മുതുകിലെ മറുകും നെഞ്ചത്തെ മുറിവും മലപ്പുറത്തുകാരുടെ തിരിച്ചറിയല്‍ അടയാളങ്ങളാണ്

ആര്‍ എസ് എസുകാരുടെ മലപ്പുറം വിരോധം ഇന്നോ ഇന്നലേയോ തുടങ്ങിയതല്ല. ഗാന്ധിവധത്തെ തുടര്‍ന്ന് വിചാരണ നേരിട്ട ഗോഡ്‌സേ കോടതിയില്‍ നടത്തിയ കോടതിയില്‍ നടത്തിയ ‘ചരിത്രപരമായ’ പ്രസ്താവനയില്‍ തന്നെ മലപ്പുറം വിരോധമുണ്ടായിരുന്നു. മലപ്പുറത്ത് മുസ്ലിംങ്ങള്‍ ഹിന്ദുക്കളെ കൊന്നൊടുക്കുന്ന എന്ന കള്ളമാണ് അന്ന് ഗോഡ്‌സെ കോടതിയില്‍ വിളിച്ചു പറഞ്ഞത്. നിങ്ങളിത്രയുംകാലം കൊട്ടിഘോഷിച്ചതിന്റെ ഫലമായി മലപ്പുറത്ത് ജീവിക്കുന്ന ഹിന്ദുക്കളാരും നാഗ്പൂരിലെ സംഘിസങ്കേതത്തിനുമുന്നില്‍ അഭയാര്‍ത്ഥികളായി ചെന്നിട്ടില്ലെന്നോര്‍ക്കണം.

തിരുവാഴാംകുന്നിലെ ആനവധത്തെ ആസ്പദമാക്കി ഒരു മലപ്പുറം വിരുദ്ധ ആട്ടക്കഥ രചിക്കാനും ദേശീയാടിസ്ഥാനത്തില്‍ ആടിത്തിമര്‍ക്കാനുമുള്ള സംഘപരിവാറുകാരുടെ അജണ്ടക്കുള്ളില്‍ അകൈതവമായ മൃഗസ്‌നേഹമാണുള്ളതെന്ന് സാമാന്യബുദ്ധിയുള്ളവരാരും ധരിക്കാനിടയില്ല. ഈ കൊവിഡ് കാലത്തുപോലും പരസ്പരം കൊമ്പുകോര്‍ക്കുന്ന എല്‍ഡിഎഫും യുഡിഎഫും മേനകാഗാന്ധി കഥയും തിരകഥയുമെഴുതി ബിജെപിക്കാര്‍ക്ക് സമര്‍പ്പിച്ച ഈ ‘ആനക്കാര്യത്ിനെതിരെ’ ഒറ്റകെട്ടായി അണിനിരന്നത് അതുകൊണ്ടായിരിക്കാം. കേന്ദ്രം ഭരിക്കുന്ന ബിജെപി സര്‍ക്കാരിന് കൊവിഡ് മാനേജ്‌മെന്റിനേറ്റ കനത്ത പരാജയത്തെ മൂടിവെക്കാനുള്ള ഒരുപായമാണിതെന്ന് വ്യാഖ്യാനിക്കുന്നതിലും ഭരണ – പ്രതിപക്ഷകക്ഷികള്‍ ഒറ്റകെട്ടാണ്. കേരളത്തെ അവഹേളിക്കാന്‍ കച്ചമുറുക്കുന്ന സംഘി സര്‍സഞ്ചാലകര്‍ക്കെതിരെ ഇങ്ങനെയൊരു ഐക്യം രൂപപ്പെടുന്നത് ഒരു നല്ലകാര്യമാണെങ്കിലും മനേകാഗാന്ധി മലപ്പുറത്തുകാരെ ഉന്നം വെച്ചെറിഞ്ഞ ഈ ‘സംഘിപടക്ക’ത്തിന്റെ തീയും പൊരികളും മലപ്പുറത്തുകാരുടെ നെഞ്ചില്‍ ഇനിയും ഉണങ്ങാതെ കിടക്കുന്ന മുറിവുകളില്‍ ചെന്നു വീഴുന്നതും അതിന്റെ നീറ്റലില്‍ അവര്‍ അസ്വസ്ഥാരാകുന്നതും കാണാതിരിക്കുന്നത് ശരിയല്ല.

ആന മനുഷ്യനെ കൊല്ലുന്നതും മനുഷ്യന്‍ ആനയെ കൊല്ലുന്നതും പുതിയ സംഭവമൊന്നുമല്ല. ഗര്‍ഭിണിയായ ആനയോട് ചെയ്ത ക്രൂരകൃത്യത്തെ ഒരു തരത്തിലും ന്യായീകരിക്കാനാവില്ല. മനുഷ്യര്‍ മൃഗങ്ങളുടെ വാസസ്ഥലങ്ങലിലേക്കും മൃഗങ്ങള്‍ മനുഷ്യരുടെ വാസസ്ഥലങ്ങലിലേക്കും കടന്നുകയറ്റങ്ങള്‍ നടത്തുമ്പോള്‍ നടത്തുമ്പോള്‍ ഇരുകൂട്ടരും പാലിക്കേണ്ട ‘യുദ്ധമര്യാദ’കളെ കുറിച്ചും നമുക്ക് ചര്‍ച്ച ചെയ്യാന്‍ നിവൃത്തിയില്ല. മനുഷ്യര്‍ മനുഷ്യരോട് പാലിക്കേണ്ട യുദ്ധമര്യാദകള്‍ പോലും ലംഘി്ക്കപ്പെടുന്ന ഇക്കാലത്ത് പരാക്രമം മൃഗങ്ങളോടല്ല വേണ്ടൂ, അഥവാ മൃഗങ്ങളോടെങ്കിലും കരുണ ചെയ്യൂ എന്ന് ഉദ്‌ബോധിപ്പിക്കുന്നതുകൊണ്ട് പ്രയോജനമുണ്ടായേക്കാം. മനുഷ്യര്‍ക്കിടയില്‍ ഒളിച്ചിരിക്കുന്ന മൃഗീയതയുടെ കയ്പാടുകളെ കുറിച്ച് ഓര്‍മ്മപ്പെടുത്താനെങ്കിലും അതുപകാരപ്പെട്ടേക്കാം. എന്നാല്‍ മനേകാഗാന്ധി അങ്ങനെയുള്ള സദുദ്ദേശങ്ങള്‍ കൊണ്ട് സര്‍വ്വാംഗവിഭൂഷിതയായ ഒരു മൃഗസ്‌നേഹിയാണെന്ന് ജീവിച്ചിരിക്കുന്നവരോ മരിച്ചുപോയവരോ ആയ ഒരു കാട്ടുമൃഗവും അവകാശപ്പെടുമെന്ന് തോന്നുന്നില്ല. ആനകളുടെ കാര്യം തന്നെയെടുത്താല്‍ സര്‍ക്കാര്‍ കണക്കനുസരിച്ച് പ്രതിവര്‍ഷം ശരാശരി 80 ആനകളെങ്കിലും കൊല്ലപ്പെടുന്നുണ്ട്. ആനകൊമ്പിനുവേണ്ടി കാടുകയറുന്ന ആനവേട്ടക്കാരാണ് പ്രധാന ഘാതകര്‍. കഴിഞ്ഞ 8 വര്‍ഷത്തിനുള്ളില്‍ 655 ആനകള്‍ കൊല്ലപ്പെട്ടതിന്റെ കണക്ക് സര്‍ക്കാരിന്റെ പക്കലുണ്ട്. ഇതില്‍ ആനവേട്ടക്കുപുറമെ വിഷം തീണ്ടല്‍, വൈദ്യുതിയാഘാതം, ട്രെയിന്‍ അപകടങ്ങള്‍ തുടങ്ങിയ കാരണങ്ങളും ഉള്‍പ്പെടും. മനേകാഗാന്ധി പരിസ്ഥിതിമന്ത്രിയായിരുന്ന കാലത്ത് ഈ കണക്കില്‍ കുറവൊന്നും ഉണ്ടായിരുന്നില്ല. കൊല്ലപ്പെട്ട ഏതെങ്കിലും ആനയുടെ മൃതശരീരത്തില്‍ അവര്‍ റീത്തുവെച്ചിട്ടുണ്ടോ? അങ്ങനെയുള്ള തൂവലുകളൊന്നും മനേകാഗാന്ധിയുടെ തൊപ്പിയില്‍ കാണാത്ത സ്ഥിതിക്ക് ഈ പിടിയാനക്ക് അന്യാപചാരമര്‍പ്പിക്കാനുണ്ടായ ചേതോവികാരം എന്തായിരിക്കും?

ഇതിനുള്ള ഉത്തരം മനേകാഗാന്ധി സോഷ്യല്‍ മീഡിയയില്‍ ചിലച്ചതില്‍ തന്നെ തിരഞ്ഞാല്‍ കിട്ടും. പ്രതിവര്‍ഷം 600 ആനകള്‍ കേരളത്തില്‍ കൊല്ലപ്പെടുന്നു എന്ന കണക്കിന്റെ അടിസ്ഥാനത്തിലാണ് അവരുടെ ധാര്‍മ്മികരോഷം പുറത്തുവരുന്നത്. കേന്ദ്രസര്‍ക്കാരും ബിജെപി നേതാക്കളും ഈ കണക്കുകേട്ട് ഞെട്ടിയിട്ടൊന്നുമില്ല എന്നുറപ്പ്. മനേകാഗാന്ധി കണക്കുകൂട്ടുന്നതെന്താണെന്ന് അവര്‍ക്ക് നന്നായറിയാം. പരിസ്ഥിതി സംരക്ഷണത്തിന്റേയും വന്യമൃഗസ്‌നേഹത്തിന്റേയും കൊടിപിടിച്ചുകൊണ്ട് രാഷ്ട്രീയനേതാവും മന്ത്രിയുമായ ഒരാള്‌ലല മനേകാഗാന്ധിയെന്നറിയാത്തവര്‍ ഇന്ത്യാരാജ്യത്തുണ്ടാവില്ല. അതുകൊണ്ട് കാട്ടിലെത്ര ആനയുണ്ട്, നരിയുണ്ട്, പുലിയുണ്ട്, പുള്ളിമാനുണ്ട്, അവയിലെത്രയെണ്ണം പ്രതിദിനം കൊല്ലപ്പെടുന്നു എന്നൊക്കെയുള്ള കൃത്യമായ കണക്കുകള്‍ ആ മഹതിയുടെ പക്കല്‍ ഉണ്ടാകാനിടയില്ല എന്നൂഹിക്കാവുന്നതേയുള്ളു. സ്വന്തം പ്രിയപുത്രന്‍ വരുണ്‍ഗാന്ധി പ്രതിനിധാനം ചെയ്യുന്ന മണ്ഡലത്തില്‍ വന്യമൃഗങ്ങള്‍ക്കെതിരെ നടന്ന ആള്‍ക്കൂട്ടകൊലപാതകങ്ങളെ കുറിച്ചൊന്നും അവര്‍ അറിഞ്ഞിട്ടുണ്ടാവില്ല. പ്രതിവര്‍ഷം 600 ആനകളെ കേരളം കൊന്നൊടുക്കുന്നു എന്ന പ്രസ്താവന കൊണ്ട് കുപ്രസിദ്ധ ആനവേട്ടക്കാരനായിരുന്ന വീരപ്പന് ശാപമോക്ഷം കിട്ടിയെന്ന് സമാധാനിക്കാം. ബിജെപിക്കതില്‍ വിയോജിപ്പുണ്ടാകാനിടയില്ല. ആനയെയായാലും മനുഷ്യനെയായാലും കൊന്നത് ഹിന്ദുവാണെങ്കില്‍ വിയോജിക്കേണ്ടതില്ലല്ലോ.

മനേകാഗാന്ധിയുടെ ട്വിറ്ററിലെ മറ്റു വിഷയങ്ങളാണ് ബിജെപിക്കാരെ ഹരം പിടിപ്പിക്കുന്നത്. ആന കൊല്ലപ്പെട്ടത് മലപ്പുറത്താണെന്നും മരണകാരണം സ്‌ഫോടകവസ്തുവടങ്ങിയ ഭക്ഷണമാണെന്നും അതേതോ മുസ്ലിം പിള്ളേരുടെ ഗൂഢാലോചനയാണെന്നും ഏതോ ഉത്തരേന്ത്യന്‍ ചാനലില്‍ വന്ന വാര്‍ത്ത സത്യമോ വ്യാജമോ എന്നവര്‍ അന്വേഷിച്ചില്ല, അവര്‍ക്കതിന്റെ ആവശ്യവുമില്ല. മല്പപുറം എന്ന സ്ഥലം ദൈനംദിനം ക്രിമിനല്‍ കുറ്റങ്ങള്‍ കൊണ്ട് മുഖരിതമാണെന്ന മറ്റൊരു വ്യാജനേയും അതില്‍ കൂട്ടികെട്ടി. മനേകാഗാന്ധി തന്റെ യോഗ്യതയോട് നീതിപുലര്‍ത്തിയെന്ന് കേന്ദ്ര ആഭ്യന്തര കാര്യാലയത്തിന് തീര്‍ച്ചയായും അഭിമാനിക്കാവുന്നതാണ്. കേരളം ഭരിച്ച സര്‍ക്കാരുകള്‍ക്കെല്ലാം മലപ്പുറത്തെ പേടിയാണ് എന്ന മേമ്പൊടികൂടി അതില്‍ കൂട്ടിചേര്‍ത്തതോടെ ആര്‍ എസ് എസുകാര്‍ക്ക് വെച്ചുവിളമ്പാവുന്ന ഒരു നല്ല പാചകവിധിയായിരിക്കുന്നു. അത് വിളമ്പികൊടുക്കുന്നതില്‍ ആര്‍ എസ് എസുകാര്‍ക്ക് ഒരു വൈക്ലബ്യവും തോന്നുകയില്ല.

ആര്‍ എസ് എസുകാരുടെ മലപ്പുറം വിരോധം ഇന്നോ ഇന്നലേയോ തുടങ്ങിയതല്ല. ഗാന്ധിവധത്തെ തുടര്‍ന്ന് വിചാരണ നേരിട്ട ഗോഡ്‌സേ കോടതിയില്‍ നടത്തിയ കോടതിയില്‍ നടത്തിയ ‘ചരിത്രപരമായ’ പ്രസ്താവനയില്‍ തന്നെ മലപ്പുറം വിരോധമുണ്ടായിരുന്നു. മലപ്പുറത്ത് മുസ്ലിംങ്ങള്‍ ഹിന്ദുക്കളെ കൊന്നൊടുക്കുന്ന എന്ന കള്ളമാണ് അന്ന് ഗോഡ്‌സെ കോടതിയില്‍ വിളിച്ചു പറഞ്ഞത്. നിങ്ങളിത്രയുംകാലം കൊട്ടിഘോഷിച്ചതിന്റെ ഫലമായി മലപ്പുറത്ത് ജീവിക്കുന്ന ഹിന്ദുക്കളാരും നാഗ്പൂരിലെ സംഘിസങ്കേതത്തിനുമുന്നില്‍ അഭയാര്‍ത്ഥികളായി ചെന്നിട്ടില്ലെന്നോര്‍ക്കണം. ബ്രിട്ടീഷ് മലബാറിലെ ഏറനാടിനേയും വള്ളുവനാടിനേയുമാണല്ലോ ഇന്നു മലപ്പുറമെന്നു വിളിക്കുന്നത്. നിങ്ങള്‍ക്കവകാശപ്പെടാനില്ലാത്ത ഒരു ചരിത്രം ഞങ്ങള്‍ക്കവകാശപ്പെടാനുണ്ട്. സൂര്യനസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രോജ്യത്വത്തോട് ധീരോദാത്തം പടപൊരുതിയ ചരിത്രമാണത്. ഞങ്ങളുടെ മുതുകില്‍ അപകടകാരികള്‍ എന്ന മറുകു കുത്തിയത് ബ്രിട്ടീഷുകാരാണ്. അവരുടെ അഞ്ചാം പത്തികളായിരുന്ന നിങ്ങളുടെ പ്രപിതാക്കള്‍ ഞങ്ങളെ മതഭ്രാന്തരെന്ന് വിളിച്ചവഹേളിച്ചത് മറക്കാന്‍ ചരിത്രം ഞങ്ങള്‍ക്ക് അവസരം തന്നിട്ടില്ല. ബ്രിട്ടീഷുകാര്‍ ഞങ്ങളുടെ നെഞ്ചിലേക്ക് നിറയൊഴിച്ചപ്പോള്‍ ആനന്ദനൃത്തം ചവിട്ടിയവരാണ് നിങ്ങള്‍. ബ്രിട്ടീഷ് സാമ്രാജ്യത്വം നാടുവിട്ടപ്പോള്‍ നിങ്ങളാ കൃത്യം തുടര്‍ന്നു. ആ മുറിപ്പാടുകള്‍ ഇനിയും ഉണങ്ങിയിട്ടില്ല. നിങ്ങളുടെ ചിന്നം വിളി കേള്‍ക്കുമ്പോഴെല്ലാം ഞങ്ങള്‍ക്ക് ചരിത്രത്തിന്റെ ആനപ്പുറത്ത് കയറേണ്ടിവരുന്നത് അതുകൊണ്ടാണ്. ഞങ്ങളെ വാരിക്കുഴിയില്‍ വീഴ്ത്താന്‍ ഇപ്പോള്‍ നിങ്ങള്‍ക്കൊപ്പം പുതിയ സാമ്രാജ്യത്വശക്തികള്‍ രംഗത്തുണ്ടെന്നറിയാം. അതുകൊണ്ടാണ് മുതുകിലെ ആ പഴയ മറുക് ഇപ്പോഴും മായാതെ നില്‍ക്കുന്നത്.

ന്യൂനപക്ഷസമ്മര്‍ദ്ദം കൊണ്ട് കേരളരാഷ്ട്രീയം വീര്‍പ്പുമുട്ടുകയാണെന്ന് ഞങ്ങളെ വിരല്‍ ചൂണ്ടിപറഞ്ഞവരുണ്ട്. കരിമണലിനെതിരെ സമരം ചെയ്തവര്‍ മലപ്പുറത്തെ തീവ്രവാദികളാണെന്ന് പറയുമ്പോള്‍ ഞങ്ങള്‍ ആ മറുകിനെ കുറിച്ചോര്‍ക്കും. കരിമണല്‍ ലോബിയുടെ നേതാവിനെ കളിമണ്‍ വ്യവസായത്തിന്റെ നേതൃസ്ഥാനത്തിരുത്തിയ പാരമ്പര്യമുള്ളവര്‍ തന്നെയാണ് ഇതുപറയുന്നതെന്നോര്‍ത്ത് ഞങ്ങളുടെ കുട്ടികള്‍ പ്രകോപിതരാകും. മലപ്പുറം വിരുദ്ധതയുടെ പുതിയ രൂപങ്ങളെ സാമ്രാജ്യത്വതാല്‍പ്പര്യങ്ങളുടെ പുതിയ താവഴിയുമായി ചേര്‍ത്തുവായിച്ച് ഞങ്ങള്‍ വര്‍ഗ്ഗീയതയുടെ കുഴികളെ ചാടി കടക്കാന്‍ അഭ്യസിച്ചിട്ടുണ്ട്. വാരിയന്‍ കുന്നനും ആലിമുസ്ലിയാരും മാത്രമല്ല എം പി നാരായണമേനോനും ബ്രഹ്മദത്തന്‍ നമ്പൂതിരിയുമെല്ലാം ഞങ്ങളുടെ ചരിത്രനായകരാണെന്ന് നിങ്ങള്‍ സമ്മതിച്ചില്ലെങ്കിലും ഞങ്ങള്‍ തിരിച്ചറിയുന്നുണ്ട്. അതുകൊണ്ട് ഈ സംഘിപടക്കങ്ങളുടെ തീപ്പൊരി വീണ് ഞങ്ങളുടെ കാവുകള്‍ക്കും ക്ഷേത്രങ്ങള്‍ക്കും പള്ളിമിനാരങ്ങള്‍ക്കും തീ പിടിക്കുമെന്ന് ആരും ഭയപ്പെടുത്തില്ല. മുതുകിലുള്ള മറുകിനേയും നെഞ്ചത്തെ മുറിവിനേയും മലപ്പുറത്തിന്‍െ തിരിച്ചറിയല്‍ അടയാളങ്ങളായി ഞങ്ങള്‍ സ്വീകരിച്ചിരിക്കുന്നു.

മനേകാഗാന്ധിയുടെ ‘മൃഗസ്‌നേഹം’ മലപ്പുറം വിരുദ്ധതയുടെ രൂപത്തില്‍ ഫണം വടര്‍ത്തുമ്പോള്‍ മലപ്പുറത്തുള്ളവര്‍ മാത്രം സൂക്ഷിച്ചാല്‍ പോര. ഫാസിസ്റ്റുകളുടെ മൃഗസ്‌നേഹത്തെയാണ് ജീവനുള്ള ഒരോ മനുഷ്യരും ഭയപ്പെടേണ്ടത്. ജാക്കിസ് ദെരിദ പറഞ്ഞതോര്‍ക്കുകയണ്. ഫാസിസ്റ്റുകളുടെ മൃഗസ്‌നേഹവും പ്രകൃതി സ്‌നേഹവുമെല്ലാം വേട്ടക്കാരന് ഇരയോട് തോന്നുന്ന ആസക്തിയില്‍ നിന്നുണ്ടാകുന്നതാണ്. ഒരു കുഞ്ഞിന്റെ തലയില്‍ തലോടുമ്പോഴും വളര്‍ത്തുമൃഗത്തിന്റെ തൊപ്പയില്‍ തഴുകുമ്പോഴും തഴുകുന്ന കൈകള്‍ക്ക് നശിപ്പിക്കാനും സാധിക്കുമെന്ന നിഷ്ഠൂരവും നിഗൂഢവുമായ ഒരു വിചാരം ഫാസിസ്റ്റുകളെ ഉന്മത്തരാക്കും. ഒരാളില്‍ നിന്ന് മറ്റൊരാളിലേക്ക് ഈ സ്‌നേഹപ്രകടനം പരിക്രമിച്ചുകൊണ്ടിരിക്കും. ഇരയുടെ കുറ്റമെന്താണെന്നത് ഫാസിസത്തിന്റെ അക്രമാസക്തിയെ അലട്ടുന്ന പ്രശ്‌നമല്ല. നരഹത്യകള്‍ നടത്തി രക്തത്തിലാറാടി നടക്കുന്നവര്‍ മൃഗസ്‌നേഹം പറഞ്ഞു നമ്മുടെ കരളലിയിക്കാന്‍ നോക്കുമ്പോള്‍ അഡോള്‍ഫ് ഹിറ്റ്‌ലര്‍ ഒരു വലിയെ മൃഗസ്‌നേഹിയായിരുന്നു എന്ന കാര്യം മറക്കാതിരിക്കാം.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Politics | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply