ഉത്തരേന്ത്യന്‍ തെരുവുകളില്‍ അരങ്ങേറുന്നത് സവര്‍ക്കറുടെ വംശീയവെറിയുടെ തത്വസംഹിത

ഭരണഘടനാശില്പിയായ ഡോ.അംബേദ്കര്‍ തന്റെ Pakistan or the Partition of India എന്ന ഗ്രന്‍ഥത്തില്‍ സ്വാതന്ത്ര്യാനന്തര ഭാരതത്തെക്കുറിച്ചുള്ള സവര്‍ക്കറുടെ കാഴ്ചപ്പാട് വ്യക്തമാക്കുന്നുണ്ട്. മുസ്ലീമുകളുമായി തുല്യാധികാരം പങ്കിടാന്‍ വിസമ്മതിയ്ക്കുന്ന അവരെ ഏത് വിധേനയും തങ്ങളുടെ കാല്‍കീഴില്‍ ഒതുക്കാന്‍ നിശ്ചയിച്ചുറപ്പിച്ച ഒരു ഹിന്ദു സമൂഹത്തെയാണ് സവര്‍ക്കര്‍ അവിടെ സ്വപ്നം കാണുന്നത്. വിശാലവും സര്‍വ്വശക്തവുമായ ഹിന്ദുരാഷ്ട്രത്തിന് കീഴില്‍ വിനീതവിധേയരായി കഴിയുന്ന മുസ്ലിം രാഷ്ട്രമാണ്, അല്ലാതെ ഹിന്ദുവിന്റെ പുണ്യഭൂമിയ്ക്ക് ഭാവിയില്‍ വെല്ലുവിളി ഉയര്‍ത്താന്‍ സാധ്യതയുള്ള സ്വതന്ത്ര പാകിസ്ഥാനല്ല വേണ്ടത് എന്ന കുശാഗ്രനയതന്ത്രജ്ഞതയും സവര്‍ക്കര്‍ ഇവിടെ വെളിവാക്കുന്നു. മുസ്ലിം വിരോധമുള്ള സവര്‍ക്കര്‍ അവരെ സ്വാതന്ത്രരാക്കുന്നതിന് പകരം ഇന്ത്യയില്‍ വരിഞ്ഞുമുറുക്കി നിര്‍ത്തണമെന്ന് നിര്‍ബന്ധം പിടിയ്ക്കുന്നത് എന്തിനാവും എന്ന് ഡോ.അംബേദ്കര്‍ പോലും അതിശയിയ്ക്കുന്നുണ്ട്.

ആര്‍.എസ്സ്.എസ്സ്. സ്ഥാപിച്ചത് ഡോ.ഹെഡ്‌ഗേവാര്‍ ആണെങ്കിലും അവരെ ഇന്നത്തെ രൂപത്തില്‍ കെട്ടുറപ്പും ദിശാബോധവുമുള്ള ഒരു സംഘടനയാക്കി വളര്‍ത്തിയത് എം.എസ്.ഗോള്‍വാള്‍ക്കര്‍ എന്ന അവരുടെ താത്വികാചാര്യനാണെന്നതില്‍ തര്‍ക്കമില്ല. മഹത്തരമായ ആര്‍ഷഭാരതഭൂമിയുടെ സ്വാഭാവികാവകാശികള്‍ ഇന്ത്യയിലെ ഹിന്ദുക്കള്‍ മാത്രമാണെന്നുള്ള ‘മിഥ്യാ’വകാശബോധം സ്വയംസേവകര്‍ക്കിടയില്‍ വളര്‍ത്തുന്നതിലും സാംസ്‌കാരികദേശീയത എന്ന തീവ്രവികാരത്തെ മുസ്ലിംവിരുദ്ധതയായി പരുവപ്പെടുത്തുന്നതിലും ‘ഗുരുജി’ വഹിച്ച പങ്ക് അദ്വിതീയമാണ്.

എങ്കില്‍ പോലും സംഘ പരിവാര്‍ പ്രവര്‍ത്തകരുടെ മനസ്സിലെ തീവ്രദേശീയതയ്ക്ക് ‘പിതൃഭൂമി’ എന്ന പ്രയോഗത്തിലൂടെ പാരമ്പര്യാവകാശത്തിന്റെയും ‘പുണ്യഭൂമി’ എന്ന ആശയത്തിലൂടെ ആത്മീയാനുഭാവത്തിന്റെയും വികാരതലങ്ങള്‍ സമ്മാനിച്ചത് ‘വീര്‍’ സവര്‍ക്കറുടെ ഹിന്ദുത്വ സിദ്ധാന്തമാണ് എന്ന് തീര്‍ത്തു പറയാവുന്നതാണ്. ഹിന്ദു എന്നത് ഒരു മതം എന്നതിനപ്പുറം ഒരു രാഷ്ട്രം തന്നെയാണെന്നുമുള്ള ഒരു ചിന്താപദ്ധതി വെട്ടിത്തുറക്കുകയും അതിനെ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ക്കിടയില്‍ സചേതനമാക്കുകയും ചെയ്യുന്നതില്‍ സവര്‍ക്കറുടെ പങ്ക് അനിഷേധ്യമാണ്.

സവര്‍ക്കറുടെ രചനകളുടെ മുഖമുദ്രയായി പറയാവുന്ന അതിതീവ്രദേശീയതയുടെയും ഹിന്ദു അപ്രമാദിത്തത്തിന്റെയുമെല്ലാം ഉന്നതമായ അവകാശവാദങ്ങള്‍ക്കിടയിലൂടെ അദ്ദേഹം എപ്പോഴും ഒളിച്ചും തെളിച്ചും കടത്തിയിട്ടുള്ളത് മുസ്ലിം വിരോധമാണ്. മുസ്ലീമുകളെ രാജ്യത്തോട് കൂറില്ലാത്തവരും വിശ്വസിയയ്ക്കാന്‍ കൊള്ളാത്തവരും അപരമതവിരോധികളുമായി സവര്‍ക്കര്‍ നിരന്തരം ചിത്രീകരിച്ചത് പ്രത്യേകിച്ച് തെളിവുകളൊന്നും നിരത്താതെ ആയിരുന്നു എന്നും നാം ശ്രദ്ധിയ്ക്കേണ്ടതാണ്. വേദപുരാണങ്ങളുടെ ചൈതന്യം പേറുന്ന ഭാരതത്തിന്റെ സാംസ്‌കാരികമോ സാമൂഹികമോ ആയ കളങ്ങളിലൊന്നും കൊള്ളാത്ത ‘അധികപ്പറ്റുകള്‍’ ആയിട്ടാണ് സവര്‍ക്കര്‍ എന്നും സംഘ പരിവാര്‍ അനുയായികളുടെ മനസ്സില്‍ ഒരു ശരാശരി മുസ്ലിമിന്റെ ചിത്രം വരച്ചിട്ടിട്ടുള്ളത്.

മുസ്ലീമുകളെ തിരഞ്ഞുപിടിച്ച് ആക്രമിയ്ക്കുകയും വീടുകള്‍ തകര്‍ക്കുകയും പള്ളികള്‍ പൊളിയ്ക്കാന്‍ കോപ്പുകൂട്ടുകയും ആഹാരം, വസ്ത്രം, ആരാധന തുടങ്ങിയ ഭരണഘടനാവകാശങ്ങളില്‍ കോടതിയുടെ പോലും ഒത്താശയോടെ നിരന്തരം കൈകടത്തുകയും ചെയ്യുന്ന ഇന്നത്തെ സംഘ്പരിവാര്‍ മനോനിലയുടെ വേരുകള്‍ ചികയുന്ന അന്വേഷണം തീര്‍ച്ചയായും ചെന്നെത്തുക സവര്‍ക്കറുടെ മുസ്ലിം വിരുദ്ധ ആഖ്യാനകുശലതയിലാണ്. ഭാരത വിഭജനത്തിന് ശേഷം അവസാനത്തെ മുസല്‍മാനും ഇന്ത്യ വിട്ടു പോകാനുള്ള സാഹചര്യങ്ങള്‍ സൃഷ്ടിയ്ക്കുകയും അതിന് വിഘാതമായി നിന്ന ഗാന്ധിയെ നിശ്ശബ്ദനാക്കുമെന്ന് പരസ്യമായി ഭീഷണി മുഴക്കുകയും ചെയ്ത ഗോള്‍വാള്‍ക്കറില്‍ നിന്ന് സവര്‍ക്കറെ വ്യത്യസ്തനാക്കിയത് അദ്ദേഹം അന്ന് മുസ്ലീമുകളോട് സ്വീകരിച്ച ‘അനുകൂല’ നയമാണ്.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

മുസ്ലീമുകള്‍ ഇന്ത്യ വിട്ട് പോകേണ്ടതില്ല എന്ന ആര്‍.എസ്സ്.എസ്സിന് കടകവിരുദ്ധമായ നിലപാടെടുത്ത സവര്‍ക്കര്‍ എന്ന കുശാഗ്രബുദ്ധിക്കാരന്‍ അവരോട് നിര്‍ദ്ദേശിച്ചത് ഹിന്ദുക്കള്‍ക്ക് വഴിപ്പെട്ട് പ്രത്യേക ആനുകൂല്യങ്ങള്‍ക്ക് അവകാശമില്ലാത്ത രണ്ടാം തരം പൗരന്മാരായി ഇന്ത്യയില്‍ ജീവിയ്ക്കുക എന്നായിരുന്നു. വിഷലിപ്തമായ വംശീയതയുടെ പാഠങ്ങള്‍ കൃത്യമായും വ്യക്തമായും ഉള്‍ക്കൊള്ളിയ്ക്കുന്ന സംഘ് പരിവാര്‍ പാഠ്യക്രമത്തിന്റെ മൂശയില്‍ വാര്‍ത്തെടുത്ത ഇന്നത്തെ ‘ദേശീയവാദികള്‍’ ഉത്തരേന്ത്യന്‍ തെരുവുകളില്‍ ഇന്ന് കാട്ടിക്കൂട്ടുന്ന വംശീയവെറിയുടെ നിഷ്ടൂരപ്രയോഗങ്ങള്‍ക്ക് പ്രചോദനമായ തത്വസംഹിത മറ്റെന്താണ്? ഹിന്ദുവിന്റെ കുറ്റകൃത്യത്തിന് രക്ഷപ്പെടാനുള്ള പഴുതുകള്‍ ഒഴിച്ചിട്ട പ്രഹസന എഫ്.ഐ.ആര്‍ വരെ മാത്രം നീളുന്ന അതേ നിയമവ്യവസ്ഥ സമാനകുറ്റകൃത്യത്തില്‍ പങ്കുണ്ടെന്ന് സംശയിയ്ക്കുന്ന മുസ്ലിമിന്റെ വീടിനു മുകളിലൂടെ ബുള്‍ഡോസര്‍ ഉരുട്ടുന്ന ഇരട്ടനീതിയാണ് സവര്‍ക്കര്‍ അന്ന് നിര്‍ദ്ദേശിച്ച രണ്ടാംതരം പൗരാവകാശത്തിന്റെ ഇന്നത്തെ പ്രയോഗരീതി.

ഹിന്ദു എന്നത് ഒരു മതമല്ലെന്നും ഹിന്ദുക്കള്‍ പരസ്പരം ദേശം, മതം, സംസ്‌കാരം, ഭാഷ എന്നിവയാല്‍ ബന്ധപ്പെട്ട് കിടക്കുന്ന ഒരു രാഷ്ട്രം തന്നെയാണെന്നും സവര്‍ക്കര്‍ Hindu Rashtravad എന്ന പുസ്തകത്തില്‍ നിരീക്ഷിയ്ക്കുന്നു. ഇപ്പറഞ്ഞ അടിസ്ഥാനസ്വാധീനങ്ങള്‍ കണക്കിലെടുക്കാതെ വെറും ഭൂപ്രദേശബന്ധിതമായ ദേശീയത മുന്നോട്ട് വെച്ച നെഹ്രുവിയന്‍ ദേശീയതയെ അദ്ദേഹം വിമര്‍ശിയ്ക്കുന്നു. മതരാഷ്ട്രമെന്നും ശത്രുരാഷ്ട്രമെന്നും ആത്യന്തികമായി രാഷ്ട്രസങ്കല്പത്തെ വിഭജിയ്ക്കുന്ന മുസ്ലീമുകളെയും ഇപ്പറഞ്ഞ ദേശീയതയുടെ അതിര്‍ത്തിവരമ്പിനുള്ളില്‍ ചേര്‍ത്ത് നിര്‍ത്തിയ കോണ്‍ഗ്രസിന്റെ ബുദ്ധിശൂന്യതയെയും സവര്‍ക്കര്‍ പരിഹസിയ്ക്കുന്നുണ്ട്. ഹിന്ദുവിന്റെ സാംസ്‌കാരികബോധത്തെ നിര്‍വീര്യമാക്കുകയും അതേസമയം മതബോധത്തെ രാഷ്ട്രത്തിനും മേല്‍ പ്രതിഷ്ഠിയ്ക്കുന്ന ഇസ്ലാമിക ചിന്തയെ പരിപോഷിപ്പിയ്ക്കുകയും ചെയ്യുന്നു എന്നതാണ് കോണ്‍ഗ്രെസ്സിനോടുള്ള സവര്‍ക്കറുടെ പ്രധാന പരിഭവം.

ഹിന്ദുസ്ഥാന്‍ എന്ന പേര് ഒഴിവാക്കി ഇന്ത്യ എന്ന ഹിന്ദുവിരുദ്ധ സ്വത്വരൂപത്തെ ആശ്ലേഷിച്ചതിനെയും സവര്‍ക്കര്‍ പരിഹസിയ്ക്കുന്നുണ്ട്. ചൈനീസ് സംസ്‌കാരമുള്ളവര്‍ ചൈനയും പോളിഷ് സംസ്‌കാരമുള്ളവര്‍ പോളണ്ടും ഗ്രീക്ക് സംസ്‌കാരത്തിന്റെ പതാകവാഹകാര്‍ ഗ്രീസുമൊക്കെ ആയപ്പോള്‍ ഹിന്ദുസംസ്‌കാരത്തെ മുന്നോട്ട് കൊണ്ടുപോകേണ്ട ഹിന്ദുസ്ഥാനികള്‍ ഇന്ത്യക്കാരായി മാറിയത് സവര്‍ക്കര്‍ക്ക് ദഹിയ്ക്കാവുന്നതിലും അപ്പുറമായിരുന്നു. ഹിന്ദു രാഷ്ട്രത്തിന്റെ ആത്മാവായ ഹിന്ദുവിന് മതേതരത്വം എന്ന ജ്വരം ബാധിച്ച കോണ്‍ഗ്രസ് നേതൃത്വത്തില്‍ നിന്ന് നേരിടേണ്ടി വന്ന കൊടിയ അപമാനമായി സവര്‍ക്കര്‍ ഇന്ത്യ എന്ന രാഷ്ട്രസങ്കല്പത്തെ കാണുന്നു.

ഇനി രാജ്യത്തെ മതന്യൂനപക്ഷങ്ങളെ സവര്‍ക്കര്‍ എങ്ങനെ നോക്കിക്കണ്ടു എന്ന് കൂടി പരിശോധിയ്ക്കാം. കൃസ്ത്യാനികള്‍ സംസ്‌കാരസമ്പന്നരും മതരാഷ്ട്രമോഹങ്ങള്‍ ഇല്ലാത്തവരും ഹിന്ദുത്വധാരയില്‍ സ്വാഭാവികമായി ലയിയ്ക്കാന്‍ സാംസ്‌കാരികമായ തടസ്സങ്ങള്‍ ഇല്ലാത്തവരുമാണെന്ന് സവര്‍ക്കര്‍ കുറിയ്ക്കുന്നു. അവരെപ്പറ്റി അദ്ദേഹത്തിനുള്ള ഒരേയൊരു ആശങ്ക മതപരിവര്‍ത്തനത്തോട് അവര്‍ക്കുള്ള പ്രത്യേക അഭിവാഞ്ച മാത്രമാണ്. കൃസ്ത്യന്‍ മിഷിണറിമാരെ ഹിന്ദുക്കള്‍ സംശയത്തോടെ തന്നെ വീക്ഷിയ്ക്കണം എന്ന നിലപാടുള്ള സവര്‍ക്കര്‍ മതം മാറിയ കൃസ്ത്യാനികളെ കഴിയുന്നത്ര സ്വധര്‍മ്മത്തിലേയ്ക്ക് മടക്കി കൊണ്ടുവരാന്‍ ഹിന്ദുക്കള്‍ പരിശ്രമിയ്‌ക്കേണ്ടതുണ്ടെന്ന് പറഞ്ഞു വെയ്ക്കുകയും ചെയ്യുന്നു.

എണ്ണത്തില്‍ വളരെ കുറവായ യഹൂദന്മാരോടും അനുഭാവപൂര്‍ണമായ സമീപനമാണ് അദ്ദേഹത്തിനുള്ളത്. ഹിന്ദുത്വ ആശയധാരയില്‍ ലയിയ്ക്കുന്നതിന് രാഷ്ട്രീയമോ ധാര്‍മ്മികമോ ആയ പ്രതിബന്ധങ്ങള്‍ യഹൂദര്‍ക്ക് ഉള്ളതായി അദ്ദേഹം കരുതുന്നില്ല. മാത്രമല്ല അഭയം നല്‍കിയ ഹിന്ദുവിനോട് കൃതജ്ഞതാപൂര്‍ണ്ണമായ സമീപനം പുലര്‍ത്തുന്ന യഹൂദരുടെ ഏറ്റുമുട്ടലുകള്‍ ഇല്ലാതെ വഴങ്ങാനുള്ള മനസ്സിനെയും സവര്‍ക്കര്‍ അനുമോദിയ്ക്കുന്നു.

എന്നാല്‍ ഇസ്ലാമിനെ വിലയിരുത്തുമ്പോള്‍ സവര്‍ക്കറുടെ വംശീയസങ്കുചിതത്വം മറനീക്കി പുറത്തുവരുന്നുണ്ട്. മതരാഷ്ട്രമോഹം, അന്യമതവിരോധം, ഭാരതവിരുദ്ധകാഴ്പ്പാട് തുടങ്ങിയ ഇന്ത്യന്‍ മുസ്ലിമിന്റെ അടിസ്ഥാനസ്വഭാവരൂപങ്ങളെ ഹിന്ദുക്കള്‍ സംശയത്തോടെയും അവിശ്വാസത്തോടെയും തന്നെ കാണേണ്ടതുണ്ട് എന്ന് സവര്‍ക്കര്‍ പറയുന്നുണ്ട്. മതപരമോ സാംസ്‌കാരികമോ മതപരമോ ആയ യാതൊരുവിധ പ്രത്യേക പരിഗണനയും മുസ്ലിമുകള്‍ക്ക് കൊടുത്തുകൂടാ എന്ന നിഷ്‌കര്‍ഷയും അദ്ദേഹം മുന്നോട്ട് വെയ്ക്കുന്നു. മുസ്ലിമുകള്‍ക്ക് മുന്നില്‍ മതസാഹോദര്യത്തിന്റെയും വിട്ടുവീഴ്ചയുടെയും പേരില്‍ ‘മുട്ടിലിഴയുന്ന’ ഗാന്ധി-നെഹ്റു നേതൃത്വത്തെ സവര്‍ക്കര്‍ കണക്കിന് ശകാരിയ്ക്കുന്നുമുണ്ട്.

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

രാഷ്ട്രീയാധികാരം കൈപ്പിടിയില്‍ ഒതുക്കുന്നതോടെ മാത്രമേ മേല്പറഞ്ഞ ഹിന്ദുശക്തീകരണവും ഗാന്ധി-നെഹ്റു പാതയില്‍ നിന്ന് ഹിന്ദുത്വവഴികളിലേക്കുള്ള രാഷ്ട്രത്തിന്റെ സാംസ്‌കാരിക ഗതിമാറ്റവും സാധ്യമാകൂ എന്നും സവര്‍ക്കര്‍ കുറിയ്ക്കുന്നുണ്ട്. സവര്‍ക്കറുടെ സ്വപ്നസാക്ഷാല്‍ക്കാരം എന്ന നിലയ്ക്ക് നിലവില്‍ വന്ന ഹിന്ദുമഹാസഭയും പിന്നീട് രാഷ്ട്രീയാധികാര പ്രാപ്തിയ്ക്കായി രൂപീകരിച്ച ഭാരതീയ ജനസംഘവും ലക്ഷ്യം നേടാതെ കൊഴിഞ്ഞു പോയി എന്നത് സത്യമാണ്.

എന്നാല്‍, മുസ്ലിം വിരോധം എന്ന ഒരൊറ്റ ആശയത്തിന്റെ കഠാരമൂര്‍ച്ചയില്‍ ഒരു മഹാരാജ്യത്തെയാകെ നെടുകെ വെട്ടിപ്പിളര്‍ന്ന് സമസ്താധികാരവും നീതിന്യായവ്യവസ്ഥയുടെ പോലും മേല്‍ സര്‍വ്വാധിപത്യവും സ്ഥാപിയ്ക്കാനായി ആര്‍.എസ്സ്.എസ്സിന് കരുത്തു പകര്‍ന്നത് യഥാര്‍ത്ഥത്തില്‍ സവര്‍ക്കര്‍ ചൊല്ലിക്കൊടുത്ത ഈ ബാലപാഠങ്ങളാണ് എന്നതില്‍ എനിയ്ക്ക് സംശയമില്ല. ആര്‍.എസ്സ്.എസ്സ്. സ്ഥാപകനായ ഡോ.ഹെഡ്‌ഗേവാര്‍ സവര്‍ക്കറെ സന്ദര്‍ശിയ്ക്കുന്നതും അദ്ദേഹത്തിന്റെ Hindutva എന്ന ഗ്രന്ഥത്തിലെ ഹിന്ദുരാഷ്ട്ര നിര്‍മ്മാണനിര്‍ദ്ദേശങ്ങളെ സമഗ്രമായിത്തന്നെ ഉള്ളിലേയ്ക്ക് സന്നിവേശിപ്പിയ്ക്കുന്നതുമെല്ലാം നാം ഇതിനൊപ്പം ചേര്‍ത്ത് വെച്ച് മനസ്സിലാക്കേണ്ടതാണ്.

ഭരണഘടനാശില്പിയായ ഡോ.അംബേദ്കര്‍ തന്റെ Pakistan or the Partition of India എന്ന ഗ്രന്‍ഥത്തില്‍ സ്വാതന്ത്ര്യാനന്തര ഭാരതത്തെക്കുറിച്ചുള്ള സവര്‍ക്കറുടെ കാഴ്ചപ്പാട് വ്യക്തമാക്കുന്നുണ്ട്. മുസ്ലീമുകളുമായി തുല്യാധികാരം പങ്കിടാന്‍ വിസമ്മതിയ്ക്കുന്ന അവരെ ഏത് വിധേനയും തങ്ങളുടെ കാല്‍കീഴില്‍ ഒതുക്കാന്‍ നിശ്ചയിച്ചുറപ്പിച്ച ഒരു ഹിന്ദു സമൂഹത്തെയാണ് സവര്‍ക്കര്‍ അവിടെ സ്വപ്നം കാണുന്നത്. വിശാലവും സര്‍വ്വശക്തവുമായ ഹിന്ദുരാഷ്ട്രത്തിന് കീഴില്‍ വിനീതവിധേയരായി കഴിയുന്ന മുസ്ലിം രാഷ്ട്രമാണ്, അല്ലാതെ ഹിന്ദുവിന്റെ പുണ്യഭൂമിയ്ക്ക് ഭാവിയില്‍ വെല്ലുവിളി ഉയര്‍ത്താന്‍ സാധ്യതയുള്ള സ്വതന്ത്ര പാകിസ്ഥാനല്ല വേണ്ടത് എന്ന കുശാഗ്രനയതന്ത്രജ്ഞതയും സവര്‍ക്കര്‍ ഇവിടെ വെളിവാക്കുന്നു. മുസ്ലിം വിരോധമുള്ള സവര്‍ക്കര്‍ അവരെ സ്വാതന്ത്രരാക്കുന്നതിന് പകരം ഇന്ത്യയില്‍ വരിഞ്ഞുമുറുക്കി നിര്‍ത്തണമെന്ന് നിര്‍ബന്ധം പിടിയ്ക്കുന്നത് എന്തിനാവും എന്ന് ഡോ.അംബേദ്കര്‍ പോലും അതിശയിയ്ക്കുന്നുണ്ട്.

ഉത്തരം കിട്ടാത്ത ആ സമസ്യയ്ക്കുള്ള കൃത്യമായ ഉത്തരമാണ് ഏഴ് ദശകങ്ങള്‍ക്കിപ്പുറം ഇന്നത്തെ ഇന്ത്യയുടെ തെരുവുകളില്‍ സംഘ് പരിവാര്‍ നമുക്ക് കാട്ടിത്തരുന്നത്.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Social | Tags: , , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply