യു എ പി എ : ഇസ്ലാമോഫോബിയാ കാര്‍ഡിറക്കി സിപിഎം

ലോകസഭാതെരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കാനെത്തുന്നതിന്റെ പേരില്‍ സംഘപരിവാറുകാരും കമ്യൂണിസ്റ്റ് പരിവാറുകാരും ലീഗിനെ പാക് പാര്‍ട്ടിയായി പോലും ചിത്രീകരിച്ചു. ഈ പട്ടിക നീളുകയാണ്.

വ്യാജ ഏറ്റുമുട്ടല്‍ കൊലകളിലും കൗമാരക്കാരായ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കെതിരെ യു എ പി എ ചുമത്തിയതിലും വ്യക്തമായ വിശദീകരണം നല്‍കാന്‍ കഴിയാത്ത സിപിഎം അവസാനം കണ്ടെത്തിയ വഴിയാണ് ഇസ്ലാമോഫോബിയയെ ആശ്രയിക്കുക എന്നത്. കോഴിക്കോട് കേന്ദ്രമായുള്ള മുസ്ലിം തീവ്രവാദികളാണ് മാവോയിസ്റ്റുകളുടെ ശക്തിയെന്ന ജില്ലാ സെക്രട്ടറി പി മോഹനന്റെ പ്രസ്താവന അതാണ് വ്യക്തമാക്കുന്നത്. അലനെയും താഹയെയും യുഎപിഎ ചുമത്തി അറസ്റ്റു ചെയ്തതിനെ ന്യായീകരിക്കലാണ് മോഹനന്റെ ലക്ഷ്യം. അതുമായി ബന്ധപ്പെട്ട് പാര്‍ട്ടിയിലും സമൂഹത്തിലും നിലനില്‍ക്കുന്ന അവിശ്വാസവും അവ്യക്തതകളും നീക്കാനുള്ള എളുപ്പമാര്‍ഗ്ഗമായാണ് ഇസ്ലാമോഫോബിയയെ അദ്ദേഹം കുത്തിപ്പൊക്കുന്നത്. താല്‍ക്കാലികമായി അതു ഗുണം ചെയ്യുമായിരിക്കാം. എന്നാല്‍ കേരളത്തിലും ഇന്ത്യയിലും മാത്രമല്ല, ലോകമാകെ ഉപയോഗിക്കുന്ന ഈ തന്ത്രം ദീര്‍ഘകാലാടിസ്ഥാനത്തില്‍ പാര്‍ട്ടിക്കുമാത്രമല്ല, സമൂഹത്തിനും ഗുണകരമാകില്ല എന്നാണ് ഉത്തരവാദിത്തബോധമുള്ള ഒരു രാഷ്ട്രീയ നേതാവ് തിരിച്ചറിയേണ്ടത്. ആ തിരിച്ചറിവാണ് ജില്ലാസെക്രട്ടറിക്ക് ഇല്ലാതായിരിക്കുന്നത്. മലപ്പുറത്തുകാരന്‍ മുസ്ലിംനാമധാരിയായ മാവോയിസ്റ്റിന്റെ പേരുപറഞ്ഞ് സൈബര്‍ പോരാളികള്‍ ജില്ലാസെക്രട്ടറിക്കു പുറകെ രംഗത്തിറങ്ങിയിട്ടുമുണ്ട്. സിപിഎമ്മില്‍ നിന്നാണ് കേരളത്തില്‍ നക്‌സലൈറ്റുകളും മാവോയിസ്റ്റുകളും ഉണ്ടാകുന്നതെന്നതാണ് മോഹനന്‍ മറച്ചുവെക്കുന്നത്. സ്വന്തം തെറ്റുകള്‍ ന്യായീകരിക്കാന്‍ വളരെ മോശം കളിയാണ് സിപിഎം കളിക്കുന്നതെന്നു സാരം. ഫാത്തിമ എന്ന പേരിന്റെ പേരില്‍ ഒരു മലയാളി പെണ്‍കുട്ടിക്ക് ജീവനവസാനിപ്പിക്കേണ്ടി വന്ന സാഹചര്യം കൂടിയാണിതെന്നും കൂട്ടിവായിക്കണം.
ലോകമാകെ ഇന്നു നിലനില്‍ക്കുന്ന പ്രതിഭാസം തന്നെയാണ് ഇസ്ലാമോഫോബിയ. രാഷ്ട്രീയലക്ഷ്യങ്ങളാല്‍ തീവ്രവാദിസംഘടനകളെ പാലൂട്ടി വളര്‍ത്തിയത് അമേരിക്കയായിരുന്നു. എന്നാല്‍ 2001 സെപ്ംബര്‍ 21ലെ വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തിനുശേഷം അമേരിക്ക കളം മാറ്റി ചവിട്ടുകയും ലോകത്തെ മുസ്ലിം തീവ്രവാദത്തില്‍ നിന്നു രക്ഷപ്പെടുത്താമെന്ന കടമ ഏറ്റെടുക്കുകയും ചെയ്തു. എന്നാല്‍ ഫലത്തില്‍ സംഭവിച്ചത്, മുസ്ലിം വിഭാഗങ്ങളെ ഒന്നടങ്കം സംശയത്തിന്റെ മുള്‍നിലയില്‍ നിര്‍ത്തുകയായിരുന്നു. മുസ്ലിം എന്ന പേരുള്ളതിന്റെ പേരില്‍ വ്യക്തികള്‍ക്കും സമൂഹങ്ങള്‍ക്കും രാഷ്ട്രങ്ങള്‍ക്കുമെല്ലാം സാമാന്യനീതി നിഷേധിക്കപ്പെടുകയും കടന്നാക്രമിക്കപ്പെടുകയും ചെയ്തു. ലോകത്തെവിടെ എന്തു സംഭവിച്ചാലും മറുപടി പറയാന്‍ അവര്‍ ബാധ്യസ്ഥരായി. തങ്ങള്‍ ഭീകരരോ കുറ്റവാളികളോ അല്ല നിരന്തരമായി തെളിയിക്കേണ്ട ഉത്തരവാദിത്തവും അവര്‍ക്കായി.
ഇസ്ലാമോഫോബിയയുടെ അലയൊലികള്‍ അതിശക്തമായി തന്നെ ഇന്ത്യയിലും കേരളത്തിലുമെല്ലാം പ്രതിഫലിച്ചു. ഗാന്ധിവധവും ബാബറി മസ്ജിദ് തകര്‍ക്കലും ഗുജറാത്ത് – മുംബൈ കലാപങ്ങളുമടക്കം ഇന്ത്യയില്‍ നടന്ന ഭീകരാക്രമണങ്ങളിലും വര്‍ഗ്ഗീയകലാപങ്ങളലുമെല്ലാം പ്രതിസ്ഥാനത്ത് മുഖ്യമായും സംഘപരിവാര്‍ ശക്തികളായിട്ടും എപ്പോഴും സംശയത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തപ്പെട്ടത് മുസ്ലിമുകളായിരുന്നു. കേരളത്തിലെ അവസ്ഥയും വ്യത്യസ്ഥമായില്ല. ഇന്ത്യയില്‍ തന്നെ ഏറ്റവുമധികം ഇസ്ലാമോഫോബിയ നിലനില്‍ക്കുന്ന ഒരു പ്രദേശം ഇന്നു കേരളമാണ്. മറ്റുസംസ്ഥാനങ്ങളില്‍ നിന്നു വ്യത്യസ്ഥമായി അതു വളര്‍ത്തുന്നതില്‍ പുരോഗമനവാദികളെന്നഭിമാനിക്കുന്നവര്‍ക്കും പങ്കുണ്ടെന്നതാണ് കേരളത്തിന്റെ സവിശേഷത.
ചരിത്രപരമായി തന്നെ ഇസ്ലാമോഫോബിയ വളര്‍ത്തിയെടുക്കപ്പെട്ട ഒരു പ്രദേശമാണ് കേരളം. ഒരു വശത്ത് ടിപ്പുവിന്റെ പടയോട്ടത്തെയും മറുവശത്ത് അധിനിവേശശക്തികള്‍ക്കെതിരെ കുഞ്ഞാലി മരയ്ക്കാര്‍ നടത്തിയ ചെറുത്തുനില്‍പ്പുകളേയും പോലും അത്തരത്തില്‍ ഉപയോഗിച്ചവര്‍ നിരവധിയാണ്. മലബാര്‍ കലാപത്തെ മാപ്പിളലഹളയായി ചിത്രീകരിച്ചവരാണ് നാം. ഏറെ കൊട്ടിഘോഷിക്കപ്പടുന്ന നമ്മുടെ നവോത്ഥാന ചരിത്രങ്ങളില്‍ നിന്ന് മുസ്ലിം വ്യക്തിത്വങ്ങളെ മാറ്റിനിര്‍ത്തുന്നതു കാണാം. കേരളപിറവിക്കുശേഷവും ഇതേ ചരിത്രം ആവര്‍ത്തിക്കുകയായിരുന്നു. മുസ്ലിമുകള്‍ക്കു ഭൂരിപക്ഷമുള്ള മലപ്പുറം ജില്ലാ രൂപീകരണം തുടര്‍ന്നുള്ള കാലത്തു ഏറെ ശക്തിപ്പെട്ട ഇസ്ലാമോഫോബിയക്ക് ശക്തികൂട്ടി. പേരില്‍ മുസ്ലിം ഉള്ളതിന്റെ പേരില്‍ ജനാധിപത്യപ്രക്രിയയില്‍ ഇരുമുന്നണികളിലും ഭാഗഭാക്കായി പങ്കെടുക്കുന്ന മുസ്ലിം ലീഗിനെ വര്‍ഗ്ഗീയ പാര്‍ട്ടിയായി ചിത്രീകരിക്കുകയും ആക്ഷേപിക്കുകയും ചെയ്യുന്ന ശൈലി ഇപ്പോഴും തുടരുന്നു. മറ്റു പാര്‍ട്ടികളെ പോലെ ആ പാര്‍ട്ടിയില്‍ നിന്നും നേതാക്കളില്‍ നിന്നും ഉണ്ടാകുന്ന തെറ്റായ നയങ്ങളെയും വര്‍ഗ്ഗീയമായി ചിത്രികരിക്കുന്നു. മറുവശത്ത് പേരില്‍ മുസ്ലിം ഇല്ലാത്ത പിഡിപിയേയും വെല്‍ഫെയര്‍ പാര്‍ട്ടിയേയും മറ്റും ചിത്രീകരിക്കുന്നത് അങ്ങനെതന്നെ. കേരളം കണ്ട ഏറ്റവും വലിയ മനുഷ്യാവകാശ ലംഘനമായ മദനിയുടെ തടങ്കല്‍ ഇസ്ലാമോഫോബിയയുടെ വളര്‍ച്ചയുടെ മറ്റൊരു ഉദാഹരണം. സിമിയെ പോലുള്ള സംഘടനയെ നിരോധിച്ചു. സംസ്ഥാനത്ത് യാതൊരു അടിസ്ഥാനവുമില്ലാതെ യുഎപിഎ പ്രയോഗിക്കുന്നത് മുഖ്യമായും മുസ്ലിം വിഭാഗങ്ങള്‍ക്കെതിരെയാണ്. അവരില്‍ പലരും ദീര്‍ഘകാലം ജയിലില്‍ കിടന്നശേഷം നിരപരാധികളാമെന്നു തെളിഞ്ഞ് പുറത്തുവരുന്നു. വിരലിലെണ്ണാവുന്നവര്‍ ഐ എസില്‍ ചേര്‍ന്നെന്ന പ്രചരണത്തിന്റെ പേരില്‍ മുസ്ലിം സമൂഹത്തെ ഒന്നാകെ സംശയത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തുന്നു. ലോകത്തെവിടെ എന്തുസംഭവിച്ചാലും തങ്ങള്‍ നിരപരാധികളാണെന്നു തെളിയിക്കേണ്ട ബാധ്യത എല്ലാ മുസ്ലിമുകള്‍ക്കുമാകുന്നു. അവര്‍ക്കിടിയിലെ വൈജാത്യങ്ങളെ അവഗണിക്കുന്നു ജോസഫ് മാഷെ ആക്രമിച്ചപ്പോഴും അഭിമന്യുവിനെ കൊല ചെയ്തപ്പോളും ഇത് കൂടുതല്‍ പുറത്തായി. പുരോഗമനവാദികള്‍ എന്നവകാശപ്പെടുന്നവര്‍ പോലും പ്രണയവിവാഹത്തെ ലൗ ജിഹാദ് എന്നാക്ഷേപിക്കുന്നവരുടെ കൂടെ നിന്നു. ഇസ്ലാമോഫോബിയ വളര്‍ത്താന്‍ ഹാദിയാ സംഭവം ഉപയോഗിച്ചപ്പോഴും പല പുരോഗമനവാദികളും ഫെമിനിസ്റ്റുകളും അവര്‍ക്കൊപ്പമായിരുന്നു. ഏകീകൃതസിവില്‍നിയമവും മുത്‌ലാക്കുമൊക്കെ മുസ്ലിം വിരുദ്ധ വികാരം സൃഷ്ടിക്കാനായി ഉപയോഗിക്കപ്പെട്ടു. ജനാധിപത്യസംവിധാനത്തില്‍ ഒരു ക്രിമിനല്‍ കേസുമില്ലാതെ പ്രവര്‍ത്തിക്കുന്ന സംഘടനകളെ പോലും തീവ്രവാദപ്രസ്ഥാനങ്ങളായി ചിത്രീകരിച്ചു. മറുവശത്ത് സിറാ ജുന്നീസ എന്ന പെണ്‍കുട്ടി കൊല ചെയ്യപ്പെട്ട സംഭവത്തിനുപോലും വാര്‍ത്താ പ്രാധാന്യം ലഭിച്ചില്ല. ബീമാപള്ളിയിലും മറ്റും നടന്ന കിരാതമായ പോലീസ് വെടിവെപ്പു വാര്‍ത്തപോലുമായില്ല. തീവ്രവാദി ബന്ധം പറഞ്ഞ് തേജസ് എന്ന പത്രത്തിന് പരസ്യം നിഷധിച്ചു. പച്ചനിറം പോലും തീവ്രവാദി മുദ്രയാക്കി. സ്വന്തം വിശ്വാസമനുസരിച്ച് ജീവിക്കാനവകാശമുള്ള നാട്ടില്‍ നില വിളക്ക് കൊളുത്താത്തവര്‍ ദേശദ്രോഹികളായി. ഭരണഘടന അംഗീകരിക്കുന്നതും കേരളചരിത്രം പരിശോധിച്ചാല്‍ വ്യാപകവുമായ മതംമാറ്റത്തിന്റെ പേരില്‍ കൊലകള്‍ വരെ നടന്നു. ബീഫ് ഉപയോഗിച്ചതിന്റെ പേരില്‍ കൊലകള്‍ അരങ്ങേറിയതില്‍ പ്രതിഷേധിച്ച് ബീഫ് ഫെസറ്റിവലുകള്‍ നടന്നതിനെതിരെ യാതൊരു പ്രകോപനമോ കാരണമോ ഇല്ലാതെ പുരോഗമനവാദികളടക്കം പോര്‍ക്ക് ഫെസ്റ്റിവലുകള്‍ നടത്തി. മുസ്ലിം വിഭാഗങ്ങളില്‍ ജനസംഖ്യാവര്‍ദ്ധനവിന്റെ അളവ് കൂടുതലാണെന്നതിന്റെ പേരിലും ഇസ്ലാമോ ഫോബിയയെ വളര്‍ത്തി.

[widgets_on_pages id=”wop-youtube-channel-link”]

ഇതേ സമയത്തുതന്നെ സാംസ്‌കാരിക മേഖലയിലെ അവസ്ഥയും വ്യത്യസ്ഥമായിരുന്നില്ല. സാഹിത്യ – സിനിമാ മേഖലകളിലൊക്കെ ഇസ്ലാമോഫോബിയ വളര്‍ത്തിയെടുക്കാനുള്ള നീക്കം ശക്തമായി. ഗള്‍ഫില്‍ പോയി കഷ്ടപ്പെട്ട് കുറച്ചുപണം വാങ്ങി നാട്ടിലെത്തുന്നവര്‍ വില്ലന്മാരും പണിയെടുക്കാതെ തളര്‍ന്നാലും ആഢ്യത്വം കൈവിടാത്ത സവര്‍ണ്ണപ്രമാണിമാര്‍ നായകരുമായി ചിത്രീകരിക്കപ്പെട്ടു. ഭീകരന്മാരെല്ലാം മുസ്ലിമുകളായി. ബോംബ് നിര്‍മ്മാണം കൂടുതല്‍ നടക്കുന്നത് കണ്ണൂരായിട്ടും മലപ്പുറത്തുപോയാല്‍ ബോംബുകിട്ടാന്‍ എളുപ്പമാണെന്ന ഡയലോഗ് ഏറെ കയ്യടി നേടി. വൈറസ് എന്ന ആഷ്‌ക് അബുവിന്റെ സിനിമയില്‍ പോലും പലരും വര്‍ഗ്ഗീയത തിരഞ്ഞു. രാജ്യത്തെങ്ങും മുസ്ലിം വിഭാഗങ്ങള്‍ ആക്രമിക്കപ്പെടുമ്പോള്‍ അവര്‍ക്കൊപ്പം നില്‍ക്കുന്നവരെയും ഭീകരന്മാരായി ചിത്രീകരിച്ചു. ഭീകരവാദത്തിനെതിരെ പ്രചരണം നടത്തിയവരെ നാട്ടുകാര്‍ പിടികൂടി പോലീസിലേലേല്‍പ്പിച്ച സംഭവം പോലും പറവൂരിലുണ്ടായി. യുക്തിവാദികളുടേയും പ്രധാനലക്ഷ്യം മുസ്ലിമുകളായി. അവസാനം ലോകസഭാതെരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കാനെത്തുന്നതിന്റെ പേരില്‍ സംഘപരിവാറുകാരും കമ്യൂണിസ്റ്റ് പരിവാറുകാരും ലീഗിനെ പാക് പാര്‍ട്ടിയായി പോലും ചിത്രീകരിച്ചു.
ഈ പട്ടിക നീളുകയാണ്. അതിലെ ഒരു കണ്ണിയാണ് പി മോഹനന്റെ ഈ പ്രസ്താവന. സംഘപരിവാര്‍ വിരോധം ഒരു വശത്തു പറയുന്നവര്‍ തന്നെ, അവരുടെ ഏറ്റവും വലിയ ആയുധമായ മുസ്ലിം വിരുദ്ധത തന്നെ സങ്കുചിത കക്ഷിരാഷ്ട്രീയ നേട്ടങ്ങള്‍ക്കായി ഉപയോഗിക്കുന്നു എന്നതാണ് ഏറ്റവും ഖേദകരം.മോശപ്പെട്ട ഒരു സാമൂഹ്യ അന്തരീക്ഷം സൃഷ്ടിക്കാനേ ഇതുതകൂ എന്നതില്‍ സംശയമില്ല.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പത്തു വര്‍ഷം പൂര്‍ത്തിയാക്കിയിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2023 - 24 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Be the first to write a comment.

Leave a Reply