ആലപ്പാട് പോരാട്ടത്തിന് ഒരു വര്‍ഷം : ഇവരാണ് നവകേരളം സൃഷ്ടിക്കാന്‍ ശ്രമിക്കുന്നവര്‍

വ്യവസായ മന്ത്രി ഇ പി ജയരാജനും സമരത്തെ തള്ളിക്കളഞ്ഞു. മാത്രമല്ല പതിവുപോലെ സമരം ചെയ്യുന്നത് മലപ്പുറത്ത് നിന്നുമുള്ളവരാണെന്നു പറഞ്ഞു തീവ്രവാദി സാന്നിധ്യവും കണ്ടുപിടിക്കാന്‍ ശ്രമം നടന്നു. ഈ നിലപാടുമായി മന്ത്രി നടത്തിയ ചര്‍ച്ച സ്വാഭാവികമായും പരാജയപ്പെടുകയായിരുന്നു. എന്തുവന്നാലും ഖനനം അവസാനിപ്പിക്കില്ല എന്ന സര്‍ക്കാര്‍ നിലപാടിനെതിരെ പോരാട്ടം തുടരുകയാണ് നാട്ടുകാര്‍. കേരളപിറവി ദിനത്തല്‍ അവരാ തീരുമാനം ഉറപ്പിക്കുകയും ചെയ്തിരിക്കുകയാണ്.

രണ്ടു പ്രളയങ്ങളെ അതീജിവിച്ച ജനത എന്ന അവകാശവാദത്തോടെ ഒരു കേരള പിറവി ദിനം കൂടി കടന്നു പോയപ്പോള്‍, ആ ദുരന്തങ്ങളില്‍ നിന്ന് നാം എന്തു പഠിച്ചു എന്ന ചോദ്യം തന്നെയാണ് അവശേഷിക്കുന്നത്. ഒന്നും പഠിച്ചില്ല എന്നതാണ് യാഥാര്‍ത്ഥ്യം. അതിന്റെ പ്രത്യക്ഷമായ തെളിവാണ് ആലപ്പാട് നടക്കുന്ന കരിമണല്‍ ഖനനത്തിനെതിരായ അന്തിമപോരാട്ടത്തിന്റെ വാര്‍ഷികം കേരളപിറവിദിനത്തില്‍ തന്നെ ആചരിച്ചത്. അതിന്റെ ഭാഗമായി നടന്ന വന്‍പ്രകടനത്തിലും സാഗരശയനത്തിലും മഗ്‌സാ സേ അവാര്‍ഡ് ജേതാവുകൂടിയായ ഡോ. സന്ദീപ് പാണ്ഡെയടക്കം പങ്കെടു്തു. വികസനത്തിന്റെ പേരില്‍ പരിസ്ഥിതിയെ തകര്‍ക്കുന്ന പദ്ധതികള്‍ക്ക് പ്രകൃതിദുരന്തങ്ങള്‍ സൃഷ്ടിക്കുന്നതിലുള്ള പങ്ക് പകല്‍പോലെ തിരിച്ചറിഞ്ഞിട്ടും തിരുത്താന്‍ നാം തയ്യാറല്ല എന്നതാണ് കേരളപിറവി ദിനത്തില്‍ തന്നെ ആലപ്പാടുകാര്‍ ഉറക്കെ വിളിച്ചു പറഞ്ഞത്.
കൊല്ലം ജില്ലയിലെ തീരദേശ ഗ്രാമമായ ആലപ്പാട് ഗ്രാമം വര്‍ഷങ്ങളായി നടന്നു കൊണ്ടിരിക്കുന്ന കരിമണല്‍ ഖനനത്തിനെതിരെ അന്തിമ പോരാട്ടത്തില്‍ തന്നെയാണ്. ഒരു ഗ്രാമം തന്നെ അപ്രത്യക്ഷമാകുമ്പോഴാണ് നിലനില്‍പ്പിനായുള്ള ഈ പോരാട്ടം. കോവില്‍ തോട്ടം മുതല്‍ തോട്ടപ്പള്ളി വരെ 17 കിലോമീറ്റര് നീളത്തില്‍ കടലിനും കായലിനും ഇടയില്‍ മണല്‍ബണ്ടു പോലെ കിടക്കുന്ന തീരദേശ ഗ്രാമമാണ് ആലപ്പാട്. പ്രദേശവാസികളില്‍ ഭൂരിഭാഗവും മത്സ്യത്തൊഴിലാളികള്‍. ആദ്യകാലങ്ങളില്‍ സ്വകാര്യകമ്പനികള്‍ ആയിരുന്നു ഇവിടെ കരിമണല്‍ ഖനനം നടത്തിയിരുന്നതെങ്കില്‍ ഇപ്പോള്‍ അത് പൊതുമേഖലാ സ്ഥാപനങ്ങളാണ്. 300 ലോഡ് മണലാണ് ദിനംപ്രതി ആലപ്പാട് നിന്നും കയറ്റിക്കൊണ്ടുപോകുന്നത്. ഇന്ത്യന്‍ റെയര്‍ എര്‍ത്ത് കേരളം മിനറല്‍സ് ആന്‍ഡ് മെറ്റല്‍സ് ലിമിറ്റഡ് എന്നീ പൊതു മേഖല സ്ഥാപനങ്ങള്‍ നടത്തുന്ന കരിമണല്‍ ഖനനത്തിനെതിരെ ആലപ്പാട് പ്രദേശവാസികള്‍ 2018 നവംബര്‍ ഒന്നിന് ആണ് അനിശ്ചിതകാല അന്തിമ സമരം ആരംഭിച്ചത്.
1960 ലാണ് കരുനാഗപ്പള്ളിയോട് അടുത്ത് കിടക്കുന്ന ഈ തീരദേശ ഗ്രാമത്തില്‍ കരിമണല്‍ വ്യാവസായിക അടിസ്ഥാനത്തില്‍ യന്ത്രവത്കൃത ഖനനം ചെയ്യുവാന്‍ തുടങ്ങിയത്. ഖനന ഫലമായി കടല്‍, കര കയറിയതുകൊണ്ട് 5000 ത്തോളം കുടുംബങ്ങള്‍ തങ്ങളുടെ സാമൂഹിക ജീവിത സാഹചര്യങ്ങളില്‍ നിന്നും തിരസ്‌കൃതരായി. ഏറിയപങ്കും മത്സ്യത്തൊഴിലാളികളായ ഇവര്‍ക്ക് ദൂരസ്ഥലങ്ങളിലേക്ക് മാറിത്താമസിക്കേണ്ടി വന്നതുകൊണ്ട് പരമ്പരാഗതമായി ചെയ്തുവരുന്ന തൊഴിലും വീടിനോടൊപ്പം നഷ്ടമായി. 1955ല്‍ തയ്യാറാക്കിയ ഒരു ലിത്തോഗ്രാഫിക് ഭൂപടത്തില്‍ ആലപ്പാട് ഗ്രാമത്തിന്റെ വിസ്തൃതി 89.5 ചതുരശ്ര കിലോമീറ്റര് ഉണ്ടായിരുന്നതാണ്, എന്നാല്‍ അതിപ്പോള്‍ 8.9 ചതുരശ്ര കിലോമീറ്റര് ആയി ചുരുങ്ങി എന്നതാണ് ഞെട്ടിക്കുന്ന വസ്തുത.
ഭൂമിയിലേക്ക് കടല്‍ കയറിയതോടെ തെങ്ങുകള്‍ നശിച്ചു അതോടൊപ്പം കൃഷിയും കയര്‍ വ്യവസായവും. 50 മുതല്‍ 200 വരെ മീറ്റര്‍ വീതിയുണ്ടായിരുന്ന തീരം ഇപ്പോള്‍ കടല്‍ വിഴുങ്ങി പല ഭാഗത്തും 20 മീറ്ററില്‍ എത്തിയിരിക്കുന്നു. 20000 ഏക്കര്‍ ഭൂമിയാണ് ഇത്തരത്തില്‍ നഷ്ടമായതെന്നാണ് ആക്ഷന്‍ കൗണ്സിലിന്റെ കണക്കുകൂട്ടല്‍. അവശേഷിക്കുന്നത് അകെ 650 ഹെക്ടര്‍ മാത്രമാണ്. സുനാമി അടിച്ച വര്‍ഷത്തില്‍ ഏറ്റവും കൂടുതല്‍ മരണമുണ്ടായത് ഖനനം നടന്ന ആലപ്പാട് മേഖലയിലായത് സ്വാഭാവികം. കമ്പനിയില്‍ നിന്നും പുറന്തള്ളുന്ന രാസ മാലിന്യങ്ങള്‍ കടലിന്റെ അടിത്തട്ടില്‍ കടല്‍ ജീവികളുടെ ആവാസ വ്യവസ്ഥ നശിപ്പിക്കുകയാണ്. കടലാമയടക്കമുള്ള കടല്‍ ജീവികളുടെ പ്രജനന മേഖല കൂടിയാണ് ഇതെല്ലാം നശിപ്പിക്കുന്നത്. ഇതുകൊണ്ടെല്ലാം ചാകര എന്ന പ്രതിഭാസം തന്നെ ആലപ്പാട് ഗ്രാമത്തിനു നഷ്ടമായി. ഗ്രാമത്തിലെ മൂക്കുമ്പുഴ, പനക്കാട് പാലം എന്നീ പാടശേഖരങ്ങള്‍ കടല്‍ കൊണ്ടുപോയി. ദുരന്തങ്ങളുടെ പട്ടിക നീളുന്നു.
പ്രദേശവാസികള്‍ക്ക് തൊഴില്‍ നല്‍കികൊണ്ട് സ്വകാര്യ കമ്പനികള്‍ മുമ്പ് ചെയ്തിരുന്ന പോലെ തന്നെയാണ് ഇപ്പോഴുള്ള കമ്പനികളും ഖനനം ആരംഭിച്ചത്. മണല്‍ തലച്ചുമടായി വള്ളങ്ങളില്‍ എത്തിക്കുകയായിരുന്നു ആദ്യകാലത്തു പ്രദേശവാസികള്‍ക്ക് നല്‍കപ്പെട്ട ജോലി. എന്നാല്‍ പെട്ടെന്നു തന്നെ മണലെടുക്കുന്നതിന്റെ ബോധ്യമായതോടെ തുടര്‍ന്ന് പ്രദേശവാസികളായ ചില യുവജനങ്ങളുടെ നേതൃത്വത്തില്‍ സമരം ആരംഭിക്കുന്നത്. സമരം ചെയ്യുന്ന ജനങ്ങള്‍ ഭൂരിഭാഗവും ദുര്‍ബല വിഭാഗമായ മല്‍സ്യത്തൊഴിലാളികളായതും ഖനനം നടത്തുന്നത് പൊതുമേഖലാ സ്ഥാപനമായതുകൊണ്ടും സമരത്തെ അടിച്ചമര്‍ത്താനാണ് സര്‍ക്കാര്‍ തുടക്കം മുതല്‍ ശ്രമിച്ചത്. പോലീസ് ലാത്തിച്ചാര്‍ജില്‍ അനേകം ആളുകള്‍ക്ക് പരിക്കുപറ്റിയിരുന്നു. തുടക്കം മുതല്‍ പോലീസിനെ ഉപയോഗിച്ചും കേസുകളില്‍ കുടുക്കിയും സമരത്തില്‍ നിന്ന് ജനങ്ങളെ പിന്തിരിപ്പിക്കാന്‍ ശ്രമങ്ങള്‍ ഉണ്ടായി. വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി കൂടാതെയാണ് കമ്പനി ഖനനം നടത്തിക്കൊണ്ടിരിക്കുന്നത്.
സത്യത്തില്‍ ഖനനമൊഴിച്ചുള്ള പ്രോസസിംഗില്‍ രണ്ടോ മൂന്നോ ഘട്ടങ്ങള്‍ മാത്രം ഇവിടെ ചെയുകയും റൂട്ടയില്‍ പോലുള്ള ഏറ്റവും മൂല്യ വര്‍ധിത ഉത്പന്നങ്ങള്‍ കയറ്റി അയക്കുകയും ചെയ്യുന്നതുകൊണ്ട് ഭൂരിഭാഗവും ലാഭവും വിദേശ കമ്പനികളും ഏജന്റുമാരുമാണ് കൈക്കലാക്കുന്നത്. എന്തായാലും സമരത്തിന് നാനാതുറയില്‍ നിന്നുള്ള ആളുകളുടെ ഐക്യദാര്‍ഢ്യം ലഭിച്ചു. എന്നാല്‍ സര്‍ക്കാര്‍ ഇപ്പോഴും ജനവിരുദ്ധമായ നിലപാടുകള്‍ ആണ് എടുക്കുന്നത്. മന്ത്രി മെഴ്‌സികുട്ടിയമ്മ സമരം പൊതുമേഖലയെ തകര്‍ക്കാനുള്ള ബാഹ്യശക്തികളുടെ ഇടപെടല്‍ ആണെന്നാണ് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞത്. വ്യവസായ മന്ത്രി ഇ പി ജയരാജനും സമരത്തെ തള്ളിക്കളഞ്ഞു. മാത്രമല്ല പതിവുപോലെ സമരം ചെയ്യുന്നത് മലപ്പുറത്ത് നിന്നുമുള്ളവരാണെന്നു പറഞ്ഞു തീവ്രവാദി സാന്നിധ്യവും കണ്ടുപിടിക്കാന്‍ ശ്രമം നടന്നു. ഈ നിലപാടുമായി മന്ത്രി നടത്തിയ ചര്‍ച്ച സ്വാഭാവികമായും പരാജയപ്പെടുകയായിരുന്നു. എന്തുവന്നാലും ഖനനം അവസാനിപ്പിക്കില്ല എന്ന സര്‍ക്കാര്‍ നിലപാടിനെതിരെ പോരാട്ടം തുടരുകയാണ് നാട്ടുകാര്‍. കേരളപിറവി ദിനത്തല്‍ അവരാ തീരുമാനം ഉറപ്പിക്കുകയും ചെയ്തിരിക്കുകയാണ്. അതിലൂടെ ഇവരാണ്, ഇതുപോലുള്ള പോരാട്ടങ്ങള്‍ നടത്തുന്നവരാണ് നവകേരളം സൃഷ്ടിക്കാന്‍ ശ്രമിക്കുന്നത്.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പത്തു വര്‍ഷം പൂര്‍ത്തിയാക്കിയിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2023 - 24 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Ecology | Tags: , , , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply