ഡോ ആര്‍ ബിന്ദുവിന്റെ ഫേസ് ബുക്ക് പോസ്റ്റ് അര്‍ത്ഥപൂര്‍ണ്ണമാകണമെങ്കില്‍…

വാക്കുകൊണ്ടോ നോക്കുകൊണ്ടോ പോലും ഏതെങ്കിലും വിധത്തിലുള്ള മാടമ്പിത്തരങ്ങളുടെ കിടുസ്സായ ഇടിമുറികളായി നമ്മുടെ ഗവേഷണ കേന്ദ്രങ്ങളും കലാലയങ്ങളും മാറാതിരിക്കണമെന്നും മന്ത്രി പറയുന്നു. അവിടെയൊരു സ്വയംവിമര്‍ശനം പ്രതീക്ഷിക്കുന്നതില്‍ തെറ്റുണ്ടോ? കേരളത്തിലെ കലാലയങ്ങളില്‍ കൊടിക്കുത്തിവാഴുന്ന ഫാസിസ്റ്റ് വിദ്യാര്‍ത്ഥി രാഷ്ട്രീയമാണത്. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിന്റെ അവസ്ഥ തന്നെയാണ് മിക്കവാറും കലാലയങ്ങളില്‍ നിലനില്‍ക്കുന്നത്. ചുവന്ന കോട്ടകള്‍ എന്നു പേരിട്ട് അവിടങ്ങളിലെല്ലാം നിഷേധിക്കുന്നത് ജനാധിപത്യമെന്ന ഏറ്റവും സുന്ദരമായ ആശയത്തെ തന്നെയാണ്.

കേരളത്തിലെ വിദ്യാര്‍ത്ഥി സമരചരിത്രത്തില്‍ പുതിയൊരു ഉശിരന്‍ അധ്യായമാണ് ദീപ പി മോഹനന്റെ സമരം എഴുതിചേര്‍ത്തിരിക്കുന്നത്. സംഘടിത വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങളുടേയോ രാഷ്ട്രീയപ്രസ്ഥാനങ്ങളുടേയോ പിന്തുണയൊന്നുമില്ലാതെയാണ് ദീപ സമരം ചെയ്തതും ആവശ്യങ്ങള്‍ നേടിയെടുത്തതും എന്നതാണ് ശ്രദ്ധേയം. കഴിഞ്ഞ കുറച്ചുകൊല്ലങ്ങലായി കേരളത്തിലെ വിദ്യാര്‍ത്ഥികള്‍ തങ്ങളുടെ ആവശ്യങ്ങളുമായി ബന്ധപ്പെട്ടു നടത്തുന്ന സമരങ്ങളിലൊന്നും അവരുടെ സാന്നിധ്യം കാണാറില്ല. രജനി എസ് ആനന്ദിന്റെ ആത്മഹത്യ, വിഷ്ണു പ്രണോയിയുടെ സംശയകരമായ മരണം, ലോ കോളേജില്‍ നടന്ന പ്രക്ഷോഭം തുടങ്ങി ഈ പട്ടിക എത്രവേണമെങ്കിലും നീട്ടാം. തങ്ങളുടെ പിതൃസംഘടനകളിലേക്കുള്ള റിക്രൂട്ടിംഗ് ഏജന്റുമാര്‍ മാത്രമായി വിദ്യാര്‍ത്ഥി സംഘടനകള്‍ മാറി എന്നതാണ് യാഥാര്‍ത്ഥ്യം. ഏതാനും അംബേദ്കറൈറ്റ് സംഘടനകളായിരുന്നു ദീപക്കൊപ്പം സമരവേദിയിലുണ്ടായിരുന്നത്. അതേസമയം ഉന്നത വിദ്യാഭ്യാസ വകുപ്പുമന്ത്രി ഡോ ആര്‍ ബിന്ദു ഈ സമരത്തോട് അനുഭാവപൂര്‍വ്വമായ നിലപാട് സ്വീകരിച്ചു എന്നത് നിഷേധിക്കാനാകില്ല.

സമരം ഒത്തുതീര്‍പ്പായതിനുശേഷം മന്ത്രി ഫേസ് ബുക്കിലിട്ട ഒരു പോസ്റ്റിനെ കുറിച്ചാണ് ഇവിടെ പറയാനുദ്ദേശിക്കുന്നത്. നമ്മുടെ വിദ്യാഭ്യാസകേന്ദ്രങ്ങള്‍ എങ്ങനെയാകണം എന്നതാണ് പോസ്റ്റിലൂടെ അവര്‍ പറയാന്‍ ശ്രമിക്കുന്നത്. ഇതാണ് ഏറെ പ്രസക്തമായ ആ പോസ്റ്റ്. ‘എം.ജി. സര്‍വ്വകലാശാലയിലെ ഗവേഷക വിദ്യാര്‍ത്ഥിനി ദീപ നടത്തിവന്നിരുന്ന നിരാഹാര സമരത്തിന് ആശ്വാസകരമായ പര്യവസാനമായി. നമ്മുടെ ഗവേഷണ കേന്ദ്രങ്ങള്‍ കൂടുതല്‍ സ്വതന്ത്രവും നിര്‍ഭയവും സ്വച്ഛന്ദവുമായ അറിവന്വേഷണങ്ങളുടെ തുറന്ന ഇടങ്ങളാകട്ടെ!…. ജാതി/ മത/ ലിംഗ/ വര്‍ഗ്ഗപരമായ വിവേചനങ്ങള്‍ അവയെ തീണ്ടാതിരിക്കട്ടെ … വാക്കുകൊണ്ടോ നോക്കുകൊണ്ടോ പോലും ഏതെങ്കിലും വിധത്തിലുള്ള മാടമ്പിത്തരങ്ങളുടെ കിടുസ്സായ ഇടിമുറികളായി നമ്മുടെ ഗവേഷണ കേന്ദ്രങ്ങളും കലാലയങ്ങളും മാറാതിരിക്കാന്‍ അദ്ധ്യാപക/ അക്കാദമിക വ്യക്തിത്വങ്ങള്‍ നിതാന്തമായ ആത്മപരിശോധനയോടെയുള്ള ജാഗ്രത പുലര്‍ത്തട്ടെ! സര്‍വ്വകലാശാലകളും കലാലയങ്ങളും ആത്യന്തികമായി വിദ്യാര്‍ത്ഥികളുടേതാണ് ! അതാരും മറക്കരുത്. പ്രത്യേകിച്ച് അദ്ധ്യാപകര്‍. തങ്ങള്‍ പറയുന്ന ഓരോ വാക്കും വിദ്യാര്‍ത്ഥിയുടെ വ്യക്തിത്വത്തിലും ആത്മവിശ്വാസത്തിലും അന്തസ്സിലും സ്പര്‍ശിക്കും എന്ന ഓര്‍മ്മയുണ്ടാകണം. അദ്ധ്യാപനം വലിയ ഉത്തരവാദിത്തമാണ്. വിദ്യാര്‍ത്ഥികളെ, അവരുടെ സാമൂഹ്യമായ അവസ്ഥകളെ മനസ്സിലാക്കേണ്ടത്, സാമൂഹ്യ നീതിയുടെ ഉത്തരവാദിത്തപൂര്‍ണ്ണമായ തലങ്ങള്‍ ഉയര്‍ത്തിപ്പിടിക്കേണ്ടത് അദ്ധ്യാപകരുടെ ഉദാത്തമായ കടമയാണ്. പാരസ്പര്യമാണ് പഠനത്തിന്റെ ശരിയായ മാര്‍ഗ്ഗം. വിദ്യാര്‍ത്ഥി കേന്ദ്രിതവും സര്‍ഗ്ഗാത്മകവും വിശാലവുമായ പാരസ്പര്യത്തിന്റെ ഇടങ്ങളായി നമ്മുടെ ഉന്നതവിദ്യാഭ്യാസ കേന്ദ്രങ്ങള്‍ മാറട്ടെ. ഉച്ചനീചത്വങ്ങളുടെ, മേല്‍ / കീഴ് നിലകളുടെ അഴുക്കുചാലുകളാകാതെ, സമീകരണത്തിന്റെയും സാഹോദര്യത്തിന്റേയും മാനവികതയുടേയും ജീവജലധാരകളായി അവ സമൂഹത്തെ പുഷ്‌ക്കലമാക്കട്ടെ!’

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

തീര്‍ച്ചയായും നല്ല വാക്കുകള്‍. ഇങ്ങനെയൊക്കെയാവണം കാമ്പസുകള്‍. എന്നാലങ്ങനെയല്ല ഇപ്പോള്‍ എന്നതാണല്ലോ ഈ പോസ്റ്റ് തന്നെ വ്യക്തമാക്കുന്നത്. എങ്കില്‍ അതിന്റെ കാരണങ്ങള്‍ പരിശോധിക്കുകയും പരിഹരിക്കുകയുമാണ് കേരളീയസമൂഹം ചെയ്യേണ്ടത്. അതിനു നേതൃത്വം നല്‍ക്ാന്‍ സര്‍ക്കാരിനും മന്ത്രിക്കും കഴിയുമോ എന്നതുതന്നെയാണ് ചോദ്യം. മന്ത്രി പറയുന്ന പോലെ ജാതി/ മത/ ലിംഗ/ വര്‍ഗ്ഗപരമായ വിവേചനങ്ങള്‍ അവയെ തീണ്ടാതിരിക്കണം. എന്നാല്‍ അവയിപ്പോഴും ശക്തമായി നിലനില്‍ക്കുന്ന സമൂഹത്തിലാണല്ലോ കാമ്പസുകളും ഉള്ളത്. ഈ കുറിപ്പെഴുതുമ്പോള്‍ തന്നെ വരുന്ന വാര്‍ത്ത, സര്‍ക്കാരിന്റെ ലൈഫ് പദ്ധതിയില്‍ ഉള്‍പ്പെട്ട ദളിത് കുടുംബത്തിനു വീടു നിര്‍മ്മിക്കാന്‍ നാട്ടുകാര്‍ സമ്മതിക്കുന്നില്ല എന്നതാണ്. ഒരു ദളിത് കുടുംബം വന്നാല്‍ വേറേയും കുടുംബങ്ങള്‍ വരുമെന്ന്. വിപ്ലവത്തിന്റെ ചുവന്ന മണ്ണെന്നു പറയപ്പെടുന്ന ആലപ്പുഴയില്‍, മാറ്റുവിന്‍ ചട്ടങ്ങളെ എന്നു പാടിയ കവിയുടെ നാട്ടിലാണ് ഇതു നടക്കുന്നത്. വിനായകനും കെവിനും മധുവും ജിഷയും ദീപയും ചിത്രലേഖയും അശാന്തനും പേരാമ്പ്രയും വടയമ്പാടിയും ഗോവിന്ദാപുരവും ചങ്ങറയും മുത്തങ്ങയും സവര്‍ണ്ണസംവരണവുമെല്ലാം നിലനില്‍ക്കുന്ന ഒരു നാട്ടിലെ കാമ്പസുകളില്‍ നിന്നു മറിച്ചെന്താണ് പ്രതീക്ഷിക്കുന്നത്? പലരും കൊട്ടിഘോഷിക്കുന്ന പോലെ നമ്മുടെ കലാലയങ്ങള്‍ രാഷ്ട്രീയപ്രബുദ്ധമാണെങ്കില്‍ അവിടെനിന്നു പുറത്തുവരുന്നവര്‍ നയിക്കുന്ന സമൂഹം ഇങ്ങനെയാകുകയില്ലല്ലോ. വ്യക്തിജീവിതത്തിലെങ്കിലും അവര്‍ ജാതീയതയേയും ലിംഗാധിപത്യത്തേയും മറികടക്കുമായിരുന്നല്ലോ. എങ്ങനെയാണവര്‍ കലാലയങ്ങളിലേക്കുപോകുന്നത് അതിനേക്കാള്‍ മോശമായിതന്നെയാണ് പുറത്തുവരുന്നത്. സവര്‍ണ്ണതയും പുരുഷാധിപത്യവും കൊടികുത്തി വാഴുന്നവ തന്നെയാണ് നമ്മുടെ കാമ്പസുകള്‍. വന്‍തുക വേതനം വാങ്ങുന്ന നമ്മുടെ അധ്യാപകരില്‍ മഹാഭൂരിപക്ഷവും ഒരിക്കലും ആധുനികതലമുറക്കു മാതൃകയേയല്ല. പിന്നെയവ എങ്ങനെ സ്വതന്ത്രവും നിര്‍ഭയവും സ്വച്ഛന്ദവുമായ അറിവന്വേഷണങ്ങളുടെ തുറന്ന ഇടങ്ങളാകും ടീച്ചര്‍?

വിദ്യാര്‍ത്ഥികളെ, അവരുടെ സാമൂഹ്യമായ അവസ്ഥകളെ മനസ്സിലാക്കേണ്ടത്, സാമൂഹ്യ നീതിയുടെ ഉത്തരവാദിത്തപൂര്‍ണ്ണമായ തലങ്ങള്‍ ഉയര്‍ത്തിപ്പിടിക്കേണ്ടത് അദ്ധ്യാപകരുടെ ഉദാത്തമായ കടമയാണെന്നു എയ്ഡഡ് കോളേജിലെ മുന്‍അധ്യാപിക കൂടിയായ മന്ത്രി പറയുമ്പോള്‍ പതിറ്റാണ്ടുകളായി അത്തരം കലാലയങ്ങളില്‍ നടക്കുന്ന സാമൂഹ്യനീതിനിഷേധം കാണാതിരിക്കുകയാണോ? സര്‍ക്കാര്‍ വേതനം നല്‍കുമ്പോഴും ഭരണഘടനാപരമായ അവകാശമായ സംവരണം നിഷേധിക്കുന്ന ഇടങ്ങളില്‍ എന്തു സാമൂഹ്യനീതിയാണുണ്ടാകുക? അവിടങ്ങളിലെ വലിയൊരുവിഭാഗം അധ്യാപകരും ജാതിയും മതവും സമ്പത്തുമനുസരിച്ച് ജോലിയില്‍ കയറിയവരല്ലേ? ഈ പോസ്‌റ്റെഴുതിയ മന്ത്രി ഇനിയെങ്കിലും ഈ അനീതിക്ക് അവസാനം കാണാനുള്ള നടപടിയെടുക്കുമോ? അതുപോലെതന്നെ സ്വാശ്രയകലാലയങ്ങളും ഏറെക്കുറെ പാവപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് ഇപ്പോഴും ബാലികേറാമലയല്ലേ?

വാക്കുകൊണ്ടോ നോക്കുകൊണ്ടോ പോലും ഏതെങ്കിലും വിധത്തിലുള്ള മാടമ്പിത്തരങ്ങളുടെ കിടുസ്സായ ഇടിമുറികളായി നമ്മുടെ ഗവേഷണ കേന്ദ്രങ്ങളും കലാലയങ്ങളും മാറാതിരിക്കണമെന്നും മന്ത്രി പറയുന്നു. അവിടെയൊരു സ്വയംവിമര്‍ശനം പ്രതീക്ഷിക്കുന്നതില്‍ തെറ്റുണ്ടോ? കേരളത്തിലെ കലാലയങ്ങളില്‍ കൊടിക്കുത്തിവാഴുന്ന ഫാസിസ്റ്റ് വിദ്യാര്‍ത്ഥി രാഷ്ട്രീയമാണത്. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിന്റെ അവസ്ഥ തന്നെയാണ് മിക്കവാറും കലാലയങ്ങളില്‍ നിലനില്‍ക്കുന്നത്. ചുവന്ന കോട്ടകള്‍ എന്നു പേരിട്ട് അവിടങ്ങളിലെല്ലാം നിഷേധിക്കുന്നത് ജനാധിപത്യമെന്ന ഏറ്റവും സുന്ദരമായ ആശയത്തെ തന്നെയാണ്. ഈ ഭരണത്തിനു നേതൃത്വം കൊടുക്കുന്ന, വിദ്യാഭ്യാസമന്ത്രിയുടെ പാര്‍ട്ടിയുടെ പോഷക വിദ്യാര്‍ത്ഥി സംഘടനതന്നെയാണ് ഇന്ന് പ്രധാനമായും കലാലയങ്ങളില്‍ മറ്റു വിദ്യാര്‍ത്ഥിസംഘടനകളുടെ പ്രവര്‍ത്തന സ്വാതന്ത്ര്യം നിഷേധിക്കുന്നത്. പ്രബുദ്ധമെന്നൊക്കെ കൊട്ടിഘോഷിക്കുന്ന കലാലയങ്ങളില്‍ നിന്നെല്ലാം അത്തരം വാര്‍ത്തകള്‍ പുറത്തുവന്നുകൊണ്ടേയിരിക്കുന്നു. എന്തിനേറെ, കൊവിഡിന്റെ വലിയ ഇടവേളക്കുശേഷം കലാലയങ്ങള്‍ തുറന്നപ്പോള്‍ എം ജി സര്‍വ്വകാലാശാലയ.ിലും കാലടി ശ്രീശങ്കരകോളേജിലും ഇത്തരം സംഭവങ്ങള്‍ ഉണ്ടായല്ലോ. എം ജിയില്‍ തന്നെ ജാതീയമായും ലൈംഗികമായും അധിക്ഷേപിച്ചെന്നാണ് എ ഐ എസ് എഫ് വനിതാ നേതാവ് പറഞ്ഞത്. അതുതന്നെയാണല്ലോ ദീപ അധ്യാപകനെതിരേയും പറഞ്ഞത്.

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

കഴിഞ്ഞില്ല. യാത്രാസൗജന്യത്തിന്റെ പേരില്‍ നമ്മുടെ കുട്ടികള്‍ ബസുകളില്‍ നിരന്തരമായി അപമാനിക്കപ്പെടുന്നു. സംഘടിത ബസ് തൊഴിലാളികളുടെ ഈ അധിക്ഷേപങ്ങള്‍ നിര്‍ത്താന്‍ സര്‍ക്കാരോ അക്കാര്യത്തില്‍ സജീവമായി ഇടപെടാന്‍ വിദ്യാര്‍ത്ഥി സംഘടനകളോ തയ്യാറാകുന്നില്ല. പലപ്പോഴും കലാലയങ്ങളില്‍ സദാചാരപോലീസിംഗ് നടത്തുന്നതിലും പല വിദ്യാര്‍ത്ഥി സംഘടനകള്‍ക്കും പങ്കുണ്ട്. റാഗിംഗിനെതിരേയും കാര്യമായ പ്രതിഷേധമോ നടപടികളോ ഉണ്ടാകുന്നില്ല. പലയിടത്തും ഇപ്പോഴും ഹോസ്റ്റലുകളിലും ലൈബ്രറികളിലും മറ്റും ലിംഗവിവേചനം നിലനില്‍ക്കുന്നു. ഇത്തരത്തില്‍ ജനാധിപത്യവിരുദ്ധമായ കാമ്പസുകളില്‍ നിന്നു പുറത്തുവരുന്നവരില്‍ നിന്ന് എന്തു സാമൂഹ്യബോധമാണ് പ്രതീക്ഷിക്കാനാകുക? മാത്രമല്ല, വിദ്യാര്‍ത്ഥികളെ കൂടുതല്‍ കൂടുതല്‍ അരാഷ്ട്രീയവാദികളാക്കുന്നതില്‍ ഇതെല്ലാം പങ്കുവഹിക്കുന്നു. ഇന്നത്തെ വിദ്യാര്‍ത്ഥികള്‍ അരാഷ്ട്രീയവാദികളാകുക എന്നാല്‍ നാളത്തെ സമൂഹം കൂടുതല്‍ അരാഷ്ട്രീയവാദമമായിരിക്കും എന്നതാണല്ലോ അര്‍ത്ഥം. ്അത്തരം സമൂഹം ഫാസിസത്തിന്റേയും ജാതീയതയുടേയും പുരുഷാധിപത്യത്തിന്റേയും വിളനിലമായിരിക്കുമെന്നതില്‍ സംശയം വേണ്ട.

തീര്‍ച്ചയായും ഇതോടൊപ്പം പറയേണ്ട ഒന്നാണ് നമ്മുടെ ഉന്നതവിദ്യാഭ്യാസത്തിന്റെ നിലവാരമില്ലായ്മയെ കുറിച്ച്. സാക്ഷരതയുടേയും പ്രാഥമികവിദ്യാഭ്യാസത്തിന്റേയും പേരില്‍ ഊറ്റം കൊള്ളുന്ന നമ്മുടെ ഉന്നതവിദ്യാഭ്യാസമനേഖല രാജ്യത്തുതന്നെ എത്രയോ പുറകിലാണെന്നതിന് എത്രയോ കണക്കുകള്‍ പുറത്തുവന്നിരിക്കുന്നു. പ്ലസ് ടു കഴിഞ്ഞാല്‍ പഠിക്കാന്‍ മിടുക്കരായ വിദ്യാര്‍ത്ഥികളില്‍ വലിയൊരു വിഭാഗം കേരളം വിട്ടുപോകുന്ന പ്രവണത വര്‍ദ്ധിച്ചുവരുകയാണ്. അഖിലേന്ത്യാതലത്തിലുള്ള പ്രവേശനപരീക്ഷകൡലാകട്ടെ നമ്മള്‍ പുറകിലുമാണ്. രാജ്യാന്തരതലത്തില്‍ അഭിമാനിക്കാവുന്ന ഒരു വിദ്യാഭ്യാസസ്ഥാപനവും നമുക്കില്ല. അധ്യാപകരുടെ പങ്കടക്കം ഇതിന്റെ കാരണങ്ങള്‍ കണ്ടെത്തി പരിഹാരമുണ്ടാക്കാനുള്ള നീക്കങ്ങള്‍ മുന്‍അധ്യാപികയായ മന്ത്രിയില്‍ നിന്നുണ്ടാകുമോ? ഇത്തരത്തിലുള്ള വിഷയങ്ങളില്‍ ഇടപെട്ട് ആശാവഹമായ ഒരു തുടക്കമിടാന്‍ മന്ത്രി ആര്‍ ബിന്ദുവിനു കഴിയുമെങ്കില്‍ ഏറെ പ്രശംസിക്കപ്പെട്ട ഈ ഫേസ് ബുക്ക് പോസ്റ്റ് അര്‍ത്ഥപൂര്‍ണ്ണമാകും. അതിനൊൈരു തുടക്കമിടാന്‍ ദീപയുടെ സമരം നിമിത്തമാകുമോ? അല്ലാത്തപക്ഷം ആ പോസ്റ്റ് മന്ത്രിയുടെ വാളിലങ്ങനെ കിടക്കും എന്നുമാത്രം ഓര്‍മ്മിപ്പിക്കട്ടെ

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Social | Tags: , , , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply