കാവിയുടെ അധോലോകങ്ങള്‍

‘ആത്മന്‍ കളവുപോയത് തിരയുകയാണെന്ന നാട്യത്തില്‍ ഏത് രാജ്യത്തും എക്കാലത്തും പരാന്നഭുക്കുകളുടെ ഒരു വന്‍പട തന്നെയുണ്ട്. താടി വളര്‍ന്നു. ഉടുമുണ്ടിന്റെ നിറം രണ്ടുംകെട്ട കൂട്ടത്തിലായപ്പോള്‍ ഒരു രസികന് തോന്നി. എന്നാല്‍ എന്തുകൊണ്ട് ഇവന് ശകലം ആത്മീയത കൊടുത്തുകൂടാ എന്ന്…കാവിക്കാരുടെ ഒരു സംഘം കുന്നുപോലെ പെരുകി.’ – വി. കെ. എന്‍. തന്റെ കാവി എന്ന നോവലില്‍ ഇന്ത്യന്‍ ആത്മീയതയുടെ ഉല്‍പ്പത്തി വിശദീകരിച്ചതങ്ങിനെയാണ്. ചരിത്രത്തെ പുറന്തള്ളി വി. കെ. എന്‍. സൃഷ്ടിക്കുന്ന ഈ പാരഡി യാഥാര്‍ത്ഥ്യത്തേക്കാള്‍ കവിഞ്ഞ യാഥാര്‍ത്ഥ്യമാകുന്നതെങ്ങിനെയെന്ന് നാം മനസ്സിലാക്കുന്നത് ധീരേന്ദ്ര ഝായുടെ പുസ്തകത്തിന്റെ പശ്ചാത്തലത്തിലാണ്.

ഇന്ത്യ ആത്മീയതയുടെ നാടാണെന്ന വിശ്വാസത്തിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. ഇന്റോളജിസ്റ്റുകളാണ് യൂറോപ്പിനെ ഭൗതികതയുടെ ലോകമായും ഇന്ത്യയെ ആത്മീയ വിസ്മയങ്ങളുടെ നാടായും ചിത്രീകരിച്ചത്. പില്‍ക്കാലത്ത് ഇന്ത്യയിലെ സാംസ്‌ക്കാരിക ദേശീയവാദികള്‍ ഇത് ഏറ്റെടുത്തു. യൂറോപ്പിന്റെ സംസ്‌ക്കാരം ഇന്ത്യയെ നശിപ്പിക്കുകയാണെന്നും പ്രതിരോധത്തിനായി നാം നമ്മുടെതന്നെ പാരമ്പര്യ ധാരകളിലേക്ക് തിരിച്ചുപോകണമെന്നും അവര്‍ വാദിച്ചു. ഈ ആശയം ഉയര്‍ത്തിപ്പിടിച്ചവര്‍ എല്ലാവരും ഒരേവിധമല്ല ചിന്തിച്ചത്. നമ്മുടെ സംസ്‌ക്കാരത്തെ അതിന്റെ ജീര്‍ണ്ണതകളില്‍നിന്ന് വിമോചിപ്പിച്ചതിനുശേഷമേ സ്വീകരിക്കാവൂ എന്നും സംസ്‌ക്കാരത്തിലെ ജനകീയ ധാരകളെയാണ് നാം പിന്‍പറ്റേണ്ടതെന്നും വാദിച്ചവരുണ്ട്. എന്നാല്‍ സംസ്‌കൃതത്തിന്റേയും വര്‍ണ്ണാശ്രമ വ്യവസ്ഥയുടേയും സംസ്‌ക്കാരത്തെയാണ് നാം പിന്തുടരേണ്ടതെന്ന് വാദിച്ച പുനരുത്ഥാനവാദികളും ഇക്കൂട്ടത്തിലുണ്ടായിരുന്നു. ഗാന്ധിയെപ്പോലെയുള്ളവര്‍ സംസ്‌ക്കാരത്തിലൂന്നിയുള്ള രാഷ്ട്രീയ ദര്‍ശനമാണ് അവതരിപ്പിച്ചതെങ്കിലും സംസ്‌ക്കാരത്തിന്റെ ആന്തര വിമര്‍ശകനായാണ് അദ്ദേഹം പ്രത്യക്ഷപ്പെടുന്നത്. മധ്യകാല ഭക്തിപ്രസ്ഥാനത്തിന്റേയും നാടോടിജീവിതത്തിന്റേയും ധാരകളില്‍നിന്നാണ് ഗാന്ധി അദ്ദേഹത്തിന്റെ ആകരങ്ങള്‍ കണ്ടെത്തിയത്. എന്നാല്‍ തിലകനും ആര്യസമാജക്കാരും തുടക്കമിട്ട ഹിന്ദുത്വപുനരുത്ഥാനവാദം പില്‍ക്കാലത്ത് സംഘപരിവാരത്തിന്റെ രാഷ്ട്രീയമായി വളര്‍ന്നു. ഗാന്ധിയുടെ ആന്തര വിമര്‍ശനധാരയെ തകര്‍ത്തെറിഞ്ഞ് അവര്‍ സാംസ്‌ക്കാരിക ദേശീയവാദത്തെ പൂര്‍ണ്ണമായും തങ്ങളുടെ വരുതിയിലാക്കി. സംസ്‌ക്കാരം എന്നാല്‍ ഹിന്ദുമതമാണെന്ന് വന്നു. മതനിരപേക്ഷമായ സാംസ്‌ക്കാരിക രാഷ്ട്രീയം തന്നെ ഇതോടെ ഇന്ത്യയില്‍ അസാധ്യമായി. സാംസ്‌ക്കാരിക ദേശീയവാദം ഫാസിസത്തിന്റെ ഭീമാകാരം പ്രാപിക്കുന്നതാണ് നാമിന്ന് കാണുന്നത്. ഗാന്ധിയന്‍ ആന്തരവിമര്‍ശനം സംവാദാത്മക യുക്തി പിന്തുടര്‍ന്നപ്പോള്‍ ഹിന്ദുത്വവാദികള്‍ സാംസ്‌ക്കാരിക ജീവിതത്തെ ഉപകരണാത്മക യുക്തിക്ക് കീഴ്‌പ്പെടുത്തി. പാവനം, ആദ്ധ്യാത്മികം, പുണ്യം എന്നിങ്ങനെ ‘ശാശ്വതമൂല്യ’ങ്ങളായി പരിഗണിക്കപ്പെട്ടവയെല്ലാം ഇവരുടെ അധികാര ദണ്ഡങ്ങളായി മാറി. വേഷംകെട്ടുകളും അക്രാമകഭാഷണങ്ങളും ഉള്ളുപൊള്ളയായ ശബ്ദഘോഷവും കൊണ്ട് മലിനമായ ഇന്ത്യന്‍ ആത്മീയത ഏറ്റവും അപകടകരമായ ഹിംസാരൂപമായി മാറിയിരിക്കുന്നു. രണ്ടാം ലോകയുദ്ധത്തിന് ശേഷം തകര്‍ന്നടിഞ്ഞ യൂറോപ്പിന്റെ പശ്ചാത്തലത്തില്‍നിന്ന് റൊമെയ്ന്‍ റോളന്റ് പറഞ്ഞു: യൂറോപ്പിന് ഇനി ശാന്തിയുടെ സന്ദേശത്തിനായി ഇന്ത്യയിലേക്ക് തിരിയേണ്ടി വരും എന്ന്. ടാഗോര്‍ ലോകശ്രദ്ധ നേടുന്നത് ഇക്കാലത്താണ്.

ഇന്ത്യക്കാരുടെ അന്ധവിശ്വാസ ജഡിലമായ ജീവലോകത്തെ ഭൗതികമായും ആത്മീയമായും വിമലീകരിക്കാനെത്തിയ യൂറോപ്യന്‍ പാതിരി ഒടുവില്‍ ഇന്ത്യന്‍ ആത്മീയതയുടെ ഹൃദയം കണ്ടെത്തി മാനസാന്തരപ്പെടുന്നതാണ് എന്‍. വി. യുടെ ‘മിഷണറി’ എന്ന കവിത.
ശാന്തമായനന്തമാം വാനവും, താഴേ നിത്യ
സഞ്ചാരംചെയ്യും താരാചക്രവും സമീക്ഷിക്കേ
സമരത്തിനും സംഘര്‍ഷത്തിനും പുറകിലായ്
സതതപ്രവാഹിയാം ജീവിതം കണ്ടാനവന്‍
ആശയും നൈരാശ്യവും കോപവും സന്താപവും
ക്ലേശവുമഹന്തയും കാണ്‍മതൊക്കെയും മിഥ്യ!
നിര്‍വ്വികാരമായനാദ്യന്തമധ്യമായ് ജ്ഞാന കൈവല്യസ്വരൂപമാം ജീവിതം മാത്രം സത്യം.

ഇന്ത്യന്‍ ആത്മീയതയുടെ സവിശേഷതയായി എന്‍. വി. കാണുന്നത് ഈ നിര്‍വ്വികാരതയാണ്. ജീവിതാസക്തികളില്‍നിന്നുള്ള വിമുക്തി. അധികാരത്തേയും അഹന്തയേയും മിഥ്യയായി കാണുന്നതാണ് അതിന്റെ സവിശേഷത. എന്നാല്‍ ഇന്ത്യന്‍ സന്യാസം ഇന്ന് കോര്‍പ്പറേറ്റുകളുടെ ചോറ്റുപട്ടാളമാണ്. ഭരണയന്ത്രത്തെയും അധോലോകത്തേയും പരസ്പരം ബന്ധിപ്പിക്കുന്നതാണ് സമകാല ഇന്ത്യന്‍ സന്യാസാശ്രമങ്ങള്‍. ഇന്ത്യന്‍ സന്യാസം വേട്ടമൃഗമായിത്തീര്‍ന്നതിന്റെ ഞെട്ടിപ്പിക്കുന്ന കഥകളാണ് അസറ്റിക് ഗെയിംസ് എന്ന പുസ്തകം. ധീരേന്ദ്ര. കെ. ഝാ എന്ന പത്രപ്രവര്‍ത്തകനാണ് പുസ്തകത്തിന്റെ രചയിതാവ്.

 

 

 

 

 

 

 

 

‘ആത്മന്‍ കളവുപോയത് തിരയുകയാണെന്ന നാട്യത്തില്‍ ഏത് രാജ്യത്തും എക്കാലത്തും പരാന്നഭുക്കുകളുടെ ഒരു വന്‍പട തന്നെയുണ്ട്. താടി വളര്‍ന്നു. ഉടുമുണ്ടിന്റെ നിറം രണ്ടുംകെട്ട കൂട്ടത്തിലായപ്പോള്‍ ഒരു രസികന് തോന്നി. എന്നാല്‍ എന്തുകൊണ്ട് ഇവന് ശകലം ആത്മീയത കൊടുത്തുകൂടാ എന്ന്…കാവിക്കാരുടെ ഒരു സംഘം കുന്നുപോലെ പെരുകി.’ – വി. കെ. എന്‍. തന്റെ കാവി എന്ന നോവലില്‍ ഇന്ത്യന്‍ ആത്മീയതയുടെ ഉല്‍പ്പത്തി വിശദീകരിച്ചതങ്ങിനെയാണ്. ചരിത്രത്തെ പുറന്തള്ളി വി. കെ. എന്‍. സൃഷ്ടിക്കുന്ന ഈ പാരഡി യാഥാര്‍ത്ഥ്യത്തേക്കാള്‍ കവിഞ്ഞ യാഥാര്‍ത്ഥ്യമാകുന്നതെങ്ങിനെയെന്ന് നാം മനസ്സിലാക്കുന്നത് ധീരേന്ദ്ര ഝായുടെ പുസ്തകത്തിന്റെ പശ്ചാത്തലത്തിലാണ്.

 

 

 

 

 

 

 

അയോധ്യയിലെ സന്യാസികളുടെ രഹസ്യലോകത്തിലൂടെ ഒരു പതിറ്റാണ്ട് നീണ്ടുനിന്ന സാഹസിക യാത്ര നടത്തിയാണ് ധീരേന്ദ്ര ഝാ വിവരങ്ങള്‍ ശേഖരിച്ചത്. ചതി, വഞ്ചന, കൊലപാതകം, പണം, അധികാരം എന്നിവകൊണ്ട് മലീസമായ ഒരധോലോകമാണ് ഇന്ന് അയോധ്യ. അവിടെയുള്ള സന്യാസിമാര്‍ ദൈവങ്ങളുടേയും ഭൂമിയുടേയും സമ്പത്തിന്റേയും ഉടമകളാണ്. അയോധ്യയില്‍ നിരവധി ക്ഷേത്രങ്ങളുണ്ട്. അവയുടെയെല്ലാം നടത്തിപ്പ് സന്യാസിമാരാണ് നിര്‍വ്വഹിക്കുന്നത്. ഒരു സന്യാസി മരിച്ചാല്‍ അയാള്‍ തെരഞ്ഞെടുക്കുന്ന സന്യാസിയായിരിക്കും അനന്തരാവകാശി. ഇളയ സന്യാസിമാര്‍ സന്യാസി മൂപ്പനെക്കൊന്ന് സ്വത്ത് കൈവശപ്പെടുത്താന്‍ ശ്രമച്ചതിന്റെ പേരിലുള്ള നിരവധി കേസുകള്‍ അയോധ്യയിലെ കോടതികളിലുണ്ട്. അസാരെ ദാസ് എന്ന സന്യാസിയെ കൊല്ലാന്‍ ശ്രമിച്ച് അധികാരം കൈക്കലാക്കാന്‍ നോക്കിയ ബ്രിജ് മോഹന്‍ദാസ് എന്ന യുവ സന്യാസിയെക്കുറിച്ച് ധീരേന്ദ്ര ഝാ വിവരിക്കുന്നുണ്ട്. ബ്രിജ് മോഹന്‍ദാസ് വി. എച്ച്. പി. യുടെ പ്രാദേശിക ഘടകത്തിന്റെ പ്രസിഡന്റാണ്. അയോധ്യയിലെ സാധാരണക്കാര്‍ക്കിടയില്‍ പ്രചാരത്തിലുള്ള ഒരു പാട്ടുണ്ട്. അതിന്റെ സാമാന്യമായ അര്‍ത്ഥം ഇങ്ങനെയാണ്: ‘ചരണ്‍ ദബ്ബ കെ സന്ദ് ബനെ ഹെം (കാല്‍ തടവി സന്യാസിയായി)/ ഗര്‍ദ്ദന്‍ ദബ്ബ മഹന്ദ് (കൊല്ലിക്ക് പിടിച്ച് മഹന്ദ് ആയി)/ പരമ്പര സബ് ഫൂല്‍ ഗയേ ഹെം (പാരമ്പര്യം എല്ലാവരും മറന്ന് പോയി)/ ഫൂല്‍ ഗയെ ഹെം ഗ്രന്ഥ് (ഗ്രന്ഥങ്ങളും മറന്ന് പോയി)/ ദെ ദോ ഇന്‍ കോ ഭി കുച്ഛ് ഗ്യാന്‍ (അവരെ പ്രബുദ്ധരാക്കൂ)/ ധരാ പര്‍ ഏക് ബാര്‍ തും ഫിര്‍ ആവോ- ഹേ റാം (അല്ലയോ രാമാ, ഭൂമിയിലേക്ക് ഒരിക്കല്‍ക്കൂടി വരൂ)’
1980കളോടെയാണ് അയോധ്യയില്‍ ഈ ഹിംസാത്മകമായ സന്യാസിപരമ്പര ആരംഭിക്കുന്നത്. ഇക്കാലത്താണ് വിശ്വഹിന്ദു പരിഷത്ത് രാമജന്‍മ ഭൂമി പ്രശ്‌നം ഉയര്‍ത്തിക്കൊണ്ടുവരുന്നത്. 1964ല്‍ രൂപപ്പെട്ട സംഘടനയാണ് വി. എച്ച്. പി. അതുവരേയും രാഷ്ട്രീയ മണ്ഡലത്തില്‍ ഒരു സ്വാധീനം സൃഷ്ടിക്കാന്‍ കഴിയാതിരുന്ന വിശ്വഹിന്ദു പരിഷത്ത് 1980ല്‍ പുതിയ അജണ്ടയുമായി രംഗപ്രവേശം ചെയ്യുകയായിരുന്നു. 1949ല്‍ ബാബറി മസ്ജിദിന്റെ വളപ്പില്‍ പള്ളിക്ക് പുറത്തുള്ള സ്ഥലത്ത് ഉയര്‍ന്നുനിന്നിരുന്ന തറയില്‍ വിഗ്രഹങ്ങള്‍ പ്രതിഷ്ഠിച്ചുകൊണ്ട് ഹിന്ദു മഹാസഭയും രാമാനന്ദി നാഗന്‍മാരും ഉന്നയിച്ച അവകാശവാദം പിന്നീട് നിയമക്കുരുക്കില്‍പെട്ട് കിടക്കുകയായിരുന്നു. ആര്‍. എസ്. എസിന്റെ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്ക് പിന്നീട് മൂന്ന് പതിറ്റാണ്ടോളം തലയുയര്‍ത്താന്‍ കഴിഞ്ഞില്ല. 1984ല്‍ വി. എച്ച്. പി. ദില്ലിയില്‍ വെച്ച് രാമജന്‍മഭൂമിയുടെ വിമോചനം എന്ന മുദ്രാവാക്യം ഉയര്‍ത്തി. ആ വര്‍ഷം ഒക്ടോബര്‍ ഒന്നിന് വി. എച്ച്. പി. യുടെ സായുധ സേനയായ ബജ്രംഗദളിന് രൂപം കൊടുത്തു. ബീഹാറിലെ സീതമര്‍ഹി എന്ന സ്ഥലത്തുനിന്ന് അയോധ്യയിലേക്ക് രാമന്റേയും സീതയുടേയും കൂറ്റന്‍ പ്രതിമകള്‍ കയറ്റിയ ലോറിയും അതിനുപിന്നാലെ വി. എച്ച്. പി. പ്രവര്‍ത്തകരും അണിനിരന്ന പ്രകടനം നടന്നു. ഒക്‌ടോബര്‍ ആറിന് പ്രകടനം അയോധ്യയില്‍ ചെന്നെത്തി. അന്ന് ആകെ 5000-7000 ആളുകളാണ് ഈ പ്രകടനം കാണാന്‍ വന്നത്. ഹിന്ദുത്വവാദികളായ പത്രങ്ങള്‍ അന്ന് വളരെ നിരാശരായിരുന്നു. അന്ന് അയോധ്യയിലെ സന്യാസിസമൂഹം വി. എച്ച്. പി. യുടെ അജണ്ടയോട് പൂര്‍ണ്ണമായ നിസ്സംഗത പുലര്‍ത്തി. സ്വന്തമായി ഒരു സന്യാസി സമൂഹത്തെ വളര്‍ത്തിയെടുക്കേണ്ടതിന്റെ പ്രാധാന്യം അന്നാണ് വി. എച്ച്. പി. ക്ക് ബോധ്യപ്പെട്ടത്. പിന്നീട് അതിനുള്ള ശ്രമം തുടങ്ങി. ആ ശ്രമത്തില്‍ പ്രതീക്ഷിക്കാത്ത വിജയമാണ് അവര്‍ കൈവരിച്ചത്.

വി. എച്ച്. പി. രാമജന്‍മഭൂമി ട്രസ്റ്റ് രൂപീകരിച്ചു. അതിന്റെ ചെയര്‍മാനായി ജഗദ്ഗുരു രാമാനന്ദാചാര്യ ശിവരാമാചാര്യയെ തെരഞ്ഞെടുത്തു. ഇദ്ദേഹം വാരാണസിയിലെ രാമാനന്ദികള്‍ക്കിടയില്‍ വലിയ സ്വാധീനമുള്ള ആചാര്യനായിരുന്നു. ജി. പി. ബിര്‍ള, ജി. എച്ച്. സിങ്ഹാനി, കെ. എന്‍. മോഡി, ആര്‍. എന്‍. ഗോയങ്ക എന്നീ കോടീശ്വരന്‍മാരും ട്രസ്റ്റിലുണ്ടായിരുന്നു. സന്യാസിസമൂഹത്തിന്റെ പിന്തുണ ലഭിക്കാനായി പേശീബലവും പണവും ഉപയോഗിക്കാന്‍ വി. എച്ച്. പി. മടിച്ചില്ല. ഇതോടെ യു. പി. യിലേയും ബീഹാറിലേയും ക്രിമിനലുകള്‍ക്ക് അന്തിയുറങ്ങാനുള്ള താവളങ്ങളായി അയോധ്യയിലെ ക്ഷേത്രങ്ങളും മഠങ്ങളും മാറി. ഗുണ്ടകളുടെ പിന്തുണയില്ലാത്ത ഒരു സന്യാസിക്കും ഇന്ന് അയോധ്യയില്‍ അതിജീവിക്കാനാവില്ല. മുമ്പ് അയോധ്യയിലെ ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ട വിശ്വാസികള്‍ മാത്രമേ അയോധ്യയിലുണ്ടായിരുന്നുള്ളൂ. എന്നാല്‍ ഇന്ന് അയോധ്യ ഒരു വിനോദ സഞ്ചാര കേന്ദ്രമായി മാറിയിട്ടുണ്ട്. റിയല്‍ എസ്റ്റേറ്റ് മാഫിയ ഈ പ്രദേശത്ത് പിടിമുറുക്കിയിരിക്കുന്നു.

മഹന്തുക്കള്‍ സന്യാസി പരമ്പരയാണ്. ഒരു സന്യാസി തന്റെ ശിഷ്യനായി ഒരാളെ പ്രഖ്യാപിക്കുന്നു. സര്‍ക്കാര്‍ ചുമതലപ്പെടുത്തിയിട്ടുള്ള കമ്മീഷണറുടെ അനുമതിയോടെ വേണം ഭൂമി കൈമാറ്റം എന്നാണ് ചട്ടം. എന്നാല്‍ ഈ ചട്ടം പാലിക്കാറില്ല. ഭൂമിക്കച്ചവടം മഹന്തുക്കള്‍ നേരിട്ട് നിര്‍വ്വഹിക്കുന്നു. മഹന്തുക്കള്‍ എഴുതിവെക്കുന്ന ഒസ്യത്താണ് ശിഷ്യരെ തീരുമാനിക്കുന്നത്. ഒസ്യത്ത് എഴുതി ആഴ്ചകള്‍ക്കകം മഹന്ത് കൊല്ലപ്പെട്ട നിരവധി സംഭവങ്ങള്‍ അയോധ്യയിലുണ്ടായിട്ടുണ്ട്. മരിച്ച മഹന്തിന്റെ ശരീരം കേടുപാട് കൂടാതെ സരയുവില്‍ താഴ്ത്തണം എന്നാണ് വിശ്വാസം. അതുകൊണ്ട് പോസ്റ്റ്‌മോര്‍ട്ടം നടത്താറില്ല. ആയതിനാല്‍ കുറ്റകൃത്യങ്ങള്‍ ഒരിക്കലും തെളിയിക്കപ്പെടാറില്ല. 1980കള്‍ക്കുശേഷം മഹന്തുക്കള്‍ മുഖ്യമായും അവരുടെ ബന്ധുക്കളെത്തന്നെ തങ്ങളുടെ ശിഷ്യരായി നിയോഗിക്കുന്ന സമ്പ്രദായം ശക്തിപ്പെട്ടിരിക്കുന്നു.

കുംഭമേളയാണ് വി.എച്ച്.പി. തട്ടിയെടുത്ത മറ്റൊരു ആത്മീയ സമ്മേളനം. 1966ലാണ് കുംഭമേളയുടെ ഭാഗമായി വേള്‍ഡ് ഹിന്ദുകോണ്‍ഫറന്‍സ് വിളിച്ചു ചേര്‍ത്തത്. പ്രഭുദത്ത് ബ്രഹ്മചാരിയാണ് ഇതിന് നേതൃത്വം നല്‍കിയത്. സ്വതന്ത്ര ഇന്ത്യയിലെ ആദ്യ തെരഞ്ഞെടുപ്പില്‍ നെഹ്രുവിനെതിരെ മല്‍സരിച്ച് തോറ്റയാളാണ് ഇദ്ദേഹം. 1966ല്‍ ഇദ്ദേഹം സര്‍വദാലിയ ഗോരക്ഷാ മഹാഅഭിയാന്‍ സമിതിക്ക് രൂപം നല്‍കി. ഈ സമിതിയുടെ നേതൃത്വത്തില്‍ പാര്‍ലമെന്റ് ഉപരോധസമരം സംഘടിപ്പിച്ചു. സമരം അക്രമാസക്തമായി . ആകാശവാണിയുടെ കെട്ടിടം ആക്രമിക്കപ്പെട്ടു. നൂറുകണക്കിന് കാറുകളും ഡസന്‍ കണക്കിന് ബസ്സുകളും അഗ്നിക്കിരയായി. പൊലീസിന് വെടിവെക്കേണ്ടിവന്നു. ഏഴ് ആളുകള്‍ വെടിയേറ്റ് മരിച്ചു. 140 പേര്‍ക്ക് പരിക്കേറ്റു. ഈ സംഭവത്തോടെ രാഷ്ട്രീയത്തില്‍നിന്ന് പിന്‍വലിഞ്ഞ സന്യാസിസമൂഹത്തെ പിന്നീട് വി. എച്ച്. പി. തിരിച്ചുപിടിക്കുന്നുണ്ട്. 1986ല്‍ അവര്‍ അഖില ഭാരതീയ സന്ത്‌സമിതി എന്ന പേരില്‍ ഒരു സന്യാസിസംഘത്തിന് തുടക്കമിട്ടു. 1989ല്‍ കുംഭമേളയുടെ ഭാഗമായി അവര്‍ വിളിച്ചുചേര്‍ത്ത ധര്‍മ്മ സന്‍സദ് എന്ന സന്യാസിമാരുടെ സമ്മേളനം വന്‍വിജയമായി.

ബാബറി മസ്ജിദ് തകര്‍ത്ത് നിര്‍മ്മിക്കേണ്ട ക്ഷേത്രത്തിന്റെ മാതൃക ആ സമ്മേളനത്തില്‍ പ്രകാശനം ചെയ്തു. ബാബറിപ്പള്ളി പൊളിക്കാനുള്ള തീരുമാനം കൈക്കൊണ്ടത് ഈ സമ്മേളനമാണ്. ഇന്ത്യയെ ഹിന്ദുരാഷ്ട്രമായി പ്രഖ്യാപിക്കണമെന്നും മുസ്ലീങ്ങള്‍ക്ക് നല്‍കുന്ന പ്രത്യേക അവകാശങ്ങള്‍ റദ്ദ് ചെയ്യണമെന്നും ഗോവധം നിരോധിക്കണമെന്നും പ്രസ്തുത സമ്മേളനം ആവശ്യപ്പെട്ടു. ഈ സന്യാസിസമൂഹത്തിലെ ഭൂരിഭാഗവും ബ്രാഹ്മണരാണെന്നതും ശ്രദ്ധേയമാണ്. 2013ലെ കുംഭമേളയില്‍ മോദിക്കുവേണ്ടിയുള്ള പരസ്യമായ പ്രഖ്യാപനം നടന്നു.

രക്തപങ്കിലമായ ഇന്ത്യന്‍ സന്യാസത്തിന്റെ ജൈത്രയാത്ര തുടരുകയാണ്. കൊന്നും തിന്നും അത് ഒരു ഭീകരജീവിയായി വളരുകയാണ്. ആത്മീയതക്കകത്തെ ആന്തരവിമര്‍ശനത്തിന്റെ ധാര അത്രമേല്‍ ആഴത്തില്‍ കുഴിച്ചുമൂടപ്പെട്ടിരിക്കുന്നു. അഗാധതകളില്‍നിന്ന് ആ ഉറവകളെ ഇനി ആരാണ് തിരികെ കൊണ്ടുവരിക!

(പാഠഭേദം 2020 മാര്‍ച്ച് ലക്കം)

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Be the first to write a comment.

Leave a Reply