ആഭ്യന്തരവകുപ്പും നിയമ – ഭരണ സംവിധാനങ്ങളും ലജ്ജിപ്പിക്കുന്നു

ഒരു സംശയവുമില്ല, സമീപകാലത്ത് കേരളം കണ്ട ഏറ്റവും മോശമായ ഒന്നായി ആഭ്യന്തര വകുപ്പ് മാറിയിരിക്കുന്നു. വകുപ്പ് കയ്യാളുന്ന മുഖ്യമന്ത്രിക്കും ഐ ജിയടക്കം പറഞ്ഞപോലെ അദ്ദേഹത്തിന്റെ ഓഫീസിനും നേരെ തന്നെയാണ് ആരോപണം നീങ്ങുന്നത്. ഒന്നാമത് മുപ്പതില്‍പരം വകുപ്പുകള്‍ കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി തന്നെ ആഭ്യന്തരവകുപ്പ് കൈകാര്യം ചെയ്യുന്ന സംവിധാനം തന്നെ മാറ്റണം. ഏറ്റവും പ്രധാനമായ ഈ വകുപ്പ് കൈകാര്യം ചെയ്യാന്‍ മുഴുവന്‍ സമയ മന്ത്രി അനിവാര്യമാണ്. തുടര്‍ന്ന് പോലീസിന്റേയും മറ്റു ഭരണസംവിധാനങ്ങളുടേയും സമ്പൂര്‍ണ്ണമായ ഉടച്ചുവാര്‍ക്കലിനും തയ്യാറാകണം.

കേരളപോലീസിന്റെയും നിയമസംവിധാനങ്ങളുടേയും ഭരണസംവിധാനങ്ങളുടേയും വ്യത്യസ്ഥ മുഖങ്ങളാണ് കഴിഞ്ഞ ദിവസങ്ങളില്‍ നമ്മള്‍ കണ്ടത്. നിയമവിരുദ്ധമായി പോലീസ് നടത്തിയ ഏറ്റുമുട്ടല്‍ കൊലകള്‍ക്കെതിരെ പ്രതികരിച്ച 90 കഴിഞ്ഞ ഗ്രോ വാസുവിനെ ഏഴുവര്‍ഷത്തിനു ശേഷം അറസ്റ്റ് ചെയ്ത് റിമാന്റ് ചെയ്തതും എത്രയോ കാലമായി ചര്‍ച്ച ചെയ്യുന്ന വിഷയങ്ങളുമായി ബന്ധപ്പെട്ട് നടപടികളെടുത്തിരുന്നെങ്കില്‍ ഒഴിവാക്കാമായിരുന്ന ഒരു അഞ്ചുവയസുകാരിയുടെ ദാരുണമായ കൊലപാതകവും മകളെ മാപ്പ് എന്ന പോലീസിന്റെ കുമ്പസാരവും സംഭവിച്ചത് കഴിഞ്ഞ ദിവസമാണ്. അതിനു തൊട്ടുമുമ്പ് കണ്ണൂരില്‍ നടക്കുന്ന കൊലവിളികള്‍ കണ്ടില്ലെന്നു നടിക്കുന്ന പോലീസ് ആഭ്യന്തര – മുഖ്യമന്ത്രി സംസാരിക്കുമ്പോള്‍ മൈക്കുണ്ടാക്കിയ സാങ്കേതിക വിഷയത്തില്‍ കേസെടുത്തതും കേരളം കണ്ടു. ഐ ജി ലക്ഷ്മണ്‍ ആരോപിച്ച പോലെ മുഖ്യമന്ത്രിയുടെ ഓഫീസില്‍ അദൃശ്യകരങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടോ? Gro Vasu’s Arrest and Aluva Girl’s Tragic End: The Home Department and the legal and administrative systems of Kerala are shameful

2016 ല്‍ നിലമ്പൂര്‍ കരുളായി വനമേഖലയില്‍ വെച്ച് മാവോയിസ്റ്റുകളായ കുപ്പു ദേവരാജ് എന്ന വൃദ്ധനേയും, അജിത എന്ന സ്ത്രീയെയും വ്യാജ ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തിയ സംഭവം മറക്കാറായിട്ടില്ലല്ലോ. മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കാന്‍ പോലും പോലീസ് വിസമ്മതിച്ചു എത്രയും വേഗം ശവമെടുത്ത് കൊണ്ടുപോകാന്‍ ആക്രോശിച്ച് കൂപ്പു ദേവരാജന്റെ സഹോദരന്റെ കുപ്പായത്തില്‍ പിടിച്ചു ഭീഷണിപ്പെടുത്തിയ അന്നത്തെ അസിസ്റ്റന്റ് പോലീസ് കമ്മീഷണര്‍ പ്രേമദാസന്റെ നടപടിയും നാം കണ്ടു. പിന്നീട് അട്ടപ്പാടിയിലും വയനാട്ടിലും മറ്റും സമാന സംഭവങ്ങള്‍ ആവര്‍ത്തിച്ചു. അത്തരേന്ത്യയിലും മറ്റും പതിവുള്ളപോലെ കീഴടങ്ങുന്നതിനെ കുറിച്ചുള്ള ചര്‍ച്ചകള്‍ നടക്കുമ്പോഴാണ് അട്ടപ്പാടിയിലെ കൊലകള്‍ നടന്നത്. ഒരിടത്തും മാവോയിസ്റ്റുകള്‍ പോലീസിനെ അക്രമിച്ചിട്ടില്ല. ഏറ്റുമുട്ടല്‍ നടന്നിട്ടുമില്ല. അരനൂറ്റാണ്ടുമുമ്പ് വര്‍ഗ്ഗീസിനെ സമാനമായ രീതിയില്‍ വെടിവെച്ചുകൊന്നതിനു ശേഷം കേരളത്തില്‍ ഇത്തരത്തിലുള്ള സംഭവം ആവര്‍ത്തിച്ചത് പിണറായി വിജയന്‍ ആഭ്യന്തരവകുപ്പ് ഏറ്റെടുത്തതിനുശേഷം മാത്രമാണ്. ആ സംഭവത്തില്‍ പതിറ്റാണ്ടുകള്‍ക്കുശേഷം ഐ ജി ലക്ഷ്മണ ശിക്ഷിക്കപ്പെട്ടത് മറക്കാറായിട്ടില്ലല്ലോ. പോലീസിന്റെ മനോവീര്യത്തിന്റെ പേരുപറഞ്ഞാണ് പിണരായി വിജയന്‍ ഈ നടപടികളെ ന്യായീകരിച്ചത്. ഉത്തരേന്ത്യയിലും മറ്റും നടക്കുന്ന വ്യാജേറ്റുമുട്ടല്‍ കൊലകളേയും ഭരണകൂട ഭീകരതയേയും വിമര്‍ശിക്കുന്നവരാണ് കേരളം ഭരിക്കുന്നത് എന്നതും ഓര്‍ക്കേണ്ടതാണ്. പോലീസിന്റെ നടപടികളില്‍ പ്രതിഷേധമുണ്ടെങ്കില്‍ അവര്‍ക്കെതിരെ മുദ്രാവാക്യം വിളിക്കാനുള്ള സ്വാതന്ത്ര്യം ഈ നാട്ടിലുണ്ട്. ആരെങ്കിലും തങ്ങള്‍ക്കെതിരെ ശബ്ദിച്ചാല്‍ ഉടനെത്തന്നെ കൃത്യനിര്‍വ്വഹണം തടസപ്പെടുത്തിയെന്നും public order നു ഭീഷണിയായെന്നും നിയമവിരുദ്ധമായി സംഘം ചേര്‍ന്നെന്നുമൊക്കെപ്പറഞ്ഞു കേസെടുക്കുന്നത് എല്ലാത്തരം പ്രതിഷേധങ്ങളെയും ഇല്ലാതാക്കാനാണ്. ഇതാണ് മോദിയും യോഗിയും ചെയ്യുന്നത്.

നിലമ്പൂരില്‍ നടന്ന വെടിവെപ്പ് വ്യാജ ഏറ്റുമുട്ടലാണെന്നും ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് വാസുവേട്ടനടക്കമുള്ളവര്‍ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു. സമാധാനപരമായി പ്രതിഷേധിക്കാനും അതിനുവേണ്ടി സംഘം ചേരാനുമുള്ള അവകാശം ഇന്ത്യന്‍ ഭരണഘടനാ പൗരന്മാര്‍ക്ക് നല്‍കുന്ന മൗലികാവകാശമാണ്. സിപിഐ സെക്രട്ടറി കാനമമടക്കമുള്ളവര്‍ ഇതേ ആവശ്യമുന്നയിച്ചിരുന്നു. മാവോയിസ്റ്റ് വേട്ടയുടെ പേരില്‍ കേന്ദ്രത്തില്‍ നിന്നു വന്‍തുക അടിച്ചെടുക്കാനുള്ള നീക്കമാണിതെന്നു കാനം ആരോപിച്ചു. ആ പ്രകടനത്തിന്റെ പേരിലാണ് പോലീസ് വാസുവേട്ടനെതിര േെകസെടുത്തത്. പിന്നീട് സംഭവത്തില്‍ മജിസ്‌ട്രേറ്റ് തല അന്വേഷണം നടത്താന്‍ മുഖ്യമന്ത്രി ഉത്തരവിടകയും ചെയ്തു. എന്നിട്ടാണ് പോലീസിന്റെ ഈ നടപടി. ജാമ്യത്തില്‍ പൊയ്‌ക്കോളൂ എന്ന് കോടതി പറഞ്ഞപ്പോള്‍ അതു വേണ്ട എന്ന് തീരുമാനിച്ചത് വാസുവേട്ടന്‍ തന്നെയാണ്. കേസുമായി ബന്ധപ്പെട്ട രേഖകളില്‍ ഒപ്പുവക്കില്ല, പിഴ അടക്കാനും തയ്യാറല്ല എന്നാണ് വാസുവേട്ടന്‍ കോടതിയെ അറിയിച്ചത്. കുറ്റം ചെയ്‌തോ എന്ന് കോടതിയുടെ ചോദ്യത്തിന് പ്രതിഷേധം അറിയിക്കുകയാണ് ചെയ്തത് എന്നായിരുന്നു മറുപടി. നിയമവിരുദ്ധമായ കേസ് പിന്‍വലിക്കാനാണ് അദ്ദേഹം ആവശ്യപ്പെട്ടത്.

ആലുവയില്‍ നടന്ന ഭീകരവും ദാരുണവുമായ സംഭവത്തില്‍ പോലീസിനോ ഭരമസംവിധാനങ്ങള്‍ക്കോ ഒരു പങ്കുമില്ലെന്നും കഴിയുന്നത്ര വേഗത്തില്‍ പ്രതിയെ പിടി കൂടിയെന്നുമുള്ള മന്ത്രിമാരടക്കമുള്ളവരുടെ ന്യായീകരണം കാണുന്നുണ്ട്. കേള്‍ക്കുമ്പോള്‍ ശരിയെന്നു തോന്നുന്ന വാദം. എന്നാല്‍ കുറ്റവാളികളെ പിടി കൂടുന്നതു മാത്രമല്ല, കുറ്റങ്ങളുണ്ടാകുന്ന സാഹചര്യങ്ങള്‍ ഇല്ലാതാക്കുന്നതു കൂടി ഭരണകൂടത്തിന്റെ ഉത്തരവാദിത്തമാണ്. അതില്‍ വലിയ വീഴ്തചയുണ്ടെന്നു തന്നെയാണ് ഈ സംഭവം വ്യക്തമാക്കുന്നത്. മൂന്നു പ്രധാന വിഷയങ്ങള്‍ ഇതുമായി ബന്ധപ്പെട്ട് ഉയര്‍ന്നു വരുന്നുണ്ട്. കേരളത്തിലെത്തുന്ന ഇതര സംസ്ഥാനതൊഴിലാളികളെ കുറിച്ചുള്ള എന്തെങ്കിലും വിശദാംശങ്ങള്‍ സര്‍ക്കാരിന്റെ കൈവശമുണ്ടോ, സംസ്ഥാനത്ത് മയക്കുമരുന്നടക്കമുള്ള ലഹരിവസ്തുക്കളുടെ നിയമവിരുദ്ധമായ ഉപയോഗത്തെ നിയന്ത്രിക്കാനാവുന്നുണ്ടോ, നമ്മുടെ മാര്‍ക്കറ്റുകളിലും നഗരങ്ങളിലും മറ്റു പൊതുസ്ഥലങ്ങളിലുമുള്ള dark spots എന്നു വിശേഷിപ്പിക്കപ്പെടുന്ന മേഖലകളെ ഇല്ലാതാക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ടോ തുടങ്ങിയവയൊക്കെയാണ് പ്രധാന ചോദ്യങ്ങള്‍. ഇവയൊന്നും ഈ സംഭവത്തോടെ ഉയര്‍ന്നു വന്ന പുതിയ വിഷയങ്ങളാണ്. ഏറെ കാലമായി നിലനില്‍ക്കുന്ന വിഷയങ്ങളാണ്. എന്നാലവയിലൊന്നും സക്രിയമായി ഇടപെടാന്‍ ഭരണകൂടത്തിനായിട്ടില്ല എന്നതാണ് വസ്തുത.

ഈ സംഭവത്തിന്റെ പേരില്‍ ഇതരസംസ്ഥാന തൊഴിലാളികളെ അടച്ചാപേക്ഷിക്കുന്ന പ്രവണത കാണുന്നുണ്ട്. അതു ശരിയല്ല. എല്ലാ സമൂഹങ്ങളിലും കുറ്റവാളികളുണ്ട്. എന്നാല്‍ കേരളത്തില്‍ ജീവിക്കുന്ന ഏതൊരാളെ കുറിച്ചുമുള്ള മിനിമം വിവരങ്ങള്‍ സര്‍ക്കാരിന്റെ ഏതെങ്കിലും രേഖകളില്‍ ഉണ്ടാകുമല്ലോ. അഥവാ ഉണ്ടാകണമല്ലോ. എന്നാല്‍ ഇതരസംസ്ഥാനത്തൊഴിലാളികളുടെ കാര്യത്തില്‍ വലിയ വീഴ്ചയാണ് നിലനില്‍ക്കുന്നത്. സര്‍ക്കാര്‍ കണക്കനുസരിച്ച് അഞ്ചുലക്ഷം പേര്‍ മാത്രമാണ് ഇവിടെയുള്ളതത്രെ… ഈ തൊഴിലാളികളില്‍ കൊടുംകുറ്റവാളികള്‍ ഉണ്ടെങ്കിലും കണ്ടെത്താനുള്ള ഒരു സംവിധാനവുമില്ല. ഈ കൊലയാളി രണ്ടുദിവസം മുമ്പാണ് ആലുവയിലെത്തിയത് എന്നു പോലീസ് പറയുമ്പോള്‍ രണ്ടമാസമായി അയാളെ കാണുന്നുണ്ടെന്നും തികച്ചും സാമൂഹ്യവിരുദ്ധനാണ് അയാളെന്നും നാട്ടുകാര്‍ പറയുന്നതു തന്നെ ഉദാഹരണം. ഇതരസംസ്ഥാനതൊഴിലാളികള്‍ക്കെതിരെ പ്രത്യേക നിയമമൊന്നും പ്രയോഗിക്കരുത്. മറിച്ച് മറ്റുള്ളവര്‍ക്കു ബാധകമായ നിയമങ്ങളേ വേണ്ടൂ. അയാളെ വിട്ടുതരൂ, ഞങ്ങള്‍ ശരിയാക്കാം എന്നൊക്കെയുള്ള ആക്രോശങ്ങള്‍ ജനാധിപത്യ സംവിധാനത്തില്‍ അനുയോജ്യമല്ല. വാസ്തവ്തതില്‍ കേരളം ഇന്നു നിലനില്‍ക്കുന്നതു തന്നെ ഇതര സംസ്ഥാന തൊഴിലാളികളുടെ സാന്നിധ്യം കൊണ്ടാണ്. എന്നാല്‍ തൊഴിലിനുപോകുമ്പോള്‍ അവരുടെ മക്കള്‍ക്ക് സുരക്ഷയൊരുക്കാനുള്ള നടപടികളൊന്നും നാം സ്വീകരിച്ചിട്ടില്ല. ഏതൊരു കുഞ്ഞിന്റേയും ഉത്തരവാദിത്തം സ്‌റ്റേറ്റിനാണ് എന്നതു മിക്കപ്പോഴും നമ്മള്‍ മറക്കുന്നു. ഇക്കാര്യങ്ങളിലൊക്കെ നിലനില്‍ക്കുന്ന വന്‍പരാജയങ്ങള്‍ ഈ സംഭവത്തിനു കാരണമാണ്.

ഏറെ ചര്‍ച്ച ചെയ്യപ്പെടുന്ന ഒന്നാണ് മയക്കുമരുന്നുപയോഗം. അക്കാര്യത്തില്‍ മലയാളി യുവാക്കളംു മോശമില്ല. ഇതരസംസ്ഥാനതൊഴിലാളികളിലെ ഒരു വിഭാഗവും അതിനടിമകളാണ്. എല്ലാവരും അങ്ങനെയല്ല എന്നതിനു തെളിവാണ് കുഞ്ഞിനെ നഷ്ടപ്പെട്ട ആ കുടുംബം. എന്തായാലും മയക്കുമരുന്നടക്കമുള്ള ലഹരി ഉപയോഗത്തെ തടയുന്ന കാര്യത്തില്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ പരാജയമാണ്. അതുമായി ബന്ധപ്പെട്ടുതന്നെയാണ് പൊതുയിടങ്ങളിലെ ഡാര്‍ക്ക് സ്‌പോട്ടുകളുടെ വിഷയവും ഉയര്‍ന്നു വരുന്നത്. ഡെല്‍ഹിയില്‍ നിര്‍ഭയ കൊല്ലപ്പെട്ടതും ഇത്തരം ഡാര്‍ക്ക് സ്‌പോട്ടിലാണ്. ഇക്കാരണങ്ങള്‍ കൊണ്ടൊക്കെ ഈ അറുംകൊലയില്‍ നമ്മുടെ ഭരണസംവിധാനങ്ങള്‍ക്കും പോലീസിനുമൊക്കെ ഉത്തരവാദിത്തമുണ്ട്. കൃത്യമായി പറഞ്ഞാല്‍ കേരളത്തിനു മൊത്തം ഉത്തരവാദിത്തമുണ്ട്. മകളെ മാപ്പ് എന്ന കുമ്പസാരം ഇതിനുള്ള പരിഹാരമല്ല.

മുകളില്‍ സൂചിപ്പിച്ച മറ്റു ചില വിഷയങ്ങളും ഇതോടുകൂടെ പറയാതെ വയ്യ. കഴിഞ്ഞ ദിവസങ്ങളിലായി കണ്ണൂരില്‍ നിന്നു മാത്രമല്ല, കേരളത്തിലെ പല ഭാഗങ്ങലില്‍ നിന്നും കേള്‍ക്കുന്നത് കൊലവിളികളാണ്, ചോര വീഴ്ത്താനുള്ള ആക്രോശങ്ങളാണ. അതാകട്ടെ മിക്കതും ഉന്നത നേതാക്കളില്‍ നിന്ന്. അടുത്ത കാലത്തായി അല്‍പ്പം ശാന്തമായ കേരളരാഷ്ട്രീയം സംഘര്‍ഷഭരിതമാക്കാനുള്ള നീക്കം നടക്കുന്നതായി സംശയിക്കേണ്ടിയിരിക്കുന്നു. എന്നാല്‍ വാസുവേട്ടനെ തുറുങ്കിലടച്ച പോലീസ് ഈ വിഷയത്തില്‍ ഒരു നടപടിയും സ്വീകരിക്കുന്നില്ല. അനിഷ്ടസംഭവങ്ങളുണ്ടാകുമ്പോള്‍ കുമ്പസാരിക്കാനായിരിക്കും ഉദ്ദേശം. അതേസമയം മുഖ്യമന്ത്രിയുടെ മൈക്ക് സാങ്കേതിക പ്രശ്‌നം കാണിച്ചപ്പോള്‍ അതിനെതിരെ കേസെടുത്ത അപഹാസ്യമായ സംഭവവും കേരളം കണ്ടു.

ഒരു സംശയവുമില്ല, സമീപകാലത്ത് കേരളം കണ്ട ഏറ്റവും മോശമായ ഒന്നായി ആഭ്യന്തര വകുപ്പ് മാറിയിരിക്കുന്നു. വകുപ്പ് കയ്യാളുന്ന മുഖ്യമന്ത്രിക്കും ഐ ജിയടക്കം പറഞ്ഞപോലെ അദ്ദേഹത്തിന്റെ ഓഫീസിനും നേരെ തന്നെയാണ് ആരോപണം നീങ്ങുന്നത്. ഒന്നാമത് മുപ്പതില്‍പരം വകുപ്പുകള്‍ കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി തന്നെ ആഭ്യന്തരവകുപ്പ് കൈകാര്യം ചെയ്യുന്ന സംവിധാനം തന്നെ മാറ്റണം. വി എസ് മുഖ്യമന്ത്രിയായിരുന്നപ്പോള്‍ കോടിയേരിയും ഉമ്മന്‍ ചാണ്ടിയുടെ കാലത്ത് ചെന്നിത്തലയുമായിരുന്നല്ലോ ആഭ്യന്തരം കൈകാര്യം ചെ.യ്തത്,. ഏറ്റവും പ്രധാനമായ ഈ വകുപ്പ് കൈകാര്യം ചെയ്യാന്‍ മുഴുവന്‍ സമയ മന്ത്രി അനിവാര്യമാണ്. അത്തരമൊരു തീരുമാനമെടുക്കുകയാണ് ആദ്യം വേണ്ടത്. തുടര്‍ന്ന് പോലീസിന്റേയും മറ്റു ഭരണസംവിധാനങ്ങളുടേയും സമ്പൂര്‍ണ്ണമായ ഉടച്ചുവാര്‍ക്കലിനും തയ്യാറാകണം. അതിനുള്ള രാഷ്ട്രീയ ആര്‍ജ്ജവം സര്‍ക്കാരിനും എല്‍ഡിഎഫിനുമുണ്ടോ എന്നതാണ് പ്രസക്തമായ ചോദ്യം.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: The Critic | Tags: , , , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply