പ്രശ്‌നം മന്ത്രിമാരുടെ പരിചയക്കുറവല്ല, തുടര്‍ഭരണം തന്നെയാണ്

മന്ത്രിമാരുടെ പരിചയക്കുറവാണ് പ്രശ്‌നമെന്നാണ് മുഖ്യമന്ത്രിയും പാര്‍ട്ടി സെക്രട്ടറിയും പറയുന്നത്. പുതുമുഖങ്ങളെ മിക്കവാറും മന്ത്രിമാരാക്കുമ്പോള്‍ അതു മുന്‍കൂട്ടി കാണാനുള്ള കഴിവ് നേതാക്കള്‍ക്കില്ല എന്നാണോ പറയുന്നത്? ചിലരാകട്ടെ കുറെകൂടി മുന്നോട്ടുപോയി കഴിഞ്ഞ പിണറായി സര്‍ക്കാരിലെ മന്ത്രിമാര്‍ മിടുക്കരാണെന്നും ഇപ്പോഴുള്ളവര്‍ മോശമാണെന്നും പ്രചാരണം നടത്തുന്നുണ്ട്.

രണ്ടാം പിണറായി സര്‍ക്കാരിലെ മന്ത്രിമാരുടെ പ്രവര്‍ത്തനത്തില്‍ സിപിഎമ്മിനു അതൃപ്തി എന്നാണ് വാര്‍ത്ത. കഴിഞ്ഞ ദിവസം പത്രസമ്മേളനം നടത്തിയ സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ വാക്കുകളില്‍ അതു പ്രകടമായിരുന്നു. പ്രവര്‍ത്തനം മെച്ചപ്പെടുത്താന്‍ സംസ്ഥാനസമിതി കര്‍ശനമായ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കിയിട്ടുമുണ്ടത്രെ. മന്ത്രിമാര്‍ ഓഫീസിലൊതുങ്ങാതെ സംസ്ഥാനത്തൊട്ടാകെ സഞ്ചരിച്ച് ജനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലണമെന്നാണു പ്രധാന നിര്‍ദേശം. ഭരണത്തിന് ഓണ്‍ലൈന്‍ സംവിധാനങ്ങളെ അമിതമായി ആ്രശയിക്കുന്നത് ഒഴിവാക്കണം. സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ സമൂഹത്തിലെത്തിക്കാനും മന്ത്രിമാര്‍ ജനങ്ങളുമായി കൂടുതല്‍ അടുക്കാനും സംഘടനാതലനടപടികള്‍ സ്വീകരിക്കാനും സംസ്ഥാനസമിതി തീരുമാനിച്ചു. മുഖ്യമന്ത്രി കൈകാര്യം ചെയ്യുന്ന ആഭ്യന്തരവകുപ്പിനെതിരേയും വിമര്‍ശനങ്ങളുണ്ടെന്നും കോടിയേരി സമ്മതിച്ചു.

കോടിയേരിക്കു പുറകെ ഇക്കാര്യം സമ്മതിച്ച് മുഖ്യമന്ത്രി പിണറായി വിജയനും രംഗത്തെത്തി. മന്ത്രിമാര്‍ മികച്ച പ്രകടനം നടത്തുന്നുവെന്ന അഭിപ്രായം തനിക്കില്ല, കാര്യങ്ങള്‍ കൂടുതല്‍ മെച്ചപ്പെട്ടുവരികയാണ്, മന്ത്രിമാര്‍ക്കു പരിചയക്കുറവുണ്ട്, മുന്നോട്ടുവരുമെന്നാണ് പ്രതീക്ഷ, ഒന്നാം സര്‍ക്കാരും രണ്ടു വര്‍ഷമൊക്കെ എത്തിയപ്പോഴാണ് മികച്ച നിലയിലേക്കു വന്നത്, പാര്‍ട്ടിയുടെ പ്രതീക്ഷയ്ക്കൊത്തു വരണമെന്ന നിര്‍ദേശം ഉള്‍ക്കൊള്ളുന്നു എന്നിങ്ങനെപോയി മുഖ്യമന്ത്രിയുടെ വാക്കുകള്‍.

ചുരുക്കിപറഞ്ഞാല്‍ മന്ത്രിമാരുടെ പരിചയക്കുറവാണ് പ്രശ്‌നമെന്നാണ് മുഖ്യമന്ത്രിയും പാര്‍ട്ടി സെക്രട്ടറിയും പറയുന്നത്. പുതുമുഖങ്ങളെ മിക്കവാറും മന്ത്രിമാരാക്കുമ്പോള്‍ അതു മുന്‍കൂട്ടി കാണാനുള്ള കഴിവ് നേതാക്കള്‍ക്കില്ല എന്നാണോ പറയുന്നത്? ചിലരാകട്ടെ കുറെകൂടി മുന്നോട്ടുപോയി കഴിഞ്ഞ പിണറായി സര്‍ക്കാരിലെ മന്ത്രിമാര്‍ മിടുക്കരാണെന്നും ഇപ്പോഴുള്ളവര്‍ മോശമാണെന്നും പ്രചാരണം നടത്തുന്നുണ്ട്. വാസ്തവത്തില്‍ പുതുമുഖങ്ങളെ മന്ത്രിമാരാക്കുക എന്നത് ശരിയായ തീരുമാനമാണ്. കാരണം സ്ഥിരതയല്ല, മാറ്റമാണ് ജനാധിപത്യത്തിന്റെ അടിത്തറ എന്നതുതന്നെ. വാസ്തവത്തില്‍ മുഖ്യമന്ത്രിയും മാറേണ്ടതായിരുന്നു. എന്നാലതുണ്ടായില്ല. വിഷയം മറ്റൊന്നാണ്. മുഖ്യമന്ത്രിക്കു മുന്നില്‍ തന്റേടത്തോടെ നിവര്‍ന്നു നിന്ന് സ്വന്തം അഭിപ്രായം പറയാന്‍ ധൈര്യമുള്ള മന്ത്രിമാര്‍ കുറവാണ് എന്നതാണത്. അതു സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. എന്നല്‍ പ്രധാന വിഷയം അതുമല്ല. അത് തെരഞ്ഞെടുപ്പു പ്രചാരണവേളയില്‍ തന്നെ സംസ്ഥാനത്ത് വ്യാപകമായി ഉന്നയിക്കപ്പെട്ട ”ഭരണത്തുടര്‍ച്ച”യാണ്.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

രാജഭരണത്തിലും മതഭരണത്തിലും കമ്യൂണിസ്റ്റ് ഭരണത്തിലുമെല്ലാം സര്‍വ്വസാധാരണമായ തുടര്‍ഭരണം ഒരിക്കലും ജനാധിപത്യസംവിധാനത്തിനു അനുയോജ്യമല്ല. കാരണം ഇതില്‍ ജനാധിപത്യത്തില്‍ മാത്രമാണ് ഔപചാരികമായിട്ടെങ്കിലും ജനങ്ങള്‍ തങ്ങളുടെ ഭരണാധികാരികളെ തെരഞ്ഞെടുക്കുന്നുള്ളു. ആര്‍ക്കും ഭരണാധികാരിയാകാവുന്ന സംവിധാനവുമാണത്. ജനങ്ങള്‍ തെരഞ്ഞെടുക്കുന്ന സംവിധാനത്തിന്റെ മുഖമുദ്രതന്നെ മാറ്റമായിരിക്കും. അതില്ലാതാകുന്നു എങ്കില്‍ അതു നല്‍കുന്ന സൂചന സമൂഹത്തില്‍ ജനാധിപത്യമൂല്യങ്ങള്‍ കുറയുന്നു എന്നും സമഗ്രാധിപത്യമൂല്യങ്ങള്‍ കൂടുന്നു എന്നുമാണ്. അത് ഭരണത്തിന്റേയും നിലവാരത്തെ ബാധിക്കും. അതാണ് വാസ്തവത്തില്‍ കേരളത്തിലിപ്പോള്‍ നടക്കുന്നത്. അല്ലാതെ മന്ത്രിമാര്‍ യാത്ര ചെയ്യാത്തതോ പുതുമുഖങ്ങലായതോ അല്ല. മന്ത്രീമര്‍ ഓണ്‍ലൈനിനെ കൂടുതല്‍ ആശ്രയിക്കുന്നു, യാത്രകള്‍ കുറക്കുന്നു എന്ന വിമര്‍ശനവും അടിസ്ഥാനരഹിതമാണ്. ആധുനിക സാങ്കേതിക വിദ്യകളുപയോഗിച്ച് ഭരണത്തെ കൂടുതല്‍ ജനോപകാരവും ആയാസരഹിതവും സുതാര്യവുമാക്കാനാണ് ശ്രമിക്കേണ്ടത്.

ഭരണത്തുടര്‍ച്ച എന്ന മുദ്രാവാക്യം തന്നെ സ്വന്തം പാര്‍ട്ടിക്ക് തുടര്‍ ഭരണം കയ്യാളണം എന്ന താല്‍പ്പര്യത്തിന്റെ പ്രതിഫലനം മാത്രമാണ്. അധികാരമോഹത്തിനപ്പുറം അതിന് യാതൊരുവിധ നൈതിക ധാര്‍മ്മിക രാഷ്ട്രീയ പിന്‍ബലവുമില്ല. തുടര്‍ഭരണം എന്നും സമ്മാനിച്ചിട്ടുള്ളത് ജനവിരുദ്ധതയാണെന്നതാണ് ചരിത്രം. ഏറെകാലത്തെ തുടര്‍ഭരണം നഷ്ടപ്പെടുമോ എന്ന ഭീതിയാലായിരുന്നല്ലോ ഇന്ദിരാഗാന്ധി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. തുടര്‍ഭരണം ഒരു നാടിനെ എങ്ങനെയൊക്കെ നശിപ്പിക്കാം എന്നതിന്റെ മകുടോദാഹരണമാണ് പശ്ചിമബംഗാള്‍. യുപിഎ ഭരണത്തിന്റെ രണ്ടാംഘട്ടം ഏറെ അഴിമതി നിറഞ്ഞതായിരുന്നു എന്നതു മറക്കാറായിട്ടില്ലല്ലോ. അതായിരുന്നു സംഘപരിവാറിനെ അധികാരത്തിലെത്തിക്കുന്നതില്‍ പ്രധാന പങ്കു വഹിച്ചതെന്നും ആര്‍ക്കുമറിയാം. മോദിയുടെതന്നെ രണ്ടാം ഘട്ടത്തിലാണ് കര്‍ഷകബില്ലും പൗരത്വബില്ലും കാശ്മീര്‍ ബില്ലും മറ്റും മറ്റും കൊണ്ടുവന്നത്.

കെട്ടികിടക്കുന്ന ജലം അഴുകും, ഒഴുക്കാണ് ആവശ്യമെന്ന് എല്ലാവര്‍ക്കുമറിയാമല്ലോ. അത് ജനാധിപത്യത്തിനും ബാധകമാണ്. കേരളത്തെ സംബന്ധിച്ചിടത്തോളം ഒരു ഗുണം അതായിരുന്നു. ഏറെക്കുറെ തുല്ല്യശക്തിയുള്ള മുന്നണികള്‍. നിലപാടുകളിലും കാര്യമായ അന്തരമില്ല. അവയുടെ മാറിമാറിയുള്ള ഭരണം. അതിനാണ് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മാറ്റം വന്നത്. അന്നുതന്നെ സംസ്ഥാനത്തെ നിരവധി സാമൂഹ്യ, സാംസ്‌കാരിക പ്രവര്‍ത്തകരും എഴുത്തുകാരും മറ്റും ഈ വിഷയം ചൂണ്ടികാട്ടിയിരുന്നു. അവര്‍ക്കെതിരെ ഇടതുപക്ഷത്തുനിന്ന് ശക്തമായ അക്രമണമാണുണ്ടായത്. എന്നാല്‍ അവര്‍ ആശങ്കപ്പെട്ടതുപോലെ കാര്യങ്ങളെത്തുന്ന ് അവസ്ഥയാണ് സംസ്ഥാനത്ത് രൂപപ്പെടുന്നതെന്ന് പറയാതിരിക്കാനാവില്ല.

വാസ്തവത്തില്‍ ഒരു തെരഞ്ഞെടുപ്പില്‍ സര്‍ക്കാറിനെതിരായി ജനവികാരം രൂപപ്പെടുത്താവുന്ന നിരവധി ഘടകങ്ങള്‍ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഉണ്ടായിരുന്നു. അടിയന്തിരാവസ്ഥയേക്കാള്‍ കൂടുതല്‍ പേര്‍ പൊലീസ് മര്‍ദനങ്ങള്‍ക്കിരയായി കൊലചെയ്യപ്പെട്ട ഒരു കാലയളവാണിത്. രണ്ട് സ്ത്രീകള്‍ ഉള്‍പ്പെടെ എട്ട് പേരെ വ്യാജ ഏറ്റുമുട്ടലുണ്ടാക്കിയും കൊലപ്പെടുത്തിയിരുന്നു. പഴയ കേരളമായിരുന്നെങ്കില്‍ ഇക്കാരണം മാത്രം മതി ഭരണമാറ്റം സംഭവിക്കാന്‍. കേരള പൊലീസ് സംഘ്പരിവാറിന്റെ ആജ്ഞാനുവര്‍ത്തികളായ കാലമാണ് കഴിഞ്ഞുപോയത്. നിരവധി അഴിമതി ആരോപണങ്ങളും ആ സര്‍ക്കാറിന്റെ കാലത്തുണ്ടായി. മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി പോലും പദവി ദുരുപയോഗത്തിന്റെ പേരില്‍ ജയിലിലടക്കപ്പെട്ടു. സ്പ്രിംഗ്‌ളര്‍, ബ്രൂവറി, ഡാറ്റാ ചോര്‍ച്ച മുതല്‍ കടല്‍ വില്‍പന വരെയുള്ള സര്‍ക്കാര്‍ പദ്ധതികളിലെ അഴിമതി കേരളം കയ്യോടെ പിടികൂടിയതാണ്. എതിര്‍ക്കുന്നു എന്നവകാശപ്പെടുന്ന കോര്‍പ്പറേറ്റ് നയങ്ങള്‍ തന്നെയാണ് നടപ്പാക്കിയത്. വികസനത്തിന്റെ ഇരകളെ ശക്തിയുപയോഗിച്ച് അടിച്ചമര്‍ത്തുകയും ചെയ്തു. സ്ത്രീ സുരക്ഷ എത്രമാത്രം അപകടത്തിലാണെന്ന് പാലത്തായിയും വാളയാറും് പറഞ്ഞുതന്നു. അടിസ്ഥാന ജനവിഭാഗങ്ങളുടെ ഭൂഅവകാശത്തെ അട്ടിമറിച്ചു. ഹാരിസണ്‍ പോലെ കോര്‍പറ്റുകള്‍ കൈവശം വെച്ചിരിക്കുന്ന ഭൂമി തിരി്ചചുപിടിക്കാന്‍ നടപടിയെടുത്തില്ല എന്നുമാത്രമല്ല, അതിന് എല്ലാ ഒത്താശയും ചെയ്തുകൊടുത്തു.

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഇതെല്ലാമുണ്ടായിട്ടും തുടര്‍ഭരണം .യാഥാര്‍ത്ഥ്യമാകാനുള്ള പ്രധാനകാരണം പ്രളയത്തിന്റേയും കൊവിഡിന്റേയും കാലത്ത് വളരെ ഊര്‍ജ്ജസ്വലമായി പ്രവര്‍ത്തിച്ചു എന്ന പ്രതീതി സൃഷ്ടിക്കാനായതാണ്. അതിനായിരുന്നു ലക്ഷങ്ങള്‍ വരുമാനമുള്ളവര്‍ക്കുപോലും കിറ്റുകള്‍ നല്‍കിയത്. പിണറായിയെ ശക്തനും കാരുണ്യാവനുമായ ദൈവത്തെപോലെ അവതരിപ്പിക്കാനും അവര്‍ക്കായി. അങ്ങനെയാണ് ജനാധിപത്യത്തിനു ഗുണകരമല്ലാത്ത തുടര്‍ഭരണം യാഥാര്‍ത്ഥ്യമായത്. അതിന്റെ സ്വാഭാവികമായ പരിണതിയാണ് ഇപ്പോള്‍ കാണുന്നത്. കോണ്‍ഗ്രസ്സുമായി താരതമ്യം ചെയ്യുമ്പോള്‍ സിപിഎമ്മിനെ സംബന്ധിച്ചിടത്തോളം മറ്റൊരു വിഷയവും കൂടിയുണ്ട്. അത് ജനാധിപത്യസംവിധാനത്തോടുള്ള കമ്യൂണിസ്റ്റുപാര്‍ട്ടികളുടെ നിലപാടുമായി ബന്ധപ്പെട്ടതാണ്. പഴയകാലം പോകട്ടെ ഇപ്പോള്‍ പോലും കമ്യൂണിസ്‌റ്റെന്ന് അവകാശപ്പെടുന്ന റഷ്യയും ചൈനയും വടക്കന്‍ കൊറിയയുമടക്കമുള്ള രാജ്യങ്ങളില്‍ നിലനില്‍ക്കുന്നത് ഒരേ പാര്‍ട്ടിയുടെ മാത്രമല്ല, നേതാവിന്റെ തന്നെ ഭരണമാണ്. ്അതാകട്ടെ മിക്കപ്പോഴും കുടുംബപരമായാണ് കൈമാറ്റപ്പെടുന്നത്. ഇവിടെ ജനാധിപത്യമായതിനാലും കേരളം ഒരു സംസ്ഥാനം മാത്രമായതിനാലും അതു നടക്കില്ല എ്ന്നുമാത്രം അപ്പോഴും അതാണ് തങ്ങളുടെ ലക്ഷ്യമെന്ന് മിക്കപ്പോഴുമവര്‍ പറയാതെ പറയുന്നു. യുഡിഎഫ് ഭരിക്കുമ്പോള്‍ ശക്തമായ പ്രക്ഷോഭങ്ങള്‍ നടത്തിയിരുന്ന ഡ്ിവൈഫ്‌ഐ അടക്കമുള്ള പാര്‍ട്ടിയുടെ പോഷകസംഘടനകളാകട്ടെ രാജസ്തുതിക്കാരും സന്നദ്ധപ്രവര്‍ത്തകരമായി മാറിയിരിക്കുന്നു എന്നതും ഇതോടൊപ്പം കൂട്ടിവായിക്കേണ്ടതാണ്.

ചുരുക്കിപറഞ്ഞാല്‍ വിഷയം മന്ത്രിമാരുടെ വൈയക്തികപ്രശ്‌നങ്ങളല്ല, രാഷ്ട്രീയം തന്നെയാണ്. ഒരര്‍ത്ഥത്തില്‍ മുഖ്യമന്ത്രിയും അതു മനസ്സിലാക്കിയെന്നുവേണം കരുതാന്‍. തുടര്‍ ഭരണം നല്‍കിയ ജനങ്ങളോട് പ്രതിബദ്ധത വേണമെന്നും വിനയം കൈവിടരുതെന്നും അണികളോട് അദ്ദേഹം നിര്‍ദ്ദേശിച്ചതിനു കാരണം അതാകണമല്ലോ. അത്രയും നല്ലത്. എന്നാല്‍ തുടക്കത്തില്‍ പറഞ്ഞപോലെ മാറ്റമാണ് ജനാധിപത്യത്തിന്റെ ജീവവായു എന്ന അടിസ്ഥാനവിഷയം തന്നെയാണ് ഇവിടെ പ്രസക്തമാകുന്നത്. ജനങ്ങള്‍ എപ്പോഴും ജാഗരൂകരാകണമെന്നും.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: The Critic | Tags: , , , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply