ഇതെന്റെ രാഷ്ട്രീയ പരിപാടിയാണ്… വേടന്‍ തീ തുപ്പുന്നു..

ലക്ഷണമൊത്ത ആദ്യ മലയാള റാപ്പ് എന്ന് നിരീക്ഷകര്‍ വിലയിരുത്തിക്കഴിഞ്ഞ voice of voiceless എന്ന ഗാനം യൂട്യൂബില്‍ വയറല്‍ ആയിരിക്കുകയാണ്. പാ രഞ്ജിത്തിന്റെ നീലം കള്‍ച്ചറല്‍ ഫോറവും ആഷിഖ് അബുവും റീമാകല്ലിങ്കലും അടക്കം വലിയ സിനിമ ലോകമാണ് വേടന്‍ എന്ന പുതിയ റാപ്പറുടെ തീപ്പൊരി പ്രകടനം പങ്കുവച്ചത്. റാപ്പ് ഇറങ്ങി രണ്ടാമത്തെ ദിവസം പ്രമുഖ സംവിധായകന്‍ അനില്‍ രാധകൃഷ്ണമേനോനുമായി പുതിയ പ്രോജക്ടിന്റെ ചര്‍ച്ചയിലേക്കും കടക്കുകയാണ് വേടനും സംഘവും. തന്റെ വാക്കിനെക്കുറിച്ചും രാഷ്ട്രീയത്തെക്കുറിച്ചും വേടന്‍ സംസാരിക്കുന്നു.

എത്ര കാലമായി ഈ പാട്ട് എഴുതി തയ്യാറാക്കിയിട്ട്?.

മൂന്നു മാസക്കാലം ആയിട്ടുണ്ടാകും, മുഴുവനാക്കിയിട്ട്. അതിനുമുമ്പേ പകുതി വരികള്‍ ആയിട്ടുണ്ടായിരുന്നു. അപ്പോഴാണ് എനിക്ക് ഊരാളി ബാന്‍ഡ് കഴിഞ്ഞ ഡിസംബറില്‍ ഫോര്‍ട്ട് കൊച്ചിയില്‍ നടത്തിയ പൗരത്വ ഭേദഗതി നിയമ വിരുദ്ധ പരിപാടിയില്‍ പെര്‍ഫോം ചെയ്യാന്‍ പറ്റിയത്. ഇപ്പോള്‍ ബാക്കി വരികള്‍ കൂടി ആഡ് ചെയ്തു.

നിങ്ങളുടെ ക്രൂവില്‍ എത്ര പേരുണ്ട്?

ഞങ്ങള്‍ മൂന്നു പേര് ഉണ്ടായിരുന്നു. ഞാന്‍, അഖില്‍ രാമചന്ദ്രന്‍, ഹൃതിക് ശശികുമാര്‍ എന്നിവര്‍. ഞങ്ങള്‍ കളിക്കൂട്ടുകാരാണ്. കൊച്ചിയിലെ ഷോ കഴിഞ്ഞതിനു ശേഷം രാജീവേട്ടന്‍ (രാജീവ് രവി) സംസാരിച്ചിരുന്നു. അന്ന് അദ്ദേഹം ഇത് കളക്റ്റീവ് ഫേസ്‌ന്റെ ബാനറില്‍ ചെയ്യാം എന്ന് പറഞ്ഞിരുന്നു. പിന്നീട് ലോക്ക് ഡൌണ്‍ സംഭവിക്കുകയും രാജീവേട്ടന്റെ തുറമുഖത്തിന്റെ ഷൂട്ട് മുടങ്ങുകയും ചെയ്തപ്പോ ആളെ വിളിച്ചു ശല്യപെടുത്തണ്ടേ എന്ന് തോന്നി. അങ്ങനെ ഒറ്റക്ക് ചെയ്തതാണ്. ഇത് സാധാരണക്കാരിലേക്ക് എത്തുമോ എന്നുള്ള ഒരു പേടി ഉണ്ടായിരുന്നു. പ്രതീക്ഷിച്ചതിനേക്കാള്‍ റെസ്‌പോണ്‍സ് വന്നു.

ഏതു സ്റ്റുഡിയോയില്‍ ആണ് ഇത് ചെയ്തത്?

ബാംഗ്ലൂരിലുള്ള ഓം സ്റ്റുഡിയോയില്‍.. ജുവൈന്‍ സിങ്ങ്‌ എന്ന എന്റെ സുഹൃത്തിന്റെ സ്‌റുഡിയോ ആണത്. അവര്‍ പാട്ട് കേട്ട് ഇഷ്ടപെട്ടതിനുശേഷം ചെയ്തു തന്നതാണ്. അദ്ദേഹമാണ് അതിന്റെ മിക്‌സിങ്ങും മാസ്റ്ററിങ്ങും ഒക്കെ ചെയ്തത്. അതിനുശേഷം അഞ്ചു ദിവസത്തിനകം ഷൂട്ട് ചെയ്തു. അങ്ങനെയാണ് ഞാന്‍ ഹൃതിക്കിനോട് ചോദിക്കുന്നത്. അവനാണ് അതിന്റെ സിനിമോട്ടോഗ്രാഫിയും എഡിറ്റിംഗും ചെയ്തത്. അത് പിന്നീട് മറ്റു വിഷ്വലുകള്‍ ഇല്ലാതെ ഞാന്‍ തന്നെ പറയുകയായിരുന്നു. എന്നെ റെജിസ്റ്റര്‍ ചെയ്യണം എന്നും തോന്ന.

ഇനി വലിയ ബാനറുകളിലേക്ക് പോകാന്‍ ആഗ്രഹമില്ലേ?

കാസ്റ്റ് ലെസ്സ് കോളേക്റ്റീവ് ന്റെ കൂടെ ഒരു ലൈവ് കോണ്‍സെര്‍ട് പോകണം എന്ന് എനിക്ക് വലിയ ആഗ്രഹം ആണ്. എനിക്ക് തമിഴ് വല്ലാത്ത പ്രേമമുള്ള ഭാഷയാണ്. ഞാന്‍ തമിഴിലാണ് കൂടുതല്‍ പാട് കേള്‍ക്കുന്നത്. ഭീകരമാണ് അവരുടെ ലൈവ് പെര്‍ഫോമന്‍സ്. അതാണ് അവരുടെ കൂടെ വര്‍ക്ക് ചെയ്യണം എന്ന ആഗ്രഹം. നീലം കല്‍ച്ചറല്‍സിന്റെ കൂടെ. പാ രഞ്ജിത്ത് എനിക്ക് വലിയ ഇഷ്ടമുള്ളസംവിധായകനാണ്.  ഇപ്പോള്‍ അനില്‍രാധാകൃഷ്ണ മേനോന്‍ അദ്ദേഹത്തിന്റെ സിനിമയില്‍ വര്‍ക്ക് ചെയ്യാന്‍ വിളിച്ചിട്ടുണ്ട്. അദ്ദേഹവുമായി ഇനി സംസാരിക്കണം.

എവിടെയാണ് പഠിച്ചത്?

തിരൂര്‍ സെന്റ്.തോമസ്.ഹയര്‍ സെക്കണ്ടറി സ്‌കൂളിലും കൂര്‍ക്കഞ്ചേരി എസ്.എന്‍.സ്‌കൂളിലും , തൃശൂര്‍ ഗവ.മോഡല്‍ ബോയ്‌സ് ഹയര്‍ സെക്കണ്ടറി സ്‌കൂളിലും പഠിച്ചു. ഞാന്‍ സ്‌കൂളില്‍ നിന്നും ഉപകാരമുള്ള ഒന്നും പഠിച്ചിട്ടില്ല. അവിടെ നിന്നും എന്തെങ്കിലും പഠിക്കാനുണ്ടെന്ന് തോന്നിയിട്ടുമില്ല. എനിക്ക് ഉപകാരമുള്ള കാര്യങ്ങള്‍ ഞാന്‍ പഠിച്ചത് സ്‌കൂളില്‍ നിന്നുമല്ല. സുഹൃത്തുക്കളില്‍ നിന്നും തെരുവില്‍ നിന്നുമാണ്.

വീട്ടില്‍ ആരൊക്കെ ഉണ്ട്?

അച്ഛന്‍, ചേട്ടന്‍, അനിയത്തി അവള്‍ വിവാഹം കഴിച്ച ചേര്‍ത്തലയില്‍ ആണ് ഒരു കുഞ്ഞുണ്ട്. പിന്നെ അച്ചമ്മ.

എന്താണ് പാട്ടിന്റെ രാഷ്ട്രീയത്തെക്കുറിച്ചു പറയാന്‍ ഉള്ളത്?

എനിക്ക് റാപ്പ് ഭയങ്കര ഇഷ്ടമാ.. അതിന്റെ ഒറിജിന്‍ അമേരിക്കയിലെ ബ്ലാക്ക്‌സ് അവരുടെ റൈട്‌സിനും അവര്‍ക്ക് ലോകത്തോട് പറയാനുള്ള കാര്യങ്ങള്‍ പറയാനുമാണ് ഉണ്ടാക്കിയത്. മലയാളത്തില്‍ ഒരുപാട് റാപ്പര്മാര് ഉണ്ട്.. ഉദാഹരണത്തിന് തേപ്പ് കിട്ടിയ കാര്യം പറയുക. ഭയങ്കര കൊമേര്‍ഷ്യലായി (കച്ചവട താല്പര്യത്തോടുകൂടിയാണ്) സര്‍വ സാധാരണമായിട്ടുള്ള കാര്യങ്ങളാണ് ഇവിടെ റാപ്പില്‍ പറയുക. സത്യത്തില്‍ അതങ്ങനെയല്ല. റാപ്പ് രാഷ്ട്രീയം പറയാന്‍ വേണ്ടി ഉപയോഗിക്കേണ്ട ഒരു കാര്യമാണ്. അതുണ്ടായത് അതിനു വേണ്ടിയാണ് എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. അങ്ങനെയാണ് ഞാന്‍ റാപ്പിലേക്ക് എത്തുന്നത്. ഇപ്പോളിതിന് ഇവിടെ വളരെയധികം ശ്രദ്ധകിട്ടുന്നുണ്ട്. അതിലൂടെ പറഞ്ഞാല്‍ ആളുകളുടെ ഉള്ളിലേക്ക് എത്തുന്നുണ്ട്. പിന്നെ എന്നെ സംബന്ധിച്ച് ഒന്നില്ലെങ്കില്‍ വാദിക്കാതിരിക്കുക അല്ലെങ്കില്‍ തീവ്രവാദി ആകുക എന്നല്ലാതെ അതിന്റെ ഇടയില്‍ മിതവാദി എന്നൊരു പരിപാടി ഇല്ല. എന്നോട് ഒരുപാടാളുകളായി പറയുന്നു എന്തിനാ ഇങ്ങനെ എഴുതുന്നത്? ഇങ്ങനെ പറയണോ? ഭയങ്കര സീനല്ലേ എന്നൊക്കെ… ഇങ്ങനെ പറയാതെ എങ്ങേനെയാ പറയുക. ഇങ്ങനെ പറയണം ഇങ്ങനെ പറയാനാണ് എനിക്ക് താല്പര്യം. ഭയങ്കര ഹാര്‍ഷ് ആയി ഓപ്പണ്‍ ആയി പറയുക. മിതവാദം ഇല്ല. തീവ്രവാദം മാത്രമുള്ളു (ചിരിക്കുന്നു…)

ഇപ്പോള്‍ ലോകത്താകമാനം നടക്കുന്ന ബ്ലാക്ക് മുന്നേറ്റങ്ങളും എല്‍.ജി.ബി.ടി.മുന്നേറ്റങ്ങളും ദളിത് മുന്നേറ്റങ്ങളും സ്ത്രീ മുന്നേറ്റങ്ങളുമൊക്കെ സ്വാധീനിച്ചിട്ടുണ്ടോ?

തീര്‍ച്ചയായിട്ടും…. അതിപ്പോള്‍ മാത്രമല്ല. എനിക്കിതിനെക്കുറിച്ചു ഐഡിയ കിട്ടിയപ്പോള്‍ മുതല്‍ തൊട്ട് അതായത്. എല്ലാവരും ഓരോ കാര്യങ്ങള്‍ കൊണ്ട് ഡിസ്‌ക്രിമിനേഷന്‍ അനുഭവിച്ചുകൊണ്ടിരിക്കുകയാണ്. പ്രത്യേകിച്ച് ബ്ലാക്സ്. ഞാന്‍ ഒരു ബ്ലാക്ക് ആയതുകൊണ്ട് എനിക്കത് നന്നായി മനസ്സിലാകും. ഞാന്‍ അനുഭവിച്ചിട്ടുള്ള കാര്യങ്ങളാണത്. എന്റെ അച്ഛനൊക്കെ പറയും നമ്മള്‍ പാണന്മാരാണ്. അതോര്‍മ്മവേണം, എന്നാല്‍ ഞാന്‍ ആരെക്കാളും താഴ്ന്നിട്ടോ ഉയര്‍ന്നിട്ടോ നില്ക്കുന്നവനല്ല എന്നാണ് കുട്ടിക്കാലം മുതല്‍ തോന്നിയിട്ടുള്ളത്. എനിക്ക് അങ്ങനെ ചിന്തിക്കുന്ന കുറേ സുഹൃത്തുക്കള്‍ ഉണ്ടായിരുന്നു. പിന്നെ രണ്ടായിരത്തിന് ശേഷം ജനിച്ചു വളര്‍ന്നവര്‍ രാജ്യത്ത് അനവധി പ്രൊട്ടസ്റ്റുകള്‍ കണ്ടിട്ടാണ് വളരുന്നത്. അവ ഒരുപാടെന്നെ മോട്ടിവേറ്റ് ചെയ്തിടുണ്ട്. ഞാന്‍ ജനിക്കുന്നതിനു മുന്‍പുള്ള സംഭവങ്ങള്‍ വരെ. ടിയാനെന്‍മെന്‍ സ്‌ക്വയറിനു മുന്നില്‍ ഒരു ടാങ്കറിന് മുന്നില്‍ ഒരു മധ്യവയസ്‌കന്‍ പച്ചക്കറി വാങ്ങി തിരികെ പോകുന്നൊരു ഫോട്ടോ ഞാന്‍ കണ്ടിട്ടുണ്ടായിരുന്നു. ആ ഫോട്ടോ അടക്കം എന്റെ മനസ്സില്‍ ഇപ്പോഴും കിടന്നു കളിക്കുന്നുണ്ട്. ബ്ലാക്ക് മൂവേമെന്റ്‌സ്, ഗേ മൂവേമെന്റ്‌സ്, ഹിപ്പി മൂവേമെന്റ്‌സ് ഒക്കെ എന്നെ സ്വാധിനിച്ചിട്ടുണ്ടാകാം. എനിക്കങ്ങനത്തെ ഒരു സര്‍ക്കിളുണ്ട്. അവരോട് സംസാരിക്കാറുണ്ട്.

ഭൂമിയുടെ ഒരു രാഷ്ട്രീയമൊക്കെ റാപ്പില്‍ മുന്നോട്ട് വക്കുന്നുണ്ടല്ലോ? അതെങ്ങനെയാണ് അത്രയും രാഷ്ട്രീയവത്കരിക്കപ്പെട്ടത്?

വായനയുണ്ട്. ആദ്യം ഞാന്‍ വായിക്കുമായിരുന്നില്ല .എന്റെ ചുറ്റും ആരും തന്നെ അങ്ങനെയുള്ള കാര്യങ്ങള്‍ ചെയ്യുമായിരുന്നില്ല. ഞാന്‍ നാടകോത്സവങ്ങളിലും സാഹിത്യ സദസുകളിലും പോകാന്‍ തുടങ്ങി. അവിടങ്ങളിലൊക്കെ ഞാന്‍ ഭയങ്കര ഐഡിയ ഉള്ള ആളുകളെ കാണാന്‍ തുടങ്ങി. അവരോട് എനിക്ക് സംശയമുള്ള കാര്യങ്ങളെക്കുറിച്ചൊക്കെ സംസാരിക്കുന്നു. അവരെല്ലാം നല്ല വായനക്കാരായിരുന്നു. അങ്ങനെയാണ് ഞാന്‍ പതുക്കെ വായനയിലേക് കടക്കുന്നത്. പുസ്തകങ്ങള്‍ തന്നെയാണ് എനിക്കീ വരികള്‍ തന്നത്. വായനയില്ലെങ്കിഎനിക്ക്ല്‍ എഴുതാനും കൂടുതല്‍ കാര്യങ്ങളെക്കുറിച്ചു ചിന്തിക്കാനും കഴിയില്ലായിരുന്നു.

വിമര്‍ശിക്കുന്ന ആളുകളെ ഈ ദേശരാഷ്ട്രം ഉപദ്രവിക്കുന്നുണ്ട് എന്നൊക്കെയുള്ള വരികളിലേക്ക് എത്തിയതോ?

പേഴ്‌സണലി പറഞ്ഞാല്‍ ഞാന്‍ ഒരു രാജ്യസ്‌നേഹിയല്ല. സ്‌നേഹിക്കാന്‍ എനിക്കൊരു രാജ്യമില്ല എന്ന് വിശ്വസിക്കുന്ന ഒരാളാണ് ഞാന്‍. എന്റെ ഇന്‍സ്റ്റാഗ്രാം ബയോ നോക്കിയാല്‍ ‘യാതും ഊറേ യാവറും കേളീര്‍ ‘ എന്നൊരു വരി കാണാം. അത് മൂവായിരം വര്‍ഷങ്ങള്‍ക്ക് മുന്‍പ് കനിയന്‍ പൂങ്കുണ്ട്രനാര്‍ എന്ന തമിഴ് കവിയുടേ വരികളാണ്. ഞാനൊരു ഭൂലോക വാസിയാണ്. ഇവിടെ ഉള്ള എല്ലാവരും എന്റെ സഹോദരി സഹോദരന്മാരാണ്. ഇതാണ് അതിന്റെ അര്‍ഥം വരുന്നത്. എനിക്കീ അതിര്‍ത്തികളോടൊന്നും വലിയ താല്പര്യമില്ല. ഭാഷകള്‍കൊണ്ട് നമ്മള്‍ വ്യത്യസ്തരാണ്. അതല്ലാതെ മറ്റൊരു വ്യത്യാസവുമില്ല. പക്ഷെ നമ്മള്‍ മലയാളീസ് ആണെന്ന് പറഞ്ഞ് അഹങ്കരിക്കുന്നവരാണ്. അങ്ങനെയൊന്നുമില്ല. നമ്മള്‍ ഈ ഭൂമിയുടെ ഭാഗമാണെന്ന ചിന്ത ആര്‍ക്കുമില്ല. ഇന്‍ഡ്യക്കാര്‍ക്ക് തീരെ ഇല്ല. കാരണം ഇവിടുത്തെ എല്ലാ പിള്ളേരേം പഠിപ്പിക്കുന്നത് പാകിസ്താനെ നോക്കിയേ നമ്മുടെ ശത്രു രാജ്യമാണെന്നൊക്കെയാ.. അവിടെ നിറയെ മുസ്ലിം ആണ് ട്ടാ… അങ്ങനെയൊന്നുമില്ല. എത്ര കിടുകാച്ചി മനുഷ്യരുണ്ട് ഇന്ത്യയിലും പാകിസ്താനിലും?. എന്റെ ഒരു സുഹൃത്തുണ്ട് സതീഷ് പൊതുവാള്‍ ആളൊക്കെയാണ് ദേശീയത ഒരു ഫേക്ക് പരിപാടി ആണെന്ന ഐഡിയ തരണത്. എനിക്ക് ഒരു രജ്യസ്‌നേഹവുമില്ല രാജ്യദോഹവുമില്ല. ഇത് നമ്മള്‍ പറഞ്ഞാല്‍ പ്രാന്താണെന്നൊക്കെ വ്യാഖ്യാനിച്ച്ു കളയും. ഓപ്പണ്‍ ആയി സംസാരിക്കുന്നവര്‍ ഒക്കെ ഒന്നില്ലെങ്കില്‍ കഞ്ചാവാണ് അല്ലെങ്കില്‍ പ്രാന്തനാണ്. അപ്പോ ഇങ്ങനത്തെ കാര്യങ്ങള്‍ ഒരു വലിയ സര്‍ക്കിളില്‍ ഷെയര്‍ ചെയ്യാന്‍ പറ്റില്ല. പക്ഷെ നമുക്ക് പാട്ടിലൂടെ പറയാം. ആലോചിക്കുന്നവര്‍ക്ക് കിട്ടും. ബാക്കിയുള്ളവര്‍ പാട്ടുകൊള്ളാം എന്നൊക്കെ പറഞ്ഞ പൊയ്‌ക്കോളും

കേരളത്തില്‍ പ്രധാനമായി ഇടതുപക്ഷവും വലതുപക്ഷവുമുണ്ട്. ഇടതുപക്ഷത്തിന്റെ സാംസ്‌കാരിക പരിപാടികള്‍ക്ക് കെ.പി.എ.സി ഉണ്ടായിരുന്നതുപോലെ ഇപ്പോള്‍ ആദര്‍ശ് കുമാര്‍ അണിയലിന്റെ രാവണിന് ശേഷം വേടന്‍ വരികയാണ്. ഇത് ദളിതുകളുടെ കീഴിലുള്ള വളരെ പതുക്കെ ഉള്ള ഒരു സാംസ്‌കാരിക ഇടപെടല്‍ ആണോ?

തീര്‍ച്ചയായും. അതിനെക്കുറിച്ചൊക്കെ സംസാരിക്കാന്‍ ഒരുപാട് ആളുകള്‍ ഉണ്ട്. രാവണ്‍ ചെയ്ത ആദര്‍ശ്കുമാര്‍ അണിയലൊക്കെ.. അവരുടെയൊക്കെ മക്കളെ ആലോചിച്ച നോക്കിയേ.. അവരിങ്ങനെ ചിന്തിക്കുകയാണെങ്കില്‍ അവരുടെ മക്കള്‍ ബീയോണ്ട് ദാറ്റ് തോട്ട് വളര്‍ത്തും… അടുത്ത തലമുറ നല്ല ലൈറ്റന്‍ഡ് ആയിരിക്കും. നല്ല കിടുകാച്ചി തലമുറ ആയിരിക്കും… നല്ല ഹാപ്പി ആയിട്ടുള്ള ലോകം ആയിരിക്കും അടുത്തത്. അതുറപ്പാണ്.

മലയാളത്തിലെ മുന്‍കാലങ്ങളില്‍ ഉണ്ടായ കലകളോടും സിനിമയോടും എന്താണ് നിലപാട്?

അഞ്ചുകൊല്ലം മുന്‍പ് വരെ ഇത്തരം കാര്യങ്ങള്‍ ഒന്നും ചര്‍ച്ചചെയ്തിരുന്നില്ല. ഇപ്പോഴാണ് സിനിമയില്‍ പോലും ഇത്തരം കാര്യങ്ങള്‍ വന്നത്. ഇപ്പോ തുരുതുരാ അല്ലെ വരുന്നത്. പണ്ട് വല്ലപ്പോഴും ചില സിനിമകളില്‍ ഭീകര രാഷ്ട്രീയമൊക്കെ പറഞ്ഞുപോകും എന്നുമാത്രം. ഇപ്പോഴല്ലേ രാജീവേട്ടന്‍ വന്നത്. തമിഴില്‍, അസുരന്‍ പാ രഞ്ജിത്തിന്റെ സിനിമകള്‍…. ഇനിയും വരും. പണ്ടത്തെ ദേവിയുടെ മുഖത്ത് തുപ്പുന്ന ഒരു സിനിമ ഉണ്ടല്ലോ.. ആ നിര്‍മാല്യം. ഇന്നത് ഇറങ്ങുകയാണെങ്കില്‍ എന്ത് പ്രശ്‌നം ഉണ്ടാകും. ഇപ്പോ ആളുകള്‍ മതത്തിലേക്ക് കൂടുതല്‍ പോകുകയാണ്. ഇവര്‍ക്ക് ഈ കുഞ്ഞു കുഞ്ഞു കാര്യങ്ങളിലൊക്കെ ഒരു പേടിയാണ്. നായകന്‍ എന്ന് പറഞ്ഞാല്‍ പോലും വെളുപ്പാണ്. എവിടെയാ ഒരു കറുപ്പുനടന്‍? ഇപ്പോ വിനായകനെപോലെ നടന്‍ വളര്‍ന്നു വരുന്നത് സഹിക്കാന്‍ പറ്റാത്ത ആളുകള്‍ ഉണ്ട്. ഒരു കോടി രൂപ വാങ്ങുന്നു എന്ന് പറഞ്ഞാല്‍ ഇവനൊരു കോടിയോ എന്നു ചോദിക്കും… വിനായകന്‍ ഒരു കോടി വാങ്ങുന്നുണ്ടെങ്കില്‍ അതിനുള്ള സ്റ്റഫ് ഉണ്ട്. ആസ്വാദകര്‍ മാറിത്തുടങ്ങി. അതുകൊണ്ടാണ് ഇപ്പോ അവാര്‍ഡ് പോലും കൊടുക്കുന്നത് മുന്നാണെങ്കില്‍ കൊടുക്കില്ല. കലാഭവന്‍ മണിയെ എപ്പോഴാ അംഗീകരിക്കാന്‍ തുടങ്ങിയത്? ഇപ്പോള്‍ പ്രേക്ഷകര്‍ മാറി. അതാണ് പ്രധാന കാരണം. താഴെത്തട്ടില്‍ നിന്നും ആളുകള്‍ ഫൈറ്റ് ചെയ്തതിന്റെ ഭാഗമാണത്. പെട്ടെന്നൊരു ദിവസം തോന്നിയതൊന്നുമല്ല

സിനിമ ഒരു സ്വപ്നമാണോ?

തീര്‍ച്ചയായും, സിനിമ ഞാന്‍ ചെയ്യും,

എന്തുകൊണ്ടാണ് പിന്നെ പാട്ട് പാടി ഒരു തുടക്കം?

എനിക്ക് പാട്ട് പാടാന്‍ അറിയുന്നത്‌കൊണ്ട്…

കലക്കൊരു പ്രതിബദ്ധതയുണ്ട് എന്നിരുന്നാലും അത് കച്ചവടം ചെയ്യേണ്ടതാണെന്നു തോന്നുന്നുണ്ടോ?

ഉണ്ട്. എനിക്ക് മറ്റു വരുമാനങ്ങള്‍ ഇല്ല. എനിക്കിതെ ചെയ്യാന്‍ അറിയൂ. അതുകൊണ്ട് കച്ചവടം ഒരു പ്രധാനപ്പെട്ട കാര്യമാണ്. കാശില്ലെങ്കില്‍ പട്ടിയുടെ വില പോലും ഉണ്ടാകില്ല.

റാപ്പില്‍ തന്നെ പിടിക്കാനാണോ അതോ പല ജോണറില്‍ പോകാന്‍ ആഗ്രഹിക്കുന്നുണ്ടോ?

അതെ പല ജോണറിലും പോകണമെന്നുണ്ട്. അതിനു വേലി ഒന്നുമില്ലല്ലോ. പണ്ട് കര്‍ണാടികിനോക്കെ ഈ പറഞ്ഞ വേലി ഉണ്ടായി. ആരെയും പഠിപ്പിച്ചിരുന്നില്ല. ഇപ്പോള്‍ അങ്ങനെ അല്ലാലോ… മ്യൂസിക് അല്ലെ ഒഴുകട്ടെ… എന്റെ വോയിസ് നു പറ്റിയതൊക്കെ ഞാന്‍ നോക്കും. എന്റെ പാട്ടുകള്‍ എന്റെ രാഷ്ട്രീയ പരിപാടി ആയിരിക്കും

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Culture | Tags: , , , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply