ഭൂഗോളം കുലുങ്ങുകയാണ്: കൊറോണയുടെ സന്ദര്‍ഭം

പ്രൊഫ. മൈക്കിള്‍ ചൊസുഡോവ്‌സ്‌കിയുടെ അഭിപ്രായത്തില്‍ പരശ്ശതം കോടി ഡോളര്‍ മൂല്യമുള്ള ആഗോളതലത്തിലുള്ള ഒരു നിര്‍ബന്ധിത വാക്‌നിനേഷന്‍ പ്രോഗ്രാമിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്. ജനുവരി 21-24 ലെ ഡാവോസ് സാമ്പത്തിക ഫോറത്തില്‍ ഇതിനുള്ള രഹസ്യ ധാരണയായിട്ടുണ്ടെന്നും അതിന് ചുവടു പിടിച്ചാണ് ലോകാരോഗ്യസംഘടനയുടെ ഡയറക്ടര്‍ ഫെബ്രുവരി പകുതിയോടെ പദ്ധതിക്ക് പിന്തുണയുമായി എത്തിയതെന്നുമാണ് ചൊസുഡോവ്‌സ്‌കിയുടെ നിഗമനം.

ഇന്‍ഡ്യയിലെന്നല്ല, ലോകത്തെവിടെയും കോവിഡ്-19 വ്യാപനം നിയന്ത്രിക്കുന്നതിന് നിലവിലുള്ള ഏക വഴി അടച്ചുപൂട്ടല്‍, ലോക്ക്ഡൗണ്‍ മാത്രമാണ്. ചൈനയാണ് അനുഭവം. പക്ഷേ വൈകുംതോറും ലോക്ക്ഡൗണിന്റെ ഫലസിദ്ധി കുറയും. ഇറാനിയന്‍ ആരോഗ്യമന്ത്രിയുടെ വാക്കുകളാണ് ഇക്കാര്യത്തില്‍ ഏറ്റവും അനുയോജ്യം. സാര്‍സ് കോവ്-2 (SARS CoV-2) ഒരു ജനാധിപത്യ രോഗാണുവാണ്. മനുഷ്യരാശിയെ അത് രണ്ടായി പകുക്കുന്നു. രോഗാണു ബാധിച്ചവരും ബാധിക്കാനിരിക്കുന്നവരും. സര്‍ക്കാരുകള്‍ പറയുന്നത് കേള്‍ക്കുകയും നിങ്ങളുടെ പ്രാദേശിക ‘ആശ’വര്‍ക്കറുടെ നിര്‍ദ്ദേശങ്ങള്‍ അനുസരിക്കുകയുമാണ് ഈ സമയത്തെ പ്രാഥമിക ഉത്തരവാദിത്വം. പരക്കെ അറിയപ്പെടുന്ന രോഗലക്ഷണങ്ങള്‍ക്കൊപ്പം ഇതുകൂടി ശ്രദ്ധിക്കുക: നിങ്ങള്‍ക്ക് രുചിയും മണവും ഒറ്റയടിക്ക് നഷ്ടപ്പെട്ടതായി തോന്നുന്നുണ്ടോ? നിങ്ങള്‍ സ്വയം സംസര്‍ഗ നിഷേധത്തിലേക്ക് വലിയുക. ആരോഗ്യ പ്രവര്‍ത്തകരെ ബന്ധപ്പെടുക. മണം നഷ്ടപ്പെടുന്നതിനുള്ള മരുന്ന്, കോര്‍ട്ടിക്കോ സ്റ്റെറോയിഡ്, കോവിഡ് രോഗാണുവിനെ ശക്തിപ്പെടുത്തുകയാണ് ചെയ്യുക. ഇത് അപകടകാരിയാണ്, കാരണം നമുക്കിതിനെ അറിയില്ല

കുറച്ചുദിവസം മുമ്പു വരെ എന്റെ ധാരണ കോവിഡ്-19 നെക്കുറിച്ച് എനിക്ക് സാമാന്യം അറിവുണ്ടെന്നായിരുന്നു. എന്റെ അറിവിന്റെ തുച്ഛത ഇപ്പോഴെനിക്ക് ബോധ്യമാവുന്നു. വവ്വാലുകളുമായി ദശലക്ഷം സംവത്സരങ്ങളുടെ സഹവാസമുള്ള ഈ വൈറസ് നമ്മളെ കണ്ടെത്തിയിട്ട് നൂറ്റിച്ചില്വാനം ദിവസങ്ങളെ ആയിട്ടുള്ളൂ. വിചാരിക്കുന്നതിലും വേഗത്തിലാണതിന്റെ രൂപാന്തരീകരണമെന്നതും പ്രശ്‌നമാണ്. അതിന്റെ വ്യാപനത്തിന്റെയും പ്രത്യാഘാതങ്ങളുടേയും തോതും രീതിയും രാജ്യങ്ങളും പ്രദേശങ്ങളുമനുസരിച്ച് മാറിക്കൊണ്ടുമിരിക്കുന്നു.

ചൈനയുടെ സുതാര്യതയില്ലായ്മ

വവ്വാലുകളില്‍ നിന്നും മനുഷ്യരിലേക്കുള്ള വൈറസ് വ്യാപനം ചൈന പഠിച്ചില്ല. വ്യാപനത്തിന്റെ പ്രഭവകേന്ദ്രമായി പരിഗണിക്കുന്ന വന്യജീവി മാര്‍ക്കറ്റില്‍ പോകാത്തയാളാണ് ആദ്യത്തെ രോഗബാധിതനെന്നതും ശ്രദ്ധേയം. അമേരിക്കന്‍ മിലിട്ടറി കൊണ്ടുവന്ന രോഗാണുവാണെന്ന ആരോപണവും ചൈനയില്‍ നിന്നുമുയര്‍ന്നു. ചൈനയുടെ വിവരശേഖരം കാര്യക്ഷമമല്ല എന്നാണ് എന്റെ നിരീക്ഷണം. എണ്ണൂറ് ദശലക്ഷം വരുന്ന നഗരവാസികളാണ് അവരുടെ വിവരങ്ങളുടെ ആധാരം. ഈ നഗരവാസികളുടെ കാര്യത്തില്‍തന്നെ ഹുബെയ് ഒഴികെയുള്ള ചൈനയിലെ മുപ്പത് പ്രവിശ്യകളില്‍ ദശലക്ഷത്തിന് ഇരുപത് എന്നതായിരുന്നു രോഗബാധത്തോത്. ഹുബെയ് പ്രവിശ്യയില്‍, വുഹാന്‍ ഒഴികെയുള്ള പ്രദേശത്തെ സാംക്രമിക നിരക്ക് ദശലക്ഷത്തിന് 330 ആയിരുന്നു. വുഹാന്‍ നഗരത്തിലാവട്ടെ ദശലക്ഷത്തിന് 8300ഉം. വുഹാന്‍ നഗരവും ഹുബെയ് പ്രൊവിന്‍സും കര്‍ശനമായ സമ്പര്‍ക്ക നിരോധനത്തിലായിരുന്നു. ചൈനയുടെ ഇതര ഭാഗങ്ങളിലാവട്ടെ നിയന്ത്രണങ്ങള്‍ അത്ര കടുപ്പമായിരുന്നില്ല. ചൈനയുടെ ഡാറ്റയില്‍ സങ്കീര്‍ണ്ണതകള്‍ വേറെയുമുണ്ട്. ഇറ്റലിയിലെ സാംക്രമിക നിരക്ക് ദശലക്ഷത്തിന് ആയിരമാണ്. കോവിഡ് ബാധിതമായ 30 രാജ്യങ്ങളെങ്കിലും ചൈനയെക്കാള്‍ കൂടുതല്‍ സാംക്രമിക നിരക്ക് രേഖപ്പെടുത്തുന്നു. ഹുബെയ് പ്രവിശ്യ ഒഴിച്ചു നിര്‍ത്തിയാല്‍ ഇറ്റലിയെ അപേക്ഷിച്ച് നാലിലൊന്ന് മാത്രമാണ് ചൈനയില്‍ സാംക്രമിക നിരക്ക്.

വിവരശേഖരത്തിന്റെ പ്രാധാന്യം

ചൈനയില്‍, വിശേഷിച്ചും വുഹാനില്‍, ധാരാളം മരുന്നുകളുടെയും പ്രതിരോധ വാക്‌സിനുകളുടേയും പരീക്ഷണങ്ങള്‍ ഇപ്പോള്‍ നടക്കുകയാണ്. വുഹാനില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്തതില്‍ നാല്പതു ശതമാനം കേസുകളും ലബോറട്ടറി പരിശോധനയില്‍ വൈറസ് ബാധിതരല്ലെന്നാണ് വെളിപ്പെട്ടത്. കോവിഡ്-19 ഉം സാര്‍സും (SARS) മെര്‍സും (MERC) തമ്മില്‍ രോഗലക്ഷണങ്ങളിലെ അന്തരം നേരിയതാണെന്നതും ശ്രദ്ധേയം. പരീക്ഷിക്കപ്പെടുന്ന മരുന്നുകള്‍ യഥാര്‍ത്ഥ കോവിഡ്-19 ബാധിതരില്‍തന്നെയാണോ അതോ സമാന രോഗലക്ഷണമുള്ളവരിലാണോ പ്രയോഗിക്കുന്നതെന്ന് എങ്ങനെ സ്ഥിരീകരിക്കും? ഈ വൈറസ് ബാധയെ തുടക്കത്തില്‍ വേണ്ടത്ര ഗൗരവത്തില്‍ കാണാതിരിക്കുന്നതിലേക്ക് ഈ ലേഖകനടക്കം ഒട്ടനവധി ഗവേഷകരെ പ്രേരിപ്പിച്ചത് ചൈനയുടെ വിവരശേഖരത്തിലെ കൃത്യതയില്ലായ്മയാണ്.

ചികിത്സയുടെ ഘടകങ്ങള്‍

കോവിഡ്-19 അടക്കം എല്ലാത്തരം ന്യൂമോണിയ രോഗങ്ങള്‍ക്കും രണ്ടു തലത്തിലുള്ള ചികിത്സയാണുള്ളത്. രോഗിയുടെ ജീവന്‍ നിലനിര്‍ത്താനായി വെന്റിലേറ്ററോ റെസ്പിരേറ്ററോ ഒക്കെ വഴിയുള്ള ഓക്‌സിജന്‍ നല്‍കലാണ് ഒരു തലം. അതുപക്ഷേ, രോഗാണു വളര്‍ച്ചയെ തടുക്കുന്നില്ല. രോഗശരീരത്തില്‍ അതിന്റെ കോളനികള്‍ വളര്‍ന്നുകൊണ്ടിരിക്കും. ഒന്നുകില്‍ ആ വളര്‍ച്ച തനിയെ നശിക്കണം. അല്ലെങ്കില്‍ മരുന്നു കൊണ്ട് വൈറസുകള്‍ നശിക്കണം. കോവിഡ്-19 ന്റെ കാര്യത്തില്‍ സാര്‍സ് കോവ്-2 (SARS Cov-2) എന്ന വൈറസിനെ നശിപ്പിക്കുന്ന ആ മരുന്നിനിയും കണ്ടെത്തിയിട്ടില്ല. സ്വാഭാവികമായി വൈറസിന്റെ വളര്‍ച്ച നില്ക്കുന്നതിന്റെ കാരണമോ പ്രക്രിയയോ ഇനിയും വ്യക്തമല്ല താനും.

രോഗത്തിന്റെ വിവിധ ഭാവങ്ങള്‍

നേരിയ, മിതമായ രോഗബാധ : 81 ശതമാനം കേസുകള്‍ ഈ വിഭാഗത്തില്‍പെടുന്നു. നേരിയ പനി, വരണ്ട ചുമ, തൊണ്ടവേദന, മൂക്കടപ്പ്, തലവേദന, പേശീവേദന, പൊതുവായ അസ്വസ്ഥത തുടങ്ങിയ ലക്ഷണങ്ങള്‍. ഗൗരവതരമായ ന്യൂമോണിയ ലക്ഷണങ്ങള്‍ ഇല്ല. വീട്ടിലിരിക്കുക. ആരോഗ്യകരമായ ഭക്ഷണം കഴിക്കുക, വേണമെങ്കില്‍ യോഗയും ചെയ്‌തോളൂ.

ഗൗരവതരമായ രോഗബാധ : 14 ശതമാനം കേസുകള്‍ ഈ ഗണത്തില്‍പ്പെടാം. ശ്വാസതടസ്സമാണ് പ്രധാന ലക്ഷണം. ആശുപത്രി വാസം വേണ്ടി വന്നേക്കാം. ഗുരുതരാവസ്ഥയിലേക്ക് വഴുതുന്നതിന് തടയിടാന്‍ പ്രത്യേകിച്ചും.

ഗുരുതരാവസ്ഥ : 5 ശതമാനം രോഗികള്‍ ഈ ഗണത്തില്‍പെടാം. ശ്വാസതടസ്സം ഗുരുതരാവസ്ഥയിലാവുന്നു. അണുബാധമൂലമുള്ള രക്തസമ്മര്‍ദ്ദക്കുറവ്, വിവിധ അവയവങ്ങളുടെ പ്രവര്‍ത്തന സ്തംഭനം/ (Multiple Organ failure) ഒക്കെ സംഭവിക്കാം. പക്ഷെ ഓര്‍ക്കുക, ഈ അഞ്ചു ശതമാനം പേരിലും പകുതിയോളം രോഗികള്‍ രക്ഷപ്പെടുന്നതായാണ് കണക്കുകള്‍. ചൈനയില്‍ രേഖപ്പെടുത്തപ്പെട്ടിട്ടുള്ള മരണങ്ങളെല്ലാം തന്നെ ഈ വിഭാഗത്തില്‍ നിന്നുമായിരുന്നു.

നമ്മുടെ വെല്ലുവിളിയിതാണ്: ആരെയാണ് രോഗം ഗൗരവതരമായോ ഗുരുതരമായോ ബാധിക്കുക എന്ന കാര്യത്തില്‍ നിഗമനങ്ങള്‍ സാധ്യമല്ല.

ചൈനയുടെ മരണ നിരക്ക് വിശ്വസിക്കാമെങ്കില്‍ ആധുനിക വൈദ്യവും ചൈനീസ് പരമ്പരാഗത വൈദ്യവും തമ്മിലുള്ള ചാര്‍ച്ചയുടെ വിജയമായിക്കൂടി അതിനെ കാണേണ്ടി വരും. അലോപ്പതി വൈദ്യവും പരമ്പരാഗത വൈദ്യവും ഒരുമിച്ചു നിന്നാണ് ചൈനയില്‍ പ്രശ്‌നത്തെ നേരിട്ടത്. ധാരാളം പരമ്പരാഗത മരുന്നുകളുടെ ഫലസിദ്ധിയെക്കുറിച്ച് ഔദ്യോഗിക റിപ്പോര്‍ട്ടുകള്‍ ചൈന പുറത്തു വിടുന്നുണ്ട്. മാധ്യമങ്ങളും അതിന് നല്ല പ്രചാരം കൊടുക്കുന്നു. ബ്രിട്ടീഷ് മെഡിക്കല്‍ ജര്‍ണല്‍ (BMJ), ജേര്‍ണല്‍ ഓഫ് അമേരിക്കന്‍ മെഡിക്കല്‍ അസ്സോസിയേഷന്‍ (JAMA) പോലുള്ള ആധുനിക വൈദ്യശാസ്ത്ര പ്രസിദ്ധീകരണങ്ങളിലൊന്നും അവ പ്രത്യക്ഷപ്പെടുന്നില്ലെന്നു മാത്രം. അലോപ്പതി ചികിത്സാരീതിക്ക് ഒരു മരുന്ന് നിര്‍ദ്ദേശിക്കാനില്ലാത്ത സാഹചര്യത്തില്‍ എല്ലാ ചികിത്സാരീതികളേയും പ്രതിരോധത്തിലും അന്വേഷണങ്ങളിലും പങ്കാളികളാക്കുകയാണ് വേണ്ടത്. ഇന്‍ഡ്യയിലും കേരളത്തിലും ഈ സഹകരണത്തിന് വലിയ പ്രാധാന്യമുണ്ട്.

പ്രതിരോധ മരുന്നുകള്‍

കോവിഡ്-19 നെതിരെയുള്ള വാക്‌സിന്റെ വിത്തുകള്‍ വവ്വാലുകളും വുഹാനിലെ ആ വന്യജീവിമാംസ മാര്‍ക്കറ്റും ചിത്രത്തില്‍ തെളിയുന്നതിനു മുന്നെ വിതക്കപ്പെട്ടിരുന്നോ? (ബോക്‌സ് കാണുക). 2020 ജനുവരി മാസത്തിന്റെ തുടക്കത്തില്‍ തന്നെ, റിപ്പോര്‍ട്ടു ചെയ്യപ്പെട്ട കേസുകള്‍ നൂറില്‍ താഴെ നില്‍ക്കുമ്പോള്‍, ലോകാരോഗ്യ സംഘടനയും വാക്‌സിനെക്കുറിച്ച് സംസാരിച്ചു തുടങ്ങി. നിലവിലുള്ള മാനദണ്ഡങ്ങള്‍ പ്രകാരം ഒരു വാക്‌സിന്‍ അംഗീകരിക്കപ്പെടാന്‍ പതിനെട്ടു മാസം വേണം. വാക്‌സിന്‍ തന്‍മാത്രയെ വേര്‍തിരിച്ചെടുത്ത് അത് റിവ്യൂ ചെയ്യണം. പിന്നെ മൃഗങ്ങളിലെ പരീക്ഷണം, അതിന് ശേഷം മനുഷ്യനില്‍ പരീക്ഷണം. കുറെ കാന്‍ഡിഡേറ്റ് തന്മാത്രകള്‍ വേര്‍തിരിക്കപ്പെട്ടിട്ടുണ്ട്. പക്ഷെ പരീക്ഷണ മൃഗങ്ങള്‍ ലഭ്യമല്ല. പരീക്ഷണയോഗ്യമായ എലികള്‍ വേണ്ടത്ര ലഭ്യമാവാന്‍ തന്നെ ഏപ്രില്‍ -മേയ് മാസമാവും. പരീക്ഷണ സന്നദ്ധരായ മനുഷ്യര്‍ക്ക് ക്ഷാമമില്ല. ഗേറ്റ്‌സ് ഫൗണ്ടേഷന്‍ ഫണ്ട് ചെയ്യുന്ന ഒരു ബയോടെക് കമ്പനി വാഷിംഗ്ടണില്‍ മനുഷ്യ പരീക്ഷണം തുടങ്ങിയതായി റിപ്പോര്‍ട്ടുണ്ട്. ചൈനയും കുരങ്ങുകളിലെ പരീക്ഷണത്തിനു ശേഷം മനുഷ്യ പരീക്ഷണത്തിലേക്ക് കടന്നുവെന്ന റിപ്പോര്‍ട്ടുകളുണ്ട്.

പ്രൊഫ. മൈക്കിള്‍ ചൊസുഡോവ്‌സ്‌കിയുടെ അഭിപ്രായത്തില്‍ പരശ്ശതം കോടി ഡോളര്‍ മൂല്യമുള്ള ആഗോളതലത്തിലുള്ള ഒരു നിര്‍ബന്ധിത വാക്‌നിനേഷന്‍ പ്രോഗ്രാമിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്. ജനുവരി 21-24 ലെ ഡാവോസ് സാമ്പത്തിക ഫോറത്തില്‍ ഇതിനുള്ള രഹസ്യ ധാരണയായിട്ടുണ്ടെന്നും അതിന് ചുവടു പിടിച്ചാണ് ലോകാരോഗ്യസംഘടനയുടെ ഡയറക്ടര്‍ ഫെബ്രുവരി പകുതിയോടെ പദ്ധതിക്ക് പിന്തുണയുമായി എത്തിയതെന്നുമാണ് ചൊസുഡോവ്‌സ്‌കിയുടെ നിഗമനം.

ഓര്‍ക്കേണ്ടത് ഇത്

വൈറസുമായി സാമീപ്യ സമ്പര്‍ക്കമുണ്ടായവരെയെല്ലാം വൈറസ് ബാധിക്കുന്നില്ല. ചിലരെ മൃദുവായി ബാധിക്കുന്നു. ചിലത് ഗൗരവതരമായ ബാധയാവുന്നു. ഗുരുതരമായി രോഗം വന്നവരും അതീവ ഗുരുതരാവസ്ഥയിലെത്തിയവരും വരെ ഏറെപ്പേര്‍ രക്ഷപ്പെടുന്നു. ചിലര്‍ അടിപ്പെടുന്നു. കോവിഡ്-19 ന്റെ അപ്രവചനീയതകളാണിവ. നമുക്ക് ധാരണയായിട്ടില്ലാത്ത കാര്യങ്ങള്‍. 24ഃ7 പ്രക്ഷേപണത്തിലൂടെ പേടി ജനിപ്പിക്കുന്ന മാധ്യമങ്ങള്‍ ആശ്രയിക്കുന്നത് വസ്തുതകളെ അല്ലെന്ന് സാരം.

നമ്മളെല്ലാം, വവ്വാലും പൂച്ചയും പശുവും മനുഷ്യനും മഹത്തായ ജൈവവ്യൂഹങ്ങളാണ്. അനേക കോടി വൈറസുകളേയും ബാക്ടീരിയയേയും പൂപ്പലുകളേയും ദൃഷ്ടിയില്‍പെടാത്ത സസ്യങ്ങളേയും മൃഗങ്ങളേയും വരെ പേറി നടക്കുന്നവര്‍. നമുക്ക് ഗുണകരമായതും ദോഷകരമായതുമായ ചുരുക്കം ചിലവയെ മാത്രം തിരിച്ചറിയാനായിട്ടുണ്ട്. പക്ഷെ ഈ മൈക്രോ-നാനോ സംഘാതത്തിലെ ഭൂരിഭാഗത്തേയും നമുക്കറിഞ്ഞേ കൂടാ. ഒന്നറിയാം, വലിയ സമ്മര്‍ദ്ദത്തിലാവുന്ന മൃഗങ്ങള്‍, ജീവികള്‍ തങ്ങള്‍ വഹിക്കുന്ന സൂക്ഷ്മാണുക്കളെ പുറന്തള്ളും. നമ്മുടെ വളര്‍ത്തു ജീവികള്‍ക്കാവട്ടെ, വന്യജീവികള്‍ക്കാവട്ടെ ഇത്തരം സമ്മര്‍ദ്ദം വര്‍ദ്ധിപ്പിക്കുന്ന ചെയ്തികളില്‍ നിന്നും വിട്ടുനില്‍ക്കുകയാണ് നമുക്ക് ചെയ്യാവുന്ന കാര്യം; വ്യക്തികളെന്ന നിലക്ക്, സമൂഹമെന്ന നിലക്ക്. കാലാവസ്ഥ വ്യതിയാനം മനുഷ്യ ചെയ്തികളുടെ നേരിട്ടുള്ള പ്രതിഫലനമാണെന്നതെങ്കിലും തര്‍ക്കമറ്റ കാര്യമാണല്ലോ. മൃഗങ്ങളില്‍ നിന്നും മനുഷ്യരിലേക്ക് പകരുന്ന സൂനോട്ടിക് (Zoonotic) രോഗങ്ങള്‍ കാലാവസ്ഥാ വ്യതിയാനത്തിന്റെ സാഹചര്യത്തില്‍ വര്‍ദ്ധിതമാവാനാണിട.

ചില വെള്ളിവെളിച്ചങ്ങളും

വൈറസിനോട് നന്ദി പറയണമെന്ന് പറയുന്നവരുമുണ്ടെന്ന് മറക്കരുത്. ചൈനയിലെ കോവിഡ്-19 വ്യാപനത്തെക്കുറിച്ചുള്ള എന്റെ ആദ്യത്തെ പ്രബന്ധം വായിച്ചിട്ട് ഇറ്റലിക്കാരനായ സൈബര്‍ ഡെക്യൂരിറ്റി സയന്റിസ്റ്റ് ഡോ.കെന്നത്ത് ഓക്‌റെഫോര്‍ എനിക്കെഴുതി: ”ഭൂഗോളം കുലുങ്ങുകയാണ്. ഈ കുലുക്കത്തിനുശേഷം ലോകത്തിനൊരിക്കലും പഴയതുപോലെയാവാന്‍ കഴിയില്ല. കുറച്ചുകൂടി സഹിഷ്ണുതയുള്ള, പാരിസ്ഥിതിക വിവേകമുള്ള, മെച്ചപ്പെട്ട ഒരു ലോകക്രമമാവും ഇതിനുശേഷം ഉരുവപ്പെടുക.”

(കടപ്പാട് – പാഠഭേദം)

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: International | Tags: , , , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply