ദുരന്തനിവാരണ നിയമപ്രകാരം മണല്‍ വില്‍പ്പന അനുവദനീയമല്ല

ഏറ്റവും പ്രധാനപ്പെട്ട കാര്യം ദുരന്തനിവാരണ നിയമപ്രകാരം മണല്‍ വില്‍ക്കാന്‍ ഉത്തരവ് നല്‍കാന്‍ പാടില്ല എന്നതാണ്. മണല്‍വാരല്‍ നിയന്ത്രണ നിയമത്തിന്റെ അടിസ്ഥാനത്തില്‍ മാത്രമേ അത് ചെയ്യാന്‍ പാടുള്ളൂ.

2018ലെയും 2019ലെയും പ്രളയത്തെ തുടര്‍ന്ന് പുഴകളില്‍ അടിഞ്ഞുകൂടിയ മണല്‍ നീക്കം ചെയ്യുന്നതിനുള്ള ശ്രമത്തിലാണല്ലോ കേരള സര്‍ക്കാര്‍. കേരള ദുരന്തനിവാരണ നിയമപ്രകാരമാണ് ഈ മണലെടുപ്പ് നടത്താന്‍ പോകുന്നത്. പാരിസ്ഥിതികമായ വിലയിരുത്തലുകളൊന്നും നടത്താതെയും രണ്ട് പ്രളയകാലങ്ങളും പങ്കുവച്ച ഒരു പാഠവും ഉള്‍ക്കൊള്ളാതെയുമാണ് സര്‍ക്കാര്‍ ദുരന്തനിവാരണത്തിന്റെ പേരില്‍ മണലുവാരാന്‍ പോകുന്നതെന്ന് ചൂണ്ടിക്കാണിച്ച് പരിസ്ഥിതി പ്രവര്‍ത്തകര്‍ വ്യാപകമായി എതിര്‍പ്പുന്നയിച്ചിട്ടുണ്ട്. പ്രളയത്തെ തുടര്‍ന്ന് പുഴകളില്‍ അടിഞ്ഞുകൂടിയിരിക്കുന്ന മണല്‍ പ്രളയസാധ്യത വര്‍ദ്ധിപ്പിക്കുമെന്ന ചില വിദഗ്ധ മുന്നറിയിപ്പുകളുടെ അടിസ്ഥാനത്തിലാണ് ഈ നടപടിയുമായി മുന്നോട്ടുപോകുന്നത് എന്നാണ് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ ചെയര്‍മാന്‍ കൂടിയായ മുഖ്യമന്ത്രി വിശദീകരിക്കുന്നത്. പ്രളയത്തെ തുടര്‍ന്ന് നദികളില്‍ അടിഞ്ഞുകൂടിയ മണല്‍നീക്കം ചെയ്യുന്നതിനായി റവന്യൂവകുപ്പ് ഒരു പദ്ധതി തയ്യാറാക്കിയിരുന്നു. എന്നാല്‍ നിലവിലെ ഖനന നിയമങ്ങള്‍ക്കും ഹരിത ട്രിബ്യൂണലിന്റെ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ക്കും എതിരാണ് ഈ നടപടിയെന്ന് ചൂണ്ടിക്കാണിച്ച് പരിസ്ഥിതി പ്രവര്‍ത്തകര്‍ രംഗത്തുവന്നതോടെ സര്‍ക്കാര്‍ ഈ വര്‍ഷം ആദ്യം ആ നീക്കത്തില്‍ നിന്നും പിന്മാറുകയായിരുന്നു. എന്നാല്‍ ദുരന്തനിവാരണ നിയമം ഉപയോഗിച്ച് നിലച്ചുപോയ ആ മണലെടുപ്പ് പദ്ധതി പുനരാരംഭിക്കാനുള്ള നീക്കമാണ് ഇപ്പോള്‍ സര്‍ക്കാര്‍ നടത്തുന്നത്. പുഴകളിലെ മണല്‍ ഓഡിറ്റിംഗ് പോലും നടത്താതെയാണ് ഇപ്പോള്‍ മണലെടുപ്പ് ആരംഭിച്ചിരിക്കുന്നത്. പുഴ എന്ന ആവാസവ്യവസ്ഥയുടെ സന്തുലിതാവസ്ഥയ്ക്ക് കോട്ടം വരുന്നതരത്തിലുള്ള നടപടിയായി ഇത് മാറുമെന്ന ആശങ്കയിലാണ് പരിസ്ഥിതി പ്രവര്‍ത്തകര്‍. കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കേണ്ടി വരുന്നതിനാല്‍ പ്രത്യക്ഷമായ സമരങ്ങളൊന്നും രൂപപ്പെട്ടുവന്നില്ലെങ്കിലും ഭാരതപ്പുഴയിലെ മണലെടുക്കാനുള്ള ശ്രമത്തിനെതിരെ തൃത്താലയില്‍ പ്രതിഷേധമുണ്ടായി. ഭാരതപ്പുഴ സംരക്ഷണ സമിതിയും കേരള നദീസംരക്ഷണ സമിതിയും ഇക്കാര്യത്തില്‍ ശക്തമായ എതിര്‍പ്പുമായി മുന്നോട്ടുപോവുകയാണ്. അവരുടെ പ്രതികരണങ്ങള്‍ നോക്കാം.

ഭാരതപ്പുഴ സംരക്ഷണ സമിതി

ഭാരതപ്പുഴയിലെ വെള്ളിയാങ്കല്ല് പ്രദേശത്തു നിന്നും മണല്‍കോരിയെടുക്കാനാരംഭിച്ചത് മുപ്പത് വര്‍ഷമായി പ്രവര്‍ത്തിക്കുന്ന ഭാരതപ്പുഴ സംരക്ഷണ സമിതിയുടെ അംഗങ്ങളായ ഞങ്ങളെ സംബന്ധിച്ച് ഞെട്ടലുണ്ടാക്കുന്ന കാര്യമാണ്. മണലെടുക്കുന്ന പുഴപ്രദേശത്തേയ്ക്ക് പൊതു ജനങ്ങളെ പ്രവേശിപ്പിക്കുന്നത് വിലക്കിക്കൊണ്ടുള്ള ബോര്‍ഡും നാട്ടിയിട്ടുണ്ട് അധികാരികള്‍. ഇത് തീര്‍ത്തും ജനാധിപത്യ വിരുദ്ധമാണ്. പൗരാവകാശത്തിനു നേരെയുള്ള കടന്നാക്രമണമുണ്ടാകുന്നത്, കോവിഡ് മഹാമാരിമൂലമുള്ള സാമൂഹിക നിയന്ത്രണങ്ങള്‍ കാരണം നിയമം അനുസരിക്കുന്ന പൗരര്‍ക്ക് പൊതുപ്രതിഷേധം ഉയര്‍ത്താന്‍ പോലും കഴിയാത്ത ഒരു സന്ദര്‍ഭത്തിലാണ് എന്നതാണ് ഏറെ കൗതുകകരം. ഈ നീക്കത്തിനെതിരെ ഞങ്ങള്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുകയാണ്. ഒപ്പം താഴെ പറയുന്ന കാരണങ്ങള്‍ മുന്‍നിര്‍ത്തി മണലെടുപ്പ് നിര്‍ത്തിവയ്ക്കാനുള്ള ഉത്തരവ് പുറപ്പെടുവിക്കാനും ഞങ്ങള്‍ ജില്ലാ കളക്ടറോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.

1. മണല്‍ കോരി നീക്കുന്നത് പ്രളയ ജലത്തിന്റെ ഒഴുക്ക് സുഗമമാക്കും എന്ന സര്‍ക്കാര്‍ വാദം പൊതുജനങ്ങള്‍ക്ക് സ്വീകാര്യമായേക്കുമെങ്കിലും, എഞ്ചിനീയറിംഗ്/സാങ്കേതിക വിദഗ്ധര്‍ പറയുന്ന വസ്തുതകള്‍ പ്രകാരം ഇത് ഞങ്ങള്‍ക്ക് സ്വീകാര്യമല്ല. അധിക മണല്‍ നിര്‍ണ്ണയിക്കുന്നതിനു സ്വീകരിച്ച രീതികള്‍ തന്നെ സംശയാസ്പദമാണ്.

2. മണല്‍ നീക്കത്തെ അന്ധമായി എതിര്‍ക്കുകയല്ല ഞങ്ങള്‍. മറിച്ച് ഇപ്പോള്‍ ആരംഭിച്ച ഏകപക്ഷീയ മണല്‍വാരലിനു പകരം പുഴത്തടത്തെ അതിന്റെ സ്വാഭാവികതയ്ക്ക് ക്രമപ്പെടുത്തുക എന്നതായിരിക്കണം മുന്‍ഗണന. പ്രാദേശിക ജനസമൂഹെത്ത വിശ്വാസത്തിലെടുത്തുകൊണ്ടും കൂടുതല്‍ ക്രമാനുഗതമായും വിദഗ്ധമായുമാണ് അതുചെയ്യേണ്ടത്. താഴെപ്പറയുന്ന വിധങ്ങളിലുള്ള തുടര്‍ച്ചയായ നിരീക്ഷണവും കരുതലും ഉണ്ടായിരുന്നെങ്കില്‍ പുഴത്തടം ക്രമാതീതമായി താണുപോകുന്നതിനും ചിലയിടങ്ങളില്‍ മാത്രമായി മണല്‍ അടിഞ്ഞുകൂടുന്നതിനും ഇടവരില്ലായിരുന്നു.

– പുഴത്തടത്തിന്റെ കിടപ്പും ഒഴുക്കിന്റെ വിധവും തുടര്‍ച്ചയായി അടയാളപ്പെടുത്തി നിരീക്ഷിക്കേണ്ടതായിരുന്നു. ഇങ്ങിെന ചെയ്യുന്നതുവഴി പുഴയില്‍ ഓരോ ഭാഗത്തും പ്രതിവര്‍ഷം വന്നടിയുന്ന മണലിന്റെ ശരാശരി കനം കണക്കാക്കാനാകുമായിരുന്നു. തടത്തിന്റെ കിടപ്പും ഒഴുക്കിന്റെ~പ്രവേഗവുമനുസരിച്ച് മണലടിഞ്ഞുകൂടുന്നതിന്റെ തോത് വ്യത്യസ്ത സ്ഥലങ്ങളില്‍ വ്യത്യസ്തമായിരിക്കും. അതിനാല്‍ മണല്‍ ശേഖരിക്കപ്പെടുന്നത് നിര്‍ണ്ണയിക്കുവാന്‍ മാനക സമവാക്യങ്ങളെ ആശ്രയിക്കുന്നത് യുക്തിസഹമല്ല.

– ഭാരതപ്പുഴയുടെ ഇന്നു കാണുന്ന ശോച്യാവസ്ഥയ്ക്ക് കാരണം ദശകങ്ങളായുള്ള അശാസ്ത്രീയവും അനിയന്ത്രിതവുമായ മണല്‍വാരലാണ്. നിശ്ചിത ആഴത്തിലേ മണലെടുക്കാവു എന്ന പഠന നിര്‍ദേശങ്ങളും ഉത്തരവുകളും നഗ്നമായി ലംഘിച്ചാണ് മണല്‍മാഫിയകള്‍ ദശകങ്ങളോളം മണല്‍ കടത്തിയത്. ഈ മണല്‍െക്കാള്ളയ്‌ക്കെതിരായി ഭാരതപ്പുഴ സംരക്ഷണ സമിതി നീണ്ട പോരാട്ടം നടത്തിയതിന്റെ കൂടി ഫലമായിട്ടാണ് സര്‍ക്കാര്‍ കേരളത്തിലെ എല്ലാ നദികള്‍ക്കും ബാധകമായ മണല്‍വാരല്‍ നിയമങ്ങളും ചട്ടങ്ങളും നടപ്പില്‍വരുത്തിയത്. ഈ ചരിത്ര പശ്ചാത്തലം കണക്കിലെടുക്കുമ്പോള്‍ മണലെടുപ്പിന് വേണ്ടത്ര ഇടവേള നല്‍കിക്കൊണ്ട് പുഴയൊഴുക്കും തീരപ്രദേശങ്ങളിലെ ജലവിതാനവും ക്രമപ്പെടുത്താന്‍ വേണ്ട അവസരം നല്‍കണമെന്നാണ് ഞങ്ങള്‍ കരുതുന്നത്.

3. സര്‍ക്കാര്‍ പറയുന്ന മണല്‍ ഓഡിറ്റ് റിപ്പോര്‍ട്ട് ഞങ്ങള്‍ കാണുകയുണ്ടായി. അതില്‍ യാതൊരു വിധ ഹൈഡ്രോളജിക്ക്/ഹൈഡ്രോളിക്ക് കണക്കുകൂട്ടലുകളുമില്ല. മണലെടുപ്പിന്റെ ആഴം നിശ്ചയിക്കുന്ന വ്യവസ്ഥകളും ഇല്ല. അതുകൊണ്ടുതന്നെ ഈ സാന്‍ഡ് ഓഡിറ്റ് റിപ്പോര്‍ട്ട് ഞങ്ങള്‍ക്ക് സ്വീകാര്യമല്ല.

4. യഥാര്‍ത്ഥത്തില്‍ നദീതടത്തില്‍ ചളിവന്നു മൂടുന്നതും കാടുവെട്ടുന്നതും തടയാനായി നദിയുടെ പല ഭാഗങ്ങളും മണല്‍കൊണ്ട് നികത്തപ്പെടേണ്ടതുണ്ട്. വേനല്‍ക്കാലത്ത് ഭൂജലവിതാനം ഉയര്‍ത്തുന്നതിനും ഇത് അനിവാര്യമാണ്. നദീതീരപ്രദേശങ്ങളില്‍ വേനലില്‍ വര്‍ഷംതോറും ശുദ്ധജലക്ഷാമം കൂടുതല്‍ രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. നിയമം ലംഘിച്ച് മണല്‍വാരി പുഴത്തടം ക്രമാതീതമായി താഴ്ന്നുപോയതുമൂലം ഭൂഗര്‍ഭജലവിതാനം അപകടകരമായി താഴോട്ടുപോയതാണ് ജലക്ഷാമം വര്‍ദ്ധിപ്പിക്കുന്നത്. അതുകൊണ്ടുതന്നെ നിയന്ത്രിതമായ രീതിയിലുള്ള മണലെടുപ്പിന് ഞങ്ങള്‍ സമ്മതിക്കുകയാണെങ്കില്‍ പോലും ആ മണല്‍ ഉപയോഗിക്കേണ്ടത് പുഴയിലെ (മുന്‍കാല മണലൂറ്റലിന്റെ ഫലമായി) രൂപപ്പെട്ട ആഴമേറിയ ചാലുകള്‍ നികത്താനായിരിക്കണം എന്നതില്‍ നിര്‍ബന്ധമുണ്ട്.

5. ദുരന്തനിവാരണ നിയമത്തിന് കീഴില്‍ ചിലയിടങ്ങളില്‍ പുഴത്തടം സമമാേക്കണ്ടതുണ്ട് എന്ന് സമ്മതിക്കുമ്പോഴും അതിനായി മണല്‍ പുഴയില്‍നിന്നും നീക്കം ചെയ്യണം എന്ന് സമര്‍ത്ഥിക്കാനാവില്ല. പുഴയില്‍നിന്നും മണലെടുത്ത് വില്‍ക്കാന്‍ ദുരന്തനിവാരണ നിയമം അനുവദിക്കുന്നില്ല.

6. വെള്ളയാങ്കല്ല് റെഗുലേറ്ററിലെ~ഷട്ടറുകള്‍ തുറക്കാനാകാതെ പോയതാണ് വെള്ളിയാങ്കല്ല് പ്രദേശത്തെ പ്രളയം രൂക്ഷമാക്കിയത്. അല്ലാതെ ഒഴുക്കിന് തടസ്സമായി പറയത്തക്ക മറ്റ് കാരണങ്ങള്‍ ഇല്ല.

7. ഭാരതപ്പുഴയെ അതിന്റെ സമഗ്രതയില്‍ സമീപിക്കുമ്പോള്‍ കൈവഴികളായ ചിറ്റൂര്‍പ്പുഴ, കല്‍പ്പാത്തിപ്പുഴ, ഗായത്രിപ്പുഴ തുടങ്ങിയവയില്‍ നിര്‍മ്മിക്കെപ്പട്ട നിരവധി ചെക്ക്ഡാമുകള്‍ പരിപാലിക്കപ്പെടാത്തത് മൂലം ഷട്ടറുകള്‍ പ്രവര്‍ത്തിപ്പിക്കാനാവാത്ത സ്ഥിതിയിയാണ്. അതുമൂലം തടയണ പ്രദേശങ്ങളില്‍ ചണ്ടിയും ചളിയും അടിഞ്ഞുകൂടി ഒഴുക്ക് തടയപ്പെട്ട് മഴക്കാലത്ത് പ്രളയത്തെ വിളിച്ചുവരുത്തുന്നു. ഇത്തരത്തില്‍ ചണ്ടിയും ചെളിയും അടിഞ്ഞുകൂടുന്നതു മൂലം ക്രമത്തില്‍ പുഴത്തടത്തില്‍ പാഴ്‌ച്ചെടികള്‍ വളര്‍ന്നുമുറ്റുന്നതിനും അത് വീണ്ടും ഒഴുക്കിന് വര്‍ദ്ധിച്ച തടസ്സമായി മാറുന്നതിനും കാരണമാകുന്നു.

8. മേല്‍പ്പറഞ്ഞ നിരീക്ഷണങ്ങളുടെ അടിസ്ഥാനത്തില്‍ നോക്കുമ്പോള്‍ മണ്ണിടിച്ചില്‍ മൂലവും മറ്റും ഒഴുകി വന്ന് പുഴത്തട്ടില്‍ അടിഞ്ഞ ചണ്ടിയും ചെളിയും മരത്തടികളും എടുത്തു മാറ്റേണ്ടത് ആവശ്യമാകുമ്പോള്‍ തന്നെ പുഴയില്‍നിന്ന് മണല്‍ എടുത്തു മാറ്റുന്നതും പ്രളയത്തിന്റെ ആഘാതം കുറയ്ക്കില്ല എന്ന് കാണാനും പ്രയാസമില്ല. 2018 ലെ പ്രളയത്തെ കുറിച്ചുള്ള സെന്‍ട്രല്‍ വാട്ടര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ആഗസ്റ്റ് 15, 16, 17 തീയ്യതികളില്‍ ഭാരതപ്പുഴയിലൂടെ ഒഴുകിയ വെള്ളത്തിന്റെ അളവ് 1507 ദശലക്ഷം ഘനമീറ്ററാണ്. ആഗസ്റ്റ് 15-ാം തീയതിയിലെ ഒഴുക്ക് 442 ദശലക്ഷം ഘനമീറ്ററും അതിനു അനുരൂപമായി കീഴ്ത്തടങ്ങളിലെ ശരാശരി ഒഴുക്ക് സെക്കന്‍ഡില്‍ 5100 ഘനമീറ്ററില്‍ അധികവുമാണ്. ഒഴുക്കിന്റെഏറ്റവും ഉച്ചസ്ഥായിയില്‍ ഇത് പ്രടമായും വളരെ കൂടുതലായിരിക്കും. 16-ാം തീയതിയിലെ ഒഴുക്ക് 755 ദശലക്ഷം ഘനമീറ്ററും അനുരൂപമായ ശാരാശരി ഒഴുക്ക് സെക്കന്‍ഡില്‍ 8735 ഘനമീറ്ററുമായിരുന്നു. ഈ കണക്കുകള്‍ ഒരു കാര്യം സംശയമൊട്ടുമില്ലാതെ വെളിപ്പെടുത്തുന്നുണ്ട്. അതായത് പ്രളയം തടയാനെന്ന പേരില്‍ 39,000 ഘനമീറ്റര്‍ മണല്‍കോരി മാറ്റിയാലും അതുവഴി പുഴയിലുണ്ടാകുന്ന സ്ഥലത്ത് വെള്ളം നിറയാന്‍ എതാനും സെക്കന്റഡുകള്‍ മാത്രം മതിയാവും. സെക്കന്‍ഡില്‍ ആയിരം ഘനമീറ്റര്‍ എന്ന വളരെക്കുറഞ്ഞ നിരക്കില്‍ ഒഴുകിയാല്‍പ്പോലും പ്രളയസ്ഥിതിക്ക് മാറ്റം വരില്ല. ഈവക വസ്തുതളെല്ലാം പരിഗണിച്ച് മണലെടുപ്പ് നിര്‍ത്തിവയ്ക്കാനും എല്ലാവര്‍ക്കും പങ്കാളിത്തമുള്ള ഒരു സോഷ്യല്‍ ഓഡിറ്റ് നടത്താനും ആവശ്യപ്പെടുന്നു.

എസ്.പി. രവി (ചാലക്കുടിപ്പുഴ സംരക്ഷണ സമിതി)

വെള്ളപ്പൊക്കത്തിലും ഉരുള്‍പൊട്ടലിലും ഒഴുകിവരുന്ന കല്ലും മണ്ണും മരത്തടികളും ഇല്ലിപ്പടര്‍പ്പുകളും നീക്കം ചെയ്യേണ്ടതാണ്. പുഴമണലിന്റെ സാന്നിധ്യം വെള്ളപ്പൊക്കം വര്‍ദ്ധിപ്പിക്കും എന്ന് തെളിയിക്കപ്പെട്ടിട്ടില്ല. മറിച്ച് പുഴയുടെ മാറില്‍ നിന്നും മണല്‍ നീക്കുന്നത് പുഴയിലെ ജലവിതാനം താഴ്ത്തുമെന്നും അത് സമീപപ്രദേശങ്ങളിലെ ജലവിതാനവും താഴ്ത്തുമെന്നും വേനലില്‍ ജലദൗര്‍ലഭ്യത്തിന് വഴിവയ്ക്കുമെന്നും അനുഭവത്തിലൂടെ തന്നെ നമുക്ക് അറിയാവുന്നതാണ്. കേരളത്തില്‍ വാണിജ്യാടിസ്ഥാനത്തില്‍ വ്യാപകമായി മണലൂറ്റുന്നത് 1975ന് ശേഷമാണ്. രണ്ടോ മൂന്നോ പതിറ്റാണ്ടുകൊണ്ട് തന്നെ പല പുഴകളില്‍ നിന്നും സഹസ്രാബ്ദങ്ങളായി ഒഴുകിയെത്തിയ മണല്‍ മുഴുവന്‍ നീക്കം ചെയ്തു കഴിഞ്ഞു. ഈ നാട്ടിലെ മിക്ക പുഴകളിലെയും ജലവിതാനം മൂന്നും നാലും മീറ്ററും അതിലധികവും താഴ്ന്നു. പുഴയുടെ അടിത്തട്ട് പത്തും പതിനഞ്ചും മീറ്ററും താഴ്ന്നയിടങ്ങളും ധാരാളമുണ്ട്. പുഴയില്‍ ധാരാളം മണലുണ്ടായിരുന്ന കാലത്തില്ലാതിരുന്നതിനേക്കാള്‍ എന്ത് ഭീഷണിയാണ് ഇക്കഴിഞ്ഞ പ്രളയങ്ങളെ തുടര്‍ന്ന് രൂപപ്പെട്ടത് എന്നത് വ്യക്തമല്ല.

വെള്ളപ്പൊക്ക കാലത്ത് ഒഴുകിയെത്തിയ വെള്ളത്തിന്റെ അളവ് പരിഗണിക്കുമ്പോള്‍ മണല്‍ നീക്കം ചെയ്യുക എന്നത് തികച്ചും അപ്രസക്തമായ കാര്യമാണ്. ഉദാഹരണത്തിന് ഭാരതപ്പുഴയില്‍ നിന്നും ഇപ്പോള്‍ 39000 ഘനമീറ്റര്‍ മണല്‍ നീക്കാനാണ് ഉത്തരവിട്ടിരിക്കുന്നത്. 2018ലെ വെള്ളപ്പൊക്കത്തില്‍ ആഗസ്റ്റ് 15, 16, 17 തീയതികളിലായി 1500 ദശലക്ഷം ഘനമീറ്ററിനടുത്ത് വെള്ളമാണ് പുഴയിലേക്ക് ഒഴുകിയെത്തിയത്. ഇതില്‍ ആഗസ്റ്റ് 15ന് സെക്കന്‍ഡില്‍ 5000 ഘനമീറ്ററിലും ഏറെ അധികം നീരൊഴുക്ക് പുഴയിലുണ്ടായിട്ടുണ്ട്. 16ന് ഉണ്ടായ കൂടിയ നീരൊഴുക്ക് സെക്കന്‍ഡില്‍ 10,000 ഘനമീറ്ററിലധികമാണ് എന്നാണ് വിലയിരുത്തപ്പെടുന്നത് (സെക്കന്‍ഡില്‍ ഒരു കോടി ലിറ്റര്‍). അതായത്, ഇപ്പോള്‍ മണല്‍ നീക്കം ചെയ്യുന്നതിലൂടെ ലഭിക്കുന്ന ഇടം നിറയാന്‍ വേണ്ടത് എട്ട് സെക്കന്‍ഡ് മാത്രം. (ആഗസ്റ്റ് 15ലെ നീരൊഴുക്ക് പ്രകാരം). വെള്ളം പടിപടിയായി ഉയരുകയാണെങ്കില്‍ വളരെ ഉയര്‍ന്ന തോതില്‍ വെള്ളം വരുന്നതിനും എത്രയോ മുമ്പുതന്നെ മണലെല്ലാം കവിഞ്ഞ് പുഴയൊഴുകുന്നുണ്ടാകും എന്നതും അനുഭവങ്ങളില്‍ നിന്നും നമുക്ക് അറിയുന്ന കാര്യമാണ്. മറിച്ച് അണക്കെട്ടുകള്‍ തുറക്കുന്നതു മൂലം ഉണ്ടാകുന്നതുപോലെ പെട്ടെന്ന് വെള്ളം ഉയരുകയാണെങ്കില്‍ പുഴയിലെ പാലങ്ങളും തടയണകളുമെല്ലാം ഒഴുക്കിനെ തടസ്സപ്പെടുത്തുകയും സമീപപ്രദേശങ്ങളില്‍ പ്രളയാഘാതം വര്‍ദ്ധിക്കുകയും ചെയ്യാം. എന്നാലും ഇവയൊന്നും പൊളിച്ചുകളയണം എന്ന് ആരും പറയില്ലല്ലോ.

വെള്ളപ്പൊക്കത്തെ തുടര്‍ന്ന് ചിലയിടങ്ങളില്‍ മണല്‍ കൂടുതലായി വന്നിരിക്കുന്നത് രണ്ട് സ്രോതസ്സുകളില്‍ നിന്നാണ്. ഉയര്‍ന്ന വെള്ളപ്പൊക്കത്തില്‍ പതിവിലും അല്‍പ്പം അധികം മണല്‍ സ്വാഭാവികമായും ഒഴുകി വന്നിട്ടുണ്ടാകും. അത് മണലെടുപ്പ് കാരണം പുഴയ്ക്ക് നഷ്ടമായതിന്റെ വളരെ ചെറിയ ഒരു ശതമാനം മാത്രമാണ്. മറ്റൊന്ന് പുഴയില്‍ തന്നെ ഒരു ഭാഗത്തുണ്ടായിരുന്ന മണല്‍ പ്രളയത്തിന്റെ കുത്തൊഴുക്ക് കാരണം മറ്റൊരിടത്ത് നിക്ഷേപിക്കപ്പെട്ടതാണ്. പുഴയില്‍ നിന്നും മണല്‍ നീക്കം ചെയ്യരുതെന്നും ഏതെങ്കിലും പ്രദേശങ്ങളില്‍ (ഭാരതപ്പുഴയിലെ വെള്ളിയാങ്കല്ല് റെഗുലേറ്റര്‍ പോലെ) മണല്‍ ഭീഷണിയാണ് എന്ന് സംശയിക്കുന്നുണ്ടെങ്കില്‍ അത് സമീപപ്രദേശത്ത് തന്നെ തട്ടിനിരത്തുകയോ മണലെടുത്ത് കുഴിയായ ഇടങ്ങളില്‍ നിക്ഷേപിക്കുകയോ ചെയ്യണം എന്നതാണ് ഭാരതപ്പുഴ സംരക്ഷണ സമിതി ആവശ്യപ്പെടുന്നത്.

ഏറ്റവും പ്രധാനപ്പെട്ട കാര്യം ദുരന്തനിവാരണ നിയമപ്രകാരം മണല്‍ വില്‍ക്കാന്‍ ഉത്തരവ് നല്‍കാന്‍ പാടില്ല എന്നതാണ്. മണല്‍വാരല്‍ നിയന്ത്രണ നിയമത്തിന്റെ അടിസ്ഥാനത്തില്‍ മാത്രമേ അത് ചെയ്യാന്‍ പാടുള്ളൂ.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Be the first to write a comment.

Leave a Reply