സ്‌ക്വിഡ് ഗെയിം : സത്യാനന്തര കാലത്തെ ബിംബവത്കൃത ഭീതികള്‍

ബാക്കി നിര്‍ത്തുന്ന അനേകം ചോദ്യങ്ങളോടെയാണ് 2021 ല്‍ നെറ്റ്ഫ്‌ളിക്‌സിലൂടെ പുറത്തിറങ്ങിയ കൊറിയന്‍ വെബ്‌സീരീസ് ‘Squid Game’ ന്റെ ആദ്യ സീസണ്‍ അവസാനിക്കുന്നത്. അക്ഷരാര്‍ത്ഥത്തില്‍ തന്നെ ഓരോ നിമിഷവും അപ്രവചനീയമായ കഥാര്‍സിസ് പ്രക്രിയയായി വളരുന്ന ഈ പരമ്പരയെ അതിന്റെ പൂര്‍ണാര്‍ത്ഥത്തില്‍ വിശദീകരിക്കുക അസാധ്യമാകുന്നു. അതുകൊണ്ടുതന്നെ നിലനില്‍ക്കുന്ന സമൂഹത്തിന്റെ ഒരു മെറ്റാഫോറിക് ആഖ്യാനമായി പരിഗണിക്കുകയാണ് ഇവിടെ.

ചിട്ടപ്പെടുത്തപ്പെട്ട ജീവിതം, സമ്പൂര്‍ണ നിരീക്ഷണം (സോഷ്യല്‍ മീഡിയാ അല്‍ഗോരിതങ്ങളുടെ സജഷനുകള്‍ സഹിതം) , ദുര്‍ജ്ഞാന കേന്ദ്രങ്ങള്‍, സൗത്തേഷ്യന്‍ കീഴാള ജീവിതം, പണത്തോടുള്ള ആര്‍ത്തി, കടം (നമ്മളെയെല്ലാം തലയെണ്ണി കടമെടുത്ത ഒരു രാജ്യത്താണ് നാമുള്ളത്), കുടിയേറ്റ മഹാമോഹങ്ങള്‍, മനുഷ്യരെ കുട്ടികളാക്കി നിലനിര്‍ത്തുന്ന വ്യവസ്ഥിതി; അതിനായുള്ള സാമൂഹിക സമ്മര്‍ദ്ദം, പല തരം അധികാര കേന്ദ്രങ്ങള്‍ ചേര്‍ന്ന സാമൂഹിക ഘടന തുടങ്ങി കൂട്ടത്തിലെ കുതികാല്‍ വെട്ടലുകളിലും വ്യക്തിഗത നിഗൂഢതയും എത്തി നല്‍ക്കുന്ന അഥാവാ അനന്തമായ അടരുകളും അവയുടെ ഉപവ്യാഖ്യാനങ്ങളും തുടര്‍ന്നു തുടര്‍ന്നു പോകുന്ന തരം പ്രത്യയശാസ്ത്രത്തെളിച്ചമാണ് ഈ സീരീസിനെ അതിവിഭിന്നമാക്കി നിര്‍ത്തുന്നത്.

(Squid Game ന്റെ രചയിതാവും സംവിധായകനുമായ Hwang Dong-hyuk തന്നെ പറയുന്നത് തന്റെ പ്രസ്തുത കലാരൂപത്തിന് ‘അതിവേഗം ബഹുദൂരം’ വളരുന്നതുമായ ഈ നവ മുതലാളിത്ത വ്യവസ്ഥിതിയോട് സാരമായ അലര്‍ജിയുണ്ടെന്നാണ്)

സീരീസിന്റെ ഒരു നിര്‍ണായക വഴിത്തിരിവില്‍ ഫ്രഞ്ച് സെക്കോ അനലിസ്റ്റും സൈക്യാട്രിസ്റ്റുമായ ഴാക് ലക്കാന്റെ ഒരു പുസ്തകം കടന്നുവരുന്നുണ്ട് ( സിഗ്മണ്‍ ഫ്രോയ്ഡിനു ശേഷം ഏറ്റവുമധികം കോളിളക്കം സൃഷ്ടിച്ച മനശാസ്ത്രജ്ഞനാണ് ലകാന്‍ ). ആഗ്രഹമെന്നോ ആര്‍ത്തിയെന്നു തന്നെയോ ആരോപിക്കാവുന്ന ഒന്നിനെ മനുഷ്യ സത്തയായി ലകാന്‍ തന്റെ സിദ്ധാന്തങ്ങളിലൂടെ മുന്നോട്ടുവക്കുന്നുണ്ട്. മനുഷ്യന്റെ അസ്തിത്വത്തെ ഉത്തേജിപ്പിക്കുന്നതായ ആഗ്രഹത്തെ/ആര്‍ത്തിയെ അതിന്റെത്തന്നെ ഹൃദയമായി കണക്കാക്കുകയാണ് ലക്കാന്‍ ചെയ്യുന്നത്. അത് ബോധതലത്തിലല്ല; അബോധത്തിന്റെ ആഴങ്ങളിലാണ് നിലകൊള്ളുന്നതെന്നും ലക്കാന്‍ പറയുന്നു.

മനുഷ്യന്റെ ജൈവ വാസനയായ ആധിപത്യത്തെ; മറ്റു ചിലരില്‍ അതിലൂടെയുള്ള അതിജീവന വ്യഗ്രതയെ പ്രതീക്ഷകളുടേയും നിരാശകളുടേയും ഗഹന സമ്മിശ്രതകളോടെ ഈ പരമ്പര തുറന്നുവക്കുന്നു. തീര്‍ക്കാന്‍ ശ്രമിക്കുന്തോറും അറ്റമേറുന്ന ബാധ്യതകളാണ് ബഹുഭൂരിപക്ഷത്തെയും നയിക്കുന്നതെങ്കില്‍ ഒരു അതിന്യൂനപക്ഷത്തിനത് ഒരിക്കലുമൊടുങ്ങാത്ത സമഗ്രാധിപത്യ വ്യഗ്രതയാണ്. നീത്‌ഷേ നാസികള്‍ക്ക് വളമായതുപോലെ ലക്കാന്‍ അത്യന്താധുനിക മുതലാളിത്ത ഘടനയുടെ ഇന്ധനമായി പ്രവര്‍ത്തിക്കുന്നുണ്ടോ എന്ന് സംശയമുദിപ്പിച്ചേക്കുന്ന ഒരു ഘട്ടമാണിത്.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

അത്യന്തം ഹിംസാത്മകമായ ഒരു സാമൂഹിക ഘടനക്കകത്തും ആര്‍ജിത നിഷ്‌കളങ്കതള്‍ ചത്തു വീണ് പ്രഖ്യാപിക്കുന്ന മൂല്യാധിഷ്ഠിത ധീരതകളും ഇവിടെ കാണാം. തിരിച്ചറിയപ്പെടുന്ന വഞ്ചനക്കൊടുവിലും സ്വയം മുന്നേറാന്‍ സാധ്യത തുറന്നിരിക്കിലും സ്വയം പ്രകടമാകാന്‍ തക്ക പാകതയെത്തിയ ത്യാഗോന്മുഖതയായും രണ്ടിലൊരാള്‍ മരിക്കുന്ന സന്ദര്‍ഭത്തില്‍ ആരോടും പറയാത്ത സത്യങ്ങള്‍ പരസ്പരം പറയാന്‍ തീരുമാനിക്കുന്ന രണ്ട് പെണ്‍കുട്ടികളിലൊരാള്‍ ‘ഉള്ളുതുറന്ന’ സംഭാഷണത്തിനൊടുവില്‍ സ്വയവും സസന്തോഷവും പിന്‍മാറി വരിക്കുന്ന മരണവുമടക്കം ഇതിന് ദൃഷ്ടാന്തവുമാകുന്നു. അപൂര്‍വ്വതയായി മാറിയ ‘ആത്മസൗഹൃദ’വും നിഗൂഢവല്‍കരണമെന്ന ഹോമോസാപിയന്‍ വ്യാധിയുടെ മാന്ത്രിക കെട്ടഴിച്ചിലുമായി മാറുന്ന സന്ദര്‍ഭങ്ങളാണിവ.

തമ്മിലടിപ്പിക്കുന്നതും നിയന്ത്രിതവും അക്രമാസക്തവും ശക്തികേന്ദ്രിതവുമായ വ്യവസ്ഥയെ അതായിത്തന്നെ കാണാനും അവതരിപ്പിക്കാനും ഈ പരമ്പരക്ക് കഴിയുന്നുണ്ട്. സ്വന്തം പേര് പോലും മറന്നുപോയേക്കാവുന്ന തരം സ്വത്വ നഷ്ടത്തിലാണ് ലോകമെന്ന നിരാശാവേശ സമ്മിശ്രണം അതില്‍ ഉള്‍ച്ചേര്‍ന്നിരിക്കുന്നു. അധികാരത്തോട് ഒട്ടി നില്‍ക്കാനുള്ള പ്രവണത, സമര്‍ത്ഥമായി ഒളിച്ചുവക്കപ്പെടുന്ന ബലഹീനതകള്‍, പരസ്പരമുള്ള രഹസ്യമായ വിലയിരുത്തലുകള്‍, അവിശ്വാസത്തിന്റെ രൂപപ്പെടല്‍, ഒരു ഉപാധിയോ ഉപകരണമോ എന്ന നിലയിലുള്ള ലൈംഗികതയുടെ പ്രവര്‍ത്തനം, അന്യമാകുന്ന വിശ്വസ്തത, വെറുപ്പുല്‍പാദനം എന്നിങ്ങനെയുള്ള അതിസൂക്ഷ്മ പ്രതിസന്ധികളിലേക്കുള്ള മൈക്രോസ്‌കോപ് കാഴ്ചയും ഇതില്‍ പങ്കുവക്കപ്പെട്ടു കാണുന്നു. നിലവിലുള്ള സമൂഹത്തിലെ എണ്ണത്തിലൊതുങ്ങാത്ത വിള്ളലുകളിലേക്കുള്ള ഉപരിതലക്കാഴ്ചയാണ് ഇത് പ്രക്ഷകന് നല്‍കുന്നത്.

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

പങ്കാളികളും തന്ത്രങ്ങളും മാറിമറിയുന്നതും മരണം വരെ തുടരുന്നതുമായ ഒരു ജീവന്മരണ വടംവലിയായി നവ ജീവിത്തെ കണ്ടാല്‍ അതില്‍ കക്ഷിചേരാത്ത, ഒരുപരിധി വരെ പ്രഛന്നനായ ഒരാള്‍ക്കു മാത്രം സാധ്യമാകുന്ന സാധനയായി ഈ ദൃശ്യാനുഭവ വിരുന്നിനെ കണക്കാക്കാവുന്നതാണ്. ഇവിടെ ജനാധിപത്യമാണ് പുലരുന്നതെന്നും അതിനുവേണ്ടിയുള്ള ശ്രമങ്ങളാണ് മുതലാളിത്ത ഭരണകൂടങ്ങള്‍ നടത്തുന്നതെന്നുമുള്ള പ്രതീതി നിരന്തരം നിലനിര്‍ത്തി ലോക ജനതയെ ഒരു തരം ഉന്മാദാവസ്ഥയിലെത്തിച്ചിരിക്കുന്നതായ ഒരവസ്ഥയാണ് ഇന്ന് നിലവിലുള്ളതെന്ന വെളിപ്പെടുത്തലിനെ അതര്‍ഹിക്കുന്ന രീതിയില്‍ അംഗീകരിക്കാന്‍ കഴിയുന്നവര്‍ക്ക് ‘എലിമിനേറ്റഡാവാതെ’ കാണാവുന്ന ഒന്നാണ് ഈ പുതു പരമ്പരയെന്ന് നിസ്സംശയം പറയാം. അത്തരക്കാര്‍ സ്ലീപിങ്ങ് ഗ്യാസ് തലച്ചോറിനെ നിറക്കുന്ന രാത്രിയാത്രകള്‍ക്കായി ഉറക്കമറ്റ് കാത്തിരിക്കുമെന്നും തീര്‍ച്ച.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Social | Tags: , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply