നെയ്യാറ്റിന്‍കരയില്‍ നടന്നത് ഭരണകൂട കൊലപാതകം

ദലിതരെയും ദരിദ്രരേയും തെരുവിലേക്ക് വലിച്ചെറിയുന്ന കുടിയിറക്കുകളും ജപ്തി നടപടികളും നിര്‍ത്തിവയ്ക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്നും ജനാധിപത്യ രാഷ്ടീയ പ്രസ്ഥാനം ആവശ്യപ്പെടുന്നു. കപട വാഗ്ദാനങ്ങളും കണ്ണില്‍ പൊടിയിടുന്ന പദ്ധതികള്‍ക്കും പകരം എല്ലാ ഭൂരഹിതര്‍ക്കും ഭൂമിയും വീടില്ലാത്തവര്‍ക്ക് മാന്യമായ പാര്‍പ്പിടവും നല്‍കണമെന്നും ആവശ്യപ്പെടുന്നു.

കോട്ടയം: നെയ്യാറ്റിന്‍കരയില്‍ ലക്ഷംവീട് കോളനിയില്‍ കുടിയൊഴിപ്പിക്കല്‍ നടപടിക്കിടെ രാജനും ഭാര്യ അമ്പിളിയും പൊള്ളലേറ്റ് മരിച്ച സംഭവം അങ്ങേയറ്റം ഞെട്ടിപ്പിക്കുന്നതാണ്. പൊലീസിന്റെ മനുഷ്യത്വരഹിതമായ അമിതാധികാര പ്രയോഗമാണ് രണ്ട് പേരുടെ മരണത്തിനും രണ്ട് കുട്ടികളുടെ അനാഥാവസ്ഥക്കും വഴിയൊരുക്കിയത്. സ്വന്തം കിടപ്പാടത്തില്‍ നിന്ന് തെരുവിലേക്ക് വലിച്ചെറിയപ്പെടുന്നത് തടയുന്നതിനാണ് രാജന്‍ ഭാര്യയെ ചേര്‍ത്ത് നിര്‍ത്തി ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് ആത്മാഹുതി ചെയ്യുമെന്ന് മുന്നറിയിപ്പ് നല്‍കിയത്.

പൊലീസിന്റെ തെറ്റായ രീതിയിലുള്ള ഇടപെടലാണ് തീ ആളിപ്പടരാനും രണ്ടുപേരും മരിക്കാനും കാരണമായത്. പൊലീസ് വിവേകവും സംയമനവും പാലിച്ചിരുന്നുവെങ്കില്‍ ആ മരണങ്ങള്‍ ഒഴിവാക്കാന്‍ കഴിയുമായിരുന്നു. ഇത് ആത്മാഹുതിയോ ആത്മഹത്യയോ അല്ല ഭരണകൂടം നടത്തിയ കൊലപാതകമാണ്. അതിന് ഉത്തരവാദികളായ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് ജനാധിപത്യ രാഷ്ട്രീയ പ്രസ്ഥാനം സംസ്ഥാന സമിതി സര്‍ക്കാരിനോട് ആവശ്യപ്പെടുന്നു.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

രാജന്റെയും അമ്പിളിയുടെയും മരണം ഭൂപരിഷ്‌കരണത്തെയും ഭവന ദാനത്തെയും കുറിച്ചുള്ള ഇടത്- വലത് സര്‍ക്കാരുകളുടെ അവകാശവാദങ്ങളുടെ പൊള്ളത്തരം കൂടി തുറന്നുകാട്ടുന്നതാണ്. കേരളത്തില്‍ ഭൂരഹിതരും ഭവന രഹിതരുമായ ലക്ഷക്കണക്കിന് ആളുകള്‍ ഇപ്പോഴും നിലനില്‍ക്കുന്നുവെന്ന യാഥാര്‍ത്ഥ്യമാണ് ഇത്തരം ദുരന്തങ്ങള്‍ വ്യക്തമാക്കുന്നത്. സമീപ കാലത്ത് പിണറായി വിജയന്‍ സര്‍ക്കാര്‍ നടപ്പാക്കിയ ലൈഫ് മിഷന്‍ പദ്ധതിയും ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ ഭൂരഹിതരില്ലാത്ത കേരളം പദ്ധതിയും ഭൂരാഹിത്യവും ഭവന രാഹിത്യവും പരിഹരിക്കാന്‍ പര്യാപ്തമല്ല എന്ന് നേരത്തെ തന്നെ വ്യക്തമായതാണ്.

ഭൂരഹിതര്‍ക്ക് നല്‍കാന്‍ ഭൂമിയില്ല എന്ന് ഭരണാധികാരികള്‍ പറയുമ്പോഴും ഹാരിസണും ടാറ്റയും അടക്കമുള്ളവര്‍ കൈവശം വെച്ചിരിക്കുന്ന ലക്ഷക്കണക്കിന് ഏക്കര്‍ അനധികൃത ഭൂമി ഏറ്റെടുക്കാതെ കോര്‍പറേറ്റുകളെ സഹായിക്കുകയാണ് അവര്‍ ചെയ്യുന്നത്. അതിന്റെ ഫലമാണ് രണ്ട് സെന്റിലും മൂന്ന് സെന്റിലുമുള്ള കോളനികളിലും പുറമ്പോക്കുകളിലും ചേരികളിലും ലയങ്ങളിലും തെരുവുകളിലുമായി ലക്ഷക്കണക്കിന് ദലിതരും ആദിവാസികളും തോട്ടം തൊഴിലാളികളും ദരിദ്രരുമായ കുടുംബങ്ങള്‍ കഴിഞ്ഞുകൂടുന്നത്. ഇവര്‍ക്ക് ഭൂമിയും വീടും നല്‍കാന്‍ ഒരു സര്‍ക്കാരും തയ്യാറാകുന്നില്ല. ഒരു രാഷ്ട്രീയ പാര്‍ട്ടിയും ഈ ആവശ്യത്തോട് അനുകൂല നിലപാടുള്ളവരല്ല.

കേരളം മാറി മാറി ഭരിച്ച ഇടതു വലതു മുന്നണികള്‍ക്ക് ഈ ദുരന്തത്തിന്റെ ഉത്തരവാദിത്വത്തില്‍ നിന്നും ഒഴിഞ്ഞുമാറാനാവില്ല. ഇന്ത്യ ഭരിക്കുന്ന എന്‍.ഡി.എയ്ക്കും ജനങ്ങളോടൊ നിയമവാഴ്ചയോടോ എന്തെങ്കിലും കൂറുള്ളതായി അവരുടെ ഭരണ നടപടികള്‍ തെളിയിക്കുന്നില്ല. ഇത്തരം ജനവിരുദ്ധ മുന്നണികളെയും അവരുടെ നയങ്ങളെയും പരാജയപ്പെടുത്താന്‍ കഴിയുന്ന വിപുലമായ ബഹുജനമുന്നേറ്റങ്ങളാണ് ഉണ്ടാകേണ്ടത്. ഭൂമിക്കും പാര്‍പ്പിടത്തിനും വേണ്ടിയുള്ള അവകാശ സമരങ്ങളിലൂടെ മാത്രമേ അത് നേടിയെടുക്കാന്‍ കഴിയൂ എന്ന് തിരിച്ചറിയപ്പെടണം. അത് മാത്രമാണ് ദലിതരെയും ആദിവാസികളെയും ദരിദ്രരെയും തെരുവിലേക്ക് വലിച്ചെറിയുന്നത് തടയാനും അന്തസുള്ള ജീവിതത്തിനുള്ള അവകാശം സ്ഥാപിച്ചെടുക്കാനുമുള്ള മാര്‍ഗമെന്ന് മനസിലാക്കപ്പെടണം.

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ദലിതരെയും ദരിദ്രരേയും തെരുവിലേക്ക് വലിച്ചെറിയുന്ന കുടിയിറക്കുകളും ജപ്തി നടപടികളും നിര്‍ത്തിവയ്ക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്നും ജനാധിപത്യ രാഷ്ടീയ പ്രസ്ഥാനം ആവശ്യപ്പെടുന്നു. കപട വാഗ്ദാനങ്ങളും കണ്ണില്‍ പൊടിയിടുന്ന പദ്ധതികള്‍ക്കും പകരം എല്ലാ ഭൂരഹിതര്‍ക്കും ഭൂമിയും വീടില്ലാത്തവര്‍ക്ക് മാന്യമായ പാര്‍പ്പിടവും നല്‍കണമെന്നും ആവശ്യപ്പെടുന്നു.

ജനാധിപത്യ രാഷ്ട്രീയ പ്രസ്ഥാനം സംസ്ഥാന സംഘാടക സമിതിക്ക് വേണ്ടി

സണ്ണി എം കപിക്കാട്, ജനറല്‍ കണ്‍വീനര്‍, മൊബൈല്‍- 9847036356

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Human rights | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply