ഈ പ്രതിസന്ധിക്ക് തയ്യാറെടുക്കാതിരുന്നതില്‍ താങ്കള്‍ കുറ്റവാളിയാണ് സര്‍

പ്രധാനമന്ത്രിക്ക് നടന്‍ കമല്‍ ഹാസന്‍ എഴുതിയ തുറന്ന കത്തിന്റെ സംക്ഷിപ്ത രൂപം

സര്‍,

ഈ രാജ്യത്തെ ഉത്തരവാദിത്ത ബോധമുള്ള പൗരനെന്ന നിലയിലാണ് ഞാന്‍ ഈ കത്തെഴുതുന്നത്. ഈ രാജ്യത്തിന്റെ ജനങ്ങളാല്‍ തെരഞ്ഞെടുക്കപ്പെട്ട നേതാവാണ് ഇപ്പോഴൂം താങ്കള്‍. ഈ പ്രതിസന്ധിഘട്ടത്തില്‍ താങ്കളുടെ എല്ലാ നിര്‍ദേശങ്ങളും രാജ്യത്തെ 140 കോടി ജനങ്ങളും അനുസരിക്കും. ഇന്ന് ഒരുപക്ഷേ മറ്റൊരു ലോകനേതാവിനും ഇത്രയും ജനപിന്തുണയില്ല. നിങ്ങള്‍ പറയുന്നു. അവര്‍ അനുസരിക്കുന്നു. ഇന്ന് രാജ്യം അവസരത്തിനൊത്ത് താങ്കളുടെ ഓഫീസില്‍ വിശ്വാസമര്‍പ്പിച്ചിരിക്കുകയാണ്. നിസ്വാര്‍ത്ഥ പ്രവര്‍ത്തനം നടത്തുന്ന ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ഐക്യദാര്‍ഢ്യമര്‍പ്പിക്കുന്നതിനായി കരഘോഷം മുഴക്കാനുള്ള ആഹ്വാനം താങ്കളുടെ വിമര്‍ശകര്‍ പോലും അനുസരിച്ചത് താങ്കള്‍ ശ്രദ്ധിച്ചിരിക്കുമല്ലോ. . താങ്കളുടെ ഉത്തരവുകള്‍ അനുസരിക്കുന്നത് ഞങ്ങളുടെ വിധേയത്വമായി കാണരുത്.

നോട്ടുനിരോധനം എന്ന ബുദ്ധിമോശം കുറച്ചുകൂടി വലിയ തോതില്‍ ആവര്‍ത്തിക്കപ്പെടുകയാണ് എന്നതാണ് എന്റെ ഏറ്റവും വലിയ പേടി. നോട്ടുനിരോധനം അങ്ങേയറ്റം ദരിദ്രരായ മനുഷ്യരുടെ ജീവനോപാധികളും സമ്പാദ്യവും നഷ്ടപ്പെടുത്തിയപ്പോള്‍ കൃത്യമായ ആസൂത്രണമില്ലാതെ പ്രഖ്യാപിച്ച ഈ ലോക് ഡൗണ്‍ ജീവന്റെയും ഉപജീവനോപാധികളുടെയും നാശത്തിലേക്കാണ് നമ്മെ നയിച്ചുകൊണ്ടിരിക്കുന്നത്. പാവപ്പെട്ടവര്‍ക്ക് താങ്കളല്ലാതെ മറ്റാരുമില്ല സര്‍, പ്രതീക്ഷയര്‍പ്പിക്കാന്‍. ഒരു വശത്ത് നിങ്ങള്‍ പ്രത്യേകാനുകൂല്യങ്ങളും വിശേഷാവകാശങ്ങളുമുള്ള ഒരു വിഭാഗം ജനതയോട് ദീപം കൊളുത്താന്‍ ആഹ്വാനം ചെയ്യുമ്പോള്‍, മറുവശത്ത് പാവപ്പെട്ടവരുടെ ജീവിതം തന്നെ ഒരു കെട്ടുകാഴ്ചയായി മാറുകയാണ്. ഉള്ളവരുടെ ലോകം ബാല്‍ക്കണിയില്‍നിന്ന് എണ്ണ വിളക്കുകള്‍ കൊളുത്തിയപ്പോള്‍ ഇല്ലാത്തവര്‍ റൊട്ടി ചുടുന്നതിന് എണ്ണയില്ലാതെ കഷ്ടപ്പെടുകയായിരുന്നു. രാജ്യത്തെ അഭിസംബോധന ചെയ്തുള്ള താങ്കളുടെ അവസാന രണ്ടു പ്രസംഗങ്ങളും ഈ പ്രതിസന്ധികാലത്ത് ജനങ്ങളെ ശാന്തരാക്കുന്നതിനുവേണ്ടിയുള്ളതായിരുന്നു. ഉള്ളവരുടെ ഉത്കണ്ഠകളും ആകുലതകളുമകറ്റാനുള്ള സൈക്കോതെറാപ്പി തന്ത്രങ്ങളായിരുന്നു അവ. എന്നാല്‍, അതിനേക്കാള്‍ അടിയന്തര പ്രാധാന്യമുള്ള കാര്യങ്ങള്‍ വേറെയുണ്ടായിരുന്നു ചെയ്യാന്‍. ആഹ്‌ളാദാരവം മുഴക്കാനും കരഘോഷം നടത്താനും ബാല്‍ക്കണി സ്വന്തമായുള്ളവരുണ്ട്. എന്നാല്‍ തലയ്ക്കു മീതെ മേല്‍ക്കൂര പോലുമില്ലാത്തവരുടെ കാര്യമോ? പാവപ്പെട്ടവരെ പാടെ അവഗണിച്ച് ബാല്‍ക്കണിക്കാര്‍ക്കു വേണ്ടിയുള്ള ബാല്‍ക്കണി സര്‍ക്കാര്‍ ആവാന്‍ താങ്കളുടെ ഭരണകൂടം ആഗ്രഹിക്കുന്നില്ലെന്ന് എനിക്ക് തീര്‍ച്ചയാണ്. ദരിദ്രരാണ് നമ്മുടെ സമൂഹത്തിന്റെ ഏറ്റവും വലിയ ഘടകം. സമൂഹത്തിന്റെ അടിത്തറയാണ് അത്. അതിനു മുകളിലാണ് മധ്യവര്‍ഗവും സമ്പന്നവര്‍ഗവും അവരുടെ ജീവിതം പണിയുന്നത്.

പാവപ്പെട്ടവര്‍ മുന്‍പേജ് വാര്‍ത്തകളാവുന്നില്ല. പക്ഷേ രാഷ്ട്രനിര്‍മ്മാണത്തിലും മൊത്ത ആഭ്യന്തര ഉല്‍പ്പാദനത്തിലും പാവപ്പെട്ടവന്റെ സംഭാവനകള്‍ അവഗണിക്കാനാവില്ല. അടിത്തറ തകര്‍ക്കാനുള്ള ഏതു ശ്രമവും മുകള്‍ത്തട്ടിന്റെ വീഴ്ചയിലേക്കു നയിച്ചതായി ചരിത്രം തെളിയിച്ചിട്ടുണ്ട്. സമൂഹത്തിന്റെ മുകള്‍ത്തട്ടിലുള്ളവര്‍ താഴത്തേട്ടിലുള്ളവര്‍ക്ക് ബാധിക്കുന്നതിനിടയാക്കിയ ആദ്യ പകര്‍ച്ചവ്യാധിയും ആദ്യ പ്രതിസന്ധിയുമാണിത്. ദശലക്ഷക്കണക്കിന് ദിവസവേതനക്കാരും തെരുവുവണ്ടിക്കച്ചവടക്കാരും റിക്ഷ, ടാക്‌സി ഡ്രൈവര്‍മാരും കുടിയേറ്റ തൊഴിലാളികളും ജീവിക്കാന്‍ പാടുപെടുകയാണ് ഇപ്പോള്‍. വിശപ്പിന്റെയും ഉപജീവനോപാധികളുടെ ശോഷണത്തിന്റെയും ഫലമായി പാവപ്പെട്ടവര്‍ ഈ സമൂഹത്തില്‍ നിന്ന് ഉന്മൂലനം ചെയ്യപ്പെടുന്ന അവസ്ഥയിലേക്കാണ് കാര്യങ്ങള്‍ പോവുന്നത്. ഈ അവസ്ഥ കോവിഡ് 19 എന്ന വൈറസിനേക്കാള്‍ മാരകമാണ്. കൊറോണ പോയാലും ഇതിന്റെ പ്രത്യാഘാതങ്ങള്‍ ദൂരവ്യാപകമായിരിക്കും.

താങ്കള്‍ സുഖദായകമായ ഒരു സ്ഥലത്തിരുന്ന് തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ആശയങ്ങള്‍ പോലെ ഓരോന്ന് പുറത്തുവിടുകയാണ്. ഉത്തരവാദിത്തബോധത്തിന് സാധാരണജനങ്ങള്‍ക്കും സുതാര്യതയ്ക്ക് സംസ്ഥാന സര്‍ക്കാറുകള്‍ക്കും പുറംപണി കരാര്‍ കൊടുത്ത് താങ്കള്‍ സുഖിച്ചിരിക്കുകയാണ്. ഇന്ത്യയുടെ നല്ലൊരു ഭാവിക്കും വര്‍ത്തമാനത്തിനുമായി ധിഷണാശക്തി ഉപയോഗിച്ച് ദീര്‍ഘനേരം പ്രവര്‍ത്തിക്കുന്ന ബുദ്ധിജീവികള്‍ക്ക് താങ്കളെപ്പറ്റി ഇങ്ങനെയൊരു കാഴ്ചപ്പാടാണുള്ളത്. ഞാനിവിടെ ബുദ്ധിജീവി എന്ന പദം പ്രയോഗിച്ചത് താങ്കള്‍ക്ക് നീരസമുണ്ടാക്കിയെങ്കില്‍ ക്ഷമിക്കണം. കാരണം എനിക്കറിയാം, താങ്കള്‍ക്കും താങ്കളുടെ സര്‍ക്കാറിനും ആ വാക്ക് ഇഷ്ടമല്ല എന്ന്. പക്ഷേ ഞാന്‍ പെരിയാറിന്റെയും ഗാന്ധിയുടെയും അനുയായി ആണ്. അവര്‍ പ്രാഥമികമായി ധിഷണാശാലികളായിരുന്നുവെന്ന് എനിക്കറിയാം. ശരിയായ പാത തെരഞ്ഞെടുക്കുന്നതിനും എല്ലാവര്‍ക്കും സമത്വവും അഭിവൃദ്ധിയും ഉറപ്പു വരുത്തുന്നതിനും നമ്മെ സഹായിക്കുന്നത് ബുദ്ധിയാണ്.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ അറിവില്ലാത്തവരും വിഡ്ഢികളുമായ ആളുകള്‍ ഒത്തുചേരുന്നത് ഒഴിവാക്കാന്‍ താങ്കളുടെ സംവിധാനങ്ങള്‍ ഉണര്‍ന്നു പ്രവര്‍ത്തിച്ചില്ല. ലോകാരോഗ്യ സംഘടനയ്ക്കുള്ള ചൈനീസ് സര്‍ക്കാറിന്റെ ഔദ്യോഗിക പ്രസ്താവനയനുസരിച്ച് 2019 ഡിസംബര്‍ എട്ടിനാണ് ആദ്യ കോവിഡ് കേസ് സ്ഥിരീകരിക്കുന്നത്. അഭൂതപൂര്‍വമായ വിധത്തില്‍ ഈ മാരകരോഗം നാശം വിതയ്ക്കുമെന്ന് ലോകത്തിനു മുഴുവന്‍ ഫെബ്രുവരി ആദ്യവാരം മുതല്‍ ബോധ്യപ്പെട്ടിരുന്നു. ഇന്ത്യയിലെ ആദ്യകേസ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത് ജനുവരി 30നാണ്. ഇറ്റലിയില്‍ എന്താണ് സംഭവിച്ചത് എന്നറിയാമായിരുന്നിട്ടും നാം അവിടെ നിന്ന് പാഠങ്ങള്‍ പഠിച്ചില്ല. വെറും നാലു മണിക്കൂര്‍ മാത്രം സമയം നല്‍കി 140 കോടി ജനങ്ങളുടെ ജീവിതം അടച്ചുപൂട്ടുകയാണ് താങ്കള്‍ ചെയ്തത്. നാലു മാസത്തെ നോട്ടീസ് പിരീഡ് ഉണ്ടായിരുന്നിട്ടും ജനങ്ങള്‍ക്ക് കൊടുത്തത് വെറും നാലു മണിക്കൂര്‍. ദീര്‍ഘദര്‍ശിത്വമുള്ള നേതാക്കള്‍ പ്രശ്‌നങ്ങള്‍ വലുതാവുന്നതിനു മുമ്പ് അതിന് പരിഹാരം കണ്ടത്തെുന്നവരാണ്്. ഇക്കാര്യത്തില്‍ താങ്കളുടെ വീക്ഷണം പരാജയമായിരുന്നു, സര്‍.

എന്നെ രാജ്യദ്രോഹിയെന്ന് വിളിച്ചോട്ടെ. ഇത്രയും വലിയ ഒരു പ്രതിസന്ധിക്ക് തയാറെടുക്കാതിരുന്നതിന്റെ പേരില്‍ സാധാരണ ജനങ്ങളെ കുറ്റപ്പെടുത്താനാവില്ല. പക്ഷേ ഇതിന്റെ പേരില്‍ നിങ്ങള്‍ കുറ്റപ്പെടുത്തപ്പെടും.
ജയ് ഹിന്ദ് !

(കടപ്പാട് – എന്‍ പി സജീഷ്)

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: National | Tags: , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply