മന്ത്രിസഭാ രൂപീകരണത്തില്‍ എന്തുവിപ്ലവമാണ് സിപിഎം നടത്തിയത്?

ഒരു ചെത്തുകാരന്റെ മകനു കീഴിലാണ് ഈ നായന്മാരെന്നു മറക്കരുതെന്ന അഭിപ്രായം കണ്ടു. ശരി. എന്നിട്ടും 22 ശതമാനം വരുന്ന കേരളത്തിലെ പിന്നോക്കക്കാര്‍ക്ക് എന്തു പ്രാതിനിധ്യമാണ് പിണറായി നല്‍കിയത്? പുതുതായി ഉയര്‍ന്നു വരുന്നു എന്നവകാശപ്പെടുന്നവരില്‍ എത്ര ഈഴവരുണ്ട്? പിന്നോക്കക്കാരന്റെ നേതൃത്വം എന്ന അവകാശവാദം പോലും പിണറായിക്കുശേഷം ഉണ്ടാകില്ല എന്നതാണ് യാഥാര്‍ത്ഥ്യം –

വന്‍ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തിയ ഇടതുപക്ഷമുന്നണിയേയും അതിനു നേതൃത്വം നല്‍കിയ പിണറായി വിജയനേയും അഭിനന്ദിക്കുന്നു. ആര്‍ക്കും അഭിപ്രായം പറയാമെങ്കിലും മന്ത്രിസഭയില്‍ ആരൊക്കെയുണ്ടാകണമെന്നു തീരുമാനിക്കാനുള്ള പൂര്‍ണ്ണമായ അവകാശം മുന്നണിക്കാണ്. അപ്പോഴും ജനാധിപത്യസമൂഹത്തിലെ പൗരന്മാര്‍ എന്ന നിലയില്‍ മന്ത്രിസഭയെ നിരീക്ഷിക്കാനും അഭിപ്രായം പറയാനുമുള്ള അവകാശവും കടമയും ഏവര്‍ക്കുമുണ്ട്. സമൂഹത്തിലെ വ്യത്യസ്ഥ വിഭാഗങ്ങളുടെ പ്രാതിനിധ്യം മന്ത്രിസഭയില്‍ പ്രതിഫലിക്കുന്നുണ്ടോ എന്നതാണ് അത്തരമൊരു നിരീക്ഷണത്തിന്റെ പ്രധാന അടിസ്ഥാനം. അത്തരം പ്രാതിനിധ്യം സാമൂഹ്യനീതിയുടേയും ജനാധിപത്യത്തിന്റേയും അടിത്തറയാണ്. അത്തരം പരിശോധനയില്‍ വ്യക്തമാകുന്നത് യാതൊരു വിപ്ലവവും ഇവിടെ നടന്നിട്ടില്ല എന്നാണ്. പുതുമുഖങ്ങളേയും ചെറുപ്പക്കാരേയും ഉള്‍പ്പെടുത്തി വലിയ വിപ്ലവം നടത്തി എന്ന് കൊട്ടിഘോഷിക്കുന്നതിലൂടെ മറച്ചുവെക്കുന്നത് പ്രബലമായ സവര്‍ണ്ണ സമുദായങ്ങള്‍ക്ക് നല്‍കിയ വന്‍പ്രാതിനിധ്യവും ദുര്‍ബല സമുദായങ്ങള്‍ക്കും സ്ത്രീകള്‍ക്കും നല്‍കിയ നാമമാത്ര പ്രാതിനിധ്യവുമാണ്. മാത്രമല്ല പ്രധാനപ്പെട്ട വകുപ്പുകളും പ്രബല സമുദായങ്ങള്‍ക്ക് നല്‍കിയിരിക്കുന്നു. ഇരു കമ്യൂണിസ്റ്റ് പാര്‍ട്ടികളില്‍ നിന്നുമുള്ള 16 മന്ത്രിമാരില്‍ എട്ടും നായര്‍ സമുദായത്തില്‍ നിന്നുള്ളവരാകുന്നത് എങ്ങനെയാണ്? കൂടാതെ സ്പീക്കറും. ഇവര്‍ക്കുള്ള എന്തു യോഗ്യതയാണ് ദളിതരും സ്ത്രീകളുമടക്കമുള്ള മറ്റു വിഭാഗങ്ങള്‍ക്ക് ഇല്ലാത്തത്? അല്ലെങ്കില്‍ അവര്‍ക്കുള്ള എന്ത് അയോഗ്യതയാണ് ഇവര്‍ക്കില്ലാത്ത്ത? നൂറ്റാണ്ടുകളായി തുടരുന്ന, ആര് അധികാരത്തില്‍ വന്നാലും ഭരിക്കുന്നത് സവര്‍ണ്ണവിഭാഗങ്ങളായിരിക്കും എന്ന ആചാരത്തെ ലംഘിക്കുന്നില്ല എന്നു മാത്രമല്ല, കൂടുതല്‍ അരക്കിട്ടുറപ്പിക്കുകയാണ് ചെയ്തിരിക്കുന്നത്. സഹസ്രാബ്ദങ്ങളായി അധികാരത്തിന്റെ കോട്ടക്കൊത്തളങ്ങള്‍ക്ക് പുറത്തുനിര്‍ത്തിയവര്‍ക്ക് പ്രത്യേക പരിഗണന നല്‍കുക എന്ന ജനാധിപത്യത്തിന്റേയും സാമൂഹ്യനീതിയുടേയും അടിസ്ഥാനതത്വം തന്നെ ബലി കഴിച്ചിരിക്കുന്നു. ജനസംഖ്യയില്‍ 12 ശതമാനത്തിനടുത്തുള്ളവര്‍ക്കാണ് 50 ശതമാനത്തിനടുത്ത് പ്രാതിനിധ്യം നല്‍കിയിരിക്കുന്നത്. മറുവശത്ത് ദളിത് – പിന്നോക്ക – മുസ്ലിം വിഭാഗങ്ങള്‍ക്ക് പ്രാതിനിധ്യം തുലോം തുച്ഛം., ദളിത് ക്രൈസ്തവര്‍ക്കോ ആദിവാസികള്‍്‌ക്കോ പ്രാതിനിധ്യമില്ല. 52 ശതമാനത്തോളം വരുന്ന സ്ത്രീകളുടെ പ്രാതിനിധ്യം മൂന്നു മന്ത്രിമാരിലൊതുങ്ങി.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

നാലില്‍ മൂന്നു മന്ത്രിസ്ഥാനവും നായര്‍വിഭാഗത്തിനു നല്‍കിയ സിപിഐ, മൂന്നു തവണ നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ചിറ്റയം ഗോപകുമാറിന് എന്ത് അയോഗ്യതയാണ് കാണുന്നത് എന്ന് വ്യക്തമല്ല. അദ്ദേഹത്തെ ഡെപ്യൂട്ടി സ്പീക്കറാക്കുന്നതിനു പുറകിലെ താല്‍പ്പര്യം എന്താണ്? സിപിഐയെയും സിപിഎമ്മിനേയും പിന്തുണക്കുന്നവരില്‍ ഭൂരിഭാഗവും നായന്മാരാണോ? അല്ലെന്ന് ഏതൊരു രാഷ്ട്രീയവിദ്യാര്‍ത്ഥിക്കുമറിയാം. തെരഞ്ഞെടുപ്പുദിവസം എല്‍ഡിഎഫിനെതിരെ വോട്ടുചെയ്യാനായിരുന്നു എന്‍ എസ് എസ് ആവശ്യപ്പെട്ടത് എന്നതും കേരളം കണ്ടതാണ്. കെ രാധാകൃഷ്ണനു ദേവസ്വം വകുപ്പ് നല്‍കിയതും ആഘോഷിക്കുന്നതു കണ്ടു. അതിലും എന്തു വിപ്ലവമാണുള്ളത്? ഒന്നാമത് ഇതെല്ലാം പതിറ്റാണ്ടുകള്‍ക്കു മുമ്പ് കേരളത്തില്‍ നടന്നതാണ്. മുന്നോക്കസംവരണമടക്കം നടപ്പാക്കി 80 ശതമാനത്തോളം സവര്‍ണ്ണര്‍ ജോലി ചെയ്യുന്ന ദേവസ്വം വകുപ്പ്ാണ് രാധാകൃഷ്ണന് നല്‍കിയിരിക്കുന്നത് എന്നതവിടെ നില്‍ക്കട്ടെ. എന്തു പ്രാധാന്യമാണ് ഈ വകുപ്പിനുള്ളത്? ഒരു തവണ സ്പീക്കറും മന്ത്രിയുമായിട്ടുള്ള രാധാകൃഷ്ണന് ധനകാര്യമോ തദ്ദേശഭരണമോ റവന്യൂവോ വ്യവസായമോ പോലെ പ്രാധാന്യമുള്ള വകുപ്പുകള്‍ എന്തുകൊണ്ട് നല്‍കുന്നില്ല? അതൊന്നും ഇന്നു വരെ ദളിതര്‍ക്ക് നല്‍കിയിട്ടില്ല. പിണറായിയും അതേ പാതയിലൂടെ തന്നെ. ദേവസ്വം വകുപ്പും പട്ടികജാതി വകുപ്പുമൊക്കെ റിയാസിനോ രാജീവനോ നല്‍കിക്കൂടെ? സമകാലികാവസ്ഥയില്‍ രാഷ്ട്രീയമായ പ്രാധാന്യം ഇതിനുണ്ട് എന്ന വാദവും കണ്ടു. ശബരിമല വിഷയത്തിലെടുത്ത നിലപാടിന്റെ പേരില്‍ കേരളജനതയോട് മുന്‍മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ മാപ്പുപറഞ്ഞ ശേഷമാണ് അവിടേക്ക് രാധാകൃഷ്ണനെ കൊണ്ടുവരുന്നത്. ക്ഷേത്രങ്ങളുലെ സവര്‍ണ്ണതയും അയിത്തവുമല്ല ഇന്ന് ദളിതരുടെ മുഖ്യപ്രശ്‌നം. മറിച്ച് യൂണിവേഴ്‌സിറ്റികളിലേയും കോടതികളിലേയും അധികാരകേന്ദ്രങ്ങളിലേയുമാണ്. കടക്കരുതെന്നു പറഞ്ഞാല്‍ കടക്കുമെന്നല്ലാതെ ആരാധനാലയങ്ങളില്‍ തങ്ങള്‍ക്കൊരു താല്‍പ്പര്യവുമില്ല എന്ന് ഇ വി രാമസ്വാമിനായ്ക്കരും അംബേദ്കറും അയ്യങ്കാളിയുമൊക്കെ എന്നേ വ്യക്തമാക്കിയതാണ്. അതുതന്നെയാണ് ഇപ്പോഴും പ്രസക്തം.

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഒരു ചെത്തുകാരന്റെ മകനു കീഴിലാണ് ഈ നായന്മാരെന്നു മറക്കരുതെന്ന അഭിപ്രായം കണ്ടു. ശരി. എന്നിട്ടും 22 ശതമാനം വരുന്ന കേരളത്തിലെ പിന്നോക്കക്കാര്‍ക്ക് എന്തു പ്രാതിനിധ്യമാണ് പിണറായി നല്‍കിയത്? പുതുതായി ഉയര്‍ന്നു വരുന്നു എന്നവകാശപ്പെടുന്നവരില്‍ എത്ര ഈഴവരുണ്ട്? പിന്നോക്കക്കാരന്റെ നേതൃത്വം എന്ന അവകാശവാദം പോലും പിണറായിക്കുശേഷം ഉണ്ടാകില്ല എന്നതാണ് യാഥാര്‍ത്ഥ്യം.

സാമൂഹ്യനീതിയുടേയും ജനാധിപത്യത്തിന്റേയും നിലപാടില്‍ പരിശോധിച്ചാല്‍ ഏറ്റവും അന്യായമായ ഈ നടപടികളെയാണ് പുതുമുഖങ്ങളുടെ പേരില്‍ മറച്ചുവെക്കാന്‍ ശ്രമിക്കുന്നത്. ബംഗാളിലേയും ത്രിപുരയിലേയും അനുഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനാണത്രെ ഇത്തരം തീരുമാനം. പുതുമുഖങ്ങളെ കൊണ്ടുവന്നാല്‍ അവിടങ്ങളിലെ തകര്‍ച്ചയെ തടയാന്‍ കഴിയുമായിരുന്നോ? തെറ്റായ നയങ്ങളാണ് അവിടങ്ങളിലെ തകര്‍ച്ചക്കു കാരണം. അവ തിരുത്തുകയാണ് വേണ്ടത്. അതിനുപക്ഷെ ഇവിടേയും തയ്യാറാകുന്നില്ല. കഴിഞ്ഞ സര്‍ക്കാരില്‍ ഏറെ വിമര്‍ശനം കേട്ട ആഭ്യന്തരവകുപ്പില്‍ തിരുത്തലുകളൊന്നും കൊണ്ടുവരുന്നതായി കേട്ടില്ല. പരിസ്ഥിതിയെ തകര്‍ക്കുന്ന വന്‍കിട പദ്ധതികളുടെ അവസ്ഥയും അതുതന്നെ. ഓരോ വര്‍ഷത്തിലും തിരമാലകള്‍ കൊണ്ടുപോകുന്ന വിഴിഞ്ഞം പദ്ധതി തന്നെ ഉദാഹരണം. കഴിഞ്ഞ ആഴ്ചയിലും അതാവര്‍ത്തിച്ചു. പശ്ചിമഘട്ടത്തിലെ മുഴുവന്‍ പാറയും കൊണ്ടിട്ടാലും അദാനിയുടെ തുറമുഖം പൂര്‍ത്തിയാകാനിടയില്ല. എന്നിട്ടും അത്തരം പദ്ധതികള്‍ ഉപേക്ഷിക്കാന്‍ സര്‍ക്കാര്‍ തയ്യാറല്ല. 60000 കോടി ചിലവഴിച്ച് നിര്‍മ്മിക്കുന്ന അതിവേഗ റെയില്‍വേ കേരളത്തിനു അഭികാമ്യമാണോ? വിദേശമൂലധനത്തില്‍ നിന്നു ലഭിക്കുന്ന കമ്മീഷനേക്കാള്‍ പ്രധാനമല്ല നമ്മുടെ ഭരണാധികാരികള്‍ക്ക് ജനതാല്‍പ്പര്യം. ഇതൊക്കെയാണ് തിരുത്തേണ്ടത്. അല്ലാതെ പുതുമുഖങ്ങളെ കൊണ്ടുവരുന്നത് ആഘോഷിക്കുകയല്ല. എല്ലാവരും ആദ്യമായി മന്ത്രിയാകുമ്പോള്‍ പുതുമുഖമാണല്ലോ. ആരു മന്ത്രിയായാലും നടക്കേണ്ട കാര്യങ്ങള്‍ മുറപോലെ നടക്കുമെന്ന് അടുത്തൊരു ദിവസം ഒരു മുന്‍ ചീഫ് സെക്രട്ടറി തന്നെ പറഞ്ഞിരുന്നല്ലോ. വിഷയം മന്ത്രിസഭാ രൂപീകരണത്തില്‍ തന്നെ കീഴാളരോടും സ്ത്രീകളോടും നീതികാണിച്ചില്ല എന്നതുതന്നെയാണ്. അതാകട്ടെ സോഷ്യല്‍ ക്രൈം കൂടിയാണ്.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പത്തു വര്‍ഷം പൂര്‍ത്തിയാക്കിയിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2023 - 24 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Be the first to write a comment.

Leave a Reply