ശബരിമല കേസും സമാനമായ കേസുകളും വിപുലമായ ബഞ്ചിലേക്ക്

ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയുടെ നിലപാടാണ് നിര്‍ണ്ണായകമായത്. ജസ്റ്റിസ് എ.എം. ഖാന്‍വില്‍ക്കറും ഇന്ദു മല്‍ഹോത്രയും ചീഫ് ജസ്റ്റീസിനൊപ്പം നിന്നപ്പോള്‍ ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡും ജസ്റ്റിസ് ആര്‍.എഫ്. നരിമാനും ഭിന്നാഭിപ്രായം രേഖപ്പെടുത്തി

ശബരിമലയില്‍ യുവതീപ്രവേശനമനുവദിച്ച മുന്‍സുപ്രിംകോടതി വിധിക്കെതിരായ റിവ്യൂ ഹര്‍ജ്ജികള്‍ പരിഗണിക്കാന്‍ തീരുമാനം. കേസ് വിപുലമായ ഏഴംഗ ഭരണഘടനാ ബഞ്ചിനു വിടാനാണ് രണ്ടിനെതിരെ മൂന്നു ജഡ്ജിമാരുടെ അഭിപ്രായപ്രകാരം വിധി. അതുവരെ തല്‍സ്ഥിതി തുടരും. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയുടെ നിലപാടാണ് നിര്‍ണ്ണായകമായത്. ജസ്റ്റിസ് എ.എം. ഖാന്‍വില്‍ക്കറും ഇന്ദു മല്‍ഹോത്രയും ചീഫ് ജസ്റ്റീസിനൊപ്പം നിന്നപ്പോള്‍ ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡും ജസ്റ്റിസ് ആര്‍.എഫ്. നരിമാനും ഭിന്നാഭിപ്രായം രേഖപ്പെടുത്തി. ഇത്തരത്തില്‍ ഒരു വിപുലമായ ബഞ്ചിലേക്ക് വിടേണ്ടതില്ല എന്നാണ് ഇരുകൂട്ടരും പറഞ്ഞത്. മുസ്ലിം സ്ത്രീകളുടെ പള്ളിപ്രവേശനവും പാഴ്‌സി സമുദായത്തില്‍ നിലനില്‍ക്കുന്ന സമാനമായ ചില വിഷയങ്ങളും ഇതോടൊപ്പം പുതിയ ബഞ്ച് പരിഗണിക്കും. വിശ്വാസത്തിന്റെ വിഷയത്തില്‍ ഭരണഘടനാപ്രകാരം കോടതികള്‍ക്ക് ഇടപെടാമോ, എങ്കില്‍ എത്രമാത്രം എന്നതായിരിക്കും പുതിയ ബഞ്ച് പ്രധാനമായും പരിഗണിക്കുക.

സുപ്രീംകോടതിയുടെ ചരിത്രത്തില്‍ തന്നെ ഭരണഘടനാ ബെഞ്ച് പുറപ്പെടുവിച്ച വിധി അപൂര്‍വമായി മാത്രമാണ് പുനപരിശോധിച്ചിട്ടുള്ളത്. മുന്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്, ജസ്റ്റിസ് ആര്‍.എഫ്. നരിമാന്‍, ജസ്റ്റിസ് എ.എം. ഖാന്‍വില്‍ക്കര്‍, ഇന്ദു മല്‍ഹോത്ര എന്നിവരടങ്ങിയ ഭരണഘടനാ ബെഞ്ചായിരുന്നു 2018 സെപ്റ്റംബര്‍ 28 ന് ശബരിമലയില്‍ യുവതീ പ്രവേശനം അനുവദിച്ചു കൊണ്ടുള്ള നിര്‍ണായക വിധി പ്രഖ്യാപിച്ചത്. മുന്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്രക്ക് പകരം നിലവിലെ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയാണ് ബഞ്ചിലുള്ളത്. മറ്റുള്ളവര്‍ക്ക് മാറ്റമില്ല. വിശ്വാസങ്ങളില്‍ യുക്തിക്ക് സ്ഥാനമില്ലെന്നും അതില്‍ കോടതി ഇടപെടുന്നത് ദൂരവ്യാപക പ്രത്യാഘാതമുണ്ടാക്കുമെന്നും ഭൂരിപക്ഷ വിധിയോട് വിയോജിച്ച് ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര അന്ന് നിരീക്ഷിച്ചിരുന്നു.
രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ബെഞ്ച് ഫെബ്രുവരി ആറിന് വിവിധ ഹര്‍ജികളില്‍ ഒരുമിച്ച് വാദം കേട്ടിരുന്നു. 2018 സെപ്റ്റംബര്‍ 28 ന് യുവതീ പ്രവേശനം അനുവദിച്ചു വന്ന വിധി പുനഃപരിശോധിക്കണമെന്ന 56 ഹര്‍ജികളാണ് കോടതിക്ക് മുന്നിലുണ്ടായിരുന്നത്. പുറമെ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചുള്ള ഒന്‍പതു ഹര്‍ജികളിലും കോടതി വാദം കേട്ടിരുന്നു.
സംസ്ഥാന സര്‍ക്കാരിന് വേണ്ടി ഹാജരായ ജയദീപ് ഗുപ്ത വിധി പുനഃപരിശോധിക്കാന്‍ കാരണമൊന്നുമില്ല, ഭരണഘടനാപരമായ തുല്യത പരമപ്രധാനമെന്നു വാദിച്ചപ്പോള്‍ ദേവസ്വംബോര്‍ഡിനുവേണ്ടി രാകേഷ് ദ്വിവേദി ആരാധനയ്ക്കുള്ള തുല്യാവകാശം നിഷേധിക്കരുതെന്നും ആര്‍ത്തവം ഇല്ലെങ്കില്‍ മനുഷ്യകുലമില്ല എന്നും വാദിച്ചു. എന്‍എസ്എസിനുവേണ്ടി ഹാജരായ കെ പരാശരന്‍ ശബരിമലയിലേത് തൊട്ടുകൂടായ്മ അല്ല, പൊതുവിടത്തെ തുല്യത ക്ഷേത്രത്തില്‍ ബാധകമല്ല എന്നായിരുന്നു വാദിച്ചത്. പതിഷ്ഠയുടെ സ്വഭാവം ഹനിക്കരുതെന്നും വിശ്വാസങ്ങളെ യുക്തികൊണ്ട് അളക്കാന്‍ കഴിയില്ല എന്നുമായിരുന്നു പ്രയാര്‍ ഗോപാലകൃഷ്ണനുവേണ്ടി അഭിഷേക് മനു സിംഗ്വി വാദിച്ചത്. തന്ത്രിക്കുവേണ്ടി ഹാജരായ വി ഗിരി ശബരിമലയിലെ ആചാരം സ്ത്രീകളോടുള്ള വിവേചനമല്ല, അയ്യപ്പന്റെ നൈഷ്ഠിക ബ്രഹ്മചര്യം സംരക്ഷിക്കണമെന്ന വിലപാടും ബാഹ്മണ സഭയ്ക്കായി ശേഖര്‍ നഫാഡെ ക്രിമിനല്‍ കുറ്റമില്ലെങ്കില്‍ ആചാരത്തില്‍ കോടതി ഇടപെടരുതെന്നും സമുദായത്തിനകത്തെ ആചാരം കോടതി സംരക്ഷിക്കണമെന്നും ആവശ്യപ്പെട്ടു. പന്തളം കൊട്ടാരത്തിനായി സായി ദീപക് ആചാരം അനിവാര്യമാണോ എന്ന് തീരുമാനിക്കേണ്ടത് സമുദായമാണെന്നും യുവതീ വിലക്കില്‍ മൗലികാവകാശ ലംഘനമില്ല എന്നും ചൂണ്ടികാട്ടി. ആചാര സംരക്ഷണ ഫോറത്തിനായി ഹാജരായ വി കെ ബിജു ശബരിമലയിലെ വിലക്കിന്റെ അടിസ്ഥാനം ആര്‍ത്തവമല്ല, വിധിയില്‍ ഗുരുതരമായ പിഴവുകള്‍ സംഭവിച്ചിട്ടുണഅടെന്നു പറഞ്ഞപ്പോള്‍ ബിന്ദുവിനും കനക ദുര്‍ഗയ്ക്കുമായി ഹാജരായ ഇന്ദിര ജയ്സിംഗ് പ്രതിഷേധം ഉണ്ടായതുകൊണ്ട് മാത്രം വിധി പുനഃപരിശോധിക്കരുത്, യുവതീവിലക്ക് ക്രൂരമായ ലിംഗ വിവേചനമാണെന്നും എല്ലാ ക്ഷേത്രങ്ങളും പൊതു ആരാധനാലയങ്ങളാണെന്നും നിലപാടെടുത്തു.
അതിനിടെ ശബരിമല വിധിയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് പൊലീസിന്റെ ജാഗ്രതാ നിര്‍ദേശമുണ്ട്. ആക്രമത്തിന് മുതിര്‍ന്നാല്‍ കര്‍ശന നടപടിയുണ്ടാകുമെന്നാണ് പോലീസിന്റെ മുന്നറിയിപ്പ്. സമൂഹ മാധ്യമങ്ങള്‍ വ്യാപകമായി നിരീക്ഷിക്കും. വിദ്വേഷ പ്രചരണങ്ങള്‍ നടത്തുന്നവര്‍ക്കെതിരെം ശക്തമായ നടപടി ഉണ്ടാകും. ശബരിമലയിലും പരിസരങ്ങളിലും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

ശബരിമല കേസിന്റെ നാള്‍വഴികള്‍ ഇങ്ങനെ

1965 ലെ കേരള ഹിന്ദു ആരാധനാലയ പ്രവേശനാധികാര ചട്ടത്തിലെ മൂന്ന് ബി വകുപ്പ് പ്രകാരമാണ് ആര്‍ത്തവകാലത്ത് സ്ത്രീകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയത്. ഈ നിയന്ത്രണം 1991 ല്‍ കേരള ഹൈക്കോടതി ശരിവച്ചു. എന്നാല്‍ ഇതിനെതിരെ യംഗ് ലോയേഴ്സ് അസോസിയേഷന്‍ 2006 ല്‍ സുപ്രിംകോടതി സമീപിച്ചതോടെ ശബരിമലയിലെ യുവതി പ്രവേശനം ദേശീയ ശ്രദ്ധ ആകര്‍ഷിച്ചു. അന്നത്തെ ചീഫ് ജസ്റ്റീസ് വൈ കെ സബര്‍വാള്‍, ജസ്റ്റീസ് എസ് എച്ച് കബാഡിയ,ജസ്റ്റീസ് സി കെ ടക്കര്‍ എന്നിവരുടെ ബഞ്ചാണ് ഹര്‍ജി പരിണഗണിച്ചത്.

2007 നവംബര്‍ 13 യുവതിപ്രവേശനം ആകാമെന്ന് വി എസ് അച്യുതാനന്ദന്‍ സര്‍ക്കാരിന്റെ സത്യവാങ്മൂലം.

2016 ജനുവരി 11 പുതിയ സത്യവാങ്മൂലം നല്‍കാന്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ അനുമതി ചോദിച്ചു. ആചാരങ്ങളില്‍ മാറ്റം വരുത്തരുതെന്ന് ആവശ്യം.

2016 നവംബര്‍ 07- പിണറായി വിജയന്‍ സര്‍ക്കാര്‍ മുന്‍ സത്യവാങ്മൂലം പിന്‍വലിക്കാന്‍ അനുമതി തേടി

2017 ഒക്ടോബര്‍ 13 ഹര്‍ജി ഭരണഘടനാ ബെഞ്ചിന് വിട്ടുകൊണ്ട് സുപ്രിംകോടതി ഉത്തരവ്

2018 ജൂലൈ 17 ചീഫ് ജസ്റ്റിസ് ദീപക് മിശ്ര ഉള്‍പ്പെട്ട ഭരണഘടനാ ബെഞ്ചില്‍ വാദം തുടങ്ങി

2018 സെപ്റ്റംബര്‍ 28 പ്രായഭേദമില്ലാതെ സ്ത്രീപ്രവേശനം അനുവദിച്ചുകൊണ്ട് സുപ്രിംകോടതിയുടെ ചരിത്രവിധി.

2018 ഒക്ടോബര്‍ 03 പുനപരിശോധനാ ഹര്‍ജി നല്‍കില്ലെന്ന് സംസ്ഥാന സര്‍ക്കാരും ദേവസ്വം ബോര്‍ഡും

2018 ഒക്ടോബര്‍ 08- എന്‍എസ്എസും ദേശീയ അയ്യപ്പഭക്ത സമിതിയും പുനഃപരിശോധനാ ഹര്‍ജി നല്‍കി.

2018 ഒക്ടോബര്‍ 23 56 പുനപരിശോധനാ ഹര്‍ജികള്‍ നവംബര്‍ 13 ന് പരിഗണിക്കാമെന്ന് സുപ്രിംകോടതി.

2018 നവംബര്‍ 13 പുനഃപരിശോധനാ ഹര്‍ജികള്‍ ജനുവരി 22 ന് തുറന്ന കോടതിയില്‍ പരിഗണിക്കാന്‍ ഉത്തരവ്

2019 ഫെബ്രുവരി ആറ് പുനഃപരിശോധനാ ഹര്‍ജികളില്‍ വാദം പൂര്‍ത്തിയായി.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Current News | Tags: , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply