എഴുത്ത് നിരന്തര സംവാദമാകുമ്പോള്‍

സനല്‍ ഹരിദാസിന്റെ സബാള്‍ട്ടേണ്‍ ഡയറി എന്ന പുസ്തകത്തിന് ഡോ ടി ജിതേഷ് എഴുതിയ അവതാരിക

ആത്മയാനമെന്നു പറയാവുന്ന ചില രചനകളുണ്ട്. രാഷ്ട്രീയം, സമൂഹം, വ്യക്തി, ചരിത്രം, ശാസ്ത്രം എന്നിങ്ങനെ എന്തിനെക്കുറിച്ചു പറയുമ്പോഴും ഒരാളറിയാതെ തന്നെ അതില്‍ കടന്നുവരുന്ന ചില നിരീക്ഷണങ്ങളെയും വിലയിരുത്തലുകളെയും അടിസ്ഥാനമാക്കി അങ്ങനെ പറയാനാവും. പല സന്ദര്‍ഭങ്ങളിലും കേള്‍ക്കാം ആത്മകഥയെഴുതാനുള്ള പ്രായത്തെക്കുറിച്ച്. അങ്ങനെയൊന്നില്ല എന്നാണ് മനസ്സിലാക്കേണ്ടത്. മനുഷ്യാണാം മനുഷ്യത്വം ജാതിര്‍ ഗോത്വം ഗവാ യഥാ, പശുവിന് പശുത്വം പോലെ മനുഷ്യന് മനുഷ്യത്വമാണ് ജാതി എന്ന് പറഞ്ഞുവച്ചതിനേക്കാള്‍ ശക്തമായി വ്യക്തിക്ക് വ്യക്തിത്വത്തെ കല്പിക്കാനാവുമെന്ന് വായിച്ചെടുക്കാം. വ്യക്തിയെന്നത് ഭൗതികസാഹചര്യങ്ങളുടെ സംവാദമേഖലയില്‍ നിന്ന് ഉണ്ടാകുന്നതല്ല. അതിന് ആരുടെയും താല്പര്യങ്ങള്‍ ഘടകമാവുകയുമില്ല.

പ്രതികരണശേഷി വളര്‍ത്താനും പുതിയ പാഠങ്ങള്‍ പകര്‍ന്നു നല്കാനും വിദ്യാഭ്യാസം സഹായിക്കുമെന്നതില്‍ തര്‍ക്കമില്ല. അതുപക്ഷേ, ഒരേ രീതിയില്‍, ചില നിര്‍ദ്ദേശങ്ങളുടെയും വാര്‍പ്പു മാതൃകകളുടെയും അടിസ്ഥാനത്തില്‍ എല്ലാവരെയും ഒരേ പോലെ സൃഷ്ടിച്ചെടുക്കുന്നതിനുള്ള ഒന്നത്രേ. എന്നാല്‍ അതില്‍ നിന്നും വ്യത്യസ്തമാണ് മൗലികത. അതൊരിക്കലും പാരമ്പര്യമായി സംഗീതമോ എഴുത്തോ വരയോ ഒക്കെ കിട്ടി എന്നു പറയുന്നതു പോലെ ഒന്നല്ല. പെരുന്തച്ചന്റെ കഥ പഠിപ്പിക്കുന്നത് അതാണ്. അസൂയ മുഴുത്ത അച്ഛന്‍ മകനെ ഇല്ലാതാക്കിയെന്ന വ്യാഖ്യാനമൊക്കെ മനശ്ശാസ്ത്രപഠനം കയറിക്കൂടുമ്പോള്‍ വരുന്നതാവാനേ തരമുള്ളൂ. സൂചക-സൂചിതങ്ങളുടെ ലോകം അപഗ്രഥിക്കുന്നതിലൂടെ, ഭാഷയും വ്യക്തിഭാവങ്ങളും തമ്മിലുള്ള ബന്ധത്തെ ഫ്രോയ്ഡും ലക്കാനും ഒക്കെ വിശദമാക്കിയിട്ടുള്ളത് തള്ളിക്കളയാനാവില്ല. അറിവ് വികസിക്കുമ്പോള്‍ ഭാഷയും വികസിക്കും. അറിവനനുസൃതമായ ഭാഷയായിരിക്കും അത്. എങ്കിലും പെരുന്തച്ചന്‍ ഒരാളാണെന്നു കരുതാനാവില്ല. അതൊരു ബിംബനിര്‍മ്മിതിയാണ്. സമ്പന്നമായ അനേകം വാമൊഴി വഴക്കങ്ങളില്‍ നിന്ന് രൂപപ്പെടുന്ന ഒരേകരൂപം. ആ രൂപത്തെ ആക്രമിക്കുന്ന ഉപകഥകളില്‍ ഒന്നാവണം തച്ചന് അസൂയ തോന്നിയ മകന്റേത്. ആ മകനാവട്ടെ വാങ്മയങ്ങളുടെ മറ്റ് അവസ്ഥകളിലൊന്നും പ്രത്യക്ഷപ്പെടുന്നുമില്ല. ഇക്കഥയുടെ കേന്ദ്രം പെരുന്തച്ചന്‍ തന്നെ. പെരുന്തച്ചനെപ്പോലൊരു തച്ചനെ ചരിത്രം വേറെ കാണിച്ചു തന്നിട്ടില്ല. തമസ്‌കരിക്കപ്പെടുന്ന ചരിത്രങ്ങളെയും അത്തരം അസ്തിത്വങ്ങളെയും നിഷേധിക്കുന്നില്ല. എന്നാല്‍ പെരുന്തച്ചനുള്ള ഖ്യാതിയാണ് പെരുന്തച്ചനെക്കുറിച്ചുള്ള അപഖ്യാതിക്കും ഹേതുവായി നില്ക്കുന്നത്. മകനെ തച്ചനായി കാണാന്‍ അതിനുശേഷവും ആരും തയ്യാറായിട്ടില്ല. ചരിത്രം അങ്ങനെ വലിയൊരു നൂലാമാലയില്‍പ്പെട്ട് ഒരിക്കലും പിടിതരാതെയും കുടഞ്ഞെറിയാന്‍ കഴിയാതെയും നിലനില്‍ക്കുന്നതുകൊണ്ടാണ് വരരുചിയുടെ കഥയ്ക്ക് പുതിയ നൂറ്റാണ്ടിലും വായനയുണ്ടാകുന്നത്. രാമായണത്തിന്റെ വിവിധ പാഠങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്ത് കാമില്‍ ബുല്‍ക്കെയും ജക്കോബിയുമൊക്കെ ശരിയായ കാലവും കഥയും അനുമാനിക്കാന്‍ ശ്രമിക്കുന്നത് അതുകൊണ്ടാണ്. അങ്ങനെയുള്ള വായന അസ്ഥിക്കു പിടിച്ചിട്ട് പറയാതിരിക്കാന്‍ വയ്യാതെ എഴുതിപ്പോകുന്ന ഘട്ടത്തില്‍ പലതിനെയും വിശദമായി നോക്കിക്കാണും. എത്ര വായിച്ചു എന്നതല്ല എങ്ങനെ വായിച്ചുവെന്നത് പ്രധാനമാണ്. വ്യക്തിപരമായ നോട്ടങ്ങളുടെ സ്വാധീനത്തെയല്ല അങ്ങനെ പറയുക. കാരണം, വ്യക്തിയുടെ നിരീക്ഷണങ്ങള്‍ ആര്‍ജ്ജിച്ചെടുത്ത അറിവുകളുടെയും വിശകലനങ്ങളുടെയും അടിസ്ഥാനത്തിലുള്ളതാണ്. ഇവിടെ സനലിന്റെ എഴുത്തുകള്‍ പരിഗണിക്കുമ്പോള്‍ ആര്‍ജ്ജിച്ചെടുക്കുന്നവയേക്കാള്‍ ഒരുതരം ഇന്റ്യൂഷന്റെ അടിസ്ഥാനത്തില്‍ ചില വിലയിരുത്തലുകളിലേക്ക് സ്വയമേവ എത്തിച്ചേരുന്നതായിട്ടാണ് ഞാന്നുക. സഹായത്തിന് വായിച്ചതും അറിഞ്ഞതുമായ കാര്യങ്ങളുടെ അകമ്പടിയും ഉണ്ടായേക്കുമെന്നു മാത്രം. വ്യക്തിയെന്ന നിലയിലും സാമൂഹ്യജീവിയെന്ന നിലയിലും തന്റേതായ വേറിട്ട ലോകത്തുനിന്നുകൊണ്ട് പലതിനെയും സനല്‍ നോക്കിക്കാണുകയാണ്. അഥവാ അവയെക്കുറിച്ചുള്ള തന്റെ വിചാരങ്ങള്‍ അവതരിപ്പിക്കുകയാണ്.

ആമയുടെയും മുയലിന്റെയും കഥ ഏതെങ്കിലും ഒരു ഭൂപ്രദേശത്തിന്റെ മാത്രം വാമൊഴിയല്ല. ദീര്‍ഘകാലത്തെ മനുഷ്യവംശത്തിന്റെ സഞ്ചാരങ്ങളുടെയും കൊടുക്കല്‍ വാങ്ങലുകളുടെയും പ്രതിരൂപമാണത്. വേട്ടയാടലും ഇണചേരലും മാത്രമായി ഒടുങ്ങിപ്പോകാതിരുന്ന ചിന്തകളെ യുക്തിയുടെയും അധികാരത്തിന്റെയും വഴിക്ക് തിരിച്ചു വിടുമ്പോഴാണ് ഇത്തരം കഥകള്‍ ജനിക്കുന്നത്. കാരണം, ഓട്ടത്തില്‍ കേമനായ മുയലും വളരെ പതുക്കെ മാത്രം സഞ്ചരിക്കുന്ന ആമയും തമ്മിലുള്ള മത്സരം വൈരുദ്ധ്യങ്ങളെത്തമ്മില്‍ താരതമ്യം ചെയ്ത് ഓര്‍മ്മപ്പെടുത്തിക്കൊണ്ടിരിക്കുന്നതിനുള്ള ഉപാധി മാത്രമാണ്. രണ്ട് എക്‌സ്ട്രീമുകള്‍ തമ്മിലുള്ള ബലതന്ത്രത്തെ വികസിപ്പിക്കുക മാത്രമാണിവിടെ നടക്കുന്നത്. അത്തരം എക്‌സ്ട്രീമുകള്‍ക്കിടയില്‍ ചലിക്കുന്ന സാധാരണത്വങ്ങളാണ് കാഴ്ചക്കാര്‍. അവര്‍ക്ക് ഇങ്ങനെയുള്ള എക്‌സ്ട്രീമുകളെക്കുറിച്ചു മാത്രമേ സംസാരിക്കാനാവുകയുള്ളൂ. അഥവാ ഏറ്റവും ഉയര്‍ന്നതോ ഏറ്റവും താഴ്ന്നതോ കാണുന്നതിലൂടെ മാത്രമേ ആഘോഷിക്കാനും വിമര്‍ശിക്കാനുമുള്ള അവസരം ഉണ്ടാവുകയുള്ളൂ. സുപ്രസിദ്ധവും കുപ്രസിദ്ധവും ഉണ്ടാകുന്നതങ്ങനെയാണ്. മാത്രമല്ല, മുയല്‍ ഉറങ്ങിയതുകൊണ്ടു മാത്രമാണ് ആമ ജയിച്ചതെന്നും ആമകള്‍ ഒരിക്കലും ജയിക്കാറില്ലെന്നും ജയം ആപേക്ഷികമായി മാത്രമേ ആമകളെപ്പോലുള്ളവയ്ക്ക് കിട്ടുകയുള്ളൂവെന്നും ജന്മത്തിന്റെയും പാരമ്പര്യത്തിന്റെയും ഘടകങ്ങള്‍ക്കു പ്രസക്തിയുണ്ടെന്നും ഈ കഥ കാലാകാലങ്ങളായി ബോധ്യപ്പെടുത്തിക്കൊണ്ടിരിക്കുന്നു. ഇതിന്റെ വകഭേദമാണ് പരസ്യങ്ങള്‍. ഗ്രീസോ പെയിന്റോ നന്നായി പുരണ്ടു കഴിഞ്ഞ ഒരു വസ്ത്രം അവ ഇളക്കിക്കഴിഞ്ഞ് ഉപയോഗിക്കാനുള്ള സാധ്യത സാധാരണഗതിയില്‍ വിരളമാണ്. എന്നാല്‍ അവ പോലും ഇളക്കാനാവും എന്നു കാണിക്കാന്‍ ശ്രമിക്കുന്നവയാണ് കറ നല്ലതാണ് എന്നുപറയുന്ന പരസ്യം. അത്തരത്തിലുള്ള നോട്ടങ്ങള്‍ക്കുമാത്രമേ അവിശ്വാസങ്ങള്‍ക്കു മുകളില്‍ ദൃശ്യപരതയെ നിര്‍ത്തി ചോദ്യം ചെയ്യാത്ത ഇരിപ്പിടം നിര്‍മ്മിക്കാനാവൂ എന്ന് നമ്മള്‍ ഉറപ്പിച്ചിരിക്കുന്നു. ഈ തോന്നലാണ് പുതിയ കാലത്ത് നമ്മെ തുറിച്ചു നോക്കുന്നത്.

ജ്ഞാനിയായ ശങ്കരാചാര്യര്‍ ജാഗ്രത്തിലും ഉറക്കത്തിലും സ്വപ്നത്തിലും സദാ പ്രകടമാകുന്നതും പ്രപഞ്ചത്തെ മുഴുവന്‍ പ്രകാശിപ്പിച്ചുകൊണ്ട് ബ്രഹ്മാവു മുതല്‍ ഉറുമ്പു വരെയുള്ള ശരീരങ്ങളില്‍ ഇണങ്ങി നില്‍ക്കുന്നതുമായ ബോധം തന്നെയാണ് താനെന്നും ജഢവസ്തുക്കളൊന്നും താനല്ലെന്നും പറഞ്ഞിട്ടുണ്ടെന്നും അദ്വൈതത്തെ മറ്റെന്തിനേക്കാളും മുകളില്‍ പ്രതിഷ്ഠി ക്കുന്നതിന് പ്രാപ്തനായിരുന്നു എന്നും വിലയിരുത്തുമ്പോഴും വിമര്‍ശനത്തിന് അതീതനാവുന്നില്ല. ചരിത്രപരമായി സ്വയം സാക്ഷ്യപ്പെടുന്ന ധാരാളം വൈരുദ്ധ്യങ്ങള്‍ ഉള്ളതുകൊണ്ടാണ് പ്രച്ഛന്നബുദ്ധനെന്ന പേരുണ്ടാകുന്നത്. ആത്മാവും ബ്രഹ്മവും ഒന്നാണെന്നു തിരിച്ചറിയുന്ന സര്‍ഗ്ഗാത്മകതയ്ക്കു മുകളില്‍ ചില പ്രതിഷ്ഠകളുടെ ആവശ്യകത ബോധ്യമുള്ളതുകൊണ്ടാണ് കുടജാദ്രിയിലെ മഹേശ്വരിയുടെ സ്ഥാനത്തിനു പുറകില്‍ മറ്റൊരു കഥ പ്രചരിക്കുന്നത്. കേരളത്തിലേക്ക് ദേവിയെ ആനയിക്കവേ ദേവി പുറകില്‍ വരുന്നുണ്ടോ എന്ന് തിരിഞ്ഞുനോക്കി എന്നു പറയുമ്പോള്‍ അതു വിശ്വസിക്കത്തക്ക വളര്‍ച്ച മാത്രമേ കേള്‍വിക്കാരില്‍ ഉണ്ടാകാവൂ എന്നു കരുതിയിരിക്കണം. കാരണം പല സംഭവങ്ങളും നേരത്തെകൂട്ടി മനസ്സിലാക്കാനും പരകായപ്രവേശം വരെ നടത്തുവാനും കഴിവുള്ളയാള്‍ എവിടെ വച്ചു തിരിഞ്ഞു നോക്കിയാലും അവിടെ നിന്ന് മുന്നോട്ടുവരില്ല എന്ന നിര്‍ദ്ദേശത്തെ മറന്ന് നോക്കിപ്പോയി എന്നു വിശ്വസിക്കാന്‍ പ്രേരിപ്പിക്കുന്നിടത്ത് ആഖ്യാനതന്ത്രങ്ങളിലെ കഥാപരിണാമഗുപ്തിയെന്ന ഘടകം ചേര്‍ക്കുക തന്നെയാണ് ലക്ഷ്യം. ആ ട്വിസ്റ്റിനെത്തന്നെയാണ് നാലു വേദങ്ങളെ നാലു നായ്ക്കളായി തെളിച്ചുവെന്നു പറയുന്ന, ചണ്ഡാലനായി വന്ന് ചോദ്യം ചെയ്തുവെന്ന് പറയുന്ന കഥ വെറും കഥാഘടനയിലേക്ക് ലഘൂകരിച്ചു കാണാനുള്ള ശ്രമത്തിലുള്ളത്. യാഥാര്‍ത്ഥ്യത്തെ തിരിച്ചറിയുന്ന അറിവാണ് ബ്രഹ്മം എന്ന വാദത്തില്‍നിന്നും പതുക്കെ മാറി കഥ പറച്ചിലിലൂടെ വസ്തുതകള്‍ക്കും പ്രതിഷേധങ്ങള്‍ക്കും പൂരകമായ മറ്റൊരു ഭാഷ്യം ചമയ്ക്കുകയാണിവിടെ. അടിസ്ഥാന വര്‍ഗ്ഗപ്രത്യയശാസ്ത്രം അബദ്ധവശാലെങ്കിലും കടന്നുവരാതിരിക്കുന്നതിനുള്ള മുന്‍കരുതല്‍ ഇത്തരം കഥാനിര്‍മ്മിതിക്കു പുറകിലുണ്ട്. മാത്രമല്ല, ആ കഥയിലെ ചണ്ഡാളത്വം ആമയുടെ കഥയിലേതുപോലെ ജന്മസിദ്ധമായ ഒന്നായി പ്രതിഷ്ഠിക്കപ്പെടുകയും ചെയ്യുന്നു.

ഈ രീതിയില്‍ കഥകളെ വരുംകാലത്തേക്കുള്ള അടിത്തറയായി പാകി ക്രമപ്പെടുത്തി അപ്രതിരോധ്യമായ വിശ്വാസങ്ങളാക്കിത്തീര്‍ക്കുന്ന പ്രവണതയെ നിലപാടുകള്‍ കൊണ്ട് ചോദ്യം ചെയ്യുന്നതിനുള്ള ആര്‍ജ്ജവമാണ് എഴുത്തുകാരന്‍ കാണിക്കുക. അതൊരുപക്ഷേ ഇവിടെ സനല്‍ പരാമര്‍ശിക്കുന്ന ഓരോ വിഷയത്തിലും കണ്ടെത്താനാവും. അത് രാഷ്ട്രീയം പറച്ചിലല്ല; രാഷ്ട്രീയശാക്തീകരണത്തിനുള്ള ശ്രമമാണ്. മനുഷ്യവിഭവശേഷിയെന്ന കാഴ്ച മനുഷ്യത്വമായി വിവര്‍ത്തനം ചെയ്യലാണ്. സാംസ്‌കാരികതയെന്നു വാഴ്ത്തി തനിമയെ ലക്ഷ്യംവയ്ക്കുന്നുവെന്നു തോന്നിക്കുന്ന വരണ്ട പ്രത്യയശാസ്ത്ര നിര്‍മ്മിതികളോടും അധീശത്വ കാഴ്ചകളോടുമുള്ള പ്രതികരണമാണ്.

ബഹുമുഖവ്യവസ്ഥയാണെന്ന് അവകാശപ്പെടുന്ന കുടുംബത്തില്‍ പുരുഷാധികാരത്തിനുള്ള മേല്‍ക്കയ്യും അതെപ്പോഴും ബാധ്യതകളെക്കുറിച്ച് ഓര്‍മ്മിപ്പിക്കുന്നത് മാത്രമാണെന്നും അത്തരം ചിന്തകള്‍ക്കപ്പുറം മറ്റൊന്നിലേക്കും യുക്തികളെ വളര്‍ത്താതിരിക്കാന്‍ ആവുന്നത്ര ശ്രമിക്കാറുണ്ടെന്നും വായിച്ചെടുക്കാന്‍ സനലിനാവുന്നുണ്ട്. സവര്‍ണ്ണതയെ മാത്രം സ്വീകരിക്കുന്ന ബൗദ്ധികതയാണ് അധീശവര്‍ഗ്ഗകാമികളല്ലെന്ന് അവകാശപ്പെടുന്നവരില്‍പ്പോലുമുള്ളതെന്ന് തിരിച്ചറിയാന്‍ പ്രമുഖരുടെ പ്രതികരണങ്ങളിലൂടെ കടന്നുപോയാല്‍ മതിയെന്ന് വ്യക്തം. എഴുത്തധികാരം ആണധികാരത്തിന്റെയും അതുവഴി രൂപപ്പെടുത്തുന്ന സവര്‍ണാധികാരത്തിന്റെയും രൂപം മാത്രമാണെന്നു തുറന്നെഴുതാന്‍ ലേഖകന് കഴിയുന്നു. സാന്ദര്‍ഭികമായി കുടുംബവ്യവസ്ഥയിലെ മാതൃ- പിതൃബിംബങ്ങളെ കടപ്പാടെന്ന പേരില്‍ നിര്‍മ്മിച്ചുവയ്ക്കുന്ന ഗാര്‍ഹിക അടിമമായി വ്യാഖ്യാനിക്കുന്ന കഫര്‍ണാം എന്ന ലബനീസ് സിനിമയെ കുറേക്കൂടി ആഴത്തില്‍ വായിക്കാന്‍ ലേഖകന് കഴിയുന്നുണ്ട്. വളര്‍ത്താനാവാത്തവരോട് ജനിപ്പിക്കുന്നതിന്റെ ന്യായത്തെക്കുറിച്ച് ചോദിക്കുന്ന സിനിമയ്ക്ക് നെഗറ്റീവായ മറ്റൊരു തലമുണ്ടെന്നതിന്റെ സൂചനയില്ലെങ്കിലും (സാമ്പത്തികാഭിവൃദ്ധിയിലെ വരേണ്യയുക്തി) ഇതെഴുതുന്ന സന്ദര്‍ഭത്തില്‍ വിശപ്പിന്റെ ആഗോളസൂചികയില്‍ ഇന്ത്യയ്ക്ക് 94-ാം സ്ഥാനമാണുള്ളതെന്ന വാര്‍ത്തയാണ് വരുന്നത്. പാരമ്പര്യത്തിന്റെയും മതവൈകാരികതയുടെയും ബോധങ്ങളില്‍ അഭിരമിക്കുന്നവരും കോടീശ്വരന്മാരുടെ ആഗോളക്കണക്കിലെ ഉയര്‍ച്ചയില്‍ അഭിമാനിക്കുന്നവരും സാധാരണ ചേരിജീവിതങ്ങളെ ദാക്ഷിണ്യമേതുമില്ലാതെ അട(ടി)ച്ചൊതുക്കുന്ന കൊവിഡ്കാല സാക്ഷ്യങ്ങളും വിശപ്പിനെക്കുറിച്ച് ചിന്തിക്കില്ലെന്നല്‍ വ്യക്തമാണ്. അതുകൊണ്ടുതന്നെയാണ് കര്‍ഷകരുടെ അധ്വാനത്തേക്കാള്‍, വ്യക്തിപരമായ അവരുടെ ഉയര്‍ച്ചയേക്കാള്‍ മേല്‍ത്തട്ടുസമവാക്യങ്ങളിലേക്ക് മാത്രം തല നീട്ടിനില്‍ക്കുന്ന അധികാരക്കൈകള്‍ ആധിപത്യമുറപ്പിച്ചിരിക്കുന്ന കാലത്തിന് അങ്ങനെയാവാന്‍ കഴിയുന്നത്. മഹാഭാരതയുദ്ധത്തിലെ പതിനെട്ടുദിവസത്തെ യുദ്ധമഹത്വം വാഴ്ത്തുന്നവരുടെ കാഴ്ചയില്‍ മാത്രം സാധിക്കുന്ന ഒന്നാണ് ആഭ്യന്തരയുദ്ധകാലത്തിനു സമാനമായ നിലയുണ്ടാക്കിയെടുത്ത ഇരുപത്തിയൊന്നു ദിവസത്തെ ആദ്യത്തെ ലോക്ക് ഡൗണ്‍ പ്രഖ്യാപനം. അതിനവരെ പ്രേരിപ്പിക്കുന്ന ഉപരിപ്ലവമായി കെട്ടിയുയര്‍ത്തുന്ന അമേരിക്കന്‍ വികസന മാതൃകകളും കൂടെയുണ്ട്. അതുകൊണ്ടാണ്. മതിലിനപ്പുറത്തേക്ക് കാഴ്ചയെത്തില്ലെന്ന ബോധം അവരെ ഭരിക്കുന്നത്. എല്ലാ മനുഷ്യരും ബാല്‍ക്കണിയില്‍നിന്ന് കൈകൊട്ടണമെന്നു പ്രേരിപ്പിക്കുന്ന സാങ്കല്പിക ബാല്‍ക്കണികള്‍ കൊണ്ടുനിര്‍മ്മിച്ച വലിയൊരു ലോകമാണ് ഭീതിയോടെ നമ്മെ നോക്കുന്നത്.

‘ജനാധിപത്യവിരുദ്ധമായ സാമൂഹികശരീരവും ഭരണഘടന എന്ന ഉടയാടയും’ എന്ന തലക്കെട്ട് ഏറെ ആകര്‍ഷണീയമാണ്. ജസ്റ്റിസ് ചെലമേശ്വറിന്റെ വാക്കുകളില്‍ നിന്നു തുടങ്ങുന്ന ഈ ഭാഗം സത്യസന്ധതയില്ലാത്ത തൊങ്ങല്‍ക്കെട്ടുകളാണ് ജനാധിപത്യത്തിന്റെ സര്‍വ്വനാശത്തിന് കാരണമായിത്തീരുക എന്നു വിലയിരുത്തുന്നു. ആള്‍ക്കൂട്ടത്തെ നിര്‍മ്മിക്കുക, അധികാരം നിലനിര്‍ത്തുക എന്നതില്‍പ്പരം മറ്റൊരാദര്‍ശവും പാടില്ല എന്ന തോന്നല്‍ സാമാന്യമായി രൂപപ്പെടുത്തിക്കഴിഞ്ഞി രിക്കുന്ന ഇക്കാലത്ത് വിദേശശക്തികളില്‍ നിന്ന് നേടിയെടുത്ത സ്വാതന്ത്ര്യം പലപ്പോഴും പുലഭ്യം പറയാനുള്ള അധികാരമായി തീര്‍ന്നിരിക്കുന്നുവന്ന പരമാര്‍ത്ഥത്തെ വീണ്ടും വീണ്ടും ഓര്‍മ്മിപ്പിക്കുന്നു. ഇന്ത്യന്‍ ഭരണഘടന വിഭാവനം ചെയ്യുന്ന ജനാധിപത്യത്തിലേക്ക് എത്തിച്ചേരാന്‍ ഇനിയും ഒരുപാടു കാതം താണ്ടേണ്ടതുണ്ട്. അതിനുള്ള കാരണങ്ങള്‍ തികച്ചും ലളിതമായി അവതരിപ്പിക്കാന്‍ ലേഖകന് സാധിക്കുന്നുണ്ട്. വിദ്യ നേടുക എന്നത് സര്‍വ്വതിലും പ്രധാനമാണെന്ന് ആവര്‍ത്തിക്കുമ്പോഴും നടപ്പുശീലങ്ങളില്‍നിന്ന് മാറാതെയുള്ള ഒന്നിനെ മാത്രമേ ഉദ്ദേശിക്കുന്നുള്ളൂവെന്ന് പല സന്ദര്‍ഭങ്ങളും കാണിച്ചുതരുന്നുണ്ട്. വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിന്റെ വഴിമാറിപ്പോക്കും അധികാരരാഷ്ട്രീയത്തിന്റെ നിര്‍ണ്ണയങ്ങളും നിരന്തരം പുറകോട്ടടിപ്പിക്കുന്നവയാണെന്ന് തന്റെ നിരീക്ഷണങ്ങളിലൂടെ സ്വയം വെളിപ്പെടാനും അതിനെ അനുകരണീയമാക്കിത്തീര്‍ക്കാനും സനലിനാവുന്നുണ്ട്.

തന്റെ തന്നെ അപരത്വത്തെ നിര്‍മ്മിക്കാനുള്ള ശ്രമം ഒരുപക്ഷെ എഴുത്തില്‍ കടന്നുവരാറുണ്ട്. അത് താന്‍ അതുതന്നെയായതുകൊണ്ടല്ല, തന്റെ സ്വത്വത്തെ ആഴത്തില്‍ സ്പര്‍ശിക്കുന്ന, തന്റെ ചിന്തകളില്‍ കടന്നുവരുന്ന ജനാധിപത്യബോധത്തിന്റെ തുറന്ന മനസ്സായിരിക്കും. ആഴമേറിയ സാമൂഹ്യാവബോധമില്ലാതെ സംസാരിക്കുന്ന മുഖ്യധാരാ സ്ത്രീവിമോചകരെ തിരിച്ചറിയാനാവുന്നത് അതുകൊണ്ടുതന്നെയാണ്. ജനാധിപത്യമെന്ന ജീവിതശൈലിയിലേക്ക് നിരന്തരം നോട്ടങ്ങളെറിയാന്‍ സാധിക്കുന്നതും അതുകൊണ്ടുതന്നെ. ദാരിദ്ര്യവും തൊഴിലുമെല്ലാം എത്തിനോട്ടങ്ങളില്‍ അഭിരമിക്കുന്നവരുടെ മുന്നില്‍ ചൂളിപ്പോകുന്ന ഒന്നാണെന്ന് തിരിച്ചറിയാനാകുന്ന ഉയര്‍ന്ന തലം സനലിന്റെ ചിന്തകളില്‍ കടന്നുവരുന്നുണ്ട്. കോമഡി ഷോകളില്‍ അപരവല്‍ക്കരിക്കുന്ന കറുത്ത ശരീരങ്ങളെ സറ്റയറിന്റെ തലത്തിലേക്കെത്തിക്കുകയും ആനന്ദിക്കുകയും ചെയ്യുന്നവരെയും മറക്കാതിരിക്കാനാവില്ല. തന്റെ സ്വത്വമല്ല എന്ന ധാരണ അവതരിപ്പിക്കുന്നവരിലും കാണുന്നവരിലും സൃഷ്ടിച്ചെടുക്കുകയും നര്‍മ്മമുണ്ടാക്കുകയും ചെയ്യുന്നതിലെ പരിഹാസ്യതയെ സ്റ്റാന്റപ്പ് കോമഡിയുടെ സന്ദര്‍ഭത്തിലൂടെ വിശകലനം ചെയ്യാന്‍ സനലിനാവുന്നുണ്ട്. ബാല്യകാലത്തു തന്നെ പതിതസ്വത്വം നിര്‍മ്മിച്ചെടുക്കുന്നതിലൂടെ വേരില്‍ത്തന്നെ കുത്തിവയ്ക്കുന്ന ഏര്‍പ്പാടാണ് നടത്തുന്നതെന്ന് അപകര്‍ഷതയെ സംബന്ധിക്കുന്ന വിലയിരുത്തലിലും ലേഖകന്‍ സൂചിപ്പിക്കുന്നു. സമൂഹത്തില്‍നിന്നും ലഭിക്കുന്ന പരിഗണന, അതേതു തരത്തിലുള്ളതുമാവട്ടെ ഒരു വ്യക്തിയുടെ ബോധാബോധങ്ങളെ നിര്‍ണ്ണയിക്കുമെന്നതില്‍ തര്‍ക്കമില്ല. ഈ യുക്തിയില്‍ നിന്നുകൊണ്ട് ലളിതമായി പറയാവുന്ന കാര്യങ്ങളാണ് അപകര്‍ഷതാബോധത്തിന്റെ കൊടുക്കല്‍ വാങ്ങലുകളില്‍ കാണാനാവുക. സ്വാഭിമാനത്തെ അമര്‍ത്തിക്കളയുന്ന ബാല്യകാലത്തിന് ഒരുപാടു പറയാനുണ്ടാവുമെന്നും പറയാനനുവദിക്കാത്ത ബോധം ഉള്ളില്‍ത്തന്നെ വര്‍ത്തിക്കുമെന്നും സാരം. സബാള്‍ട്ടേണ്‍ യൂക്തികളുടെ ഊര്‍ജ്ജം പ്രസരിക്കുന്നിടത്ത് അതിനെ മറികടക്കാന്‍ സാധിക്കുമെന്നും വിലയിരുത്തട്ടെ. സമകാലികാവസ്ഥയില്‍ നിന്നുകൊണ്ട് ഉപരിവര്‍ഗ്ഗ മേല്‍ജാതി പ്രിവിലേജുകള്‍ നല്കുന്ന സ്വാതന്ത്ര്യം, സുഖം എന്നിവയാണ് കപടമേല്‍വിലാസമുണ്ടാക്കാന്‍ പ്രേരിപ്പിക്കുന്നതെന്നു മറ്റൊരിടത്ത് വായിക്കുന്നതും ഇവിടെ കൂട്ടിച്ചേര്‍ക്കാനാവും. ”വര്‍ഗ്ഗപരമായ, തൊഴില്‍പരമായ അപകര്‍ഷതയെ മറികടക്കാനായി സാധാരണ മനുഷ്യര്‍ നടത്തുന്ന കൗശലപൂര്‍വ്വമായ ഇടപെടലുകളെ നിഷ്‌കളങ്കമായി കാണാന്‍ കഴിയില്ല. മാരകമായ വര്‍ഗ- സ്വത്വ പ്രതിസന്ധിയായി അതിനെ വിലയിരുത്തേണ്ടിയിരിക്കുന്നു’ എന്ന നിരീക്ഷണവും എടുത്തുപറയേണ്ടതാണ്. അതുകൊണ്ടു തന്നെയാണ് രാഷ്ട്രീയം സാമ്പത്തികാധികാരത്തിനുമുകളിലും ഫ്യൂഡല്‍ അവശേഷിപ്പുകള്‍ ഇന്നും തുടരുന്ന ജനതയെ സമകാലിക രാഷ്ട്രീയവുമായി ചേര്‍ത്തുവായിക്കുന്നത്. മേല്‍ജാതിയാവാന്‍ ശ്രമിക്കുന്ന കീഴ്ജാതി ജീവിതങ്ങള്‍ കഥകളില്‍ അടയാളപ്പെടുന്നതിന്റെ യുക്തിയെ മനശ്ശാസ്ത്രവുമായി ചേര്‍ത്ത് വരഞ്ഞിടാന്‍ സാധിക്കുന്നുണ്ട്. കാലത്തെ സംബന്ധിക്കുന്ന യുക്തിഭദ്രമായ ബോധം ചരിത്രവ്യാഖ്യാനങ്ങളിലൊന്നും പൊതുവെ കാണാനാവില്ല. അവയെല്ലാംതന്നെ എഴുതുന്നവരുടെ ചിന്തകളില്‍നിന്നും അവരെത്തന്നെ സമര്‍ത്ഥിക്കുന്നതിനുള്ള നിലപാടുകളായി മാറുകയാണ്. പുതിയ കാലമാവട്ടെ, സാങ്കേതികവിദ്യയുടെ നൂലാമാലകളില്‍ നിന്നുകൊണ്ട് അവയെ പലപ്പോഴും പാഠനിര്‍മ്മിതികള്‍ മാത്രമാക്കുകയും സങ്കീര്‍ണ്ണമാക്കിത്തീര്‍ക്കുകയും ചെയ്യുന്നു.

നിലനില്‍ക്കുന്ന വ്യവസ്ഥയോട് കലഹിക്കുകയെന്നല്ലാതെ പുതിയ വ്യവസ്ഥയ്ക്കുവേണ്ടിയുള്ളതൊന്നും സംഭാവന ചെയ്യുന്നില്ല എന്നിടത്താണ് ആധുനികത വിമര്‍ശിക്കപ്പെട്ടത്. കൗണ്ടര്‍ കള്‍ച്ചറെന്ന നിലയിലാണ് ഹിപ്പി സംസ്‌കാരം കടന്നുവരുന്നത്. അതിന്റെ ആഖ്യാനമായി വരുന്നവ അതിന്റെ പ്രകടനപരതയില്‍ത്തന്നെ ഉറച്ചുപോകുന്നതായാണ് കാണാനാവുക. ഈ കാഴ്ചയെ മറ്റൊരു തരത്തില്‍ കാണാനുള്ള ശ്രമമാണ് ‘ഹരിദ്വാര്‍: മോക്ഷത്തിലേക്കുള്ള സൈക്കഡലിക് സഞ്ചാരങ്ങള്‍’ എന്ന കുറിപ്പ്. ശൂന്യതാബോധം, മരണഭയം, ആത്മപീഡനം തുടങ്ങി ആധുനികതയുടെ മുദ്രകള്‍ കഥാപാത്രത്തില്‍ കാണാനാവുന്നുണ്ടെന്നും ഉപരിവര്‍ഗ്ഗ ആധിപത്യസ്വഭാവം, അധീശത്വബോധം തുടങ്ങിയവ കഥാപാത്രങ്ങളില്‍ സ്വയമേവ പ്രത്യക്ഷപ്പെടുന്നുണ്ടെന്നും ലേഖകന്‍ വിലയിരുത്തുന്നു. എങ്കിലും ലൈംഗിക അരാജകത്വം, പാപം-പുണ്യം എന്നും മറ്റും പ്രയോഗിക്കുന്നതില്‍ സാമ്പ്രദായികയുക്തിയില്‍ നിന്നുകൊണ്ട് ബദലിനെ അന്വേഷിക്കുക എന്ന ആധുനികതയുടെ പ്രശ്‌നം തന്നെയാണുള്ളതെന്ന് തോന്നിപ്പോകുന്നു. നിരക്ഷരരായ ഭൂരിപക്ഷം വായിച്ചിട്ടില്ല എന്നത് മറച്ചുവച്ചുകൊണ്ട് എഴുത്തു പാരമ്പര്യത്തെ ഘോഷിക്കുന്നതിലെ യുക്തിയെക്കൂടി ഇവിടെ കാണേണ്ടി യിരിക്കുന്നു. എഴുത്തച്ഛന്റെ രാമായണം ജനപ്രീതിയാര്‍ജ്ജിച്ചുവെന്നൊക്കെ എഴുതിച്ചേര്‍ക്കുകയും കര്‍ക്കിടകമാസത്തിലെ സര്‍വ്വസാധാരണ പാരായണമായി ആഘോഷിക്കുകയും ചെയ്തുകൊണ്ട് യുക്തിയെ വെല്ലുവിളിക്കുന്ന ചരിത്രപഠനങ്ങള്‍ ഏകദിശയിലാണുള്ളത്. വാട്‌സാപ്പ് ഗ്രൂപ്പുകളും ഫെയ്‌സ്ബുക്ക് കൂട്ടുകളും ഇതിന് ആക്കം കൂട്ടുന്ന തരത്തില്‍ മുന്നോട്ടു പോകുമ്പോള്‍ നിഷേധികളില്ലാത്തതിനാല്‍ സാങ്കേതികത എത്ര വളര്‍ന്നാലും നമുക്ക് മുന്നോട്ടുപോക്കുണ്ടാകില്ല എന്നുറപ്പ്. പ്രമുഖരുടെ മരണം സ്റ്റാറ്റസിലിട്ട് ദുഖിക്കുന്നവര്‍ 24 മണിക്കൂര്‍ മാത്രമുള്ള അതിന്റെ ആയുസ്സിലും സാധ്യതയിലും മാത്രം അഭിരമിക്കുകയും പഴമ്പാരമ്പര്യത്തിലേക്ക് അതിവേഗം മടങ്ങുകയും ചെയ്യുന്നവരാണ്. പൈങ്കിളിത്തത്തിന്റെ പ്രതൃക്ഷരൂപങ്ങളായിട്ടാണ് ഇവകള്‍ നമ്മെ തുറിച്ചുനോക്കുക. വിലക്ഷണങ്ങള്‍ വായിക്കുന്നവരെ അവര്‍ അവഗണിക്കുകയും സാങ്കേതികവിദ്യയിലുടെ അധീശബോധത്തിന്റെ അടയാളങ്ങള്‍ അയച്ചുകൊണ്ടിരിക്കുകയും ചെയ്യും. കാര്‍ണിവലെന്നു ബക്തിന്‍ വായിച്ചതില്‍ അടങ്ങുന്ന എല്ലാം മറന്ന ആള്‍ക്കൂട്ടം എന്ന സങ്കല്പനത്തിനു വിരുദ്ധമായ സങ്കുചിതമായ ചെറുകൂട്ടങ്ങളാണ് ഇന്നത്തെ സാങ്കേതികസാധ്യതകള്‍ നിര്‍മ്മിക്കാന്‍ ശ്രമിക്കുന്നത്. അതുകൊണ്ടു തന്നെ ഉത്തരാധുനിക ഒരിക്കലും തുറന്ന കലാപമാവുകയില്ല. എഴുത്തായാലും രാഷ്ട്രീയമായാലും വഴിവിട്ടു പോകേണ്ടവര്‍ അവശേഷിപ്പിക്കുന്ന ചുളിഞ്ഞ ബോധ്യങ്ങളില്‍നിന്ന് രക്ഷപ്പെടുകയും പ്രാദേശികതയെ ഐഡന്റിറ്റിയായി ഘോഷിക്കുന്നതില്‍ അമര്‍ത്തിവയ്ക്കുന്ന അപകടത്തെ അറിയുകയും ചെയ്യേണ്ടിയിരിക്കുന്നു.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

ഇനി ലേഖകന്റെ വാക്കുകള്‍ തന്നെ കടമെടുത്ത് പറയുന്നതാവും ഇവിടെ നല്ലത്, നോക്കുക ഡിപ്രഷന്‍ അനുഭവിക്കുന്നവര്‍ സദാനേരവും വിഷാദം മുറ്റിയ കണ്ണുകളും കുനിഞ്ഞ ശിരസ്സുകളും നിര്‍വികാര സംഭാഷണങ്ങളുമായി പൊതുസമൂഹത്തിലും സൈബറിടങ്ങളിലും കരുണ തേടി നടക്കും/നടക്കേണ്ടതാണ് എന്നാണ് പൊതുസമൂഹം കരുതുന്നതെന്നാണ് ഇത്തരം സാഹചര്യങ്ങളില്‍നിന്നും അനുമാനിക്കാനാവുന്നത്. അത്തരം വിഷാദികള്‍ക്കായി കേരളത്തിന്റെ കരുതല്‍ വാരിക്കൂട്ടാന്‍ സജ്ജരുമാണ് പൊതുസമൂഹം. ബോളിവുഡിലെ നടന്റെ മരണവുമായി ബന്ധപ്പെട്ട ലേഖനത്തില്‍ കേരളീയ പൊതുമണ്ഡലത്തിലെ പൊള്ളത്തരങ്ങളെ ചേര്‍ത്തുവച്ചു കാണാനുള്ള ഈ കണ്ണാണ് ശ്രദ്ധേയം. തോട്ടിയുടെ മകനില്‍നിന്ന് സനല്‍ ഉദ്ധരിക്കുന്ന സംഭാഷണം എടുത്തുപറയാതെ ഇതു പൂര്‍ണ്ണമാവില്ല. ‘അത്തരമൊരു തോട്ടിയെ നിങ്ങള്‍ ഇഷ്ടപ്പെടില്ല. ദിവസവും രണ്ടുനേരം കുളിക്കുന്ന, വൃത്തിയുള്ള വസ്ത്രം ധരിക്കുന്ന തോട്ടിയെ. അവനൊരു ശൃംഗാരിയാണ്. നിങ്ങളുടെ സ്ത്രീകള്‍ പറയും”. ഇവിടെയാണ് ഭൗതികവായനകളില്‍ പുതുകാലത്തിന്റെ പുരോഗമനവും മാനസികതലത്തില്‍ നൂറ്റാണ്ടുകളുടെ പൊതുബോധവും ചേര്‍ന്നുനില്ക്കുന്നത്. ഡിപ്രഷന്‍ എന്ന അവസ്ഥയെ പോലും തിരിച്ചറിയാനാവാതെ, നിര്‍മ്മിച്ചെടുത്ത ഭൗതികസാന്നിധ്യങ്ങളിലെ മറ്റൊരേടായി കാണുന്ന കാഴ്ച ഭയപ്പെടുത്തുന്നതാണ്.

സംവരണവിരുദ്ധവും അസവര്‍ണ്ണവിരുദ്ധവുമായ കാഴ്ചകളിലേക്ക് കൂപ്പുകുത്തിയ സിനിമാസങ്കല്പത്തെ തള്ളിമാറ്റി സാമ്പ്രദായികതയ്ക്കപ്പുറത്തേക്ക് ക്ലൈമാക്‌സിനെ എത്തിക്കാന്‍ സാധിക്കുന്ന ഒന്നാണ് കുമ്പളങ്ങി നൈറ്റ്‌സ് എന്ന സിനിമയെന്ന് വെളിപ്പെടുത്തുന്നതിന് ന്യായാന്യായങ്ങളുടെ പട്ടിക തന്നെ നിരത്തിവയ്ക്കാന്‍ ലേഖകന് സാധിക്കുന്നുണ്ട്. ഈ രീതിയില്‍ കേരളീയ പൊതുബോധത്തെ സംശയലേശമേതുമില്ലാതെ വിശകലനം ചെയ്യാനും തുറന്നുകാണിക്കാനും തുറന്നുപറയാനും തയ്യാറാവുന്ന എഴുത്തിന്റെ പൊതുസ്വഭാവം തന്നെയാണ് ഈ കൃതിയുടെ കാതല്‍. നേരത്തേ സൂചിപ്പിച്ചതുപോലെ സാങ്കല്പിക ബാല്‍ക്കണികളില്‍ നിന്ന് കൈകൊട്ടുന്നവരുടെ പരിഹാസ്യമായ ലോകമാണിത്. അതിനോട് കലഹിക്കാന്‍ അടിത്തട്ടില്‍ നിന്നുള്ള കാഴ്ചകളെ നിരന്തരസംവാദത്തിലേക്ക് കൊണ്ടുവരേണ്ടതുണ്ട്.

വിവിധ കാലങ്ങളിലെ വിവിധ വായനകള്‍ എന്നു പറയാവുന്ന കാലദൈര്‍ഘ്യമില്ലെങ്കിലും സബാള്‍ട്ടേണ്‍ യുവാവായി അടയാളപ്പെട്ടുകൊണ്ടാരംഭിക്കുന്ന, ചരിത്രബോധത്തിലധിഷ്ഠിതമായ ആത്മയാനങ്ങളുടെ നിര്‍മ്മിതിയായി സനലിന്റെ എഴുത്തിനെ വായനക്കാര്‍ക്കു വിലയിരുത്താനാവും. ഒരു സമൂഹജീവിയായല്ലാതെ നില്‍ക്കാന്‍ സാധ്യതയില്ലാത്ത മനുഷ്യന്റെ വ്യക്തിപരമായ നോട്ടങ്ങളെ വിലയിരുത്തേണ്ടതെങ്ങനെ എന്ന ചിന്തയെ കൂടിയാണിതു പകര്‍ന്നു നല്കുന്നത്. സ്വയം നിര്‍വചിച്ചുകൊണ്ട് പൊതുസമൂഹവുമായി വളരെ കാര്യമായ സംവാദത്തിനുള്ള സാധ്യതയാണ് ഇവിടെ തുറന്നിടുന്നത്.

(ഡോ ടി ജിതേഷ് , വകുപ്പധ്യക്ഷന്‍, മലയാള വിഭാഗം, സ്‌കൂള്‍ ഓഫ് ഇന്ത്യന്‍ ലാംഗ്വേജസ്, മധുരൈ കാമരാജ് യൂണിവേഴ്‌സിറ്റി)

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Literature | Tags: , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply