ഒരു കുറ്റവാളിയും പിന്‍വാതിലിലൂടെ വന്ന് മുന്‍വാതിലിലൂടെ തലയുയര്‍ത്തി പോകരുത്

പണവും സ്വാധീനവുമുണ്ടെങ്കില്‍ എന്തും നേടാവുന്ന കാലമാണിതെന്നും എന്തു സംഭവിച്ചാലും പരാതിപ്പെടരുതെന്ന മുന്നറിയിപ്പാണ് ഈ വിധിയെന്നുമുള്ള ചരിത്രപോരാട്ടം നടത്തിയ, അതീജീവിതയുടെ സഹപ്രവര്‍ത്തകരായ കന്യാസ്ത്രീകളുടെ വാക്കുകളും ശ്രദ്ധേയമാണ്. പോലീസും പ്രേസിക്യൂട്ടറും നല്‍കിയ നീതി കോടതിയില്‍ നിന്നും ലഭിച്ചില്ല. കേസിന്റെ വാദം കഴിയുന്നവരെ അട്ടിമറി നടക്കുന്നതായി ബോധ്യപ്പെട്ടിരുന്നില്ല. അതിനു ശേഷമായിരിക്കാം അട്ടിമറി നടന്നിരിക്കുകയെന്നും ഞങ്ങളുടെ സിസ്റ്ററിന് നീതി കിട്ടുംവരെ പോരാടുമെന്നും അവര്‍ കൂട്ടിചേര്‍ക്കുന്നു.

കന്യാസ്ത്രീയെ ബലാത്സംഗം ചെയ്‌തെന്ന കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ കുറ്റവിമുക്തനാക്കിയ കോടതി വിധി അവിശ്വസനീയമെന്നുതന്നെയായിരിക്കും ശരാശരി മലയാളികള്‍ വിശ്വസിക്കുന്നത്. പ്രതികള്‍ അതിശക്തരും വാദികള്‍ ദുര്‍ബ്ബലരുമായ മിക്ക കേസുളിലും സംഭവിക്കുന്നത് ഇതുതന്നെയാണ്. അടുത്തു വാളയാറില്‍ കേരളമതു കണ്ടു. നടിയുടെ കേസിലും മിക്കവാറും സംഭവിക്കാനിട അതു തന്നെയാണ്.

അപ്പീല്‍ പോകുക, കീഴ് കോടതിയില്‍ എന്തെങ്കിലും പിഴവുകള്‍ സംഭവിച്ചിട്ടുണ്ടെങ്കില്‍ അതാവര്‍ത്തിക്കാതെ നോക്കുക.. അതാണ് ഇനി ചെയ്യാനുള്ളത്. അത്തരമൊരു സൂചനതന്നെയാണ് അന്വേഷണ ഉദ്യാഗസ്ഥനായ എസ് പി ഹരിശങ്കര്‍ പറയുന്നത്. ‘ഇതുപോലെ നൂറുകണക്കിന് നിശബ്ദരുണ്ട്. ഈ സിസ്റ്റത്തില്‍ മാത്രമല്ല, ഓര്‍ഫനേജുകളിലും ചില്‍ഡ്രന്‍ ഹോമുകളിലുണ്ടാകും. അവിടെയെല്ലാം ജീവന്‍ ഭീഷണിയിലായതിനാല്‍ പുറത്തുപറയാനാവില്ല. ഈ വിധി അവര്‍ക്ക് എന്തു സന്ദേശമാണ് നല്‍കുന്നത്. ഒരു കാരണവശാലും അംഗീകരിക്കാന്‍ കഴിയില്ല. അപ്പീല്‍ പോകും.’ ഇതാണ് അദ്ദേഹത്തിന്റെ പ്രസക്തമായ വാക്കുകള്‍. പരാതി സമയത്തു നല്‍കിയില്ല എന്നതാണ് കന്യാസ്ത്രീക്കെതിരായ ഒരാരോപണം. അതിനുള്ള മറുപടിയും എസ് പി തന്നെ പറയുന്നു. ‘2014 മുതല്‍ 2016 വരെ പീഡിപ്പിക്കപ്പെട്ട അവര്‍ 2018ലാണ് പരാതി നല്‍കിയത്. നാളെ ജീവിക്കണോ മരിക്കണോ എന്നു പോലും മേലധികാരി നിശ്ചയിക്കേണ്ട അവസ്ഥയില്‍ നില്‍ക്കുന്ന ഒരു കന്യാസ്ത്രീ ആ സമയത്തു തന്നെ പരാതിയുമായ വന്നാല്‍ അവരുടെ ജീവന്‍ തന്നെ അപകടത്തിലായേക്കാം. അവരുടെ കുടുംബത്തിന്റെ ജീവന്‍ പോലും അപകടത്തിലാകുമെന്ന സ്ഥിതിയായിരുന്നു. അതുകൊണ്ടുതന്നെ രണ്ടുവര്‍ഷം മനസ്സിലടക്കി അവര്‍ കഴിഞ്ഞു. കൗണ്‍സിലിംഗിലും കുമ്പസാരത്തിലും പങ്കുവച്ചതോടെ പരാതി നല്‍കാന്‍ ഒരു വൈദികന്‍ ഉപദേശം നല്‍കുന്നു. ഈ കാലയളവില്‍ അവര്‍ ഈ വിഷയം പലരോടും പങ്കുവച്ചിട്ടുണ്ട്. ബലാത്സംഗം ഒരു പ്രത്യേക കേസാണ്. കുറ്റക്കാരനായി നില്‍ക്കുന്നതിനൊപ്പം തന്നെ ഇരയും സമൂഹത്തില്‍ ഒറ്റപ്പെടുകയാണ്. ഈ കേസില്‍ എല്ലാവരും സാധാരണക്കാരാണ് . ബിഷപ്പിനെതിരെ മൊഴി കൊടുത്താന്‍ ജീവനൊടുക്കുമെന്ന് ഒരു കന്യാസ്ത്രീ യുടെ അമ്മ പറഞ്ഞു. അവരെ പ്രോസിക്യൂഷന്‍ ഏറെ അനുനയിപ്പിച്ചാണ് മൊഴി നല്‍കാന്‍ എത്തിച്ചത്.’ എന്തുകൊണ്ട് ഇത്തരത്തിലൊരു വിധി വന്നു എന്നതിനുള്ള മറുപടി ഈ വാക്കുകളില്‍ ഒളിഞ്ഞുകിടപ്പുണ്ട്.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

പണവും സ്വാധീനവുമുണ്ടെങ്കില്‍ എന്തും നേടാവുന്ന കാലമാണിതെന്നും എന്തു സംഭവിച്ചാലും പരാതിപ്പെടരുതെന്ന മുന്നറിയിപ്പാണ് ഈ വിധിയെന്നുമുള്ള ചരിത്രപോരാട്ടം നടത്തിയ, അതീജീവിതയുടെ സഹപ്രവര്‍ത്തകരായ കന്യാസ്ത്രീകളുടെ വാക്കുകളും ശ്രദ്ധേയമാണ്. പോലീസും പ്രേസിക്യൂട്ടറും നല്‍കിയ നീതി കോടതിയില്‍ നിന്നും ലഭിച്ചില്ല. കേസിന്റെ വാദം കഴിയുന്നവരെ അട്ടിമറി നടക്കുന്നതായി ബോധ്യപ്പെട്ടിരുന്നില്ല. അതിനു ശേഷമായിരിക്കാം അട്ടിമറി നടന്നിരിക്കുകയെന്നും ഞങ്ങളുടെ സിസ്റ്ററിന് നീതി കിട്ടുംവരെ പോരാടുമെന്നും അവര്‍ കൂട്ടിചേര്‍ക്കുന്നു.

വിധി നിരാശാജനകമാണെങ്കിലും കന്യാസ്ത്രീകള്‍ അരമന വിട്ടിറങ്ങി നടത്തിയ സമാനതകളില്ലാത്ത പോരാട്ടം കേരളസമരചരിത്രത്തില്‍ അവിസ്മരണീയ അധ്യായമായി തന്നെ തുടരും. കേരളത്തില്‍ ഏറ്റവുമധികം പീഡിപ്പിക്കപ്പെടുന്ന വിഭാഗം ഏതെന്ന ചോദ്യത്തിനു പറയാവുന്ന ഒരു മറുപടി കന്യാസ്ത്രീകള്‍ എന്നു തന്നെയാണ്. പുരുഷപുരോഹിതര്‍ എല്ലാ സ്വാതന്ത്ര്യത്തോടേയും സൗകര്യങ്ങളോടേയും ജീവിക്കുമ്പോള്‍ കന്യാസ്ത്രീകള്‍ പൊതുവില്‍ തടവറകള്‍ക്കുള്ളിലാണ്. പലരും കന്യാസ്ത്രീകളാകുന്നതുതന്നെ സാമ്പത്തിക ബുദ്ധിമുട്ടുകൊണ്ടും മാതാപിതാക്കളുടെ സമ്മര്‍ദ്ദം കൊണ്ടും മറ്റുമാണ്. പലപ്പോഴും ലൈംഗികമായി പോലും അവര്‍ പീഡിപ്പിക്കപ്പെടുന്നു. അവരുടെ ജീവിതത്തിന്റെ ദയനീയചിത്രം കന്യാസ്ത്രീപട്ടം വലിച്ചെറിഞ്ഞ് പുറത്തുവന്ന ജസ്മി രചിച്ച ജീവിതകഥയില്‍ വായിക്കാവുന്നതാണ്. യുജിസി വേതനം വാങ്ങുന്നവര്‍ക്കുപോലും അടിവസ്ത്രം വാങ്ങാനുള്ള പണത്തിനായി കൈനീട്ടേണ്ട അവസ്ഥ. നിരന്തരമായി നേരിടുന്ന പീഡനങ്ങള്‍ക്കെതിരായ പൊട്ടിത്തെറിയായിരുന്നു ഈ വിഷയവുമായി ബന്ധപ്പെട്ടു നടന്ന കന്യാസ്ത്രീസമരം എന്നു പറയാം.

പീഡനവുമായി ബന്ധപ്പെട്ട് 2017 ല്‍ തന്നെ സഭക്കുള്ളില്‍ പരാതി കൊടുത്തിട്ടും ഫലമുണ്ടായിരുന്നില്ല.. തുടര്‍ന്ന് സഭ വിട്ടു പോകാന്‍ തയ്യാറെടുത്ത കന്യാസ്ത്രീയെ സഹപ്രവര്‍ത്തകര്‍ നിരുത്സാഹപ്പെടുത്തുകയായിരുന്നു. ഏഴില്‍ കൂടുതല്‍ തവണ നേരിട്ടും എഴുതിയും സഭാധികാരികളെ ഈ കന്യാസ്ത്രീ പീഡന വിവരം ധരിപ്പിച്ചിട്ടും പ്രതികാരത്തിന് ഇരയായതല്ലാതെ മറ്റൊന്നും സംഭവിച്ചില്ല. കന്യാസ്ത്രീ രൂപതയ്ക്ക് നല്‍കിയ കത്തില്‍ ഇത് കൃത്യമായി പറയുന്നുണ്ട്. 20ഓളം കന്യാത്രീകള്‍ ഇക്കാലയളവില്‍ ഭയന്നു സഭയില്‍നിന്നും പിരിഞ്ഞുപോയതായും കത്തില്‍ പരാമര്‍ശമുണ്ടായിരുന്നു.

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

2018 ജനുവരി 26നാണു കന്യാസ്ത്രീ പോലീസില്‍ പരാതി നല്‍കിയത്. എന്നാല്‍ 75 ദിവസത്തില്‍ കൂടുതല്‍ പരാതിയില്‍ ഒരു നടപടിയുമുണ്ടായില്ല. സഭയുടെ മുഴുവന്‍ അധികാരവും ഉപയോഗിച്ച് അന്വേഷണങ്ങളില്‍ നിന്നും രക്ഷപ്പെടാനായിരുന്നു പ്രതിയുടെ ശ്രമം. 10-08-2018 ന് ഡിവൈഎസ്പി കെ സുഭാഷ് ഹൈക്കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ അതുവരെ നടത്തിയ അന്വേഷണത്തിന്റെയും തെളിവുകളുടെയും അടിസ്ഥാനത്തില്‍ പരാതി സത്യമണെന്നു പറഞ്ഞിരുന്നു. അതിനിടയില്‍ സെപ്തംബര്‍ 14നു മിഷനറീസ് ഓഫ് ജീസസ് സന്യാസ സഭ ബിഷപ്പിനെ കുറ്റവിമുക്തനാക്കികൊണ്ട്, നിയമവിരുദ്ധമായി പരാതിക്കാരിയായ കന്യസ്ത്രീയുടെ ചിത്രങ്ങള്‍ പ്രചരിപ്പിച്ചു. ഈ സാഹചര്യത്തിലാണ് കന്യാസ്ത്രീകള്‍ തെരുവിലിറങ്ങി സമരം ആരംഭിച്ചത്. ബിഷപ്പിനെതിരെ മാത്രമല്ല, സഭക്കെതിരേയും നടപടിയെടുക്കാത്ത പോലീസ് ഡിപ്പാര്‍ട്‌മെന്റിനെതിരെയും സര്‍ക്കാരിനെതിരെയും കൂടിയായിരുന്നു സമരം. കുറുവലങ്ങാട് മഠത്തിലെ സി. അനുപമ, സി. ജോസഫൈന്‍, സി. ആല്‍ഫി, സി. ആന്‍സി, സി. നീന റോസ് എന്നീ സിസ്റ്റര്‍മാരുടെ നേതൃത്വത്തില്‍ സേവ് ഔര്‍ സിസ്റ്റേഴ്‌സ് ഫോറത്തിന്റെ ബാനറിലാണ് സമരം രൂപം കൊണ്ടത്. പൊതുപ്രവര്‍ത്തനങ്ങളിലൂടെ കേരളീയസമൂഹത്തിനു സുപരിചിതനായ ഫാദര്‍ അഗസ്റ്റിന്‍ വട്ടോളി സമരത്തിന്റെ നെടുംതൂണായിരുന്നു. സഭകളില്‍ നില നില്‍ക്കുന്ന പുരുഷാധിപത്യവും ഭക്തിയുടെ മറവില്‍ നടക്കുന്ന കടുത്ത മനുഷ്യാവകാശ നിഷേധങ്ങളും ചൂഷണങ്ങളും പുറംലോകത്തെത്തിച്ചു എന്നതാണ് ആ മുന്നേറ്റത്തിന്റെ ഏറ്റവും വലിയ നേട്ടം. കലാ സാമൂഹിക സാംസ്‌കാരിക രംഗത്തെ നിരവധിപേരും വനിതാ – മനുഷ്യാവകാശ പ്രവര്‍ത്തകരും സാധാരണക്കാരായ വീട്ടമ്മമാരുമടക്കമുളളവരും സമരത്തെ പിന്തുണച്ച് രംഗത്തുവന്നു. സഭക്കുള്ളിലെ വിശ്വാസികളില്‍ വലിയൊരു വിഭാഗവും സമരത്തിന് പിന്തുണയറിയിച്ചു. കന്യാസ്ത്രീകള്‍ സിപിഎം കേന്ദ്രനേതൃത്വത്തിന് കത്തയച്ചത് സംസ്ഥാന സര്‍ക്കാരിനു കടുത്ത സമ്മര്‍ദ്ദമായി. പാര്‍ട്ടിയിലെ വനിതാ പ്രവര്‍ത്തക പി കെ ശശി എം എല്‍ എക്ക് എതിരെ നല്‍കിയ പരാതിയുമായി ബന്ധപ്പെട്ടു പാര്‍ട്ടി വലിയ ചോദ്യങ്ങള്‍ നേരിട്ടുകൊണ്ടിരുന്ന സമയത്താണ് കന്യാസ്ത്രീകളുടെ പരാതി കേന്ദ്രനേതൃത്വത്തിനു ലഭിക്കുന്നത്. പതിവുപോലെ ആദ്യം സമരത്തെ എതിര്‍ത്തെങ്കിലും വര്‍ധിച്ചു വന്ന സമരത്തിലെ ജനകീയ പങ്കാളിത്തവും മുകളില്‍ നിന്നുള്ള സമ്മര്‍ദ്ദവും കോടിയേരി ബാലകൃഷ്ണനെക്കൊണ്ട് സമരം സഭയിലെ മാറ്റത്തിന്റെ സൂചനയാണെന്ന് പ്രസ്താവനയിറക്കിച്ചു. എന്നാല്‍ കന്യാസ്ത്രീ സമരത്തില്‍ നിന്ന് പൂര്‍ണമായും വിട്ടു നില്‍ക്കുകയാണ് കോണ്‍ഗ്രസ് ചെയ്തത്. എന്തായാലും സെപ്തംബര്‍ 21ന് ബിഷപ്പ് അറസ്‌റ് ചെയ്യപ്പെട്ടു. 2 ദിവസവും 7 മണിക്കൂറും നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് ഫ്രാങ്കോയെ പോലീസ് അറസ്റ്റ് ചെയ്തത്. ഏറെ നിയമപരമായ നീക്കങ്ങള്‍ക്കൊടുവില്‍ ഒക്ടോബര്‍ 15നു കേസില്‍ ഹാജരാകാനല്ലാതെ കേരളത്തില്‍ പ്രവേശിക്കരുതെന്ന ഉത്തരവില്‍ ഹൈക്കോടതി ഫ്രാങ്കോക്ക് ജാമ്യം അനുവദിച്ചു. തുടര്‍ന്നു നടന്ന നിയമപോരാട്ടമാണ് ഇപ്പോള്‍ അപ്രതീക്ഷിത വിധിയിലെത്തിയിരിക്കുന്നത്.

തീര്‍ച്ചയായും നീതിക്കായി പോരാടുന്നവര്‍ക്ക് നിരാശ നല്‍കുന്ന ഒന്നാണ് ഈ വിധി. അന്വേഷണ ഉദ്യാഗസ്ഥന്‍ തന്നെ പറഞ്ഞപോലെ, നീതിപീഠത്തില്‍ വിശ്വാമില്ലാതെ ശക്തരായ വേട്ടക്കാര്‍ക്കെതിരെ ദുര്‍ബ്ബലരായ ഇരകള്‍ പരാതി നല്‍കാന്‍ മടിക്കുന്ന അവസ്ഥയും വരാം. അതിനാല്‍ തന്നെ വിഴ്ചകള്‍ പറ്റിയിട്ടുണ്ടെങ്കില്‍ അവ തിരുത്തി അപ്പീലിനു പോകാനാണ് സര്‍ക്കാര്‍ തയ്യാറാകേണ്ടത്. മാത്രമല്ല, ഇരയായ കന്യാസ്ത്രീക്കും അവരെ പിന്തുണച്ച അനുപമയും ലൂസി കളപ്പുരയുമടക്കനുള്ളവര്‍ക്കുമെതിരെ പ്രതികാര നടപടികള്‍ക്കുള്ള സാധ്യതയെ തടയുകയും വേണം. അതിനായി സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്താനും നീതിക്കായി പോരാട്ടം തുടരുമെന്നു പ്രഖ്യാപിച്ച കന്യാസ്ത്രീകള്‍ക്കൊപ്പം നില്‍ക്കാനുമാണ് ലിംഗനീതിയിും ജനാധിപത്യത്തിലും വിശ്വസിക്കുന്ന ഓരോരുത്തരും ഇപ്പോള്‍ ചെയ്യേണ്ടത്. കോടതിയില്‍ പിന്‍വാതിലിലൂടെ കടന്നുവന്ന ഒരു കുറ്റവാളിയും മുന്‍വാതിലിലൂടെ തലയുയര്‍ത്തി പോകുന്ന അവസരം ഇനിയെങ്കിലും ഉണ്ടാകരുത്.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Human rights | Tags: , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply