പിന്തുണക്കാം ദയാബായിയുടെ പോരാട്ടത്തെ

ജീവിതം തന്നെ പോരാട്ടമാക്കി മാറ്റിയ, ഈ വാര്‍ദ്ധക്യത്തിലും അതു തുടരുന്ന ദയാബായിയുടെ ഏറെകാലത്തെ പോരാട്ടവേദി കാസര്‍ഗോഡാണ്. ഭോപ്പാലിനെ അനുസ്മരിപ്പിക്കുന്ന ദുരന്തഭൂമിയായ കാസര്‍ഗോട്ടെ മരിച്ചുപോയ ഇരകള്‍ക്കും ജീവിക്കുന്ന ഇരകള്‍ക്കും നീതികിട്ടാനുള്ള പോരാട്ടമാണ് അവര്‍ നടത്തുന്നത്. അതാകട്ടെ കൃസ്തുവിന്റേയും ഗാന്ധിയുടേയും പാതകള്‍ പിന്തുടര്‍ന്ന്. എന്നാല്‍ രാഷ്ട്രീയപ്രബുദ്ധരെന്നവകാശപ്പെടുന്ന കേരളസമൂഹം നീതിക്കായുള്ള ഈ പോരാട്ടത്തിനു വേണ്ടത്ര പ്രാധാന്യം കൊടുക്കുന്നില്ല, സര്‍ക്കാരും പ്രഖ്യാപനങ്ങളല്ലാതെ പ്രവൃത്തികള്‍ കാര്യമായി ചെയ്യുന്നില്ല.

‘വേണം എയിംസ്, മികച്ച ചികിത്സാ സൗകര്യമില്ലാതെ കാസര്‍കോട്.. മരിച്ചു വീഴുന്നവരുടെ കുടുംബത്തിന്റെ ദുഃഖം സര്‍ക്കാരിന് കണ്ടില്ലെന്ന് നടിക്കാം, ദയാബായിക്ക് അതിനാവില്ലേ, മനസ്സാക്ഷിയുള്ള ആര്‍ക്കുമാവില്ല’ – 82 വയസ്സായ ദയാബായി ഗാന്ധി ജയന്തി ദിനത്തില്‍ സെക്രട്ടറിയറ്റ് പടിക്കലാരംഭിച്ച നിരാഹാരസമരം തുടരുകയാണ്. ഇടക്ക് പോലീസ് ബലമായി ആശുപത്രിയിലെത്തിച്ചെങ്കിലും തനിക്കൊരു ആരോഗ്യപ്രശ്‌നമൊന്നുമില്ലെന്നു പ്രഖ്യാപിച്ച് അവര്‍ സമരപന്തലില്‍ തിരിച്ചെത്തി സമരം തുടരുകയാണ്. സമരമാണ് അവരുടെ ആരോഗ്യമെന്ന് അധികാരികള്‍ക്കറിയില്ലായിരിക്കാം. എന്‍ഡോസള്‍ഫാന്‍ ഇരകളുടെ ദുരിതങ്ങളും മരണങ്ങളും ആവര്‍ത്തിക്കുന്ന പശ്ചാത്തലത്തില്‍ കേരളം കേന്ദ്രത്തിന് നല്‍കിയ എയിംസ് പ്രൊപ്പോസലില്‍ കാസര്‍കോട് ജില്ലയുടെ പേരുകൂടി ഉള്‍പ്പെടുത്തുക, ജില്ലയില്‍ വിദഗ്ധ ചികിത്സ സൗകര്യം ഒരുക്കുക, മാനസിക വെല്ലുവിളി നേരിടുന്നവര്‍ക്കും കിടപ്പിലായവര്‍ക്കും ദിനപരിചരണ കേന്ദ്രങ്ങള്‍ ആരംഭിക്കുക തുടങ്ങിയ ആവശ്യങ്ങളുമായാണ് ഈ സമരം നടക്കുന്നത്. നിര്‍ഭാഗ്യവശാല്‍ നമ്മുടെ പോതുസമൂഹവും സര്‍ക്കാരും രാഷ്ട്രീയ പ്രസ്ഥാനങ്ങളും മാധ്യമങ്ങളുമൊന്നും ഈ പോരാട്ടത്തിന് വേണ്ടത്ര പ്രാധാന്യം കൊടുക്കുന്നില്ല.

തിരുവനന്തപുരം, കോട്ടയം, കോഴിക്കോട് ജില്ലകളിലെ മൂന്ന് സ്ഥലങ്ങള്‍ എന്നിവയാണ് കേരളം മുന്നോട്ടുവെച്ചിരിക്കുന്ന നിര്‍ദ്ദേശങ്ങള്‍ എന്നാണറിവ്. ഈ മൂന്നു ജില്ലകളും ആരോഗ്യരംഗത്ത് വളരെ മുന്നിലാണ് എന്നതാണ് വസ്തുത. കാസര്‍ഗോഡാകട്ടെ സംസ്ഥാനത്തുതന്നെ ഏറ്റവും പുറകിലും. നാമമാത്രമായ ചികിത്സയാണ് ഇവിടത്തെ മെഡിക്കല്‍ കോളേജിലുള്ളത്. ചന്ദ്രഗിരി പുഴയ്ക്കപ്പുറം വിദ്യാഭ്യാസത്തിനും, ജോലിക്കും, വ്യാവസായികാവശ്യങ്ങള്‍ക്കുമെല്ലാമെന്നപോലെ ചികിത്സക്കും മിക്കവരും ആശ്രയിക്കുന്നത് ഇപ്പോള്‍ മംഗലാപുരത്തെയാണ് നാല്പതിലധികം മള്‍ട്ടി സ്പെഷ്യലിറ്റി ആശുപത്രികളും ഏഴ് മെഡിക്കല്‍ കോളേജുകളും മംഗലാപുരത്തുണ്ട്. അവിടെയത്തുന്നവരില്‍ വലിയൊരു ഭാഗം കാസര്‍ഗോഡുകാരാണ്. ഇവിടെ എയിംസോ മറ്റേതെങ്കിലും ഉന്നത നിലവാരമുള്ള ആശുപത്രികളോ വരുന്നത് തടയുന്നത് അവയുടെ ലോബിയാണെന്ന ആരോപണവും നിലവിലുണ്ട്. മെഡിക്കല്‍ കോളേജ് വികസനം ഇഴയുന്നതിനും കാരണം അതാകാം. കോവിഡിന്റെ ആദ്യകാലത്ത് കര്‍ണ്ണാടക അതിര്‍ത്തികള്‍ അടഞ്ഞപ്പോള്‍ 24 ഓളം പേരാണ് മറ്റുരോഗങ്ങള്‍ വന്ന് ചികിത്സ കിട്ടാതെ മരിച്ചതെന്നുകൂടി ഓര്‍ക്കുന്നത് നല്ലതാണ്. ആരോഗ്യത്തില്‍ ലോകനിലവാരമെന്നവകാശപ്പെടുന്ന ഒരു സംസ്ഥാനത്താണ് ഇത് നടന്നത്. ലോകതലത്തില്‍ ആയിരം രോഗികള്‍ക്ക് ഒരു ഡോക്ടറെന്ന ആനുപാതമായിരിക്കെ കേരളത്തിലത് 600 പേര്‍ക്ക് ഒരു ഡോക്ടറാണെന്ന് അവകാശപ്പെടാറുണ്ട്. എന്നാല്‍ കാസര്‍ഗോഡ് 1600 പേര്‍ക്കാണത്രെ ഒരു ഡോക്ടറുള്ളത്.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

ആരോഗ്യരംഗത്തെ ഈ പിന്നോക്കാവസ്ഥക്കു പുറമെയാണ് എന്‍ഡോസള്‍ഫാന്‍ ഏല്‍പ്പിച്ച ദുരിതങ്ങള്‍. കാല്‍ നൂറ്റാണ്ടുകാലം നടത്തിയ എന്‍ഡോസള്‍ഫാന്‍ പ്രയോഗം ഉണ്ടാക്കിയ ദുരന്തങ്ങള്‍ തുടരുകയാണ്. 2000 ല്‍ നിരോധിച്ചിട്ടും ഇപ്പോഴും കുട്ടികള്‍ ജനതിക വൈകല്യങ്ങളോടെയും രോഗമെന്തന്നറിയാത്ത അവസ്ഥയിലും പിറക്കുന്നുണ്ട്. വര്‍ഷം തികയുന്നതിനു മുമ്പ് തന്നെ കുഞ്ഞുങ്ങള്‍ മരണപ്പെട്ടു പോകുന്നു. ഇനിയും തലമുറകളോളം നീണ്ടുനിന്നേക്കാവുന്ന രോഗാവസ്ഥയെ മറികടക്കാന്‍ ഗവേഷണവും പഠനവും നടത്താവുന്ന മെച്ചപ്പെട്ട ചികിത്സ ലഭിക്കാവുന്ന ആരോഗ്യ സംവിധാനം അനിവാര്യമാണ്. അവിടെയാണ് എയിംസ് പ്രസക്തമാകുന്നത്. 2014 ല്‍ തന്നെ ജില്ലയിലെ എം.എല്‍.എമാര്‍ ഈ ആവശ്യമുന്നയിച്ച് മുഖ്യമന്ത്രിക്ക് നിവേദനം നല്‍കിയതാണ്. തുടര്‍ന്ന് പലതവണ പ്രക്ഷോഭങ്ങള്‍ നടന്നു. മറ്റൊരു ജില്ലയും ഈ ആവശ്യം ശക്തമായി ഉന്നയിച്ചിട്ടില്ല എന്നുമോര്‍ക്കണം. എന്നിട്ടും സര്‍ക്കാര്‍ ചെവികൊടുക്കാത്ത സാഹചര്യത്തിലാണ് ദയാബായ് പോരാട്ടത്തിനിറങ്ങിയിരിക്കുന്നത്.

അലസമായി വലിച്ചു ചുറ്റിയ പരുക്കന്‍ സാരിയും അതിലേറെ പരുക്കനെന്ന് തോന്നിക്കുന്ന അഭരണങ്ങളും തോളിലൊരു തുണി സഞ്ചിയും ഒക്കെയായി ചുറുചുറുക്കോടെ സമരപ്പന്തലുകളില്‍ നിന്ന് സമരപ്പന്തലുകളിലേക്ക് സഞ്ചരിക്കുന്ന ദയാബായി കേരളീയര്‍ക്ക് സുപരിചിതയായിരിക്കാം. എന്നാലവരുടെ ഭൂതകാലം അത്ര പ്രശസ്തമല്ല. കോട്ടയത്ത ജനിച്ച് ബീഹാറില്‍ കന്യാസ്ത്രീയാകാന്‍പോയ മേഴ്സി എന്ന പെണ്‍കുട്ടിയാണ് പിന്നീട് ആദിവാസികളുടെ പ്രിയപ്പെട്ട ദയാബായി ആയത്. ഒരു വശത്ത് ഹസാരിബാഗിലെ കൃസ്ത്യന്‍ കോണ്‍വെന്റിലെ ധാരാളിത്തത്തിലും പകിട്ടിലും രമിക്കുന്ന ക്രിസ്മസ്.. മറുവശത്ത് കോണ്‍വെന്റ് മുറ്റത്ത് തമ്പടിച്ച ആദിവാസികളുടെ ദാരിദ്ര്യത്തിന്റെയും പട്ടിണിയുടേയും ക്രിസ്മസ്.. അതേറെ നേരം കണ്ടുനില്ക്കാന്‍ 22കാരി ദയാബായിക്കു കഴിഞ്ഞില്ല. അവിടത്തെ ആദ്യ ക്രിസ്മസ് രാത്രിയില്‍ തന്നെ മദര്‍ സൂപ്പീരിയറിന്റെ മുറിയില്‍ മുട്ടി ദയാബായി പറഞ്ഞു.. മതി, എനിക്കവരുടെ കൂടെ പോണം. അവര്‍ കൃസ്തുവിലേക്കുള്ള ശരിയായ വഴി കണ്ടെത്തുകയായിരുന്നു.

തുടര്‍ന്നുള്ള ദയാബായിയുടെ ജീവിതം ചൂഷണത്തിനും പീഡനത്തിനും വിധേയരായ മണ്ണിന്റെ യഥാര്‍ത്ഥ അവകാശികള്‍ക്കൊപ്പമായിരുന്നു. വസ്ത്രധാരണവും മാറ്റിയത് അങ്ങനെയായിരുന്നു. ദയാബായി അവര്‍ക്കു കുരക്കുന്ന പെണ്‍പട്ടിയായി. എന്നാല്‍ ദളിതരുടെ കൊലപാതകങ്ങളടക്കമുള്ള സംഭവങ്ങളില്‍ നീതി ലഭിക്കും വരെ പോരാടിയപ്പോള്‍ അവര്‍ കടിക്കും പട്ടി തന്നെയാണെന്ന് സവര്‍ണ്ണവര്‍ഗ്ഗം തിരിച്ചറിഞ്ഞു. ദളിതരുടേയും ആദിവാസികളുടേയും കൂടെ കഴിയുകയും അവരുടെ രീതിയില്‍ വസ്ത്രമണിയുകയും ചെയ്യുന്നതിന് സമൂഹത്തിലെ മാന്യന്മാരുടെ ഭാഗത്തുനിന്നു നേരിടേണ്ടിവന്ന അവഹേളനങ്ങള്‍ പലവട്ടം അവര്‍ പറഞ്ഞിട്ടുണ്ട്. ചിലപ്പോള്‍ അവരെ നക്സലൈറ്റാക്കാനും അധികാരികള്‍ മടിച്ചില്ല. ഓരോ അനുഭവങ്ങള്‍ ഉണ്ടാകുമ്പോഴും തന്റെ ജീവിതദൗത്യത്തെ കൂടുതല്‍ കൂടുതല്‍ ഉറപ്പിക്കുകയായിരുന്നു ദയാബായി.

ആദിവാസികോളനികളില്‍ മാത്രമായിരുന്നില്ല അവരുടെ സജീവ സാന്നിധ്യമുണ്ടായിരുന്നത്. ഏറെ കാലം മുംബൈ ചേരികളില്‍, 1971ല്‍ ബംഗ്ലാദേശ് യുദ്ധകാലത്ത് കല്‍ക്കട്ടയില്‍, വാതക ദുരന്തത്തെ തുടര്‍ന്ന് ഭോപ്പാലില്‍, കൊടുങ്കാറ്റും പേമാരിയും തകര്‍ത്താടിയ ആന്ധ്രയില്‍, വെള്ളപ്പൊക്ക ദുരന്തങ്ങളെ തുടര്‍ന്ന് ഹരിയാനയില്‍, സിക്കു വിരുദ്ധ കലാപങ്ങളെ തുടര്‍ന്ന് ഡല്‍ഹിയില്‍, മേധാ പഠ്ക്കറോടൊപ്പം സര്‍ദാര്‍ സരോവറില്‍, മുസ്ലിം കൂട്ടകൊലയെ തുടര്‍ന്ന് ഗുജറാത്തില്‍, മധ്യപ്രദേശിലെ ചിന്ത്വാഡയില്‍ ബറൂള്‍ എന്ന ഗോത്രഗ്രാമത്തില്‍…… പട്ടിക നീളുന്നു. പിതാവ് പോലും ഒരിക്കല്‍ ചോദിച്ചു, ‘ഇത്രക്കുവേണോ മോളേ” ഭിത്തിയില്‍ തൂക്കിയിട്ടിരുന്ന ക്രൂശിതനായ ക്രിസ്തുവിനെ ചൂണ്ടികാട്ടി ‘പപ്പാ, ഇത്രക്കു വേണമായിരുന്നോ’ എന്നായിരുന്നു ദയാബായിയുടെ തിരിച്ചുള്ള ചോദ്യം..

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

റോമിലെത്തിയപ്പോള്‍ ദയാബായി പോയത് സെന്റ് പീറ്റേഴ്സ് ബസലിക്കയിലോ പോപ്പല്‍ പാലസിലോ ആയിരുന്നില്ല, മറിച്ച് ബുദ്ധിസ്റ്റ് മെഡിറ്റേഷന്‍ സെന്ററിലേക്കായിരുന്നു. ഫ്രാങ്ക്ഫര്‍ട്ടിലെ അന്താരാഷ്ട്ര മനുഷ്യാവകാശ സമ്മേളനത്തിലും വിയന്നയിലെ പരിസ്ഥിതി സമ്മേളനത്തിലും മുംബൈയിലെ വേള്‍ഡ് സോഷ്യല്‍ ഫോറത്തിലും അവഗണിക്കപ്പെടുന്നവരുടെ ശബ്ദം ദയാബായിയിലൂടെ മുഴങ്ങി. അമൃതാനന്ദമയി ആശ്രമത്തില്‍ സംശയകരമായി കൊല്ലപ്പെട്ട സത്‌നാംസിഗിനു നീതികിട്ടാന്‍ അവരേറെ പോരാട്ടം നടത്തി. ”സംസ്‌കാരസമ്പന്നമായ കേരളം എന്നും എന്റെ സ്വകാര്യ അഹങ്കാരമായിരുന്നു. 24കാരനായ സത്നാംസിംഗിനെ ഇല്ലാതാക്കിയ ആ നാടിനുവേണ്ടി ഞങ്ങള്‍ മാപ്പുചോദിക്കുന്നു. ദൈവത്തിന്റെ നാട് എന്നത് പരസ്യവാചകത്തില്‍ മാത്രമായെന്നു തോന്നുന്നു”. സത്നാംസിഗിന്റെ ബീഹാറിലെ വസതിയിലെത്തി, മാതാപിതാക്കളുടെ മുന്നില്‍ തൊഴുകൈയോടെ നിന്ന് ദയാബായ് പറഞ്ഞത് ഇതായിരുന്നു.

ജീവിതം തന്നെ പോരാട്ടമാക്കി മാറ്റിയ, ഈ വാര്‍ദ്ധക്യത്തിലും അതു തുടരുന്ന ദയാബായിയുടെ ഏറെകാലത്തെ പോരാട്ടവേദി കാസര്‍ഗോഡാണ്. ഭോപ്പാലിനെ അനുസ്മരിപ്പിക്കുന്ന ദുരന്തഭൂമിയായ കാസര്‍ഗോട്ടെ മരിച്ചുപോയ ഇരകള്‍ക്കും ജീവിക്കുന്ന ഇരകള്‍ക്കും നീതികിട്ടാനുള്ള പോരാട്ടമാണ് അവര്‍ നടത്തുന്നത്. അതാകട്ടെ കൃസ്തുവിന്റേയും ഗാന്ധിയുടേയും പാതകള്‍ പിന്തുടര്‍ന്ന്. എന്നാല്‍ രാഷ്ട്രീയപ്രബുദ്ധരെന്നവകാശപ്പെടുന്ന കേരളസമൂഹം നീതിക്കായുള്ള ഈ പോരാട്ടത്തിനു വേണ്ടത്ര പ്രാധാന്യം കൊടുക്കുന്നില്ല, സര്‍ക്കാരും പ്രഖ്യാപനങ്ങളല്ലാതെ പ്രവൃത്തികള്‍ കാര്യമായി ചെയ്യുന്നില്ല. ഈ സാഹചര്യത്തിലാണ് എയിംസ് കാസര്‍ഗോട് സ്ഥാപിക്കുക എന്ന ആവശ്യം പ്രസക്തമാകുന്നത്. തലസ്ഥാനവും ആര്‍സിസിയുമൊക്കെ തെക്കെ അറ്റത്ത് സ്ഥിതിചെയ്യുന്ന ഒരു സംസ്ഥാനത്ത് എയിംസ് വടക്കെ അറ്റത്താകുന്നതില്‍ ഒരപാകതയുമില്ല. അതിനാല്‍ തന്നെ പിന്നോക്കം നില്‍ക്കുന്നവരെ ഒപ്പമെത്തിക്കുന്നതാണ് ജനാധിപത്യമെന്നു തിരിച്ചറിഞ്ഞ് അതിനായി പോരാടുന്ന ദയാബായിക്കൊപ്പം നില്‍ക്കാനുള്ള ബാധ്യത ഓരോ മലയാളിക്കുമുണ്ട്.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Ecology | Tags: , , , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply