തൊഴില്‍ നിയമങ്ങള്‍ അട്ടിമറിക്കാനുള്ള നീക്കത്തിനെതിരെ ട്രേഡ് യൂണിയനുകള്‍

കൊവിഡിന്റെ മറവില്‍ തൊഴില്‍ നിയമങ്ങള്‍ അട്ടിമറിക്കാനുള്ള നീക്കത്തില്‍ പ്രതഷേധിച്ച് വിവിധ കേന്ദ്ര ട്രേഡ് യുണിയനുകളും ഫെഡറേഷനുകളും രംഗത്ത്. അതുമായി ബന്ധപ്പെട്ട് സംഘടനകളുടെ സംയുക്ത വേദി പുറപ്പെടുവിച്ച പ്രസ്താവന

കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശം അനുസരിച്ച് ഉത്തര്‍ പ്രദേശിലും മധ്യപ്രദേശിലും തൊഴിലുടമകള്‍ക്ക് എല്ലാ തൊഴില്‍ നിയമങ്ങളും അവഗണിക്കാന്‍ സമ്പൂര്‍ണ അധികാരവും, മറ്റു ചില സംസ്ഥാനങ്ങളില്‍ തൊഴില്‍ നിയമങ്ങള്‍ പാലിക്കുന്നതില്‍ ഇളവുകളും നടപ്പാക്കിയതിനെ കേന്ദ്ര ട്രേഡ് യൂണിയനുകളുടെ കോ ഓര്‍ഡിനേഷന്‍ കമ്മിറ്റി ശക്തമായി അപലപിക്കുന്നു.

നിലവിലുള്ള തൊഴില്‍ നിയമങ്ങള്‍ പാലിക്കേണ്ട ബാധ്യതയില്‍ നിന്ന് തൊഴിലുടമകള്‍ക്ക് മൂന്ന് വര്‍ഷത്തേക്ക് ഇളവ് നല്‍കിയ ഉത്തര്‍ പ്രദേശ് ,മധ്യ പ്രദേശ് സംസ്ഥാന സര്‍ക്കാരുകളുടെ നടപടിയെ കേന്ദ്ര ട്രേഡ് യൂണിയനുകളുടെയും ഫെഡറേഷനുകളുടെയും സംയുക്ത വേദി ശക്തമായി അപലപിക്കുന്നു . ഉത്തര്‍ പ്രദേശില്‍ ഇപ്പോള്‍ത്തന്നെ ഒരു ഓര്‍ഡിനന്‍സ് വന്നു കഴിഞ്ഞപ്പോള്‍ മധ്യപ്രദേശും സമാനമായ തീരുമാനങ്ങള്‍ കൈക്കൊള്ളും എന്ന് മുഖ്യമന്ത്രി പ്രസ്താവിച്ചി രിക്കുകയാണ് . ഗുജറാത്തില്‍ അതേ രീതിയില്‍ ഉള്ള നയം വരുന്ന 1200 ദിവസങ്ങളില്‍,അതായത് മൂന്നു വര്‍ഷത്തിലധികം കാലം , നടപ്പാക്കാന്‍ സര്‍ക്കാര്‍ തീരുമാനം ഉള്ളതായി മാധ്യമ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു .

അധ്വാനിക്കുന്ന ജനവിഭാഗം ഈ 45-ദിവസത്തെ ലോക്ക് ഡൗണിന്റെ ഫലമായി തൊഴിലില്ലായ്മയും, ശമ്പളമില്ലായ്മയും, താമസസ്ഥലങ്ങളില്‍ നിന്നുള്ള കുടിയിറക്കലും മൂലം ഉള്ള മനുഷ്യത്വരഹിതമായ സാഹചര്യങ്ങളിലും, കഷ്ടപ്പാടുകള്‍ക്ക് വിധേയരായും, ഒഴിഞ്ഞ വയറുകളുള്ള ജീവഛവങ്ങളായും ചുരുങ്ങുകയായിരുന്നു . ഈ തൊഴിലാളികളുടെ മേലെ പല്ലും നഖവും ഉപയോഗിച്ച് ആക്രമണം അഴിച്ചുവിട്ട ഇപ്പോഴത്തെ കേന്ദ്ര സര്‍ക്കാര്‍ അവരെ ഫലത്തില്‍ അടിമകളുടെ നിലവാരത്തിലേക്ക് ചുരുക്കുകയാണ് ചെയ്തിരിക്കുന്നത്. കാല്‍നടയായി നൂറുകണക്കിന് മൈലുകള്‍ റോഡുകളിലൂടെയും, റെയില്‍വേ ട്രാക്കുകളിലൂടെയും, വയലുകളിലൂടെയും, കാടുകളിലൂടെയും കുടിയേറ്റ തൊഴിലാളികള്‍ വീടുകളിലേക്ക് പുറപ്പെട്ടുകൊണ്ടിരിക്കുന്നത് സൂചിപ്പിക്കുന്നത് തീര്‍ത്തും പ്രതീക്ഷയും ആശ്രയവും അറ്റ അവരുടെ അവസ്ഥയാണ് . ഈ കൂട്ടപ്പലായനത്തിനിടയ്ക്ക് വിശപ്പും, തളര്‍ച്ചയും, അപകടങ്ങളും കാരണം നിരവധി അമൂല്ല്യ ജീവിതങ്ങള്‍ വഴിയില്‍ പൊലിഞ്ഞു. വിശ്വസ്ത വിധേയരായ സംസ്ഥാന സര്‍ക്കാരുകള്‍ വഴി തൊഴിലാളി വിരുദ്ധ, ജനവിരുദ്ധ സ്വേച്ഛാധിപത്യ നടപടികള്‍ കൈക്കൊള്ളുവാനുള്ള തന്ത്രമാണ് ഇപ്പോള്‍ കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ളത്. മറ്റ് പല സംസ്ഥാന സര്‍ക്കാരുകളും പിന്തുടരാന്‍ പോകുന്നതും ഇതേ വഴിയായിരിക്കുമെന്ന് ഊഹിക്കാം.

മധ്യപ്രദേശ് മുഖ്യമന്ത്രി പ്രഖ്യാപിച്ചത് ആയിരം ദിവസത്തേക്ക് ഫാക്ടറീസ് ആക്ട്, മധ്യപ്രദേശ് ഇന്‍ഡസ്ട്രിയല്‍ റിലേഷന്‍സ് ആക്റ്റ്, വ്യവസായ തര്‍ക്ക നിയമം, കരാര്‍ തൊഴിലാളി നിയമം തുടങ്ങിയ വിവിധ തൊഴില്‍ നിയമങ്ങള്‍ എക്‌സിക്യൂട്ടീവ് ഉത്തരവോ ഓര്‍ഡിനന്‍സോ വഴി ഭേദഗതി വരുത്തി തൊഴിലുടമകളെ അവരുടെ ബാധ്യതകളില്‍ നിന്ന് ഒഴിവാക്കും എന്നാണ്. അതായത്, തൊഴിലാളികളെ ‘ഉടമസ്ഥരുടെ സൗകര്യത്തിനനുസരിച്ച്’ നിയമിക്കാനും ജോലിയില്‍ നിന്ന് പിരിച്ചുവിടാനും തൊഴിലുടമകളെ പ്രാപ്തരാക്കുന്നവിധം തൊഴില്‍ നിയമങ്ങളില്‍ മൂന്നു വര്‍ഷത്തേക്ക് നിര്‍ണ്ണായകമായ ഇളവുകള്‍ മൂന്ന് വര്‍ഷം . ഈ കാലയളവില്‍ സ്ഥാപനങ്ങളില്‍ തൊഴില്‍ വകുപ്പിന്റെ ഇടപെടല്‍ ഉണ്ടാകില്ല. മാത്രമല്ല, ഒരു തൊഴിലാളിയ്ക്ക് 80 രൂപ വീതം മധ്യപ്രദേശ് ലേബര്‍ വെല്‍ഫെയര്‍ ബോര്‍ഡിന് നല്‍കാനുള്ള ബാധ്യതയില്‍ നിന്നും തൊഴിലുടമകളെ ഒഴിവാക്കിയിട്ടുമുണ്ട്.

ഉത്തര്‍പ്രദേശ് സര്‍ക്കാറും മൂന്നു മുതല്‍ 4 വര്‍ഷം വരെ ഇതുപോലെ സംസ്ഥാനത്തെ മുഴുവന്‍ തൊഴില്‍ നിയമങ്ങളില്‍ നിന്നും ( 38 എണ്ണം) സംസ്ഥാനത്തെ എല്ലാ സ്ഥാപനങ്ങളെയും ഒഴിവാക്കാനുള്ള ഓര്‍ഡിനന്‍സ് പുറപ്പെടുവിച്ചിട്ടുണ്ട്.

ലോക്ക് ഡൗണ്‍ സാഹചര്യം മുതലെടുത്ത് ഫാക്ടറീസ് ആക്റ്റ് ദുര്‍ബ്ബപ്പെടുത്തുന്നതിലൂടെ ദൈനംദിന ജോലിസമയം എട്ട് മണിക്കൂറില്‍ ‘നിന്ന് 12 മണിക്കൂറായി ഉയര്‍ത്തി കൊണ്ടുള്ള എക്‌സിക്യൂട്ടീവ് ഉത്തരവുകള്‍ വഴിയാണ് ആറ് സംസ്ഥാന സര്‍ക്കാരുകള്‍ അറു പിന്തിരിപ്പനായ തൊഴിലാളി വിരുദ്ധനീക്കത്തിന്റെ രണ്ടാം ഘട്ടം തുടങ്ങിയത്. ത്രിപുരയിലെ ബിജെപി സര്‍ക്കാരും സമാനമായ നീക്കം നടത്തുന്നുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്.

ഈ നീക്കങ്ങളെ അധ്വാനിക്കുന്ന മനുഷ്യരുടെ മേലുള്ള മനുഷ്യത്വരഹിതമായ കുറ്റകൃത്യമായും ക്രൂരതയായും സെന്‍ട്രല്‍ ട്രേഡ് യൂണിയനുകള്‍ കണക്കാക്കുന്നു, കൂടാതെ, സ്വതന്ത്രമായി സംഘടിക്കുന്നതിനുള്ള അവകാശം (IL0 കണ്‍വന്‍ഷന്‍ 87) ,കൂട്ടായ വിലപേശലിനുള്ള അവകാശങ്ങള്‍ (IL0 കണ്‍വന്‍ഷന്‍ 98), അന്താരാഷ്ട്രതലത്തില്‍ തന്നെ അംഗീകരിക്കപ്പെട്ട മാനദണ്ഡമായ എട്ട് മണിക്കൂര്‍ പ്രവൃത്തി ദിവസം എന്നിങ്ങനെ അന്താരാഷ്ട്ര തൊഴില്‍ സംഘടന (ILO ) അംഗീകരിച്ച മൗലിക തത്വങ്ങളുടെ ലംഘനം ഈ നടപടികളില്‍ പ്രകടമാണ് . ഇതിനും പുറമേ , ത്രികക്ഷി ബന്ധത്തെ കുറിച്ചുള്ള (തൊഴിലുടമ, തൊഴിലാളി, സര്‍ക്കാര്‍) ഐഎല്‍ഒ കണ്‍വെന്‍ഷന്‍ 144 വകുപ്പും സര്‍ക്കാര്‍ ദുര്‍ബലപ്പെടുത്തിയിരിക്കുകയാണ് . തൊഴില്‍ മാനദണ്ഡങ്ങളുടെ കടുത്ത ലംഘനമായ സര്‍ക്കാരിന്റെ ഈ തെറ്റായ നടപടികളെക്കുറിച്ച് ILO-യ്ക്ക് പരാതി നല്‍കുന്നതിനെ കുറിച്ച് ഗൗരവമായി പരിഗണിക്കുമ്പോള്‍ തന്നെ, തൊഴിലുടമകളുടെ വര്‍ഗ താല്‍പ്പര്യങ്ങള്‍ക്കുവേണ്ടി തൊഴിലാളികള്‍ക്കും ജീവനക്കാര്‍ക്കും അടിമത്തം അടിച്ചേല്‍പ്പിക്കുന്ന ഈ ആസൂത്രിത നീക്കത്തെ എതിര്‍ക്കാന്‍ സെന്‍ട്രല്‍ ട്രേഡ് യൂണിയനുകള്‍ തൊഴിലാളിവര്‍ഗത്തോട് ആഹ്വാനം ചെയ്യുന്നു. ഐക്യ പ്രക്ഷോഭം വഴി ജോലിസ്ഥലത്തും ദേശീയ തലത്തിലും രാജ്യവ്യാപകമായിത്തന്നെ ചെറുത്തുനില്‍പ്പ് പോരാട്ടത്തിന് തയ്യാറെടുക്കുക. സംസ്ഥാനങ്ങളിലെ യൂണിയനുകള്‍ ഇതിനകം തന്നെ സ്വതന്ത്രമായ ഐക്യ പ്രക്ഷോഭ പാതയിലാണെന്ന് ഞങ്ങള്‍ സംതൃപ്തിയോടെ തിരിച്ചറിയുന്നു. സെന്‍ട്രല്‍ ട്രേഡ് യൂണിയനുകള്‍ രാജ്യവ്യാപകമായ പ്രക്ഷോഭ – പ്രചാരണ പരിപാടിയുമായി രംഗത്തു വരുന്നതാണ് .

[ INTUC, AITUC, HMS, CITU, AIUTUC, TUCC SEWA, AICCTU, LPF, UTUC, കൂടാതെ വിവിധ മേഖലകളിലെ ഫെഡറേഷനുകളും അസോസിയേഷനുകളും.]

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Be the first to write a comment.

Leave a Reply