ആരും കാണാതെ സതീഷ് കടന്നുപോകുമ്പോള്‍

സി ശരത്ചന്ദ്രന്റെ മരണത്തെ തുടര്‍ന്ന് ചെറിയൊരു ഹാന്‍ഡി കാമറയുമായി കഴിഞ്ഞ പത്തുവര്‍ഷമായി കേരളത്തിലെ ഏതാണ്ടെല്ലാ ജനകീയ സമരയിടങ്ങളിലും സതീഷ് എത്താറുണ്ട്. അത് ഡോക്യുമെന്റ് ചെയ്യാറുണ്ട്. അതൊന്നും ഡോക്യുമെന്ററി ആക്കാന്‍ പലപ്പോഴും കഴിഞ്ഞിരുന്നില്ലെങ്കിലും അത് വലിയൊരു സമാന്തര ഡോക്യൂമെന്റഷന് ആയിരുന്നു. പക്ഷേ അതെല്ലാം 2018 ലെ കേരളത്തിലെ വലിയ പ്രളയത്തെ തുടര്‍ന്ന് നശിച്ചുപോയി. അതില്‍ അതിയായി സങ്കടപ്പെട്ടിരുന്നു സതീഷ്. ആ നാളുകളിലെ സതീഷേട്ടനെകുറിച്ചു പറയാന്‍ വയ്യ.

ഇന്നലെ അന്തരിച്ച കെ.സതീഷ് ഇന്ന് പോകുന്നത് ആരും കാണാതെയാണ്. കോവിഡ് കാലത്തു പ്രോട്ടോകോള്‍ അനുസരിച്ചു നാലോ അഞ്ചോ പേരടങ്ങുന്ന അവസാനകര്‍മ്മങ്ങള്‍. സതീഷിനെ കാണാന്‍ ആഗ്രഹിക്കുന്ന നിരവധി സുഹൃത്തുക്കള്‍ ഉണ്ട്. പക്ഷെ ആര്‍ക്കും അതിന് നിവൃത്തിയില്ല. മഹാമാരിയുടെ ഭീതിയില്‍ ഏകാകിയായി സതീഷ് പോയി. അത്ര കണ്ടീഷന്‍ ഒന്നുമല്ലാതിരിക്കുന്ന ബൈക്കില്‍ പലപ്പോഴും ഇന്ത്യയുടെ നോര്‍ത്ത് ഈസ്റ്റിലേക്കോ ഹിമാലയത്തിലേക്കോ ഒറ്റയ്ക്ക്, എപ്പോഴും പോകുന്ന ഒരു യാത്രപോലെ.

സതീഷ് അഥവാ ചക്‌ളി എന്ന് സുഹൃത്തുക്കളും അദ്ദേഹത്തെ മനസ്സിലാക്കിയ അടുപ്പമുള്ള ചില ഇളം പ്രായക്കാര്‍ ചക്‌ളി ചേട്ടന്‍ എന്നും വിളിക്കാറുള്ള മനുഷ്യന്‍ കേരളത്തിലെ ഇതുവരെ എഴുതപ്പെടാത്ത ഒരു ചരിത്ര ഘട്ടത്തില്‍ വളരെ പ്രധാന പങ്കു വഹിച്ച വ്യക്തിയാണ്. ഡോക്യുമെന്ററി സംവിധായകരായ കെ പി ശശിയും പി ബാബുരാജും ചേര്‍ന്ന് 1984 ല്‍ കേരളം കേന്ദ്രീകരിച്ചു പ്രവര്‍ത്തനം തുടങ്ങിയ മീഡിയ കളക്ടീവ് എന്ന ബദല്‍ ആക്ടിവിസ്റ്റ് സിനിമാ പ്രവര്‍ത്തങ്ങളുടെ ജീവനാഡിയായിരുന്നു സതീഷ്. അക്കാലത്തു മീഡിയ കളക്ടീവ് നിര്‍മിച്ച മത്സ്യത്തൊഴിലാളികളുടെ ജീവിതവും അതിജീവന സമരങ്ങളും പ്രമേയമാക്കിയ ‘വി ഹൂ മേക് ഹിസ്റ്ററി’ ആലുവയിലെ ഇന്ത്യന്‍ റെയര്‍ എര്‍ത് കമ്പനിയുടെ ന്യൂക്ലിയര്‍ മലിനീകരത്തെക്കുറിച്ചു സോഷ്യല്‍ ശാസ്ത്രജ്ഞനായ വി ടി പദ്മനാഭന്റെ പുസ്തകത്തെ അധികരിച്ചുള്ള ‘ലിവിങ് ഇന്‍ ഫിയര്‍’ ആധുനിക വൈദ്യശാസ്ത്ര മരുന്നുകളുടെ പ്രത്യാഘാതങ്ങളെ കുറിച്ചുള്ള ‘ഇന്‍ ദി നെയിം ഓഫ് മെഡിസിന്‍ ‘ തുടങ്ങിയ സമൂഹത്തിന്റെ കണ്ണ് തുറപ്പിക്കേണ്ടതായ ഡോക്യുമെന്ററി ചിത്രങ്ങള്‍ കേരളത്തിന്റെ എണ്ണിയാലൊടുങ്ങാത്ത ഇടങ്ങളില്‍ രാപ്പകലുകളില്ലാതെ കൊണ്ടുനടന്നു പ്രദര്‍ശിപ്പിച്ചത് സതീഷ് ആയിരുന്നു. വലിയ വിസിആറും ടിവിയും താങ്ങിപ്പിടിച്ചു നഗര-ഗ്രാമ വ്യത്യാസമില്ലാതെ, വല്ലാത്തൊരു സാമൂഹ്യ ധര്‍മ്മ ബോധത്തോടെ 1984 തൊട്ട് കുറെ വര്‍ഷങ്ങള്‍ തുടര്‍ച്ചയായി യാത്ര ചെയ്തു സതീഷ്. പത്തുവര്‍ഷം മുന്‍പ് നമ്മെ വിട്ടുപോയ ജനകീയ ഡോക്യുമെന്ററി സംവിധായകനും ആക്ടിവിസ്റ്റുമായ സി ശരത്ചന്ദ്രനും സതീഷും വ്യത്യസ്തമായ രീതിയില്‍ ഈ മീഡിയ ആക്ടിവിസം ചെയ്തവരാണ്. രണ്ടു വിധത്തില്‍ ഡോക്യുമെന്ററി ചിത്രങ്ങളുമായി സമൂഹത്തില്‍ നേരിട്ട് ഇടപെട്ട അപൂര്‍വ്വ മനുഷ്യരാണിരുവരും. ആ വര്‍ഷങ്ങളില്‍ തന്നെ വീഡിയോ റാലി എന്ന് പേരിട്ടുള്ള പ്രദര്‍ശന യാത്ര തുടങ്ങിയപ്പോള്‍ ബസ് സ്റ്റാന്‍ഡുകളും നഗര പ്രദേശങ്ങളും ഈ സിനിമകള്‍ കാണിക്കാനായി തിരഞ്ഞെടുത്തു. പ്രദര്‍ശനം കാണാനെത്തുന്ന മനുഷ്യരോട് സിനിമയുടെ രാഷ്ട്രീയം സംസാരിക്കുന്നതില്‍ എപ്പോഴും ജാഗ്രത കാണിച്ചിരുന്നു സതീഷ്. അതിനു വളരെ ഉത്സാഹിയായിരുന്നു. ഇന്ത്യയിലെ ആദ്യത്തെ ആണവ വിരുദ്ധ ഡോക്യുമെന്ററി ചിത്രമാണ് 1986 ല്‍ നിര്‍മ്മിച്ച ‘ലിവിങ് ഇന്‍ ഫിയര്‍’. ഈ ചിത്രം കാണിക്കുന്നതോടൊപ്പം ആണവ വികിരണത്തിന്റെ ആരോഗ്യ -പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ ജനങ്ങളിലേക്കെത്തിക്കുന്നതിലും നിര്‍ണ്ണായക പങ്കു വഹിച്ച വ്യക്തിയാണ് സതീഷ്.

1993 ല്‍ കെ പി ശശി സംവിധാനം ചെയ്ത സ്ത്രീപക്ഷ സിനിമയായ ‘ഇലയും മുള്ളും’ എന്ന ചലച്ചിത്രത്തിന്റെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ ആയി സതീഷ് പ്രവര്‍ത്തിച്ചു. ശശിയും ബാബുരാജും ഡല്‍ഹി കേന്ദ്രമാക്കി ആല്‍കോം ട്രസ്റ്റ് ഉണ്ടാക്കി മീഡിയ ആക്ടിവിസം തുടര്‍ന്നപ്പോള്‍ അതില്‍ സതീഷും കെ സി സന്തോഷ്‌കുമാറും സജീവ പ്രവര്‍ത്തകരായിരുന്നു. ഈ യാത്രയില്‍ പലപ്പോഴും എത്തിയിരുന്ന മറ്റൊരു സുഹൃത്താണ് ചാള്‍സ് എന്ന് സുഹൃത്തുക്കള്‍ വിളിക്കുന്ന സതീഷ് തിട്ടമംഗലം.

സി ശരത്ചന്ദ്രന്റെ മരണത്തെ തുടര്‍ന്ന് ചെറിയൊരു ഹാന്‍ഡി കാമറയുമായി കഴിഞ്ഞ പത്തുവര്‍ഷമായി കേരളത്തിലെ ഏതാണ്ടെല്ലാ ജനകീയ സമരയിടങ്ങളിലും സതീഷ് എത്താറുണ്ട്. അത് ഡോക്യുമെന്റ് ചെയ്യാറുണ്ട്.  ഡോക്യുമെന്ററി ആക്കാന്‍ പലപ്പോഴും കഴിഞ്ഞിരുന്നില്ലെങ്കിലും അത് വലിയൊരു സമാന്തര ഡോക്യൂമെന്റഷന് ആയിരുന്നു. പക്ഷേ അതെല്ലാം 2018 ലെ കേരളത്തിലെ വലിയ പ്രളയത്തെ തുടര്‍ന്ന് നശിച്ചുപോയി. അതില്‍ അതിയായി സങ്കടപ്പെട്ടിരുന്നു സതീഷ്. ആ നാളുകളിലെ സതീഷേട്ടനെകുറിച്ചു പറയാന്‍ വയ്യ.

കാതിക്കുടത്തെ നിറ്റാ ജെലാറ്റിന്‍ കമ്പനിയുണ്ടാക്കുന്ന മലിനീകരണത്തെ കുറിച്ചുള്ള സതീഷിന്റെ ‘കറുത്ത ദൈവത്തെ തേടി കാതിക്കുടം’ എന്ന ഡോക്യുമെന്ററി ചിത്രം ഏറെ ശ്രദ്ധേയമാണ്. അത് കുറെ വേദികളില്‍ പ്രദര്‍ശിപ്പിച്ചു. കേരള ഡോക്യുമെന്ററി ഷോര്‍ട് ഫിലിം ഫെസ്റ്റിവലില്‍ ചിത്രം മത്സര വിഭാഗത്തില്‍ ഉണ്ടായിരുന്നു.

കഴിഞ്ഞ കുറെ വര്‍ഷമായി നിരന്തരം യാത്രചെയ്യുന്ന ആളാണ് സതീഷ്. ഒരു ബൈക്കും ഒന്നോ രണ്ടോ ഉടുപ്പുമായി ഒറ്റപ്പോക്ക് പോകുന്ന ഈ മനുഷ്യന്‍ മിക്കവാറും വടക്കേ ഇന്ത്യയിലെ ഗ്രാമങ്ങളിലോ ഹിമാലയത്തിന്റെ ലഡാക്കിലോ ഒക്കെയാണ് ഉണ്ടാവുക. അവിടമൊക്കെ കയ്യിലുള്ള ഹാന്‍ഡി ക്യാമറയില്‍ ഷൂട്ട് ചെയ്യും. വലിയൊരു സൗഹൃദത്തിന് ഉടമയായിരുന്നു . ഇന്നലെ കാസര്‍ഗോഡാണ് എന്ന് പറയും ഇന്ന് നമ്മള്‍ തൃശ്ശൂരില്‍ നില്‍ക്കുന്നതിനിടെ അപ്രതീക്ഷിതമായി പ്രത്യക്ഷപ്പെടും. ഇപ്പോഴും എവിടെയും കാണാനാവുകയും അതുപോലേ കാണാതിരിക്കാനാവുകയും ഒരാള്‍.

വയനാട്ടിലെ കനവിലെ ഇന്നത്തെ മുതിര്‍ന്ന കുട്ടികളോടെല്ലാം ആത്മബന്ധം സൂക്ഷിച്ചു പോന്നു സതീഷ്. ലീല, മന്ഗളു്, സന്തോഷ് തുടങ്ങിയ കുറെ കുട്ടികള്‍ക്കെല്ലാം സതീഷ് സ്വന്തം മാമനാണ്. ആത്മബന്ധം സൂക്ഷിക്കാനും മനസ്സ് മാറ്റിവെച്ചയൊരാള്‍. പ്രായ ഭേദമന്യേ സൗഹൃദങ്ങള്‍ കാത്തുപോന്ന സതീഷ് ശരിയായി വേറിട്ട് നടന്നൊരാളാണ്.

ഇതൊന്നുമല്ലാത്ത മറ്റൊരു സതീഷിനെയും നമുക്ക് കാണാനായി. ജൈവ കൃഷിയെക്കുറിച്ചു നിരന്തരം സംസാരിക്കുകയും പറ്റാവുന്ന വിധം അത് വീട്ടില്‍ പരീക്ഷിക്കുകയും  സുഹൃത്തുക്കളെ കാണിക്കുകയും വിളവായത് അവര്‍ക്കു പറിച്ചു നല്‍കുകയും ചെയ്യുന്ന ഒരു സതീഷ് ആണത്.

കഴിഞ്ഞ വര്‍ഷം ബാംഗ്ലൂരില്‍ നിന്ന് ബൈക്കുമെടുത്തു മറ്റൊരു വടക്കേയിന്ത്യന്‍ യാത്രക്കൊരുങ്ങി സതീഷ്. ബാംഗ്ലൂര്‍ നഗരത്തില്‍ നിന്ന് കുറച്ചു കിലോമീറ്റര്‍ ദൂരത്തുവെച്ചു ബൈക്കൊന്നു തെന്നി വീണു. തലയ്ക്കു അത്ര അത്ര നിസ്സാരമല്ലാത്ത പരിക്ക് പറ്റിയ സതീഷ് ഓര്‍മ വന്നും പോയുമൊക്കെ മാസങ്ങളായി കിടപ്പിലായിരുന്നു. തൃശൂര്‍ കൊട്ടേക്കാട് സ്വദേശിയും തിരുവനന്തപുരം നിര്‍മ്മല ഭവന്‍ കോണ്‍വെന്റ് സ്‌കൂളിലെ അധ്യാപികയുമായ ഓമന ചേച്ചിയാണ് സതീഷിന്റെ സഹധര്‍മ്മിണി.

ഓരോ ഘട്ടത്തിലും വൈവിധ്യമായ യാത്രകള്‍ തുടര്‍ന്ന സതീഷ്… ഇന്നലെ ആ വേറിട്ട സഞ്ചാരിയുടെ ചരിത്ര യാത്ര നിലച്ചു. മിക്കവാറും കൈപൊള്ളിയും ഓരോ നിമിഷത്തെയും അനിശ്ചിതത്വത്തോട് കറപിടിച്ച പല്ലുകാട്ടി ചിരിച്ചും പോയിരുന്ന പകരക്കാരനില്ലാത്ത യാത്രക്കാരന്‍…

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Culture | Tags: , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply