കൊറോണ വൈറസ് : ആധുനിക നാഗരികതക്ക് ഒരു താക്കീത്

വനത്തില്‍ അതിക്രമിച്ച് കയറി, വന്യജീവികളെ വേട്ടയാടി ജീവനോടെ പിടിച്ച്, ഇടുങ്ങിയ കൂട്ടിലടച്ച്, നീണ്ട ദൂരം യാത്ര ചെയ്ത്, മാര്‍ക്കറ്റിലെത്തിച്ച് കശാപ്പുചെയ്ത്, അതിസമ്പന്നരുടെ തീന്‍മേശയിലോ മന്ത്രവാദച്ചടങ്ങുകളിലോ എത്തിക്കുന്ന പ്രവര്‍ത്തിക്കിടയിലാണ് സാര്‍സിന്റെയും കൊറോണയുടെയും വൈറസുകള്‍ മനുഷ്യരിലേക്ക് പകര്‍ന്നതെന്നതില്‍ സംശയമില്ല. അതിനാല്‍ തന്നെ വനത്തിലും വന്യജീവികളിലുമുള്ള മനുഷ്യന്റെ ഹിംസാത്മകമായ ഇടപെടല്‍ സമ്പൂര്‍ണമായി അവസാനിപ്പിക്കുക എന്നതു മാത്രമാണ് മഹാപകര്‍ച്ചവ്യാധികളില്‍ നിന്നുള്ള സ്ഥിരമായ രക്ഷാമാര്‍ഗം. ചൈന ചെയ്തതുപോലെ താല്‍ക്കാലികമായി വന്യജീവി മാര്‍ക്കറ്റുകള്‍ അടച്ചുപൂട്ടിയതുകൊണ്ടു മാത്രമായില്ല.

ലോകമാകെ ജനങ്ങള്‍ മരിച്ചുകൊണ്ടിരിക്കുന്നു. ഭീതിയോടെ നഗരങ്ങളില്‍നിന്ന് സ്വന്തം ഗ്രാമങ്ങളിലേക്ക് പാലായനം ചെയ്യുന്നു ഒട്ടേറെപ്പേര്‍. ചുട്ടുപഴുത്ത റോഡിലൂടെ നൂറുകണക്കിനു കിലോമീറ്റര്‍ നടന്നു നടന്ന്, സ്ത്രീകളും കുട്ടികളും. തലയില്‍ ബാഗുകള്‍, ഭാണ്ഡങ്ങള്‍. ഒരുപാടു പേര്‍ ആശുപത്രികളില്‍ ഒന്നു ശ്വസിക്കാനായി പാടുപെട്ട്, പലതരം ഉപകരണങ്ങള്‍ക്കിടയില്‍. വീടുകളില്‍ ഏകാന്തത്തടവില്‍ ലക്ഷക്കണക്കിന് ആളുകള്‍. വിശാലമായ റോഡുകളില്‍ എന്നും കാണുന്ന പരക്കം പാച്ചിലുകളില്ല. സംശയിച്ച് മടിച്ചു മടിച്ച് സാധനങ്ങള്‍ വാങ്ങാന്‍ പുറത്തിറങ്ങുന്ന ഏതാനും പേര്‍. ഇടക്കിടെ സൈറണ്‍ മുഴക്കി ആംബുലന്‍സുകള്‍. വഴിയില്‍ ബാരിക്കേഡുകളുണ്ടാക്കി പോലീസുകാര്‍. ചിലയിടത്ത് പട്ടാളം റോന്തു ചുറ്റുന്നു. എങ്ങും കര്‍ശനമായ താക്കീതുകള്‍, മുന്നറിയിപ്പുകള്‍.

ടി.വി.വാര്‍ത്ത പകുതി കണ്ട് ആശ്വാസത്തിന് സിനിമാ ചാനലുകള്‍ തിരഞ്ഞ് കുളിര്‍മയുള്ളതൊന്നും കാണാതെ, ഇതൊക്കെ എന്ന് സാധാരണനിലയിലാവും എന്ന ആധിയില്‍ ജനലിലൂടെ പുറത്തേക്ക് നോക്കുന്ന മലയാളി പ്രേക്ഷക സമൂഹം. പുറത്ത്, എന്തുപറ്റി ഈ മനുഷ്യര്‍ക്കെന്ന് അന്തം വിട്ടിരിക്കുന്ന തെരുവുനായ്ക്കള്‍. വിശ്വാസം വരാതെ ചാഞ്ഞും ചെരിഞ്ഞും നോക്കുന്ന കാക്കകള്‍.

ഇതെഴുതുമ്പോള്‍ ലോകത്തൊട്ടാകെ കൊറോണ ബാധിച്ചവരുടെ എണ്ണം പതിനാറര ലക്ഷം കവിഞ്ഞു. ഒരു ലക്ഷത്തിനടുത്ത് ആളുകള്‍ മരണത്തിനു കീഴടങ്ങി. എങ്ങിനെയാണ് മനുഷ്യര്‍ ഈ പ്രതിസന്ധിയില്‍ എത്തിച്ചേര്‍ന്നത് ? കൊറോണക്കുശേഷമുള്ള ലോകം എങ്ങിനെയായിരിക്കും ?

വന്യജീവികളില്‍ നിന്ന് പകരുന്ന രോഗങ്ങളാണ് കഴിഞ്ഞ അര നൂറ്റാണ്ടിനിടക്ക് ഉണ്ടായിട്ടുള്ള പകര്‍ച്ചവ്യാധികളില്‍ മുക്കാല്‍ പങ്കും എന്ന് പഠനങ്ങള്‍ പറയുന്നു. എയ്ഡ്‌സ്, എബോള, സിക്ക വൈറസ്, പക്ഷിപ്പനി, സാര്‍സ്, മെര്‍സ്, നിപ്പാ, കൊറോണ. വന്യജീവികളോടുള്ള ഇടപെടലില്‍ മനുഷ്യന് രോഗം പകരാനുള്ള സാധ്യത പതിനായിരത്തിലൊന്നാണെങ്കില്‍ പോലും ഇടപെടലുകള്‍ ലക്ഷക്കണക്കിനാകുമ്പോള്‍ രോഗവ്യാപനത്തിന്റെ സാധ്യത വളരെയേറെ വര്‍ധിക്കുന്നു. 10 ലക്ഷം മുതല്‍ 27 ലക്ഷം വരെ ഈനാംപേച്ചി (pangolin) കളെയാണ് വേട്ടക്കാര്‍ ആഫ്രിക്കയില്‍ ഒരു വര്‍ഷം കൊന്ന് കയറ്റി അയക്കുന്നത് എന്ന് കണക്കുകള്‍. ചൈനയിലും യു.എസിലുമുള്ള സമ്പന്നരാണ് ഇതിന്റെ ഉപഭോക്താക്കള്‍ (One Green Planet, National Geographic -web). ചിതലുറുമ്പുകളെ തിന്നുന്ന ഈ ജീവികള്‍ക്ക് ഭക്ഷണം കൊടുത്ത് സംരക്ഷിക്കാന്‍ മനുഷ്യന് കഴിയാത്തതിനാല്‍ കഠിനയാതനക്കൊടുവില്‍ അവ മൃതപ്രായമാകുന്നു. പലതരം വവ്വാലുകളെയും ഇത്തരത്തില്‍ കൂട്ടിലടച്ച് വന്യജീവി മാര്‍ക്കറ്റിലെത്തിക്കുന്നുണ്ട്. വവ്വാലുകളുടെ ശരീരസ്രവങ്ങളില്‍ നിന്ന് നേരിട്ടോ ഈനാംപേച്ചി വഴിയോ ആണ് കൊറോണ വൈറസ് മനുഷ്യനിലേക്കെത്തിയതെന്ന് പഠനങ്ങള്‍ പറയുന്നു.

വനത്തില്‍ അതിക്രമിച്ച് കയറി, വന്യജീവികളെ വേട്ടയാടി ജീവനോടെ പിടിച്ച്, ഇടുങ്ങിയ കൂട്ടിലടച്ച്, നീണ്ട ദൂരം യാത്ര ചെയ്ത്, മാര്‍ക്കറ്റിലെത്തിച്ച് കശാപ്പുചെയ്ത്, അതിസമ്പന്നരുടെ തീന്‍മേശയിലോ മന്ത്രവാദച്ചടങ്ങുകളിലോ എത്തിക്കുന്ന പ്രവര്‍ത്തിക്കിടയിലാണ് സാര്‍സിന്റെയും കൊറോണയുടെയും വൈറസുകള്‍ മനുഷ്യരിലേക്ക് പകര്‍ന്നതെന്നതില്‍ സംശയമില്ല. അതിനാല്‍ തന്നെ വനത്തിലും വന്യജീവികളിലുമുള്ള മനുഷ്യന്റെ ഹിംസാത്മകമായ ഇടപെടല്‍ സമ്പൂര്‍ണമായി അവസാനിപ്പിക്കുക എന്നതു മാത്രമാണ് മഹാപകര്‍ച്ചവ്യാധികളില്‍ നിന്നുള്ള സ്ഥിരമായ രക്ഷാമാര്‍ഗം. ചൈന ചെയ്തതുപോലെ താല്‍ക്കാലികമായി വന്യജീവി മാര്‍ക്കറ്റുകള്‍ അടച്ചുപൂട്ടിയതുകൊണ്ടു മാത്രമായില്ല.

ലോകത്ത് ആദ്യമായിട്ടല്ല മഹാപകര്‍ച്ചവ്യാധികള്‍. പ്ലേഗ്, വസൂരി, സ്പാനിഷ് ഫ്‌ലൂ. പക്ഷെ ഇത്ര ദ്രുതഗതിയില്‍ ലോകമൊട്ടാകെ പകരുന്ന രോഗം ആദ്യമാണ്. മനുഷ്യജീവിതത്തിന്റെ ആഗോളവല്‍ക്കരണമാണ് അതിവേഗം രോഗം പകരുന്നതിന് കാരണമെന്നതിന് കൂടുതല്‍ പഠനങ്ങള്‍ ആവശ്യമില്ല. വിമാനയാത്രകളും കപ്പല്‍ യാത്രകളും ലോകത്തിലെ ഇരുനൂറോളം രാജ്യങ്ങളിലേക്ക് ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ രോഗമെത്തിച്ചു.

രാഷ്ട്രങ്ങള്‍ സമ്പൂര്‍ണമായി അടച്ചിടലും സമ്പര്‍ക്കവിലക്കുമാണ് നാമിപ്പോള്‍ സ്വീകരിച്ചിരിക്കുന്ന പ്രതിരോധമാര്‍ഗം. എല്ലാം പരസ്പരം ബന്ധപ്പെട്ടും ആശ്രയിച്ചും നില്‍ക്കുന്ന ഇന്നത്തെ അവസ്ഥയില്‍ ഇന്ത്യയെപ്പോലുള്ള രാജ്യങ്ങളില്‍ ഇത് തൊഴിലില്ലായ്മയും ദാരിദ്ര്യവും സാമ്പത്തിക പ്രതിസന്ധിയും സൃഷ്ടിക്കും എന്നുറപ്പ്. സന്ദിഗ്ദ്ധഘട്ടങ്ങള്‍ അതിജീവിക്കാനുള്ള സാമ്പത്തിക മുന്‍കരുതല്‍ ഉള്ള രാജ്യമല്ല ഇന്ത്യ എന്ന് എല്ലാവര്‍ക്കും അറിയാം. പട്ടിണിയും കലാപങ്ങളും അടിച്ചമര്‍ത്തലുകളുമാകും അനന്തരഫലം. നഗരങ്ങളിലെ അനിശ്ചിതാവസ്ഥയില്‍ നിന്ന് താരതമ്യേന സുരക്ഷിതമെന്നു തോന്നിയ ഗ്രാമങ്ങളിലേക്ക് പാലായനം ചെയ്യാനുള്ള തൊഴിലാളികളുടെ ശ്രമത്തിന് അവരെ കുറ്റപ്പെടുത്താനാവില്ല. വിദേശരാജ്യങ്ങളില്‍ നിന്ന് തൊഴില്‍ നഷ്ടപ്പെട്ട് മറ്റൊരു വഴിയുമില്ലാതെ തിരിച്ചുവരുന്നവര്‍, പ്രതിസന്ധി കൂടുതല്‍ സങ്കീര്‍ണമാക്കും. ഏതു ദുരന്തവും, അത് വെള്ളപ്പൊക്കമായാലും പകര്‍ച്ചവ്യാധിയായാലും യുദ്ധമായാലും, സമൂഹത്തിലെ താഴെത്തട്ടിനെയാണ് ഗുരുതരമായി ബാധിക്കുക. ഭരണകൂടങ്ങളാകട്ടെ കിട്ടിയ അവസരമുപയോഗിച്ച് കൂടുതല്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ അടിച്ചേല്‍പ്പിക്കാനും കൃത്രിമബുദ്ധിയിലൂന്നിയ സാങ്കേതിക വിദ്യകള്‍ പ്രയോഗിച്ച് ജനതയെയാകെ നിരീക്ഷണത്തിന്റെ മുള്‍മുനയില്‍ നിര്‍ത്താന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നു.

കൊറോണ വൈറസിനെ ഒരു പക്ഷേ പലവിധ പ്രതിവിധികളിലൂടെ മാസങ്ങളെടുത്ത് താല്‍ക്കാലികമായി നിയന്ത്രണവിധേയമാക്കാന്‍ കഴിഞ്ഞേക്കാം. എന്നാല്‍ ഇത് ആദ്യത്തെ പകര്‍ച്ചവ്യാധിയല്ല, അതുപോലെ അവസാനത്തേതുമല്ല എന്നുറപ്പ്. കാലാവസ്ഥാ പ്രതിസന്ധിയെക്കുറിച്ച് പഠിക്കുന്നവര്‍ നല്‍കുന്ന മുന്നറിയിപ്പു് ശ്രദ്ധിക്കുക. മാറുന്ന കാലാവസ്ഥയില്‍ ഇതുവരെ തിരിച്ചറിയാതിരുന്ന അനേകം വൈറസുകള്‍ മനുഷ്യനും വളര്‍ത്തുജീവികള്‍ക്കും മാരകമായി മാറാം. കൂടാതെ വര്‍ധിച്ച ചൂടില്‍ ഉരുകുന്ന ആര്‍ട്ടിക് പെര്‍മാഫ്രോസ്റ്റില്‍ നിന്ന് ഇതുവരെ നാം നേരിടാതിരുന്ന ഒട്ടേറെ രോഗാണുക്കള്‍ പുറത്തുകടക്കാം.

കൊറോണ വൈറസ് ഭൗതിക വികസനത്തിലും ആഗോളവല്‍ക്കരണത്തിലും ഊന്നിയ ആധുനിക നാഗരികതക്ക് കടുത്ത വെല്ലുവിളി ഉയര്‍ത്തുന്നുണ്ട്. ആധുനികതയില്‍ നിന്ന് മാറിച്ചിന്തിക്കുന്നവര്‍ പറയുന്നതുപോലെ പ്രാദേശികമായ വിഭവങ്ങളുടെ ഉല്പാദനവും തുല്യതയുള്ള പുനര്‍വിതരണവും പാരിസ്ഥിതികവും സാമൂഹികവുമായ വിവേകവും അടിസ്ഥാനമാക്കിയ ഒരു സംസ്‌കാരത്തിനേ ആഗോളവ്യവസ്ഥയില്‍ നിന്ന് വേര്‍തിരിഞ്ഞാലും കുറച്ചുകാലമെങ്കിലും അതിജീവിക്കാനുള്ള അര്‍ഹതയുണ്ടാകുകയുള്ളു. കഴിഞ്ഞ മുപ്പതു വര്‍ഷത്തിലധികമായി കേരളത്തില്‍ പലരും ഇക്കാര്യങ്ങള്‍ പറഞ്ഞുകൊണ്ടിരിക്കുന്നുണ്ട്, അപൂര്‍വ്വം കുറച്ചുപേരെങ്കിലും പരീക്ഷണാടിസ്ഥാനത്തില്‍ അതിജീവിച്ചു കാണിച്ചിട്ടുമുണ്ട്. നമ്മള്‍, പൊതുകേരളസമൂഹം, ഈ പ്രതിസന്ധി ഘട്ടത്തിലും അവയെല്ലാം അവഗണിച്ചു തള്ളുന്ന പതിവ് തുടരുമോ ?

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: International | Tags: , , , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply