സ്വയംപര്യാപ്തതയുടേതല്ല, പരാശ്രയത്തിന്റേതാണ് ഈ പാക്കേജ്

കോവിഡ് മൂലം തൊഴിലും ഉപജീവനമാര്ഗങ്ങളും നഷ്ടമായ ബഹുപരിപക്ഷത്തിനും അടിയന്തിര ആശ്വാസത്തിനു ഉതകുന്ന പദ്ധതകള്‍ ഈ പാക്കേജില്‍ വിരളമാണ്. തൊഴിലുറപ്പു പദ്ധതിക്ക് 40000 കോടി അധികമായി അനുവദിച്ചതിനെ വിസ്മരിക്കുന്നില്ല. ചില ധനകാര്യസ്ഥാപനങ്ങള്‍ വിവിധ ലോണ്‍ പാക്കേജുകള്‍ പ്രഖ്യാപിക്കുന്നതുപോലെയായിരുന്നു ധനകാര്യമന്ത്രിയുടെ പ്രഖ്യാപനങ്ങള്‍. സാമ്പത്തിക പാക്കേജ് എന്നതിനേക്കാള്‍ ലോണ്‍ പാക്കേജ് എന്ന പ്രയോഗമായിരിക്കും ഇതിനു കൂടുതല്‍ അഭികാമ്യം. അടച്ചിടല്‍ മൂലം തൊഴില്‍ നഷ്ടപ്പെട്ടു സ്വന്തം സംസ്ഥാനങ്ങളിലേക്കു പലായനം ചെയ്യേണ്ടി വന്ന തൊഴിലാളികള്‍ക്കു പോലും നേരിട്ടുള്ള സാമ്പത്തിക സഹായം ചെയ്യില്ലെന്ന പിടിവാശിയിലാണ് .റേഷന്‍ കാര്‍ഡില്ലാത്ത 8 ലക്ഷം മറുനാടന്‍ തൊഴിലാളികള്‍ക്കു രണ്ടു മാസത്തെ ഭക്ഷണത്തിനു 3500 കോടി വകയിരുത്തിയതാണ് അവര്‍ക്കുള്ള ഏക ആശ്വാസം. ആദിവാസിമേഖലകളില്‍ 6000 കോടി രൂപയ്ക്കു തുല്യമായ തൊഴില്‍ സൃഷ്ടിക്കാനുള്ള പദ്ധതിയും തെരുവു കച്ചവടക്കാര്‍ക്കു 10000 രൂപ വീതം വായ്പനല്‍കാന്‍ 5000 കോടി നീക്കിവച്ചതും ആണ് താഴേക്കിടയിലുള്ളവര്‍ക്കു അല്പമെങ്കിലും പ്രയോജനപ്രദമായവ.

കോവിഡ് അടച്ചിടലിനെ തുടര്‍ന്ന് രാജ്യം അഭിമുഖീകരിക്കുന്ന സാമ്പത്തിക പ്രതിസന്ധിക്കു സമാശ്വാസം നല്‍കുക എന്ന ലക്ഷ്യത്തോടെ 20 ലക്ഷം കോടിയുടെ പാക്കേജ് പ്രഖ്യാപിച്ചത് പ്രധാനമന്ത്രിയാണ്. പിറ്റേദിവസം മുതല്‍ അഞ്ചു ദിവസങ്ങളിയായി ധനമന്ത്രി നിര്‍മല സീതാരാമന്‍ 20,09,753 കോടിയുടെ പാക്കേജിന്റെ വിശദാശങ്ങള്‍ വ്യക്തമാക്കി. ‘അല്‍മനിര്‍ഭര്‍ ഭാരത്’ എന്ന വിശേഷണത്തിലൂടെ അവതരിപ്പിക്കപ്പെട്ട പാക്കേജ് യഥാര്‍ത്ഥത്തില്‍ നമ്മെ സ്വയംപര്യാപ്തമാക്കുന്നതിനു പകരം പരാശ്രിതരാക്കാനാണ് സാധ്യത കൂടുതല്‍. പ്രതിരോധ ആയുധ – ഉപകരണ ഉല്പാദന രംഗത്തുള്‍പ്പെടെ വിദേശ നിക്ഷേപത്തിനുള്ള പരിധി 74 ശതമാനമാക്കി, നാലാം ദിവസത്തെ പ്രഖ്യാപനത്തില്‍ അതു കൂടുതല്‍ വെളിവാകുകയും ചെയ്തു.

ഉദ്യോഗസ്ഥമേധാവിത്വവും പൊതുമേഖലയുടെ ഉല്പാദനക്ഷമതയില്ലായ്മയും മൂലം തകര്‍ച്ചയിലേക്കു നീങ്ങിയ ഇന്ത്യന്‍ സമ്പദ്ഘടന 1990 കളില്‍ മന്‍മോഹന്‍ സിങ്ങിന്റെ നേതൃത്വത്തില്‍ നടത്തിയ ഉദാരവത്കരണ സാമ്പത്തിക നയങ്ങളിലുടെ പുതിയ രൂപഭാവങ്ങള്‍ ആര്‍ജിച്ചു. അന്നതിനെ സ്വദേശിയുടെ പേരില്‍ എതിര്‍ത്തിരുന്ന ബിജെപി, തങ്ങള്‍ക്കധികാരം കിട്ടിയപ്പോഴൊക്കെ ഉദാരവത്കരണത്തിന്റെ നടത്തിപ്പുകാരായിരുന്നു. മന്‍മോഹന്‍ സിങ്ങിന്റെ നിയന്ത്രിത ഉദാരവല്‍ക്കരണം, മോദി അധികാരത്തിലെത്തിയതോടെ അനിയന്ത്രിതമായ ഉദാരവത്കരണമായി പരിണമിച്ചു.’മേക്ക് ഇന്‍ ഇന്ത്യ’ പോലുള്ള മുദ്രാവാക്യങ്ങള്‍ മുന്നോട്ടുവച്ചപ്പോഴും അവരുടെ സാമ്പത്തികനയങ്ങള്‍ വിദേശമൂലധനത്തെ അമിതമായി അശ്രയിക്കുന്നതായിരുന്നു. ഇപ്പോള്‍ സ്വയംപര്യാപ്തത ലക്ഷ്യമായി പ്രഖ്യാപിച്ചിരിക്കുന്ന പാക്കേജിന്റെയും സമീപനം അതുതന്നെയാണ്.

കോവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ മിക്ക രാഷ്ട്രങ്ങളും വലിയ സാമ്പത്തിക പാക്കേജുകള്‍ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് GDP യുടെ 10 ശതമാനം വരുന്ന തുകയ്ക്കുള്ള പാക്കേജ് ഇന്ത്യയും തയ്യാറാക്കിയത്. വലിയ പാക്കേജുകള്‍ പ്രഖ്യാപിച്ചു ജനപ്രീതി നേടാന്‍ ശ്രമിക്കുമ്പോഴും അതിനുള്ള സാമ്പത്തികം കണ്ടെത്തുക ദുഷ്‌കരമാണ്. ധനമന്ത്രിമാര്‍ അതിനു ചില കൗശലങ്ങള്‍ പ്രയോഗിക്കും. ബാങ്കുകളില്‍നിന്നോ മറ്റു ധനകാര്യ സ്ഥാപനങ്ങളില്‍ വായ്പ ലഭിക്കുന്നതിനും വന്‍പിച്ച തോതില്‍ കടമെടുക്കുന്നതിനുമുള്ള അവസരങ്ങളൊരുക്കി, അതെല്ലാം പാക്കേജിന്റെ ഭാഗമാക്കും. നിര്‍മല സീതാരാമന്‍ പ്രഖ്യാപിച്ച പാക്കേജിന്റെ സിംഹഭാഗവും ഇത്തരം ലോണ്‍ സാധ്യതകളും, കഴിഞ്ഞ ബജറ്റില്‍ പ്രഖ്യാപിച്ച തുകകളും, സര്‍ക്കാര്‍ സാധാരണ നല്‍കേണ്ട തുകകളുമാണ്. കൈ നനയാതെ മീന്‍പിടിക്കുന്ന ഈ കൗശലം കേരള ധനമന്ത്രി പ്രഖ്യാപിച്ച 20000 കോടിയുടെ പാക്കേജിലും ഉണ്ടായിരുന്നല്ലോ.

ആദ്യദിവസം പ്രഖ്യാപിച്ച 6 ലക്ഷം കോടിയില്‍ സര്‍ക്കാരിനു പണച്ചിലവുള്ള കാര്യങ്ങള്‍ വിരളമാണ്. 15000 രൂപയില്‍ താഴെ ശമ്പളമുള്ളവരുടെ PF വിഹിതം അടയ്ക്കുന്നതാണ് അതിലൊന്ന്.അതിനായി നീക്കിവച്ചതാകട്ടെ 2500 കോടി രൂപയും. വൈദ്യുതി വിതരണ കമ്പനികള്‍ക്കു നല്‍കുന്ന 90000 കോടിയുടെ സാമ്പത്തിക സഹായത്തിനു ഗ്യാരണ്ടി നില്‍ക്കേണ്ടത് സംസ്ഥാന സര്‍ക്കാരുകളാണ്. PF വിഹിതം 10 ശതമാനമായി കുറയ്ക്കുന്നതോ TDS നിലവിലുള്ള നിരക്കില്‍ 25 ശതമാനം കുറയ്ക്കുന്നതോ സര്‍ക്കാരിനു ബാധ്യത ഉണ്ടാക്കുന്നില്ല. TDS ലുള്ള കുറവ് INCOME TAX ആയി പിന്നീട് സര്‍ക്കാരിന് തന്നെ കിട്ടും. PF 10 ശതമാനമായി കുറയുമ്പോള്‍ സര്‍ക്കാരിന്റെ പലിശ ബാധ്യത കുറയുകയും, ദീര്‍ഘകാലാടിസ്ഥാനത്തില്‍ അതു തൊഴിലാളികള്‍ക്ക് ദോഷകരമാകുകയും ചെയ്യും. എങ്കിലും ഈ പ്രതിസന്ധിഘട്ടത്തില്‍ ആ തുകകൂടി കൈയില്‍ കിട്ടുന്നത് തൊഴിലാളികള്‍ക്കു ആശ്വാസമാണ്.

നിര്‍മാണപദ്ധതികളുടെ കാലാവധി നീട്ടുന്നതു ഭവനനിര്‍മ്മാണ കമ്പനികള്‍ക്കു ഗുണകരമാണെങ്കിലും വീടു വാങ്ങുന്നവര്‍ക്ക് അതു ദോഷകരമാവും. അവരുടെ പലിശബാധ്യത വര്‍ധിക്കും. ഭവനവായ്പക്കു മൊറട്ടോറിയം ഉണ്ടെങ്കിലും അക്കാലയളവിലെ പലിശയ്ക്കു ഇളവ് നല്‍കിയിട്ടില്ല. MSME കള്‍ക്ക് നല്‍കുന്ന 3 ലക്ഷം കോടിയുടെ വായ്പയും സര്‍ക്കാരിനു സാമ്പത്തികഭാരം ഉണ്ടാക്കുന്നില്ല. ബാങ്കുകളാണ് അവ നല്‍കുക. ഈടില്ലാത്ത വായ്പ ആയതിനാല്‍, ഇത് അവയ്ക്കു ഗുണകരമാണെങ്കിലും പലിശയില്‍ ഇളവൊന്നുമില്ല. തിരിച്ചടവിനു ഒരുവര്‍ഷത്തെ സാവകാശം ഉണ്ടെങ്കിലും ആ വര്‍ഷത്തെ പലിശകൂടി പിന്നീടുള്ള വര്‍ഷങ്ങളില്‍ അടയ്ക്കണം. MSME ഉല്പന്നങ്ങളുടെ വിപണന സാധ്യത വര്‍ധിപ്പിക്കാനുള്ള പദ്ധതികളൊന്നുമില്ലാത്തതുകൊണ്ടു തന്നെ, ഈടില്ലാവായ്പ ബാങ്കുകളുടെ കിട്ടാക്കടമായി പരിണമിക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ല.

200 കോടിയില്‍ താഴെയുള്ള പദ്ധതികള്‍ക്ക് ആഗോള ടെണ്ടര്‍ ഒഴിവാക്കിയത് MSME കള്‍ക്ക് ഗുണകരമാണെങ്കിലും ഇന്ത്യക്കകത്തുള്ള കോര്‍പറേറ്റുകളെ ഒഴിവാക്കാത്തതുകൊണ്ടു തന്നെ ഉദ്ദേശിച്ച ഫലം ചെയ്യണമെന്നില്ല. രണ്ടാം ദിവസത്തെ 3.16 ലക്ഷം കോടിയില്‍ രണ്ടുലക്ഷം കോടിയും കിസാന്‍ ക്രെഡിറ് കാര്‍ഡ് വഴിയുള്ള വായ്പയാണ്.നിലവിലുണ്ടായിരുന്ന ഒരു പദ്ധതി തുടരുന്നുവെന്നുമാത്രം. കര്‍ഷകരെ കൂടാതെ മല്‍സ്യബന്ധന, മൃഗസംരക്ഷണ മേഖലയിലുള്ളവര്‍ക്ക് കുടി വ്യാപിപ്പിച്ചത് അവര്‍ക്കു ഗുണകരമാവും. ലോക് ഡൗണ്‍ മൂലം വിളകള്‍ വില്‍ക്കാനാവാതെ, വിളവെടുക്കാനാവാതെ പ്രതിസന്ധിയിലായ കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം നല്‍കാനുള്ള ശ്രമങ്ങളൊന്നും കാണുന്നില്ല. തെരഞ്ഞെടുപ്പു മുന്നില്‍കണ്ട് കര്‍ഷകരുടെ അക്കൗണ്ടില്‍ പണം നല്‍കിയവര്‍ക്ക് ഈ പ്രതിസന്ധിഘട്ടത്തില്‍ അത്തരമൊരു ചിന്തപോലുമില്ല. അടച്ചിടല്‍ മൂലം തൊഴില്‍ നഷ്ടപ്പെട്ടു സ്വന്തം സംസ്ഥാനങ്ങളിലേക്കു പലായനം ചെയ്യേണ്ടി വന്ന തൊഴിലാളികള്‍ക്കു പോലും നേരിട്ടുള്ള സാമ്പത്തിക സഹായം ചെയ്യില്ലെന്ന പിടിവാശിയിലാണ് .റേഷന്‍കാര്‍ഡില്ലാത്ത 8 ലക്ഷം മറുനാടന്‍ തൊഴിലാളികള്‍ക്കു രണ്ടു മാസത്തെ ഭക്ഷണത്തിനു 3500 കോടി വകയിരുത്തിയതാണ് അവര്‍ക്കുള്ള ഏക ആശ്വാസം. ആദിവാസിമേഖലകളില്‍ 6000 കോടി രൂപയ്ക്കു തുല്യമായ തൊഴില്‍ സൃഷ്ടിക്കാനുള്ള പദ്ധതിയും തെരുവു കച്ചവടക്കാര്‍ക്കു 10000 രൂപ വീതം വായ്പനല്‍കാന്‍ 5000 കോടി നീക്കിവച്ചതും ആണ് താഴേക്കിടയിലുള്ളവര്‍ക്കു അല്പമെങ്കിലും പ്രയോജനപ്രദമായവ. ഭവനവായ്പ സബ്‌സിഡി 2021 മാര്‍ച്ച് വരെ ദീര്‍ഘിപ്പിച്ചത് മധ്യവര്‍ഗക്കാര്‍ക്കും നിര്‍മാണ മേഖലയ്ക്കും ഗുണകരമാണ്.

മൂന്നാം ദിവസത്തെ പാക്കേജിലെ 1 .63 ലക്ഷം കോടി കാര്‍ഷിക, മത്സ്യ, മൃഗസംരക്ഷണ മേഖലകളിലെ അടിസ്ഥാന സൗകര്യവികസനത്തിനാണ് വിനിയോഗിക്കുക.അതിന്റെ വിശദാംശങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും കാര്ഷികോല്പന്നങ്ങള്‍ക്കു വിലയും വിപണിയും ഉറപ്പാക്കുമെന്ന പ്രഖ്യാപനം യാഥാര്‍ഥ്യമായാല്‍ കാര്‍ഷിക മേഖലയ്ക്കു ഗുണപരമായി ഭവിക്കും. കാര്‍ഷികോത്പന്നങ്ങളുടെ സംഭരണം കോള്‍ഡ് ചെയിന്‍, വിലനിശ്ചയിക്കല്‍ കേന്ദ്രങ്ങള്‍ എന്നിവക്കായാണ് ഇതില്‍ ഒരു ലക്ഷം കോടിയും ഉപയോഗിക്കുക. നബാര്‍ഡ് വഴി നല്‍കുന്ന ഈ തുക കാര്ഷികോല്പാദക സഘടനകള്‍ക്കും കാര്‍ഷിക സഹകരണ സംഘങ്ങള്‍ക്കുമാണു നല്‍കുക. പക്ഷേ വിപണിയും വിലയുമെല്ലാം നിയന്ത്രിക്കാന്‍ അവയ്ക്കാവുമോ. മാത്രമല്ല, ഭക്ഷ്യസുരക്ഷയെ മുന്‍നിര്‍ത്തി ഉണ്ടാക്കിയ ആവശ്യസാധനനിയമം കയറ്റുമതിയെ ലക്ഷ്യമാക്കി പരിഷ്‌കരിക്കാനുള്ള നീക്കം കാര്‍ഷികമേഖലയെ വിപണിശക്തികളുടെ നിയന്ത്രണത്തിലാക്കും.

ഏതാനും വര്‍ഷങ്ങളായി സര്‍ക്കാരിന്റെ പരിഗണനയിലുള്ള പദ്ധതികളാണ് നാലാം ദിവസം പ്രഖ്യാപിച്ചത്. ഏതാണ്ട് 82000 കൊടിയുടേതാണ് പദ്ധതിയെങ്കിലും കോര്‍പ്പറേറ്റുകള്‍ക്കും വിദേശമൂലധനത്തിനും സുപ്രധാനമായ പല മേഖലകളും തുറന്നു കൊടുക്കാനുള്ള നയപ്രഖ്യാപനമാണുണ്ടായത്. കല്‍ക്കരി ഖനനമേഖലയില്‍ സര്‍ക്കാരിനുള്ള കുത്തക അവസാനിപ്പിച്ചെന്നു മാത്രമല്ല, ടണ്ണിനു നിശ്ചിത നിരക്ക് എന്നതിനുപകരം വരുമാനം പങ്കുവയ്ക്കുന്ന വിധമാണ് സ്വകാര്യമേഖലയെ പങ്കാളിയാക്കുന്നത്. അതും കോര്പറേറ്റുകള്‍ക്കായിരിക്കുംഗുണകരമായി ഭവിക്കുക. അനിയന്ത്രിതമായ ഖനനം ഉണ്ടാക്കാന്‍പോകുന്ന പാരിസ്ഥിതിക പ്രത്യാഘാതങ്ങള്‍ വേറെയും. പ്രതിരോധം, വ്യോമയാനം, ബഹിരാകാശം തുടങ്ങിയവയെല്ലാം സ്വകാര്യമേഖലക്കു തുറന്നുകൊടുത്താലും അങ്ങേയറ്റം മന്ദിഭവിച്ചിരിക്കുന്ന സമ്പദ്ഘടനയെ ഉത്തേജിപ്പിക്കാന്‍ കഴിയുമോ.

അവസാനദിവസം സംസ്ഥാനങ്ങള്‍ക്കു 4.28 കോടി കടമെടുക്കാനുള്ള അനുവാദം നല്‍കി. GDP യുടെ 5 ശതമാനം വരെ കടമെടുക്കാന്‍ അനുവദിച്ചത്, സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടംതിരിയുന്ന കേരളത്തെപ്പോലുള്ള സംസ്ഥാനങ്ങള്‍ക്ക് ആശ്വാസകരമാണ്. പക്ഷേ, പലിശയും തിരിച്ചടവും ഉള്‍പ്പെടെ ഭാവിയില്‍ അത് വലിയ പ്രതിസന്ധിയായി പരിണമിക്കും. കഴിഞ്ഞ കേന്ദ്രബജറ്റിന്റെ പലിശയടവ് 20 ശതമാനം ആയിരുന്നു. പല സംസ്ഥാനങ്ങളുടെ സ്ഥിതിയും വ്യത്യസ്തമല്ല. സ്വയംപര്യാപ്തതയ്ക്കുപകരം കടക്കെണിയുടെ പരാശ്രയത്വത്തിലേക്കാവും രാജ്യത്തെ ഇതുകൊണ്ടെത്തിക്കുക.

കോവിഡ് മൂലം തൊഴിലും ഉപജീവനമാര്ഗങ്ങളും നഷ്ടമായ ബഹുപരിപക്ഷത്തിനും അടിയന്തിര ആശ്വാസത്തിനു ഉതകുന്ന പദ്ധതകള്‍ ഈ പാക്കേജില്‍ വിരളമാണ്. തൊഴിലുറപ്പു പദ്ധതിക്ക് 40000 കോടി അധികമായി അനുവദിച്ചതിനെ വിസ്മരിക്കുന്നില്ല. ചില ധനകാര്യസ്ഥാപനങ്ങള്‍ വിവിധ ലോണ്‍ പാക്കേജുകള്‍ പ്രഖ്യാപിക്കുന്നതുപോലെയായിരുന്നു ധനകാര്യമന്ത്രിയുടെ പ്രഖ്യാപനങ്ങള്‍. സാമ്പത്തിക പാക്കേജ് എന്നതിനേക്കാള്‍ ലോണ്‍ പാക്കേജ് എന്ന പ്രയോഗമായിരിക്കും ഇതിനു കൂടുതല്‍ അഭിഗാമ്യം. സര്‍ക്കാരുകളെ മാത്രമല്ല, ഇന്നാട്ടിലെ ജനങ്ങളെയും വലിയ കടക്കെണിയിലേക്കു നയിക്കുന്ന ഈ പാക്കേജ് സ്വയംപര്യാപ്തതക്കുപകരം പരാശ്രയത്തിനാവും വഴിയൊരുക്കുക. അതോടൊപ്പം ഫെഡറല്‍ സംവിധാനത്തില്‍ സംസ്ഥാനങ്ങള്‍ക്കുണ്ടായിരുന്ന പല അധികാരങ്ങളും കവര്‍ന്നെടുക്കാനുള്ള സൂത്രവിദ്യകളും ഈ പാക്കേജില്‍ ഒളിഞ്ഞിരുപ്പുണ്ട്.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Be the first to write a comment.

Leave a Reply