റൊജാവ വിപ്ലവത്തെ പിന്തുണച്ച് കൊച്ചിയില്‍ ഐക്യദാര്‍ഢ്യ സംഗമം

ജനകീയ പ്രതിരോധന സേന (വൈപിജി), സ്ത്രീ പ്രതിരോധ സേന(വൈപിജെ), കുര്‍ദ്, അസീറിയന്‍, ആര്‍മേനിയന്‍, യെസീദി, സിറിയക്, തുടങ്ങിയ വിഭാഗങ്ങളും ഇടത്, വിപ്ലവ, അനാര്‍ക്കിസ്റ്റ്, അറബ് പോരാളികളും ചേര്‍ന്ന വിശാലമായ ജനാധിപത്യ സേനയു(എസ്ഡിഎഫ്)മാണ് പോരാട്ടങ്ങള്ക്ക് നേതൃത്വം നല്‍കികൊണ്ടിരിക്കുന്നത്.

തുര്‍ക്കി അധിനിവേശത്തിനെതിരെ പോരാടുന്ന റൊജാവയിലെ ജനാധിപത്യ പ്രസ്ഥാനത്തെ പിന്തുണക്കുന്നതായി പ്രഖ്യാപിച്ച് കൊച്ചിയില്‍ ഐക്യദാര്‍ഢ്യസംഗമം നടക്കുന്നു. ഒക്ടോബര് 26 ശനിയാഴ്ച്ച ഹൈക്കോടതി ജങ്ഷനിലാണ് സംഗമം നടക്കുക.
ഉത്തര സിറിയയിലെ റൊജാവ എന്ന പ്രദേശത്ത് 2012 മുതല്‍ അരങ്ങേറിക്കൊണ്ടിരിക്കുന്ന മാര്‍ക്‌സിസ്റ്റ്-ലെനിനിസ്റ്റ് ചായ്വ്വുള്ള ഒരു പ്രക്ഷോഭമാണ് റൊജാവാ വിപ്ലവം. റൊജാവ പ്രദേശത്ത് ഡെമോക്രാറ്റിക് കൊണ്‍ഫെഡറിലസിത്തില്‍ അധിഷ്ടിതമായ ഒരു സ്വതന്ത്ര ഭരണ പ്രദേശം സ്ഥാപിക്കാന്‍ പ്രക്ഷോഭകാരികള്‍ക്ക് താല്‍ക്കാലികമായി സാധിച്ചിട്ടുണ്ട്. ഏതാണ്ട് ഒരു സ്വതന്ത്രരാജ്യം പോലെയാണ് റൊജാവാ പ്രദേശം. വിപ്ലവകാരികള്‍ക്ക് പ്രത്യയശാസ്ത്രപരമായ പ്രചോദനം കുര്‍ദിഷ് തൊഴിലാളി പാര്‍ട്ടിയായ പി കെ കെ യുടെ സ്ഥാപക നേതാവായ അബ്ദുള്ള അജലന്റെ കൃതികളാണ്. പി കെ കെ തുടക്കത്തില്‍ ഒരു ശുദ്ധ മാര്‍ക്‌സിസ്റ്റ് ലെനിനിസ്റ്റ് പാര്‍ട്ടി ആയിരുന്നെങ്കിലും പില്‍ക്കാലത്ത് അബ്ദുള്ള അജലന്‍ അമേരിക്കന്‍ അനാര്‍ക്കിസ്റ്റ് ചിന്തകനായ മറീ ബുക്ക്ചിന്റെ (Murray Bookchin) രചനകളാല്‍ സ്വാധീനിക്കപ്പെട്ടു അനാര്‍ക്കിസ്റ്റ് ലിബര്‍ട്ടേറിയനിസത്തിലേയ്ക്ക് ആകര്‍ഷിക്കപ്പെടുകയും ഡെമോക്രാറ്റിക് കൊണ്‍ഫെഡറിലസം എന്ന പ്രത്യയശാസ്ത്രത്തിലേക്ക് പാര്‍ട്ടിയെ നയിക്കുകയും ചെയ്തു. ഡെമോക്രാറ്റിക് കൊണ്‍ഫെഡറിലസിത്തില്‍ ഒരു കേന്ദ്രീകൃത അധികാരസ്രോതസ്സിനു പകരം പ്രാദേശിക കമ്മിറ്റികള്‍ വഴിയാണ് ഭരണം നടപ്പിലാക്കുന്നത്.
ഐസിസിനെ ഇറാഖിലും സിറിയയിലും നേരിടുന്നതോടെയാണ് കുര്‍ദ് ജനാധിപത്യശക്തികളെ ലോകം ശ്രദ്ധിക്കുന്നത്. ജനകീയ പ്രതിരോധന സേന (വൈപിജി), സ്ത്രീ പ്രതിരോധ സേന(വൈപിജെ), കുര്‍ദ്, അസീറിയന്‍, ആര്‍മേനിയന്‍, യെസീദി, സിറിയക്, തുടങ്ങിയ വിഭാഗങ്ങളും ഇടത്, വിപ്ലവ, അനാര്‍ക്കിസ്റ്റ്, അറബ് പോരാളികളും ചേര്‍ന്ന വിശാലമായ ജനാധിപത്യ സേനയു(എസ്ഡിഎഫ്)മാണ് പോരാട്ടങ്ങള്ക്ക് നേതൃത്വം നല്‍കികൊണ്ടിരിക്കുന്നത്. 2004ല്‍ സിറിയയിലെ ക്വാമ്ഷില്‍ നഗരത്തില്‍ സിറിയന്‍ ബാത്ത് ഭരണകൂടം കുര്‍ദുകള്‍ക്കെതിരെ നടത്തിയ ആക്രമണങ്ങളെ പ്രതിരോധിക്കാനാണ് ജനകീയ പ്രതിരോധ സേന എന്ന വൈപിജി രുപീകരിച്ചത്.
അറബ് വസന്തം എന്ന് വിളിക്കപ്പെടുന്ന പ്രതിഷേധങ്ങളുടെ ഭാഗമായ സിറിയയിലെ പ്രതിഷേധം പതിയെ സായുധ കലാപമായി മാറി. ഭരണകൂടവും അവരുടെ സഖ്യകക്ഷികളും ഒരു വശത്തും മറുവശത്ത് ഇസ്ലാമിസ്റ്റുകളുടെ ഫ്രീ സിറിയന്‍ ആര്‍മിയും അല്‍ ക്വയിദയുടെ സിറിയന്‍ ഘടകമായ അല്‍ നുസ്‌റ, ഐസിസ് തുടങ്ങിയ സംഘടനകളും എത്തി. ജനാധിപത്യവിരുദ്ധമായ രണ്ടു പക്ഷത്തും ചേരേണ്ടെന്ന നിലപാടാണ് വൈപിജിയും കുര്‍ദ് ജനാധിപത്യ ശക്തികളും സ്വീകരിച്ചത്. അവര്‍ മൂന്നാം പാത തിരഞ്ഞെടുത്തു. 2012 ല്‍ വൈപിജി അല്‍ നുസ്‌റയുമായി ഏറ്റുമുട്ടി ഒരു നഗരം വിമോചിപ്പിച്ചു. തുര്‍ക്കി തങ്ങളുടെ അതിര്‍ത്തി തുറന്നിട്ട് പിന്തുണ നല്‍കിയതിനാല്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് പതിനായിരക്കണക്കിന് ഐസിസ് തീവ്രവാദികള്‍ സിറിയയില്‍ എത്തി. ഇവരെയെല്ലാം ജനാധിപത്യശക്തികള്‍ക്ക് നേരിടേണ്ടി വന്നു. 2015ല്‍ കൊബാനി നഗരത്തില്‍ ഐസിസിനെ തോല്‍പ്പിച്ചു. ഇതോടെയാണ് ഐസിസിന്റെ പതനം തുടങ്ങുന്നത്. ഈ വിമോചന പോരാട്ടത്തിലെ രക്തസാക്ഷികളുടെ എണ്ണം 11000ത്തില്‍ അധികമാണ്.
ഭരണകൂട ഭീകരതയേയും ഐസിസ് അടക്കമുള്ള ഭൂരിപക്ഷ മത ഭീകരതതേയും ഒരേ സമയം നേരിട്ടാണ് റൊജാവയിലെ ജനാധിപത്യ പ്രസ്ഥാനം മുന്നോട്ടു പോവുന്നത്. റഷ്യന്‍, ചൈനീസ് വിപ്ലവങ്ങള്‍ കെട്ടഴിച്ചുവിട്ട വിമോചന പോരാട്ടങ്ങളുടെ ഈ നൂറ്റാണ്ടിലെ എറ്റവും പ്രധാന തുടര്‍ച്ചയാണ് റൊജാവയിലെ വിപ്ലവ പ്രകിയയെന്ന് സംഘാടകര്‍ അവകാശപ്പെടുന്നു. മുന്‍ കാല വിപ്ലവങ്ങളില്‍ അവഗണിക്കപ്പെട്ടെ പരിസ്ഥിതി സ്ത്രീ, ലിംഗ പ്രശ്‌നങ്ങള്‍ ഈ വിപ്ലവത്തിന്റെ ഏറ്റവും സുപ്രധാന ഘടകങ്ങളാണ്. രണ്ടാം ലോകമഹായുദ്ധകാലത്ത് ഹിറ്റ്‌ലറുടെ നേതൃത്വത്തിലുള്ള ഫാസിസ്റ്റുകളെ നേരിടാന്‍ സോവിയറ്റ് യൂണിയനും ബ്രിട്ടനും അമേരിക്കയുമെല്ലാം ഒരുമിച്ചത് പോലെ വിശാലമായ മുന്നണിയും റൊജാവയില്‍ രൂപീകരിച്ചു. ഹിറ്റ്‌ലറുടെ മുന്നണിയംഗമായ സ്‌പെയിനിലെ ഫ്രാങ്കോയെ നേരിടാന് എത്തിയ പോലെ സാര്‍വ്വദേശീയ വാദികളും റൊജാവയിലെത്തി.
വിപ്ലവം ദശലക്ഷക്കണക്കിന് ജനങ്ങളുടെ ജീവിതമാണ് ഗുണപരമായ രീതിയില്‍ മാറ്റിയത്. സിറിയന്‍ അറബ് ഭരണകൂടത്തില്‍ നിന്ന് വിമോചിക്കപ്പെട്ട റൊജാവയിലെ ജനങ്ങള്‍ സ്വയംഭരണം പ്രഖ്യാപിച്ച് കമ്മ്യൂണുകള്‍ രൂപീകരിച്ച് ജീവിതം മാറ്റിയെഴുതി. ചരിത്രത്തിലാദ്യമായി സ്ത്രീകള്‍ സ്വന്തമായി സൈന്യം രൂപീകരിച്ചു പുരുഷാധിപത്യത്തെ വെല്ലുവിളിച്ചു. സ്ത്രീകളുടെ മാത്രം കമ്മ്യൂണ്‍, സ്ത്രീകളുടെ മാത്രം സഹകരണ സംഘങ്ങള്‍ തുടങ്ങിയവയുണ്ടായി. കമ്യൂണ്‍, കോടതി, കൗണ്‍സില്‍, പാര്‍ടി, സംഘടന തുടങ്ങി എല്ലാ മേഖലകളിലും രണ്ട് പേരാണ് നേതൃത്വത്തില്‍ ഉണ്ടാവുക. അതിലൊരാള്‍ സ്ത്രീ ആയിരിക്കണമെന്ന വ്യവസ്ഥയുമുണ്ടായി. ജിന്‍, ജിയാന്‍, ആസാദി അഥവാ സ്ത്രീ, സ്വാതന്ത്ര്യം, ജീവിതം എന്ന മുദ്രാവാക്യം സമൂഹത്തിന്റെ അടിത്തറയായി. എല്‍ജിബിടി വിഭാഗങ്ങളും സൈനികമായി സംഘടിച്ചു.
പുരോഗമനപരമായി മുന്നോട്ടു പോയ സാമൂഹിക വിപ്ലവത്തെ തുര്‍ക്കിയടക്കമുള്ള പിന്തിരിപ്പന്‍ ശക്തികള്‍ തങ്ങളുടെ നിലനില്‍പ്പിന് തന്നെ ഭീഷണിയായാണ് കാണുന്നത്. അതിനാല്‍ റൊജാവയെ തകര്‍ക്കാന്‍ തുര്‍ക്കി അധിനിവേശം ആരംഭിച്ചിരിക്കുകയാണ്. യുദ്ധവിമാനങ്ങളും അത്യാധുനിക ആയുധങ്ങളും ഉപയോഗിച്ച് ഐസിസ്, അല്‍ ക്വയിദ, അല് നുസ്‌റ, അല്ഷറാം തുടങ്ങിയ വിവിധ മതഭീകരരുടെ സഹായത്തോടെയാണ് അധിനിവേശം നടത്തുന്നത്. വിപ്ലവകാരികള്‍ തടവിലാക്കിയ വിദേശികള്‍ അടക്കമുള്ള ആയിരക്കണക്കിന് ഐസിസുകാരെ തുര്‍ക്കിയും സഖ്യ തീവ്രവാദികളും അഴിച്ചുവിട്ടു. വിപ്ലവത്തിന് മാത്രമല്ല ലോകത്തിന് തന്നെ ഭീഷണിയാണ് ഈ അധിനിവേശം.
ഈ പശ്ചാത്തലത്തിലാണ് റൊജാവക്കു നേരെയുള്ള തുര്‍ക്കിയുടെയും മത തീവ്രവാദികളുടെയും ആക്രമണങ്ങളെ ചെറുക്കുക, റൊജാവക്ക് ഐക്യദാര്‍ഡ്യം പ്രഖ്യാപിക്കുക, പിന്തുണക്കുക തുടങ്ങിയ ആവശ്യങ്ങളുമായി ഐക്യദാര്‍ഡ്യ സംഗമം സംഘടിപ്പിക്കുന്നതെന്ന് സംഘാടകര്‍ അറിയിച്ചു. കുര്‍ദ്ദിസ്ഥാന്‍ സോളിഡാരിറ്റി നെറ്റ് വര്‍ക്ക് ആണ് സംഘാടകര്‍.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: International | Tags: , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply