ഷര്‍ജീല്‍ ഉസ്മാനി എന്ന ഭാരതീയന്‍

ക്ലാസ്മുറികളും അയല്‍പക്കങ്ങളും പൊതുസമൂഹവും ചേര്‍ന്ന് പരുവപ്പെടുത്തുന്ന വിമത ശബ്ദങ്ങളെ രാജ്യം ദേശദ്രോഹികള്‍ എന്ന് മുദ്രകുത്തുന്നു. യുഎപിഎ എന്ന കരിനിയമത്തിനുള്ളില്‍ കുരുക്കി ജയിലുകളില്‍ പൂട്ടിയിടുന്നു. പുറത്താക്കേണ്ടവരുടെ പട്ടികയില്‍പ്പെടുത്തി നാടുകടത്താന്‍ നിയമക്കുരുക്കുകള്‍ ഉണ്ടാക്കുന്നു.പക്ഷേ രാജ്യത്തിന്റെ ചേരികള്‍ കൂടുതല്‍ കരുത്തുള്ള യുവാക്കളെ ഒരുക്കിവിടുന്നു. അവര്‍ ഉച്ചത്തില്‍ സംസാരിക്കും. ‘ഷര്‍ജീല്‍ ഉസ്മാനികള്‍’ പ്രതീക്ഷകളുടെ ഒറ്റത്തുരുത്താണ്. ജീവിതത്തിനും മരണത്തിനുമിടയില്‍ തെളിയുന്ന പ്രതീക്ഷകളുടെ ഒറ്റത്തുരുത്ത്.

നിങ്ങളുടെ ശബ്ദം കേള്‍ക്കപ്പെടില്ല എന്നുറപ്പുള്ള ഇടങ്ങളില്‍ കൂടുതല്‍ ഉച്ചത്തില്‍ സംസാരിക്കുക എന്നത് ചെറുത്തുനില്‍പ്പിന്റെ ലാവണ്യമാണ്. അത്തരത്തിലുള്ള ഉറച്ച ശബ്ദമാണ് രണ്ടാം എല്‍ഗാര്‍ പരിഷത്തില്‍നിന്നും രാജ്യം കേട്ടത്. ഷര്‍ജീല്‍ ഉസ്മാനി എന്ന ഇരുപത്തിമൂന്നുകാരന്റെ പ്രസംഗം രാഷ്ട്രീയ ഇന്ത്യയില്‍ ഇതിനോടകംതന്നെ കോളിളക്കം സൃഷ്ടിച്ചുകഴിഞ്ഞു. ആ ശബ്ദത്തിന്റെ പുനരാവര്‍ത്തനങ്ങളെ ഭരണകൂടം ഭയപ്പെടുന്നു എന്നതാണ് ഷര്‍ജീലിനെതിരെയുള്ള പടപ്പുറപ്പാടുകളില്‍നിന്നും അനുമാനിക്കാന്‍ കഴിയുന്ന വസ്തുത. ഉത്തരപ്രദേശുകാരനും മുന്‍ അലിഗഢ് മുസ്ലിം സര്‍വകലാശാലാ വിദ്യാര്‍ത്ഥിയുമായ ഷര്‍ജീല്‍ ഉസ്മാനിക്കെതിരെ മഹാരാഷ്ട്രയിലും യുപിയിലും രാജ്യദ്രോഹക്കുറ്റങ്ങളാണ് ചുമത്തപ്പെട്ടിരിക്കുന്നത്.

2018 ജനുവരി ഒന്നിന് നടന്ന ഭീമ കൊറേഗാവ് കലാപവും അതിനോട് അനുബന്ധിച്ചു നടക്കുന്ന മനുഷ്യവേട്ടയും ഇന്ത്യയുടെ വര്‍ത്തമാനകാല രാഷ്ട്രീയത്തില്‍ ഏറെ ചര്‍ച്ചചെയ്യപ്പെടുന്ന അവസരത്തിലാണ് ഭരണകൂടം മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്കെതിരെ രണ്ടാംഘട്ട ആക്രമണങ്ങള്‍ക്ക് തുടക്കം കുറിച്ചിരിക്കുന്നത്. ലക്‌നൗവിലെ ഹസരത്ഗഞ്ച് പോലീസ് സ്റ്റേഷനില്‍ അനുരാഗ് സിങ് എന്ന സംഘപരിവാര്‍ പ്രവര്‍ത്തകന്റെ പരാതിയിന്മേല്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള എഫ് ഐ ആര്‍ പ്രകാരം രാജ്യദ്രോഹം, മതവിഭാഗങ്ങള്‍ക്കിടയില്‍ സ്പര്‍ദ്ധ ഉണ്ടാക്കല്‍, കലാപത്തിന് ആഹ്വാനം കൊടുക്കല്‍ തുടങ്ങിയ പത്തോളം കുറ്റൃത്യങ്ങളാണ് ഷര്‍ജീലിനെതിരെ ആരോപിച്ചിരിക്കുന്നത്. രണ്ടാം എല്‍ഗാര്‍ പരിഷത്തില്‍ നടത്തിയ വളരെ ചെറിയ പ്രസംഗത്തില്‍നിന്നുമാണ് പോലീസ് രാജ്യദ്രോഹക്കുറ്റത്തിന് ആധാരമായ വരികള്‍ കണ്ടെത്തുന്നത് എന്നതില്‍നിന്നും തികച്ചും ആസൂത്രിതമായ നീക്കമാണ് ഷര്‍ജീലിനെതിരെ നടന്നത് എന്ന് അനുമാനിക്കാം.

ഷര്‍ജീല്‍ ഉസ്മാനിയുടെ ഇന്ത്യ.

2014ല്‍ രാജ്യം നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ സര്‍ക്കാര്‍ ഉണ്ടാക്കുന്ന സമയത്താണ് ഷര്‍ജീല്‍ AMUല്‍ കമ്പ്യൂട്ടര്‍ എഞ്ചിനീയറിംഗില്‍ ഡിപ്ലോമ വിദ്യാര്‍ഥിയായി പ്രവേശനം നേടുന്നത്. ഹിന്ദുരാജ്യം എന്ന അപ്രഖ്യാപിത അജണ്ടയുമായി ബിജെപി ഇന്ത്യന്‍ ക്യാമ്പസുകളെ ലക്ഷ്യംവെക്കുന്ന കാലം. യൂ പിയിലെ മുസ്ലീം ന്യൂനപക്ഷ സ്ഥാപനമായ അലിഗഡ് മുസ്ലിം സര്‍വകലാശാല വലതു സര്‍ക്കാറിന്റെ ബക്കറ്റ് ലിസ്റ്റില്‍ ഒന്നാമതായി ഇടംപിടിച്ചിരുന്നു. ‘തീവ്രവാദികളുടെ സെമിനാരി’ എന്നാണ് ഹിന്ദു മഹാസഭ ബഹുഭൂരിപക്ഷം മുസ്ലിം വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന കലാലയത്തെ വിശേഷിപ്പിച്ചത്. യൂണിവേഴ്‌സിറ്റിയുടെ സ്ഥാപക അംഗംകൂടിയായ മുഹമ്മദലി ജിന്നയുടെ ഛായചിത്രത്തെ വംശീയമായി അധിക്ഷേപിച്ചുകൊണ്ട് ബിജെപി നേതാവ് സതീഷ് ഗൗതംനടത്തിയ പ്രസ്താവന വിദ്യാര്‍ഥികള്‍ക്കിടയില്‍ പ്രതികരണങ്ങള്‍ സൃഷ്ടിക്കുന്ന സമയത്താണ് ഹിന്ദുമഹാസഭയുടെ പ്രകോപനപരമായ പരാമര്‍ശം ഉണ്ടായത്.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

മുസ്ലിം എന്ന സത്വത്തെ രാഷ്ട്രം ഭീകരമായി വേട്ടയാടുന്നു എന്ന തിരിച്ചറിവില്‍ നിന്നാണ് ഷര്‍ജീല്‍ ഉസ്മാനി തന്റെ ശബ്ദം ക്ലാസ് മുറികളിലും ക്യാംപസിലും തുടര്‍ന്ന് മറ്റ് പൊതുവിടങ്ങളിലേക്കും വഴിതിരിച്ചുവിടുന്നത്. മുസ്ലീം എന്നാല്‍ ബിരിയാണിയും കബാബും ഖവേലിയും മാത്രമായി ലഘൂകരിച്ചുപോകേണ്ട സമുദായമല്ലെന്ന് അയാള്‍ ഉറക്കെ പറയുന്നു. ബാബറി മസ്ജിദ് അനുസ്മരണം എന്നാല്‍ തകര്‍ന്നുവീണ പാരമ്പര്യത്തിന്റെ ഓര്‍മയില്‍ ഒരു സമുദായം അനുശോചിക്കുന്നതാണെന്നും ഹിന്ദുത്വ ഫാസിസ്റ്റ് ശക്തികള്‍ വ്യാഖ്യാനിക്കുന്നതുപോലെഅത് മുസ്ലീങ്ങളുടെ പ്രത്യാക്രമണങ്ങളുടെ പോര്‍വിളി അല്ലെന്നും ഈ ചെറുപ്പക്കാരന്‍ രാജ്യത്തെ ഭൂരിപക്ഷം വരുന്ന ഹിന്ദു ജനതയോട് ആവര്‍ത്തിച്ചു പറയുന്നു. കാതുകള്‍ തുറന്നുപിടിക്കേണ്ടതും വാക്കുകളെ ശരിയായ അര്‍ത്ഥത്തില്‍ അപഗ്രഥിക്കേണ്ടതും ഭൂരിപക്ഷ സമുദായത്തിന്റെ കൂട്ടുത്തരവാദിത്തമാണ്.

2016ല്‍ ഷര്‍ജീല്‍ ഉസ്മാനി സ്വയം അടിച്ചമര്‍ത്തപ്പെടുന്നവരുടെ ശബ്ദമാകാന്‍ തീരുമാനമെടുക്കുന്ന സമയത്താണ് അദ്ദേഹത്തിന്റെ പിതാവ് ഉസ്മാനി എ എം യുവിലെത്തന്നെ ജോഗ്രഫി പ്രൊഫസറായി സ്ഥാനമേല്‍ക്കുന്നത്.2020 ല്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരെ പോരാടി ഷര്‍ജീല്‍ ജയിലില്‍ കഴിയുമ്പോഴേക്കും ഉസ്മാനിക്ക് മകന്റെ നിലപാടുകളിലും തീരുമാനങ്ങളിലും പൂര്‍ണ്ണ വിശ്വാസം വന്നിരുന്നു. ഉസ്മാനിയുടെ മറ്റ് നാല് മക്കള്‍ക്കും ഷര്‍ജീല്‍ ഇന്ന് പോരാട്ടങ്ങള്‍ക്ക് വേണ്ടിയുള്ള ഊര്‍ജ്ജമാണ്.

‘ഇന്ത്യയിലെ ജയിലുകള്‍ വിദ്യാലയങ്ങളുടെ പരിച്ഛേദങ്ങളാണ്, അവിടെ മുസ്ലീങ്ങളും ഹിന്ദുക്കളും ഇടകലര്‍ന്ന് ജീവിക്കുന്നുവെങ്കിലും പരസ്പര സൗഹാര്‍ദ്ദം വിദൂര വിഷയമായി തന്നെ അവശേഷിക്കുന്നു. ഇന്ത്യന്‍ ജയിലുകളില്‍ പോലും മുസ്ലിം ഗീട്ടോ ( ചേരികള്‍) ഉണ്ട്. ‘ രണ്ടുമാസത്തെ ജയില്‍വാസത്തിനുശേഷം പുറത്തുവന്ന ഷര്‍ജീലിന്റെ ജയിലനുഭവങ്ങളില്‍ ഇന്ത്യയുടെ മതനിരപക്ഷതയുടെ പൊയ്മുഖം തുറന്നുകാണിക്കുന്നു. രാജ്യത്തെ ജനസംഖ്യയുടെ 14 ശതമാനം മുസ്ലിംകളാണ്. അത്ഭുതകരമായ ഒരു വസ്തുത രാജ്യത്തെ തടവുപുള്ളികളുടെ എണ്ണത്തിന്റെ20 ശതമാനവും മുസ്ലീങ്ങളാണ് എന്നതാണ്.ഇന്ത്യയിലെ ജയിലുകളില്‍ ദിനംപ്രതി വര്‍ദ്ധിച്ചുവരുന്ന മുസ്ലിം യുവാക്കളുടെ എണ്ണം ഭീകരമായ ഒരു കാലഘട്ടത്തെയാണ് ചൂണ്ടിക്കാണിക്കുന്നത്.

രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ടവരുടെ കണക്കുകള്‍ സാക്ഷ്യപ്പെടുത്തുന്നത് മറ്റുചില വസ്തുതകളാണ്. 2014 ല്‍ മോദി സര്‍ക്കാര്‍ നിലവില്‍ വന്നതിനുശേഷം ഫയല്‍ ചെയ്യപ്പെട്ട രാജ്യദ്രോഹ കുറ്റങ്ങളില്‍ 96 ശതമാനവും ഭരണകൂടത്തെ വിമര്‍ശിച്ചു എന്ന കാരണത്താല്‍ ചുമത്തപ്പെട്ടവയാണ്. കൗതുകകരമായ മറ്റൊരു കണക്ക് ആകെയുള്ള 405 കേസുകളില്‍ 149 എണ്ണവും പ്രധാനമന്ത്രി നരേന്ദ്രമോദിയെ രാഷ്ട്രീയമായി വിമര്‍ശിച്ചു എന്നതാണെങ്കില്‍ മറ്റ് 144 കേസുകള്‍ യു പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നിലപാടുകളോട് പലതരത്തില്‍ വിയോജിപ്പ് രേഖപ്പെടുത്തി എന്നതിനാലാണ്.

ഷര്‍ജീലിന്റെ വിവാദ പ്രസംഗം.

2021 ജനുവരി 29ന് മഹാരാഷ്ട്രയിലെ പൂനെയില്‍ നടന്ന രണ്ടാം എല്‍ഗാര്‍ പരിഷത്ത് രാജ്യത്ത് നിലനില്‍ക്കുന്ന ഭയാനകമായ രാഷ്ട്രീയ അന്തരീക്ഷത്തില്‍ ഏറെ ജനശ്രദ്ധ നേടിയ സമ്മേളനമായിരുന്നു. ആയിരക്കണക്കിന് കര്‍ഷകര്‍ കൊടും തണുപ്പിനെയും പോലീസ് ഭീകരതയെയും നിരാകരിച്ചുകൊണ്ട് രാജ്യ തലസ്ഥാനത്ത് സമരം ചെയ്യുമ്പോള്‍ പരിഷത്ത് പൂര്‍ണമായും സര്‍ക്കാര്‍ നിരീക്ഷണത്തിലായിരുന്നു. 2017 ഡിസംബര്‍ 31ന് നടന്ന ഏറെ കോളിളക്കങ്ങള്‍ സൃഷ്ടിച്ച ഒന്നാം എല്‍ഗാര്‍ പക്ഷത്തിനെത്തുടര്‍ന്ന് 16 മനുഷ്യാവകാശ പ്രവര്‍ത്തകരാണ് യുഎപിഎ ചുമത്തപ്പെട്ട് ജയിലുകളില്‍ കഴിയുന്നത്.
എഴുത്തുകാരിയും ആക്ടിവിസ്റ്റുമായ അരുന്ധതി റോയ് , കാശ്മീരിന്റെ പ്രത്യേക അവകാശത്തിനു വേണ്ടി സമരം ചെയ്യുന്ന മുന്‍ സിവില്‍സര്‍വീസ് ഉദ്യോഗസ്ഥന്‍ കണ്ണന്‍ ഗോപിനാഥന്‍, സിഎഎ വിരുദ്ധ പ്രക്ഷോഭങ്ങളില്‍ പോലീസിനെ ചൂണ്ടുവിരലില്‍ അടക്കി നിര്‍ത്തിയ ആയിഷ എന്നീ പ്രമുഖരുടെ ഒപ്പമാണ് ഷര്‍ജില്‍ പരിഷത്തിലെ വേദി പങ്കിട്ടത്. 26 മിനിറ്റ് നീണ്ട അദ്ദേഹത്തിന്റെ പ്രസംഗത്തില്‍ രാജ്യത്ത് വര്‍ധിച്ചുവരുന്ന വര്‍ഗീയ ആക്രമണങ്ങളെയും ഫാസിസ്റ്റ് അജണ്ടകളെയും കൃത്യമായി പരാമര്‍ശിച്ചു. പൊതുജീവിതത്തില്‍ ആദ്യമായി മുസ്ലിം ഇതര സദസ്സിനെ അഭിസംബോധന ചെയ്ത ഷര്‍ജീല്‍ ഹിന്ദുസമൂഹം സഹിഷ്ണുതയോടെയും കൂടുതല്‍ ഉത്തരവാദിത്വത്തോടെയും സമൂഹത്തില്‍ ഇടപെടേണ്ടതിതിന്റെആവശ്യകത ഏറ്റവും തീഷ്ണവും വൈകാരികവുമായ ഭാഷയിലാണ് പറഞ്ഞവസാനിപ്പിച്ചത്.

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ആകര്‍ഷണീയമായ ശൈലിയില്‍ പ്രേക്ഷകനെ പിടിച്ചിരുത്തിയ പ്രസംഗത്തിലെ ചില വാചകങ്ങളാണ് അയാള്‍ക്ക് രാജ്യദ്രോഹികളുടെ പട്ടികയില്‍ ഇടം നേടിക്കൊടുത്തത്. ‘രാജ്യത്തെ ഹിന്ദുസമൂഹം പൂര്‍ണമായും അധപതിച്ചിരിക്കുന്നു’ എന്ന ഷര്‍ജീലിന്റെ പ്രസ്താവന വലത് സര്‍ക്കാരിനെ ചൊടിപ്പിക്കാന്‍ പാകത്തിലുള്ള ഒന്നായിരുന്നു. ഹിന്ദു നാമധാരിയായ ഒരാള്‍ പറഞ്ഞാല്‍ ലാഘവത്തോടെ മാത്രം എടുക്കുമായിരുന്ന ഈ വിമര്‍ശനം ഷര്‍ജീലിന്റെ പക്കല്‍ നിന്നും ഉണ്ടാകുമ്പോള്‍അത് രാജ്യദ്രോഹത്തിന്റെ പട്ടികയിലേക്ക് ചേര്‍ക്കപ്പെടുന്നു.

ഭരണകൂടം ഒരുവിഭാഗം ജനങ്ങള്‍ക്കെതിരെ വര്‍ഗീയ യുദ്ധത്തിന് നിരന്തരമായി മുറവിളി കൂട്ടുമ്പോള്‍ രാജ്യത്തിന്റെ നീതിന്യായ സ്ഥാപനങ്ങളോടും വ്യവസ്ഥിതികളോടും സര്‍ക്കാരിനോടുള്ള തനിക്കുണ്ടായിരുന്ന വിശ്വാസം പൂര്‍ണമായും നഷ്ടപ്പെട്ടിരിക്കുന്നു എന്ന വൈകാരികത നിറഞ്ഞുനിന്ന പ്രസംഗത്തെ കലാപത്തിനുള്ള ആഹ്വാനം എന്ന് ദുര്‍വ്യാഖ്യാനിച്ചുകൊണ്ടാണ് മതേതരരാഷ്ട്രം ഷര്‍ജീലിനോട്കീഴടങ്ങുവാനുള്ള ഭീഷണി മുഴക്കുന്നത്. ഹൈദരാബാദ് യൂണിവേഴ്‌സിറ്റിയില്‍ ജാതി പീഡനത്തെത്തുടര്‍ന്ന് ആത്മഹത്യചെയ്ത രോഹിത് വെമുലയുടെ ജന്മവാര്‍ഷിക ദിനമായ ജനുവരി 30ന് നടന്ന രണ്ടാം എല്‍ഗാര്‍ പരിഷത്ത് ഫാസിസ്റ്റ് കാലത്തെ രാഷ്ട്രീയ അന്തരീക്ഷത്തില്‍ കനലണയാതെ അവശേഷിക്കും എന്ന് അനുമാനിക്കാവുന്ന വിധത്തിലാണ് സംഭവങ്ങള്‍ അരങ്ങേറുന്നത്.

എന്തുകൊണ്ട് ഷര്‍ജില്‍

വിമത ശബ്ദങ്ങളെ അടിച്ചമര്‍ത്തുമ്പോഴും അതിനെ മുളയിലേ നുള്ളുവാനുമുള്ള ഫാസിസ്റ്റ് ഭരണകൂട വ്യഗ്രതയാണ് ഷര്‍ജീലിനെതിരെയുള്ള കുറ്റപത്രം മുന്നറിയിപ്പ് തരുന്നത്. സത്വബോധത്തോടെ ചിന്തിക്കുകയും സംസാരിക്കുകയും ചെയ്യുന്ന യുവജനതയെ ഈ ഭരണകൂടം ഭയപ്പെടുന്നു. രാജ്യത്തിന്റെ ഓരോ പട്ടണങ്ങളിലുമുള്ള മുസ്ലിം ചേരികളിലെ യുവാക്കള്‍ കാലാകാലങ്ങളായുള്ള അടിച്ചമര്‍ത്തലുകളുടെയും അരികുവല്‍ക്കരണങ്ങളുടെയും നേര്‍അനുഭവങ്ങളില്‍നിന്നും ആര്‍ജ്ജിച്ച കരുത്തുമായാണ് ചെറുത്തുനില്‍പ്പിന് ഒരുങ്ങുന്നത്.

‘ചേരികള്‍ ഞങ്ങള്‍ക്ക് സര്‍വ്വസാധാരണമായ ജീവിതമാണ്. രാജ്യത്തെ എല്ലാവരും ഞങ്ങളെ പോലെ ജീവിക്കുന്നു എന്ന ധാരണയിലാണ് ഞാനും കഴിഞ്ഞിരുന്നത്. മുതിര്‍ന്നപ്പോഴാണ് പട്ടണങ്ങളില്‍ കാണുന്ന ആഡംബര ആശുപത്രികള്‍, ഹോട്ടലുകള്‍ തുടങ്ങിയ ‘ പോഷ്’ സൗകര്യങ്ങളൊന്നും ഞങ്ങളുടെ ഇടങ്ങളില്‍ ഇല്ല എന്ന് മനസ്സിലാക്കുന്നത്. ഞങ്ങളുടെ ചേരികളില്‍ വൃത്തിഹീനമായ ‘മുസാഫിര്‍ ഖാനകള്‍’ മാത്രമേ ഉണ്ടായിരുന്നുള്ളൂ .’ അരികുകളിലേക്ക് തള്ളിമാറ്റപ്പെടുന്ന മുസ്ലിം ജീവിതത്തെക്കുറിച്ച് ഷര്‍ജീല്‍ ഓര്‍ത്തെടുക്കുന്നത് ഇപ്രകാരമാണ്.സ്‌കൂളുകളില്‍ പോലും ഹിന്ദുവും മുസ്ലിമും തമ്മില്‍ പ്രകടമായ വിവേചനങ്ങള്‍ നിലനില്‍ക്കുന്നു എന്നത് ഭീകരമായ വസ്തുതയാണ്.

2015 സെപ്റ്റംബര്‍ 14 ന് അമേരിക്കയിലെ ടെക്ക്‌സാസിലെ ഒരു സ്‌കൂളില്‍ അഹമ്മദ് മുഹമ്മദ് എന്ന 15 വയസ്സുകാരനായ വിദ്യാര്‍ത്ഥി സ്വന്തമായി നിര്‍മ്മിച്ച ടൈംപീസ് കൊണ്ടുവന്നതും അമേരിക്കന്‍ വംശജയായ അധ്യാപിക കുട്ടിയെ തീവ്രവാദിയായി തെറ്റിദ്ധരിച്ചുകൊണ്ട് ക്ലാസ്സില്‍ നിന്നും പുറത്താക്കിയതും ലോകമനസാക്ഷിയെ ഞെട്ടിച്ച സംഭവമാണ്. എന്നാല്‍ഇന്ത്യന്‍ സ്‌കൂളുകളില്‍ ഇത്തരം സംഭവങ്ങള്‍ സര്‍വ്വസാധാരണമാണ്. ക്ലാസ് മുറിയില്‍ പേപ്പര്‍ ഗണ്‍ ഉണ്ടാക്കി എന്ന കാരണത്താല്‍ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയായ തന്നെ തീവ്രവാദി എന്നു വിളിച്ച അധ്യാപികയെ ഷര്‍ജീല്‍ ഇന്നും ഭയത്തോടെ ഓര്‍ക്കുന്നു.

ഹിന്ദുത്വ ഭരണകൂടവും ഷര്‍ജീല്‍ ഉസ്മാനിയും തമ്മിലുള്ള പോരാട്ടം തുടങ്ങിക്കഴിഞ്ഞു. രണ്ടാം എല്‍ഗാര്‍ പരിഷത്തില്‍നിന്നും ഇനിയും ധാരാളം മനുഷ്യാവകാശ പ്രവര്‍ത്തകരെ അഴികള്‍ക്കുള്ളില്‍ പൂട്ടിയിട്ടെക്കാം. ഹാനി ബാബു, റോണ വില്‍സണ്‍, സുധ ഭരദ്വാജ്, വരവര റാവു, ആനന്ദ് തെല്‍തുംബ്‌ടെ, സായി ബാബ എന്നിവരുടെ ഒപ്പം പുതിയ പേരുകള്‍ എഴുതി ചേര്‍ത്തേക്കാം. സര്‍ക്കാരിന്റെ പ്രതികാര നടപടികള്‍ ഒരേ സമയം പ്രവചനീയവും പ്രവചനാതീതവുമാണ്.

ക്ലാസ്മുറികളും അയല്‍പക്കങ്ങളും പൊതുസമൂഹവും ചേര്‍ന്ന് പരുവപ്പെടുത്തുന്ന വിമത ശബ്ദങ്ങളെ രാജ്യം ദേശദ്രോഹികള്‍ എന്ന് മുദ്രകുത്തുന്നു. യുഎപിഎ എന്ന കരിനിയമത്തിനുള്ളില്‍ കുരുക്കി ജയിലുകളില്‍ പൂട്ടിയിടുന്നു. പുറത്താക്കേണ്ടവരുടെ പട്ടികയില്‍പ്പെടുത്തി നാടുകടത്താന്‍ നിയമക്കുരുക്കുകള്‍ ഉണ്ടാക്കുന്നു.പക്ഷേ രാജ്യത്തിന്റെ ചേരികള്‍ കൂടുതല്‍ കരുത്തുള്ള യുവാക്കളെ ഒരുക്കിവിടുന്നു. അവര്‍ ഉച്ചത്തില്‍ സംസാരിക്കും. ‘ഷര്‍ജീല്‍ ഉസ്മാനികള്‍’ പ്രതീക്ഷകളുടെ ഒറ്റത്തുരുത്താണ്. ജീവിതത്തിനും മരണത്തിനുമിടയില്‍ തെളിയുന്ന പ്രതീക്ഷകളുടെ ഒറ്റത്തുരുത്ത്.

 

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: National | Tags: , | Comments: 1 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Feedback

One thought on “ഷര്‍ജീല്‍ ഉസ്മാനി എന്ന ഭാരതീയന്‍

  1. Good article

Leave a Reply