സംരക്ഷിക്കണം പാരമ്പര്യ വൈദ്യത്തേയും

ഒരു പത്മശ്രീ വന വൈദ്യത്തിനു ലഭിച്ചു എന്നൊക്കെ നമ്മുക്ക് പറഞ്ഞഭിമാനിക്കാം, കൊളോണിയല്‍ ഭൂതാവിഷ്ടര്‍ക്കു അത് നോക്കി കൊഞ്ഞനം കുത്താം കൈനോട്ടമെന്നൊക്കെ വിളിച്ചു പരിഹസിക്കാം. പക്ഷെ ഈ രാജ്യം ശരിക്കും ഇന്നാട്ടിലെ പരമ്പരാഗത അറിവിനെ വേണ്ടവിധത്തില്‍ സംരക്ഷിക്കാന്‍ വല്ലതും ചെയ്യുന്നുണ്ടോ എന്ന് ചിന്തിക്കേണ്ട സമയമാണ് ഇത്.

ലോകം മുഴുവന്‍ പാരമ്പര്യ വൈദ്യം ഇന്ന് നേരിടുന്ന പ്രശ്‌നങ്ങളും, തടസങ്ങളും, വെല്ലുവിളികളും, അവസരങ്ങളും,സാധ്യതകളും സമഗ്രമായി പഠിച്ചു വിലയിരുത്തി ലോകാരോഗ്യ സംഘടന പാരമ്പര്യ വൈദ്യത്തിന്റെ പ്രചാരണത്തിനും, സംരക്ഷണത്തിനും, ഗവേഷണത്തിനുമായി ഒരു സംവിധാനം രൂപപ്പെടുത്തിയിട്ടുണ്ട് WHO traditional Medicine strategy എന്നാണതിന്റെ പേര്. 2001 ല്‍ ഐക്യ രാഷ്ട്ര സംഘടനയിലെ അംഗ രാജ്യങ്ങളും, ലോകാരോഗ്യ സംഘടനയിലെ അംഗങ്ങളും അനവധി അന്താരഷ്ട്ര സംഘടനാ പ്രതിനിധികളും ഉള്‍പ്പെട്ട സമിതിയാണ് ഈ പദ്ധതി മുന്നോട്ടു വെക്കുന്നത്. ഈ സമിതി പാരമ്പര്യ വൈദ്യത്തിന്റെ സംരക്ഷണത്തിനും വളര്‍ച്ചയ്ക്കുമായി മുന്നോട്ടു വെച്ച ശുപാര്‍ശകള്‍ ലോകാരോഗ്യ സംഘടനയുടെ ഉന്നതാധികാര സമിതി വിലയിരുത്തി 2002 ല്‍ ആണ് ഔദ്യോഗികമായി ഈ രേഖ പ്രസിദ്ധീകരിക്കുന്നത്. ഒരു രേഖ എന്നതില്‍ ഉപരിയായി ഒരു കര്‍മ്മ പദ്ധതിയായാണ് ലോകാരോഗ്യ സംഘടന ഇതിനെ നോക്കി കാണുന്നത്. അത് കൊണ്ട് തന്നെ ഓരോ ഇടവേളകളിലും വേണ്ട മാറ്റങ്ങള്‍ ഉള്‍പ്പെടുത്തി ഈ രേഖ പുതുക്കാറുണ്ട്. പുതിയ കര്‍മ്മപദ്ധതി 2014 മുതല്‍ 2023 വരെ നീണ്ടു നില്‍ക്കുന്ന പദ്ധതിയാണ്. ഈ പദ്ധതിയുടെ ഉദ്ദേശ ലക്ഷ്യങ്ങളായി ലോകാരോഗ്യ സംഘടന മുന്നോട്ടു വെക്കുന്ന കാര്യങ്ങളിതൊക്കെയാണ്.

1.പാരമ്പര്യ വൈദ്യത്തെ ദേശീയ ആരോഗ്യ സംവിധാനത്തിലേക്ക് സംയോജിപ്പിയ്ക്കാന്‍ വേണ്ട നിയമ നിര്‍മ്മാണം നടത്താന്‍ അംഗരാജ്യങ്ങളെ സഹായിക്കുക.

2 അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ പാലിച്ചു കൊണ്ട് പാരമ്പര്യ വൈദ്യത്തെ പരമാവധി പ്രോത്സാഹിപ്പിക്കു.

3. പരമ്പാരാഗത വിജ്ഞാനത്തെ നഷ്ടപ്പെടുത്താതെ അവ ഉപയോഗിക്കാന്‍ തക്കതായ ഒരു സംവിധാനം രൂപപെടുത്താന്‍ അംഗരാജ്യങ്ങളെ സഹായിക്കുക.

നമ്മുടെ നാട്ടില്‍ പാരമ്പര്യ വൈദ്യം കൈനോട്ടം പോലെയുള്ള ഒരു ഏര്‍പ്പാടാണെന്നു അധികാര സ്ഥാനത്തിരിക്കുന്നവര്‍ വരെ പറയുമ്പോള്‍.സ്വാഭാവികമായും അത്ഭുതം തോന്നാം ഇത്രയൊക്കെ ശ്രദ്ധ പാരമ്പര്യ വൈദ്യത്തിനു ലോകത്തു ലഭിക്കുന്നുണ്ട് എന്ന് അറിയുമ്പോള്‍. എന്ത് കൊണ്ട് ലോകാരോഗ്യ സംഘടന ഇത്രയധികം ശ്രദ്ധ പാരമ്പര്യ വൈദ്യത്തിനു കൊടുക്കുന്നു എന്നത് ചിന്തിക്കേണ്ട വിഷയം ആണ്. 2013 ഫിബ്രവരി മാസം പാരമ്പര്യ വൈദ്യം എന്ന വിഷയം മുഖ്യ പ്രമേയമാക്കിലോകാരോഗ്യ സംഘടന തെക്കു കിഴക്കേഷ്യന്‍ രാജ്യങ്ങളുടെ ഒരു അന്താരാഷ്ട്ര സമ്മേളനം വിളിച്ചു ചേര്‍ത്തു. ആ യോഗത്തില്‍ വെച്ച് ലോകാരോഗ്യ സംഘടനയുടെ അന്നത്തെ ഡയറക്ടര്‍ ജനറല്‍ ഡോ . മാര്‍ഗ്രറ് ചാന്‍ പറഞ്ഞ വാക്കുകളില്‍ ഉണ്ട് എന്ത് കൊണ്ട് പാരമ്പര്യ വൈദ്യം? എന്നതിന്റെ ഉത്തരം. ചാന്‍ പറഞ്ഞതിങ്ങനെയാണ്.

”തെളിയിക്കപ്പെട്ട ഔഷധ ഗുണമേന്മയുള്ള സുരക്ഷിതമായ പാരമ്പര്യ ഔഷധങ്ങള്‍ എല്ലാവര്‍ക്കും ആരോഗ്യം എന്ന മഹത്തായ ലക്ഷ്യത്തിനു വലിയ മുതല്‍ കൂട്ടാണ്. ദശലക്ഷക്കണക്കിനു മനുഷ്യര്‍ക്ക് ആശ്രയം പാരമ്പര്യ വൈദ്യവും, പാരമ്പര്യ വൈദ്യന്മാരും പച്ച മരുന്നുകളുമാണ്. ഒരു പക്ഷെ ഒരേ ഒരു ആശ്രയം എന്ന് പറയേണ്ടി വരും. അനുദിനം വര്‍ധിച്ചു വരുന്ന ചികിത്സാ ചിലവുകള്‍ വെച്ച് നോക്കുമ്പോള്‍ തുച്ഛമായ വിലയുള്ള പാരമ്പര്യ മരുന്നിനോട് ജനങ്ങള്‍ക്ക് വലിയ മതിപ്പുണ്ട്. മാത്രവുമല്ല ഈ ചികിത്സാ രീതി ജനങ്ങളുടെ തനതു സംസ്‌കാരവുമായി വളരെ അധികം ചേര്‍ന്ന് നില്‍ക്കുന്നു എന്നതും പാരമ്പര്യ വൈദ്യത്തിന്റെ സ്വീകാര്യതയ്ക്കു കാരണമാണ്. പാരമ്പര്യ വൈദ്യം ജീവിത ശൈലി രോഗങ്ങളുടെ ചികിത്സയ്ക്കും വളരെ ഫലപ്രദമാണ്. ഇത്രയും കാരണങ്ങള്‍ തന്നെ ധാരാളമാണ് ലോകം മുഴുവന്‍ പാരമ്പര്യ വൈദ്യത്തിനു വലിയ സ്വീകാര്യത എന്ത് കൊണ്ട് എന്ന ചോദ്യത്തിന്”

വൈദ്യ ശാസ്ത്രത്തില്‍ പാരമ്പര്യ വൈദ്യത്തിന്റെ പ്രസക്തി ഒട്ടും ചെറുതല്ല എന്ന് കാണിക്കുന്നതായിരുന്നു 2015 ലെ വൈദ്യ ശാസ്ത്രത്തിനുള്ള നൊബേല്‍ സമ്മാനം ടു യു യു എന്ന ഗവേഷകയ്ക്കു ലഭിച്ചത്. മലേറിയ എന്ന പരാദരോഗം തടയുന്നതിനുള്ള ആര്‍ട്ടമിസൈനിന്‍ എന്ന ഔഷധത്തെ കുറിച്ചുള്ള പഠനത്തിനായിരുന്നു നൊബേല്‍. ആര്‍ട്ടമിസൈനിന്‍ എന്ന ഔഷധം പ്രാചീന ചൈനീസ് ഗ്രന്ഥമായ നാന്‍ ചിങ്ങില്‍ പോലും പരാമര്‍ശമുള്ള ഒരു പാരമ്പര്യ മരുന്നാണ്. അലോപ്പതി ഈ ചെടിയില്‍ നിന്ന് ആല്‍ക്കലോയ്ഡ് വേര്‍തിരിച്ചെടുത്താണ് മലേറിയയ്ക്കുള്ള മരുന്ന് കണ്ടു പിടിച്ചത്. ഏഷ്യന്‍ രാജ്യങ്ങളിലും ആഫ്രിക്കയിലും മലേറിയ ബാധിച്ചുള്ള മരണം വന്‍ തോതില്‍ തടയാന്‍ സാധിച്ചത് ഈ പാരമ്പര്യ മരുന്നില്‍ നിന്നാണ്. ഇത് പോലെ തന്നെയാണ് മലേറിയ തടയാനുള്ള ക്വിനൈന്‍ എന്ന ഔഷധത്തിന്റെ കാര്യവും. ചുരുങ്ങിയത് അഞ്ഞൂറ് വര്‍ഷം മുമ്പെങ്കിലും പെറുവിലെ ആദിമ ജനത സിന്‍കോണ എന്ന മരത്തിന്റെ തൊലി മലേറിയക്കെതിരെ ഉപയോഗിക്കാന്‍ തുടങ്ങിയിട്ടുണ്ടാവും. ആദ്യം ക്രൈസ്തവ പാതിരിമാര്‍ അതിനെ ജെസ്യൂട്ട് പൊടി എന്ന പേരില്‍ പൊടിയുണ്ടാക്കി മലേറിയ ബാധിച്ചവര്‍ക്ക് കൊടുത്തു രോഗം ഭേദമാക്കി പിന്നീട് ഒരുപാട് കഴിഞ്ഞാണ് അലോപ്പതി അതില്‍ നിന്ന് ക്വിനൈന്‍ എന്ന മരുന്ന് വികസിപ്പിക്കുന്നതു. പക്ഷെ പനികളുടെ രാജ്ഞി എന്നറിയപ്പെടുന്ന മലേറിയയെ നാം പിടിച്ചു കെട്ടിയപ്പോള്‍ പെറുവിലെ ആദിവാസിക്കോ ചൈനയിലെ പാരമ്പര്യ വൈദ്യത്തിനോ ഉണ്ടായിരുന്നില്ല പേരിനെങ്കിലും ഒരു പരാമര്‍ശം. ആധുനികമെന്നു ഊറ്റം കൊള്ളുന്ന അല്ലോപ്പതിക്കു അതൊക്കെ കുറച്ചിലാണ്. പുരാതന റെഡ് ഇന്ത്യക്കാരനാടോ, ചൈനക്കാരനാടോ ഭാരതത്തിലെ ആദിമ ജനതയോടോ അവര്‍ നല്‍കിയ വൈദ്യ വിജ്ഞാനത്തിനു ഒരിടത്തു പോലും നന്ദി അലോപ്പതി പ്രകടിപ്പിച്ചിട്ടില്ല. എന്ത് കൊണ്ട്? പ്രാകൃതം, അശാസ്ത്രീയം എന്നൊക്കെ വിളിച്ചപമാനിച്ച പാരമ്പര്യമായ വൈദ്യ വിജ്ഞാനത്തില്‍ നിന്ന് അലോപ്പതി കുറെ നേടിയിട്ടുണ്ട് എന്ന് തുറന്നു സമ്മതിച്ചാല്‍ അത് ഇത് വരെ അലോപ്പതി കയ്യാളി പോന്ന സ്ഥാനത്തിന് വലിയ ആഘാതം ഉണ്ടാക്കും എന്നത് തന്നെ കാരണം.

അലോപ്പതി എന്ന് പറയുമ്പോള്‍ തന്നെ നമ്മുടെ മനസിലേക്കു അബോധപൂര്‍വ്വമായി കടന്നു വരുന്ന നാല് വാക്കുകള്‍ ഉണ്ട്. ഒന്ന് അലോപ്പതി എന്നാല്‍ ഇംഗ്ലീഷ് മരുന്നു എന്നാണ് (ഇന്നും നമ്മുടെ മരുന്ന് കടകളൊക്കെ ഇംഗ്ലീഷ് മരുന്ന് കട എന്ന പേര് മാറ്റിയിട്ടില്ലലോ) രണ്ടു ഇത് പാശ്ചാത്യ മരുന്നാണ് എന്നാണ് മൂന്ന് ഇത് ആധുനിക മരുന്നാണ് എന്നാണ്. നാലു അലോപ്പതി ശാസ്ത്രീയ മരുന്നാണ് എന്നാണ്. ഇത് അറിയാതെ നമ്മുടെ ഉള്ളില്‍ കയറിപ്പോയ ധാരണകള്‍ ആണെങ്കിലും ഈ ധാരണകകള്‍ വളരെ കണക്കു കൂടി കൊളോണിയല്‍ കാലത്തു നിര്‍മ്മിക്കപ്പെട്ടതാണ്.അലോപ്പതി എന്ന വൈദ്യ വിജ്ഞാനത്തെ അതിന്റെ ശാസ്ത്രീയത കണ്ടല്ല കൊളോണിയല്‍ ശക്തികള്‍ ഉപയോഗിച്ചത്. അലോപ്പതി അതിന്റെ ശാസ്ത്രീയത തെളിയിക്കുന്നതിന് മുന്‍പ് തന്നെ യൂറോപ്പിലെ ദേശരാഷ്ട്രങ്ങള്‍ അവരുടെ ദേശീയ ആരോഗ്യ സംവിധാനമായി അല്ലോപ്പതിയെ കണ്ടു തുടങ്ങിയിരുന്നു. കേവലം സാമ്രാജ്യത്ത വ്യാപനത്തിനുതകുന്ന ഒരു ആയുധം മാത്രമായി ആയിരുന്നു സാമ്രാജ്യത്ത ശക്തികള്‍ അല്ലോപ്പതിയെ കണ്ടിരുന്നത് എന്ന് കെ എം പണിക്കര്‍ നിരീക്ഷിക്കുന്നുണ്ട്. വളരെ ബോധപൂര്‍വ്വം ഉണ്ടാക്കിയെടുത്ത ഈ മിഥ്യാ പരിവേഷത്തിലാണ് അലോപ്പതി ഇംഗ്ലീഷ് മരുന്നും, പാശ്ചാത്യവും ആധുനികവും ശാസ്ത്രീയവുമൊക്കെയായി മാറുന്നത്. കോളനികളിലെ മനുഷ്യരുടെ മുകളില്‍ ഇതുവഴി മാനസികമായ ഒരു മേല്‍കൈ നേടാന്‍ അവര്‍ക്കു സാധിച്ചിട്ടുണ്ട്. അല്ലോപ്പതിയില്‍ ഉപയോഗിക്കുന്ന മരുന്നുകളും ചികിത്സാ രീതികളും നോക്കിയാല്‍ അതില്‍ നല്ലൊരു പങ്കും പാശ്ചാത്യമല്ലാത്ത സംസ്‌കാരങ്ങളുമായി ഇടപഴകിയതിന്റെ ഫലമായി ഉണ്ടായി വന്നതാണ്. ശസ്ത്രക്രിയ മുതല്‍ ക്വിനൈന്‍ വരെ ആ പട്ടികയില്‍ ഉണ്ട്. പിന്നെങ്ങനെ ഇത് വെറും പാശ്ചാത്യ മരുന്നായി മാറും? ആധുനിക മരുന്നെന്ന പരിവേഷം നല്‍കി ആധുനികം പുരാതനം എന്നീ ദ്വന്ദങ്ങള്‍ ഉണ്ടാക്കി പുരാതനമായ സംസ്‌കാരങ്ങളെക്കാള്‍ മികച്ചതാണ് പാശ്ചാത്യ സംസ്‌കാരം എന്ന ധാരണയുണ്ടാക്കുന്നതിന്റെ ഭാഗമായാണ് ആധുനിക മരുന്നെന്നുള്ള പ്രചാരണം. അടുത്തത് ഇത് ശാസ്ത്രീയമാണ് എന്നാണ്, മരുന്ന് ലോബികളുടെ ഫണ്ട് വാങ്ങിയുള്ള മരുന്ന് പരീക്ഷണം ഒന്നു മാത്രം മതി അവകാശപെടുന്നത്രെ ശാസ്ത്രീയമല്ല അലോപ്പതി മരുന്നുകള്‍ എന്ന് മനസിലാക്കാന്‍.

എന്നാല്‍ ആയുര്‍വേദമുള്‍പ്പടെയുള്ള പാരമ്പര്യ വൈദ്യത്തിന്റെ കാര്യം വരുമ്പോള്‍ അലോപ്പതി ആദ്യം പൊക്കിപ്പിടിച്ചു കൊണ്ട് വരുന്ന വാക്കാണ് ഇത് ശാസ്ത്രീയമല്ല എന്ന വാദം. റാന്‍ഡോമൈസ്ഡ് കണ്‍ട്രോള്‍ ട്രയല്‍ (RCT ) എന്ന കടമ്പ ചാടി കടക്കാത്ത ഒരു മരുന്നും ശാസ്ത്രീയമല്ല എന്നതാണ് അലോപ്പതിയുടെ അഭിപ്രായം. റാന്‍ഡോമൈസ്ഡ് കണ്‍ട്രോള്‍ ട്രയല്‍ (RCT ) അല്ലോപ്പതിയുടെ പരീക്ഷണ രീതിയാണ് അത് മറ്റു വൈദ്യ ശാസ്ത്രങ്ങള്‍ പിന്തുടരണമെന്നു പറയുന്നതിലെ ധാര്‍ഷ്ട്യം ചെറുതല്ല. ഇങ്ങനെയൊന്നു ചിന്തിച്ചു നോക്കു ആയുര്‍വേദമായിരുന്നു ഈ നാട് അതിന്റെ പ്രധാന ആരോഗ്യ സമ്പ്രദായമായി തിരഞ്ഞെടുത്തത് എങ്കില്‍ ആയുര്‍വേദ മരുന്നുകള്‍ പാസാവേണ്ട ഒരു പരീക്ഷയുണ്ട് ശുദ്ധ പ്രയോഗം എന്നാണ് ചരകന്‍ അതിനെ വിളിക്കുന്നത്. ഒരു മരുന്ന് ഒരു രോഗത്തിന് നല്‍കിയാല്‍ അത് ആ രോഗത്തെ മാറ്റുകയും മറ്റു അസുഖങ്ങളെ ഉണ്ടാക്കാതിരിക്കുകയും വേണം ഇതാണ് ആയുര്‍വേദത്തിന്റെ ശുദ്ധ പ്രയോഗം . ഈ പരീക്ഷ അലോപ്പതി മരുന്നുകള്‍ക്ക് നിര്‍ബന്ധമാക്കിയാല്‍ എത്ര അലോപ്പതി മരുന്നുകള്‍ അത് പാസ്സാവും? പാരാസിറ്റാമോളെങ്കിലും പാസാകുമോ? ഇത് പോലെയാണ് അലോപ്പതിയുടെ പരീക്ഷ മറ്റു വൈദ്യ ശാസ്ത്രങ്ങള്‍ പാസാവണം എന്ന ദുശ്ശാഠ്യം. ഇത് നമ്മള്‍ തുടരേണ്ടതുണ്ടോ?

ആദിവാസി വൈദ്യം ആകട്ടെ, ആയുര്‍വേദമാകട്ടെ അതിന്റെതായ ശാസ്ത്രയുക്തിയില്‍ നിലനില്‍ക്കുന്നതാണ്. ഈ സമ്പ്രദായങ്ങള്‍ കേവലം വിശ്വാസരീതികളാണ് എന്ന പോലെയുള്ള സമീപനം തീര്‍ത്തും തെറ്റാണു. ഈ സമ്പ്രദായങ്ങള്‍ ഒക്കെ കാലത്തിനും യുക്തിക്കനുമനുസരിച്ചു പുരോഗമിക്കുകയും പരിഷ്‌ക്കരിക്കപ്പെടുകയും ചെയ്തു വന്നിട്ടുള്ള രീതികള്‍ ആണ്.അതിനെ സമീപിക്കുന്ന ആളുകള്‍ക്ക് വേണ്ട സൗഖ്യം നല്കാന്‍ പര്യാപ്തവുമാണ്.ഓരോ ശാസ്ത്ര ശാഖയെയും മനസിലാക്കി എല്ലാത്തിനെയും ഒരേ നുകത്തില്‍ കെട്ടാതെ ഓരോന്നിനും അതിന്റേതായ രീതിയില്‍ വളരാനും വികസിയ്ക്കാനും വേണ്ട അന്തരീക്ഷമൊരുക്കുന്നതില്‍ നമ്മള്‍ വിജയിച്ചിട്ടുണ്ടോ അതോ ഇന്നും കൊളോണിയല്‍ കുറ്റിയില്‍ കെട്ടിയ കാളയാണോ നമ്മള്‍? ഇന്ത്യ കാലാകാലങ്ങളായി ആയുര്‍വേദമുള്‍പ്പടെയുള്ള പരമ്പരാഗത വൈദ്യ ശാഖകളോട് കാണിച്ചു വരുന്ന നിലപാട് നോക്കുമ്പോള്‍ അറിയാം ഇന്നും നമ്മള്‍ പരമ്പരാഗത വൈദ്യ വിജ്ഞാനത്തിന് വേണ്ട ശ്രദ്ധ കൊടുത്തിട്ടില്ല എന്ന് .

ആരോഗ്യമേഖലയില്‍ കാലാകാലങ്ങളായി പല പല കമ്മറ്റികളും എടുത്തിട്ടുള്ള നിലപാടുകള്‍ പലപ്പോഴും പരമ്പരാഗത വിജ്ഞാനത്തെ അവഗണിക്കുന്നതായിരുന്നു. വളരെ അധികം വാഴ്ത്തിപാടലുകള്‍ കേട്ടിട്ടുള്ള കമ്മിറ്റി റിപ്പോര്‍ട്ട് ആണ് ബോറെ കമ്മിറ്റി റിപ്പോര്‍ട്ട്. ഇന്ത്യയുടെ ആരോഗ്യ നയം തന്നെ ബോറെ കമ്മിറ്റി ശുപാര്‍ശ ചെയ്ത പ്രകാരം വേണമെന്ന് വാശി പിടിക്കുന്നവരാണ് ഇന്നും ഇന്ത്യയിലെ ആരോഗ്യ മേഖലയിലെ ചിന്തകര്‍. ബോറെ കമ്മിറ്റി മറ്റു പല കാര്യങ്ങളിലും ഉന്നതമായ ചിന്താ രീതിയും സാധാരണക്കാരനില്‍ സാധാരണക്കാരന് ഗുണപരമാവുന്ന ശുപാര്‍ശകളും മുന്നോട്ടു വെച്ച റിപ്പോര്‍ട്ട് ആണ്. എന്നാല്‍ പരമ്പരാഗത വൈദ്യ വിജ്ഞാനത്തെ ആരോഗ്യ നയത്തിന്റെ ഭാഗമാക്കണോ എന്ന ചോദ്യത്തിന് തീര്‍ച്ചയായും പാടില്ല എന്ന് മാത്രമല്ല ശാസ്ത്രീയ(അലോപ്പതി) വൈദ്യ വിദ്യാഭ്യാസം മാത്രമേ രാജ്യത്തു നടപ്പിലാക്കാന്‍ പാടുള്ളു എന്ന് ശഠിക്കുന്നു. പോരാത്തതിന് പാരമ്പര്യ വൈദ്യ വിജ്ഞാനത്തിന് ഒരു കാരണവശാലും നിയമ സാധുത നല്‍കരുത് എന്ന് പോലും കമ്മിറ്റി റിപ്പോര്‍ട്ട് ആവശ്യപെടുന്നു.

പിന്നീട് വന്ന ചോപ്ര കമ്മിറ്റിയും ഉദുപ്പ കമ്മിറ്റിയുമൊക്കെ പരമ്പരാഗത വിജ്ഞാനത്തിനോട് അനുഭാവപൂര്‍ണമായ സമീപനം എടുത്തുവെങ്കിലും എന്തെങ്കിലും ഒരു ചലനം ഉണ്ടാകുന്നതു 2005 ല്‍ ആണ് ദേശീയ ഗ്രാമീണ ആരോഗ്യ മിഷന്‍ പരമ്പരാഗത വൈദ്യത്തിനെ ആരോഗ്യ നയത്തിന്റെ ഭാഗമായി മാറ്റുന്നതിന് വേണ്ടിയുള്ള ശ്രമങ്ങള്‍ ആരംഭിച്ചു. ആദ്യം ഒരു ഡിപ്പാര്‍ട്ടമെന്റ് ആയി തുടങ്ങി പിന്നീട് ആയുഷ് എന്ന പേരില്‍ ഒരു മന്ത്രാലയം വരെ എത്തി നില്‍ക്കുന്നു ആ പ്രവര്‍ത്തനം. ആയുഷിന്റെ കീഴില്‍ ആയുര്‍വേദം, യുനാനി, യോഗ, സിദ്ധ, സോ വറിഗ് പാ, ഹോമിയോപ്പതി തുടങ്ങിയ അലോപ്പതി ഇതര വൈദ്യ ശാഖകള്‍ക്കു പ്രവര്‍ത്തിക്കാനും, ഗവേഷണം നടത്തുവാനും ഒക്കെയുള്ള സാഹചര്യങ്ങള്‍ സൃഷ്ടിക്കപ്പെട്ടു. എന്നാല്‍ അല്ലോപ്പതിയുമായി സംയോജിപ്പിച്ചുകൊണ്ട് ഈ വൈദ്യ ശാഖകളെ മുന്നോട്ടു കൊണ്ടുപോകണമെന്ന വിശാല ലക്ഷ്യം വേണ്ടത്ര നടപ്പില്‍ ആയില്ല. ഇനി ആയാല്‍ തന്നെ അലോപ്പതി നിശ്ചയിക്കുന്ന മാനദണ്ഡങ്ങള്‍ അനുസരിച്ചു മാത്രമേ അത് സംഭവിക്കുകയുള്ളൂ.

ഇന്ന് ആയുഷ് ഡോക്ടര്‍മാരുടെ സ്ഥിതി വളരെ പരിതാപകരമാണ്. പലരും ഉള്‍നാടന്‍ ഗ്രാമങ്ങളില്‍ അലോപ്പതി ഡോക്ടര്‍മാര്‍ പോകാന്‍ മടിക്കുന്ന സ്ഥലത്തു ചുരുങ്ങിയ ശമ്പളത്തിന് ജോലി ചെയ്യാന്‍ നിര്‍ബന്ധിക്കപ്പെടുന്ന സാഹചര്യമാണ്. ഇനി ഇങ്ങനെയൊക്കെ ആണെങ്കില്‍ തന്നെയും അവര്‍ക്കു സ്വന്തം വൈദ്യവൃത്തി ചെയ്യാന്‍ നിവൃത്തിയില്ല പലരും അലോപ്പതി മരുന്നാണ് രോഗികള്‍ക്ക് കൊടുക്കുന്നത് അല്ലെങ്കില്‍ അങ്ങനെ കൊടുക്കാനാണ് നിര്‍ദേശം. അലോപ്പതിയും മറ്റു വൈദ്യ ശാസ്ത്രങ്ങളും തമ്മില്‍ നിലനില്‍ക്കുന്ന ഈ അസമത്വം പരിഹരിക്കാതെ എങ്ങനെ എങ്ങനെ സംയോജനം സാധ്യമാകും. എന്തിനു പറയുന്നു ജനാധിപത്യപരമായ ഒരു സഹവര്‍ത്തിത്വം ഇത്തരം സാഹചര്യത്തില്‍ സാധ്യമല്ല. ഒരു രാജ്യമെന്ന നിലയില്‍ ഇങ്ങനെയൊക്കെയാണ് പാരമ്പര്യ വൈദ്യത്തിനുള്ള നമ്മുടെ പ്രോത്സാഹനം!

[widgets_on_pages id=”wop-youtube-channel-link”]

കാര്യങ്ങള്‍ ഇങ്ങനെയൊക്കെ ആണെങ്കിലും ആയുര്‍വേദത്തിനും ഹോമിയോപതിക്കുമൊക്കെ ഒരു മന്ത്രിയും മന്ത്രാലയമെങ്കിലും ഉണ്ട്. എന്നാല്‍ ഇപ്പോള്‍ പത്മശ്രീ ലഭിച്ച ലക്ഷ്മികുട്ടിയമ്മയുടെ വന വൈദ്യവും ഗോത്ര വൈദ്യവും ഉള്‍പ്പടെ ക്രോഡീകരിക്കാത്ത വൈദ്യ ശാഖകളെ തിരിഞ്ഞു പോലും നോക്കാന്‍ ആളില്ല എന്നതു വേറെ കാര്യം. എന്തെങ്കിലും ഒരു പ്രവര്‍ത്തനം ഉണ്ടായതു പരമ്പരാഗത വിജ്ഞാനങ്ങളെ ഡിജിറ്റലൈസ് ചെയ്തു സൂക്ഷിക്കാന്‍ TKDL (Traditional Knowledge Digital Library ) തുടങ്ങി എന്നതാണ്. എന്നാല്‍ ആദിവാസി വൈദ്യന്മാരുടെയോ പാരമ്പര്യ വൈദ്യന്മാരുടെയോ പൂര്‍ണമായ വിശ്വാസം നേടിയെടുക്കാന്‍ ഈ സംരംഭത്തിനു സാധിച്ചിട്ടില്ല. പലപ്പോഴും ഒരു വൈദ്യന് അല്ലെങ്കില്‍ ഒരു വൈദ്യ ഗോത്രത്തിനു സ്വന്തമായ അറിവ് ആ ഗോത്രത്തിന്റെ സ്വകാര്യ സ്വത്തായി ആണ് സംരക്ഷിക്കപ്പെടുന്നത്. അത് നഷ്ടപ്പെടാതെ ഡിജിറ്റലൈസ് ചെയ്യാന്‍ ആണ് TKDL ശ്രമിക്കുന്നതു. എന്നാല്‍ ഈ അറിവ് ഇങ്ങനെ പരസ്യമാക്കിയാല്‍ വന്‍കിട മരുന്ന് കമ്പനികള്‍ തങ്ങളുടെ വൈദ്യ വിജ്ഞാനം വിറ്റു കാശാക്കും എന്ന് ഗോത്ര ജനത സംശയിക്കുന്നു. ആ വേവലാതി വെറുതെ അല്ല എന്ന് കാണി ഗോത്രത്തിന്റെ അനുഭവം അവരെ ഓര്‍മ്മിപ്പിക്കുന്നുണ്ട്. ജപ്പാനിലെ ടോക്കിയോ കേന്ദ്രമായ ഡായ് നിപ്പോണ്‍ പഞ്ചസാര ഫാക്ടറി കാണി ഗോത്രത്തിന്റെ സ്വകാര്യ അറിവായ ‘ചക്കരക്കൊല്ലിയുടെ’ പേറ്റന്റ് എടുക്കാന്‍ നടത്തിയ ശ്രമവും തുടര്‍ന്നുണ്ടായ നിയമ പോരാട്ടങ്ങളുമൊക്കെ സര്‍ക്കാര്‍ പദ്ധതികളെ വരെ സംശയത്തോടെ നോക്കാന്‍ അവരെ പ്രേരിപ്പിക്കുന്നതില്‍ എന്താണ് തെറ്റ്?

ഒരു പത്മശ്രീ വന വൈദ്യത്തിനു ലഭിച്ചു എന്നൊക്കെ നമ്മുക്ക് പറഞ്ഞഭിമാനിക്കാം, കൊളോണിയല്‍ ഭൂതാവിഷ്ടര്‍ക്കു അത് നോക്കി കൊഞ്ഞനം കുത്താം കൈനോട്ടമെന്നൊക്കെ വിളിച്ചു പരിഹസിക്കാം. പക്ഷെ ഈ രാജ്യം ശരിക്കും ഇന്നാട്ടിലെ പരമ്പരാഗത അറിവിനെ വേണ്ടവിധത്തില്‍ സംരക്ഷിക്കാന്‍ വല്ലതും ചെയ്യുന്നുണ്ടോ എന്ന് ചിന്തിക്കേണ്ട സമയമാണ് ഇത്. ഒരറ്റത്ത് പത്മ കൊടുക്കുമ്പോള്‍ തന്നെയാണ് അപ്പുറത്തു ദേശീയ മെഡിക്കല്‍ കമ്മീഷന്‍ ബില്‍ ലോകസഭയില്‍ സര്‍ക്കാര്‍ പാസാക്കുന്നത് അതിലൂടെ നിലവിലെ ആയുര്‍വേദ ഡോക്ടര്‍മാര്‍ ഹോമിയോപ്പതി ഡോക്ടര്‍മാര്‍ എന്നിവര്‍ക്ക് ഒരു തുല്യതാ കോഴ്‌സ് ചെയ്താല്‍ അലോപ്പതി ഡോക്ടര്‍മാരായി മാറാം. എന്തായാലും എം ബി ബി എസിനു മാര്‍ക്ക് കുറഞ്ഞതിന്റെ പേരില്‍ മാത്രം പ്രവേശനം ലഭിക്കാതെ, ഗതികേട് കൊണ്ട് ആയുര്‍വേദ, ഹോമിയോപ്പതി ഡോക്ടര്മാരായവര്‍ക്കു ഇനി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനെ പേടിക്കാതെ അലോപ്പതി ഡോക്ടര്‍ ആകാം ചുകന്ന കുരിശു കാറില്‍ ഒട്ടിക്കാം. എന്നല്ലാതെ അത് ആയുര്‍വേദമുള്‍പ്പടെയുള്ള പരമ്പരാഗത വൈദ്യത്തിനു യാതൊരു സഹായവും നല്കുന്നില്ല. മാത്രവുമല്ല അത് അല്ലെങ്കില്‍ തന്നെ അലോപ്പതി വിദ്യാഭ്യാസം കൊണ്ട് സ്വത്വം നഷ്ട്ടപെട്ട അവശിഷ്ട ആയുര്‍വേദത്തെ കൂടെ നശിപ്പിക്കു. ഇങ്ങനെ നോക്കുമ്പോള്‍ പാരമ്പര്യ വൈദ്യത്തിന്റെ നമ്മുടെ നാട്ടിലെ അവസ്ഥ വളരെ പരിതാപകരമാണ്, ഒരു പത്മ അല്ല ഇവിടെ വിഷയം പാരമ്പര്യ വൈദ്യത്തിന്റെ അതിജീവനമാണ്.

(ജനാരോഗ്യ – ലേഖകന്‍ ജവാഹര്‍ലാല്‍ നെഹ്റു യൂണിവേഴ്‌സിറ്റിയിലെ സെന്റര്‍ ഫോര്‍ സോഷ്യല്‍ മെഡിസിന്‍ ആന്‍ഡ് കമ്മ്യൂണിറ്റി ഹെല്‍ത്തിലെ ഗവേഷകനാണ്)

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Culture | Tags: , , | Comments: 1 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Feedback

One thought on “സംരക്ഷിക്കണം പാരമ്പര്യ വൈദ്യത്തേയും

  1. അലോപ്പതി ഡോക്ടർ എന്ന ചുവന്ന കുരിശു കാറിൽ ഒട്ടിക്കാo. എന്ന വാചകവും അതിനോട് ചേർന്നു പറഞ്ഞ ആയുർവേദത്തിനു ഗുണമില്ല എന്ന് പറഞ്ഞ വാചകവും ഗവേഷകൻ കേരളത്തിലെ ആയുർവേദ വികസനം കൃത്യമായി പഠിച്ചിട്ടില്ല എന്ന് വേണം കരുതാൻ. കേരളത്തിൽ 1970 കളിൽ ഉണ്ടായിരുന്ന ആയുർവേദ ചികിത്സാ സ്ഥാപനങ്ങൾ 90% വും വ്യാജ പാരമ്പര്യ ചികിത്സാ ചെയ്യുന്ന കുടിൽ വ്യവസായം പോലെ ആയിരുന്നു. ഒത്താൽ ഒത്തു എന്ന രീതിയിൽ. എന്നാൽ ഇന്ത്യയിൽ ആദ്യമായി ആയുർവേദ ഡോകട്ർമാർ 1970കളിൽ ആധുനിക വൈദ്യവും പ്രാക്റ്റീസ് ചെയ്യാൻ തുടങ്ങി. അതിന്റെ ഫലം ഇപ്പോൾ നമ്മൾ കാണുന്ന multi speciality ലെവലിൽ ഇടപെടാൻ ഒരുങ്ങി നിൽക്കുന്ന integrated ഡോകട്ർ മാർ തുടങ്ങി വെച്ച ചെറിയ clinikukal ആണ്. ഈ കമന്റ്‌ വായിക്കുന്ന muthirnnavarkku അവരുടെ സ്വന്തം സ്ഥലത്തു undakkappetta അത്തരം ചികിത്സ sthapanathe കുറിച്ച് ഓർക്കാം. വിസ്താരഭയത്താൽ ഓരോ ജില്ല തിരിച്ചുള്ള വിവരങ്ങൾ പങ്കുവെക്കുന്നില്ല. കേരളത്തിൽ ആയുർവ്വേദം അതിന്റെ തനത് രീതിയിൽ വിജയിച്ചിട്ടുണ്ടെങ്കിൽ അതിനു കാരണം ആയത് ആയുർവേദ docotre സമീപിക്കുന്ന രോഗിക്ക് ഒരു പരിധി വരെ syamptomatic റിലീഫ് നൽകി ആത്മവിശ്വാസം നൽകാൻ ആയുർവേദ ഡോക്ടർക്ക് കഴിഞ്ഞു എന്നതാണ്. ആ ഒരു അവസ്ഥയിലേക്ക് മറ്റു പല സ്റ്റേറ്റ് കളിലും ഇപ്പോൾ അത്തരം ഒരു അവസ്ഥ കളിലേക്കു ചെന്ന് എത്താൻ തുടങ്ങുന്നതെ ഉള്ളു. അതിനുമപ്പുറം ഒരു ആയുർവേദ ഡോക്ടർ അലോപ്പതി പ്രാക്റ്റീസ് ചെയ്യുന്നില്ല എന്ന് വെക്കുക. ഈ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ജീവിക്കുന്നവർക്കു കൃത്യമായ ചികിത്സാ നിയമപ്രകാരം (നിയമപ്രകാരം അലോപ്പതി ചികിത്സ ആണല്ലോ യഥാർഥ ചികിത്സ ) നൽകാൻ അലോപ്പതി samvidhanathinu മാത്രമായി ഈ 70 വർഷം കഴിഞ്ഞിട്ടും സാധിക്കുന്നില്ല. കേരളത്തിൽ പോലും സാധിച്ചിട്ടില്ല.അതിനുമപ്പുറം ഡോക്ടർ എന്നരീതിയിൽ ഒരു ആയുർവേദ ഡോക്ടറെ സമീപിക്കുന്ന രോഗിയെ രോഗിക്ക് പോലും അജ്ഞാതമായ രോഗ വിശേഷങ്ങൾ കണ്ടുപിടിച്ചാൽ അത്യാവശ്യ ചികിത്സ യോ പ്രൈമറി കെയർ പോലുമോ കൊടുക്കാതെ എങ്ങനെ ഒരു രോഗിയെ higher centerilekku അയക്കും. അങ്ങനെ അയച്ചു 5 ഓളം പേരുടെ മരണത്തിനു (ലോഡിങ് ഡോസ് കൊടുക്കാതെ വിട്ട heart attack case) സഹായിച്ച practising ഡോകട്ർ എന്ന നിലയിൽ എനിക്ക് ഓർക്കാൻ കഴിയും. നിയമം വെച്ചു എന്നെ niyanthricha governement നാട്ടുകാർക്കു സമ്മാനിച്ച അവസ്ഥയാണ്. ബാക്കി എനിക്ക് നേരിട്ടു അറിവില്ല സമാനമായ സാഹചര്യം ഉണ്ടെന്നാണ് മനസ്സിൽആക്കുന്നത്

Leave a Reply