ഭോപ്പാല്‍ നരഹത്യയ്ക്ക് മൂന്നു പതിറ്റാണ്ട്

ഇന്ത്യന്‍ ഭരണഘടന ഉറപ്പു നല്‍കുന്ന, ലക്ഷകണക്കിനാളുകളുടെ ജീവിക്കാനുളള മൗലികാവകാശമാണ് ഒരു വിദേശ കുത്തക കമ്പനി ലംഘിച്ചത്. പക്ഷെ ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയ്ക്ക് ഇവരുടെ ഭരണഘടനാ ദത്തമായ അവകാശങ്ങള്‍ ലംഘിക്കപ്പെട്ടതിനെതിരേ ഒന്നുംതന്നെ ചെയ്യാന്‍ കഴിഞ്ഞിട്ടില്ല. രണ്ടു ദശകങ്ങള്‍ നീണ്ട നിയമ പോരാട്ടങ്ങള്‍ക്കുശേഷം വാതകചോര്‍ച്ചയുടെ ഇരകള്‍ക്ക് അനുവദിച്ചുത്തരവായത് ആളോഹരി 500 ഡോളര്‍ മാത്രം. ഇനിയുളളള ജീവിതം പരസഹായമില്ലാതെ ജീവിക്കാന്‍ കഴിയാത്തവര്‍ക്കുളള നഷ്ടപരിഹാര തുക ദിവസം ഒരു ചായയ്ക്കുപോലും തികയില്ല.

1984 ഡിസംബര്‍ 2, 3 തീയതികള്‍ ഭാരതത്തിന്റെ ചരിത്രത്തില്‍ ഒരു കറുത്ത രേഖ കുറുകെ വരച്ച ദിവസങ്ങളാണ്. ഒരു നടുക്കത്തോടെ മാത്രമെ നമുക്ക് ആ തണുത്തുറഞ്ഞ രണ്ടാം തീയതി അര്‍ദ്ധരാത്രി മുതല്‍ മൂന്നാം തീയതി രാവിലെവരെ ഓര്‍ക്കുവാന്‍ കഴിയൂ. യൂണിയന്‍ കാര്‍ബൈഡ് കീടനാശിനി ഫാക്ടറിയില്‍ നിന്നുണ്ടായ വാതക ചോര്‍ച്ചയെ തുടര്‍ന്ന് ഇരുപത്തി രണ്ടായിരം ഭാരതീയര്‍ ഉറക്കത്തില്‍ തന്നെ ശ്വാസം കിട്ടാതെ പിടഞ്ഞ് മരണത്തിലേക്ക് അറിയാതെ എത്തപ്പെട്ട രാത്രി. കോര്‍പ്പറേറ്റ് വികസനത്തിന്റെ ലാഭക്കൊതിയുടെ നഗ്‌നത വെളിവാക്കിയ രാത്രിയും പകലുമായിരുന്നു ഡിസംബര്‍ രണ്ടും മൂന്നും.
വിലോഭനീയമായ പല വാഗ്ദാനങ്ങളുമായാണ് യൂണിയന്‍ കാര്‍ബൈഡ് ഭോപ്പാലില്‍1969ല്‍ വന്‍കിട വ്യവസായം ആരംഭിച്ചത്. പക്ഷെ ഭോപ്പാല്‍ ദുരന്തം അവയുടെ പൊളളത്തരങ്ങള്‍ തുറന്നുകാട്ടി. സുരക്ഷാ സംവിധാനങ്ങള്‍ എന്ന് അവര്‍ അവകാശപ്പെട്ടതൊന്നും പ്രവര്‍ത്തനക്ഷമമായില്ല. ഹിറ്റ്‌ലറിന്റെ ഗ്യാസ് ചേമ്പറുകളെ തോല്‍പ്പിച്ചുകളഞ്ഞു യൂണിയന്‍ കാര്‍ബൈഡ്.
ഭോപ്പാലില്‍ യൂണിയന്‍ കാര്‍ബൈഡ് കീടനാശിനി കമ്പനിയില്‍ നിന്നുണ്ടായ വാതകചോര്‍ച്ചയില്‍ 40 ടണ്‍ മീഥൈന്‍ ഐസോസൈനേറ്റ്(എം.ഐ.സി) ഉള്‍പ്പെടെയുളള മാരകമായ വിഷ രാസവാതകമാണ് പുറത്തേക്ക് നിര്‍ഗമിച്ചത്. നിമിഷനേരംകൊണ്ട് കാറ്റ് ഈ വാതകത്തെ ഏറ്റുവാങ്ങി കിലോമീറ്ററുകള്‍ക്കുളളില്‍ ചുഴറ്റിയടിക്കുകയായിരുന്നു. അന്തരീക്ഷത്തിലാകെ വിഷ വാതകം വ്യാപിക്കുകയായിരുന്നു. വെളുത്ത പുകകൊണ്ട് അന്തരീക്ഷം മൂടുകയായിരുന്നു. 2ാം തീയതി അര്‍ദ്ധരാത്രിമുതലുണ്ടായ വാതക ചോര്‍ച്ചയില്‍ ആളുകള്‍ ശ്വാസം മുട്ടുകയും ആന്തരികാവയവങ്ങള്‍ നഷ്ടപ്പെട്ടും നിമിഷനേരംകൊണ്ട് പിടഞ്ഞുവീണ് മരിക്കുകയായിരുന്നു. നിരത്തുകളിലും, വീടുകള്‍ക്കുളളിലും, തൊട്ടടുത്ത കുറ്റിക്കാടുകള്‍ക്കുളളിലും, കുളങ്ങളിലും, ജലാശയങ്ങളിലുമായി ശവശരീരങ്ങള്‍ ഛിന്നിചിതറികിടന്നു. എത്രത്തോളം ശവശരീരങ്ങള്‍ ഉണ്ടായിരുന്നു എന്നതിന് ശരിയായ കണക്കു പറയാന്‍ ആര്‍ക്കും ഇതേവരെ കഴിഞ്ഞിട്ടില്ല. സര്‍ക്കാരിന്റെ കണക്കില്‍ 3000  ത്തോളം. യൂണിയന്‍ കാര്‍ബൈഡിന്റെ മരണപുസ്തകത്തില്‍ വെറും രണ്ടായിരത്തിനു താഴെ. എന്നാല്‍ പതിനായിരത്തിനും, ഇരുപത്തി രണ്ടായിരത്തിനകം ആളുകള്‍ ഭോപ്പാല്‍ വാതക ദുരന്തത്തില്‍ മരണപ്പെട്ടതായാണ് ഭോപ്പാല്‍ ദുരന്തത്തിന്റെ ഇരകളുടെ സംഘടന പറയുന്നത്. മരണപ്പെട്ടവരുടെ സംഖ്യ ഇങ്ങനെയാണെങ്കില്‍ ജീവിച്ചിരിക്കുന്ന ഹതഭാഗ്യരുടെ എണ്ണം അഞ്ചുലക്ഷത്തിലധികമാണ്.
വാതകചോര്‍ച്ച സൃഷ്ടിച്ച അനന്തര ഫലങ്ങളുടെ പേടിപ്പിക്കുന്ന മുഖം തലമുറകളോളം ഒരു ദുഃസ്വപ്‌നംപോലെ നമ്മെ ഭയപ്പെടുത്തിക്കൊണ്ടിരിക്കും. ഒരു അണുവിസ്‌ഫോടനത്തിന്റെ ജനിതക വ്യതിയാനങ്ങള്‍ പോലെ ഭോപ്പാല്‍ വാതക ചോര്‍ച്ച സൃഷ്ടിച്ച പാര്‍ശ്വ ഫലങ്ങള്‍ തലമുറകളെ വികൃത രൂപങ്ങളാക്കും. വാതകചോര്‍ച്ച സൃഷ്ടിച്ച അന്തരീക്ഷ മലിനീകരണം കാന്‍സര്‍ ഉള്‍പ്പെടെ നിരവധി രോഗങ്ങളുടെ നിരക്ക് വര്‍ധിപ്പിച്ചു. ലക്ഷക്കണക്കിനാളുകളെ വികലാംഗരും രോഗഗ്രസ്തരുമാക്കി. വാതകചോര്‍ച്ചക്കുശേഷം നടന്ന പഠനങ്ങള്‍ വ്യക്തമാക്കുന്നത് ഭോപ്പാലിലെ അമ്മമാരുടെ മുലപ്പാലില്‍ പോലും വിഷം കലര്‍ന്നു എന്നാണ്.
ഭോപ്പാല്‍ ദുരന്തം എന്ന തലക്കെട്ട് ഈ സംഭവത്തിന്റെ വ്യാപ്തിയെ പ്രതിനിധീകരിക്കാന്‍ പര്യാപ്തമല്ല. യൂണിയന്‍ കാര്‍ബൈഡ് കീടനാശിനി ഫാക്ടറിയില്‍ നിന്നുളള വാതക ചോര്‍ച്ച യഥാര്‍ത്ഥത്തില്‍ ഒരു ദുരന്തമായിരുന്നുവോ? കോര്‍പ്പറേറ്റ് ഭീമന്മാരുടെ ലാഭക്കൊതി നടത്തിയ നരഹത്യയായി വേണം ഇതിനെ കാണാന്‍. കോര്‍പ്പറേറ്റുകളുടെ മനുഷ്യാവകാശ ലംഘനങ്ങള്‍ക്ക് ഉത്തമ ഉദാഹരണമാണ് ഭോപ്പാല്‍ സംഭവം. ഭോപ്പാല്‍ വാതകചോര്‍ച്ചയ്ക്കു മുന്‍പുതന്നെ യൂണിയന്‍ കാര്‍ബൈഡ് ഫാക്ടറിയിലെ തൊഴിലാളികള്‍ ഫാക്ടറിയുടെ അപര്യാപ്തമായ സുരക്ഷാ സംവിധാനത്തിനെതിരായി പ്രക്ഷോഭങ്ങള്‍ നടത്തിയിരുന്നു. 1981ല്‍ വാതകചോര്‍ച്ചയെ തുടര്‍ന്ന് അഷറഫ്ഖാന്‍ എന്ന തൊഴിലാളി മരിക്കുകയുണ്ടായി. 1982 ജനുവരി 9 ന് ഉണ്ടായ വാതകചോര്‍ച്ചയില്‍ ഇരുപത്തിയഞ്ചു തൊഴിലാളികള്‍ക്ക് രോഗം ബാധിച്ചു. ഈ സംഭവങ്ങളെ തുടര്‍ന്ന് തൊഴിലാളികള്‍ നടത്തിയ പ്രക്ഷോഭങ്ങള്‍ യൂണിയന്‍ കാര്‍ബൈഡ് കണ്ടില്ലെന്നു നടിച്ചു. മതിയായ സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കാതെ കമ്പനി പ്രവര്‍ത്തിക്കുകയായിരുന്നു. 8 മില്യണ്‍ ഡോളറാണ് യൂണിയന്‍ കാര്‍ബൈഡ് ലാഭമുണ്ടാക്കിയത്. അതുകൊണ്ടുതന്നെ ഭോപ്പാല്‍ സംഭവത്തെ ഒരു കൂട്ട നരഹത്യയായി മാത്രമേ നമുക്ക് കാണുവാന്‍ കഴിയൂ.
ഭോപ്പാല്‍ ദുരന്തത്തിനു സമാനതകളില്ല. ഇന്ത്യപോലുളള രാജ്യങ്ങള്‍ക്കകത്തെ ബഹുരാഷ്ട്ര കുത്തക കമ്പനികളുടെ സുരക്ഷാ സ്റ്റാന്‍ഡേര്‍ഡുകള്‍ ഇത്രയൊക്കെത്തന്നെയാണ്. മാര്‍ക്‌സ് എഴുതിയതുപോലെ ഉടമയെക്കൊന്നും ലാഭം നേടുക അതാണല്ലോ മൂലധനത്തിന്റെ ധര്‍മ്മം. കുറഞ്ഞ മൂലധനം ഉപയോഗിച്ച് പരമാവധി ലാഭം കൊയ്യുകയെന്ന ബഹുരാഷ്ട്ര കമ്പനികളുടെ തന്ത്രത്തിന്റെ ഇരകളാകുകയായിരുന്നു ഭോപ്പാല്‍ നിവാസികള്‍. യൂണിയന്‍ കാര്‍ബൈഡ് ദുരന്തത്തിന് 30 കൊല്ലം തികയുമ്പോള്‍ കമ്പനിയുടെ സി.ഇ.ഒ യും ഈ നരഹത്യകേസിലെ ഒന്നാം പ്രതിയുമായിരുന്ന അമേരിക്കക്കാരനായ വാറണ്‍ ആന്റേഴ്‌സണ്‍ കഴിഞ്ഞ ആഴ്ച വാര്‍ദ്ധക്യസഹജമായ അസുഖംമൂലം മരണപ്പെട്ടു. 1995ല്‍ ഭോപ്പാല്‍ ജില്ലാ ജൂഡീഷ്യല്‍ മജിസ്‌ട്രേറ്റ് വാറണ്‍ ആന്റേഴ്‌സിന് കോടതിയില്‍ ഹാജരാകുന്നതിനായി വാറന്റ് പുറപ്പെടുവിച്ചിരുന്നു. പക്ഷെ, മരണം വരെ ഇന്ത്യന്‍ കോടതിയില്‍ ഹാജരാകാന്‍ അയാള്‍ തയാറായില്ല. അതിനൊട്ടു ശ്രമവും നമ്മുടെ ഭരണകൂടം നടത്തിയതുമില്ല. ആന്റേഴ്‌സന് ഭോപ്പാല്‍ ദുരന്തം കഴിഞ്ഞ ഉടനെ തന്നെ ഇന്ത്യ വിട്ടുപോകാന്‍ അന്നത്തെ മധ്യപ്രദേശ് കോണ്‍ഗ്രസ് മുഖ്യമന്ത്രിയായിരുന്ന അര്‍ജ്ജുന്‍ സിംഗ് എല്ലാ ഒത്താശകളും ചെയ്തുകൊടുക്കുകയായിരുന്നു.
ഇന്ത്യാഗവണ്‍മെന്റിന്റെ എല്ലാ അവകാശവാദങ്ങളെയും തളളിക്കൊണ്ട് യൂണിയന്‍ കാര്‍ബൈഡ് കമ്പനി ഒടുവില്‍ 470 മില്യണ്‍ ഡോളര്‍ മൊത്തം നഷ്ടപരിഹാരമായി നല്‍കാമെന്ന് സമ്മതിക്കുകയുണ്ടായി. ആളോഹരി മരണത്തിന് ഏറ്റവും കൂടിയ തുക ഒരു ലക്ഷം രൂപ. ഇന്ത്യയില്‍ ഒരു മനുഷ്യന്റെ വില ഒരു ലക്ഷം രൂപയാണെന്നാണ്. എല്ലാ നിലവിലുളള മാനദണ്ഡങ്ങളെയും ലംഘിച്ചുകൊണ്ടാണ് കമ്പനി ഈ തുകയില്‍ ഒത്തു തീര്‍പ്പാക്കിയത്. ഇന്ത്യ ആവശ്യപ്പെട്ട തുകയുടെ 15 ശതമാനം മാത്രമാണ് അനുവദിച്ചത്. 1989 ലാണ് യൂണിയന്‍ കാര്‍ബൈഡുമായി അവസാന കരാര്‍ ഒപ്പുവച്ചത്.
ഇന്ത്യന്‍ ഭരണഘടന ഉറപ്പു നല്‍കുന്ന, ലക്ഷകണക്കിനാളുകളുടെ ജീവിക്കാനുളള മൗലികാവകാശമാണ് ഒരു വിദേശ കുത്തക കമ്പനി ലംഘിച്ചത്. പക്ഷെ ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയ്ക്ക് ഇവരുടെ ഭരണഘടനാ ദത്തമായ അവകാശങ്ങള്‍ ലംഘിക്കപ്പെട്ടതിനെതിരേ ഒന്നുംതന്നെ ചെയ്യാന്‍ കഴിഞ്ഞിട്ടില്ല. രണ്ടു ദശകങ്ങള്‍ നീണ്ട നിയമ പോരാട്ടങ്ങള്‍ക്കുശേഷം വാതകചോര്‍ച്ചയുടെ ഇരകള്‍ക്ക് അനുവദിച്ചുത്തരവായത് ആളോഹരി 500 ഡോളര്‍ മാത്രം. ഇനിയുളളള ജീവിതം പരസഹായമില്ലാതെ ജീവിക്കാന്‍ കഴിയാത്തവര്‍ക്കുളള നഷ്ടപരിഹാര തുക ദിവസം ഒരു ചായയ്ക്കുപോലും തികയില്ല.
2001ല്‍ യൂണിയന്‍ കാര്‍ബൈഡ് ഫാക്ടറി ഡൗവ് കെമിക്കല്‍സ് ഏറ്റെടുത്തു. ഭോപ്പാല്‍ വാതകചോര്‍ച്ചയുടെ ഇരകള്‍ക്ക് നഷ്ടപരിഹാരം നല്‍കാനുളള കോടതി ഉത്തരവ് പുതിയ കോര്‍പ്പറേറ്റ് ഭീമന്‍ ലംഘിച്ചു. യൂണിയന്‍ കാര്‍ബൈഡ് കമ്പനിക്കുളളില്‍ വര്‍ഷങ്ങളായി സൂക്ഷിച്ചിരുന്ന രാസവസ്തുക്കളും, കീടനാശിനികളും ഉപയോഗശൂന്യമായ പാഴ് വസ്തുക്കളും, മാലിന്യങ്ങളും മണ്ണിലേക്ക് ഊഴ്ന്നിറങ്ങി ഭൂഗര്‍ഭജലം മലിനപ്പെട്ടതായി കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡ് ചുമതലപ്പെടുത്തിയ ഏജന്‍സികള്‍ കണ്ടെത്തിയിട്ടുണ്ട്. ഭോപ്പാലിലെ യൂണിയന്‍ കാര്‍ബൈഡ് കമ്പനിയുടെ ബാധ്യതകള്‍ ഒന്നും തന്നെ ഏറ്റെടുക്കാന്‍ അവര്‍ തയാറല്ല. അതുപോലെ ഫാക്ടറി വൃത്തിയാക്കുവാനോ മാലിന്യ വസ്തുക്കള്‍ നിമജ്ജനം ചെയ്യാനോ അവര്‍ തയാറായില്ല. ഇപ്പോഴും ടണ്‍ കണക്കിന് കീടനാശിനകളും രാസ വസ്തുക്കളും ഫാക്ടറി കോമ്പൗണ്ടില്‍ കെട്ടിക്കിടക്കുകയാണ്. ലോകത്തെ ഒരു നിയമവാഴ്ചയ്ക്കും തങ്ങള്‍ വിധേയരല്ല എന്നാണ് ഇവരുടെ മനോഭാവം. വാതകചോര്‍ച്ച സൃഷ്ടിച്ച പരിസ്ഥിതി മലിനീകരണം തടയാനുളള പ്രവര്‍ത്തനങ്ങളും ഇവര്‍ നിര്‍ത്തിവച്ചു. ഭോപ്പാല്‍ വാതകചോര്‍ച്ചമൂലം ജീവിതത്തില്‍ നിന്നും അന്യവത്കരിച്ച നിരാലംബരെ സഹായിക്കാന്‍ ഇന്റര്‍നാഷണല്‍ കാമ്പൈന്‍ ഫോര്‍ ജസ്റ്റിസ് ഇന്‍ ഭോപ്പാല്‍ എന്ന സംഘടന രൂപീകരിച്ചു. ഭോപ്പാലിലെ ഹതഭാഗ്യര്‍ക്ക് നേരിടാനുണ്ടായിരുന്നത,് ലോകത്തെ ഏതു നിയമസംവിധാനത്തെയും വിലയ്ക്കുവാങ്ങാന്‍ കഴിവുളള കോര്‍പ്പറേറ്റ് ഭീകരനെയാണെന്നോര്‍ക്കണം. അമേരിക്കന്‍ അറ്റോര്‍ണിമാരുടെ ഭീമാകാരനായ ഗോലിയത്തിനെതിരേ ഈ ചെറുസംഘടന ഒരു കുഞ്ഞു ഡേവിഡ് മാത്രമായിരുന്നു. എങ്കിലും അവരുടെ പോരാട്ടം ലോക ശ്രദ്ധ പിടിച്ചുപറ്റി.
ഇരകള്‍ നീതിക്കുവേണ്ടി കേഴുമ്പോള്‍ ദയാരഹിതമായി ഇന്ത്യന്‍ ഭരണകൂടവും ബഹുരാഷ്ട്ര ഭീമന്‍ ഡൗ കമ്പനിയും അമേരിക്കയും ഒരുപോലെ നിസംഗത പാലിക്കുന്നു. കാരണം വ്യക്തമാണ്. രാജ്യത്ത് ഒരു പുത്തന്‍ കൂട്ടുകെട്ട് നിലനില്‍ക്കുന്നു. അത് വിദേശ മൂലധനവും മൂലധന ശക്തികളും ഇന്ത്യന്‍ ഭരണകൂടവും തമ്മിലുളള അവിശുദ്ധ കൂട്ടുകെട്ടാണ്. ജനങ്ങളുടെ രക്ഷയ്ക്കുവേണ്ട ഭരണകൂടം സ്വന്തം ജനതയുടെ അന്തകനാകുന്ന തരത്തിലാണ് സ്ഥിതിഗതികള്‍ ചെന്നെത്തിയിരിക്കുന്നത്. എന്നാല്‍ മൂലധന ശക്തികള്‍ക്ക് മുന്നില്‍ മുട്ടുമടക്കാന്‍ ഭോപ്പാല്‍ ദുരന്തബാധിതരായവര്‍ തയാറല്ല. അവരുടെ ശബ്ദമാണ് മൂന്നു ദശാബ്ദം കഴിഞ്ഞിട്ടും മുഴങ്ങികേള്‍ക്കുന്നത്. അവര്‍ക്കൊപ്പമാണ് ഇന്ത്യയിലേയും, ലോകത്തേയും ബഹുഭൂരിപക്ഷം ജനങ്ങളും.

മംഗളം

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Be the first to write a comment.

Leave a Reply