കുട്ടനാടിന്റെ രക്ഷക്കല്ല തോട്ടപ്പിള്ളി കരിമണല്‍ കൊള്ള.

ആലപ്പുഴ ജില്ലയിലെ തോട്ടപ്പിള്ളിയിലും സമീപപ്രദേശങ്ങളിലും നടക്കുന്ന കരിമണല്‍ കൊള്ളയെ തുറന്നു കാട്ടിക്കൊണ്ടു നടന്നു വരുന്ന സമരം അതിന്റെ അടുത്തഘട്ടത്തിലേക്കു നീങ്ങുന്നതിന്റെ സമര പ്രഖ്യാപന സമ്മേളനം ഉത്ഘാടനം ചെയ്യാനാണ് ഇക്കഴിഞ്ഞ ദിവസം അവിടെ എത്തിയത്. ഇപ്പോള്‍ അവിടെ ഖനനം നടക്കുന്നതായി ഒരു രേഖയും പറയില്ല. എന്നാല്‍ ലക്ഷക്കണക്കിന് ടണ്‍ കരിമണലാണ് കുറച്ചു ആഴ്ചകള്‍ക്കകം അവിടെ നിന്നും കടത്തി കൊണ്ട് പോയത്. കുട്ടനാട്ടിലെ വെള്ളപ്പൊക്കം നിയന്ത്രിക്കാനും അതിനായി പൊഴിയിലെ മണല്‍ നീക്കാനും തോട്ടപ്പിള്ളി, വലിയഴീക്കല്‍ എന്നീ മത്സ്യബന്ധന തുറമുഖങ്ങള്‍ പ്രവര്‍ത്തനക്ഷമമാക്കാനും ആണ് അവിടെ നിന്നും മണ്ണെടുക്കുന്നത് എന്നാണു ഔദ്യോഗിക വിശദീകരണം. അങ്ങനെ മണ്ണ് മാറ്റുമ്പോള്‍ അത് കേരളത്തിലെ പൊതുമേഖലാ വ്യവസായങ്ങളായ ചവറയിലെ ഐ ആര്‍ ഇ, കെ എം എം എല്‍ എന്നീ സ്ഥാപനങ്ങളെ സ്വാഹായിക്കുകയുമാണ് എന്നവര്‍ സ്ഥാപിക്കുന്നു. ഇത് ഒരു കള്ളക്കളിയാണ്. ഇതിന്റെ പിന്നില്‍ മറച്ചു വെക്കപ്പെട്ട താല്പര്യങ്ങള്‍ ഉണ്ടെന്നു അന്നാട്ടിലെ ജനങ്ങള്‍ക്ക് നന്നായി അറിയാം.

2002 ല്‍ ആലപ്പുഴ ജില്ലയിലെ ആറാട്ടുപുഴ തൃക്കുന്നപ്പുഴ പ്രദേശങ്ങളില്‍ കരിമണല്‍ ഖനനം നടത്താനുള്ള പദ്ധതിയുമായി അന്നത്തെ സര്‍ക്കാര്‍ രംഗത്ത് വരികയും തൊട്ടടുത്ത വര്ഷം കൊച്ചിയില്‍ വച്ച് നടത്തിയ ആഗോള നിക്ഷേപക സംഗമത്തില്‍ ( ജിം) ഇതൊരു പ്രധാന പദ്ധതിയായി അവതരിപ്പിക്കപ്പെടുകയും ചെയ്തപ്പോഴാണ് ഞാനടക്കമുള്ള പരിസ്ഥിതി പ്രവര്‍ത്തകരുടെ ശ്രദ്ധ ഈ വിഷയത്തിലേക്കു തിരിയുന്നത്. കടലും കായലും തമ്മില്‍ അമ്പത് മീറ്റര്‍ പോലും വീതിയില്ലാത്ത കര കൊണ്ട് വേര്‍തിരിക്കപ്പെട്ട ആ പ്രദേശത്ത് ഖനനം നടത്തിയാല്‍ കര ഇല്ലാതാകും, സമുദ്രനിരപ്പിനു താഴെയുള്ള കുട്ടനാട് കായലിലേക്ക് കടല്‍ ജലം കയറും എന്ന് പ്രത്യക്ഷത്തില്‍ മനസ്സിലാക്കിയ പ്രദേശവാസികളുടെ ആവശ്യപ്രകാരമാണ് അന്നവിടെ എത്തിയത്. തുടക്കത്തില്‍ മടിച്ചു നിന്ന മുഖ്യധാരാ കക്ഷികള്‍ അടക്കം എല്ലാവരും ഈ സത്യം അംഗീകരി ക്കാന്‍ തയ്യാറാകുകയും ചെയ്തു . അവിടെ തീരസംരക്ഷണമതില്‍ എന്ന പേരില്‍ 2003 ജൂണ്‍ 16 നു വലിയഴീക്കല്‍ മുതല്‍ കക്ഷിരാഷ്ട്രീയത്തിനതീതമായി മനുഷ്യമതില്‍ തീര്‍ത്തു. സംവിധായകന്‍ ഫാസില്‍, സിനിമാ താരം നവ്യ നായര്‍, തുടങ്ങിയവര്‍ക്കൊപ്പം വി എം സുധീരനും എം എ ബേബിയും പെരുമഴയാണ് നടന്ന മതിലില്‍ കണ്ണി ചേര്‍ന്നു. ഇതിന്റെ പ്രത്യാഘാതം 2004 ലെ ലോകസഭാ തെരഞ്ഞെടുപ്പില്‍ കണ്ടു. ആലപ്പുഴയില്‍ യു ഡി എഫ് സ്ഥാനാര്‍ഥി വി എം സുധീരന്‍ ഒരു പുതുമുഖമായ ഡോ . കെ എസ മനോജിനോട് കേവലം ആയിരം വോട്ടിനു തോല്‍ക്കുന്നു, ഒരു അപരന്‍ സുധീരന്‍ എന്ന പേരില്‍ മത്സരിച്ചു 8000ഓളം വോട്ടുകള്‍ നേടുന്നു, ആലപ്പുഴ നിയമസഭാമണ്ഡലത്തില്‍ മുസ്ലിം ലീഗിന്റെ ശക്തികേന്ദ്രത്തില്‍ സുധീരന്‍ പിന്നിലാകുന്നു, കരിമണല്‍ വിഷയത്തില്‍ പാര്‍ട്ടിയില്‍ നിന്നും വ്യത്യസ്തമായി ഉറച്ചു നിന്നെതിര്‍ത്ത സുധീരനെ തോല്‍പ്പിക്കാന്‍ വ്യവസായമന്ത്രി കുഞ്ഞാലിക്കുട്ടിയടക്കമുള്ളവര്‍ ശ്രമിച്ചു എന്ന ആരോപണം വരുന്നു…കരിമണല്‍ ഖനനം ഒരു പാരിസ്ഥിതിക പ്രശനവും ഉണ്ടാകില്ലെന്ന്സ്ഥാപിക്കുന്ന ഒരു ജോണ്‍ മാത്യു കമ്മീഷന്‍ റിപ്പോര്‍ട് നിര്‍മ്മിക്കുന്നു. പക്ഷെ ജനകീയ പ്രതിരോധം മൂലം ആ പദ്ധതി മുന്നോട്ടു പോയില്ല. ആ സര്‍ക്കാരിന് പദ്ധതി ഉപേക്ഷിക്കേണ്ടി വന്നു. പക്ഷെ ആ പദ്ധതിയുടെ പിന്നില്‍ പ്രവര്‍ത്തിക്കുന്ന പ്രബലര്‍ ഇപ്പോഴും അത് നടപ്പിലാക്കാനുള്ള ശ്രമങ്ങളുമായി മുന്നോട്ടാണ് എന്നത് മറ്റൊരു കാര്യം. ആ ശക്തികള്‍ക്കൊപ്പമാണ് മുന്നണി ഗ്രൂപ്പ് വ്യത്യാസമില്ലാതെ കേരളത്തിലെ രാഷ്ട്രീയകക്ഷികള്‍ എന്നതും ആശങ്കാജനകമാണ്. ഇത്തരം കുല്‌സിത ശ്രമങ്ങള്‍ പലതും തടയാന്‍ ജനകീയ സമരങ്ങള്‍ക്ക് കഴിഞ്ഞു.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

എന്നാല്‍ ഇപ്പോള്‍ ഓരോ ദിവസവും ആയിരക്കണക്കിന് മെട്രിക് ടണ്‍ ധാതുമണല്‍ ആലപ്പുഴ ജില്ലയിലെ തോട്ടപ്പിള്ളി അഴിമുഖത്തു പൊഴിയിലും തോട്ടപ്പിള്ളി, വലിയഴീക്കല്‍ മത്സ്യ ബന്ധനതുറമുഖങ്ങളിലും നിന്ന് കൊണ്ട് പോകുന്നത് ദുരന്തനിവാരണപദ്ധതിയുടെ ഭാഗം എന്ന രീതിയില്‍ ഒരു പാരിസ്ഥിതിക അനുമതിയും ഇല്ലാതെയാണ് . രണ്ട് വര്ഷം തുടര്‍ച്ചയായുണ്ടായ പ്രളയത്തില്‍ കുട്ടനാട്ടില്‍ എത്തിയ ജലം പടിഞ്ഞാട്ടു ഒഴുകാത്തതു മൂലം ഉണ്ടായ ദുരിതം ഇല്ലാതാക്കാന്‍ , നീരൊഴുക്ക് സുഗമമാക്കാന്‍ എന്ന രീതിയില്‍ പൊഴിയിലെ മണല്‍ എടുക്കുന്നതിന്റെ പൊള്ളത്തരം ഇന്ന് തുറന്നു കാട്ടപ്പെട്ടിരിക്കുന്നു. കോവിഡ് മാനദണ്ഡങ്ങള്‍ ഒന്നും പാലിക്കാതെ വലിയ പോലീസ് അസംഘങ്ങളെ വിന്യസിച്ചു കൊണ്ട് ജനപ്രതിഷേധങ്ങളെ അവഗണിച്ചു കൊണ്ടാണ് ജെസിബികള്‍ ഉപയോഗിച്ച് അവിടെ ഖനനം നടത്തുന്നത്. ആയിരത്തോളം കാറ്റാടി മരങ്ങള്‍ മുറിച്ചു മാറ്റിയാണ് ഈ കൊള്ളക്ക് വഴിയൊരുക്കിയത്. ഈ വാദങ്ങളുടെ പൊള്ളത്തരം മനസിലാക്കിക്കുന്നതിനു മറ്റെവിടെയും പോകേണ്ടതില്ല, കുട്ടനാട്ടില്‍ നിന്നും അധിക ജലം കടലിലേക്ക് ഒഴുക്കിക്കളയാന്‍ വേണ്ടി നിര്‍മ്മിച്ചിട്ടുള്ള തോട്ടപ്പിള്ളി സ്പില്‍ വെയിലേക്കു മാത്രം നോക്കിയാല്‍ മതി. ഈ സ്പില്‍വേയുടെ പ്രവര്‍ത്തനം സുഗമമാക്കാന്‍ സര്‍ക്കാര്‍ ഒരു താല്പര്യവും കാണിക്കുന്നില്ല എന്നതില്‍ നിന്ന് തന്നെ ഖനനത്തിന്റെ ലക്ഷ്യം കുട്ടനാടിന്റെ സുരക്ഷാ അല്ല എന്ന് വ്യക്തമാണ്. സ്പില്‍വേയുടെ പരിതാപകരമായ അവസ്ഥ വര്ഷങ്ങളായി തുടരുകയാണ്. അവിടെയുള്ള നാല്‍പതു ഷട്ടറുകളുടെയും കോര്‍ണര്‍ ആംഗിളുകള്‍ തകരാറിലായിട്ടു എത്ര കാലമായി. പന്ത്രണ്ട് ഷട്ടറുകള്‍ വേണ്ടപോലെ ഉയര്‍ത്താനും താഴ്ത്താനും കഴിയാതായിട്ടും വര്ഷങ്ങളായി. അവ തുറക്കാനും അടക്കാനും ക്രെയിനിന്റെ സഹായം വേണം എന്നതാണ് അവസ്ഥ. അടുത്ത കാലത്താണ് സ്പില്‍വേയുടെ ഏഴാം നമ്പര്‍ ഷട്ടര്‍ തകര്‍ന്നു വീഴുന്നത്. ഇത് സൃഷ്ടിച്ച അതീവ ഗുരുതരമായ സാഹചര്യം സര്‍ക്കാര്‍ കണ്ടിട്ടു പോലും ഇല്ല. തുരുമ്പെടുത്ത് തകര്‍ന്ന ഷട്ടറുകള്‍ക്കിടയിലൂടെയും താഴെ കൂടെയും സമുദ്രത്തിലെ ഉപ്പുവെള്ളവും തിരിച്ചു കുട്ടനാടന്‍ പാടങ്ങളിലേക്കു ഒഴുകിക്കൊണ്ടിരിക്കുന്നു. ഏഴാം നമ്പര്‍ ഷട്ടര്‍ തകര്‍ന്നതോടെ ഈ അവസ്ഥ ഗുരുതരമായിരുന്നു. കുട്ടനാട്ടിലെ നെല്‍കൃഷി അധികകാലം സാധ്യമാകില്ല എന്ന സംശയം ബലപ്പെടുന്നു. സ്പില്‍വേയുടെ വാര്‍ഷിക അറ്റകുറ്റപ്പണികള്‍ പോലും ശരിയായി ചെയ്യാന്‍ തയ്യാറാകാതെ കുട്ടനാടിന്റെ പേര് പറഞ്ഞുകൊണ്ട് കരിമണല്‍ കൊള്ള നടത്തുകയാണ്. ഇത് കുട്ടനാട്ടുകാരോടുള്ള വഞ്ചനയാണ്. കുട്ടനാട്ടിലെ പ്രതിസന്ധി മറികടക്കാന്‍ സര്‍ക്കാരിന് കാര്യമായ താല്പര്യമില്ല എന്നു വ്യക്തമാണ്. കുട്ടനാടിന്റെ അവസ്ഥ മെച്ചമാക്കാന്‍ 2019 ല്‍ സംസ്ഥാന ആസൂത്രണ ബോര്‍ഡ് തന്നെ തയ്യാറാക്കിയ പ്രളയാനന്തര നടപടികളെ കുറിച്ചുള്ള റിപ്പോര്‍ട്ട് പോലും ഇത് വരെ തുറന്നു നോക്കിയിട്ടില്ല. കുട്ടനാടിന്റെ രക്ഷക്ക് ആദ്യം വേണ്ടത് തോട്ടപ്പിള്ളി സ്പില്‍വേയിലൂടെ പ്രളയജലം കടലിലേക്ക് ഒഴുകാന്‍ സംവിധാനം ഉണ്ടാക്കലാണ്. അത് ചെയ്തിട്ടില്ല.

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

മറ്റൊരു പ്രധാനപ്രശ്നം നദീജലം തോട്ടപ്പിള്ളിയില്‍ എത്തിക്കുന്ന 11 കി മി നീളമുള്ള വീയപുരം – തോട്ടപ്പിള്ളി ലീഡിങ് ചാനലിന്റെ ദയനീയാവസ്ഥയാണ്. അതിലെ എക്കലും മണ്ണും സുരക്ഷിതമായി നീക്കം ചെയ്താല്‍ മാത്രമേ നീരൊഴുക്ക് സുഗമമാകൂ. അതീവ ജാഗ്രതയോടെ ഏറെ മുന്‍ഗണനയോടെ ചെയ്യേണ്ട ഇക്കാര്യത്തില്‍ സര്‍ക്കാരിന് ഒരു താല്പര്യവും ഇല്ല. അതുപോലെ തന്നെ കുട്ടനാടിനകത്തു ആലപ്പുഴ ചങ്ങനാശ്ശേരി ( എ സി) തോട് അടക്കമുള്ള ജല നിര്‍ഗമന മാര്‍ഗ്ഗങ്ങള്‍ എല്ലാം വൃത്തിയാക്കി നീരൊഴുക്ക് സുഗമമാക്കണം. തണ്ണീര്‍മുക്കം ബണ്ടിന്റെ പ്രശനങ്ങളും പരിഹരിക്കപ്പെടണം. ഇതൊക്കെ സര്‍ക്കാരിന്റെ മുന്നിലുള്ള നിര്‍ദ്ദേശങ്ങളാണ്. അതിലൊന്നും ശ്രദ്ധിക്കാതെ കുട്ടനാടിന്റെ പേര് പറഞ്ഞു കരിമണല്‍ കൊള്ള നടത്തുകയാണ്. അതിനെതിരെയാണ് ജനങ്ങള്‍ സമരം നടത്തുന്നത്. ഇത് നിലനില്‍പ്പിനായുള്ള പോരാട്ടമാണ്. മല്‍സ്യബന്ധനതുറമുഖത്തിന്റെ നിര്‍മ്മാണം ആരംഭിച്ചിട്ട് എത്ര പതിറ്റാണ്ടുകളായി. അശാസ്ത്രീയമാണ് അവയുടെ നിര്‍മാണം എന്ന സത്യം അറിയാത്തവരല്ല ഭരണാധികാരികള്‍. എന്നാല്‍ അതിന്റെ പിന്നിലെ അഴിമതി സാധ്യതകളും ഒപ്പം മണല്‍ കടത്തിന്റെ അനന്ത സാധ്യതകളുമാണ് ഇവര്‍ക്ക് താലപര്യം.

കുട്ടനാടിനെ രക്ഷിക്കാന്‍ വീണ്ടും പഠനങ്ങള്‍ക്കു പോകേണ്ടതില്ല എന്നതാണ് സത്യം. അത് പ്രശ്ങ്ങളെ കൂടുതല്‍ ഗുരുതരമാക്കും. സമുദ്രത്തിലെ അനിശ്ചിതാവസ്ഥ തുടരുകയാണ്. കാലാവസ്ഥാമാറ്റം മൂലം ജലനിരപ്പ് ഉയരുന്നു എന്ന സത്യം ഇന്നെല്ലാവര്‍ക്കും അറിയാം. ഈ മണല്‍ ഖനനം നടത്തിയാല്‍ ദുരന്തം ഉണ്ടാകുമെന്നു തിരിച്ചറിഞ്ഞുകൊണ്ട് 2003 ല്‍ അതിനെതിരെ സമരം നടത്തിയവരൊക്കെ ഇപ്പോഴും ഇന്നാട്ടില്‍ തന്നെയുണ്ട്. ലോകത്താകെയും ഇന്ത്യയിലും കേരളത്തിലും അന്നത്തേതിനേക്കാള്‍ ഗുരുതരമായ അവസ്ഥയാണ് ഉള്ളത് എന്ന് ആര്‍ക്കും മനസ്സിലാകും. എന്നാല്‍ ഇപ്പോള്‍ അതേ ഖനനം നടത്തുമ്പോള്‍ അന്ന് സമരം ചെയ്തവരൊക്കെ മൗനം പാലിക്കുന്നതെന്തുകൊണ്ട് എന്നതാണ് സുപ്രധാനമായ ചോദ്യം. അന്ന് സമരത്തിനില്‍ പങ്കെടുത്ത സാസ്‌കാരിക രാഷ്ട്രീയ നേതാക്കളേ, നിങ്ങള്‍ പ്രതികരിക്കുക.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Ecology | Tags: , , , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply