മാനവിക മൂല്യങ്ങളുടെ വീണ്ടെടുപ്പിനു വേണ്ടി സമരസജ്ജരാവാം.

CAB ഭരണഘടനാ വിരുദ്ധമാണ്. പൗരത്വത്തിന്റെ മാനദണ്ഡമായി മതം ഉപയോഗിക്കപ്പെടുകയും ഒരാളുടെ രാജ്യം അയാളുടെ മതത്തിന്റെ പേരില്‍ അഥമ ബോധം സൃഷ്ടിക്കുകയും ചെയ്യുമ്പോള്‍ തുല്യനീതിയുടെ മൂല്യങ്ങള്‍ കാറ്റില്‍ പറത്തപ്പെടുകയാണ്.

I’m a citizen, not of Athens or Greece; but of the world – Socrates

ഇന്ത്യയുടെ നാനാത്വത്തിനും മതനിരപേക്ഷതയ്ക്കും മേല്‍ ഇരുട്ടു പടര്‍ന്ന ദിനങ്ങളാണ് കടന്നു പോകുന്നത്. രാജ്യം നടുങ്ങിപ്പോയ നിമിഷങ്ങളെന്നാണ് പൗരത്വ ബില്‍ പാസായതിനെക്കുറിച്ച് രാജ് മോഹന്‍ ഗാന്ധി അഭിപ്രായപ്പെട്ടത്. പാര്‍ലിമെന്റില്‍ പാസായ പൗരത്വ ഭേദഗതി നിയമവും ദേശീയ പൗരത്വ രജിസ്റ്ററും ജനാധിപത്യ വിശ്വാസികള്‍ക്കിടയില്‍ നിരവധി ആശങ്കകളുളവാക്കിയിരിക്കുന്നത് സ്വാഭാവികം.
പാര്‍ലമെന്റ് പാസ്സാക്കിയ ദേശീയ പൗരത്വഭേദഗതി ബില്ലിനെതിരെ [The Citizenship (Amendment) Bill, 2019 ] വടക്കന്‍ സംസ്ഥാനങ്ങളില്‍ സംഘര്‍ഷാത്മകമായ സ്ഥിതിവിശേഷമുണ്ട്.പ്രതിഷേധങ്ങള്‍ അക്രമാസക്തമാണ്.ജനങ്ങളെ നേരിടാന്‍ പട്ടാളം നിയോഗിക്കപ്പെട്ടിരിക്കുന്നു. പുറത്തു നിന്നെത്തുന്ന അഭയാര്‍ഥികള്‍ തങ്ങളുടെ സാംസ്‌കാരിക സ്വത്വത്തെ തകര്‍ക്കുമെന്നാണ് അസം,മണിപ്പൂര്‍, ത്രിപുര, മേഘാലയ, നാഗാലാന്‍ഡ് തുടങ്ങിയ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ പ്രക്ഷോഭകര്‍ കരുതുന്നത്. മേഖലകളില്‍ അഭയാര്‍ത്ഥികളെ പൗരന്‍മാരായി അംഗീകരിക്കുന്നത് തദ്ദേശിയരുടെ ജീവിതത്തിനും സംസ്‌കാരത്തിനും ആഘാതമേല്‍പ്പിക്കും എന്ന പരാതിയാണ് മിക്കയിടത്തും പ്രക്ഷോഭത്തിന് കാരണം. ഈ സംസ്ഥാനങ്ങളിലെ അഭയാര്‍ത്ഥികള്‍ക്ക് പുതിയ നിയമം ബാധകമല്ല എന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ടെങ്കിലും പ്രതിഷേധങ്ങള്‍ തുടരുകയാണ്.
അഭയാര്‍ത്ഥികള്‍ക്ക് പൗരത്വം നല്‍കുന്നതിനെതിരെയാണ് വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലെ പ്രതിഷേധമെങ്കില്‍ എന്തുകൊണ്ട് മുസ്ലിം അഭയാര്‍ത്ഥികള്‍ പൗരത്വത്തിന് പരിഗണിക്കപ്പെടുന്നില്ല എന്ന പ്രശ്‌നം ഉയര്‍ത്തിപ്പിടിച്ചാണ് ഇതര സംസ്ഥാനങ്ങളില്‍ പ്രതിഷേധങ്ങളുയരുന്നത്. പ്രതിഷേധങ്ങള്‍ക്കിടയാക്കുന്ന കാരണങ്ങളില്‍ തന്നെ വ്യത്യസ്തതയുണ്ടെന്നര്‍ത്ഥം.
സാങ്കേതികമായി ഒരു അനധികൃത കുടിയേറ്റക്കാരന് പൗരത്വത്തിന് യാതൊരവകാശവുമില്ല. പക്ഷേ ഒരു രാജ്യം ഇവര്‍ക്ക് പൗരത്വം നല്‍കാന്‍ തീരുമാനിക്കുന്നുണ്ടെങ്കില്‍ അതില്‍ മതപരമായ വിവേചനമുണ്ടാവുന്നത് അംഗീകരിക്കാനാവില്ല. ഏതെങ്കിലും മത വിഭാഗങ്ങളെ ഒഴിച്ചു നിറുത്തുന്നത് മത പ്രീണനത്തിന്റെ മറ്റൊരു മുഖമാണ്. 1956 മുതല്‍ നിലനില്‍ക്കുന്ന നിയമപ്രകാരം 14 വര്‍ഷത്തില്‍ 11 വര്‍ഷം രാജ്യത്ത് ഉണ്ടായിരിക്കുകയും അതില്‍ അവസാന 12 മാസം സ്ഥിരതാമസം ഉണ്ടാവുക എന്നതാണ് പൗരത്വത്തിന് ആധാരം. 11 വര്‍ഷം എന്ന കാലയളവ് 5 വര്‍ഷമായി കുറച്ചതാണ് ഭേദഗതി ബില്ലിലെ പ്രധാന മാറ്റം. 2014 ഡിസമ്പര്‍ 31 നോ മുമ്പോ ഇന്ത്യയില്‍ സ്ഥിരതാമസമുള്ളവര്‍ പൗരത്വത്തിന് പരിഗണിക്കപ്പെടുമെന്നര്‍ത്ഥം. പാകിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നും മതപരമായ വിവേചനം മൂലം 2014 ഡിസമ്പര്‍ 31 ന് മുമ്പ് ഇന്ത്യയിലെത്തി ചേര്‍ന്ന മുസ്ലീങ്ങളല്ലാത്ത കുടിയേറ്റക്കാര്‍ക്ക് രേഖകളുടെ അഭാവത്തിലും പൗരത്വം നല്‍കും എന്നതാണ് പുതിയ നിയമത്തിലെ പ്രധാന മാറ്റം. ഈ രാജ്യങ്ങള്‍ മുസ്ലിം ഭൂരിപക്ഷ പ്രദേശങ്ങളായതുകൊണ്ട് മുസ്ലീങ്ങള്‍ പീഡിപ്പിക്കപ്പെടുന്നില്ലെന്നും അതുകൊണ്ട് അവിടങ്ങളില്‍ നിന്നുള്ള മുസ്ലീം അഭയാര്‍ഥികളെ സ്വീകരിക്കേണ്ടതില്ലെന്നതുമായ വിചിത്ര വാദമാണ് സര്‍ക്കാര്‍ ഉന്നയിക്കുന്നത്.ഇതിനെതിരെ ശക്തമായ എതിര്‍വാദങ്ങളുണ്ട്.
മതത്തിന്റെ പേരില്‍ ഒരു വിഭാഗത്തെ ഒഴിവാക്കുന്നത് ഭരണഘടനാ വ്യവസ്ഥകളുടെ നഗ്‌നമായ ലംഘനമാണെന്ന് സുപ്രീം കോടതി മുന്‍ ചീഫ് ജസ്റ്റീസ് ആര്‍.എം. ലോധ പ്രസ്താവിച്ചതോര്‍ക്കുക. വംശഹത്യയ്ക്കുള്ള അരങ്ങൊരുക്കലാണ് ഇന്ത്യയില്‍ നടക്കുന്നതെന്ന് ജിനോസൈഡ് വാച്ചിന്റെ സ്ഥാപകനായ ഡോ.ഗ്രിഗറി സ്റ്റാന്റണ്‍ നിരീക്ഷിക്കുന്നുണ്ട്.

പൗരത്വ ബില്ലില്‍ അന്തര്‍ഭവിച്ചിരിക്കുന്ന പ്രശ്‌നങ്ങള്‍ പ്രധാനമായും താഴെപ്പറയുന്നവയാണ്:

1. മതപരമായ വിവേചനം.

മതാടിസ്ഥാനത്തില്‍ നിര്‍മിക്കപ്പെടുന്ന ഒരു നിയമം അക്കാരണം കൊണ്ടു തന്നെ ഭരണഘടനാ മൂല്യങ്ങള്‍ക്ക് വിപരീതമാണ്. കുടിയേറിയ മുസ്ലീങ്ങള്‍ നുഴഞ്ഞു കയററക്കാരും ഇതര മതസ്ഥര്‍ അഭയാര്‍ഥികളാണെന്നുമുള്ള വാദങ്ങളിലും വിവേചനമാണുള്ളത്.

2. തുല്യതയ്‌ക്കെതിരായി നിലകൊള്ളുന്നു.

ഭരണഘടനയുടെ 14-ാം അനുച്ഛേദപ്രകാരമുള്ള തുല്യതയുടെ ലംഘനമാണ് നിയമം. ഈ ഭരണഘടനാ വ്യവസ്ഥ പക്ഷേ, കുടിയേറ്റക്കാര്‍ക്ക് ബാധകമാവില്ലെന്ന സാങ്കേതികവാദം BJP ഉയര്‍ത്തുന്നുണ്ട്. The State shall not deny to any person equality before the law or the equal protection of the laws within the territory of India എനന്ന് ആര്‍ട്ടിക്കിള്‍ 14 സുവ്യക്തമായി പറയുന്നുണ്ട്. മനുഷ്യരെ സ്ഥല-ജാതി-മത-ലിംഗ-ഭേദമില്ലാതെ തുല്യരായി പരിഗണിക്കണം എന്നാണ് വിവക്ഷ. ഈ തുല്യതാ സങ്കല്‍പ്പത്തിന്റെ കടയ്ക്കലാണ് പൗരത്വ ബില്‍ കത്തിവയ്ക്കുന്നത്.

3. രാഷ്ട്രീയമായ ദുര്‍ലക്ഷ്യങ്ങളുള്ള പ്രത്യയശാസ്ത്ര പദ്ധതിയാണ് CAB യും NRC യും. രാജ്യത്തെ വര്‍ഗീയമായി ധ്രുവീകരിക്കുക; മതേതരാടിത്തറ ശിഥിലമാക്കുക; അതു വഴി തങ്ങളുടെ വോട്ടു ബാങ്കു വിപുലപ്പെടുത്തുക എന്ന സംഘപരിവാര്‍ പദ്ധതി തന്നെ ഈ ബില്ലിന്റെ പുറകില്‍.രാജ്യം നേരിടുന്ന ജീവല്‍ പ്രശ്‌നങ്ങള്‍ അവഗണിച്ച് തുലോം അപ്രധാനമായ വിഷയങ്ങളെ വൈകാരിക പ്രശ്‌നങ്ങളായി വളര്‍ത്തിയെടുത്തു നേട്ടമുണ്ടാക്കാന്‍ ശ്രമിക്കുന്ന കുടിലതന്ത്രമാണ് സംഘ പരിവാര്‍ പയറ്റുന്നത്.

4. സാമ്പത്തിക പ്രശ്‌നങ്ങള്‍

രാജ്യത്തെ മുഴുവന്‍ പൗരന്മാരും സ്വന്തം പൗരത്വം തെളിയിക്കാനാവശ്യമായ
രേഖകളുമായി നിര്‍ദ്ദിഷ്ട NRC ഓഫീസുകളില്‍ ക്യൂ നില്‍ക്കേണ്ടി വരും. ഈ പ്രഹസനത്തിന് വിധേയരാവുന്നവരുടെ കൂട്ടത്തില്‍ എല്ലാവര്‍ക്കുമിടയില്‍ തുല്യതയുണ്ടാവും എന്നതായിരിക്കും ഒരേയൊരാശ്വാസം. മുസ്ലീമും ഹിന്ദുവും കൃസ്ത്യാനിയുമെല്ലാം ക്യൂവിലുണ്ടാവും. 130 കോടി മനുഷ്യരുടെ പൗരത്വം പരിശോധിക്കാന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ നിയോഗിക്കപ്പെടുമ്പോള്‍ ഇപ്പോള്‍ തന്നെ കാര്യക്ഷമമല്ലാത്ത സര്‍ക്കാര്‍ ഓഫീസുകളുടെ പ്രവര്‍ത്തനം കൂടുതല്‍ താറുമാറാവും. ഒരു ദശകക്കാലം കൊണ്ടു തീര്‍ന്ന ആസ്സാമിലെ NRC ദൗത്യത്തിനു ചെലവായത് 1200 കോടിയാണെന്നിരിക്കെ ഇന്ത്യ മുഴുവന്‍ പൗരത്വ രജിസ്റ്റര്‍ നടപ്പിലാക്കാന്‍ വേണ്ടി സര്‍ക്കാരിന് ചെലവഴിക്കേണ്ടി വരുന്ന തുക കുറഞ്ഞത് 1 ലക്ഷം കോടിയെങ്കിലുമായിരിക്കും. തകര്‍ന്നു തരിപ്പണമായ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയ്ക്കുള്ള അടുത്ത ആഘാതമാവും ഇതെന്നതില്‍ സംശയമില്ല.

5. അപരത്വനിര്‍മ്മിതിയും മതരാഷ്ട്രത്തിലേയ്ക്കുള്ള പോക്കും

ബ്രിട്ടീഷുകാരുടെ ഭിന്നിപ്പിച്ചു ഭരിക്കല്‍ നയങ്ങളാണ് നൂറ്റാണ്ടുകളായി നിലനിന്നിരുന്ന ഹിന്ദു മുസ്ലീം മൈത്രിയ്ക്ക് ആഘാതമേല്‍പ്പിച്ച പ്രധാന ഘടകം.കൊളോണിയലിസ്റ്റുകള്‍ പാകിയ വെറുപ്പിന്റെ വിഷബീജങ്ങള്‍ മുളച്ച് ഹിന്ദു മഹാസഭയും മുസ്ലീം ലീഗുമുണ്ടായി. അവ തഴച്ചുവളര്‍ന്നു. ഇന്ത്യയുടെ വിഭജന മായിരുന്നു അതിന്റെ ആത്യന്തിക ഫലം.ഇന്ത്യയെ ഹൈന്ദവ രാഷ്ട്രമായി പരിവര്‍ത്തിപ്പിക്കാനുള്ള ഹിന്ദു തീവ്രവാദ പ്രസ്ഥാനങ്ങളുടെ പരിശ്രമങ്ങള്‍ക്ക് ഒരു നൂറ്റാണ്ടിന്റെ പഴക്കമുണ്ട്. അവര്‍ വിഭാവനം ചെയ്യുന്ന ഹിന്ദു രാഷ്ട്രത്തിലെ പൗരന്‍ ഹൈന്ദവാദര്‍ശങ്ങളെ പിന്തുടരാന്‍ തയ്യാറുള്ളയാളാകണം. മുസ്ലീമും കൃസ്ത്യാനിയുമെല്ലാം ഈ തിയോക്രാറ്റിക് സ്റ്റേറ്റിലെ രണ്ടാം കിട പൗരന്‍മാരായിരിക്കും. മുസ്ലീം / കൃസ്ത്യന്‍ എന്നിങ്ങനെ ഒരു വ്യാജ ശത്രുവിനെ നിര്‍മിക്കുകയും അത് തങ്ങളുടെ മതത്തിന് എതിരാണെന്ന ബോധം ഹിന്ദു മത വിശ്വാസികളിലുണ്ടാക്കുകയും ചെയ്യുക വഴി മതപരമായ ധ്രുവീകരണമുണ്ടാക്കുകയും ജനാധിപത്യപരമായി തന്നെ ഈ ഭൂരിപക്ഷമത വിശ്വാസികളുടെ പിന്തുണയോടെ അധികാരത്തിലെത്തുകയും ചെയ്യുക; മൃഗീയമായ ഭൂരിപക്ഷത്തോടെ ഭരണഘടനയെ അട്ടിമറിച്ച് ഒരു മതാധിഷ്ഠിത രാഷ്ട്രം സ്ഥാപിക്കുക എന്നിവയാണ് ഹിന്ദുത്വയുടെ ലക്ഷ്യങ്ങള്‍.

*പൗരത്വ ഭേദഗതി ബില്ലിലെ ന്യൂനപക്ഷം*

അയല്‍ രാഷ്ട്രങ്ങളിലെ മര്‍ദ്ദിതരായ മത ന്യൂനപക്ഷങ്ങളെ സംരക്ഷിക്കുക എന്നതാണ് ഈ ബില്ലിന്റെ ലക്ഷ്യമെന്ന് അമിത് ഷാ അവകാശപ്പെടുന്നു. ഈ പരിഗണന എന്തു കൊണ്ട് ന്യൂനപക്ഷ മതങ്ങള്‍ക്കു മാത്രം നല്‍കുന്നുവെന്ന ചോദ്യത്തിന് കൃത്യമായ വിശദീകരണങ്ങളില്ല. പാകിസ്ഥാനിലും ബംഗ്ലാദേശിലും അഫ്ഗാനിസ്ഥാനിലും അമുസ്ലീങ്ങള്‍ പീഡനം നേരിടുന്നുണ്ടെന്നത് നിസ്തര്‍ക്കമാണ്. പക്ഷേ, അവിടങ്ങളില്‍ കൂടുതലായി പീഡിപ്പിക്കപ്പെടുന്നത് ഭിന്നമുസ്ലീം വിഭാഗങ്ങളാണ്. ഷിയാ വിഭാഗത്തില്‍ പെട്ടവരും അഹമ്മദീയ വിഭാഗത്തില്‍പ്പെട്ടവരുമായ മുസ്ലീങ്ങള്‍ നിരന്തരം ആക്രമിക്കപ്പെടുന്നു. 1953 ലും 1974ലും നടന്ന അഹ്മദീയ വിരുദ്ധ അക്രമങ്ങളില്‍ നിരവധി പേരാണ് കൊല ചെയ്യപ്പെട്ടത്.1974 മുതല്‍ ഇവരെ അമുസ്ലീങ്ങളായാണ് പാക്കിസ്ഥാനില്‍ പരിഗണിക്കുന്നതും. ഇപ്പോഴും ഈ വിഭാഗത്തില്‍ പെട്ടവര്‍ക്കെതിരെയുള്ള അക്രമങ്ങള്‍ തുടരുന്നു. ഷിയാ വിഭാഗത്തില്‍ പെടുന്നവരുടെ ദേവാലയങ്ങള്‍ നിരന്തരം തകര്‍ക്കപ്പെടുന്നു.
മുസ്ലീം നാമധാരികളായ നാസ്തികരും അവിശ്വാസികളും ഈ രാജ്യങ്ങളില്‍ പീഡിപ്പിക്കപ്പെടുകയും കൊല ചെയ്യപ്പെടുകയും ചെയ്യുന്നുണ്ട്. കഴിഞ്ഞ നാല് വര്‍ഷംകൊണ്ട് ബംഗ്ലാദേശില്‍ മതതീവ്രവാദികളുടെ ഇരകളായത് മുപ്പതിലധികം നിരീശ്വരവാദികളാണ് . അഫ്ഗാനിസ്ഥാനിലാകട്ടെ താലിബാന്‍ കൊന്നൊടുക്കിക്കൊണ്ടിരുന്നതില്‍ ഭൂരിഭാഗവും മുസ്‌ളീങ്ങള്‍ തന്നെ.ഭൂരിപക്ഷമതത്തിലെ ഈ ന്യൂനപക്ഷ വിഭാഗങ്ങള്‍ പൗരത്വ ബില്ലിന്റെ പരിഗണനയിലില്ലാത്തതെന്തു കൊണ്ടാണ് എന്നത് പ്രസക്തമായ ചോദ്യമാണ്.

*അയല്‍ രാജ്യങ്ങളുടെ തിരഞ്ഞെടുപ്പ്*

ഈ മൂന്ന് അയല്‍ രാഷ്ട്രങ്ങള്‍ പരിഗണിക്കുന്നതിന്റെ അളവുകോല്‍ എന്താണ്? അവിഭക്ത ഇന്ത്യയിലെ ന്യൂനപക്ഷങ്ങളെയാണ് പരിഗണിക്കുന്നതെങ്കില്‍ എങ്ങനെ അഫ്ഗാനിസ്ഥാന്‍ പട്ടികയില്‍ ഉള്‍പ്പെട്ടു? അയല്‍ രാജ്യങ്ങളുടെ ലിസ്റ്റില്‍ ശ്രീലങ്കയോ ഭൂട്ടാനോ ഉള്‍പ്പെടാത്തതെന്തുകൊണ്ടാണ്? ഈ അയല്‍ രാജ്യങ്ങള്‍ ഒഴിവാക്കപ്പെടുന്നതിന്റെ സാംഗത്യമെന്താണ്? ഭൂട്ടാനില്‍ നിന്നുള്ള അഭയാര്‍ഥി കൃസ്ത്യാനികള്‍ക്കും ശ്രീലങ്കയില്‍ നിന്നുള്ള ഹിന്ദു അഭയാര്‍ഥികള്‍ക്കും ബില്ലിന്റെ ആനുകൂല്യമില്ലെന്നര്‍ത്ഥം. പുറന്തള്ളപ്പെടുന്ന മറ്റൊരു വിഭാഗം ലോകത്തെ ഏറ്റവും വലിയ അഭയാര്‍ത്ഥി സമൂഹമായ റൊഹിങ്ക്യകളാണ്. അഭയം തേടി ഇന്ത്യയില്‍ എത്തിച്ചേര്‍ന്ന റൊഹിങ്ക്യകള്‍ 40000 ത്തിലധികമെന്നാണ് കണക്ക്. മ്യാന്‍മറും ഇന്ത്യയുടെ അതിര്‍ത്തി രാഷ്ട്രം തന്നെയെങ്കിലും സ്വന്തം രാജ്യത്ത് ന്യൂനപക്ഷങ്ങളായ റൊഹിങ്ക്യകള്‍ക്ക് പൗരത്വ ഭേദഗതി ബില്ലില്‍ പരിഗണനയില്ല. വിചിത്രങ്ങളായ ഈ മാനദണ്ഡങ്ങള്‍ നമ്മളെ അമ്പരപ്പിക്കാതിരിക്കുന്നതെങ്ങനെ? ഹിന്ദുക്കളും കൃസ്ത്യാനികളും പട്ടികയിലുണ്ട്. പക്ഷേ ശ്രീലങ്കയിലെ ഹിന്ദുക്കളും ഭൂട്ടാനിലെ കൃസ്ത്യാനികളുമില്.മൂന്ന് മുസ്ലീം രാജ്യങ്ങളിലെ ന്യൂനപക്ഷങ്ങള്‍ക്ക് പൗരത്വവകാശം നല്‍കുമ്പോള്‍ മറ്റ് അയല്‍ രാജ്യങ്ങളിലെ ന്യൂനപക്ഷങ്ങള്‍ക്ക് അത് നിഷേധിക്കപ്പെടുന്നതിലെ അയുക്തി ആര് വിശദീകരിക്കും? ഇസ്ലാമിക രാജ്യങ്ങളില്‍ പീഡിപ്പിക്കപ്പെടുന്ന ഇസ്ലാമിക വിശ്വാസികള്‍ അകറ്റി നിറുത്തപ്പെടുന്നത് വിവേചനമല്ലാതെ മറ്റെന്താണ്? കുടിയേറ്റങ്ങള്‍ക്ക് പല കാരണങ്ങളുണ്ട്. മതപരമായ വിവേചനങ്ങള്‍, സാമൂഹ്യവും സാമ്പത്തികവുമായ പ്രശ്‌നങ്ങള്‍ എന്നിവ അവയില്‍ ചിലത്.ഈ അഭയാര്‍ഥികളിലേറെയും ഒരു ദശകത്തിലുമേറെക്കാലമായി ഇന്ത്യയിലുണ്ട്. അവര്‍ എങ്ങോട്ടാണ് തിരിച്ചു പോകേണ്ടത്?

*ഇസ്ലാമിക ജനസംഖ്യാഭീതി*

‘മുസ്ലീങ്ങള്‍ എല്ലാവരും തീവ്രവാദികളല്ലെങ്കിലും തീവ്രവാദികളെല്ലാം മുസ്ലീങ്ങളാണ് ‘ ‘കൊതുകുകളെയും ഈച്ചകളെയും പോലെ പെറ്റു കൂട്ടുന്നവരാണവര്‍ ‘… മുസ്ലീം ഭീതി സൃഷ്ടിക്കാനും ആ സമുദായത്തെ ശത്രുവായി ചിത്രീകരിച്ച് അകറ്റി നിര്‍ത്താനും ശ്രമിക്കുന്ന ഭൂരിപക്ഷ വര്‍ഗീയ വാദികളുടെ ചില പ്രസ്താവനകളാണ് മുകളില്‍. ഇസ്ലാമിക വിരുദ്ധതയും ഇസ്ലാ മോഫോബിയയും ഇന്ത്യയില്‍ വിളവിറക്കാന്‍ തുടങ്ങിയിട്ട് കാലമേറെയായി. ഇന്ത്യയില്‍ മുസ്ലീങ്ങളുടെ എണ്ണം വര്‍ദ്ധിച്ചു വരികയും ഹിന്ദു ജനസംഖ്യ കുറയുകയും ചെയ്യുന്നുവെന്നാണ് പ്രചരണം.ഈ നിരക്കില്‍ പോയാല്‍ ഇന്ത്യ 2050 ഓടെ ഇസ്ലാമിക രാജ്യമാവുമെന്ന മട്ടിലുള്ള നുണകള്‍ സംഘപരിവാര്‍ ഒളിഞ്ഞും തെളിഞ്ഞും പ്രചരിപ്പിച്ചു കൊണ്ടിരിക്കുന്നു. ഇത്തരം വര്‍ഗീയ പ്രചരണങ്ങളില്‍ കഴമ്പില്ലെന്ന് ജനസംഖ്യാശാസ്ത്രജ്ഞര്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇസ്ലാമിക രാജ്യമായ പാക്കിസ്ഥാനില്‍ ഹിന്ദു ജനസംഖ്യ 14% ത്തില്‍ നിന്നും 1.5 % ത്തിലേക്ക് താണുവെന്നും അവര്‍ പ്രചരിപ്പിക്കുന്നു.1950 നും 2018 നുമിടയില്‍ പാക്കിസ്ഥാനിലെ ഹിന്ദു ജനസംഖ്യയില്‍ ഇടിവല്ല, വര്‍ദ്ധനവാണുണ്ടായിട്ടുള്ളതെന്ന സത്യം അവര്‍ മറച്ചു വയ്ക്കുന്നു. ആസൂത്രിതമായി ഇസ്ലാം വിരുദ്ധത വളര്‍ത്തിയെടുക്കുക വഴി രാജ്യത്തെ വീണ്ടും വീണ്ടും വിഭജിക്കുക എന്നതാണ് ലക്ഷ്യം.

പാര്‍ലിമെന്റില്‍ ബില്ലിനെ എതിര്‍ത്തു കൊണ്ട് പി.ചിദംബരം നടത്തിയ പ്രസംഗത്തില്‍ ചില ചോദ്യങ്ങളുന്നയിക്കുന്നുണ്ട്:
?എന്തുകൊണ്ട് മറ്റ് അയല്‍ രാജ്യങ്ങള്‍ ഒഴിവാക്കപ്പെട്ടു?
?അബ്രഹാമിക മതങ്ങളായ കൃസ്ത്യന്‍, ജൂതര്‍, ഇസ്ലാം എന്നിവയില്‍ കൃസ്ത്യന്‍ മാത്രം സ്വീകരിക്കപ്പെട്ടതെന്തുകൊണ്ട്?
? എന്തുകൊണ്ടാണ് രാഷ്ട്രീയ കാരണങ്ങളാലും ഭാഷാ പരമായ കാരണങ്ങളാലും ആഭ്യന്തര കലാപങ്ങളാലും അടിച്ചമര്‍ത്തപ്പെടുന്നവരെ പരിഗണിക്കാത്തത്?
? അഹമ്മദീയരും ഹസറാസികളും റൊഹിന്‍ഗ്യകളും ഒഴിവാക്കപ്പെട്ടതെന്തുകൊണ്ട്? എങ്ങനെയാണ് ഹിന്ദു, സിഖ്, ബുദ്ധര്‍, ജൈനര്‍, പാഴ്‌സി, കൃസ്ത്യന്‍ വിഭാഗങ്ങളെ കണ്ടെത്തിയത്?

CAB ഭരണഘടനാ വിരുദ്ധമാണ്. പൗരത്വത്തിന്റെ മാനദണ്ഡമായി മതം ഉപയോഗിക്കപ്പെടുകയും ഒരാളുടെ രാജ്യം അയാളുടെ മതത്തിന്റെ പേരില്‍ അഥമ ബോധം സൃഷ്ടിക്കുകയും ചെയ്യുമ്പോള്‍ തുല്യനീതിയുടെ മൂല്യങ്ങള്‍ കാറ്റില്‍ പറത്തപ്പെടുകയാണ്.

അടുത്തതായി പൗരത്വ രജിസ്റ്റര്‍ കാത്തിരിപ്പുണ്ട്.ദേശീയാടിസ്ഥാനത്തില്‍ തന്നെ നടപ്പില്‍ വരുത്താന്‍ പദ്ധതിയിട്ടിരിക്കുന്ന പൗരത്വ രജിസ്റ്റര്‍ ന്യൂനപക്ഷ മത വിഭാഗങ്ങള്‍ക്കെതിരെ ഉപയോഗിക്കപ്പെടുമെന്നുള്ള ആശങ്കകളുണ്ട്. കോടതിയിലേക്കാണ് ഏവരും ഉറ്റുനോക്കുന്നത്. പക്ഷേ,പരമോന്നത നീതിപീoത്തില്‍ നിന്നും ഈയിടെയുണ്ടായ ചില വിധി പ്രസ്താവങ്ങള്‍ ആ പത്ശങ്കയുയര്‍ത്തുന്നുണ്ട്. അയോധ്യയില്‍ 92 ന് ബാബ്‌റിപ്പള്ളി തകര്‍ത്തത് ഹിന്ദു വര്‍ഗീയ വാദികളായിരുന്നുവെങ്കില്‍ വ്രണിതമാക്കപ്പെട്ട ഒരു സമുദായത്തിന്റെ വികാരങ്ങള്‍ ശമിപ്പിക്കുന്നതിനും അവര്‍ക്ക് നീതി ഉറപ്പാക്കുന്നതിനും കഴിയാതെ പോയ നീതിപീഠത്തെയാണ് 2019 ല്‍ കണ്ടത്. ഭൂരിപക്ഷ ഹിതാനുസാരിയാവുക എന്നതല്ല, ഭരണഘടനാ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുക എന്നതാവണം കോടതികളുടെ ആദര്‍ശം.
പിറന്ന ദേശത്തു നിന്നും എല്ലാം വലിച്ചെറിഞ്ഞ് ഈ പുണ്യ ഭൂവിലെത്തിയ മനുഷ്യരുടെ സഹനങ്ങള്‍ക്കും യാചനകള്‍ക്കും അര്‍ത്ഥമുണ്ടാകണം. യജുര്‍വേദത്തിലെ ഒരു മന്ത്രഖണ്ഡമാണ് ടാഗോര്‍ വിശ്വഭാരതിയുടെ ആപ്തവാക്യമായി തിരഞ്ഞെടുത്തത്. യത്ര വിശ്വം ഭവത്യേക നീഡം എന്നതാണത്. ലോകം കിളിക്കൂടാവട്ടെ എന്നാണതിനര്‍ത്ഥം.വസുദൈവ കുടുംബകം ,തത്വമസി എന്നിങ്ങനെ മനുഷ്യ സാഹോദര്യത്തെ അടയാളപ്പെടുന്ന മഹിതശബ്ദങ്ങള്‍ നമുക്കാവോളമുണ്ട്. അതിജീവനത്തിനു വേണ്ടി പൊരുതുന്ന മുഴുവന്‍ മനുഷ്യരോടും ഐക്യദാര്‍ഡ്യപ്പെടാനാവുന്നില്ലെങ്കില്‍ ഈ ആപ്തവാക്യങ്ങള്‍ വലിച്ചെറിഞ്ഞ് ഈ നാടിന്റെ ഹൃദയാദര്‍ശങ്ങള്‍ ഭരണാധികാരികളുടെ ഇടുങ്ങിയ ചിന്തകളാല്‍ തകര്‍ക്കപ്പെടുന്നതു കണ്ട് നെഞ്ചു പൊട്ടി മരിക്കാം. അല്ലെങ്കില്‍ അതിന്റെ മാനവിക മൂല്യങ്ങളുടെ വീണ്ടെടുപ്പിനു വേണ്ടി സമരസജ്ജരാവാം.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Culture | Tags: , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply