ഇനി അത്ര പെട്ടന്നാരും ഉറങ്ങാമെന്നു കരുതേണ്ട

നമ്മുടെ ഓരോരുത്തരുടേയും മനസ്സിലുള്ള, പുരപ്പുറത്തു കയറി നിന്ന് നമ്മള്‍ ഉറക്കെ ചോദിക്കാനാഗ്രഹി്ക്കുന്ന ചോദ്യങ്ങളാണ് രാഹുല്‍ ഗാന്ധി നമുക്കുവേണ്ടി നിരന്തരം ചോദിച്ചുകൊണ്ടിരിക്കുന്നതെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശന്‍ വിഭജനത്തിന്റെയും വിദ്വേഷത്തിന്റെയും രാഷ്ട്രീയം ഇന്ത്യയെ കീറിമുറിക്കുമ്പോള്‍ സത്യത്തിന്റെയും നീതിയുടെയും കാവലാളാവുകയെന്നതാണ് ജനാധിപത്യ വിശ്വാസികളുടെ രാഷ്ട്രീയ ദൗത്യം. പി എസ് മനോജ് കുമാര്‍ മൊഴിമാറ്റം നടത്തിയ ‘ഇനി അത്ര പെട്ടന്നാരും ഉറങ്ങാമെന്നു കരുതേണ്ട’ എന്ന രാഹുല്‍ ഗാന്ധിയുടെ പ്രസംഗങ്ങളുടെ സമാഹാരം തൃശൂരില്‍ പ്രകാശനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

പല രാജ്യങ്ങളും സാക്ഷ്യം വഹിച്ച ഫാസിസത്തിന്റെ ചരിത്രം പുതിയ ഫോര്‍മാറ്റില്‍ ഇന്ത്യയിലും ആവര്‍ത്തിക്കുകയാണ്. ഫാസിസ്റ്റുകള്‍ എപ്പോഴും ഉപയോഗിക്കുന്ന തന്ത്രം തന്നെയാണ് ഇവിടെയും പയറ്റുന്നത്. കൃത്രിമമായി ഒരു ശത്രുവിനെ സൃഷ്ടിച്ച്, അവരെ ചൂണ്ടികാട്ടി സമൂഹത്തില്‍ വെറുപ്പിന്റേയും അപരവല്‍ക്കരണത്തിന്റേയും വിത്തുകള്‍ വിതക്കുക എന്നതാണത്. ജര്‍മ്മനിയിലത് ജൂതരായിരുന്നു എങ്കില്‍ ഇവിടെയത് മുസ്ലിം ന്യൂനപക്ഷമാണ്. The tactic used by the Sangh Parivar is the same as all the fascists. It is to artificially create an enemy, point them out and sow the seeds of hatred and alienation in society. If in Germany it was the Jews, here it is the Muslim minority. ഇവരുന്നയിക്കുന്ന ഹിന്ദുത്വക്ക് ഹിന്ദുക്കളുമായി ഒരു ബന്ധവുമില്ല. ഹിന്ദുത്വ എന്നത് അധികാരം ലക്ഷ്യമാക്കി.യ ഭീകരമായ ഒരു ഫാസിസ്റ്റ് പ്രത്യയശാസ്ത്രമാണ്. അതിന്റെ ഭീകരത കഴിഞ്ഞ പതിറ്റാണ്ടുകളില്‍ നാം നിരന്തരം കാണുന്നതാണ്. യുപിയില്‍ യോഗി അധികാരത്തിലെത്തുന്നതിനു തൊട്ടുമുമ്പത്തെ വര്‍ഷത്തില്‍ ചെറുതും വലുതുമായ ആയിരത്തോളം വര്‍ഗ്ഗീയകലാപങ്ങള്‍ നടന്നതായാണ് കണക്ക്. സമൂഹത്തില്‍ മെജോറിറ്റി – മൈനോറിറ്റി ഡിവിഷന്‍ ഉണ്ടാക്കുകയും ദേശീയതയെ അതിതീവ്ര ദേശീയതയാക്കി മാറ്റുകയും ചെയ്ത് ഫലം കൊയ്യുക മാത്രമാണ് അതിന്റെ ലക്ഷ്യം. ഗീബല്‍സിനെ ഓര്‍മ്മിപ്പിക്കുന്ന പി ആര്‍ ഒ വര്‍ക്കാണ് സത്യത്തില്‍ നടക്കുന്നത്. ഹിറ്റ്‌ലര്‍ ഉയരം കുറഞ്ഞ ചെറിയ മനുഷ്യനായിരുന്നു. പക്ഷെ നല്ല ഒറൈറ്ററായിരുന്നു. ഹിറ്റ്‌ലറുടെ യോഗങ്ങളെ കൃത്രിമമായി വലിയ ആബിയന്‍സ് ഉണ്ടാക്കി ആഘോഷമാക്കിയിരുന്നത് ഗീബല്‍സായിരുന്നു. ഒന്നാം ലോകമഹായുദ്ധത്തിന്റെ ക്ഷീണത്തിലായിരുന്ന ജര്‍മ്മനിിയല്‍ രക്ഷകനെപോലെ ഹിറ്റ്‌ലര്‍ അവതരിക്കുകയായിരുന്നു. അഥവാ ഗീബല്‍സിന്റെ .നേതൃത്വത്തില്‍ പി ആര്‍ ഒ വര്‍ക്കിലൂടെ ക്രിയേറ്റ് ചെയ്യുകയായിരുന്നു.

ഞാന്‍ അടുത്ത കാലത്ത് How to stand up to a dictator എന്ന പുസ്തകം വായിക്കുകയുണ്ടായി. സമാധാനത്തിന് നോബല്‍ സമ്മാനം നേടിയ നേടിയ, ജേര്‍ണ്ണലിസ്റ്റ് കൂടിയായ maria ressa യാണ് രചയിതാവ്. സോഷ്യല്‍ മീഡിയ ഉപയോഗിച്ച് ട്രംബിനെ ക്രിയേറ്റ് ചെയ്തതാണ് പുസ്തകത്തിന്റെ പ്രമേയം. എല്ലാവര്‍ക്കുമറിയാവുന്നപോലെ സോഷ്യല്‍ മീഡിയയില്‍ നല്ലത് പറഞ്ഞാലല്ല, മോശം പറഞ്ഞാലാണ് വൈറലാകുക. സോഷ്യല്‍ മീഡിയ ഉപയോഗിച്ച് വെറുപ്പ് പ്രചരിപ്പിച്ചും കൃത്രിമമായ ലൈക്കുകള്‍ സൃഷ്ടിച്ചുമൊക്കെയാണ് ട്രംബിനെ പ്രസിഡന്റ് പദവിയിലെത്തിച്ചതെന്നു പുസ്തകം സമര്‍ത്ഥിക്കുന്നു. ഇവിടെ നടക്കുന്നതും അത്തരത്തില്‍ പി ആര്‍ വര്‍ക്കിന്റെ ഭാഗമായുള്ള നിര്‍മ്മിതിയാണല്ലോ. പുസ്തകത്തിന്റെ പേരില്‍ മറിയ റെസ്സയെ തകര്‍ക്കാന്‍ ഏറെ നീക്കങ്ങള്‍ നടന്നു. പക്ഷെ അവര്‍ ധൈര്യപൂര്‍വ്വം അതിനെയെല്ലാം നേരിടുകയായിരുന്നു. ആ പുസ്തകം വായിക്കുമ്പോള്‍ തന്നെ നമുക്ക് ഒരു ധൈര്യം ലഭിക്കും. ആരേയും തോല്‍പ്പിക്കാമെന്ന വിശ്വാസവും.. ആ വിശ്വാസം തന്നെയാണ് രാഹുല്‍ ഗാന്ധിയുടെ പുസ്തകം വായിക്കുമ്പോഴും ലഭിക്കുക.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

ഈ പുസ്തകത്തില്‍ സമാഹരിച്ചിട്ടുള്ള രാഹുലിന്റെ ഓരോ പ്രസംഗവും കൃത്യമായ രാഷ്ട്രീയ പ്രഖ്യാപനങ്ങളാണ്. ‘വെറുപ്പിന്റെ ചന്തയിലെ സ്‌നേഹത്തിന്റെ വ്യാപാരശാല’ എന്ന ഹരിയാനയിലെ പ്രസംഗം വിരല്‍ ചൂണ്ടുന്നത് ഒരു നവ രാഷ്ട്രീയത്തിലേക്കാണ്. ജോഡോയാത്ര സമാപനത്തില്‍ കാശ്മീരില്‍ നടത്തിയ ‘ഹിംസയുടെ ആഴം എനിക്കു നന്നായി മനസ്സിലാകും’ എന്ന പ്രസംഗം അദ്ദേഹത്തിന്റെ ജീവിതാനുഭവങ്ങളുടെ ബാക്കിപത്രമാണ്. ‘ഈ രാജ്യമെന്നാല്‍ അദാനിയല്ല’ എന്ന പത്രസമ്മേളനം കേന്ദ്രസര്‍ക്കാരിന്റെ ഒത്താശയോടെ അദാനി നടത്തുന്ന കൊള്ളകളെ വിശദീകരിക്കുന്നു. അഥവാ മോദിയല്ല, അദാനിയാണ് രാജ്യം ഭരിക്കുന്നതെന്നു അദ്ദേഹം പ്രഖ്യാപിക്കുന്നു. അതിനെ താന്‍ ചോദ്യം ചെയ്യുമെന്നു തന്നെയാണ് രാഹുല്‍ പറയുന്നത്. തന്നെ എന്തുചെയ്താലും കള്ളകേസുകളെടുത്താലും അയോഗ്യനാക്കിയാലും തുറുങ്കിലടച്ചാലും ചോദിച്ചുകൊണ്ടേയിരിക്കും. ഈ കെട്ട കാലത്ത് ഒരാള്‍ ഇങ്ങനെ പ്രഖ്യാപിക്കുന്നു എന്നത് ചെറിയ കാര്യമല്ല. ഇന്ത്യയുടെ പാരമ്പര്യത്തെ, അഹിംസയെ, മതേതരത്വത്തെ, ജനാധിപത്യമൂല്യങ്ങളെ, ഭരണഘടമാമൂല്യങ്ങളെയെല്ലാം തകര്‍ക്കുന്നതിനെതിരെയാണ് രാഹുല്‍ സംസാരിച്ചുകൊണ്ടിരിക്കുന്നത്, ചോദ്യങ്ങള്‍ ചോദിക്കുന്നത്.

നിര്‍ഭാഗ്യവശാല്‍ 20-ാം നൂറ്റാണ്ടിലെ ആദ്യകാലത്തെ ലോകചരിത്രം നമ്മുടെ ചെറുപ്പക്കാര്‍ക്ക് ഭൂരിഭാഗത്തിനും അറിയില്ല. അറിഞ്ഞെങ്കില്‍ ജനാധിപത്യം എത്ര മനോഹരമെന്ന് അവര്‍ മനസ്സിലാക്കുമായിരുന്നു. മുഖ്യധാരാപാര്‍ട്ടികളാകട്ടെ പൊതുവില്‍ സമ്മാനിച്ചത് നിരാശയാണ്. അതിനെ മുതലെടുത്താണ് ഫാസിസ്റ്റുകള്‍ വളരുന്നത്. ശക്തമായ ഒരു സര്‍ക്കാര്‍ വേണമെന്ന ജനങ്ങളുടെ ആഗ്രഹത്തെയാണ് ഏകാധിപതികള്‍ ട്വിസ്റ്റ് ചെയ്ത് ശക്തനായ നേതാവ് എന്നതിലെത്തിച്ചത്. ശക്തനായ നേതാവ് വേണം. പക്ഷെ ഭരണമുറപ്പിച്ചു കഴിഞ്ഞാല്‍, തുടര്‍ ഭരണം ലഭിച്ചാല്‍ എല്ലാം മാറിമറയുന്ന കാഴ്ചയാണ് കാണുന്നത്. തുടര്‍ഭരണം എന്തും ചെയ്യാനുള്ള ലൈസന്‍സ് ആയി തെറ്റിദ്ധരിച്ചിരിക്കുകയാണ് ഭരണാധികാരികള്‍ .തുടര്‍ഭരണത്തിന്റെ ആനുകൂല്യത്തില്‍ ഭരണാധികാരികളെ മന്ത്രിസഭായോഗത്തിലോ പാര്‍ട്ടി മീറ്റിംഗുകളിലോ പോലും ആരും ചോദ്യം ചെയ്യുന്നില്ല. ചോദ്യം ചെയ്യാന്‍ അവര്‍ക്ക് ഭയമാണ്. സ്വേച്ഛാധിപതികളായ അധികാരികള്‍ എന്ത് വിഡ്ഢിത്തരം പറഞ്ഞാലും തലകുലുക്കി സമ്മതിക്കുന്ന വിനീത വിധേയരായി അവരുടെ സഹപ്രവര്‍ത്തകര്‍ എന്നും മാറിയിട്ടുണ്ട്. മന്നവേന്ദ്രാ തിളങ്ങുന്നു ചന്ദ്രനെപോലെ നിന്മുഖം എന്നാണ് ഇവരെല്ലാം പാടിക്കൊണ്ടിരിക്കുന്നത്. മുമ്പൊക്കെ സ്വേച്ഛാധിപത്യ ഭരണകൂടങ്ങളില്‍ ഭരണാധികാരിയുടെ വിഡ്ഢിത്തരങ്ങള്‍ക്കും മുമ്പില്‍ തലകുലുക്കിയാലും ബാത്‌റൂമിലെ കണ്ണാടിക്ക് മുന്‍പിലെങ്കിലും പോയി നിന്ന് സ്വന്തം ദുരവസ്ഥയെ സഹപ്രവര്‍ത്തകര്‍ പഴിക്കുമായിരുന്നു. എന്നാല്‍ ഇന്ന് നമ്മുടെ നാട്ടിലെ ഫാസിസ്റ്റുകളെ പ്രതി അതിനുപോലും സഹപ്രവര്‍ത്തകര്‍ക്കോ മന്ത്രിമാര്‍ക്കുപോലുമോ ധൈര്യമില്ല. ബാത്റൂമില്‍ കാമറ വെച്ചിട്ടുണ്ടോ എന്ന ഭയമാണ് അവരെ നയിക്കുന്നത്.

ഒരിക്കല്‍ ബ്രഹ്‌തോള്‍ ബ്രഹ്റ്റ് അമേരിക്കയില്‍ വെച്ച് തന്റെ നാട്ടുകാരനായ ജര്‍മ്മന്‍കാരനെ കണ്ടപ്പോള്‍ ചോദിച്ചത് നമ്മുടെ നാട് ഇപ്പോഴും ഭരിക്കുന്നത് ഭയമാണോ എന്നായിരുന്നു. ഹിറ്റ്‌ലറാണോ എന്നായിരുന്നില്ല. സത്യത്തില്‍ ഫാസിസ്റ്റ് ഭരണാധികാരികളെല്ലാം എന്നും ഭീരുക്കളാണ്. ഭയവും അതുമൂലമുള്ള അരക്ഷിതത്വവും മൂലം കൂടുതല്‍ കൊലകളിലേക്കും വംശഹത്യകളിലേക്കും അധികാര ദുര്‍വിനിയോഗത്തിലേക്കും അവര്‍ പോകുകയാണ്. അതിന്റെ പുതിയ രൂപം തന്നെയാണ് ഇവിടേയും നടക്കുന്നത് ചോദ്യം ചെയ്യുന്നവരെ വേട്ടയാടി നിശബ്ദനാക്കാന്‍ ശ്രമിക്കുന്നത്. അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് വന്‍ഗൂഢാലോചനയിലൂടെ രാഹുല്‍ ഗാന്ധിയെ ലോകസഭയില്‍ അയോഗ്യനാക്കിയ നടപടി. അതിലൂടെ മറ്റുള്ളവരെ ഭയപ്പെടുത്തുക കൂടിയാണ് ചെയ്യുന്നത്.

ഡോ ബി ആര്‍ അംബേദ്കര്‍ ജീവിച്ചിരിക്കുന്നത് ഇന്നായിരുന്നെങ്കില്‍ എന്തു സംഭവിക്കുമായിരുന്നു എന്നു ചിന്തിക്കുന്നത് നന്നായിരിക്കും. ഗാന്ധിയേയും നെഹ്‌റുവിനേയുമൊക്കെ രൂക്ഷമായി അദ്ദേഹം വിമര്‍ശിച്ചിരുന്നു. എന്നാല്‍ ഭരണഘടനാ നിര്‍മ്മാണ സമിതിയുടെ അധ്യക്ഷനായും പിന്നീട് നിയമമന്ത്രിയായും തെരഞ്ഞെടുക്കപ്പെട്ടത് അംബേദ്കറായിരുന്നു. ഇന്നാണെങ്കില്‍ അദ്ദഹത്തെ തുറുങ്കിലടക്കുമായിരുന്നു. 1984 എന്ന ഓര്‍വ്വലിന്റെ നോവലില്‍ വിഭാവനം ചെയ്തതാണ് ഇപ്പോള്‍ നടക്കുന്നത്. ഭരണകൂടം നമ്മെയെല്ലാം നിരന്തരം വീക്ഷിക്കുകയാണ്. അത്തരം സാഹചര്യത്തില്‍ അതിനെയെല്ലാം ചോദ്യം ചെയ്യാന്‍ ഒരാളെങ്കിലും അവശേഷിക്കുന്നു എന്നതാണ് നമുക്ക് ഊര്‍ജ്ജം നല്‍കുന്നത്. ചരിത്രത്തില്‍ ഒരു പാട് യാത്രകള്‍ നമ്മള്‍ കണ്ടിട്ടുണ്ട്, കേട്ടിട്ടുണ്ട്. പലതും സ്‌നേഹയാത്രകളായിരുന്നു പലതും ഉല്‍പ്പാദിപ്പിച്ചത് വെറുപ്പായിരുന്നു. ഭീതി വിതച്ചും പൗരാവകാശങ്ങളെ തടവിലിട്ടും ഭരണകൂടം ജനാധിപത്യത്തെ ഞെരിച്ചമര്‍ത്തുമ്പോള്‍ ഇന്ത്യയുടെ ആത്മാവിലേക്കിറങ്ങിച്ചെന്നു കൊണ്ടുള്ള സ്‌നേഹയാത്രയായിരുന്നു രാഹുലിന്റേത്. നമ്മുടെയെല്ലാം ഉള്ളിലുള്ള ചോദ്യങ്ങളാണ് ധീരതയോടെ അദ്ദേഹം ചോദിച്ചുകൊണ്ടിരിക്കുന്നത്. അദ്ദേഹത്തിന്റെ പ്രസംഗങ്ങളുടെ സമാഹാരമായ ഈ പുസ്തകം നമുക്കുതരുന്ന ഊര്‍ജ്ജം ചെറുതല്ല.

(ഭാരത് ജോഡോ യാത്രയുടെ ഭാഗമായി കന്യാകുമാരി, ഗുജറാത്ത്, പാനിപ്പറ്റ്, യു പി, മധ്യപ്രദേശ്, ഉജ്ജയ്ന്‍, ഇന്‍ഡോര്‍, ഹരിയാന, രാജസ്ഥാന്‍, കാശ്മീര്‍ എന്നിവിടങ്ങളില്‍ രാഹുല്‍ നടത്തിയ പ്രസംഗങ്ങള്‍, പാര്‍ലിമെന്റ് അംഗത്വം റദ്ദാക്കിയതിനുശേഷം നടത്തിയ പത്രസമ്മേളനം, പ്രളയബാധിതര്‍ക്ക് പുതിയ വീടുകളുടെ താക്കോള്‍ നല്‍കി വയനാട്ടില്‍ ചെയ്ത പ്രസംഗം എന്നിവയാണ് ഈ പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ജനങ്ങള്‍ക്കിടയില്‍ നിന്ന് ജനങ്ങള്‍ക്കൊപ്പം ജനങ്ങളില്‍ ഒരാളായി മാറുകയും അവരില്‍ നിന്ന് പഠിക്കുകയും അവരെ കേള്‍ക്കുകയും ചെയ്യുന്ന ഒരു രാഷ്ട്രീയ പ്രക്രിയ ഇന്ത്യയുടെ ചരിത്രത്തിലുടനീളം ഉണ്ടായിട്ടുണ്ടെന്നും അത് ആഴത്തിലുള്ള ബന്ധങ്ങള്‍ ഉണ്ടാക്കുകയും ഇണക്കങ്ങള്‍ ഉണ്ടാക്കുകയും അകല്‍ച്ചകളേയും വെറുപ്പുകളേയും ഒഴുക്കിക്കളയുകയും ചെയ്യുന്ന ഒന്നാണെന്നും ഈ ഗണത്തില്‍ പെടുത്താവുന്ന ഒന്നാണ് ഭാരത് ജോഡോ യാത്രയെന്നും പ്രസംഗങ്ങള്‍ മൊഴിമാറ്റം നടത്തിയ പി എസ് മനോജ് കുമാര്‍ അവതാരികയില്‍ പറയുന്നു. ഫേബിയന്‍ ബുക്‌സാണ് പ്രസാധകര്‍. വില 200 രൂപ)

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Be the first to write a comment.

Leave a Reply