ട്രക്കുകളുടെ നീക്കത്തിന് പാരാമിലിറ്ററി ഫോഴ്‌സിനെ നിയോഗിക്കണം

ഈ വേളയിലും അവശ്യവസ്തുക്കളുടെ വിതരണം കൃത്യമായി നടക്കുന്നല്ലെങ്കില്‍ വെളുക്കാന്‍ തേച്ചത് പാണ്ടാകുന്ന അവസ്ഥായാകും ഉണ്ടാകുക. മറ്റൊരുപാട് വിഷയങ്ങളുണ്ടെങ്കിലും ചുരുങ്ങിയ പക്ഷം അവശ്യസാധനങ്ങള്‍ കൃത്യമായി ലഭിക്കുകയും ഭക്ഷണത്തിനെങ്കിലും ക്ഷാമം നേരിടാതിരുന്നാല്‍ മാത്രമേ ലോക് ഡൗണ്‍ വിജയിക്കുന്നതിനെ കുറിച്ച് ചിന്തിക്കാന്‍ പോലുമാവൂ. എന്നാല്‍ ചില വെല്ലുവിളികള്‍ ആ രംഗത്തുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

കൊറോണ വൈറസിന്റെ വ്യാപനത്തെ ചെറുക്കുന്നതിന് ലോക് ഡൗണ്‍ അനിവാര്യം തന്നെ. എന്നാല്‍ ഈ വേളയിലും അവശ്യവസ്തുക്കളുടെ വിതരണം കൃത്യമായി നടക്കുന്നല്ലെങ്കില്‍ വെളുക്കാന്‍ തേച്ചത് പാണ്ടാകുന്ന അവസ്ഥായാകും ഉണ്ടാകുക. മറ്റൊരുപാട് വിഷയങ്ങളുണ്ടെങ്കിലും ചുരുങ്ങിയ പക്ഷം അവശ്യസാധനങ്ങള്‍ കൃത്യമായി ലഭിക്കുകയും ഭക്ഷണത്തിനെങ്കിലും ക്ഷാമം നേരിടാതിരുന്നാല്‍ മാത്രമേ ലോക് ഡൗണ്‍ വിജയിക്കുന്നതിനെ കുറിച്ച് ചിന്തിക്കാന്‍ പോലുമാവൂ. എന്നാല്‍ ചില വെല്ലുവിളികള്‍ ആ രംഗത്തുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. അതിലേറ്റവും പ്രധാനം കര്‍ണ്ണാടക അതിര്‍ത്തി റോഡുകള്‍ മണ്ണിട്ട് മൂടിയതാണ്. എന്തധികാരത്തിലാണവര്‍ അതു ചെയ്തതെന്ന് വ്യക്തമല്ല. നൂറുകണക്കിന് ട്രക്കുകളുടെ യാത്രയാണ് അതുവഴി മുടങ്ങി കിടക്കുന്നത്. ഉപഭോക്തൃസമൂഹമായ കേരളത്തെ ഇത് എത്രമാത്രം ബാധിക്കുമെന്ന് പ്രത്യകിച്ച് പറയേണ്ടതില്ലല്ലോ. അല്ലെങ്കില്‍തന്നെ കേരളത്തിലെത്തുന്ന ട്രക്കുകളുടെ എണ്ണം പകുതയേക്കാള്‍ കുറഞ്ഞിട്ടുണ്ട്. കേരളത്തില്‍ മാത്രമല്ല, മറ്റു പല സംസ്ഥാനങ്ങളിലും ഈ പ്രശ്‌നമുണ്ടെന്നാണ് അറിവ്. കേരളത്തില്‍ നിന്നു കൈതച്ചക്കയുമായി പോയ വണ്ടികള്‍ മഹാരാഷ്ട്രയില്‍ കുടുങ്ങി കിടക്കുന്നതായും റിപ്പോര്‍ട്ട് കണ്ടു.

ഇത്തരമൊരു സാഹചര്യത്തിലും അവശ്യസാധനങ്ങള്‍ ലക്ഷ്യത്തിലെത്തിക്കേണ്ട ഉത്തരവാദിത്തം ട്രക്കുടമകളുടേയും ഡ്രൈവര്‍മാരുടേതുമാണെന്നതാണ് കൗതുകകരം. ഈ യുദ്ധസമാന സാഹചര്യത്തില്‍ ജനങ്ങള്‍ക്ക് അവശ്യ വസ്തുക്കളെത്തിക്കാനുള്ള ഉത്തരവാദിത്തം സര്‍ക്കാരിന്റേതാണ്. അതിനാല്‍ തന്നെ ഈ ട്രക്കുകള്‍ ലക്ഷ്യസ്ഥാനങ്ങളിലെത്തിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തന്നെ രംഗത്തിറങ്ങണം. അതിനായി പാരാ മിലിറ്ററി ഫോഴ്‌സിനെ രംഗത്തിറക്കണം. അവരുടെ സംരക്ഷണത്തില്‍ കോണ്‍വോയ് അടിസ്ഥാനത്തില്‍ രാജ്യത്തെമ്പാടുമുള്ള ചരക്കുഗതാഗതം സാധ്യമാക്കണം. അല്ലാത്തപക്ഷം ഇതിനു പുറകെയെത്തുക അവശ്യവസ്തുക്കളുടെയടക്കം വന്‍ക്ഷാമമായിരിക്കും. അതിനെ നേരിടുക കൊറോണയെ നേരിടുന്നതിനേക്കാള്‍ ബുദ്ധിമുട്ടായിരിക്കും എന്നു പ്രത്യകിച്ചു പറയേണ്ടതില്ലല്ലോ.

ക്ഷാമം വന്നാല്‍ എന്താണു സംഭവിക്കുക എന്നതിന്റെ ചെറിയ സൂചനകളാണ് കഴിഞ്ഞ ദിവസങ്ങളില്‍ ഡെല്‍ഹിയിലും പായിപ്പാട്ടും നമ്മള്‍ കണ്ടത്. കേവലം നാലു മണിക്കൂര്‍ സമയം മാത്രം നല്‍കി, കേന്ദ്രം പ്രഖ്യാപിച്ച സമ്പൂര്‍ണ്ണ ലോക് ഡൗണാണ് ഡെല്‍ഹിയില്‍ നിന്നുള്ള വന്‍ പലായനത്തിനു കാരണമായത്. ഇത്തരമൊരു നടപടിയുടെ സൂചന സര്‍ക്കാരിനു നേരത്തെ നല്‍കാമായിരുന്നു. എങ്കില്‍ ആ പാവങ്ങള്‍ക്ക് എന്തെങ്കിലുമൊക്കെ സംഭരിച്ചു വെക്കാമായിരുന്നു. മാത്രമല്ല, അവരെ ജോലിക്കെടുത്തിരിക്കുന്ന വന്‍കിട കമ്പനികള്‍ക്കും സര്‍ക്കാരുകള്‍ക്കും ഇക്കാര്യത്തില്‍ ഉത്തരവാദിത്തമുണ്ടെന്ന് പ്രഖ്യാപിക്കണമായിരുന്നു. കേന്ദ്രം സ്വന്തം ഉത്തരവാദിത്തം നിര്‍വ്വഹിക്കുകയും സംസ്ഥാനങ്ങളോട് അവരുടെ ഉത്തരവാദിത്തങ്ങള്‍ വിശദീകരിച്ചു കൊടുക്കുകയും ചെയ്യണമായിരുന്നു. അതൊന്നുമുണ്ടായില്ല. ഈ കൊടുംവേനലില്‍ നഗരത്തിലെ ചേരികളിലെ കൊച്ചുമുറികളില്‍ നിരവധി പേര്‍ ഭക്ഷണം പോലും കിട്ടുമെന്നുറപ്പില്ലാതെ കെട്ടികിടക്കുന്നതിനേക്കാള്‍ ഭേദം കിലോമീറ്ററുകള്‍ നടന്നാലും സ്വന്തം നാട്ടിലും വീട്ടിലും എത്തുകയാണെന്നവര്‍ ധരിച്ചതില്‍ കുറ്റം പറയാനാകില്ല. സോഷ്യല്‍ ഡിസ്റ്റന്‍സിനെ കുറിച്ച് ഏറെ പറയുമ്പോഴും എത്രമാത്രം അപകടകരമാണ് ഈ പാലായനങ്ങള്‍ എന്നതു തിരിച്ചറിഞ്ഞ് വേണ്ട നടപടികള്‍ സ്വീകരിക്കുന്നതില്‍ കേന്ദ്രസര്‍ക്കാരിനു വന്ന വീഴ്ചയാണ് ഇതിന്റെ അടിസ്ഥാന കാരണം.

അതുപോലെ തന്നെ കൊറോണയെ നേരിടാന്‍ പല നടപടികളും സ്വീകരിക്കുമ്പോഴും ഇതരസംസ്ഥാന തൊഴിലാളികളുടെ വിഷയത്തില്‍ കേരള സര്‍ക്കാരിനും വീഴ്ച വന്നിട്ടുണ്ടെന്ന് പറയാതിരിക്കാനാവില്ല. അതാണ് പായിപ്പാട്ട് കണ്ടത്. എല്ലാവര്‍ക്കും ഭക്ഷണം നല്‍കുമെന്ന പ്രഖ്യാപനം ഇപ്പോഴും കൃത്യമായി നടപ്പാക്കപ്പെടുന്നില്ല. ഇവരെ വാടകക്കു താമസിപ്പിക്കുന്നവര്‍ ഭക്ഷണം നല്‍കണമെന്ന് പുറയുന്നത് എത്രയോ അശാസ്ത്രീയമാണ്. ഇപ്പോഴത്തെ കമ്യൂണിറ്റി കിച്ചന്‍ സംവിധാനം അപര്യാപ്തമാണെങ്കില്‍ സ്‌കൂളുകളിലേയും കല്ല്യോണമണ്ഡപങ്ങളിലേയും അടുക്കളകളില്‍ ഭക്ഷണം തയ്യാറാക്കി ഇവര്‍ക്കെത്തിക്കണം. അതിനുള്ള ഭക്ഷ്യവസ്തുക്കള്‍ സര്‍ക്കാര്‍ ലഭ്യമാക്കണം. എന്നാല്‍ ഇതരസംസ്ഥാന തൊഴിലാളികളുടെ കൃത്യമായ കണക്കുപോലും തൊഴില്‍ വകുപ്പിന്റെ കൈവശമില്ല. പിന്നെയല്ലേ ക്ഷേമപദ്ധതികള്‍? കൊച്ചുകൊച്ചുമുറികളില്‍ എട്ടു പത്തും പേര്‍ പുറത്തിറങ്ങാതെ കഴിയുക എന്നതും പ്രായോഗികമാണോ? എങ്ങനെയാണ് അവിടെ സോഷ്യല്‍ ഡിസ്റ്റന്‍സിംഗ് സാധ്യമാകുക. ഭക്ഷണം പോലും കൃത്യമായി കിട്ടുന്നില്ല എന്നു മാത്രമല്ല, പുറത്തിറങ്ങിയാല്‍ പോലീസ് ഓടിക്കുന്ന അവസ്ഥ. ഈ സാഹചര്യമുണ്ടാക്കുന്ന ഭയത്തില്‍ നിന്നും ഭാവിയെ കുറിച്ചുള്ള ആശങ്കയില്‍ നിന്നുമാണ് ഡെല്‍ഹിയെപോലെതന്നെ ഇവിടേയും അവര്‍ പുറത്തിറങ്ങിയത്. അപകടകരമായ ഈ സ്ഥിതിവിശേഷം ആവര്‍ത്തിക്കാതെ, ഇവരുടെ ഭക്ഷണത്തിനും താമസത്തിനും അടിയന്തിര നടപടികള്‍ സ്വീകരിക്കാനാണ് ഈയവസരത്തില്‍ സര്‍ക്കാര്‍ തയ്യാറാകേണ്ടത്.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Be the first to write a comment.

Leave a Reply