പ്രശ്‌നം സജി ചെറിയാന്റേതല്ല, പാര്‍ട്ടി നിലപാടിന്റേതാണ്

കാര്യമായ പിന്തുണയൊന്നുമില്ലെങ്കിലും ശക്തമായ നിലപാടുകളാല്‍ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ശ്രദ്ധേയനായ യെച്ചൂരിയുടെ ഇടപെടലാണ് രാജിയിലെത്തിച്ചതെന്നാണ് വാര്‍ത്ത. എസ് എഫ് ഐക്കാര്‍ രാഹുല്‍ ഗാന്ധിയുടെ ഓഫീസ് തകര്‍ത്ത സംഭവത്തില്‍ തന്നെ നാണക്കേടായ യെച്ചൂരിക്ക് ഇതും സമ്മതിച്ചുകൊടുക്കാന്‍ കഴിയുമായിരുന്നില്ല. അതുവഴി സ്വന്തം മുഖം നഷ്ടപ്പെടുമെന്നു ബോധ്യമായ അദ്ദേഹം ശക്തമായി ഇടപെട്ടുവെന്നു കരുതാം. സാധാരണനിലയില്‍ സംസ്ഥാന ഘടകത്തിന്റെ സമ്മര്‍ദ്ദത്തിനു മുന്നില്‍ മുട്ടുകുത്താറുള്ള യെച്ചൂരി ഇത്തവണ അതിനു തയ്യാറായില്ല.

ഭരണഘടനയെ അധിക്ഷേപിച്ചുകൊണ്ടുള്ള പ്രസംഗത്തെ തുടര്‍ന്ന മന്ത്രി സജി കെ ചെറിയാന്‍ രാജിവെക്കാന്‍ നിര്‍ബന്ധിതനായിരിക്കുകയാണ്. വിഷയം കോടതിയിലെത്തുംമുമ്പെ രാജിവെക്കാന്‍ അദ്ദേഹം നിര്‍ബന്ധിതനാകുകയാണുണ്ടായത്. രാജി വെക്കുമ്പോള്‍ പോലും പറഞ്ഞതില്‍ ഖേദം പ്രകടിപ്പിക്കാതിരിക്കുകയും കഴിയുന്നപോലെ ന്യായീകരിക്കുകയുമാണ് അദ്ദേഹം ചെയ്തത്. പാര്‍ട്ടി സംസ്ഥാനനേതൃത്വവും അദ്ദേഹത്തില്‍ കാര്യമായി സമ്മര്‍ദ്ദം ചെലുത്തിയില്ല എന്നാണ് വാര്‍ത്ത. പകരമവര്‍ കാത്തിരുന്നു കാണാമെന്ന നിലപാടിലായിരുന്നു. എന്നാല്‍ കാര്യമായ പിന്തുണയൊന്നുമില്ലെങ്കിലും ശക്തമായ നിലപാടുകളാല്‍ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ശ്രദ്ധേയനായ യെച്ചൂരിയുടെ ഇടപെടലാണ് രാജിയിലെത്തിച്ചതെന്നാണ് വാര്‍ത്ത. എസ് എഫ് ഐക്കാര്‍ രാഹുല്‍ ഗാന്ധിയുടെ ഓഫീസ് തകര്‍ത്ത സംഭവത്തില്‍ തന്നെ നാണക്കേടായ യെച്ചൂരിക്ക് ഇതും സമ്മതിച്ചുകൊടുക്കാന്‍ കഴിയുമായിരുന്നില്ല. അതുവഴി സ്വന്തം മുഖം നഷ്ടപ്പെടുമെന്നു ബോധ്യമായ അദ്ദേഹം ശക്തമായി ഇടപെട്ടുവെന്നു കരുതാം. സാധാരണനിലയില്‍ സംസ്ഥാന ഘടകത്തിന്റെ സമ്മര്‍ദ്ദത്തിനു മുന്നില്‍ മുട്ടുകുത്താറുള്ള യെച്ചൂരി ഇത്തവണ അതിനു തയ്യാറായില്ല.

ഭരണഘടനയെന്നത് വിമര്‍ശനാതീതമാണെന്ന് അതിനു രൂപം കൊടുത്തവരില്‍ പ്രധാനിയായ ഡോ ബി ആര്‍ അംബേദ്കര്‍ പോലും പറഞ്ഞിട്ടില്ല. ഭരണഘടന അവസാനവാക്കുമല്ല. അതുകൊണ്ടാണല്ലോ ഭേഗദതിക്കുള്ള എല്ലാ സാധ്യതകളും ഭരണഘടനയില്‍ നിലനില്‍ക്കുന്നതും എത്രയോ തവണ അതുപയോഗിച്ചിട്ടുള്ളതും. മറ്റൊന്നു കൂടി അംബേദ്കര്‍ പറഞ്ഞിട്ടുള്ളതും ഇപ്പോള്‍ ഓര്‍ക്കേണ്ടതുണ്ട്. മോശം ഭരണാധികാരികളാണെങ്കില്‍ ഈ ഭരണഘടന കൊണ്ട് ഗുണമുണ്ടാകില്ല എന്നതാണത്. അതിനു പലപ്പോഴും രാജ്യം സാക്ഷ്യം വഹിച്ചിട്ടുണ്ട്. ഇപ്പോഴും സാക്ഷ്യം വഹിക്കുന്നു.

മന്ത്രി പറഞ്ഞത് ഭരണകൂട വിമര്‍ശനമാണ് എന്ന വ്യാഖ്യാനം ശരിയാണെങ്കില്‍ പ്രശ്‌നമൊന്നുമില്ല. ‘തൊഴിലാളികളുടെ സമരം അംഗീകരിക്കാത്ത നാടാണ് ഇന്ത്യ, ഇവിടെ കൂലി ചോദിച്ചാല്‍ പോലീസുസാരന്‍ നടുചവുട്ടിയൊടിക്കുമായിരുന്നു, അതുകൊണ്ടാണ് അംബാനിയും അദാനിയും ശതകോടീശ്വരന്‍മാര്‍ ഈ രാജ്യത്ത് വളര്‍ന്നുവരുന്നത്. ഈ പണമെല്ലാം പാവപ്പെട്ടവന്റെ അധ്വാനത്തില്‍നിന്നു ലഭിക്കുന്ന മിച്ചമൂല്യം ഉപയോഗിച്ച് ഉണ്ടാക്കുന്നതാണ്. എട്ടു മണിക്കൂര്‍ ജോലിചെയ്തതിന് സമരംചെയ്ത നമ്മള്‍ ഇന്നു പത്തു മണിക്കൂറും പന്ത്രണ്ട് മണിക്കൂറും ജോലിചെയ്യുമ്പോള്‍ ഈ രാജ്യത്തെ ഭരണഘടന അവര്‍ക്ക് പ്രൊട്ടക്ഷന്‍ കൊടുക്കുന്നുണ്ടോ’ തുടങ്ങിയ അദ്ദേഹത്തിന്റെ വാക്കുകള്‍ അവഹേളനമല്ല എന്നു വേണമെങ്കില്‍ വ്യാഖ്യാനിക്കാം. എന്നാല്‍ തന്റെ ആദ്യവാചകങ്ങളെ ന്യായീകരിക്കാനാണ് ഇതെല്ലാം അദ്ദേഹം പറഞ്ഞത്. അതാകട്ടെ എല്ലാവരും കേട്ടപോലെ ഇങ്ങനെയായിരുന്നു. ‘ജനങ്ങളെ കൊള്ളയടിക്കാനും ചൂഷണത്തിനും വേണ്ടി തയ്യാറാക്കിയ ഭരണഘടനയാണ് ഇന്ത്യയുടേത്, ബ്രിട്ടീഷുകാര്‍ എഴുതികൊടുത്തതാണത്, ജനാധിപത്യം, മതേതരത്വം, കുന്തം, കുടചക്രം എന്നൊക്കെ അതില്‍ കൂട്ടിചേര്‍ത്തിട്ടുണ്ട.്’ ഇത് വിമര്‍ശനമോ അതോ അവഹേളനമോ? അതാകട്ടെ ഭരണഘടനയെ ആണയിട്ട് സത്യപ്രതിജ്ഞചെയ്ത മന്ത്രി. മോശം ഭരണകൂടമാണെങ്കില്‍ ഭരണഘടനകൊണ്ട് ഗുണമുണ്ടാകില്ല എന്ന അംബേദ്കറുടെ വാക്കുകളെ വെച്ച് മന്ത്രിയുടെ ഈ വാദത്തെ ന്യായീകരിക്കാനാവില്ല.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

സജി ചെറിയാന്‍ പറഞ്ഞതിനെ വര്‍ഷങ്ങള്‍ക്കുമുമ്പ് മന്ത്രിയായിരുന്ന ആര്‍ ബാലകൃഷ്ണപിള്ളയുടെ വാക്കുകളുമായി താരതമ്യം ചെയ്യുന്നവരെയും കണ്ടു. കേരളത്തിനനുവദിച്ച കോച്ച് ഫാക്ടറി പഞ്ചാബിലേക്കുപോയപ്പോള്‍, കേന്ദ്ര അവഗണനക്കെതിരെ പഞ്ചാബ് മോഡല്‍ സമരം വേണമെന്നാണ് അന്ന് പിള്ള പറഞ്ഞത്. അന്ന് ഖാലിസ്ഥാന്‍ വാദം ശക്തമായിരുന്ന കാലമായിരുന്നു. ഭരണഘടനക്കെതിരെ ഒന്നും പറയാതെപോലും കോടതി പരാമര്‍ശത്തെ തുടര്‍ന്ന് അദ്ദേഹത്തിനു രാജിവെക്കേണ്ടവന്നു. ഇതുപക്ഷെ വളറെ പ്രകടമായിതന്നെ ഭരണഘടനയെ അധിക്ഷേപിക്കലായതിനാല്‍ കൂടുതല്‍ ഗൗരവകരമാണ് എന്നതാണ് വാസ്തവം.

ഭരണഘടനയും ജനാധിപത്യവും മതേതരത്വവുമെല്ലാം കാത്തുസംരക്ഷിക്കുമെന്നു പ്രതിജ്ഞയെടുത്ത് അധികാരത്തിലെത്തിയശേഷം, അതെല്ലാം തകര്‍ത്ത് ഹിന്ദുത്വരാഷ്ട്രം സ്ഥാപിക്കാനുള്ള നീക്കങ്ങള്‍ രാജ്യത്ത് ശക്തമായിരിക്കുന്ന കാലത്താണ് മന്ത്രിയുടെ ഈ വാക്കുകള്‍ എന്നതും പ്രധാനമാണ്. ജനങ്ങളെ വഞ്ചിക്കാന്‍ മാത്രമാണ് ഭരണഘടന അംഗീകരിക്കുന്നതായി അവര്‍ പറയുന്നതെന്നും സംഘപരിവാറിന്റെ സ്വന്തം വേദികളിലെല്ലാം അവര്‍ തങ്ങളുടെ ലക്ഷ്യമെന്താണെന്ന് കൃത്യമായി പറയുന്നുണ്ടെന്നും വ്യക്തമാണല്ലോ. അതാകട്ടെ ഇന്നോ ഇന്നലേയോ തുടങ്ങിയതുമല്ല. ‘നമ്മുടെ ഭരണഘടന തന്നെയും ഇങ്ങനെ ക്ലിഷ്ടവും ഭിന്നാത്മകവുമായ വിവിധ തുണ്ടുകള്‍ ചേര്‍ത്തുണ്ടാക്കിയതാണ്. പാശ്ചാത്യ നാടുകളുടെ ഭരണ ഘടനകളിലെ വിവിധ വകുപ്പുകള്‍ എടുത്ത് ചേര്‍ത്ത് ഉണ്ടാക്കിയതാണ്. ഇതില്‍ നമ്മുടേത് എന്ന് പറയാവുന്ന യാതൊന്നുമില്ല. നമ്മുടെ ദേശീയ ദൗത്യത്തെക്കുറിച്ചോ നമ്മുടെ ജീവിതത്തിലെ മുഖ്യാദര്‍ശത്തെപ്പറ്റിയോ ഒരു സൂചന പോലും അതിലെ നിര്‍ദ്ദേശക തത്വങ്ങളിലെങ്ങുമില്ല. ഐക്യരാഷ്ട്ര സഭയുടെയും മുമ്പത്തെ സര്‍വ രാഷ്ട്ര സമിതിയുടെയും പ്രമാണങ്ങളിലെ ചില മുടന്തന്‍ തത്വങ്ങളും അമേരിക്കയിലെയും ബ്രിട്ടനിലെയും ഭരണഘടനകളിലെ ചില പ്രത്യേകതകളും കൂട്ടിച്ചേര്‍ത്ത വികൃത സൃഷ്ടിയാണത്……..’ എം എസ് ഗോള്‍വല്‍ക്കര്‍തന്നെ വിചാരധാരയില്‍ ഇങ്ങനെയാണ് എഴുതിവെച്ചിട്ടുള്ളത്. സജി ചെറിയാന്റെ വാക്കുകള്‍ക്കും ഇതുമായി സാമ്യം തോന്നാത്തത് ആര്‍ക്കാണ്?

തീര്‍ച്ചയായും ജനാധിപത്യപ്രക്രിയയിലൂടെ തന്നെയാണ് സിപിഎമ്മും എല്‍ഡിഎഫും അധികാരത്തിലെത്തിയിരിക്കുന്നത്. എന്നാല്‍ ഈ ജനാധിപത്യപ്രക്രിയയില്‍ ഇത്രയും കാലം പങ്കെടുത്തിട്ടും ഒരു ജനാധിപത്യപാര്‍ട്ടിയാകാന്‍ അതിനായിട്ടുണ്ടോ. ആശയപരമായും പ്രായോഗികമായും ആയിട്ടില്ല എന്നു തന്നെയാണ് മറുപടി. ഇന്ത്യന്‍ തൊഴിലാളി വര്‍ഗ്ഗത്തിന്റെ വിപ്ലവമുന്നണിപ്പടയാണ് പാര്‍ട്ടിയെന്നും തൊഴിലാളി വര്‍ഗ്ഗ സര്‍വ്വാധിപത്യ ഭരണകൂടം സ്ഥാപിക്കുന്നതിലൂടെ സോഷ്യലിസവും കമ്യൂണിസവും കൈവരുത്തുകയാണ് ലക്ഷ്യമെന്നും പാര്‍ട്ടിയുടെ ഭരണഘടന കൃത്യമായി പ്രഖ്യാപിക്കുന്നുണ്ട്. ഇന്ത്യക്കു സ്വാതന്ത്ര്യം ലഭിച്ചപ്പോള്‍ അതു സ്വാതന്ത്ര്യമല്ലെന്നു നിലപാടെടുക്കുകയും സായുധസമരത്തിലൂടെ അധികാരം പിടിച്ചെടുക്കാനാഹ്വാനം ചെയ്ത പാര്‍ട്ടി പിന്നീടത് തിരുത്തിയെന്നു പറയുമ്പോഴും സംഘടനക്കകത്ത് ഇപ്പോഴും സ്വീകരിച്ചിരിക്കുന്ന നിലപാട് അതുതന്നെയാണ്. കഴിഞ്ഞ നൂറ്റാണ്ടില്‍ ലോകത്ത് വലിയൊരു ഭാഗത്തു അധികാരത്തില്‍ വന്ന കമ്യൂണിസ്റ്റ് ഭരണകൂടങ്ങളെല്ലാം ജനാധിപത്യവിരുദ്ധമായിരുന്നു. ഒരിടത്തും ജനാധിപത്യപ്രക്രിയയുണ്ടായിരുന്നില്ല. പലയിടത്തും കുടുംബവാഴ്ച പോലുമായിരുന്നു. പലരും മരണംവരെ ഭരണാധികാരികളായിരുന്നു. ഇപ്പോഴും അങ്ങനെതന്നെ. എതിരാളികളെ മാത്രമല്ല, പാര്‍ട്ടിയിലെ തന്നെ വ്യത്യസ്ഥ അഭിപ്രായം പറഞ്ഞിരുന്ന ഉന്നതരെ പോലും ശാരീരികമായി ഉന്മൂലനം ചെയ്തു. അതുകൊണ്ടൊക്കെ തന്നെയായിരുന്നു കഴിഞ്ഞ നൂറ്റാണ്ടില്‍ തന്നെ ഈ രാഷ്ട്രങ്ങളിലെല്ലാം നടന്നത് ജനാധിപത്യാവകാശങ്ങള്‍ക്കായുള്ള പോരാട്ടങ്ങളായത്. അവയെ എത്ര ഭയാനകമായിട്ടായിരുന്നു ഭരണകൂടങ്ങള്‍ നേരിട്ടതെന്നതിന് ടിയനന്‍മെന്‍ സ്‌ക്വയര്‍ സാക്ഷി. എന്നിട്ടും ആ പോരാട്ടങ്ങള്‍ക്കു മുന്നില്‍ കമ്യൂണിസ്റ്റ് സമഗ്രാധിപത്യ ഭരണകൂടങ്ങളെല്ലാം തകര്‍ന്നു വീഴുകയായിരുന്നു. ലോകം ഇന്നോളം സാക്ഷ്യം വഹിച്ച രാജഭരണം, ഫ്യൂഡലിസം, മതരാഷ്ട്രം, ജനാധിപത്യം, കമ്യൂണിസം എന്നിവയിലെല്ലാം താരതമ്യേന പുരോഗമനപരം ജനാധിപത്യമാണെന്നും അതിനെ കൂടുതല്‍ കരുത്തുള്ളതാക്കുക എന്നതാണ് മാനവരാശിയുടെ സമകാലിക കടമയെന്നുമുള്ള സന്ദേശമാണ് ആ പോരാട്ടങ്ങള്‍ നല്‍കിയത്. ലോകത്തെ പല രാഷ്ട്രങ്ങളിലുമുള്ള കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ആ സന്ദേശം മനസ്സിലാക്കി സ്വയം സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടികളായി മാറാന്‍ തയ്യാറായി. എന്നാല്‍ മനുഷ്യനു കുരങ്ങനാകാനാകില്ല എന്ന ഇ എം എസ് തിയറിയുടെ പിന്‍ബലത്തില്‍ ഇന്ത്യയിലെ പാര്‍ട്ടികള്‍ ഇത്തരമൊരു മാറ്റത്തിനുപോലും തയ്യാറായില്ല. തൊഴിലാളിവര്‍ഗ്ഗ സര്‍വ്വാധിപത്യത്തിന്റെ പേരില്‍, അവരുടെ മുന്നണിപോരാളി എന്ന അവകാശവാദത്തില്‍ പാര്‍ട്ടിയുടെ സര്‍വ്വാധിപത്യം എന്നുതന്നെയാണ് വ്യക്തമാക്കുന്നത്. മാത്രമല്ല, ജനാധിപത്യകേന്ദ്രീകരണം എന്ന കേള്‍ക്കാന്‍ രസമുള്ള സംഘടനാ സംവിധാനത്തിലൂടെ അധികാരം ഒന്നടങ്കം ഒരു നേതാവിലേക്കെത്തുന്നു. അതേസമയം ഇന്ത്യ ഒരു കമ്യൂണിസ്റ്റ് രാഷ്ട്രമല്ലാത്തതിനാലും അപൂര്‍വ്വം സംസ്ഥാനങ്ങളില്‍ മാത്രം സ്വാധീനമുള്ളതിനാലും അതൊന്നും കാര്യമായി ബാധിച്ചില്ല എന്നു മാത്രം. അപ്പോഴും തങ്ങളുടെ ലക്ഷ്യവും മാര്‍ഗ്ഗവും സത്യത്തില്‍ ഇതല്ല എന്നാണ് അണികളോട് നേതാക്കള്‍ ഇപ്പോഴും പറയുന്നത്. അത്തരമൊരു പ്രസംഗമായിരുന്നു സജീ ചെറിയാന്റേത്. താന്‍ പാര്‍ട്ടി പരിപാടിയിലാണ് പറഞ്ഞതെന്ന അദ്ദേഹത്തിന്റെ ന്യായീകരണത്തില്‍ നിന്നു തന്നെ കാര്യങ്ങള്‍ വ്യക്തമാണല്ലോ. പാര്‍ട്ടിക്കു സ്വന്തം കോടതിയുണ്ടെന്ന് വനിതാകമ്മീഷന്‍ ചെയര്‍ പേഴ്‌സനായിരിക്കുമ്പോള്‍ തന്നെ എം സി ജോസഫൈന്‍ തന്നെ പറഞ്ഞിട്ടുണ്ടല്ലോ.

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഇക്കാര്യം അംബേദ്കര്‍തന്നെ തിരിച്ചറിഞ്ഞിരുന്നു എന്നതാണ് കൗതുകം. ‘അവര്‍ ഭരണഘടനയെ എന്തുകൊണ്ട് ഇഷ്ടപ്പെടുന്നില്ല? ശരിക്കും ഭരണഘടന മോശമാണ് എന്നതുകൊണ്ടാണോ? നിശ്ചയമായും അല്ല എന്ന് ഞാന്‍ പറയും. കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് തൊഴിലാളികളുടെ സ്വേച്ഛാധിപത്യത്തെ ആധാരമാക്കിയ ഭരണഘടന വേണം. ഈ ഭരണഘടന പാര്‍ലമെന്ററി ജനാധിപത്യത്തില്‍ ആധാരമായതിനാല്‍ അവര്‍ ഭരണഘടനയെ എതിര്‍ക്കുന്നു’ എന്ന് അദ്ദേഹം തന്നെ പറഞ്ഞിട്ടുണ്ട്്.

മന്ത്രി പറഞ്ഞതില്‍ കാമ്പുണ്ടെന്നു പലരും പറയുന്ന ഏകകാര്യം തൊഴിലാളികളോട് ഭരണകൂടം സ്വീകരിക്കുന്ന സമീപനത്തില്‍ ഭരണഘടന നിഷ്‌ക്രിയമാണ് എന്നതാണല്ലോ. കേരളത്തില്‍ നാം പലപ്പോഴും കേള്‍ക്കുന്നതാണ് നവോത്ഥാനസമരങ്ങളെയെല്ലാം നയിച്ചത് കമ്യൂണിസ്റ്റുകാരാണെന്ന വാദം. വാസ്തവത്തില്‍ പ്രധാനപ്പെട്ട പല നവോത്ഥാന പോരാട്ടങ്ങളും അവസാനിച്ച ശേഷമാണ് കമ്യൂണിസ്റ്റ് പാര്‍ട്ടി രൂപീകരണം തന്നെ നടന്നത്. അതുപോലെ ഇന്ത്യന്‍ തൊഴിലാളി വര്‍ഗ്ഗം നേടിയ പല സുപ്രധാനനേട്ടങ്ങളുടേയും അടിത്തറ പാകിയത് കമ്യൂണിസ്റ്റുകാരായിരുന്നില്ല, അംബേദ്കര്‍ തന്നെയായിരുന്നു എന്നു ചരിത്രം പറയുന്നു. 1942-ലെ ലേബര്‍ കോണ്‍ഫറന്‍സില്‍ ഡോ.അംബേദ്കര്‍ അവതരിപ്പിച്ച പ്രമേയത്തിന്റെ അടിസ്ഥാനത്തിലാണ് തൊഴില്‍ സമയം 12 മണിക്കൂറില്‍ നിന്നും 8 മണിക്കൂറാക്കിയത്. ഫാക്ടറി തൊഴിലാളികള്‍ക്ക് വേതനത്തോടു കൂടിയ അവധി അനുവദിക്കപ്പെട്ടതും മിനിമം വേതനം ഉറപ്പാക്കിയതും ഡോ. അംബേദ്ക്കറുടെ ശ്രമഫലമായിട്ടായിരുന്നു. 1944-ലെ പേമെന്റ് ഒഫ് വേജസ് (ഭേദഗതി) നിയമം, ക്ഷാമബത്ത, അവധി ആനുകൂല്യം, ശമ്പള സ്‌കെയില്‍ പരിഷ്‌കരണം, അധിക ജോലിക്ക് അധിക വേതനം, സബ്‌സിഡിയോടു കൂടിയ ഭക്ഷണം, തൊഴിലിടങ്ങളില്‍ കാന്റീന്‍ സംവിധാനം തുടങ്ങിയവയെല്ലാം അംബേദ്കര്‍ നടപ്പിലാക്കിയ പരിഷ്‌കാരങ്ങളായിരുന്നു. കല്‍ക്കരി, മൈക്ക ഖനി തൊഴിലാളികളുടെ പ്രോവിഡന്റ് ഫണ്ട്, മൈക്ക ഖനി തൊഴിലാളികളുടെ ക്ഷേമ ഫണ്ട്, തൊഴിലാളികളുടെ പ്രോവിഡന്റ് ഫണ്ട് എന്നിവ പ്രാബല്യത്തില്‍ കൊണ്ടുവന്നതും വര്‍ക്ക്‌മെന്‍സ് കോംപന്‍സേഷന്‍ ഭേദഗതി നിയമം, ഫാക്ടറീസ് ഭേദഗതി നിയമം എന്നിവ രൂപകല്പന ചെയ്തതും ഡോ. ബി.ആര്‍. അംബേദ്കറായിരുന്നു. ട്രേഡ് യൂണിയനുകള്‍ രൂപീകരിക്കാനും തൊഴിലാളികള്‍ക്ക് പണിമുടക്കാനുമുള്ള സ്വാതന്ത്ര്യം ലഭ്യമായതും അംബേദ്ക്കറുടെ ഇടപെടലുകളുടെ ഫലമായാണ്. 1947-ല്‍ പ്രാബല്യത്തില്‍ വന്ന ഇന്‍ഡസ്ട്രിയല്‍ ഡിസ്പ്യൂട്ട് നിയമം, 1948-ലെ ഇ.എസ്.ഐ. നിയമം എന്നിവക്ക് കാരണമായതും തൊഴില്‍കാര്യ മന്ത്രിയായിരിക്കെ അദ്ദേഹം കൊണ്ടുവന്ന ബില്ലുകളായിരുന്നു. സ്ത്രീതൊഴിലാളികളുടെ അവകാശ സംരക്ഷണങ്ങള്‍ക്കും അടിത്തറയിട്ടത് മറ്റാരുമല്ല. മെന്‍ മെറ്റേണിറ്റി ബെനിഫിറ്റ് നിയമം, വിമെന്‍ ലേബര്‍ ഫണ്ട്, വുമണന്‍ ആന്‍ഡ് ചൈല്‍ഡ് ലേബര്‍ പ്രൊട്ടക്ഷന്‍ നിയമം, സ്ത്രീ തൊഴിലാളികളുടെ മെറ്റേണിറ്റി ലീവ് ബെനിഫിറ്റ്, കല്‍ക്കരി ഖനികളുടെ ഉള്‍ഭാഗങ്ങളില്‍ തൊഴില്‍ ചെയ്യുന്നതില്‍ നിന്നും സ്ത്രീ തൊഴിലാളികളെ വിലക്കുന്ന നിയമം, തുല്യ ജോലിക്ക് തുല്യ വേതനം വ്യവസ്ഥ ചെയ്യുന്ന നിയമം തുടങ്ങിയവ ഉദാഹരണങ്ങള്‍. ഇവയെല്ലാം ഉറപ്പുനല്‍കുന്ന വകുപ്പുകള്‍ ഭരണഘടനയില്‍ അദ്ദേഹം ചേര്‍ക്കുകയും ചെയ്തു. എന്നിട്ടാണ് ബ്രിട്ടീഷുകാര്‍ എഴുതികൊടുത്ത ഭരണഘടന അദ്ദേഹം പകര്‍ത്തുകയായിരുന്നു എന്ന് സജി ചെറിയാന്‍ പറയുന്നത്. അവയൊന്നും നടപ്പാക്കപ്പെടുന്നില്ലെങ്കില്‍ കാരണം അംബേദ്കര്‍ തന്നെ പറഞ്ഞപോലെ ഭരണാധികാരികളാണ് എന്നാണ് രാജിവെച്ച മന്ത്രി തിരിച്ചറിയേണ്ടത്. അംബേദ്കര്‍ ഭരണഘടനാ നിര്‍മ്മാണ സമിതിയിലെത്തുന്നതിനു സഹായിച്ചത് കോണ്‍ഗ്രസ്സോ അന്നത്തെ ഹിന്ദുത്വവാദികളോ കമ്യൂണിസ്റ്റുകാരോ ആയിരുന്നില്ല, മുസ്ലിംലീഗാണെന്നു കൂടി ഈയവസരത്തില്‍ ഓര്‍ക്കാവുന്നതാണ്.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: analysis | Tags: , , , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply