ജയിക്കുന്ന ഫാസിസത്തെ ഏറ്റുവാങ്ങാന്‍ ഞങ്ങള്‍ തയ്യാറല്ല

പൗരന്‍ എന്ന സ്വത്വമാണ് ജനാധിപത്യത്തില്‍ പരമപ്രധാനമായി പരിഗണിക്കേണ്ടത്. പൗരത്വത്തെ സംരക്ഷിക്കുന്നത് ഭരണഘടനയാണെന്ന ഓര്‍മ്മയും കരുതലും നമുക്കുണ്ടാകണം. എന്നാല്‍, ഭരണഘടനയാണോ ‘വിശ്വാസ’മാണോ പ്രധാനമെന്ന ചോദ്യം ഉയര്‍ത്തിക്കൊണ്ടുവരികയാണ് ഏറെക്കുറെ ഭരണഘടനാസ്ഥാപനങ്ങളും ഇന്ന് നിര്‍വഹിക്കുന്നത്.

മനുഷ്യാവകാശദിനത്തോടനുബന്ധിച്ച് ബഹുസ്വരതയുടെ സ്വാതന്ത്ര്യം, സാഹോദര്യം, മതനിരപേക്ഷത, അതിജീവനം
2019 ഡിസംബര്‍ 9, രാവിലെ 9.45 മുതല്‍ വൈകീട്ട് 7.30 വരെ തൃശൂര്‍ ടൗണ്‍ഹാള്‍

മനുഷ്യാവകാശദിനമാണ് ഡിസംബര്‍ 10. എന്നാല്‍, നാമതിന് വേണ്ട പ്രാധാന്യം നല്കാറുണ്ടോ? ജനാധിപത്യരാജ്യത്ത് ഏറ്റവും പ്രാധാന്യം നല്കി ആഘോഷിക്കേണ്ട ഒരു ദിനമല്ലേ ഇത്? എന്തുകൊണ്ട് ഭരണാധികാരികളും ജനപ്രതിനിധികളും സാംസ്‌കാരികസംഘടനകളും ഇതേപ്പറ്റി ആലോചിക്കുന്നില്ല? അക്ഷയത്രിതീയ തുടങ്ങി അന്ധവിശ്വാസ-അനാചാരജടിലമായ ദിനങ്ങള്‍ക്കു നല്കുന്ന പ്രാധാന്യംപോലും മുഖ്യധാരമാധ്യമങ്ങള്‍ മനുഷ്യാവകാശദിനത്തിന് നല്കാറില്ല. അതുകൊണ്ട്, എല്ലാവരെയും ഇത്തരമൊരു ഗൗരവചിന്തയിലേക്ക് നയിക്കാനാണ് തൃശൂരില്‍ ഡിസംബര്‍ 9-ന് നടത്തുന്ന സാംസ്‌കാരികക്കൂട്ടായ്മയുടെ ലക്ഷ്യം.
പൗരന്‍ എന്ന സ്വത്വമാണ് ജനാധിപത്യത്തില്‍ പരമപ്രധാനമായി പരിഗണിക്കേണ്ടത്. പൗരത്വത്തെ സംരക്ഷിക്കുന്നത് ഭരണഘടനയാണെന്ന ഓര്‍മ്മയും കരുതലും നമുക്കുണ്ടാകണം. എന്നാല്‍, ഭരണഘടനയാണോ ‘വിശ്വാസ’മാണോ പ്രധാനമെന്ന ചോദ്യം ഉയര്‍ത്തിക്കൊണ്ടുവരികയാണ് ഏറെക്കുറെ ഭരണഘടനാസ്ഥാപനങ്ങളും ഇന്ന് നിര്‍വഹിക്കുന്നത്. പൗരന്‍ എന്ന സ്വത്വത്തെ ശക്തിപ്പെടുത്തുകയാണ് വേണ്ടതെന്ന് ഭരണഘടന അസംബ്ലി ചര്‍ച്ചചെയ്ത് അംഗീകരിച്ചിരുന്നു. ഭരണഘടനയുടെ ആമുഖം ദൈവത്തിന്റെ പേരില്‍ തുടങ്ങണമെന്ന ഭേദഗതി വന്നപ്പോള്‍ മതനിരപേക്ഷതയാണ് ഇന്ത്യയുടെ അടിസ്ഥാനസ്വഭാവമെന്ന് അംഗീകരിച്ചിരുന്നു.
എന്നാല്‍, ഇന്ന് വര്‍ഗ്ഗീയതയെയും മതവിദ്വേഷത്തെയും പാലൂട്ടി വളര്‍ത്തുന്നവര്‍ അധികാരത്തിലെത്തിയതോടെ എല്ലാ ഭരണഘടനാസ്ഥാപനങ്ങളെയും ജനാധിപത്യസ്ഥാപനങ്ങളെയും സമ്മര്‍ദ്ദത്തിലാഴ്ത്തി വരുതിയിലാക്കിവരുന്നു. ഇന്ത്യന്‍ ദേശീയപ്രസ്ഥാനപ്രക്ഷോഭണങ്ങളില്‍നിന്ന് മാറിനടന്നവരുടെ പിന്മുറക്കാരാണ് അവരെന്ന വസ്തുത നാം മറക്കരുത്. അതുകൊണ്ട് അവര്‍ രാഷ്ട്രപിതാവിന്റെ ഘാതകന്‍ സവര്‍ക്കറുടെ പ്രതിമ പാര്‍ലമെന്റ് ഹൗസില്‍ പ്രതിഷ്ഠിക്കും. ഭാരതരത്‌ന നല്കണമെന്ന് കാമ്പയിന്‍ ഉയര്‍ത്തിക്കൊണ്ടുവരും. ഗോഡ്‌സെയെ പ്രധാനമന്ത്രി പൂജിക്കും. ഗോഡ്‌സെയ്ക്ക് അമ്പലവും പണിയും. ബാബ്‌റി മസ്ജിദിന്റെ തകര്‍ച്ചയുണ്ടാക്കിയ രക്തപ്പുഴയുടെ സാഹചര്യം നമുക്ക് ഇന്ന് ഭീതിയോടെ മാത്രമേ ഓര്‍ക്കാനാകൂ. വിദ്വേഷത്തെ പൂവിട്ട് പൂജിക്കുന്നതിനാണ് അവര്‍ ക്ഷേത്രങ്ങള്‍ പണിയുന്നത്, ഈശ്വരാരാധനയ്ക്ക് വേണ്ടിയല്ല എന്ന നഗ്നസത്യം രാജ്യം ഇന്നും തിരിച്ചറിയാതെ പോകുന്നു.
ജനാധിപത്യ ഇന്ത്യയെ രൂപപ്പെടുത്തുന്നതിന് നേതൃത്വപരമായ പങ്കുവഹിച്ച നെഹ്‌റുവിനെയും അപമാനിക്കുന്നതിലാണ് പലപ്പോഴും പ്രധാനമന്ത്രി വിനോദം കണ്ടെത്തുന്നത്. ശാസ്ത്രബോധം എന്ന കര്‍ത്തവ്യം ഭരണഘടനയില്‍ എഴുതിച്ചേര്‍ത്ത പ്രധാനമന്ത്രിയാണ് നെഹ്‌റു. അദ്ദേഹം ആസൂത്രണത്തില്‍ കാണിച്ച ഔന്നത്യവും ദീര്‍ഘദര്‍ശിത്വവും ആണ് ഭക്ഷണക്കമ്മി മാറ്റിയത്. ഭക്രാനംഗല്‍ അണക്കെട്ട് ഉദ്ഘാടനംചെയ്ത് നെഹ്‌റു പറഞ്ഞു: ”ഇന്നത്തെ കാലത്ത് മനുഷ്യര്‍ മനുഷ്യജാതിയുടെ നന്മയ്ക്കായി പണിയുന്ന സ്ഥലങ്ങളാണ് ഏറ്റവും വലിയ ക്ഷേത്രം, മസ്ജിദ്, ഗുരുദ്വാര. അങ്ങനെയെങ്കില്‍ ഈ ഭക്രാനംഗലിനേക്കാള്‍ ഉന്നതമായ മറ്റേത് സ്ഥലമാണുള്ളത്?” സ്വതന്ത്ര പരമാധികാര മതേതര ജനാധിപത്യ സോഷ്യലിസ്റ്റ് രാഷ്ട്രം എന്ന കാഴ്ചപ്പാടിനെ മുന്നോട്ടുകൊണ്ടുപോകാന്‍ നമുക്ക് കഴിയണം. അതിനുവേണ്ടിയുള്ള ചുവടുവെയ്പ്പുകളാണ് ‘ബഹുസ്വരതയുടെ സ്വാതന്ത്ര്യം’ എന്ന മനുഷ്യാവകാശദിന ഒത്തുചേരല്‍.
1948 ഡിസംബര്‍ 10-ന് ആയിരുന്നു ഐക്യരാഷ്ട്രസഭ മനുഷ്യാവകാശപ്രഖ്യാപനം നടത്തിയത്. മനുഷ്യത്വത്തെ ഉയര്‍ത്തിപ്പിടിക്കാനും, ഭരണഘടന വിഭാവനംചെയ്യുന്ന ജീവിതമൂല്യങ്ങളായ ജനാധിപത്യസ്വാതന്ത്ര്യം, സമത്വം, സാഹോദര്യം, മതനിരപേക്ഷത, ശാസ്ത്രബോധം എന്നിവയില്‍ ഉറച്ചുനിന്ന് ചിന്തിക്കാന്‍ കഴിയുന്ന പൗരന്മാരുടെ നാടായി ഇന്ത്യയെ മാറ്റാനുള്ള ദൗത്യം ഏറ്റെടുക്കുന്നതിന് മനുഷ്യാവകാശദിനാഘോഷങ്ങള്‍ ഇനി മുതല്‍ പ്രേരണയേകണം. വിഭാഗീയചിന്തകള്‍കൊണ്ട് നമ്മുടെ ചിന്തയും വ്യവഹാരങ്ങളും വികലമാകാതിരിക്കാന്‍, നമ്മള്‍ വിയോജിക്കാനുള്ള സ്വാതന്ത്ര്യത്തെ ഉയര്‍ത്തിപ്പിടിക്കുന്നു. ബഹുസ്വരതയുടെ സ്വാതന്ത്ര്യത്തെ ആഘോഷിക്കുന്നു. ടീസ്റ്റാ സെറ്റല്‍വാദ്, എസ്.പി.ഉദയകുമാര്‍, സാറാ ജോസഫ്, വെങ്കിടേശ് രാമകൃഷ്ണന്‍, സണ്ണി കപിക്കാട്, കെ.അജിത, പി.വി.കൃഷ്ണന്‍നായര്‍, കാവുമ്പായി ബാലകൃഷ്ണന്‍, ലിസി, ഷീബ അമീര്‍, പ്രൊഫ. സി. വിമല തുടങ്ങിയവര്‍ പങ്കെടുക്കുന്നു.

സാംസ്‌കാരികക്കൂട്ടായ്മ

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പത്തു വര്‍ഷം പൂര്‍ത്തിയാക്കിയിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2023 - 24 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Be the first to write a comment.

Leave a Reply