റാങ്ക് ഹോള്‍ഡേഴ്‌സിന്റെ സമരവും ദേശാഭിമാനിയും

കര്‍ഷകരല്ലാത്ത എത്രയോ പേര്‍ ഡെല്‍ഹിയിലെ സമരത്തിലുണ്ടെന്നത് ആര്‍ക്കുമറിയാവുന്നതല്ലേ? കേരളത്തില്‍ നിന്നുതന്നെ കര്‍ഷകരല്ലാത്ത എത്രയോ സിപിഎം പ്രവര്‍ത്തകര്‍ അതിലുണ്ട്. കര്‍ഷകരുടെ പ്രശ്‌നം അവരുടെ മാത്രം പ്രശ്‌നമല്ലല്ലോ. രാജ്യത്തെ ഓരോരുത്തരേയും ബാധിക്കുന്ന വിഷയമാണത്. അതുപോലെതന്നെയല്ലേ തൊഴിലിനായുള്ള യുവജനങ്ങളുടെ, പ്രത്യേകിച്ച് PSC റാങ്ക് ഹോള്‍ഡേഴ്‌സിന്റെ സമരവും? മുന്‍സര്‍ക്കാരിന്റെ കാലത്ത് ഇത്തരം സമരത്തില്‍ ഇപ്പോഴത്തെ ധനമന്ത്രി പങ്കെടുത്തിരുന്നല്ലോ. അതു അദ്ദേഹം റാങ്ക് ലിസ്റ്റില്‍ ഉണ്ടായിരുന്നതുകൊണ്ടാണോ…? എന്നിട്ടും അദ്ദേഹം കഴിഞ്ഞ ദിവസം സമരത്തെ അധിക്ഷേപിക്കുന്നതു കേട്ടു. സമരത്തിനു പുറകില്‍ പ്രതിപക്ഷമാണത്രെ.

മാസങ്ങളായി നടക്കുന്ന കര്‍ഷകസമരം രാജ്യതലസ്ഥാനത്തെ പ്രകമ്പനം കൊള്ളിക്കുമ്പോള്‍ തൊഴിലിനായുള്ള യുവജനങ്ങളുടെ സമരം കേരള തലസ്ഥാനത്തേയും പ്രകമ്പനം കൊള്ളിക്കുകയാണ്. കര്‍ഷകസമരത്തില്‍ തങ്ങളും പങ്കാളികളാണെന്നാണ് കേരളഭരണത്തിനു നേതൃത്വം കൊടുക്കുന്ന സിപിഎം പറയുന്നത്. നിര്‍ഭാഗ്യവശാല്‍ കര്‍ഷകസമരത്തിനെതിരെ കേന്ദ്രസര്‍ക്കാരും സംഘപരിവാറും എന്തൊക്കെ അധിക്ഷേപങ്ങളാണോ നടത്തുന്നത്, സമാനമായ അധിക്ഷേപങ്ങളാണ് യുവജനങ്ങളുടെ സമരത്തിനുനേരെ കേരളസര്‍ക്കാരും സിപിഎമ്മും നടത്തുന്നത്. കര്‍ഷകരല്ല സമരം നടത്തുന്നത്, കേന്ദ്രസര്‍ക്കാരിനെതിരായ കലാപനീക്കമാണ് നടക്കുന്നത്, സമരത്തില്‍ തീവ്രവാദികള്‍ നുഴഞ്ഞു കയറിയിട്ടുണ്ട്, പ്രതിപക്ഷ ഗൂഢാലോചനയാണ് തുടങ്ങിയ ആരോപണങ്ങളൊക്കെ നാം കേട്ടതാണല്ലോ. ഫെബ്രുവരി 10ലെ ദേശാഭിമാനി പത്രത്തിന്റെ ആദ്യപേജ് നോക്കുക. ഇതേ ആരോപണങ്ങളാണ് യുവജനസമരത്തിനു നേരെ പത്രം ഉന്നയിക്കുന്നത്. റാങ്ക് ഹോള്‍ഡേഴ്സ് അല്ലാത്തവരും സമരത്തിലുണ്ട്, സംസ്ഥാന സര്‍ക്കാരിനെതിരായ ഗൂഢാലോചനയാണ്, പ്രതിപക്ഷമാണ് പുറകില്‍ തുടങ്ങിയ ആരോപണങ്ങള്‍ തന്നെയാണ് ദേശാഭിമാനിയും ഉന്നയിക്കുന്നത്. എന്തൊക്കെ പറഞ്ഞാലും അവസാനം എല്ലാ ഭരണകൂടങ്ങളും ഒരേതൂവല്‍ പക്ഷികളാകുകയാണെന്നര്‍ത്ഥം.

കര്‍ഷകരല്ലാത്ത എത്രയോ പേര്‍ ഡെല്‍ഹിയിലെ സമരത്തിലുണ്ടെന്നത് ആര്‍ക്കുമറിയാവുന്നതല്ലേ? കേരളത്തില്‍ നിന്നുതന്നെ കര്‍ഷകരല്ലാത്ത എത്രയോ സിപിഎം പ്രവര്‍ത്തകര്‍ അതിലുണ്ട്. കര്‍ഷകരുടെ പ്രശ്‌നം അവരുടെ മാത്രം പ്രശ്‌നമല്ലല്ലോ. രാജ്യത്തെ ഓരോരുത്തരേയും ബാധിക്കുന്ന വിഷയമാണത്. അതുപോലെതന്നെയല്ലേ തൊഴിലിനായുള്ള യുവജനങ്ങളുടെ, പ്രത്യേകിച്ച് PSC റാങ്ക് ഹോള്‍ഡേഴ്‌സിന്റെ സമരവും? മുന്‍സര്‍ക്കാരിന്റെ കാലത്ത് ഇത്തരം സമരത്തില്‍ ഇപ്പോഴത്തെ ധനമന്ത്രി പങ്കെടുത്തിരുന്നല്ലോ. അതു അദ്ദേഹം റാങ്ക് ലിസ്റ്റില്‍ ഉണ്ടായിരുന്നതുകൊണ്ടാണോ…? എന്നിട്ടും അദ്ദേഹം കഴിഞ്ഞ ദിവസം സമരത്തെ അധിക്ഷേപിക്കുന്നതു കേട്ടു. സമരത്തിനു പുറകില്‍ പ്രതിപക്ഷമാണത്രെ. തങ്ങള്‍ ഇടതുപക്ഷക്കാരാണെന്ന് എത്രയോ പേര്‍ പരസ്യമായി പറഞ്ഞിട്ടും അതുതന്നെയാണ് ആവര്‍ത്തിക്കപ്പെടുന്നത്. പ്രതിപക്ഷം സമരങ്ങളെ പിന്തുണക്കുന്നത് സ്വാഭാവികമല്ലേ? എല്‍ഡിഎഫ് പ്രതിപക്ഷത്തായിരുന്നപ്പോള്‍ ചെയ്തതും മറ്റെന്താണ്? സമരക്കാരില്‍ ചിലര്‍ ആത്മഹത്യാശ്രമം നടത്തിയത് കലാപശ്രമമാണെന്നാണ് മറ്റൊരാരോപണം. ഡെല്‍ഹിയിലും ഇതേ ആരോപണം നാം കേട്ടിരുന്നു. മണ്ണെണ്ണ ദേഹത്തൊഴിച്ച ഒഴിച്ച വ്യക്തി റാങ്ക് ലിസ്റ്റിലില്ലത്രെ. ശരിയാണ്. എന്നാല്‍ തന്റെ ഭാര്യയുണ്ടെന്ന് അദ്ദേഹം പറയുന്നു. ഇല്ലെങ്കിലും ഇതെല്ലാം ഇക്കാലത്തെ സമരരീതിയല്ലേ? നഴ്സുമാരുടെ സമരത്തിലും ഇത്തരം ദൃശ്യങ്ങള്‍ കണ്ടിരുന്നല്ലോ.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

സംഘടിതവിഭാഗങ്ങളുടെ സമരങ്ങള്‍ക്ക് കുപ്രസിദ്ധിയുള്ള നാടാണ് കേരളം. പലപ്പോഴുമവ ജനങ്ങള്‍ക്കെതിരായ വെല്ലുവിളികളായി മാറാറുണ്ട്. വല്ലപ്പോഴുമാണ് അസംഘടിത വിഭാഗങ്ങള്‍ നിലനില്‍പ്പിനായുള്ള പോരാട്ടങ്ങള്‍ നടത്തുന്നതിന് നമ്മള്‍ സാക്ഷ്യം വഹിച്ചിട്ടുള്ളത്. നില്‍പ്പുസമരവും ഇരിപ്പുസമരവും നഴ്സുമാരുടേയും കന്യാസ്ത്രീകളുടേയും തോട്ടം തൊഴിലാളികളുടേയും സംഘടിത സംഘടനകളില്‍ നിന്നുമാറിയുള്ള വിദ്യാര്‍ത്ഥിസമരങ്ങളും മറ്റും ഉദാഹരണങ്ങള്‍. ആ നിരയിലേക്കാണ് റാങ്ക് ഹോള്‍ഡേ്സിന്റെ സമരവും മാറുന്നത്. സര്‍ക്കാരിനെയും പി എസ് സിയേയും വിശ്വസിച്ച് കഷ്ടപ്പെട്ട് പഠിച്ച് പരീക്ഷയെഴുതി, റാങ്ക് ലിസ്റ്റില്‍ ഇടംനേടിയിട്ടും തൊഴില്‍ ലഭിക്കാതിരിക്കുക, അവസാനം റാങ്ക് ലിസ്റ്റ് കാലഹരണപ്പെടുക…. ഇതാണല്ലോ നിരന്തരമായി ആവര്‍ത്തിക്കുന്നത്. സഹികെട്ടാണ് സര്‍ക്കാരിന്റെ അവസാനകാലത്ത് വാഗ്ദാനങ്ങള്‍ പാലിക്കാനാവശ്യപ്പെട്ടവര്‍ രംഗത്തിറങ്ങിയത്. നിരന്തമായി പുറത്തുവരുന്ന പിന്‍വാതില്‍ നിയമനങ്ങളെ കുറിച്ചുള്ള വാര്‍ത്തകളാണ് സമരത്തെ തീക്ഷ്ണമാക്കിയത്. അര്‍ഹതപ്പെട്ടവരെ മറികടന്ന് ഭരണപാര്‍ട്ടിക്ക് വേണ്ടപ്പെട്ടവര്‍ക്ക് സര്‍ക്കാര്‍ ജോലി കൊടുക്കുക എന്ന പരിപാടി ശക്തമായിട്ട് കാലം കുറെയായി. രണ്ടുമുന്നണിയും അതില്‍ മോശമല്ല. താല്‍ക്കാലികനിയമനം കൊടുത്ത് ഏറെകാലം കഴിഞ്ഞാല്‍, ഇനി എങ്ങനെയാണ് പറഞ്ഞുവിടുക എന്ന സഹതാപതരംഗമാണ് അതിനായി ഉപയോഗിക്കുന്നത്. സൊസൈറ്റികള്‍ പോലുള്ള സ്ഥാപനങ്ങള്‍ അതാതുപാര്‍ട്ടിക്കാരുടെ കുടുംബാംഗങ്ങള്‍ക്കായി പണ്ടേ സംവരണം ചെയ്തതാണ്. സമീപകാലത്താകട്ടെ കോളേജധ്യാപകര്‍ മുതല്‍ ലാസ്ര്റ് ഗ്രേഡ് വരെ എവിടേയും നടക്കുന്നത് അതാണ്. കാലടി സര്‍വ്വകലാശാലയുടെ ജനനം മുതല്‍ അതാണ് സംഭവിക്കുന്നത് എന്നതിന്റെ വിശദാംശങ്ങള്‍ പുറത്തുവന്നല്ലോ. അതില്‍ പാര്‍ട്ടി ഏരിയാകമ്മിറ്റിയുടെ കത്തും ഉണ്ടായിരുന്നു. ചലചിത്ര അക്കാദമിയില്‍ പിന്‍വാതില്‍ നിയമനത്തിനായുള്ള ചെയര്‍മാനും സംവിധായകനുമായ കമലിന്റെ കത്തും കേരളം കണ്ടല്ലോ. മിക്കവാറും എല്ലാ വകുപ്പിലും അനധികൃത നിയമനങ്ങള്‍ പൊടിപൊടിക്കുകയാണ്. അതുവഴി മിക്കപ്പോഴും സംവരണം എന്ന ഭരണഘടനാപരമായ അവകാശവും അട്ടിമറിക്കപ്പെടുകയാണ്. എന്തിനാണ് രാജ്യത്തുതന്നെ ഏറ്റവുമധികം അംഗങ്ങളുമായി, കോടിക്കണക്കിനു പണം ധൂര്‍ത്തടിക്കാന്‍ ഒരു പി എസ് സി എന്ന ചോദ്യം ചോദിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഇത്തരമൊരു സാഹചര്യത്തില്‍ യുവജനങ്ങളുടെ ഈ സമരം പിന്തുണക്കപ്പെടേണ്ടതാണ്. അപ്പോഴും മറ്റൊരു വിഷയം കൂടി ചര്‍ച്ച ചെയ്യേണ്ട സമയമാണിത്. സര്‍ക്കാരിന്റെ പ്രധാന ജോലി തൊഴില്‍ നല്‍കലാണെന്ന ധാരണ പതുക്കെയായിട്ടെങ്കിലും മാറണം. സര്‍ക്കാര്‍ ജോലിയാണ് ഏകലക്ഷ്യമെന്ന യുവജനങ്ങളുടെ ധാരണയും മാറണം. മിനിമം പണിയെടുത്ത് കൂടുതല്‍ വേതനവും നിരവധി ആനുകൂല്യങ്ങളും മരണം വരെ പെന്‍ഷനും ഉറപ്പാക്കാമെന്നതുതന്നെയാണ്, ഒരു തരത്തിലുള്ള ക്രിയേറ്റിവിറ്റിയുമില്ലാത്ത സര്‍ക്കാര്‍ ജോലിയുടെ ആകര്‍ഷണീയത. ഔട്ട് പുട്ട് പരിശോധിക്കുന്ന ഫലപ്രദമായ സംവിധാനവുമില്ലല്ലോ. സത്യത്തില്‍ കൃത്യമായ നിയന്ത്രണങ്ങളോടെ സ്വകാര്യമേഖലയില്‍ തൊഴിലുകള്‍ സൃഷ്ടിക്കുന്ന സാഹചര്യങ്ങളൊരുക്കുകയും സ്വയം സംരംഭങ്ങള്‍ ആരംഭിക്കാന്‍ യുവജനങ്ങളെ സഹായിക്കുകയുമാണ് സര്‍ക്കാരിന്റെ കടമ. അക്കാര്യത്തില്‍ കേരളത്തിലെ സര്‍ക്കാരുകള്‍ പൊതുവില്‍ പരാജയവുമാണ്. ബസ് സര്‍വ്വീസുകളും കുറികമ്പനിയും മത്സ്യവില്‍പ്പനയും കുറെ പൊതുമേഖലാസ്ഥാപനങ്ങളും നടത്തി, ഖജനാവ് മുടിപ്പിക്കലല്ല സര്‍ക്കാരിന്റെ ജോലി. സ്വകാര്യബസുകളേക്കാള്‍ ചാര്‍ജ്ജ് വാങ്ങിയിട്ടും ദേശീയപാതകള്‍ കുത്തകകളായിട്ടും ഖജനാവ് മുടിക്കുന്ന ഒരു സ്ഥാപനമല്ലേ കെ എസ് ആര്‍ ടി സി.. ഫാക്ട് പോലുള്ള സ്ഥാപനങ്ങള്‍ക്കും കോടികളാണ് സര്‍ക്കാര്‍ നല്‍കുന്നത്. അവയെല്ലാം സ്വകാര്യമേഖലകള്‍ നടത്തികൊള്ളും. ജനങ്ങള്‍ക്കുപകാരമാകുംവിധം അവയുടെ ആരോഗ്യകരമായ മത്സരത്തിനുള്ള അവസരങ്ങളൊരുക്കുകയാണ് സര്‍ക്കാര്‍ ചെയ്യേണ്ടത്. ബസോടിക്കുന്ന സര്‍ക്കാര്‍ ഓട്ടോറിക്ഷയും ടാക്സിയുമൊന്നും ഓടിക്കുന്നില്ലല്ലോ. സര്‍ക്കാര്‍ നേരിട്ടു നടത്തേണ്ടത് കുടിവെള്ളം, ആരോഗ്യം, മാലിന്യസംസ്‌കരണം, വിദ്യാഭ്യാസം എന്നിവയൊക്കെയാണ്്. എന്നാല്‍ നടക്കുന്നതെന്താണ്? അവയിലൊക്കെ സ്വകാര്യമേഖലയുടെ കൊള്ളയാണ്. അതിനായി തുറന്നിട്ടിരിക്കുകയാണ്. മാനേജ്മെന്റ് നിയമിക്കുന്ന അധ്യാപകര്‍ക്ക് വേതനം കൊടുക്കുക വഴി ഇന്നോളം ചിലവഴിച്ചിട്ടുള്ളത് ലക്ഷകണക്കിനു കോടിരൂപയാണ്. സത്യത്തില്‍ ഭരണത്തിനാവശ്യമായ മിനിമം ഗുമസ്തന്മാര്‍ക്കേ സര്‍ക്കാര്‍ തൊഴില്‍ കൊടുക്കേണ്ടതുള്ളു. പിന്നെ ക്രമസമാധാനത്തിനും അതുപോലെ ഒഴിവാക്കാനാത്ത മേഖലകളിലും. കൂടുതല്‍ പേര്‍ക്ക് നേരിട്ട് തൊഴില്‍ നല്‍കുന്ന സര്‍ക്കാരാണ് നല്ല സര്‍ക്കാര്‍ എന്ന ധാരണ മാറണം. കുറച്ചു പേര്‍ക്ക് നേരിട്ടു തൊഴില്‍ നല്‍കുകയും കൂടുതല്‍ പേര്‍ക്ക് തൊഴില്‍ ലഭിക്കുന്ന സാമൂഹ്യ അന്തരീക്ഷമൊരുക്കുകയും ചെയ്യുന്ന സര്‍ക്കാരാണ് നല്ല സര്‍ക്കാര്‍. വരുമാനത്തിന്റെ ഭൂരിഭാഗവും വേതനത്തിനും പെന്‍ഷനും വേണ്ടിയല്ല, ജനക്ഷേമ പദ്ധതികള്‍ക്ക്് ചിലവഴിക്കുന്ന സര്‍ക്കാരാണ് മികച്ച സര്‍ക്കാര്‍. കൂടുതല്‍ പുതിയ തസ്തികകള്‍ സൃഷ്ടിക്കുന്ന സര്‍ക്കാരല്ല, കുറവ് സൃഷ്ടിക്കുകയും കൂടുതല്‍ തൊഴിലവസരങ്ങളും സ്വയം സരംഭങ്ങളുമുണ്ടാകാന്‍ അവസരമൊരുക്കുകയും ചെയ്യുന്ന സര്‍ക്കാരാണ് നല്ല സര്‍ക്കാര്‍. പക്ഷെ മലയാളികള്‍ പൊതുവില്‍ സര്‍ക്കാരിനെ തൊഴില്‍ ദായകരായാണ് കാണുന്നത്. അതിന്റെ തുടര്‍ച്ചയാണ് പി എസ് സി ടെസ്റ്റുകളെഴുതി അനന്തമായുള്ള ഈ കാത്തിരിപ്പ്.

മറുവശത്ത് ഒരാള്‍ ചെറിയ ഒരു സംരംഭം തുടങ്ങിയാല്‍ ബൂര്‍ഷ്വാ എന്നാക്ഷേപിക്കുന്നതും സ്ഥിരമായി കേള്‍ക്കാറുണ്ടല്ലോ. അത്തരത്തില്‍ ശ്രമിക്കുന്നവരെ ചുവപ്പുനാടയില്‍ കെട്ടിയിടുന്നത് ഇത്തരത്തില്‍ ജോലി നേടുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ തന്നെയാണ്. പല വകുപ്പുകളും അഴിമതിയുടെ കൂത്തരങ്ങുകളാണ്. സെക്രട്ടറിയേറ്റിലും മറ്റും ഒരു ഫയല്‍ നീങ്ങണമെങ്കില്‍ പെടുന്ന പാട് അനുഭവസ്ഥര്‍ക്കേ അറിയൂ. സാങ്കേതികവിദ്യയുടെ വികാസം അഴിമതിക്കു കുറച്ചൊക്കെ വിഘാതമായിട്ടുണ്ട്, സുതാര്യതയുണ്ടാക്കുന്നുണണ്ട്. അപ്പോഴും അതിനൊക്കെ എതിരെ മുഖം തിരിച്ചു നില്‍ക്കുന്നവരാണ് ഭൂരിഭാഗം ഉദ്യോഗസ്ഥരും. നിങ്ങളുടെ മുന്നിലുള്ള ഓരോ ഫയലും ഓരോ ജീവിതമാണ് എന്ന് അധികാരത്തിലെത്തിയപ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞിരുന്നു. എന്തുകാര്യം? അവയില്‍ ഭൂരിഭാഗവും കെട്ടികിടക്കുകയാണ്. മന്ത്രിമാര്‍ക്ക് ജനസമ്പര്‍ക്കമേളകളും അദാലത്തുകളും നടത്തേണ്ട ഗതികേടാണ്. ഉദ്യോഗസ്ഥര്‍ കൃത്യമായി ജോലി ചെയ്തിരുന്നെങ്കില്‍ അതിന്റെ ആവശ്യമുണ്ടോ? വിവരാവകാശനിയമവും സേവനാവകാശനിയമവുമൊക്കെ അട്ടിമറിക്കാനുള്ള നീക്കങ്ങളും ശക്തമാണ്. കഴിഞ്ഞ ദിവസം സെക്രട്ടറിയേറ്റിനു മുന്നില്‍ ഉശിരന്‍ സമരം നടത്തിയത് പോലീസിന്റെ റാങ്ക് ലിസ്റ്റില്‍ പെട്ടവരാണ്. ഇവര്‍ നാളെ പോലീസാകുമ്പോള്‍ ജനങ്ങളോടും സമരങ്ങളോടും പുലര്‍ത്തുന്ന സമീപനമെന്തായിരിക്കുമെന്ന് ഇപ്പോള്‍ തന്നെ നമുക്കറിയാമല്ലോ. പറഞ്ഞുവരുന്നത് ഇത്രയേയുള്ളു. ഇപ്പോഴത്തെ സാഹചര്യത്തില്‍ യുവജനസമരത്തെ പിന്തുണക്കുന്നു. പക്ഷെ സര്‍ക്കാരിനെ കുറിച്ചും തൊഴിലിനെ കുറിച്ചുമുള്ള നമ്മുടെ സങ്കല്‍പ്പങ്ങള്‍ മാറിയേ തീരു എന്നാണ്.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Culture | Tags: , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply