പൗരത്വഭേദഗതി നിയമം : ബ്രാഹ്മിണ്‍ ഫാസിസ്റ്റ് നീക്കത്തെ അംബേദ്കറെറ്റ് സാമൂഹ്യജനാധിപത്യം കൊണ്ട് പ്രതിരോധിക്കണം

ഇന്ത്യന്‍ ഇടതുപക്ഷവും, കോണ്‍ഗ്രസ്സ് ഉള്‍പ്പെടെയുള്ള ദേശീയ രാഷ്ട്രീയക്കാരും പറയുന്നതു പോലെ സംഘപരിവാര്‍ നടപ്പാക്കുന്ന പൗരത്വനയം കേവലം മതനിരപേക്ഷതയുടെ നിരാകരണം മാത്രമല്ല; അത് ബ്രാഹ്മിണ്‍ ദേശീയതയുടെ സമഗ്രാധിപത്യമാണ്. ഹിന്ദു എന്ന സാങ്കല്‍പിക സിദ്ധാന്തത്തിലൂടെ രാജ്യത്തെ ദലിതരെയും ആദിവാസികളെയും മതന്യൂനപക്ഷങ്ങളെയും മറ്റു പാര്‍ശ്വവല്‍കൃത ജനവിഭാഗങ്ങളെയും പൗരത്വത്തില്‍ നിന്നും, ജനാധിപത്യ സംവിധാനത്തിലെ എല്ലാ പ്രതിനിധാന രൂപങ്ങളില്‍ നിന്നും, തദ്ദേശീയ ജനതകളുടെ ജനിച്ച മണ്ണില്‍ ജീവിക്കാനുള്ള അവകാശങ്ങളില്‍ നിന്നും നിഷ്‌കാസനം ചെയ്യുന്നതിന്റെ ഭാഗമാണ്

ഹിന്ദുരാഷ്ട്രവാദത്തിന്റെ മറവില്‍ മോഡി സര്‍ക്കാര്‍ നടപ്പാക്കുന്ന പൗരത്വ ഭേദഗതിനിയമം (2019) ബ്രാഹ്മിണ്‍ ദേശീയവാദത്തിന്റെയും കോര്‍പ്പറേറ്റ് രാജിന്റെയും വിപുലീകരണമാണെന്ന് ഇന്ത്യയിലെ തദ്ദേശിയ ജനവിഭാഗങ്ങള്‍ തിരിച്ചറിഞ്ഞുതുടങ്ങിയിട്ടുണ്ട്. 370-ാം വകുപ്പ് വഴി കാശ്മീരി ജനതയ്ക്ക് ഉറപ്പു നല്‍കിയിരുന്ന സംരക്ഷണം പാര്‍ലമെന്റ് റദ്ദാക്കിയ നടപടിക്ക് ശേഷം, കാശ്മീര്‍ ജനത നടത്തിവരുന്ന പ്രക്ഷോഭത്തിന്റെ തുടര്‍ച്ച തന്നെയാണ് പൗരത്വഭേദഗതി നിയമത്തിനും, ദേശീയ പൗരത്വപട്ടികയ്ക്കും എതിരെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ ജനങ്ങളും ഗോത്രവര്‍ഗ്ഗമേഖലയിലെ ജനങ്ങളും നടത്തിക്കൊണ്ടിരിക്കുന്നത്. പൗരത്വഭേദഗതി നിയമത്തിനെതിരെ വടക്കുകിഴക്കന്‍ മേഖലയിലെ ജനങ്ങള്‍ തുടങ്ങി വച്ച രാഷ്ട്രീയ പ്രക്ഷോഭം ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെമ്പാടും പടര്‍ന്നുപിടിക്കുകയാണ്. ഇന്ത്യന്‍ ദേശീയതയുടെ ബഹുസ്വരത നിലനിര്‍ത്താനുള്ള പ്രക്ഷോഭങ്ങളുടെ പശ്ചാത്തലത്തില്‍ പൗരത്വപട്ടികയും പൗരത്വ ഭേദഗതി നിയമവും പ്രാബല്യത്തില്‍ കൊണ്ടുവരില്ലെന്ന് കേരളമുള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ പ്രഖ്യാപിച്ചു കഴിഞ്ഞിട്ടുണ്ട്. ചുരുക്കത്തില്‍, ഹിന്ദുത്വവാദത്തിന്റെ മറവില്‍ ബ്രാഹ്മിണ്‍ ദേശീയ വികസന വാദികളും കോര്‍പ്പറേറ്റുകളും പാര്‍ലമെന്റില്‍ നേടിയെടുത്ത രാഷ്ട്രീയ ഭൂരിപക്ഷം (വര്‍ഗ്ഗീയ ഭൂരിക്ഷം) ഒരുവശത്തും, ഇന്ത്യയിലെ വൈവിധ്യമാര്‍ന്ന ഭാഷാ-ദേശീയ-ജനവിഭാഗങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഫെഡറല്‍ രാഷ്ട്രീയധാര മറുവശത്തുമായി തീഷ്ണമായ ഒരു സംവാദവിഷയമായി സിഎബിയും എന്‍ആര്‍സിയും മാറിക്കഴിഞ്ഞു. എന്നാല്‍ ശക്തമായ സൈനികാധിപത്യത്തിലൂടെയും മര്‍ദ്ദന പദ്ധതികളിലൂടെയും ഫാസിസ്റ്റ് മേധാവിത്തം സ്ഥാപിച്ചെടുക്കാമെന്നാണ് മോഡി സര്‍ക്കാര്‍ കണക്കുകൂട്ടുന്നത്. ലോകമെങ്ങുമുള്ള ഹിന്ദുക്കളെ (തുടക്കമെന്ന നിലയില്‍ പാക്കിസ്ഥാന്‍, അഫ്ഘാനിസ്ഥാന്‍, ബംഗ്ലാദേശ്) തിരികെ എത്തിച്ച് ആര്യാവര്‍ത്തം വിപുലീകരിക്കലാണ് ഹിന്ദുരാഷ്ട്രപദ്ധതി. ഒഴിവാക്കേണ്ടവര്‍ ആരൊക്കെയാണെന്ന് (മുസ്ലിംങ്ങള്‍) നിയമത്തില്‍ നിര്‍വ്വചിച്ചിട്ടുണ്ട്. ഈ വിവേചനം നിയമത്തില്‍ നിര്‍വ്വചിക്കുന്നതോടെ, രാജ്യത്ത് നിലവില്‍ പൗരത്വമുള്ള എല്ലാ മുസ്ലീം മതവിഭാഗക്കാരുടെയും പൗരത്വം പുനപരിശോധിക്കാനുള്ള നിരവധി കാരണങ്ങള്‍ ഒരാള്‍ക്ക് – ഭരണകൂടത്തിനും കോടതികള്‍ക്കുമുള്‍പ്പെടെ – കണ്ടെത്താന്‍ കഴിയും. യുക്തിയും ചരിത്രവും സത്യവും മാനദണ്ഡമാക്കണമെന്നില്ല. ബാബറി മസ്ജിദ് വിധിയില്‍ സുപ്രീം കോടതി പറഞ്ഞതുപോലെ, ‘പൊതുവികാരം’ പരിഗണിച്ചാല്‍ മതി. പാര്‍ലമെന്റിലെ രാഷ്ട്രീയ ഭൂരിപക്ഷം ഹിന്ദുവര്‍ഗ്ഗീയ ഭൂരിപക്ഷമായി പരിഗണിക്കപ്പെടുന്ന ഇന്ത്യന്‍ സാഹചര്യത്തില്‍ പൗരത്വ പട്ടിക രാജ്യമെമ്പാടും നടപ്പാക്കുകയാണെങ്കില്‍ മുസ്ലിംമതവിഭാഗക്കാര്‍ പുറത്തുപോകണമെന്ന് ഇന്ത്യന്‍ ഭരണകൂടം തീരുമാനിക്കാനുള്ള എല്ലാ സാധ്യതകളും നിലനില്‍ക്കുകയാണ്.

ബ്രാഹ്മണാധിപത്യമെന്നത് സമഗ്രാധിപത്യമാണ് – കേവലം മതനിരപേക്ഷതയുടെ നിരാകരണം മാത്രമല്ല

ഇന്ത്യന്‍ ഇടതുപക്ഷവും, കോണ്‍ഗ്രസ്സ് ഉള്‍പ്പെടെയുള്ള ദേശീയ രാഷ്ട്രീയക്കാരും പറയുന്നതു പോലെ സംഘപരിവാര്‍ നടപ്പാക്കുന്ന പൗരത്വനയം കേവലം മതനിരപേക്ഷതയുടെ നിരാകരണം മാത്രമല്ല; അത് ബ്രാഹ്മിണ്‍ ദേശീയതയുടെ സമഗ്രാധിപത്യമാണ്. ഹിന്ദു എന്ന സാങ്കല്‍പിക സിദ്ധാന്തത്തിലൂടെ രാജ്യത്തെ ദലിതരെയും ആദിവാസികളെയും മതന്യൂനപക്ഷങ്ങളെയും മറ്റു പാര്‍ശ്വവല്‍കൃത ജനവിഭാഗങ്ങളെയും പൗരത്വത്തില്‍ നിന്നും, ജനാധിപത്യ സംവിധാനത്തിലെ എല്ലാ പ്രതിനിധാന രൂപങ്ങളില്‍ നിന്നും, തദ്ദേശീയ ജനതകളുടെ ജനിച്ച മണ്ണില്‍ ജീവിക്കാനുള്ള അവകാശങ്ങളില്‍ നിന്നും നിഷ്‌കാസനം ചെയ്യുന്നതിന്റെ ഭാഗമാണ്. മധ്യമജാതികള്‍ ഉള്‍പ്പെടെയുള്ള വിഭാഗങ്ങളെ വരുതിയിലാക്കി, സവര്‍ണ്ണ ജാതികളുടെ ശക്തമായ പിന്‍ബലത്തോടെ ബ്രാഹ്മണ്യശക്തികള്‍ നടത്തുന്ന സര്‍വ്വാധിപത്യത്തിന്റെ ഭാഗമാണത്. കോര്‍പറേറ്റ് മൂലധനത്തിന്റെ ശക്തമായ പിന്തുണ ഇതിനുണ്ട്. ദലിത് വിഭാഗങ്ങള്‍ക്കെതിരെ നൂറ്റാണ്ടുകളായി തുടര്‍ന്നുവരുന്ന സമഗ്രാധിപത്യം വിപുലീകരിക്കാന്‍ ഇപ്പോള്‍ മതന്യൂനപക്ഷങ്ങളെയും ആദിവാസികളെയും മറ്റ് പാര്‍ശ്വവല്‍കൃതരെയും ജനിച്ച മണ്ണില്‍ നിന്നും പുറംതള്ളുകയാണ്. പകരം ലോകമെമ്പാടുമുള്ള ഹിന്ദുക്കളെ പുറന്തള്ളല്‍ മേഖലയിലേക്ക് തിരുകി കയറ്റുകയാണ്. വൈവിധ്യമാര്‍ന്ന ജനതകള്‍ക്ക് ഇടം നല്‍കിയിരുന്ന ഭരണഘടനയെയും, നീതിന്യായവ്യവസ്ഥയെയും പാര്‍ലമെന്റില്‍ ഉറപ്പുവരുത്താന്‍ കഴിഞ്ഞ രാഷ്ട്രീയ ഭൂരിപക്ഷമുപയോഗിച്ച് (വര്‍ഗ്ഗീയ ഭൂരിപക്ഷമുപയോഗിച്ച്) ബ്രാഹ്മിണ്‍ ദേശീയവാദം അട്ടിമറിച്ചുകൊണ്ടിരിക്കുകയാണ്.

കശ്മീരിന് ശേഷം വടക്കുകിഴക്കന്‍ മേഖല ?

കാശ്മീരി ജനതയെ ഇന്ത്യന്‍ രാഷ്ട്രത്തിന്റെ ഭാഗമാക്കി മാറ്റിയിരുന്ന ഭരണഘടനയുടെ 370-ാം വകുപ്പ് റദ്ദാക്കുകയും, കാശ്മീരിനെ രണ്ട് യൂണിയന്‍ ഭരണ പ്രദേശങ്ങളാക്കി സൈനികാധിപത്യം ഉറപ്പുവരുത്തിയിരിക്കുകയാണ്. പണ്ഡിറ്റുകളെ തിരിച്ചുകൊണ്ടുവരുന്നതോടൊപ്പം, അംബാനിമാരുടെ നിക്ഷേപവും കാശ്മീരില്‍ ശക്തിപ്പെടുത്തിയിട്ടുണ്ട്. ഗോത്രവര്‍ഗ്ഗ ദേശീയതകള്‍ എന്ന നിലയില്‍ സന്ധിയില്ലാതെ ആര്യന്മാര്‍ക്കെതിരെയും, കൊളോണിയല്‍ അധിനിവേശശക്തികള്‍ക്കുമെതിരെ പൊരുതിയ പാരമ്പര്യമാണ് വടക്കു-കിഴക്കന്‍ മേഖലയിലെ ഗോത്രവര്‍ഗ്ഗക്കാര്‍ക്കുള്ളത്. ഭരണഘടനയുടെ 244(2) ഉം, 275 (1) ഉം അനുഛേദമനുസരിച്ച് ഗോത്രവര്‍ഗ്ഗ പ്രദേശങ്ങളുടെ ഭരണം സംബന്ധിച്ച വ്യവസ്ഥകള്‍ ഉള്‍ക്കൊള്ളുന്ന 6-ാം പട്ടിക പ്രദേശങ്ങള്‍ എന്ന സംരക്ഷണം ഈ മേഖലകള്‍ക്കുണ്ട്. സ്വയം ഭരണ ജില്ലകളും, സ്വയം ഭരണ പ്രദേശങ്ങളും നിലനിര്‍ത്താനും ഭരിക്കാനുമുള്ള അവകാശം 6 പട്ടിക പ്രദേശങ്ങളിലെ ഗോത്രവര്‍ഗ്ഗക്കാര്‍ക്ക് നല്‍കിയിട്ടുണ്ട്. ആസ്സാം, മേഘാലയ, ത്രിപുര, മിസ്സോറം എന്നീ സംസ്ഥാനങ്ങളില്‍ നിശ്ചിത പ്രദേശങ്ങള്‍ 6-ാം പട്ടിക പ്രദേശങ്ങളില്‍ വരും. ഇന്ത്യന്‍ അതിര്‍ത്തികളില്‍ ജമ്മുകാശ്മീര്‍ കൂടാതെ, നാഗാലാന്റ് – ഹിമാചല്‍ പ്രദേശ് – സിക്കിം – അരുണാചല്‍ പ്രദേശ് – മണിപ്പൂര്‍, തുടങ്ങിയ മേഖലകളും ഗോത്രവര്‍ഗ്ഗക്കാര്‍ക്ക് മേധാവിത്വമുള്ളവയാണ്. ആര്യാധിനിവേശക്കാര്‍ക്കും കൊളോണിയല്‍ ശക്തികള്‍ക്കും കീഴടങ്ങാത്ത ഈ മേഖലയെ മൊരുക്കിയെടുക്കുക എന്നത് ബ്രാഹ്മീണ്‍ ദേശീയ വികസനവാദികളുടെ (ബ്രാഹ്മിണ്‍ എക്‌സ്പാന്‍ഷ്യനിസം) എക്കാലത്തെയും പദ്ധതിയായിരുന്നു. എന്നും സംഘര്‍ഷമേഖലയാക്കി മാറ്റി, സൈനികാധിപത്യം നിലനിര്‍ത്തിയിരുന്നത് ‘ഹിന്ദു’ ആധിപത്യത്തെയും കുടിയേറ്റത്തെയും പ്രോത്സാഹിപ്പിക്കാനുമായിരുന്നു. കാശ്മീരില്‍ ചെയ്തതില്‍ നിന്നും അല്പം വ്യത്യസ്ഥമായി, വടക്കുകിഴക്കന്‍ മേഖലയില്‍ ബ്രാഹ്മിണ്‍-കോര്‍പ്പറേറ്റുകള്‍ക്ക് കടന്നുകയറാനുള്ള ഉപാധിയായാണ് മോദി സര്‍ക്കാര്‍ പൗരത്വ ഭേദഗതി നിയമത്തെയും, പൗരത്വപട്ടികയെയും ഉപയോഗിക്കുന്നത്.

ഇന്നര്‍ലൈന്‍ പെര്‍മിറ്റ് (ഐഎല്‍പി) സംരക്ഷണം കൊണ്ടുമാത്രം ഗോത്രവര്‍ഗ്ഗമേഖലയെയും വടക്കു-കിഴക്കന്‍ മേഖലയെയും സംരക്ഷീക്കാനാകുമോ ?

ഇന്ത്യന്‍ വികസനവാദികളുടെ ചതിയെക്കുറിച്ച് വടക്കുകിഴക്കന്‍ സംസ്ഥാനക്കാര്‍ അറിഞ്ഞിരുന്നവരാണെങ്കിലും, വ്യാപകമായ പ്രതിഷേധവുമായി ഇപ്പോള്‍ മാത്രമാണ് രംഗത്തുവന്നിരിക്കുന്നത്. മുന്‍കിഴക്കന്‍ പാക്കിസ്ഥാനില്‍ നിന്നും, പിന്നീട് 1971 ല്‍ ബംഗ്ലാദേശ് രൂപീകരിക്കപ്പെടുന്നതിന് മുന്‍പ് തന്നെ ബംഗാളി ഹിന്ദുക്കളുടെ ആസ്സാം, ത്രിപുര തുടങ്ങിയ മേഖലകളിലേക്കുള്ള കടന്നുകയറ്റം ശക്തമായിരുന്നു. ആള്‍ ആസ്സാം ഗണസംഗ്രാം പരിഷത്ത്, ഓള്‍ ആസ്സാം സ്റ്റുഡന്‍സ് യൂണിയന്‍ തുടങ്ങിയവയുടെ ആവിര്‍ഭാവം തന്നെ ബംഗാളി കടന്നുകയറ്റത്തിന്റെ പശ്ചാത്തലത്തിലായിരുന്നു. എന്നാല്‍ ഒട്ടേറെ പ്രക്ഷോഭങ്ങള്‍ക്ക് ശേഷവും ഇന്ത്യന്‍ ഭരണവര്‍ഗ്ഗങ്ങള്‍ – അത് കോണ്‍ഗ്രസ്സ് ഭരണത്തിലാണെങ്കിലും പിന്നീടുള്ള ബി.ജെ.പി. ഉള്‍പ്പെടെയുള്ള ഭരണത്തിലാണെങ്കിലും ബംഗാളി കുടിയേറ്റം പ്രോത്സാഹിപ്പിക്കപ്പെട്ടുവന്നു. ത്രിപുരയിലാണെങ്കിലും ബംഗാളി മാര്‍ക്‌സിസ്റ്റുകള്‍ ത്രിപുരയിലേക്കുള്ള കുടിയേറ്റത്തില്‍ പങ്കുവഹിച്ചുവന്നു. 2011-ലെ സെന്‍സസ് കാലഘട്ടമാകുമ്പോഴേക്കും ആസ്സാമിലെ ജനസംഖ്യയായ 3.12 കോടിയില്‍ 61.47% ഹിന്ദുക്കളും, 34.22% മുസ്ലീംകളും, ബോഡോ വിഭാഗമുള്‍പ്പെടെയുള്ള ആദിവാസികള്‍ 12.44% വുമായി മാറി. ഈ സെന്‍സസ് കണക്കുകള്‍ പൂര്‍ണ്ണമായ യാഥാര്‍ത്ഥ്യത്തെ പ്രതിഫലിപ്പിക്കുന്നില്ല. കാരണം 61.47% ഹിന്ദുക്കള്‍ എന്നത് ട്രൈബല്‍/മുസ്ലിം വിഭാഗങ്ങള്‍ ഒഴികെയുള്ള അസ്സാമീസും ബംഗാളികളും ഉള്‍പ്പെടുന്ന ‘ഹിന്ദുക്കളാണ്’. ബംഗാളികളായ ഹിന്ദുക്കളുടെ മേധാവിത്തം, ആസ്സാമിലെ ഗോത്രവര്‍ഗ്ഗക്കാരല്ലാത്ത പൗരമ്പര്യവാസികളും ഗോത്രവര്‍ഗ്ഗക്കാരും ഒരുപോലെ നേരിടേണ്ടി വരുന്നു എന്നതാണ് ഇപ്പോള്‍ ഉയര്‍ന്നുവരുന്ന പ്രശ്‌നം.
പൗരത്വഭേദഗതി നിയമം മേല്‍പറഞ്ഞ സംസ്ഥാനങ്ങളിലെ ആറാം പട്ടികവര്‍ഗ്ഗ പ്രദേശങ്ങള്‍ക്ക് ബാധകമാക്കില്ല എന്നു പറയുന്നുണ്ട്. അതുകൊണ്ട് തന്നെ ‘ഇന്നര്‍ ലൈന്‍പെര്‍മിറ്റിന്റെ’ (ഇന്നര്‍ ലൈന്‍ പെര്‍മിറ്റ്) സംരക്ഷണം ഈ മേഖലകള്‍ക്ക് കിട്ടും എന്നാണ് മോദി സര്‍ക്കാര്‍ പറയുന്നത്. (പട്ടികവര്‍ഗ്ഗ മേഖലകള്‍ സംരക്ഷിക്കാന്‍, പുറത്തുനിന്നുവരുന്നവര്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തുന്ന വ്യവസ്ഥകള്‍ ഉള്‍ക്കൊള്ളുന്നതാണ് ഇന്നര്‍ ലൈന്‍ പെര്‍മിറ്റ്). ഭരണഘടന അനുസരിച്ചുള്ള 6-ാം പട്ടികയിലുള്‍പ്പെടുത്തി സംരക്ഷണമുള്ള ഡിസ്ട്രിക്റ്റ് കൗണ്‍സിലുകള്‍ ട്രൈബല്‍ ഏരിയകളില്‍ ഉണ്ട്. ആസ്സാം (3), മേഘാലയ (3), മിസോറം (3), ത്രിപുര (1) എന്നിങ്ങനെയാണ് ഇവ. കാര്‍ബി ആംഗ്‌ളോഗ് ഒട്ടോണമസ് കൗണ്‍സില്‍, ദിമഹസാഒ ഒട്ടോണമസ് കൗണ്‍സില്‍, ബോഡോലാന്റ് ടെറിട്ടോറിയല്‍ കൗണ്‍സില്‍ തുടങ്ങിയവ ഇതില്‍പെടും. ഈ മേഖലകളിലെല്ലാം ഇന്നര്‍ ലൈന്‍ പ്രൊട്ടക്ഷന്‍ പൊതുവില്‍ ബാധകമാണെങ്കിലും ആദിവാസി വിഭാഗമല്ലാത്തവര്‍ കടന്നുവന്നിട്ടുണ്ട്. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളായ നാഗാലാന്റിലും, അരുണാചല്‍ പ്രദേശിലും, മിസോറമിലും ഇന്നര്‍ലൈന്‍ പ്രൊട്ടക്ഷന്‍ നിലവിലുണ്ടെങ്കിലും നാഗാലാന്റിലെ വികസിത മേഖലയായി കണക്കാക്കപ്പെടുന്ന ദിമാപൂരില്‍ (ദിമാപൂര്‍) ഉള്‍പ്പെടെ ആദിവാസികളല്ലാത്തവര്‍ നിരവധിയാണ്. ഐഎല്‍പി പരിധിയില്‍ നിന്നും വര്‍ഷങ്ങളായി ഒഴിവാക്കപ്പെട്ട മണിപ്പൂരിലും സ്ഥിതി സങ്കീര്‍ണ്ണമാണ്. ത്രിപുര ഓട്ടോണമസ് ട്രൈബല്‍ കൗണ്‍സിലുകള്‍ ഉണ്ടെങ്കിലും, ത്രിപുരയിലെ ജനസംഖ്യയില്‍ ഭൂരിപക്ഷം ഇന്ന് കിഴക്കന്‍ ബംഗാളില്‍ നിന്നും ബംഗാളില്‍ നിന്നും കുടിയേറിയ ഹിന്ദുക്കാളാണ്. രാഷ്ട്രീയാധികാര മേഖലകളില്‍ പ്രധാന സ്ഥാനങ്ങള്‍ കൈകാര്യം ചെയ്യുന്നതും അവരാണ്. മേഘാലയയിലും കുടിയേറ്റമുണ്ട്. ചുരുക്കത്തില്‍ വടക്കുകിഴക്കന്‍ മേഖലയിലെ സ്ഥിതി സങ്കീര്‍ണ്ണമാകാന്‍ തുടങ്ങുകയാണ്. 6-ാം പട്ടികപ്രദേശങ്ങളുടെ സംരക്ഷണമുള്ള മേഖലകളാണെങ്കിലും, ‘ഹിന്ദു’ക്കള്‍ ഭൂരിപക്ഷമാണ്. ഇത് ആദിവാസികളെ മാത്രമല്ല, ആദിവാസികളല്ലാത്ത തദ്ദേശീയരെയും പ്രതിസന്ധിയിലാക്കുകയും ബ്രാഹ്മിണ്‍ വംശീയ മേധാവിത്വത്തിന് വിധേയമാകാന്‍ തുടങ്ങുന്നു എന്നതാണ് ഇപ്പോള്‍ ആരംഭിച്ചിരിക്കുന്ന പ്രക്ഷോഭത്തിന്റെ പ്രത്യേകത. 2014-വരെയുള്ള എല്ലാ കുടിയേറ്റക്കാരും പൗരത്വം നേടുന്നതോടെ വടക്കു-കിഴക്കന്‍ മേഖല സ്‌ഫോടനാവസ്ഥയിലാകും. നിലവിലുളള ഇന്നര്‍ ലൈന്‍ പ്രൊട്ടക്ഷന്‍ കൊണ്ടുമാത്രം ഈ മേഖലയെ സംരക്ഷിക്കാനാകില്ല.

വനാവകാശനിയമം അട്ടിമറിക്കപ്പെടുന്നതിന്റെ പ്രത്യാഘാതം

കോര്‍പറേറ്റുകള്‍ക്ക് വനമേഖലയിലേക്ക് കടന്നുകയറാന്‍ അവസരം നല്‍കാന്‍ വനാവകാശ നിയമം അട്ടിമറിക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ നീക്കവും ആദിവാസികളെ ദേശവ്യാപകമായി ജീവിതപരിസരത്തു നിന്നും നിഷ്‌ക്കാസനം ചെയ്യാനാണ്. കോര്‍പറേറ്റുകളുടെ വിഭവക്കൊള്ളയ്ക്ക് കളമൊരുക്കാനാണ് വനാവകാശ നിയമം ദുര്‍ബ്ബലപ്പെടുത്താനുളള ഇടപെടല്‍ സുപ്രീംകോടതിയില്‍ ഉണ്ടായതെന്നത് ശ്രദ്ധേയമാണ്.

ദേശീയപൗരത്വ ഭേദഗതിനിയമവും പൗരത്വരജിസ്റ്ററും മുസ്ലീംമതന്യൂനപക്ഷത്തെ തുടച്ചുനീക്കാന്‍

മുസ്ലീം സമുദായത്തെ അപരവല്‍ക്കരിക്കാനും ബ്രാഹ്മിണ്‍ ദേശീയാധിപത്യത്തിന് ഹിന്ദുപരിവേഷം നല്‍കാനും പൗരത്വഭേദഗതി നിയമം സംഘപരിവാര്‍ ഉപയോഗപ്പെടുത്തും. ദേശീയ പൗരത്വഭേദഗതിയുടെ ഘട്ടത്തില്‍ സംഘപരിവാര്‍ അജണ്ട പൂര്‍ണ്ണമായും വ്യക്തമാക്കുന്നില്ലെങ്കിലും, പൗരത്വ നിര്‍ണ്ണയത്തില്‍ മതവിവേചനം നിയമമാക്കിയതോടെ മുസ്ലീം സമുദായത്തെ പൗരത്വത്തില്‍ നിന്നും നീക്കം ചെയ്യാനുള്ള വഴികള്‍ തുറന്നുകഴിഞ്ഞു. പൗരത്വ ഭേദഗതി നിയമം നടപ്പാക്കി മുസ്ലീം മതന്യൂനപക്ഷങ്ങളെ ജനിച്ച മണ്ണില്‍ നിന്നും പുറത്താക്കുന്നതോടൊപ്പം കാശ്മീരിലും വടക്കുകിഴക്കന്‍ മേഖലകളിലും ആദിവാസി മേഖലകളിലും സംഘപരിവാര്‍ തുടര്‍ന്നു വരുന്ന നയങ്ങളും, ഒന്നുതന്നെയാണ്. ദലിത് – ആദിവാസി – പിന്നോക്ക വിഭാഗങ്ങല്‍ക്ക് ഭരണത്തില്‍ പ്രതിനിധാനം ചെയ്യാന്‍ സംവരണത്തിന്റെ രൂപത്തില്‍ ഉറപ്പുനല്‍കിയ അവകാശങ്ങളും ഭരണഘടന ഭേദഗതിയിലൂടെ ദുര്‍ബ്ബലപ്പെടുത്തിയിട്ടുണ്ട്. ഭരണഘടന ഭേദഗതിയിലൂടെ സാമ്പത്തിക സംവരണം നടപ്പാക്കിയ നടപടി ഇതിന്റെ ഭാഗമാണ്. സംഘപരിവാര്‍ നടപടികള്‍ എല്ലാം ഭരണഘടനയുടെ സാമൂഹിക ജനാധിപത്യത്തെ തകര്‍ക്കുന്നതും ഫെഡറല്‍ സംവിധാനത്തെ ഇല്ലായ്മ ചെയ്യുന്നതുമാണ്. അതിനാല്‍ സംഘപരിവാറിന്റെ ഇത്തരം ചെയ്തികളെ ‘മതനിരപേക്ഷത’ സംരക്ഷണവും ‘ഗാന്ധിയന്‍ മതേതരത്വവും’ കൊണ്ട് പ്രതിരോധിക്കാനുള്ള ശ്രമമാണ് ഇടതുപക്ഷവും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സും ചെയ്തുവരുന്നത്. ദുര്‍ബ്ബലമായ ഈ നിലപാടുകള്‍ കൊണ്ട് ഇന്ത്യയെ രക്ഷിക്കാനാകില്ല. സംഘപരിവാര്‍ ഏറ്റെടുത്തുകൊണ്ടിരിക്കുന്ന ഗാന്ധിയെ ഉയര്‍ത്തിക്കാട്ടിയും ഇന്ന് രാഷ്ട്രത്തെ രക്ഷിക്കാനാകില്ല. പൗരത്വവും പ്രതിനിധാനവും രാഷ്ട്രീയ ജീവിതത്തിന്റെ ജീവവായുവായി കണ്ടിരുന്ന അംബേദ്കറിസത്തിലേക്ക് രാഷ്ട്രത്തെ നയിക്കാന്‍ ദേശീയ പ്രസ്ഥാനങ്ങള്‍ തയ്യാറുണ്ടോയെന്നതാണ് കാതലായ പ്രശ്‌നം.

ജാതിസമവാക്യപരീക്ഷണങ്ങളില്‍ നിന്നും സാമൂഹികജനാധിപത്യത്തിലേക്കും പ്രാതിനിധ്യരാഷ്ട്രീയത്തിലേക്കും രാഷ്ട്രീയപാര്‍ട്ടികള്‍ വളരണം

ബ്രാഹ്മണ്യാധികാരത്തിന്റെ അടിത്തറ ജാതിമേധാവിത്തമാണെന്ന് സാമാന്യേന ഇന്ത്യയില്‍ അംഗീകരിക്കപ്പെട്ടിട്ടുണ്ടെങ്കിലും, ജാതിമുന്നണികളിലൂടെ ബ്രാഹ്മണാധികാരത്തെ നേരിടാം എന്നതാണ് നിലനില്‍ക്കുന്ന പൊതുബോധം. ‘ബഹുജന്‍’ രാഷ്ട്രീയം പറയുന്നവരാണെങ്കിലും ഇടതു-വലതുപ്രസ്ഥാനങ്ങളും ഹിന്ദുത്വവാദികളും ജാതി സമവാക്യത്തെ പ്രത്യക്ഷമായും പരോക്ഷമായും ഉപയോഗിച്ചുവരുന്നു. സംഘപരിവാര്‍ ശക്തികള്‍ ജാതിസമവാക്യത്തെ ഫലപ്രദമായി ഉപയോഗിച്ചാണ് അധികാരത്തില്‍ പിടിമുറുക്കിയത്. കോര്‍പറേറ്റ് പിന്‍ബലവുമുണ്ട്. ബ്രാഹ്മണാധികാരത്തിനുള്ള വര്‍ഗ്ഗീയ ഭൂരിപക്ഷമായി അവര്‍ രാഷ്ട്രീയ മുന്നണികളെ നിലനിര്‍ത്തിവരുന്നു. ഇന്ന് വ്യത്യസ്ഥ ജനതകള്‍ക്കുളള ഭരണഘടനാപരമായ അവകാശം അട്ടിമറിക്കാനും ഭരണഘടന അട്ടിമറിക്കാനും ഈ രാഷ്ട്രീയഭൂരിപക്ഷത്തെ അവര്‍ ഉപയോഗിച്ചുവരുന്നു. രാഷ്ട്രീയാധികാരത്തില്‍ ദലിത് – ആദിവാസി-പിന്നോക്ക-മതന്യൂനപക്ഷ-സ്ത്രീ പ്രതിനിധാനത്തെക്കുറിച്ച് പറയുന്ന രാഷ്ട്രീയശക്തികള്‍ ഏറെ ദുര്‍ബ്ബലപ്പെട്ടു കഴിഞ്ഞിരിക്കുന്നു. പാര്‍ശ്വവല്‍കൃതരുടെ അധികാരത്തിലെ പ്രതിനിധാനത്തിന്റെ രാഷ്ട്രീയം ചോര്‍ന്നുപോയതുകൊണ്ടുതന്നെ, നിര്‍ണ്ണായകഘട്ടങ്ങളില്‍ ബുഹജന്‍ രാഷ്ട്രീയക്കാര്‍ ഉള്‍പ്പെടെ ഒളിച്ചോടുന്നു.

പൗരത്വത്തെക്കുറിച്ചും പ്രതിനിധാനത്തെക്കുറിച്ചുമുള്ള ഡോ. ബി. ആര്‍. അംബേദ്കര്‍ ദര്‍ശനങ്ങളിലേക്ക് ഇന്ത്യ തിരിച്ചുവരണം

സംഘപരിവാര്‍ ചിന്നഭിന്നമാക്കുന്ന രാഷ്ട്രത്തിന്റെ ഗതിവിഗതികളെക്കുറിച്ച് ഡോ. ബി. ആര്‍. അംബേദ്കര്‍ മുന്‍കൂട്ടി പ്രവചിച്ചിട്ടുണ്ട്. ഇന്ത്യയിലെ ജനങ്ങളുടെ പൗരത്വത്തെക്കുറിച്ചും, സാര്‍വ്വത്രിക വോട്ടവകാശത്തെക്കുറിച്ചും, പ്രതിനിധാനത്തെക്കുറിച്ചും വട്ടമേശ സമ്മേളന കാലത്തിന് മുന്‍പ് തന്നെ അദ്ദേഹം വ്യക്തമാക്കിയിരുന്നു. സാര്‍വ്വത്രിക വോട്ടവകാശവും, പൗരത്വവും, പ്രതിനിധാനവുമൊന്നും ഗാന്ധിയുടെയോ, കോണ്‍ഗ്രസ്സിന്റെയോ, സവര്‍ക്കറുടെയോ പരിപാടികളായിരുന്നില്ല. ഇന്ത്യ ഭരണഘടന ആക്റ്റ് നിലവില്‍ വന്നപ്പോഴുണ്ടായ ആദ്യ തിരഞ്ഞെടുപ്പ് കാലത്ത് 14% ജനങ്ങള്‍ക്ക് മാത്രമെ വോട്ടവകാശമുണ്ടായിരുന്നുള്ളു. 1955-ല്‍ പൗരത്വ നിയമം പ്രാബല്യത്തില്‍ കൊണ്ടുവരുന്നതിന് മുമ്പ് ഇന്ത്യയില്‍ ഒരു സിവില്‍ സമൂഹമുണ്ടാക്കാന്‍ ശക്തമായ രണ്ട് ആവശ്യങ്ങള്‍ ഡോ. ബി.ആര്‍. അംബേദ്കര്‍ ഒരേ സമയം ഉന്നയിച്ചു. ഒന്ന് സാര്‍വ്വത്രിക വോട്ടവകാശവും; രണ്ട് മര്‍ദ്ദിതരുടെ പ്രത്യേക പ്രതിനിധാനവും. എന്നാല്‍ കേവലം പൗരത്വം കൊണ്ടുമാത്രം ഒരു പ്രയോജനവുമുണ്ടാകില്ലെന്നും വൈവിധ്യമാര്‍ന്ന ജനതകള്‍ക്ക്, വിശിഷ്യാ മര്‍ദ്ദിത വര്‍ഗ്ഗങ്ങള്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കും പ്രതിനിധാനം സുപ്രധാനമാണെന്നും അദ്ദേഹം വ്യക്തമാക്കി. പ്രതിനിധാനമില്ലാതെ, പൗരത്വം സാധ്യമല്ല; അതായിരുന്നു അംബേദ്കര്‍ നിലപാട്. സമത്വമില്ലാതെ, സ്വാതന്ത്ര്യവും സാഹോദര്യവുമില്ല എന്ന സാമൂഹിക ജനാധിപത്യ നിലപാടും ഇതിന്റെ തുടര്‍ച്ചയാണ്. പ്രത്യേക നിയോജകമണ്ഡലവാദവും, ന്യൂനപക്ഷാവകാശവും, സ്വയംഭരണവും എല്ലാം ഇതിന്റെ ഭാഗമാണ്. കാശ്മീര്‍, വടക്കുകിഴക്കന്‍ മേഖലകളിലെ ജനങ്ങള്‍, ആദിവാസികള്‍, പിന്നോക്കക്കാര്‍, മതന്യൂനപക്ഷങ്ങള്‍ ഇവര്‍ക്കെല്ലാവര്‍ക്കും ഇടമുള്ള ഒരു സാമൂഹിക ജനാധിപത്യമായി ഇന്ത്യയെ പരിവര്‍ത്തനപ്പെടുത്താന്‍ രാഷ്ട്രീയ സമൂഹം ഡോ. ബി. ആര്‍. അംബേദ്കര്‍ ദര്‍ശനങ്ങളിലേക്ക് തിരിച്ചുവരേണ്ടതുണ്ട്.

എം. ഗീതാനന്ദന്‍
ചെയര്‍മാന്‍
ദലിത്-ആദിവാസി-സ്ത്രീ പൗരാവകാശ കൂട്ടായ്മ

സി.എസ്. മുരളി
ജനറല്‍ കണ്‍വീനര്‍
ദലിത്-ആദിവാസി-സ്ത്രീ പൗരാവകാശ കൂട്ടായ്മ

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പത്തു വര്‍ഷം പൂര്‍ത്തിയാക്കിയിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2023 - 24 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Be the first to write a comment.

Leave a Reply