യങ്ങള്‍ ചോദിച്ചു തുടങ്ങിയാല്‍ താഹയെയും അലനെയും പോലെ നിങ്ങളെ വേട്ടയാടാന്‍ ഇടതുപക്ഷവും അതിന്റെ വിശ്വസിക്കൂട്ടവും തയ്യാറാകും എന്ന വസ്തുത മറക്കുന്നില്ല, പക്ഷെ ഈ ഇടതുപക്ഷ കാരിയറിസ്റ്റുകളുടെ മൗനാനുവാദത്തോടെ കൂടിയാണ് അവര്‍ ജയിലില്‍ അടക്കപ്പെട്ടത് എന്ന് നിങ്ങളെ ഓര്മിപ്പിക്കുവാനാണ് ഈ കുറിപ്പ്. അത്രക്കും ദുര്‍ബലമാണ് ഈ സംസ്ഥാനത്തെ പ്രതിപക്ഷം. വളരെ പതുക്കെയാണെങ്കില്‍ പോലും നമുക്കതിനു കരുത്തു നല്‍കേണ്ടതുണ്ട്.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Politics | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply