ഉമ്മന്‍ചാണ്ടിയെന്ന ജനകീയനേതാവിന്റെ പരിമിതികള്‍

നിയമസഭയില്‍ 50 വര്‍ഷം ഒരു മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത് ചെറിയ കാര്യമല്ല. കെ എം മാണിക്കുമാത്രമേ അതിനു കഴിഞ്ഞിട്ടുള്ളൂ. എന്നാല്‍ മാണിയുടേത് രണ്ടര ജില്ലകളില്‍ മാത്രമുള്ള ഒരു പാര്‍ട്ടിയാണ്. എന്നാല്‍ അടുത്തകാലംവരെ ഇന്ത്യയിലെ ഏറ്റവും വലിയ പാര്‍ട്ടിയായിരുന്നു, ഏറ്റവും കൂടുതല്‍ കാലം അധികാരത്തിലിരുന്ന പാര്‍ട്ടിയായിരുന്നു കോണ്‍ഗ്രസ്സ്. അതിനാല്‍ തന്നെ ഈ നേട്ടത്തിനൊരു മറുവശവുമുണ്ട്. പുതുപ്പള്ളിയില്‍ നിന്നാരംഭിച്ച ഉമ്മന്‍ചാണ്ടിയുടെ രാഷ്ട്രീയജീവിതം അവിടെതന്നെ അവസാനിക്കുന്നു എന്നതാണത്.

പുതുപ്പള്ളിയില്‍ നിന്ന് നിയമസഭയില്‍ 50 വര്‍ഷം പൂര്‍ത്തിയാക്കിയ ശ്രീ ഉമ്മന്‍ചാണ്ടി പാര്‍ട്ടിക്കും സംസ്ഥാനത്തിനും പ്രിയപ്പെട്ട നേതാവു തന്നെയാണെന്നതില്‍ സംശയമില്ല. കോണ്‍ഗ്രസ്സിലെ മാത്രമല്ല, സംസ്ഥാനത്തെ തന്നെ ഏറ്റവും ജനപിന്തുണയുള്ള രാഷ്ട്രീയനേതാവ് ഒരുപക്ഷെ അദ്ദേഹമായിരിക്കും. ഒരുപാട് ആരാധകരും സ്തുതിപാഠകരും അദ്ദേഹത്തിനുണ്ടെന്നതിലും സംശയമില്ല.

എ കെ ആന്റണിയുടെ വത്സലശിഷ്യനും സഹപ്രവര്‍ത്തകനുമായിട്ടായിരുന്നു ഉമ്മന്‍ചാണ്ടിയുടെ രാഷ്ട്രീയപ്രവേശം. ആദര്‍ശത്തിന്റെ പരിവേഷമായിരുന്നല്ലോ ആന്റണി. പുണ്യാളന്മാരെപോലെയുള്ള പ്രഭാവലയം അദ്ദേഹത്തിനുണ്ടായിരുന്നു. അതിന്റെ ഒരുഭാഗം ഉമ്മന്‍ചാണ്ടിക്കുമുണ്ട്. 1969ല്‍ കോണ്‍ഗ്രസ്സ് പിളര്‍ന്നപ്പോള്‍ മുതിര്‍ന്ന പടക്കുതിരകള്‍ മിക്കവാറും സംഘടനാ കോണ്‍ഗ്രസ്സ് പക്ഷത്തായിരുന്നു. ആ സമയത്താണ് ചെറുപ്പക്കാരുടെ ഒരു പടയും, ആദര്‍ശത്തിന്റെ പരിവേഷവുമായി ഇന്ദിരാഗാന്ധിയുടെ പക്ഷത്ത് ആന്റണി നിലകൊണ്ടത്. കെ കരുണാകരന്‍, കെ കെ വിശ്വനാഥന്‍, പോള്‍ പി മാണി തുടങ്ങി അപൂര്‍വ്വം മുതിര്‍ന്നവര്‍ മാത്രമാണ് ഇന്ദിരാപക്ഷത്ത് നിലനിന്നത്. ഉമ്മന്‍ ചാണ്ടിക്കുപുറമെ പി സി ചോക്കോ, എം എം ഹസന്‍, വി എം സുധീരന്‍, തിരുവഞ്ചൂര്‍ തുടങ്ങിയ യുവനേതാളൊക്കെ ആന്റണിക്കൊപ്പമുണ്ടായിരുന്നു. എല്ലാവര്‍ക്കും ആദര്‍ശപരിവേഷത്തിന്റെ ഒരുഭാഗം കിട്ടുകയും ചെയ്തു. അഴിമതിക്കെതിരായ പോരാളികള്‍ എന്ന പരിവേഷവും അവര്‍ക്കുണ്ടായിരുന്നു. കരുണാകരന്‍ എന്തിന്റെയെല്ലാം പ്രതീകമായി അറിയപ്പെട്ടു അതിന്റെയെല്ലാം വിപരീതമായി ആന്റണിയും ഈ ചെറുപ്പക്കാരും അറിയപ്പെട്ടു. ഐ – എ ഗ്രൂപ്പുകളുടെ പോരാട്ടമായി കോണ്‍ഗ്രസ്സ് രാഷ്ട്രീയം മാറുകയും ചെയ്തു. ഈ പോരാട്ടത്തില്‍ എ പക്ഷത്ത് രണ്ടാമനായിരുന്നു ഉമ്മന്‍ചാണ്ടി.

നിയമസഭയില്‍ 50 വര്‍ഷം ഒരു മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത് ചെറിയ കാര്യമല്ല. കെ എം മാണിക്കുമാത്രമേ അതിനു കഴിഞ്ഞിട്ടുള്ളൂ. എന്നാല്‍ മാണിയുടേത് രണ്ടര ജില്ലകളില്‍ മാത്രമുള്ള ഒരു പാര്‍ട്ടിയാണ്. എന്നാല്‍ അടുത്തകാലംവരെ ഇന്ത്യയിലെ ഏറ്റവും വലിയ പാര്‍ട്ടിയായിരുന്നു, ഏറ്റവും കൂടുതല്‍ കാലം അധികാരത്തിലിരുന്ന പാര്‍ട്ടിയായിരുന്നു കോണ്‍ഗ്രസ്സ്. അതിനാല്‍ തന്നെ ഈ നേട്ടത്തിനൊരു മറുവശവുമുണ്ട്. പുതുപ്പള്ളിയില്‍ നിന്നാരംഭിച്ച ഉമ്മന്‍ചാണ്ടിയുടെ രാഷ്ട്രീയജീവിതം അവിടെതന്നെ അവസാനിക്കുന്നു എന്നതാണത്. കരുണാകരനായാലും ആന്റണിയായലും വയലാര്‍രവിയായാലും പി സി ചാക്കോയായായലും എത്രയോ വൈവിധ്യമാര്‍ന്ന രാഷ്ട്രീയജീവിതം നയിച്ചു. പല തലത്തില്‍ ജനപ്രതിനിധികളായി. ഉന്നതമായ അധികാരസ്ഥാനങ്ങളിലെത്തി. പാര്‍ട്ടിയില്‍ അഖിലേന്ത്യാതലത്തില്‍ തന്നെ ഉന്നത സ്ഥാനങ്ങള്‍ വഹിച്ചു. എന്നാല്‍ ഉമ്മന്‍ചാണ്ടി കേരളത്തിലൊതുങ്ങുകയായിരുന്നു. മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും പല വകുപ്പുകള്‍ കൈകാര്യം ചെയ്ത മന്ത്രിയുമൊക്കെയായി എന്നതുശരി. സംഘടനാരംഗത്തേക്കാള്‍ ഭരണരംഗത്തായിരുന്നു അദ്ദേഹം കേന്ദ്രീകരിച്ചത്. എന്നാല്‍ രാജ്യത്തേയോ എന്തിന് അഖിലേന്ത്യാതലത്തില്‍ പാര്‍ട്ടിയേയോ സ്വാധീനിക്കുന്ന ഒരു വ്യക്തിത്വമായി അദ്ദേഹം മാറിയില്ല. ഒരു ഘട്ടത്തില്‍ നിരസിച്ചെങ്കിലും കെ പി സി സി പ്രസിഡന്റുമായില്ല. 50-ാം വര്‍ഷം ആഘോഷിക്കുമ്പോള്‍ ഉമ്മന്‍ചാണ്ടിയുടെ ഈ പരിമിതി കാണാതിരുന്നു കൂട.

മറ്റൊന്ന് ആദര്‍ശവലയത്തിനേറ്റ ച്യുതിയാണ്. ആദര്‍ശത്തിന്റെ പര്യായങ്ങളെന്നു വാഴ്ത്തപ്പെട്ട അന്നത്തെ ചെറുപ്പക്കാരില്‍ ആ പരിവേഷം ഒരു പരിധിവരെയെങ്കിലും ഇപ്പോഴുമുള്ളത് ആന്റണിക്കും സുധീരനും മാത്രമാണ്. മറ്റെല്ലാവരും രാഷ്ട്രീയത്തിലെ പൊതുവായ മൂല്യച്യുതികളായ പാര്‍ലിമെന്ററി വ്യാമോഹത്തിനും അധികാരദാഹത്തിനും അഴിമതിക്കുമെല്ലാം അടിമപ്പെട്ടു. പലരുടേയും ചെയ്തികള്‍ പരിശോധിക്കുമ്പോള്‍ കരുണാകരനമായിരുന്നു പുണ്യാളന്‍ എന്നു തോന്നിപ്പോകും. ഉമ്മന്‍ചാണ്ടിയുടെ, വ്യാജമാണെങ്കിലും അതുവരെയുണ്ടായിരുന്ന എല്ലാ ആദര്‍ശപരിവേഷവും സോളാര്‍ സംഭവത്തോടെ തകര്‍ന്നു തരിപ്പണമായി. മാത്രമല്ല, ഒരുകാലത്ത് ചെറുപ്പക്കാര്‍ക്കായി മുതിര്‍ന്നവര്‍ ഒഴിയണമെന്നാവശ്യപ്പെട്ട് വലിയ രാഷ്ട്രീയപോരാട്ടങ്ങള്‍ നടത്തിയ ഈ നേതാക്കള്‍ അക്കാര്യമെല്ലാം എന്നേ മറന്നു.

കാര്യങ്ങളിങ്ങനെയാണെങ്കിലും ജനങ്ങള്‍ക്കിടയില്‍ ഉമ്മന്‍ ചാണ്ടിക്ക് വലിയ സ്വീകാര്യതയുണ്ട്. തികച്ചും ജനകീയനാണ് അദ്ദേഹം. ജനങ്ങള്‍ക്കിടയില്‍ ഇത്രമാത്രം മെയ് വഴക്കത്തോടെ പ്രവര്‍ത്തിക്കുന്ന മറ്റൊരു നേതാവ് ഇപ്പോള്‍ കേരളത്തിലില്ല. ഏതു പ്രതിസന്ധിയേയും അഭിമുഖീകരിക്കാനും പരിഹരിക്കാനും അദ്ദേഹത്തിന് വലിയ മിടുക്കുണ്ട്. എന്നാലിനിയുമൊരു ഒരവസരം അദ്ദേഹത്തിനുണ്ടാകാന്‍ സാധ്യത കുറവാണ്. പ്രധാന കാരണം പ്രായത്തിന്റെ പരിമിതികള്‍ തന്നെ. മുമ്പായിരുന്നെങ്കില്‍ ഏതെങ്കിലും സംസ്ഥാനത്ത് ഗവര്‍ണറാകാമായിരുന്നു. ഇനിയതിന്റെ സാധ്യതയുമില്ല. അതിനാല്‍ തന്നെ ഈ 50-ാംവാര്‍ഷികാഘോഷം അദ്ദേഹത്തിന്റെ വിരമിക്കലിന്റേതു കൂടിയാകാനാണ് സാധ്യത. ചുരുക്കത്തില്‍ ആദര്‍ശപരിവേഷമെല്ലാം നഷ്ടപ്പെട്ടെങ്കിലും ജനപിന്തുണയുള്ള, ഒരു മണ്ഡലത്തില്‍ നിന്ന് 50 വര്‍ഷം പ്രതിനിധിയാകുകയും മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവുമൊക്കെ ആയെങ്കിലും അതിലൊതുങ്ങിയ, അഖിലേന്ത്യാതലത്തില്‍ അധികാരത്തിലും സംഘടനയിലും ഒന്നുമാവാതിരുന്ന ഒരു നേതാവാണ് ഉമ്മന്‍ ചാണ്ടി എന്നു പറയാം.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Politics | Tags: , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply