സ്വാതന്ത്ര്യസമരത്തിന് തുടര്‍ച്ച വേണം

(നിര്‍ഭയമായി ജീവിക്കാനുള്ള അവകാശമാണ് സ്വാതന്ത്ര്യം എന്ന മുദ്രാവാക്യം ഉയര്‍ത്തി എന്‍ എ പി എ എം ആരംഭിച്ച ആസാദി@75 ദേശീയ കാമ്പയിന്‍ ഉദ്ഘാടനം ചെയ്ത് എം.എന്‍.കാരശ്ശേരി നടത്തിയ പ്രഭാഷണം. തയ്യാറാക്കിയത്: കുസുമം ജോസഫ്. കടപ്പാട് – അന്തര്‍ധാര)

എന്താണ് ആഗസ്ത് 9ന്റെ വിശേഷം? ആഗസ്ത് 9നാണ് ക്വിറ്റ് ഇന്ത്യാ പ്രസ്ഥാനം ആരംഭിച്ചത്. ക്വിറ്റ് ഇന്ത്യ-ഇന്ത്യ വിടുക. 190 കൊല്ലം പഴക്കമുണ്ടായിരുന്നു, ബ്രിട്ടന്റെ ഇന്ത്യയിലെ കോളനി വാഴ്ചയ്ക്ക്. 1757 ല്‍ പ്ലാസി യുദ്ധത്തോടുകൂടിയാണ് അവരിവിടെ കാലുറപ്പിക്കുന്നത്. ആ യുദ്ധവിജയമാണ് അവര്‍ക്ക് അധിനിവേശത്തിനുള്ള സൗകര്യം ചെയ്തുകൊടുത്തത്. 1947 ല്‍, അത് അവസാനിച്ചു. ഇതിനിടയ്ക്ക് 1857 ല്‍, കൃത്യം പറഞ്ഞാല്‍ 100 കൊല്ലം ആകുമ്പോള്‍ ഒന്നാം സ്വാതന്ത്ര്യസമരമെന്ന് നമ്മളും, ശിപ്പായി ലഹള എന്ന് ബ്രിട്ടീഷ്‌കാരും വിളിക്കുന്ന ഒരു സമരം ഉണ്ടാകുന്നു. കൃത്യമായ അര്‍ത്ഥത്തില്‍ പറഞ്ഞാല്‍ ദേശീയ സ്വാതന്ത്ര്യസമരം എന്നത് കോണ്‍ഗ്രസ്സിന്റെ നേതൃത്വത്തില്‍ നടക്കുന്നതാണ്. അതില്‍ പ്രധാനപ്പെട്ട നേതൃത്വം ഗാന്ധിക്കാണ്. അദ്ദേഹം ദക്ഷിണാഫ്രിക്കയില്‍ നിന്ന് 1915 ല്‍ മടങ്ങിയെത്തി. എന്റെ കണക്കിന് മൂന്ന് വര്‍ഷങ്ങളാണ് ഏറ്റവും പ്രധാനപ്പെട്ട സമരങ്ങളുമായി ചേര്‍ത്തു പറയാവുന്നത്. ഒന്ന് 1920, രണ്ട് 1930, മൂന്ന് 1942. 1920ല്‍ നിസ്സഹകരണ പ്രസ്ഥാനം, 1930ല്‍ ഉപ്പുസത്യാഗ്രഹം, 1942ല്‍ ക്വിറ്റ് ഇന്ത്യാ പ്രസ്ഥാനം. ഇതില്‍ ക്വിറ്റ് ഇന്ത്യാപ്രസ്ഥാനത്തെ പറ്റി മനസ്സിലാക്കുമ്പോള്‍ പശ്ചാത്തലത്തില്‍ രണ്ട് കാര്യങ്ങള്‍ ഇരിക്കുന്നുണ്ട്. അതിലൊന്ന് ഒന്നാംലോകമഹായുദ്ധമാണ്. 1914 തൊട്ട് 1918 വരെ. അക്കാലത്ത് അതിനെ വിളിച്ചിരുന്നത് മഹായുദ്ധമെന്നാണ്. ഒന്നാം ലോകമഹായുദ്ധം എന്നൊന്നില്ല, ഠവല ഴൃലമ േംമൃ, അന്ന് പറഞ്ഞത് എല്ലാ യുദ്ധങ്ങളും അവസാനിപ്പിക്കാനുള്ള യുദ്ധം എന്നാണ്. പിന്നെ 1939 ല്‍ രണ്ടാം ലോകമഹായുദ്ധം തുടങ്ങിയപ്പോള്‍ അതിന് ഒരു പേര് വേണ്ടി വന്നു. അതിനെ ഒന്നാം ലോകമഹായുദ്ധമെന്നും ഇതിനെ രണ്ടാം ലോകമഹായുദ്ധമെന്നും വിളിച്ചു.

1914-18 കാലത്തെ കോണ്‍ഗ്രസ്സ്, എന്നു പറഞ്ഞാല്‍ സാമാന്യമായി ബ്രിട്ടന്റെ അനുകൂലികളാണ്. ബ്രിട്ടനെ പരോക്ഷമായി സഹായിക്കുകയാണ് അവര്‍ ചെയ്തത്. 1939 ല്‍ രണ്ടാം ലോകമഹായുദ്ധം നടക്കുന്ന സമയത്ത് ഇന്ത്യ യുദ്ധത്തിലാണ് എന്ന് വൈസ്രോയി അങ്ങ് പ്രഖ്യാപിക്കുകയായിരുന്നു. അത് പക്ഷെ ഇന്ത്യക്കാര്‍ സമ്മതിച്ചില്ല. അതിന്റെ പശ്ചാത്തലം പറയുകയാണെങ്കില്‍ ഒരു ഭാഗത്ത് ജര്‍മ്മനി, ഇറ്റലി, ജപ്പാന്‍ മറുഭാഗത്ത് അമേരിക്ക, ബ്രിട്ടന്‍ ഇവര് തമ്മിലാണ് യുദ്ധം. ബ്രിട്ടന്‍ യുദ്ധത്തിലാണ്, അതുകൊണ്ട് ബ്രിട്ടന്റെ കോളനിയായ ഇന്ത്യയും യുദ്ധത്തിലാണ് എന്നാണ് ബ്രിട്ടീഷുകാര്‍ സങ്കല്‍പിച്ചത്. അത് പറ്റില്ലാ, ഇന്ത്യ അതിനെ സഹായിക്കുകയോ യുദ്ധത്തോട് സഹകരിക്കുകയോ ചെയ്യില്ല എന്നു പറഞ്ഞപ്പോള്‍ ഒരു ദൗത്യസംഘത്തെ അയക്കുന്നുണ്ട്. ക്രിപ്‌സ് എന്നൊരു സായിപ്പിന്റെ നേതൃത്വത്തില്‍. അതിന്റെ പേരാണ് ക്രിപ്‌സ് മിഷന്‍. യുദ്ധം കഴിഞ്ഞാല്‍ സമ്പൂര്‍ണ്ണ സ്വാതന്ത്ര്യം വേണം എന്നതാണ് ഇന്ത്യ ആവശ്യപ്പെട്ട ഒരു കാര്യം. അത് വാക്കുതന്നാല്‍ മാത്രമേ സഹകരിക്കാന്‍ പറ്റുകയുള്ളൂ. സമ്പൂര്‍ണ്ണ സ്വാതന്ത്ര്യം, പൂര്‍ണ്ണ സ്വരാജ് കൊടുക്കാന്‍ കഴിയില്ല, ഒരു ഡൊമിനിയന്‍ പദവി -പുത്രികാ പദവി തരാം. ചില കാര്യങ്ങളില്‍ സ്വയംഭരണം ഉണ്ടാവും ചില കാര്യങ്ങളില്‍ ഉണ്ടാവില്ല അങ്ങനെ. അത് സമ്മതമല്ല എന്ന് പറഞ്ഞ് ക്രിപ്‌സ് ദൗത്യം പരാജയപ്പെട്ടതോടു കൂടിയാണ് ബ്രിട്ടനെ ഇനി യുദ്ധത്തില്‍ സഹായിക്കേണ്ടതില്ല എന്നൊരു നിലപാട് നമ്മുടെ ദേശീയ നേതാക്കന്മാര്‍ എടുക്കുന്നത്. അങ്ങനെയാണ് ക്വിറ്റ് ഇന്ത്യാ പ്രസ്ഥാനം ആരംഭിക്കുന്നത്. അത് 1942 ആഗസ്ത് 9 ന് ആണ് തുടങ്ങുന്നത്. ആഗസ്ത് 8-ാം തിയ്യതി ഗാന്ധിയാണ് ബോംബെയില്‍ ആ മുദ്രാവാക്യം അവതരിപ്പിക്കുന്നത്.

ആഗസ്ത് 9 ന് രാവിലെ തന്നെ ഗാന്ധിയെയും നെഹ്‌റുവിനെയും അറസ്റ്റ് ചെയ്തു. ഇതില്‍ ശ്രദ്ധിക്കേണ്ട ഒരു കാര്യം ഹിന്ദുമഹാസഭ ഇതില്‍ പങ്കെടുത്തിട്ടില്ല എന്നതാണ്. അന്നതിന്റെ നേതാവ് വി.ഡി.സവര്‍ക്കര്‍ ആണ്. പിന്നെ ആള്‍ ഇന്ത്യാ മുസ്ലീംലീഗ് ഇതില്‍ പങ്കെടുത്തിട്ടില്ല. അതിന്റെ നേതാവ് മുഹമ്മദലിജിന്നയാണ്. വേറൊരു സംഗതി ഇവിടുത്തെ പലനാട്ടുരാജ്യങ്ങളും ബ്രിട്ടന്റെ ഭാഗത്ത് നില്‍ക്കുകയാണ് ചെയ്തത്. ക്വിറ്റിന്ത്യാ പ്രസ്ഥാനത്തോട് സഹകരിച്ചിരുന്നില്ല.
ഒരു ഘട്ടം കഴിഞ്ഞപ്പോള്‍ ജര്‍മ്മനി റഷ്യയെ ആക്രമിച്ചപ്പോള്‍ അമേരിക്കയുടെയും ബ്രിട്ടന്റെയും ഫ്രാന്‍സിന്റെയും ഭാഗത്ത് റഷ്യ ചേര്‍ന്നു. അപ്പോള്‍ ഫാസിസത്തിനെതിരായി പോരാടുന്ന ബ്രിട്ടനെ ഈ സമയത്ത് ഒരു സമരത്തിലൂടെ ദുര്‍ബലപ്പെടുത്തിക്കൂട എന്ന് നിലപാടെടുത്ത് ഇന്ത്യയിലെ കമ്മ്യൂണിസ്റ്റുകാരും ക്വിറ്റ് ഇന്ത്യാ പ്രസ്ഥാനത്തില്‍ പങ്കെടുത്തിട്ടില്ല. ഹിന്ദുമഹാസഭയും മുസ്ലീംലീഗും ബ്രിട്ടനെ സഹായിക്കാനാണ് ആ നിലപാടെടുത്തത്. കമ്മ്യൂണിസ്റ്റുകാര്‍ ആ അര്‍ത്ഥത്തിലല്ല നിലപാടെടുത്തത്. അവരുടെ നിലപാട് തല്‍ക്കാലം ഹിറ്റ്‌ലറെയും മുസോളിനിയെയും തോല്പിക്കാന്‍ വേണ്ടി റഷ്യയുദ്ധം ചെയ്യുമ്പോള്‍ ആ റഷ്യ ബ്രിട്ടന്റെ അണിയിലായതുകൊണ്ട് ബ്രിട്ടന്റെ ശക്തി ക്ഷയിപ്പിക്കുന്ന ഒരു പണി നമ്മള്‍ എടുക്കാന്‍ പാടില്ല എന്നതായിരുന്നു. അപ്പോള്‍ കോണ്‍ഗ്രസ്സുകാര്‍ ഒറ്റക്കാണോ ഇത് ചെയ്തത്? അല്ല അന്ന് ഇതില്‍ പ്രധാനപ്പെട്ട ഒരു കൂട്ടര്‍ സോഷ്യലിസ്റ്റ്കാരാണ്. അതിന്റെ മുന്‍നിരയില്‍ പൊരുതുന്ന ഒരു ആള്‍ രാംമനോഹര്‍ ലോഹ്യയാണ്. വേറൊരാള്‍ ജയപ്രകാശ് നാരായണനാണ്. വേറൊരാള്‍ അച്യുത് പട്‌വര്‍ദ്ധനാണ്. അരുണ ആസഫലി, മധുലിമായെ, അങ്ങനെ ഒരുപാട് നേതാക്കന്മാരുണ്ട്. അന്ന് ബോംബെ മേയറായിരുന്ന യൂസഫ് മെഹറലിയാണ് ‘ക്വിറ്റ് ഇന്ത്യ’ എന്ന മുദ്രാവാക്യം തന്നെ രൂപീകരിക്കുന്നത്. ക്വിറ്റ് ഇന്ത്യ എന്നൊരു മുദ്രാവാക്യം ഗാന്ധിയാണ് ഉണ്ടാക്കിയത് എന്നാണ് പലരുടെയും തെറ്റിദ്ധാരണ. ഗാന്ധി അങ്ങനെ ഇംഗ്ലീഷില്‍ ഒരു മുദ്രാവാക്യം ഉണ്ടാക്കാന്‍ ബുദ്ധിമുട്ടാണ്. സത്യാഗ്രഹം എന്നൊക്കെയുള്ള വാക്കുണ്ടാക്കുന്ന ആളാണ് ഗാന്ധി. അദ്ദേഹം അന്ന് ആ മുദ്രാവാക്യം സ്വീകരിച്ചു. അദ്ദേഹം അന്ന് മറ്റൊരു മുദ്രാവാക്യം കൂടി മുന്നോട്ടു വെച്ചു. പ്രവര്‍ത്തിക്കുക അല്ലെങ്കില്‍ മരിക്കുക- ഇത് അവസാനത്തെ പോരാട്ടമാണ്.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

അന്ന് ഗാന്ധി മാത്രമല്ല അറസ്റ്റു ചെയ്യപ്പെടുന്നത്, കസ്തൂര്‍ബാഗാന്ധി അറസ്റ്റു ചെയ്യപ്പെടുന്നുണ്ട്. രണ്ട് കൊല്ലം കഴിഞ്ഞ് 1944 ല്‍ തടവില്‍ കിടന്നാണ് കസ്തൂര്‍ബ മരിച്ചുപോയത്. ഗാന്ധിക്ക് ഒരുപക്ഷേ മക്കളെക്കാള്‍ പ്രിയപ്പെട്ട സെക്രട്ടറി മഹാദേവ് ദേശായ് – അദ്ദേഹം ഈ കാലത്ത് അറസ്റ്റ് ചെയ്യപ്പെട്ട് ജയിലില്‍ കിടന്ന് മരിക്കുന്ന ഒരാളാണ്. ഗുജറാത്തിയാണ് മഹാദേവ് ദേശായി. ഗാന്ധിക്ക് അത്ര പ്രിയപ്പെട്ട ആളായിരുന്നു. അങ്ങനെ ഗാന്ധിക്ക് ആ സമരത്തില്‍ തന്റെ ഏറ്റവും പ്രിയപ്പെട്ട രണ്ടുപേര്‍ നഷ്ടപ്പെടുന്നുണ്ട്. ചരിത്രകാരന്‍മാര്‍ പറയുന്നത് ഈ രണ്ട് മരണത്തില്‍ മാത്രമേ ഗാന്ധിയുടെ കണ്ണു നിറഞ്ഞിട്ടുള്ളൂ എന്നാണ്. ആദ്യം മഹാദേവ് ദേശായിയാണ് മരിക്കുന്നത് പിന്നെ കസ്തൂര്‍ബ.

സോഷ്യലിസ്റ്റുകാര്‍ അനവധി കാലം കോണ്‍ഗ്രസ്സിന്റെ കൂടെയായിരുന്നു. റാംമനോഹര്‍ ലോഹ്യ അതിലെ ഏറ്റവും വലിയ താത്വികാചാര്യന്‍, അദ്ദേഹം കോണ്‍ഗ്രസ്സ് വിട്ടുപോകുന്നത് 1948 മാര്‍ച്ചിലാണ്, ഗാന്ധി മരിച്ച് രണ്ട് മാസം കഴിഞ്ഞിട്ടാണ്. നേരത്തെ കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ട്ടി കോണ്‍ഗ്രസ്സിനകത്തു തന്നെയാണ്. നമ്മള്‍ ഓര്‍ക്കേണ്ട ഒരു കാര്യമുണ്ട്. നേതാജി സുഭാഷ് ചന്ദ്രബോസ് ഈ സമയത്ത് ജര്‍മ്മനിയുടെയും ഇറ്റലിയുടെയും ജപ്പാന്റെയും കൂടെ നിന്ന് പോരാടുന്ന ഒരാളാണ്. ഇന്ത്യന്‍ നാഷണല്‍ ആര്‍മി ജപ്പാന്റെയും ജര്‍മ്മനിയുടെയും ഇറ്റലിയുടെയും സഹായത്തോടെ ബ്രിട്ടനെതിരെ പോരാടുന്ന ഒരു സംഘടനയാണ്, ഒരു സൈന്യമാണത്. അങ്ങനെ അന്തമാന്‍നിക്കോബാര്‍ ദ്വീപുകള്‍ അന്ന് മോചിപ്പിക്കപ്പെടുന്നുണ്ട്. നേതാജി മൈതാന്‍ എന്നൊരു മൈതാനമുണ്ട്. അവിടെ അദ്ദേഹം ദേശീയ പതാക ഉയര്‍ത്തുന്നുണ്ട്. വളരെ കുറച്ച് സമയത്തേക്കാണ്. അത് കഴിഞ്ഞ് ജപ്പാന്‍ തോറ്റു.

രണ്ടാം ലോകയുദ്ധത്തില്‍ ജര്‍മ്മനിയും ഇറ്റലിയും പരാജയപ്പെടുന്നു. ഹിറ്റ്‌ലര്‍, പരാജയം ഏറ്റുവാങ്ങേണ്ടി വരും എന്ന ഘട്ടമെത്തിയപ്പോള്‍ ആത്മഹത്യ ചെയ്തു. മുസ്സോളിനിയെ അവിടുത്തെ ജനങ്ങള്‍ തല്ലിക്കൊന്ന് കെട്ടിത്തൂക്കി. ഇതൊക്കെയായിട്ടും ജപ്പാന്‍ പിടിച്ചുനിന്നു. അവര്‍ പരാജയം അംഗീകരിക്കാന്‍ കൂട്ടാക്കിയില്ല. അങ്ങനെയാണ് മനുഷ്യചരിത്രത്തിലെ ഏറ്റവും ഭീകരമായ സംഭവം നടക്കുന്നത് ആഗസ്ത് 6-ാം തിയ്യതി ഹിരോഷിമയിലും ആഗസ്ത് 9-ാം തിയ്യതി നാഗസാക്കിയിലും അമേരിക്ക അണുബോംബിടുകയാണ്. അതിനുമുന്‍പോ, പിന്‍പോ മനുഷ്യര്‍ അണുബോംബ് സ്‌ഫോടനത്തിന് വിധേയരായിട്ടില്ല. ഒരു റിപ്പോര്‍ട്ടില്‍ വായിച്ചത് ഒരു മിനിട്ടുകൊണ്ട് മുപ്പതിനയിരം ആളുകള്‍ മരിച്ചുപോയി എന്നാണ്. ഈ രണ്ട് ബോംബ് സ്ഫാടനങ്ങളില്‍ ലക്ഷക്കണക്കിന് ആളുകള്‍ മരിച്ചു എന്ന് പറയുന്നു. അതിന്റെ അണുപ്രസരത്തില്‍പ്പെട്ട് കൈയ്യില്ലാതെയും കാലില്ലാതെയും കണ്ണുകാണാതെയും ചര്‍മ്മരോഗങ്ങളില്‍പ്പെട്ടും കുഞ്ഞുങ്ങള്‍ ഇപ്പോഴും ഹിരോഷിമയിലും നാഗസാക്കിയിലും പരിസരത്തും ജനിക്കുന്നുണ്ട്. ഭീകരമായൊരു സംഭവമാണ് നടന്നത്. 45 ല്‍ രണ്ടാം ലോകയുദ്ധം അവസാനിച്ചു. അത് കഴിഞ്ഞ് ബ്രിട്ടനില്‍ അധികാരത്തില്‍ വരുന്നത് ഇന്ത്യയോട് വലിയ അനുഭാവമുള്ള ലേബര്‍ പാര്‍ട്ടിയാണ്. ആ ലേബര്‍ പാര്‍ട്ടിയുടെ നേതൃത്വത്തിലാണ് പിന്നീട് 47 ല്‍ ഇന്ത്യ സ്വാതന്ത്ര്യം നേടുന്നത്. നമ്മുടെ ദേശീയ സ്വാതന്ത്ര്യസമരചരിത്രത്തിലെ വളരെ പ്രധാനപ്പെട്ട ഒരധ്യായമാണ് ക്വിറ്റ് ഇന്ത്യ എന്നു പറയുന്നത്. അതില്‍ നമ്മള്‍ ഒന്നുകൂടി ഓര്‍ക്കേണ്ടതുണ്ട്. നമ്മുടെ സ്വാതന്ത്ര്യസമരചരിത്രത്തില്‍ ഏറ്റവുമധികം അക്രമം നടന്നത് ഈ പ്രസ്ഥാനകാലത്താണ്. അനവധി റെയില്‍വേ സ്റ്റേഷനുകള്‍ ആക്രമിക്കപ്പെട്ടു. റെയില്‍വേ പാളങ്ങള്‍ തകര്‍ക്കപ്പെട്ടു. സര്‍ക്കാര്‍ ഓഫീസുകള്‍ അക്രമിക്കപ്പെട്ടു. പോസ്റ്റാഫീസുകള്‍ അനവധി സ്ഥലങ്ങളില്‍ അഗ്നിക്കിരയായി. അതില്‍ കേരളത്തില്‍ നടന്ന ഒരു സംഭവം ഞാന്‍ പറയാം. 42 നവംബറിലാണത് ഉണ്ടായത് കീഴരിയൂര്‍ ബോംബ് കേസ്. കീഴരിയൂര്‍ എന്നത് കൊയിലാണ്ടിക്ക് അടുത്തുള്ള ഒരു സ്ഥലമാണ്. ഫറോക്ക് പാലത്തിന് ബോംബ് വെക്കാനുള്ള ഒരു ഗൂഢാലോചനയായിരുന്നു. അതിലെ പ്രധാനപ്പെട്ട ഒരു പ്രതി ഡോ.കെ.ബി.മേനോനാണ്. വിദേശരാജ്യങ്ങളില്‍ പഠിച്ച് ഡോക്ടറേറ്റൊക്കെ നേടിയ വലിയ സോഷ്യലിസ്റ്റാണ് ഡോ.കെ.ബി.മേനോന്‍. ഒരു ഘട്ടത്തില്‍ സ്വാതന്ത്ര്യത്തിനു മുമ്പുള്ള ഇടക്കാല മന്ത്രിസഭയിലേക്ക് നെഹ്‌റു അദ്ദേഹത്തെ ക്ഷണിച്ചതാണ്. അദ്ദേഹം പിന്നീട് എം.പി.യൊക്കെ ആകുന്നുണ്ട്. തൃത്താലയിലാണ് കെ.ബി.മേനോന്‍ മരിച്ചത്. അദ്ദേഹമായിരുന്നു മുഖ്യപ്രതി. അങ്ങനെ അനവധി ആളുകളുണ്ട്. ദേശീയ സ്വാതന്ത്ര്യസമര ചരിത്രത്തില്‍ അക്രമം എല്ലാ സമയത്തും ഉണ്ടായിട്ടില്ല. ഗാന്ധിയും നെഹ്‌റുവും തലപ്പത്ത് ഉണ്ടായിട്ടുപോലും. ഗാന്ധി ജയിലിലാണ് നെഹ്‌റു ജയിലാണ്. കോണ്‍ഗ്രസ്സുകാര്‍ ഉണ്ടായിട്ടും അക്രമങ്ങള്‍ നടന്നു, ഹിംസ നടന്നു. ക്വിറ്റ് ഇന്ത്യാ മൂവ്‌മെന്റാണ്, ഇനി കോളനിവാഴ്ചക്ക് പിടിച്ചു നില്‍ക്കാന്‍ സാധിക്കുകയില്ല എന്ന അന്തിമ ശാസനം ബ്രിട്ടീഷുകാര്‍ക്ക് കൊടുത്തത്. അതാണതിന്റെ പ്രാധാന്യം. ഇന്ന് നമ്മളീ ചരിത്രമൊക്കെ ഓര്‍ക്കുന്നത് എന്തിനാണ്? സ്വാതന്ത്ര്യത്തിനു ശേഷം നമ്മളൊരു റിപ്പബ്ലിക്കായി. ഒരു മതേതര ജനാധിപത്യ സെക്യുലര്‍ ഡെമോക്രാറ്റിക് റിപ്പബ്ലിക്ക്. ഇന്ന് നമ്മുടെ ജനാധിപത്യം പലതലത്തിലുള്ള പ്രശ്‌നങ്ങള്‍ നേരിടുന്നുണ്ട്. അതില്‍ ഒന്നാണ് അഴിമതി. വേറെയൊന്ന് മതരാഷ്ട്രവാദമാണ്. മറ്റൊന്ന് ഭാഷാപക്ഷപാതമാണ്. അങ്ങനെ അനവധി കാര്യങ്ങള്‍. അഞ്ഞൂറോളം നാട്ടുരാജ്യങ്ങളെ കൂട്ടി യോജിപ്പിച്ച് ലോകചരിത്രത്തില്‍ തന്നെ ഇല്ലാത്ത ഒരു പരീക്ഷണമാണ് ഇന്ത്യ നടത്തിയത്. 1947 നും 30 കൊല്ലം മുമ്പ് 1917 ല്‍ ആണ് സോവ്യറ്റ് യൂണിയന്‍ (ഡടടഞ) വരുന്നത്. അത് 1991 ല്‍ തകര്‍ന്നുപോയി. പല രാജ്യങ്ങളായി അത് വിഭജിക്കപ്പെട്ടുപോയി. നമ്മള്‍ ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. അനേകം മതങ്ങള്‍, അനേകം ജാതികള്‍, അനേകം ഭാഷകള്‍ – ഈ ഒത്തിരിപ്പിന്റെ പ്രധാനപ്പെട്ട ശത്രു എന്നു പറയുന്നത് മതരാഷ്ട്രവാദമാണ്. ഇന്ത്യ ഒരു ഹിന്ദുരാഷ്ട്രമാവണം എന്നു വിചാരിക്കുന്ന ഒരു കൂട്ടര്‍ ഇവിടെയുണ്ട്. അപ്പോള്‍ എന്താ ഉണ്ടാവുക. നമ്മുടെ ഭരണഘടന നമുക്ക് ഉറപ്പു തരുന്ന സെക്യുലര്‍ ഡെമോക്രസി ഇല്ലാതെയാവും. പകരം എന്താണുണ്ടാവുക? ഇന്ത്യക്ക് ഒരു രാഷ്ട്രമതമുണ്ടാകും. ഇന്ത്യ ഒരു മതരാഷ്ട്രമാകും.

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

രാഷ്ട്ര മതത്തില്‍ പെടാത്ത ആളുകള്‍ രണ്ടാംതരം പൗരന്മാരാണെന്നു വരും. അവരുടെ പൗരാവകാശങ്ങളില്‍ പലതരത്തിലുള്ള ക്രമീകരണങ്ങള്‍, പലതരത്തിലുള്ള പരിമിതികള്‍ വരും. അവര്‍ക്ക് ഭരണാധികാരികളാകാന്‍ വയ്യ, നിയമനിര്‍മ്മാണസഭയില്‍ അഭിപ്രായം പറയാന്‍ വയ്യ., അവര്‍ക്ക് കോടതിയില്‍ കൃത്യമായ നീതി കിട്ടില്ല എന്നൊക്കെ വരും. ആ തരത്തിലുള്ള ഒരു വൈകാരിക രാഷ്ട്രീയം ഇവിടെ മൂത്തുവരികയാണ്. ആലോചിച്ചു നോക്കൂ. ബാബറി പള്ളി പൊളിക്കുക രാമക്ഷേത്രമുണ്ടാകുക എന്നുള്ളതായിരുന്നു അടുത്തകാലം വരെ പ്രശ്‌നം. ഇന്ത്യയിലെ ഏതെങ്കിലും ഒരു മനുഷ്യന്റെ എന്തെങ്കിലും ഒരു ജീവിതപ്രശ്‌നം അതുകൊണ്ട് പരിഹരിക്കാന്‍ പറ്റുമോ? ഇവിടെ ഉണ്ണാനില്ലാത്തവര്‍, ഉടുക്കാനില്ലാത്തവര്‍, പാര്‍പ്പിടമില്ലാത്തവര്‍, വിദ്യ കിട്ടാത്ത കുട്ടികള്‍, ഇളംപ്രായത്തില്‍ ബാലവേലക്ക് പോകേണ്ടി വരുന്ന കുട്ടികള്‍, നിര്‍ഭാഗ്യവശാല്‍ മാനം വിറ്റിട്ടെങ്കിലും ജീവിക്കേണ്ടി വന്ന സ്ത്രീകള്‍ ഇങ്ങനെ എന്തൊക്കെ! ഒരു തരത്തിലുള്ള ചികിത്സയും കിട്ടാത്ത ആളുകള്‍. പിന്നെ അന്ധവിശ്വാസങ്ങളിലും അനാചാരങ്ങളിലും ദുരാചാരങ്ങളിലും മുങ്ങിക്കിടക്കുന്ന ആളുകള്‍. എന്തൊക്കെ തരം അന്ധവിശ്വാസങ്ങളാണ്. കൊറോണ വൈറസിനെ ഓടിക്കാന്‍ ഹോമം നടത്തിയാല്‍ മതി, ചാണകം മേത്ത് പുരട്ടിയാല്‍ മതി, ഗോമൂത്രം തേച്ചാല്‍ മതി, അല്ലെങ്കില്‍ പാട്ടകൊട്ടിയാല്‍ മതി. അല്ലെങ്കില്‍ വിളക്ക് കത്തിച്ചിട്ട് ഗോ ഗോ കൊറോണ എന്ന് പറഞ്ഞാല്‍ മതി! എന്തൊക്കെ തമാശകളാണ്. ഇരുപത്തി ഒന്നാം നൂറ്റാണ്ടിലെ ഒരു രാജ്യം ഒരു പകര്‍ച്ചവ്യാധിയെ നേരിടുന്ന ഒരു രീതിയാണിത്. ഇപ്പോ മൂത്തുവരുന്ന ഒരു സാധനം പശുരാഷ്ട്രീയമാണ്. ഇവിടെ മനുഷ്യന് ആഹാരം കഴിക്കാനില്ല. ഇവിടുത്തെ മഹാഭൂരിപക്ഷവും ദാരിദ്ര്യരേഖക്ക് താഴെയാണ്. മൂന്നുനേരവും വയറ് നിറച്ച് ആഹാരം കഴിക്കാന്‍ നിവൃത്തിയില്ലാത്ത ആളുകള്, തണുപ്പില്‍ നിന്നോ ചൂടില്‍ നിന്നോ രക്ഷനേടാന്‍ കിടക്കുന്നതിന്റെ മുകളില്‍ ഒരു മേലാപ്പ് ഇല്ലാത്ത ആളുകള്‍, നാണം മറയ്ക്കാന്‍ വസ്ത്രം ഇല്ലാത്ത ആളുകള്‍, കുട്ടികള്‍ വിദ്യ കിട്ടാതെ അലഞ്ഞുതിരിഞ്ഞു പോകുന്ന ഒരു രാജ്യം. ഇതിന്റെയൊക്കെ നടുവില്‍ ഇത്തരത്തിലുള്ള എല്ലാ പ്രശ്‌നങ്ങളും മറപ്പിച്ചു കളയുന്ന തരത്തില്‍ അതിനെപ്പറ്റിയുള്ള വൈചാരികമായ കാര്യങ്ങളല്ല എല്ലാം വൈകാരികമാക്കുകയാണ്. എന്നാലെന്താ ഗുണം? ഒരു ഫേസ്ബുക്ക് പോസ്റ്റില്‍ കണ്ടതാണ്. വീഡിയോയില്‍, ഞങ്ങള്‍ക്ക് ഭക്ഷണം വേണ്ട, ഞങ്ങള്‍ക്ക് വസ്ത്രം വേണ്ട, ഞങ്ങള്‍ക്ക് പാര്‍പ്പിടം വേണ്ട, ചികിത്സ വേണ്ട, ഞങ്ങള്‍ക്ക് മന്ദിര്‍ മതി. അങ്ങനെ ആളുകളുടെ തലയില്‍ ഗ്യാസ് കേറ്റാന്‍ പറ്റും. എല്ലാ മതക്കാരും എല്ലാ പാര്‍ട്ടിക്കാരും ഇത്തരത്തിലുള്ള വൈകാരികമായ കാര്യങ്ങള്‍ ഉപയോഗിച്ചിട്ടാണ് അധികാരം നേടുന്നത്. അല്ലെങ്കില്‍ തൊട്ടപ്പുറത്തുള്ള ആളെ അധികാരത്തില്‍ നിന്ന് ഇറക്കി വിടുന്നത്. രാഷ്ട്രീയം എന്ന് പറയുന്നത് വികാരത്തിന്റെ മേഖലയല്ല. അടിസ്ഥാനപരമായി വിവേകത്തിന്റെ മേഖലയാണ്. വിവേകത്തിലേക്ക് എത്താന്‍ എന്താണ് വേണ്ടത്? വിചാരം വേണം. മൂന്ന് കാര്യങ്ങളാണ് വികാരം, വിചാരം, വിവേകം. നമ്മുടെ നാട്ടില്‍ ഇന്ന് ആ രംഗത്തൊക്കെ പ്രവര്‍ത്തിക്കുന്നത് വികാരമാണ് എന്നോര്‍ത്താല്‍ നമ്മുടെ ഇത്തരത്തിലുള്ള ആചാരങ്ങളുടെയും ആഘോഷങ്ങളുടെയും ജാഗ്രതപ്പെടുത്തലുകളുടെയും അര്‍ത്ഥം മനസ്സിലാവും. നമ്മുടെ ആളുകളെ, പാവപ്പെട്ട ജനങ്ങളെ, വേണ്ടത്ര വിദ്യാഭ്യാസമോ, ലോകബോധമോ, ശാസ്ത്രീയ ബോധമോ, യുക്തിബോധമോ, ഇല്ലാത്ത ആളുകളെ അന്ധവിശ്വാസങ്ങളില്‍ നിന്നും അനാചാരങ്ങളില്‍ നിന്നും ഈ തരത്തില്‍ വൈകാരികതയുടെ ഇരകളായി മാറി നശിക്കുന്നതില്‍ നിന്നും രക്ഷിക്കുകയെന്നത് നമ്മുടെ ഉത്തരവാദിത്തമാണ്. ഇത്തരം ആചരണങ്ങളിലൂടെ നമ്മള്‍ ആവിഷ്‌ക്കരിക്കുന്നത് അതാണ്. അത്തരം കാര്യങ്ങളുമായി മുന്നോട്ടുപോകുവാന്‍ നമുക്കും മറ്റുള്ളവര്‍ക്കും ഊര്‍ജ്ജദായകമായിട്ട് ഈ പരിപാടി മാറട്ടെ എന്ന ആശംസയോടുകൂടി ഇത് ഉദ്ഘാടനം ചെയ്തതായി ഞാന്‍ പ്രഖ്യാപിക്കുന്നു. നന്ദി നമസ്‌കാരം.

 

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Be the first to write a comment.

Leave a Reply