ശരത് – സമരമുഖങ്ങളിലെ ക്യാമറകണ്ണ്

രണ്ടര ദശാബ്ദകാലം എവിടെ ജനകീയ പ്രക്ഷോഭം നടന്നിരുന്നു അവിടെയെല്ലാം തുറന്ന കണ്ണുകളുമായി ശരത്തിന്റെ ക്യാമറ ഓടിയെത്തിയിരുന്നു. സൈലന്റ് വാലി മുതല്‍ ചെങ്ങറ വരെയുള്ള പ്രക്ഷോഭങ്ങള്‍ ആ ക്യാമറ ഒപ്പിയെടുത്തു. കേവലം ഡോക്യുമെന്ററി നിര്‍മ്മാതാവായിട്ടായിരുന്നില്ല ശരത് ഈ സമരവേദികളില്‍ എത്തിയിരുന്നത് – മറിച്ച് സമരക്കാരിലൊരാളായി. ഓരോ പോരാട്ടത്തിലും തുടക്കം മുതല്‍ ഒടുക്കംവരെ ക്യാമറക്കൊപ്പം ശരത്തിന്റെയും സജീവസാന്നിധ്യം. – ക്യാമറ സമരായുധമാക്കിയ ശരത് ചന്ദ്രന്റെ ഓര്‍മ്മ ഒരിക്കല്‍ കൂടി….. 2015ല്‍ ക്രിട്ടിക് പ്രസിദ്ധീകരിച്ച കുറിപ്പ് പുനപ്രസിദ്ധീകരിക്കുന്നു…..

ശരത് ചന്ദ്രന്റെ ഹൃദയവും ക്യാമറയും നിശ്ചലമായപ്പോള്‍ എഴുതിയത്.

മിനിഭോപ്പാലായി മാറിക്കൊണ്ടിരിക്കുന്ന ചാലക്കുടിക്കടുത്ത് കാതിക്കുടം നിവാസികളുടെ ദുരന്തങ്ങള്‍ക്കുനേരെയായിരുന്നു അവസാനമായി ശരത് ചന്ദ്രന്റെ ക്യാമറ കണ്ണു തുറന്നത്. നിറ്റ ഇന്ത്യ ജലാറ്റിന്‍ ലിമിറ്റഡ് പുറത്തുവിടുന്ന വിഷവസ്തുക്കള്‍ക്കുമുന്നില്‍ ജീവിതം എരിഞ്ഞടങ്ങുന്ന കാതിക്കുടം നിവാസികള്‍ ശരത് ചന്ദ്രനെ കാത്തിരുന്നു. ആ മാര്‍ച്ച 31 രാത്രി. എന്നാല്‍ തൃശൂരില്‍ നിന്നുള്ള ട്രെയിന്‍ യാത്രയില്‍ പാളത്തില്‍ വീണ് ആ ക്യാമറകണ്ണുകള്‍ അടയുകയായിരുന്നു – എന്നന്നേക്കുമായി. ഒരു ആക്ടിവിസ്റ്റ് ഫിലിം മേക്കറുടെ ദാരുണമായ അന്ത്യം.
രണ്ടര ദശാബ്ദകാലം എവിടെ ജനകീയ പ്രക്ഷോഭം നടന്നിരുന്നു അവിടെയെല്ലാം തുറന്ന കണ്ണുകളുമായി ശരത്തിന്റെ ക്യാമറ ഓടിയെത്തിയിരുന്നു. സൈലന്റ് വാലി മുതല്‍ ചെങ്ങറ വരെയുള്ള പ്രക്ഷോഭങ്ങള്‍ ആ ക്യാമറ ഒപ്പിയെടുത്തു. കേവലം ഡോക്യുമെന്ററി നിര്‍മ്മാതാവായിട്ടായിരുന്നില്ല ശരത് ഈ സമരവേദികളില്‍ എത്തിയിരുന്നത് – മറിച്ച് സമരക്കാരിലൊരാളായി. ഓരോ പോരാട്ടത്തിലും തുടക്കം മുതല്‍ ഒടുക്കംവരെ ക്യാമറക്കൊപ്പം ശരത്തിന്റെയും സജീവസാന്നിധ്യം. കൂടെ സഹപ്രവര്‍ത്തകന്‍ ബാബുരാജ്. പ്രചോദനം ആരെന്ന ചോദ്യത്തിന് ശരത്തിന്റെ  ഉത്തരം ആനന്ദ് പട്‌വര്‍ദ്ധന്‍ എന്നായിരുന്നു. പിന്നെ ഒരു പൊതു പ്രവര്‍ത്തകന്‍ എങ്ങനെയായിരിക്കണമെന്ന് മലയാളിക്ക് സ്വജീവിതത്തിലൂടെ തെളിയിച്ചുകൊടുത്ത മുത്തച്ഛന്‍ പ്രൊഫ എം.പി മന്മഥന്‍.

കേരളത്തിന്റെ പരിസ്ഥിതി സാംസ്‌കാരികരംഗത്ത് പുതിയ  ഒരു മാനം രചിച്ച അരിയന്നൂര്‍ ക്യാമ്പില്‍ ശരത്തും ബാബുരാജും പങ്കെടുത്തിരുന്നു. 1986ല്‍. അതായിരുന്നു ഒരുപക്ഷെ തുടക്കം എന്നുപറയാം. ബാംഗ്ലൂര്‍ ആസ്ഥാനമായി ആക്ടിവിസ്റ്റ് സിനിമാ പ്രവര്‍ത്തനം നടത്തുന്ന സി.പി.ഐ നേതാവും ചിന്തകനുമായിരുന്ന കെ.ദാമോദരന്റെ മകന്‍ കെ.പി. ശശിയും ക്യാമ്പില്‍ ഉണ്ടായിരുന്നു. ശശി അതിനു മുമ്പുതന്നെ സിനിമാനിര്‍മ്മാണം ആരംഭിച്ചിരുന്നു. വി ഹു മെയ്ക്ക് ഹിസ്റ്ററി എന്നപേരില്‍ മത്സ്യത്തൊഴിലാളികളുടെ ജീവിതത്തെ കേന്ദ്രീകരിച്ച് ശശി ചെയ്ത സിനിമ ഏറെ ശ്രദ്ധേയമായിരുന്നു. എന്തുകൊണ്ട് നമുക്ക് ക്യാമറ ഒരു സമരായുധമാക്കിക്കൂടാ എന്നതായിരുന്നു ക്യാമ്പില്‍ ഇവരുന്നയിച്ച മുഖ്യ ചോദ്യം. തീര്‍ച്ചയായും സാധിക്കും എന്നായിരുന്നു മുഖ്യ സംഘാടകരായിരുന്ന ഡോ. സതീഷ്ചന്ദ്രന്റെയും പ്രൊഫ പി നാരായണമേനോന്റേയും സിവിക് ചന്ദ്രന്റേയും മറുപടി. അങ്ങനെയാണ് പൂയംകുട്ടിയെ കേന്ദ്രീകരിച്ച് ആദ്യഫിലിം ചെയ്തത്. പൂയംകുട്ടി പദ്ധതിക്കെതിരായ വികാരം വളര്‍ത്തിയെടുക്കുന്നതില്‍ മറ്റു സമരങ്ങളോടൊപ്പം സിനിമയും പ്രധാന പങ്കുവഹിച്ചു. ഒരുപക്ഷെ കേരളത്തിലെ ആദ്യത്തെ കാമ്പയിന്‍ സിനിമയായിരുന്നു അത്.

തുടര്‍ന്നാണ് ഏറെ ചര്‍ച്ചചെയ്യപ്പെട്ട പശ്ചിമഘട്ടരക്ഷായാത്ര നടന്നത്. കന്യാകുമാരിയില്‍നിന്ന് ഗോവവരെ പശ്ചിമഘട്ടത്തിലൂടെ മാസങ്ങള്‍ നീണ്ടുനിന്ന യാത്ര. 1987ല്‍ ആയിരുന്നു അത്. 20 ദിവസത്തോളം ശരത്തും യാത്രയില്‍ പങ്കാളിയായി. ക്യാമറയുമായി.. പശ്ചിമഘട്ടപര്‍വ്വത നിരകള്‍ നേരിടാന്‍ പോകുന്ന ദുരന്തങ്ങള്‍ ശരത്തിന്റെ ക്യാമറ ഒപ്പിയെടുത്തു. പറമ്പിക്കുളം – സൈലന്റ് വാലി – നിലമ്പൂര്‍ മേഖലകളിലായിരുന്നു പ്രധാനമായും കേന്ദ്രീകരിച്ചത്. പശ്ചിമഘട്ട യാത്ര – ഒരു കേരളീയാനുഭവം എന്നായിരുന്നു ഡോക്യുമെന്ററിയുടെ പേര്.  ഭോപ്പാലില്‍ നടന്ന അഖിലേന്ത്യാ പ്രകൃതിവര്‍ക്ക്‌ഷോപ്പില്‍ ചിത്രം പ്രദര്‍ശിപ്പിച്ചു. ഒറീസ്സയിലെ ബലിയാപാലില്‍ സ്ഥാപിക്കുമെന്ന് പ്രഖ്യാപിച്ചിരുന്ന ആണവനിലയത്തിനെതിരെ നടന്നിരുന്ന ഉജ്ജ്വലപോരാട്ടം ചിത്രീകരിച്ചിരുന്ന വോയ്‌സസ് ഓഫ് ബലിയാപാല്‍ എന്ന സിനിമയും ക്യാമ്പില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. പ്രസ്തുത സിനിമയുടെ ഒരു കോപ്പിയും സംഘടിപ്പിച്ചായിരുന്നു ശരത് മടങ്ങിയത്. പിന്നീട് കേരളത്തിലുടനീളം അത് പ്രദര്‍ശിപ്പിച്ചു. ഒപ്പം കെ.പി.ശശിയുടെ ലിവിങ്ങ് ഇന്‍ ഫിയര്‍. ആദ്യ കാലത്തെ രണ്ട് ആന്റി ന്യൂക്ലിയര്‍ സിനിമകളായിരുന്നു ഇവ. അങ്ങനെയാണ് ഈ മേഖലയിലെ ആക്ടിവിസത്തിന് തുടക്കമിട്ടത്. ഒപ്പം കെ.പി. ശശി, നര്‍മ്മദാ പ്രക്ഷോഭത്തെക്കുറിച്ച് തയ്യാറാക്കിയ ഡോക്യുമെന്ററിയും ഓടിനടന്ന് പ്രദര്‍ശിപ്പിച്ചു. തുടര്‍ന്ന് സാരംഗ് ഗോപാലകൃഷ്ണനുമായി ചേര്‍ന്ന് സാമൂഹ്യവനവല്‍ക്കരണത്തിന്റെ അശാസ്ത്രീയതയെ കുറിച്ചൊരു സിനിമ ചെയ്തു.

എന്നാല്‍ ഇനിയെന്ത് എന്ന ചോദ്യം ഒരു ചോദ്യചിഹ്നമായി മുന്നില്‍. സ്വന്തമായി ഒരു ക്യാമറയുണ്ട്. വേണമെങ്കില്‍ കഷ്ടപ്പെട്ടാണെങ്കിലും സിനിമ എടുക്കാം. എന്നാല്‍ സിനിമയെടുക്കുന്നതോടൊപ്പം പ്രധാനമായിരുന്നു സിനിമ ജനങ്ങളെ കാണിക്കുന്നത്. സ്വന്തമായി ഒരു പ്രൊജക്ടര്‍ വേണം. വരാന്‍പോകുന്നത് പ്രതിരോധസമരങ്ങളുടെ കാലമാണെന്നത് തിരിച്ചറിയാന്‍ ശരത്തിനും ബാബുരാജിനും കഴിഞ്ഞു. മുഖ്യമായും പാരിസ്ഥിതിക മേഖലയില്‍. വരുംതലമുറക്കുകൂടി അവകാശപ്പെട്ട ഭൂമി. അതിനെ സംരക്ഷിക്കാനുള്ള പോരാട്ടത്തില്‍ ഭാഗഭാക്കാകുക. പക്ഷെ എങ്ങനെ? സിനിമയെടുക്കാനും പ്രദര്‍ശിപ്പിക്കാനും പണം വേണം. മനമില്ലാമനസ്സോടെ അന്നൊരു തീരുമാനമെടുത്തു ശരത് – ഗള്‍ഫില്‍ പോകാന്‍.

എട്ടുവര്‍ഷത്തോളം എല്ലാ ആവേശവും അമര്‍ഷവും ഉള്ളിലൊതുക്കി ഗള്‍ഫില്‍ ജോലി. തിരിച്ചുവന്നത് പ്രൊജക്ടറും മറ്റെല്ലാ സംവിധാനങ്ങളുമായി. ക്യാമറയുമായി പിന്നെ ശരത് പ്രത്യക്ഷപ്പെട്ടത് മറ്റെവിടെയുമല്ല, മാവൂര്‍ ഗ്വാളിയോര്‍ റയോണ്‍സിനെതിരെ ചാലിയാറിനെ സംരക്ഷിക്കാന്‍ വേണ്ടി നടന്ന ഐതിഹാസിക പോരാട്ടത്തില്‍. അങ്ങനെയാണ് ‘ബാക്കിപത്രം’  രൂപം കൊണ്ടത്.
വ്യവസായ വികസനത്തിന്റെ മോഹനവാഗ്ദാനങ്ങളുമായി 1957ലെ ഇ.എം.എസ് മന്ത്രിസഭ, ബിര്‍ളയെ കേരളത്തിലേക്ക് കൊണ്ടുവന്നതിന്റെ ബാക്കിപത്രം. കേരളത്തിലങ്ങോളമിങ്ങോളം മാത്രമല്ല ഇന്ത്യയുടെ മറ്റു ഭാഗങ്ങളിലും ലോകത്തിലെ വിവിധ ഫെസ്റ്റിവലുകളിലും ചിത്രം പ്രദര്‍ശിപ്പിച്ചു. മുംബൈയില്‍ നടന്ന ഇന്റര്‍നാഷണല്‍ ഡോക്യുമെന്ററി ഫെസ്റ്റിവലില്‍ ചിത്രത്തിന് പ്രത്യേക പരാമര്‍ശം ലഭിച്ചു. ‘ബാക്കിപത്രം’ നല്‍കിയ ആത്മധൈര്യം ചില്ലറയായിരുന്നില്ല. പിന്നീട് മരണം വരെ ശരത് വിശ്രമമറിഞ്ഞിട്ടില്ല. ബദല്‍ വിദ്യാഭ്യാസത്തിന്റെ സന്ദേശവുമായി വയനാട്ടില്‍ കെ.ജെ.ബേബി നടത്തിയിരുന്ന ‘കനവ്’നെ കേന്ദ്രീകരിച്ചായിരുന്ന അടുത്ത സിനിമ. ആ പേരില്‍ തന്നെ. അതും ഏറെ ശ്രദ്ധേയമായിരുന്നു – കനവിനെ സാമ്പത്തികമായി സഹായിക്കാന്‍പോലും ആ സിനിമയിലൂടെ കഴിഞ്ഞു. വിദേശികളടക്കം നിരവധിപേര്‍ സിനിമ കണ്ട് കനവില്‍ എത്തിയിട്ടുണ്ട്. കാഠ്മണ്ടുവില്‍ നടന്ന ഫെസ്റ്റിവലില്‍ സിനിമ പ്രദര്‍ശിപ്പിച്ചത് ഏറെ ശ്രദ്ധേയമായിരുന്നു. വിറ്റഴിഞ്ഞ കോപ്പികളുടെ പണം സംഭാവനയായി കനവിന് നല്‍കി.

കനവിനുശേഷം ശരത് എത്തിയത് മറ്റെവിടെയുമല്ല, പ്ലാച്ചിമടയില്‍. ക്യാമറയുമായി എത്രയോ ദിവസം ആദിവാസികള്‍ക്കൊപ്പം. അങ്ങനെ കയ്പുനീര് പുറത്തുവന്നു. സമരത്തിന്റെ സന്ദേശം ലോകം മുഴുവന്‍ എത്തിക്കുന്നതില്‍ സിനിമ വഹിച്ച പങ്ക് നിസ്സാരമായിരുന്നില്ല. സമരം 1000 ദിവസം പിന്നിട്ടപ്പോള്‍  സിനിമയുടെ പുതിയ വെര്‍ഷന്‍ തയ്യാറാക്കാനും ശരത് സമയം കണ്ടെത്തി. ഒരായിരം ദിനങ്ങളും ഒരു സ്വപ്നവും. എത്ര രാജ്യങ്ങളില്‍ സിനിമ പ്രദര്‍ശിപ്പിച്ചു എന്നത് ശരത്തിനു പോലും അറിഞ്ഞിരുന്നില്ല.  ഒരുപക്ഷെ ഏറ്റവും കൂടുതല്‍ രാജ്യങ്ങളില്‍ പ്രദര്‍ശിപ്പിച്ച ഡോക്യുമെന്ററി ഇതായിരിക്കാം. സമരത്തിന് വേണ്ടി കുറെ പണം സംഭാവന നല്‍കാനും കഴിഞ്ഞു. ജര്‍മ്മനിയില്‍ ഫിലിം ഫെസ്റ്റിവലിന് സിനിമയുമായി പോയപ്പോള്‍ ഫീച്ചര്‍ സിനിമയുമായി എത്തിയത് മറ്റാരുമായിരുന്നില്ല. സാക്ഷാല്‍ അടൂര്‍ ഗോപാലകൃഷ്ണന്‍. അടുത്തയിടെ 60 ലക്ഷം പ്രേക്ഷകരുള്ള ഒരു ബ്രസീലിയന്‍ ടിവിയിലും സിനിമ പ്രദര്‍ശിപ്പിച്ചു.. സ്പാനിഷ് ഭാഷയില്‍..

അതിനിടയില്‍ സൈലന്റ് വാലിയുടെ പേര് പാത്രക്കടവ് എന്നാക്കി മാറ്റി പദ്ധതി നടപ്പാക്കിയ സര്‍ക്കാര്‍ ശ്രമം. അതിന് ശരത്തിന്റെയും ബാബുരാജിന്റേയും  മറുപടി ‘ഒരു മഴുവിന്റെ ദൂരം മാത്രം’. തുടര്‍ന്ന് മുത്തങ്ങ. പത്രപ്രവര്‍ത്തകന്‍ പി.കെ. പ്രകാശുമായി സഹകരിച്ച് ആദിവാസികള്‍ നേരിടുന്ന മനുഷ്യാവകാശലംഘനങ്ങളെ കേന്ദ്രീകരിച്ച് ഡോക്യുമെന്ററി.

ഇതിനിടെ തന്റെ ഡ്രീം പ്രോജക്ട് ശരത് തുടങ്ങിയിരുന്നു – നിങ്ങളുടെ വിശ്വസ്തന്‍ ജോണ്‍. ജോണ്‍ അബ്രഹാമിന്റെ സിനിമയെയും ജീവിതത്തെയും കേന്ദ്രീകരിച്ച്. എന്നാല്‍ ഒച്ചിഴയുന്ന വേഗതയിലായിരുന്നു സിനിമാനിര്‍മ്മാണം മുന്നോട്ടു നീങ്ങിയത്.. കാരണം മറ്റൊന്നുമല്ല. പുതിയ പ്രക്ഷോഭങ്ങള്‍ ഉയര്‍ന്നുവരുമ്പോള്‍ നിര്‍ത്തിവച്ച് അങ്ങോട്ടോടും. അങ്ങനെ ചങ്ങറയിലുമെത്തി.  ഭൂമിക്കുവേണ്ടി അവസാനത്തെ ബലി. ആദ്യം സിനിമ  പ്രദര്‍ശിപ്പിച്ചത് ചെങ്ങറയിലെ സമരഭൂമിയില്‍  തന്നെ. സമരത്തിന്റെ സന്ദേശം ലോകത്തെങ്ങുമെത്തിക്കുന്നതില്‍ ഇന്റര്‍നെറ്റിനൊപ്പം സിനിമയും വഹിച്ച പങ്ക് നിര്‍ണ്ണായകം. തുടര്‍ന്ന് പൂര്‍ണ്ണമായും ജോണ്‍ അബ്രഹാമില്‍ കേന്ദ്രീകരിച്ചു. ജോണിന്റെ സുഹൃത്തുക്കളെയും കുടുംബാംഗങ്ങളെയും കണ്ടെത്താനുള്ള ശ്രമം ഏറെ ക്ലേശകരമായിരുന്നു. ഒപ്പം സിനിമകളുടെ ദൃശ്യങ്ങള്‍ കിട്ടാനും. അടുത്ത ബന്ധമുണ്ടായിരുന്നുവെങ്കിലും. ജോണിനുനേരെ ക്യാമറ തിരിക്കാനുള്ള ധൈര്യം ജീവിച്ചിരുന്നപ്പോള്‍ ശരത്തിനുണ്ടായില്ല. ജോണിന്റെ ഒരു ഇന്റര്‍വ്യൂ സംഘടിപ്പിക്കാന്‍ ഏറെ പാടുപെട്ടു. അവസാനം ദൂരദര്‍ശനുവേണ്ടി ആനന്ദ് പട്വര്‍ധന്‍ നടത്തിയ ഇന്റര്‍വ്യൂവിന്റെ ഫൂട്ടേജ് കിട്ടി. രണ്ടു മണിക്കൂറോളം നീണ്ട സിനിമയില്‍ ജോണിന്റെ സഹപ്രവര്‍ത്തകരും സുഹൃത്തുക്കളുമായ നിരവധിപേര്‍ തങ്ങളുടെ ഓര്‍മ്മകള്‍ പങ്കുവെക്കുന്നുണ്ട്. പലയിടത്തും സിനിമ പ്രദര്‍ശിപ്പിച്ചു.

ലാലൂരിന്റേയും ഞെളിയന്‍ പറമ്പിന്റേയും മറ്റും പശ്ചാത്തലത്തില്‍ നഗരമാലിന്യത്തിന്റെ സംസ്‌കരണവുമായി ബന്ധപ്പെട്ട വിഷയങ്ങളെ കേന്ദ്രീകരിച്ച് ഒരു ഡോക്യുമെന്ററി ശരത്തിന്റെ മനസ്സിലുണ്ടായിരുന്നു. വന്‍കിട ഡാമുകള്‍ സൃഷ്ടിക്കുന്ന പാരിസ്ഥിതിക പ്രശ്‌നങ്ങളെ കേന്ദ്രീകരിച്ച് മറ്റൊന്ന്. തുടര്‍ന്ന് ഒരു ഫീച്ചര്‍ ഫിലിം –  പക്ഷെ…

ഇന്ത്യക്ക് പുറത്ത് സിനിമ പ്രദര്‍ശിപ്പിക്കുന്നത് പലപ്പോഴും മറക്കാനാവാത്ത അനുഭവമാകാറുണ്ടെന്ന് ശരത് പറയാറുണ്ട്. വളരെ ഗൗരവപരമായ രീതിയില്‍ പലരും ഡോക്യുമെന്ററികളെ സമീപിക്കുന്നു. ടി.ടി. ശ്രീകുമാറിന്റെ മുന്‍കൈയ്യില്‍ സിംഗപൂരില്‍ പ്ലാച്ചിമട സിനിമ പ്രദര്‍ശിപ്പിച്ചതിനുശേഷം വളരെ ഗൗരവപരമായ ചര്‍ച്ചകളാണത്രെ നടന്നത്… പലപ്പോഴും കേരളത്തില്‍ നടക്കാത്ത രീതിയില്‍ തന്നെ. ചെന്നൈ, ബാംഗ്ലൂര്‍ തുടങ്ങിയ നഗരങ്ങളിലും സമാന്തരസിനിമകള്‍ സജീവമാണ്.

ഡോക്യുമെന്ററികള്‍ക്ക് ഇപ്പോള്‍ വസന്തകാലമാണെന്നും ശരത് പറഞ്ഞിരുന്നു. ടെക്‌നോളജിയിലെ ആധുനികവല്‍ക്കരണം മൂലം ചെലവ് കുറച്ചു സിനിമയെടുക്കാനും പ്രദര്‍ശിപ്പിക്കാനും കാര്യമായ ബുദ്ധിമുട്ടില്ല. ഡോക്യുമെന്ററികളെ കേന്ദ്രീകരിച്ച് നിരവധി ഫെസ്റ്റിവലുകള്‍.. തൃശൂരില്‍ നടക്കുന്ന വിബ്ജിയോര്‍ ഫെസ്റ്റിവല്‍ അന്താരാഷ്ട്ര തലത്തില്‍ തന്നെ ശ്രദ്ധേയം. ഫെസ്റ്റിവലിന്റെ ആര്‍ട്ട് ഡയറക്ടര്‍ കൂടിയായിരുന്നു ശരത്. സിനിമ ഇപ്പോള്‍ പാഠ്യവിഷയവുമാണ്. ഒറ്റയ്ക്ക് വീട്ടിലിരുന്നും സിനിമ കാണാനുള്ള സൗകര്യം. ഇന്റര്‍നെറ്റ് വഴി ലോകമെങ്ങും കാണിക്കാം. ഏതു ജനകീയ പോരാട്ടത്തിന്റെയും സന്ദേശം എല്ലായിടത്തുമെത്തിക്കാന്‍ ഇന്ന് ഏറ്റവും അനുയോജ്യമായ മാധ്യമം സിനിമതന്നെ എന്ന് ശരത് വിശ്വസിച്ചു.
മുത്തച്ഛനോടൊപ്പം ചെറുപ്പത്തില്‍ നടത്തിയ യാത്രകളാണ് സമൂഹത്തെക്കുറിച്ച് ഗൗരവമായി ചിന്തിക്കാന്‍ തനിക്ക് പ്രചോദനമായത് എന്ന് ശരത് എപ്പോഴും പറയുമായിരുന്നു. മരിക്കുമ്പോള്‍ സ്വന്തമായി ഒന്നും തന്നെയില്ലാതിരുന്ന ആ വലിയ മനുഷ്യന്റെ ഓര്‍മ്മകള്‍ തന്നെയായിരുന്നു എന്നും വഴികാട്ടി.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Feedback

2 thoughts on “ശരത് – സമരമുഖങ്ങളിലെ ക്യാമറകണ്ണ്

  1. Avatar for ഐ ഗോപിനാഥ്‌

    Jayesh thodeekalam

    ശരത്തിനെപ്പോലെ കേരളത്തെ സ്നേഹിച്ച, അവകാശങ്ങൾക്ക് വേണ്ടി പോരാടുന്ന ആയിരങ്ങൾക്ക് തുണയായ ഒരാൾ പെട്ടന്ന് ഇല്ലാതായി പോയത് അക്ഷരാർത്ഥത്തിൽ വലിയ നഷ്ടമാണ്.

  2. Avatar for ഐ ഗോപിനാഥ്‌

    Thilakan Edathadan

    ശരത് പ്രവാസി ആയിരുന്നപ്പോൾ ആണ് ഞാൻ അദ്ദേഹത്തിന്റെ ഒപ്പം ജോലി ചെയ്തിരുന്നത്. ആ കാലത്തും ശരത്തിന്റെ സ്വപ്നം നാട് ആണെന്ന് തോന്നിയിട്ടുണ്ട്. അതുകൊണ്ട്തന്നെ വളരെ വേഗം തിരിച്ചു വന്ന് തന്റെ ദൗത്യം തുടർന്നു എന്നാൽ പൂർത്തിയാക്കാൻ കഴിയുന്നതിനു മുന്പേ എന്നെന്നേക്കുമായി യാത്രയായി. അദ്ദേഹത്തിന് എന്റെ പ്രണാമം.

Leave a Reply