കാക്കഞ്ചേരിയിലേത് ജനകീയപോരാട്ടത്തിന്റെ വിജയം

ജനങ്ങള്‍ പദ്ധതിക്കെതിരെ രംഗത്തിറങ്ങുകയായിരുന്നു. 2014 ഫെബ്രുവരി 5ാം തിയതി പദ്ധതിക്കെതിരെ മുഖ്യമന്ത്രിയടക്കമുള്ളവര്‍ക്ക് പരാതി നല്‍കി. കിന്‍ഫ്രയിലെ മറ്റ് സ്ഥാപനങ്ങളാകട്ടെ ഹൈക്കോടതിയെ സമീപിച്ചു. കിന്‍ഫ്രയില്‍ പ്രവര്‍ത്തിക്കുന്ന ഭക്ഷ്യസംസ്‌കരണ ഫാക്ടറികളെ പ്രതികൂലമായി ബാധിക്കുമെന്നായിരുന്നു അവരുടെ ഭയം. തുടര്‍ന്നങ്ങോട്ട് നിയമയുദ്ധവും ജനകീയ സമരവും ആരംഭിച്ചു.

അന്തിമവിജയം ജനകീയസമരങ്ങള്‍ക്കുതന്നെ എന്നതിന്റെ പ്രഖ്യാപനമാണ് കാക്കഞ്ചേരി കിന്‍ഫ്ര ഫുഡ് പാര്‍ക്കില്‍ മലബാര്‍ ഗോള്‍ഡ് ആരംഭിക്കാനിരുന്ന ആഭരണ നിര്‍മാണശാലക്കെതിരായി വര്‍ഷങ്ങളോളം വീണ്ടുനിന്ന പോരാട്ടത്തിന്റെ വിജയം. മുഖ്യധാരാ പ്രസ്ഥാനങ്ങളുടെ ഒരു പങ്കാളിത്തവും സമരത്തിനുണ്ടായിരുന്നില്ല. മാധ്യമങ്ങള്‍ ഈ പോരാട്ടത്തെ പൂര്‍ണ്ണമായും തമസ്‌കരിച്ചു എന്ന് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ. എന്നിട്ടും സമരം വിജയം നേടിയെന്നത് സമര കേരളം നിരാശപ്പെടേണ്ടതില്ല എന്നതിന്റെ സൂചന തന്നെയാണ്.
1973-74 ല്‍ കാലഘട്ടത്തില്‍ എഞ്ചിനിയറിങ് കോളേജിനെന്നു പറഞ്ഞ് കാലിക്കറ്റ് യൂണിവേഴ്സിറ്റി കാക്കഞ്ചേരിയിലെ 70 ഏക്കര്‍ ഭൂമി ഏറ്റെടുക്കുകയായിരുന്നു. എന്നാല്‍ ഒന്നും സംഭവിച്ചില്ല. 95 ല്‍ ഒരു നോട്ടിഫിക്കേഷന്‍ പ്രകാരം യൂണിവേഴ്സിറ്റി കിന്‍ഫ്രയ്ക്ക് ആ സ്ഥലം വില്‍ക്കുകയായിരുന്നു. ശരിക്കു പറഞ്ഞാല്‍ റിയല്‍ എസ്റ്റേറ്റ് പരിപാടിയാണ് സര്‍വ്വകലാശാല നടത്തിയത്. സെന്റിന് 25 രൂപയ്ക്കു വാങ്ങിയ സ്ഥലമാണ് വന്‍വിലക്ക് വിറ്റത്. വരുന്നത് ഫുഡ്പാര്‍ക്കാണെന്നും ബ്രഡും ബിസ്‌ക്കറ്റും ഐസ്‌ക്രീമും മറ്റുമാണ് ഉണ്ടാക്കുകയെന്നും കിന്‍ഫ്ര നാട്ടുകാര്‍ക്ക് ഉറപ്പുനല്‍കിയിരുന്നു. എന്നാല്‍ കിന്‍ഫ്രയും ആദ്യം നടത്തിയത് സ്ഥലം മുറിച്ചുവില്‍ക്കുകയായിരുന്നു. പിന്നീട് അവിടെ പാമോയിലിന്‍ റിഫൈനിങ് കമ്പനി ആരംഭിച്ചു. ഫിലിപ്പൈന്‍സില്‍നിന്നും മറ്റും ക്രൂഡ് ഓയല്‍ കൊണ്ടുവന്ന് ശുദ്ധീകരിച്ച് വേസ്റ്റ് കാക്കഞ്ചേരിയില്‍ തന്നെ ഉപേക്ഷിക്കാന്‍ തുടങ്ങി. തുടര്‍ന്ന് 30 ഓളം ഭക്ഷ്യസംസ്‌കരണ ഫാക്ടറികള്‍ വന്നു. 2013 ല്‍ മലബാര്‍ ഗോള്‍ഡിനും സ്ഥലം നല്‍കി. ഒക്ടോബര്‍ 13ന് ഔപചാരികമായ ഉദ്ഘാടനവും നടന്നു. അതിനുശേഷമാണ് ഒരു സ്വര്‍ണാഭരണ നിര്‍മാണ ശാലയാണ് വരുന്നതെന്നും രാസമലിനീകരത്തിന് സാധ്യതയുണ്ടെന്നും ജനങ്ങള്‍ മനസ്സിലാക്കിയത്. മലബാര്‍ ഗോള്‍ഡിന്റെ അന്താരാഷ്ട്ര തലത്തിലുള്ള വലിയ ഒരു സ്വര്‍ണാഭരണ നിര്‍മാണ ശാലയാണ് കാക്കഞ്ചേരിയില്‍ വരാന്‍ പോകുന്നതെന്ന് ആര്‍.ടി.ഐ പ്രകാരമുള്ള രേഖകളില്‍ നിന്നു വ്യക്തമായി. ദിവസേന 120 കിലോ സ്വര്‍ണാഭരണ നിര്‍മാണമാണ് കമ്പനി ലക്ഷ്യമിടുന്നതെന്നും വ്യക്തമായി. ഒരു ദിവസം 48 ലിറ്റര്‍ ഹൈഡ്രോക്ലോറിക് നൈട്രിക് സള്‍ഫ്യൂരിക് ആസിഡ് മാലിന്യങ്ങള്‍, 15 ഗ്രാം പൊട്ടാസ്യം സൈനേഡ് മാലിന്യങ്ങള്‍,നിക്കല്‍, കാഡ്മിയം തുടങ്ങിയ ലോഹമാലിന്യങ്ങള്‍, മൂന്ന് ലക്ഷം ലിറ്റര്‍ വെള്ളം എന്നിവയൊക്കെ കമ്പനി പുറത്തുവിടും. നിരവധി പേര്‍ക്ക് തൊഴില്‍ ലഭിക്കുമെന്നാണ് കമ്പനി അവകാശപ്പെട്ടത്. കടല്‍ നിരപ്പില്‍ നിന്നും 155 അടി ഉയരത്തിലുള്ള ഒരു പ്രദേശമാണ് കാക്കഞ്ചേരി. അതിനാല്‍ ഇവിടെയുണ്ടാകുന്ന ഏതൊരു മലിനീകരണവും സമീപപ്രദേശങ്ങളെയെല്ലാം ബാധിക്കും. റെഡ് കാറ്റഗറി ലാര്‍ജ് സ്‌കെയില്‍ വിഭാഗത്തില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ ജനവാസമേഖലയില്‍ നിന്ന് നൂറ് മീറ്റര്‍ അകലത്തിലായിരിക്കണമെന്നാണ് 2004 ല്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡ് പുറത്തിറക്കിയ സര്‍ക്കുലറില്‍ പറയുന്നത്. അതും ഇവിടെ ലംഘിക്കപ്പെട്ടു.
തുടര്‍ന്ന് ജനങ്ങള്‍ പദ്ധതിക്കെതിരെ രംഗത്തിറങ്ങുകയായിരുന്നു. 2014 ഫെബ്രുവരി 5ാം തിയതി പദ്ധതിക്കെതിരെ മുഖ്യമന്ത്രിയടക്കമുള്ളവര്‍ക്ക് പരാതി നല്‍കി. കിന്‍ഫ്രയിലെ മറ്റ് സ്ഥാപനങ്ങളാകട്ടെ ഹൈക്കോടതിയെ സമീപിച്ചു. കിന്‍ഫ്രയില്‍ പ്രവര്‍ത്തിക്കുന്ന ഭക്ഷ്യസംസ്‌കരണ ഫാക്ടറികളെ പ്രതികൂലമായി ബാധിക്കുമെന്നായിരുന്നു അവരുടെ ഭയം. തുടര്‍ന്നങ്ങോട്ട് നിയമയുദ്ധവും ജനകീയ സമരവും ആരംഭിച്ചു. ഇടക്ക് നിര്‍മ്മാണശാലയിലേക്ക് മെഷിനറി കയറ്റി വന്ന വാഹനം നാട്ടുകാര്‍ തടഞ്ഞു. ആക്രമണം മടത്തിയെന്ന കമ്പനിയുടെ പരാതിയില്‍ പോലീസ് സമരക്കാര്‍ക്കെതിരെ കേസെടുക്കുകയും ആഭരണനിര്‍മാണ ശാലയ്ക്ക് സംരക്ഷണം നല്‍കാന്‍ കോടതി ഉത്തരവിടുകയും ചെയ്തു. തുടര്‍ന്നാണ് 2014 ഡിസംബര്‍ 20 ന് പന്തല്‍ കെട്ടി അനശ്ചിതകാല പ്രത്യക്ഷ സമരം ആരംഭിച്ചത്. ആഭരണ നിര്‍മ്മാണ ശാല സൃഷ്ടിക്കുന്ന മലിനീകരണത്തിന് നിരവധി ഉദാഹരണങ്ങള്‍ നാട്ടുകാര്‍ ചൂണ്ടികാട്ടിയിരുന്നു. സ്വര്‍ണ്ണാഭരണ നിര്‍മ്മാണ കേന്ദ്രമായ തൃശൂരില്‍ പലയിടത്തും ഇത്തരം സംഭവങ്ങളും സമരങ്ങളും നടക്കുന്നുണ്ട്. തൃശൂരില്‍ അഞ്ചേരിയില്‍ ദിവസം മൂന്ന് കിലോഗ്രാം മാത്രം സ്വര്‍ണാഭരണം ഉണ്ടാക്കുന്ന നിര്‍മാണശാലയുടെ രണ്ട് കിലോമീറ്റര്‍ ചുറ്റളവില്‍ നിരവധി കിണറുകളിലെ വെള്ളം മലിനപ്പെട്ടതായി സമിതി പറയുന്നു. തുടര്‍ന്ന് സ്ഥാപനത്തിന്റെ ചിലവില്‍ കിണര്‍ വെള്ളം മുഴുവന്‍ ശുദ്ധീകരിച്ച് നല്‍കണമെന്ന് ഹരിത ട്രൈബ്യൂണലിന്റേയും ഹൈക്കോടതിയുടേയും വിധിയുണ്ടായി. ഒല്ലൂരിലും സമാനമായ സംഭവങ്ങള്‍ ആവര്‍ത്തിച്ചു. കോഴിക്കോട് തിരുവണ്ണൂരിലും മൂന്ന് കിലോ ആഭരണം നിര്‍മിക്കാന്‍ ശേഷിയുള്ള പ്ലാന്റിന്റെ പ്രവര്‍ത്തനഫലമായി പ്രദേശത്തെ കിണറുകളും ജലസ്രോതസ്സുകളുമെല്ലാം മലിനമായിരുന്നു. ജനകീയ സമരത്തെ തുടര്‍ന്ന് അതടച്ചുപൂട്ടിയിരുന്നു. അതെല്ലാം അറിഞ്ഞ് ഈ സംഭത്തിന് കൂട്ടുനില്‍ക്കാനാവില്ല എന്നായിരുന്നു നാട്ടുകാരുടെ ഉറച്ച തീരുമാനം. അതാണ് ഇപ്പോള്‍ വിജയം കണ്ടിരിക്കുന്നത്, കേരളത്തില്‍ നടക്കുന്ന വിവിധ ജനകീയ സമരങ്ങള്‍ക്കുള്ള ഊര്‍ജ്ജമായി.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Feedback

One thought on “കാക്കഞ്ചേരിയിലേത് ജനകീയപോരാട്ടത്തിന്റെ വിജയം

  1. അഭിവാദ്യങ്ങൾ ! അഭിനന്ദനങ്ങൾ ! !

Leave a Reply